2023 മാർച്ച് 30, വ്യാഴാഴ്‌ച

ഇതിവൃത്തം മലയാള സാംസ്കാരിക മാസിക, ഏപ്രിൽ2023, ലക്കം 30

 


മുഖമൊഴി

 

ഈ മാസം 8 അന്തർദേശീയ വനിതാദിനമാണ്. മറ്റു ദിനങ്ങൾക്കൊപ്പം ആചരിക്കുന്ന ഒരു ദിനം എന്നതിനപ്പുറം ഇതിനു എന്തു പ്രാധാന്യമാണ് നമ്മൾ കൊടുക്കുന്നത്? ലോക വിഡ്ഢിദിനം പോലും കൊണ്ടാടുന്നവരാണല്ലോ നമ്മൾ. പ്രണയിനിയെ പാട്ടിലാക്കുന്നതിനോ, മറ്റെന്തെങ്കിലും കാര്യസാധ്യങ്ങൾക്കോ ഒരു പക്ഷേ ഈ ദിനം ഉപയോഗിക്കുന്നവരുണ്ടാകാം. അതിനപ്പുറം ഇതിനൊരു പ്രസക്തി ഉണ്ടായതായി എനിക്ക് തോന്നിയിട്ടില്ല.

ലിംഗനീതി, പ്രത്യുത്പാദന അവകാശങ്ങൾ എന്നിവയും, സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ, ദുര്യുപയോഗം ചെയ്യൽ എന്നിവയ്ക്കെതിരായും ബോധവൽക്കരണം നടപ്പിലാക്കുക എന്ന ലക്ഷ്യത്തിലാണ് ഈ ദിനം ഉണ്ടായത് എന്നാണ് എന്റെ അറിവ്.

ഇതിൽ ലിംഗനീതി നമ്മൾ ഇപ്പോഴും പറയുകയും, നിഷേധിക്കുകയും ചെയ്യുന്ന ഒന്നാണെന്നതിനാൽ, അത് സ്ത്രീകൾക്ക് അനുഭവഭേദ്യമാകുന്നത് വരെ നമുക്ക് പ്രതികരിക്കാതിരിക്കാം. കാരണം. ലിംഗനീതി ആരും ആർക്കും കൊടുക്കേണ്ട ഒന്നല്ലല്ലോ. അത് പോലെ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളും. അതും നടന്നുകൊണ്ടിരിക്കുന്നു. ചിലർക്ക് ശിക്ഷകളും ലഭിക്കുന്നു. ചിലർ പുറത്തു പറയാതിരിക്കുന്നു. ചിലതെല്ലാം മധ്യസ്ഥന്മാരാൽ ഒതുക്കിത്തീർക്കപ്പെടുന്നു. പലതിനും ഇരയുടെ അനുവാദം പോലും കണക്കിലെടുക്കാറില്ല. അതുകൊണ്ടു ഇതും ചർച്ചയാക്കുവാൻ ഉദ്ദേശിക്കുന്നില്ല. 

പ്രത്യുൽപാദന അവകാശങ്ങൾ അധികമാരും ചർച്ച ചെയ്തു കാണാറില്ല എന്നതു കൊണ്ട് ഒന്നോർമ്മിപ്പിക്കുന്നു എന്ന്  മാത്രം. എപ്പോൾ പ്രസവിക്കണം, എപ്പോൾ പ്രസവം നിറുത്തണം, ഗർഭനിരോധനത്തിന് എന്ത് മാർഗ്ഗങ്ങൾ സ്വീകരിക്കണം, ഗർഭച്ചിദ്രം വേണമോ, വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം തുടങ്ങി, ലൈംഗീക വിദ്യാഭ്യാസത്തിനും, ലൈംഗിക രോഗ പരിജ്ഞാനത്തിനും വരെയുള്ള അവകാശങ്ങൾ ആണ് പ്രത്യുത്പാദന അവകാശങ്ങളിൽ നിർവ്വചിക്കപ്പെട്ടിട്ടുള്ളത്.

എന്നാൽ ഇക്കാര്യങ്ങളിൽ ആരും അത്ര മുറവിളി കൂട്ടുന്നത് ശ്രദ്ധയിൽ പെട്ടില്ല എന്നത് കൊണ്ട് ഒന്ന് സൂചിപ്പിച്ചു എന്ന് മാത്രം. ലൈംഗീകത ഇന്നും നമുക്ക് നാണമാണ്.  അതുകൊണ്ടാകാം ഇക്കാര്യങ്ങളിൽ സ്ത്രീകൾ പോലും ആശങ്കപ്പെടാത്തത്. ഈ ചിന്താഗതിയിലാണ് കാര്യമായ മാറ്റങ്ങൾ ഉണ്ടാകേണ്ടത്. ഇത് തങ്ങളുടെ അവകാശമാണ്.   അതിൽ ഓരോരുത്തർക്കും വ്യക്തമായ ഇഷ്ടാനിഷ്ടങ്ങളുണ്ട്. അത് പറയേണ്ടയിടത്ത് പറയുക തന്നെ വേണം.  

എഴുതിവയ്ക്കപ്പെട്ട ഇത്തരം അവകാശങ്ങൾക്കപ്പുറം, ഒരു സ്ത്രീയ്ക്ക് രാത്രി പത്തുമണിക്ക് ശേഷം ഒറ്റയ്ക്ക് ഒരു ബസ് സ്റാൻഡിൽ നിൽക്കുന്നതിനോ, ഒരു ബസ് യാത്രയ്‌ക്കൊ സാധ്യമാകട്ടെ എന്ന പ്രാർത്ഥനയോടെ, ഒരു വനിതാ ദിനം ആശംസിക്കുന്നു.

 

ഡോ സുനീത് മാത്യു

നാടകമേ ഉലകം…

 



ഒരു ഷേക്സ്പീരിയൻ ശൈലിയിലെ ജീവിതവീക്ഷണമല്ല നാടകമേ ഉലകം എന്നതുകൊണ്ട് ‘കവി’ ഉദ്ദേശിക്കുന്നത് എന്ന് ആദ്യം തന്നെ പറഞ്ഞുകൊള്ളട്ടെ.

എന്നും കണ്ടു മടുക്കുന്ന ‘ചവിട്ട്’ നാടകങ്ങളെക്കുറിച്ചാണ്. കാണുന്നവന്റെ മുഖമറഞ്ഞുള്ള ചവിട്ട്! ‘വിഹഗവിമോചിതരായി’ (കിളിപോയി!)  ഇവയൊക്കെ കണ്ടും കേട്ടും പാരായണം ചെയ്തും കാലം കഴിക്കുകയേ തരമുള്ളൂ. വേണമെങ്കിൽ രണ്ടു വരിക്കു ഷേക്സ്പീയറെക്കൂടി ഓർത്തോളൂ. ആശ്വാസം കിട്ടിയാലോ!

“Let those that play your clowns / speak no more than is set down for them.” (Hamlet Act 3, Scene 2).

കോമാളികൾ, പറയാനും കാണിക്കാനുമുള്ളതൊക്കെ തീർക്കട്ടെ. അവർക്കു ചെയ്യാനറിയുന്നതല്ലേ കഴിയൂ. ഇതുകേട്ട്  കഥ മറന്നുപോകരുതെന്നേയുള്ളൂ!

ഇനി നാടകങ്ങളിലേക്കു കടക്കാം. ലോകനിലവാരത്തിൽ തുടങ്ങാം, പതിവുപോലെ നാട്ടിലെനിലവാരത്തിൽ ഒടുങ്ങാം.

ഈ വയസാംകാലത്തു പ്ലെയിനും ട്രെയിനും പിടിച്ചു യുക്രയ്‌നിൽ പോകേണ്ട വല്ലകാര്യവും ഉണ്ടായിരുന്നോ മൂപ്പിൽസിന്. പോളണ്ടുവരെ വിമാനത്തിൽ  അവിടുന്ന് പത്തു  മണിക്കൂർ ട്രെയിനിൽ കീവിലേക്ക് (പോളണ്ടിനെക്കുറിച്ചു ഒരക്ഷരം പറയേണ്ടിവന്നതിൽ ക്ഷമിക്കുമല്ലോ!). എന്തിനായിരിക്കാം? അമേരിക്കൻ ഐക്യനാടുകളിൽ ഇനി തീർക്കാൻ പ്രശ്നങ്ങൾ ഇല്ലാത്തത്തുകൊണ്ടല്ല. ഐക്യനാടുകളിലെ അതിർത്തികൾ വേലികെട്ടി തീർന്നതുകൊണ്ടുമല്ല.  ഇങ്ങനെ കുറേ നാടകങ്ങളും കൂടിവേണം, ഉലകരാഷ്ട്രീയത്തിൽ. കൂടാതെ ആനാട്ടിൽ ‘തുരന്നെടുപ്പും’ വരുന്നു. യുക്രയ്‌നിലെന്നല്ല യുറാനസിൽവരെ  പോയേനെ, ആശാൻ. ഡൊണൾഡ് ട്രമ്പ് പണ്ട് സിംഗപ്പൂരിലും കൊറിയയിലും പോയി മറ്റേ ചേട്ടനെ (Kim Jong-un) കണ്ടതുപോലെ തന്നെ. വേറേ ആരെയും കാണാൻ ബാക്കിയില്ലാത്തതു കൊണ്ടായിരുന്നില്ല. കിട്ടിയാലൊരു നോബൽ സമ്മാനം പോലും ടിയാൻ സ്വപ്നം കണ്ടു. തരമായില്ല. ലെ ചേട്ടൻ ഒന്നൊന്നര പണിയല്ലേ ട്രമ്പിനിട്ടു താങ്ങിയത്. നാടുഭരിക്കാതെ നാടകം കളിക്കാൻ പോയാൽ പിന്നെന്തുവേണം! നടനം, പര്യടനം.

ഇനി നമ്മുടെ രാജ്യത്തേക്കുവന്നാൽ, ഇന്ത്യ മൊത്തം നടന്നവർക്കും, ലോകം മുഴുവൻ പറന്നവർക്കും, ബിബിസിക്കായി കരഞ്ഞവർക്കും ഒരൊറ്റലക്ഷ്യം മാത്രമേയുള്ളൂ. വേറൊന്നും ചെയ്യാനില്ലാത്തതു കൊണ്ടല്ല. നടനം! നാടകം.

നടന്നു നാടുപിടിക്കാനാകുമോന്നറിയില്ല. പണ്ട് ഗാന്ധിജിയൊക്കെ ചെയ്തതാണ്. അന്ന് കാലവും, നീതിയും, ലക്ഷ്യവും, ബോധവുമൊക്കെ വേറെയായിരുന്നു. പിന്നെ പാറപോലുറച്ച ഒരു പ്രസ്ഥാനവും, രാജ്യത്തിനുവേണ്ടി പ്രാണത്യാഗം ചെയ്യാൻപോലും  തയ്യാറുള്ള കുറെ സാധാരണ മനുഷ്യരും കൂട്ടുണ്ടായിരുന്നു. ഇന്ന് കാലവും, നീതിയും, ലക്ഷ്യവും മാറി. ബോധമെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന്‌ ആശിക്കാനേ വഴിയുള്ളൂ. നടന്നും, കെട്ടിപ്പിടിച്ചും, ഉമ്മകൊടുത്തും ഭരണം പിടിക്കാൻ, തിരക്കൊഴിയുമ്പോൾ ബാക്കിയാരെങ്കിലും കൂടെയുണ്ടായാൽ മതിയായിരുന്നു. നടനം, നടത്തം!

ലോകം ചുറ്റുന്നതിൽ  തെറ്റില്ല, കൂട്ടത്തിൽ ഉറ്റസ്നേഹിതന്റെ വ്യവസായം കൂടി അതിരുകടന്ന് പറന്നുയരുമ്പോഴാണ് കാണുന്നവൻ്റെ കണ്ണുതള്ളുന്നത്. പറന്നുയരാൻ പാകത്തിൽ വിമാനത്താവളങ്ങളുംകൂടി സ്വന്തം താവളത്തിലാകുമ്പോൾ ലോകധനികരിൽ ആദ്യപത്തിൽ വന്നാൽ പോരാ. പ്രഥമനാകണം. അതിനായ് കൂടുതൽ ദാനിയാകാം. പടം പിടിച്ചു വിരട്ടിയവരെ നാട്ടിൽനിന്നും തുരത്തണം. ആരെങ്കിലും വായ്‌തുറന്നാൽ ഉടനെ അടപ്പിക്കണം. പ്രതിപക്ഷ പാർട്ടികൾ ഇല്ലാത്ത മനോഹരമായ രാജ്യമുണ്ടാക്കണം. അങ്ങനെ ജനാധിപത്യം നീണാൾ വാഴിക്കണം. കിം ജോങ്-ഉൻ ഒക്കെ എന്ത് കാട്ടാളനാണ്‌. നാടുഭരിക്കാനറിയില്ല. തോക്കെടുത്തുകളയും. തോക്കിൻകുഴലിലൂടെ അല്ലാതെയും നാടുനന്നാക്കാം. നടനം, പ്രഥമം.

സ്ത്രീകഥാപാത്രങ്ങൾ നിറഞ്ഞാടുന്ന നാടകം നമ്മുടെ നാട്ടിൽ ആകാതെ തരമില്ല. മാതൃാധിപത്യത്തിന് (Matriarchy) പേരുകേട്ട നാടാണല്ലോ. പക്ഷെ ഇപ്പോഴൊക്കെ മുന്നിൽനിൽക്കുന്ന സ്ത്രീകൾ ഇരകളാണെന്നു മാത്രം. നാടകം കൊഴുക്കണമല്ലോ. വേട്ടക്കാരും, പ്രതിനായകരും, സംവിധായകരും, നിർമ്മാതാക്കളും എല്ലാം തിരശ്ശീലക്ക് പുറകിലും. അവരൊക്കെ ആരാണ് ആരൊക്കെയാണ് എന്ന്  മനസ്സിലാക്കാതെ കാഴ്ചക്കാർ. ഒന്നുമാത്രം അറിയാം. കഥാഗതി നിർണ്ണയിക്കുന്നു എന്ന തോന്നലുണ്ടാക്കുന്ന സ്ത്രീകഥാപാത്രങ്ങൾ തകർന്നു തരിപ്പണമാകും, ചതിക്കപ്പെടും, ജയിലിൽ അടക്കപെടും. തിരശ്ശീലക്ക് പിന്നിലെ അജ്ഞാതർ അങ്ങനെതന്നെ തുടരും. ഇടയ്‌ക്കൊക്കെ നനഞ്ഞ പടക്കങ്ങളും, ഈടിയും ഒക്കെ വന്നുപോകും. നാടകകമ്പനി നടത്തുന്ന കുടുംബത്തിനും ജീവിക്കണ്ടേ? കഞ്ഞി കുടിക്കണ്ടേ? ദുരിതാശ്വാസം വേണ്ടേ? മനോഹരമായ കവിതപോലെ കാലങ്ങൾ, തലമുറകൾ പാടി രോമാഞ്ചം കൊള്ളേണ്ട വിപ്ലവഗാനങ്ങളാകേണ്ട നാടക കഥകളാണ്. നടനം, നാടകാന്തം കവിത്വം!

ഈ നാടകങ്ങളൊക്കെ കണ്ട് കണ്ണുനിറയാൻ ആളുകൾ ഉള്ളതുകൊണ്ടാണ് നടനം കസറുന്നത്. “നിങ്ങളുടെ കോമാളികളായി കളിക്കുന്നവർ അവർക്കായി നിശ്ചയിച്ചതിൽ കൂടുതൽ സംസാരിക്കരുത്” എന്ന് ഷേക്സ്പീയർ പറഞ്ഞത് എന്ത് ദീർഘവീക്ഷണത്തോടെയാണെന്ന് ഓർത്തുപോകുന്നു.

നാടകമേ ഉലകം.

 

സുമേഷ് രാമചന്ദ്രൻ



ബാർബേറിയൻസ് @ സഹാറ

 



വറമണലിലൊരു കൂട്ടർ

അശ്രാന്ത നടനടത്തത്തിലാണ്.

 

അതിശൈത്യവും അത്യഷ്ണവും

രാത്രിയും പകലുമായി  പകുത്ത്

വിയർപ്പിലെ ഉപ്പുണക്കിയ

വരണ്ടകാറ്റിൽ

ഒട്ടകത്തഴമ്പുമായി

അതിരുകളും

അരുതുകളുമില്ലാതെ…

 

പ്രതീക്ഷയുടെ

ദാഹക്കിണർ കുഴിച്ച്

ജീവജലം തേടുന്നവർ.

വേനൽ വിളയിച്ച

ഇത്തിരിപ്പച്ച അങ്ങകലെ

പ്രതിരോധത്തിന്റെ വഴി കാട്ടുന്നു.

 

പറപറക്കുന്ന മേലങ്കിയും

പുറംജീവിതം കാണണ്ടെന്നു

പാതിമറച്ച കണ്ണും

മനസ്സുറച്ച  ലാളിത്യവും കൂടെ.

 

മേഘനിഴൽച്ചുവട്ടിൽ

റൊട്ടി പങ്കിട്ട്

കൊട്ടും ഊത്തുമായി

താളത്തിലാടി ലയിക്കുന്ന സന്ധ്യയും

അടുത്തടുത്തായ്

ക്ഷിണം മറക്കുന്ന

നാലുകാലികളുമവർക്കെന്നും

പ്രിയപ്പെട്ടത്

 

ബാബയുടെകൂടെ

ഒട്ടകപ്പുറത്തിരുന്നു കണ്ട

പൊടിക്കാറ്റിലോഴുകും

കടൽമണൽത്തിരകളും

താരങ്ങൾ തൂവിയ  രാത്രിയും

ഉദയാസ്തമയവും

ദേശപാശങ്ങളും

കുഞ്ഞിന്  പഠനം

 

പൂർവ്വികരുടെ പാതകളിൽ

ആർജ്ജിച്ചതൊക്കെയും

പേടിതൊടാത്ത  ഇല്ലായ്മയും

 അനന്തതയുടെ  വിശാലതയും

അതിജീവനവുമവർക്ക് വൈദ്യം

 

ആംബുലൻസോ

ആശുപത്രിയോ

ജയിക്കാൻ നിർബന്ധ

 പഠനമോ പരീക്ഷകളോ ഇല്ല

 

ആകാശവും  ഭൂമിയും

ജീവനുമായി

കോർത്തുകെട്ടിയെങ്കിൽ,

സ്വത്വപ്രകൃതിയെ

രമ്യതയിലെടുത്തെങ്കിൽ,

പിന്നെന്തിനിവയൊക്കെ?

 

ഉള്ളതുമതിലെറെയും

മതിയാവാതെ

വെട്ടിപ്പിടിക്കുന്നവർക്കു

നാണിക്കാൻ

തിരുത്താനൊരവസരം.

 

മഴത്തുള്ളിയെ  ധ്യാനിക്കുന്ന

പ്രാർത്ഥന ചിരികൾ.

നിറവിലുറങ്ങുന്ന

ഉണ്മയുള്ള നോർമാടിയൻ

 ചിരികൾ.

മണൽത്തരിയുടെ കഥപറയും

*ബാർബേരിയൻ *ചിരികൾ.

 

 റാണി സുനിൽ

ജലവും ഭക്ഷണത്തിന്റെ ലഭ്യതയും അനുസരിച്ച്  സഹാറ മരുഭൂമിയിൽ മാറി മാറി താമസിക്കുന്ന ട്രൈബൽ ഗ്രൂപ്പ്‌ ആണ് ബാർബറികൾ . കൂട്ടായ ജീവിതവും കൂടെയുള്ള  നാൽക്കാലികളും ഭൂപ്രദേശവുമായി  നൂറ്റാണ്ടുകളായി അവരുടെ ജീവിതം   ഇഴുകിച്ചേർന്നു കിടക്കുന്നു.

മറക്കുകയെന്നത്…

 









നിന്റെ കൈയ്യിലെ

മഷിത്തണ്ടുകൾ കൊണ്ട്

എന്നിലുള്ള നിന്റെ

ഓർമ്മകളെ നിനക്ക്

മായ്ക്കുവാനാകില്ല

 

അന്തിവാനം ചുവപ്പിച്ചു

കടലിലാഴ്ന്നു പോകിലും

പർവ്വതങ്ങളെ മറയ്ക്കുന്ന

മഞ്ഞു പടലം നീക്കി

പകലിന്  നിറമേകാൻ

മുടങ്ങാതെയെത്തുന്ന

സൂര്യനെപ്പോലെ..

 

നിറഞ്ഞൊഴുകവേ

ഭൂമിയിലാഴ്ന്നു പോയ

ഒരു നദി പോലെയാണെന്റെ ഉള്ളം.

കേഴുന്നുണ്ട്…

ദാഹിച്ചു വലഞ്ഞു

മുന്നോട്ടൊഴുകുവാൻ ഇടമറിയാതെ

ഇരുട്ടിൽ വലഞ്ഞു..

 

കരുണയില്ലാത്ത കരങ്ങളും,

ദയയില്ലാത്ത മിഴികളും,

മോഹങ്ങളൊക്കെ ഒടുക്കുന്ന

മൊഴികളും കൊണ്ട്

മുറിവേറ്റയെന്നിൽ

പൊട്ടിക്കിളിർത്തതും,

വേരോടെ വാടിയെങ്കിലും

വീഴാതെ നിർത്തുന്നതും

ഓർമ്മകൾ മാത്രമാണ്..

 

നീയെനിക്കായ് കുറിച്ച

പ്രണയാക്ഷരങ്ങളും പേറി

ചിതലരിച്ചു,

ചിതറിക്കിടക്കുന്ന

പ്രണയലേഖനങ്ങളുടെ

ശവപ്പറമ്പിൽ നിന്നും

പ്രിയപ്പെട്ടതൊന്നിനെ

തിരഞ്ഞെടുക്കുക

എനിക്കസാധ്യമാണ്.

നിന്നെ മറക്കുകയെന്നത്

മരണവും.

 

ശ്രീലാൽ ശ്രീലയം

അക്കരപ്പച്ച

 


ഒരു ഓൺലൈൻ മാധ്യമത്തിലൂടെയായിരുന്നു ഷിബിലി  ‘അബ്ദു’വിനെപരിചയപ്പെട്ടത്. തുടർന്ന് എന്നും തന്നെ അവൻ്റെ സന്ദേശങ്ങൾ അവളെ തേടിയെത്തി.

“മാളൂസേ സുഖമല്ലേ? “

“കഴിച്ചോ ?”

“ഇന്ന് എന്തായിരുന്നു സ്പെഷ്യൽ?”

“എന്തൊക്കെയാ വിശേഷങ്ങൾ ?”

എന്ന് തുടങ്ങി ‘ഇട്ട ഡ്രസ്സിൻ്റെ കളർ’ വരെ ചോദിച്ച്

എല്ലാദിവസവും

അയാളുടെ സന്ദേശങ്ങൾ വന്നുകൊണ്ടിരുന്നു.

ഏതു തിരക്കിനിടയിലും അവൾ അതിനൊക്കെയും  മറുപടി അയച്ചു.

ഇത്തവണത്തെ അവധിക്ക് ഇക്കാക്ക വന്നപ്പോൾ പുതിയ ഒരു മൊബൈൽ ഫോൺ ഷിബിലിക്ക് സമ്മാനിച്ചിട്ട് ആറുമാസമായതേ ഉള്ളൂ. ആ ഫോൺ വഴി എത്ര പുതിയ ചങ്ങാതിമാരാണെന്നോ അവൾക്ക് !

അവൾക്ക് അതിൽ ഏറെയിഷ്ടം അബ്ദു എന്ന ദുബായി ക്കാരനോടാണ്.

അയാൾക്കെന്തൊരു സ്നേഹമാണ് തന്നോട് .

ഈ ‘അബ്ദുക്കാ ‘ എത്ര നല്ല മനുഷ്യനാണ്. ഇതുപോലെ ഗാഡമായി  സ്നേഹിക്കാൻ ഒരാൾക്ക്  എങ്ങനെ സാധിക്കും .

തൻ്റെ ‘ ഇക്കാക്ക ‘ഒരിക്കൽപോലും

ഇതുപോലെയൊന്നും തന്നോട് ചോദിക്കാറില്ല. നേരിട്ട് കണ്ടിട്ടില്ലെങ്കിലും ആ സുഹൃത്തിനോടുള്ള ആരാധന അവളിൽ വർദ്ധിച്ചുവന്നു.

കാലക്രമേണ അവരുടെ സൗഹൃദം ഒരു പ്രണയത്തിലേക്ക് വഴിമാറി.

തൻ്റെ ജീവൻ്റെ ജീവനായ രണ്ടു കുഞ്ഞുങ്ങളെയും, ഭർത്താവിനേയും മറന്നു കൊണ്ട് അവൾ തൻ്റെ ഓൺലൈൻ പ്രണയം അനുസ്യൂതം തുടർന്നു.

“നീ വരുന്നോ പെണ്ണേ എൻ്റെ കൂടെ?”

പലപ്പോഴായി അയാളവളെ ക്ഷണിച്ചു. സ്വർഗ്ഗത്തേക്കാൾ സുന്ദരമായ അയാളുടെ ദുബായിലേയ്ക്ക്!

“വേണ്ടിക്കാ ഞാൻ വരുന്നില്ല.

എൻ്റെ ഇക്കാക്കയും ഗൾഫിൽ തന്നെയാണ്.”

“എങ്കിൽ നിനക്ക് ഗൾഫിൽ വന്നൂടെ, അയാളോടൊപ്പം ജീവിക്കാമല്ലോ.”

“ഇക്കാക്ക എന്നെ അവിടേയ്ക്ക് കൊണ്ടു പോവില്ല.

കുട്ടികളുള്ളതുകൊണ്ട് നാട്ടിൽ തന്നെ നിന്നാ മതി എന്നാ ഇക്കാക്ക പറയുന്നത്.  ഇക്കാക്കാടെ ഉമ്മയ്ക്കും അതാണ് ഇഷ്ടം.

“എൻ്റെ പെണ്ണേ ..നിനക്ക് വരാൻ മനസ്സാണ് എങ്കിൽ ഞാൻ നിന്നെ ഇവിടെ കൊണ്ടുവരും. ഈ  ദുബായിൽ, നീ പോരുന്നോ എൻ്റെ കൂടെ?”

“അബ്ദുക്കാ…”

“എൻ്റെ സുന്ദരീ,  നിന്നെ ഞാൻ ഇങ്ങോട്ടു കൊണ്ടുവരട്ടെ?  ഇവിടെ വന്നാൽ എന്തൊക്കെയാണെന്നോ കാണാൻ? അംബരചുംബിയായ ബുർജ് ഖലീഫയും, കടൽ നികത്തിയുണ്ടാക്കിയ പാംദ്വീപുകളും, ഷോപ്പിംഗ് മാളുകളുമൊക്കെയുണ്ട്. നമുക്കിവിടെ അടിച്ചു പൊളിക്കാം.”

“അബ്ദുക്കാ നിങ്ങൾ ഇങ്ങനെ ചോദിച്ചാൽ?”

അവൾ അർധോക്തിയിൽ നിർത്തി.

ഫോണിലൂടെ തന്നെ  സ്നേഹം കൊണ്ട്  അയാൾ പൊറുതിമുട്ടിച്ചിരിക്കുകയാണ്.

ഇനി അയാളുടെ അടുത്ത് എത്തിയാൽ എന്താവും  അവസ്ഥ?

“നിന്നെ ഞാൻ സ്നേഹിച്ചു കൊല്ലും.”

“കൊല്ലുമോ?  അയ്യോ എങ്കിൽ ഞാൻ വരില്ലാട്ടോ.”

അവൾ കപട ദേഷ്യം നടിച്ചു.

“എൻ്റെ ചക്കരേ..ഒരു തമാശ പോലും പറയാൻ പറ്റില്ലേ?

എൻ്റെ സുന്ദരി പെണ്ണേ നീ വന്നോളൂ, നമുക്കിവിടെ അടിച്ചുപൊളിക്കാം.”

 ” അബ്ദുക്കാ എനിക്ക് രണ്ടു കുഞ്ഞുങ്ങളുണ്ട്. അവരെ ഞാൻ എങ്ങനെ ഉപേക്ഷിച്ചു വരും.”

“ഒക്കെ നിൻ്റെ ഇഷ്ടം .

ഞാൻ നിന്നെ സ്നേഹിക്കും പോലെ നിന്നെ ആരും സ്നേഹിക്കില്ല എന്ന് നിനക്കറിയാം. നീ വരുന്നുണ്ടെങ്കിൽ നിനക്ക് വേണ്ട എല്ലാ

സൗകര്യങ്ങളും ഞാൻ ചെയ്തു തരാം. രണ്ടു കുഞ്ഞുങ്ങളുടെ ഉമ്മയാണ് എന്നുള്ളതൊന്നും എനിക്കൊരു വിഷയമേ അല്ല.   ഞാൻ   നിന്നെ നിക്കാഹ് കയിച്ച്   പൊന്നുപോലെ നോക്കും.”

“അപ്പോ അബ്ദുക്കയുടെ ഭാര്യയോ?”

“ഓ ..ഓള് ഒരു വല്ലാത്ത പഹച്ചിയാണ്. ഓൾക്ക്

ഒരു വിവരവുമില്ല. ഒരു ഫാഷനും ഇല്ല ഒരു തനി നാട്ടിൻപുറത്തുകാരി. ഓളെ ഞാനെത്ര വട്ടം വിളിച്ചൂന്നോ? ഇങ്ങട് ബരാൻ,  ഓൾക്ക് എന്നെക്കാൾ വലുത് കൂട്ട്യോളാണ്.

നിന്നെപ്പോലെ സ്മാട്ടാവണം ഭാര്യമാർ. എങ്കിലേ ജീവിതം അടിച്ചു പൊളിയ്ക്കാൻ പറ്റൂ.

“അബ്ദുക്കാങ്ങള് ൻ്റെ മനസ്സിലെ..”

അവൾ പൂർത്തിയാക്കും മുൻപേ അവൻ പറഞ്ഞു.

“ഷിബിലീ.. ജ്ജ് ൻ്റെ മുത്താണ്.”

അവൻ്റെ പുന്നാരങ്ങളിൽ

ഒരു തീരുമാനമെടുക്കാനാകാതെ അവൾ  ഉഴറി .

ദിവസങ്ങൾക്കുള്ളിൽ അവൾ അയാളെ അറിയിച്ചു. ഞാൻ എല്ലാം ഉപേക്ഷിച്ചു നിങ്ങളോടൊപ്പം വരാൻ തയ്യാറാണ് എന്ന്.

“ശരി മോളൂസേ എങ്കിൽ ഉടനെതന്നെ പാസ്പോർട്ട് എടുത്തോളൂ .”

അയാൾ പറഞ്ഞു

ആരുമറിയാതെ അവൾ പാസ്പോർട്ട് എടുത്തു. വൈകാതെ തന്നെ ഭർത്താവിനെയും, കുഞ്ഞുങ്ങളെയും സ്വന്തം നാടും ഉപേക്ഷിച്ച് അവൾ ദുബായിലേക്ക് ഫ്ലൈറ്റ് കയറി.

ദുബായ് എയർപോർട്ടിൽ കാത്തുനിന്ന അബ്ദു അവളെയും കൂട്ടി അവൻ്റെ റൂമിലേക്ക്   പോയി.

 അവിടെ അവർ പുതിയൊരു ജീവിതം ആരംഭിച്ചു.

 അബ്ദുവിൻ്റെ വികാര സാന്ദ്രമായ പ്രണയത്തിനു മുന്നിൽ തരളിതയായ ഷിബിലി നൊന്തു പെറ്റ തൻ്റെ മക്കളേപ്പോലും മറന്നു.

സ്വർഗ്ഗതുല്യമെന്നതു പോലുള്ള മധുവിധു നാളുകൾ.

ദിവസങ്ങൾ പലതു കഴിഞ്ഞു.

“ഷിബിലീ.. ഇന്ന് എൻ്റെ അറബി  വരും. നീ ഒന്ന് ഒരുങ്ങി സുന്ദരിയായി നിൽക്കണം.  നീ അയാളെ പിണക്കരുത്. എനിക്ക് ജോലിക്കയറ്റം കിട്ടാൻ സാധ്യതയുണ്ട്. എൻ്റെ ശമ്പളം ഇരട്ടിയാകും.” രാവിലെ അയാൾ പോകും മുൻപ് അവളോട് പറഞ്ഞു.

അയാൾ എന്താണങ്ങനെ പറഞ്ഞതെന്ന് എത്ര ചിന്തിച്ചിട്ടും അവൾക്ക് മനസിലായില്ല.

ഉച്ചയ്ക്ക് അയാൾക്കൊപ്പം ഒരു തടിയൻ അറബികൂടി അവരുടെ റൂമിലേയ്ക്ക് വന്നു. രാവിലെ അബ്ദുക്ക പറഞ്ഞതോർത്ത് അവൾ കൈകൂപ്പി അയാളെ സ്വീകരിച്ചു.

“ഞാനിപ്പം വരാം കേട്ടോ “

 അയാളവളുടെ കാതിൽ പറഞ്ഞു.

 “അബ്ദുക്കാ.. ങ്ങള് ത് എങ്ങോട്ടാ?ഇയ്യാൾ ഇവിടുള്ളപ്പോൾ? എനിക്കു പേടിയാവണു.” അവൾ  അയാളോട് പറഞ്ഞു. അവളുടെ വാക്കുകൾ കേൾക്കാത്ത മട്ടിൽ അയാൾ പുറത്തിറങ്ങി വാതിലടച്ചു.

അറബി ഇരകണ്ട പുലിപോലെ ആക്രാന്തത്തോടെ അവളുടെ നേരെ തിരിഞ്ഞതും, അവൾ ഓടി മുറിയിൽ കയറി വാതിലടയ്ക്കാൻ ശ്രമിച്ചു. അയാൾ വാതിൽ തള്ളിത്തുറന്ന് അകത്തു കയറി. കേണു കരഞ്ഞ അവളുടെ യാചനകൾ അയാൾ ഗൗനിച്ചില്ല.

ചെന്നായയുടെ മുന്നിലകപ്പെട്ട ആട്ടിൻകുട്ടിയേപ്പോലെ അവൾ പേടിച്ചു വിറച്ചു.ആ  ചെന്നായയുടെ ദംഷ്ട്രകളിൽ നിന്നും രക്ഷപ്പെടാൻ ആട്ടിൻകുട്ടിക്കു കഴിഞ്ഞില്ല.

സംതൃപ്തിയോടെ കിടക്കയിൽ നിന്നെഴുന്നേറ്റ അറബി മുറി വിട്ടു പോകും മുൻപ് എന്തൊക്കെയോ അറബിയിൽ പറയുന്നുണ്ടായിരുന്നു.

അയാൾ വലിച്ചെറിഞ്ഞ അവളുടെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളിൽ വീണ് അവൾ നെഞ്ചു പൊട്ടിക്കരഞ്ഞു.

 ‘പടച്ചോനേ.. തൻ്റെ ജീവിതം തകർന്നല്ലോ,  അബ്ദുക്കാ ഇത്രയ്ക്കും ദുഷ്ടനായിരുന്നോ?’

അവൾക്ക് കണ്ണിൽ ഇരുട്ടു കയറുംപോലെ തോന്നി.

താനും, ഇക്കാക്കായും,  മക്കളും  എത്ര സന്തോഷത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്.

ഒരിക്കൽ പോലും ഇക്കാക്കായ്ക്ക് മറ്റു സ്ത്രീകളുമായി ഒരു സൗഹൃദം പോലും ഇല്ലാരുന്നു.

“ഷിബീ.. ഈ ഫോൺ വഴി ജീവിതം സ്വർഗ്ഗവും, നരകവും ആക്കാൻ പറ്റും. നീ സൂക്ഷിച്ച് ഉപയോഗിക്കണം. പൂക്കൾക്കു ചുറ്റും പൂമ്പാറ്റ എന്ന പോലെ, സുന്ദരികൾക്കു ചുറ്റും വട്ടമിട്ടു പറക്കാൻ ധാരാളം ആൾക്കാർ കാണും. പക്ഷേ കഴുകൻമാരാണ് കൂടുതലും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.” പുതിയ ഫോൺ  വാങ്ങിത്തന്നപ്പോൾ ഇക്കാക്ക പറഞ്ഞത് അവളോർത്തു.

പടച്ചവൻ   കൈക്കുമ്പിളിൽ വച്ചുനീട്ടിയ നല്ല ജീവിതംകളഞ്ഞു കുളിച്ച്, അക്കരപ്പച്ചതേടി താനെത്തിയത്, ഉണങ്ങി വരണ്ട മുൾച്ചെടികൾ നിറഞ്ഞ മരുഭൂമിയിൽ ആണെന്ന് അവൾ തിരിച്ചറിഞ്ഞു .പക്ഷേ അവളുടെ ആ തിരിച്ചറിവ് ഏറെ വൈകിപ്പോയിരുന്നു.


 

മോളി ജോർജ്, പാലക്കുഴി

ഞാൻ, നീ …. രണ്ട് പര്യായപദങ്ങൾ

 








ഇന്നലെ……

 

വീടും മനസ്സിൽ ചുമന്ന്

ഭൂഖണ്ഡത്തിനറ്റത്തേക്ക് ഞാൻ പോയി…

ഭാഷകൊണ്ടതിരു വരച്ചിട്ട

നാടുകൾക്കോരം പറ്റി അവിടെയെത്തി!

 

നിൻറെ ആകാശത്തെ മറയ്ക്കുന്ന

കൂമ്പാരപ്പുകച്ചുരുളുകൾക്കിടയിലൂടെ

ഓർമ്മകൾക്ക് അമ്മിഞ്ഞപ്പാലൂട്ടിയ നാടിനെ

 തിരിച്ചുപിടിക്കാനുഴറുന്ന നീ

എൻറെ സ്വപ്നക്കൈകളിൽ തീയെരിച്ചു.

 

വേഷപ്പകർച്ചകളിൽ സ്വത്വം ഒളിപ്പിച്ച്

ആടുമ്പോഴും നീ നിൻറെ കത്തിപ്പോയ

കുടിലിനെ തിരഞ്ഞു.

വെന്തുപോയ ചോരയുടെ

ഇരുണ്ട അടയാളങ്ങൾ തേടി

പൗരത്വമില്ലാത്തവനായ് നീ

അലയുന്നു ഇന്നും.

മിനുമിനുത്ത കറുത്ത അക്ഷരങ്ങളിൽ

കോറിയിടാൻ നിനക്കില്ലാത്ത ഒന്നിനെ

നീ തേടുമ്പോൾ

കാലത്തിൻറെ ഓട്ടത്തിൽ എപ്പോഴോ

എനിക്കും നഷ്ടപ്പെട്ടിരുന്നാ രേഖകൾ.

പൗരത്വം എന്ന ആധികാരികതയ്ക്ക്

ജീവൻറെ വിലയുണ്ടായിരുന്നുവത്രേ!

നിലനിൽപ്പിൻറെ വിലയുണ്ടായിരുന്നുവത്രേ!

 

ഇന്ന്…

 

ഞാനും നീയും…..

അദൃശ്യമായ ഒന്നിൻറെ

പര്യായപദങ്ങൾ!

 

അജിത.വി.അമ്പലപ്പുഴ

സെൽഫി

 



രണ്ടു മൂന്ന് ആഴ്ചയായുള്ള നീണ്ട തിരക്കുകൾക്കൊടുവിൽ ഇന്നാണ് എനിക്കല്പം വിശ്രമിക്കാൻ കഴിഞ്ഞത്. മോനും മരുമകളും കുഞ്ഞും മൂന്നാഴ്ചയിലെ അവധി ആഘോഷം കഴിഞ്ഞ് വിദേശത്തേക്ക് തിരികെ പോയിരിക്കുന്നു. അനിയനോടൊപ്പം ഒരാഴ്ച നിൽക്കാൻ വന്ന മോളേയും മക്കളെയും മരുമകൻ ഇന്നലെ രാത്രിയോടെ വന്ന് വിളിച്ചു കൊണ്ടു പോയി. ഇളയമകൻ കോളേജിലേക്കും ഭർത്താവ് പുറത്തേക്കും പോയിട്ടുള്ള ഇത്തിരി നേരത്തിന്റെ ആലസ്യത്തിൽ  ഞാനെന്റെ നീരു വന്ന കാലുകൾ  ഉയർത്തി വച്ച് സോഫയിലേക്ക് ചാഞ്ഞിരുന്നു.

ചാർജിൽ ഇട്ടിരുന്ന ഫോൺ എടുത്ത് ലോക്ക് തുറന്നു. വേഗം വാട്സ്ആപ്പ് മെസ്സേജിലേക്ക് കടന്നു. ആകെയുള്ളത് വാട്സ്ആപ്പ് മാത്രമാണ്. യൂ ട്യൂബും ഫേസ് ബുക്കും അദ്ദേഹത്തിന്റെ ഫോണിൽ കാണും. നേരത്തെ മോൻ ഉപയോഗിച്ചു കൊണ്ടിരുന്ന പഴയ സെറ്റ് ആണിത്. ഇതിൽ അധികമൊന്നും ഇൻസ്റ്റാൾ ചെയ്യാൻ പറ്റത്തില്ല, ഹാങ്ങ്‌ ആകും.

പ്രാർത്ഥനാ ഗ്രൂപ്പിൽ ഒരുപാട് സന്ദേശങ്ങൾ വന്നു കിടക്കുന്നുണ്ടായിരുന്നു. പ്രാർഥനാ മുറി പോലെ അവിടെയെപ്പോഴുമൊരു ശാന്തത നിറഞ്ഞു നിൽക്കുന്ന പോലെ എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. കോളേജ് ഗ്രൂപ്പിൽ എവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞ കുറച്ച് കച്ചറ ഫോർവേഡ് മെസ്സേജുകൾ കണ്ട് ഞാൻ വേഗം അവിടുന്ന് ഫാമിലി ഗ്രൂപ്പിലേക്ക് കടന്നു.

കുടുംബ ഗ്രൂപ്പ്‌ തന്നെ മൂന്നെണ്ണം ഉണ്ട്. ഒന്ന് എന്റെ വീട്ടിലെ, മറ്റൊന്ന് ഭർത്താവിന്റെ വീട്ടിലെ പിന്നൊന്ന് എന്റെ അമ്മ വീടിന്റെ. “മാ ഫാമിലി ” ഗ്രൂപ്പിൽ  അൻപത്തി ഒന്നോളം സന്ദേശങ്ങളുടെ നോട്ടിഫിക്കേഷൻ കണ്ട് ഞാൻ കൗതുകത്തോടെ എന്റെ കുടുംബത്തിലേക്ക് കയറി ചെന്നു.

എന്റെ ഇളയ ആങ്ങളയും നാത്തൂനും മക്കളും മരുമക്കളും കൂടി പോയ ട്രിപ്പിന്റെ പല പല ഫോട്ടോസ് ആണ്. ഞാൻ ഫോട്ടോസ് ഓരോന്നായി നോക്കി തുടങ്ങി. നല്ല മിഴിവുള്ള ചിത്രങ്ങൾ. ആങ്ങളയും നാത്തൂനും ഒരുമിച്ച് പല രീതിയിൽ കുറേയെണ്ണം. മകന്റെയും മകളുടെയും മക്കൾക്ക് നടുവിലായി ചിരിയോടെ ഇരിക്കുന്നത് വേറെ പലത്. മരുമകളോടൊപ്പം, മകളോടൊപ്പം,മകനോടും മരുമകനോടും ഒപ്പം അങ്ങനെ അനവധി ചിത്രങ്ങൾ. പച്ച വിരിച്ച മുട്ട കുന്നിന്റെ ചാരെ മകൾക്കും മരുമകൾക്കും നടുവിൽ ചിരിയോടെ ഇരിക്കുന്ന നാത്തൂനെ ഞാൻ സൂക്ഷിച്ചു നോക്കി. പ്രായം നന്നേ കുറഞ്ഞ പോലെ. അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും തിളക്കം ആ കണ്ണുകളിൽ കാണാം.

ചിത്രങ്ങളിലേക്ക്  നോക്കിയിരിക്കേ എന്റെ നെഞ്ചിൽ ഘനം തിങ്ങി. ഞാൻ തുറന്നിട്ട സ്വീകരണ മുറിയിലിരുന്ന് വെയിൽ  തിളങ്ങുന്ന മുറ്റത്തേക്ക് നോക്കി.ഈ നേരം എന്നും മുറ്റത്ത് വെയിലിനോടൊപ്പം തെളിഞ്ഞു നിൽക്കാറുള്ള മൂകതയിലേക്ക് നോക്കി ഞാൻ ദീർഘനിശ്വാസമുതിർത്തു.

ഒരാഴ്ച മുന്നേ ഇവിടുത്തെ മക്കളോടൊപ്പം ഞാനും പോയിരുന്നു പച്ച വിരിച്ച മുട്ട കുന്നുകളുലേക്ക് ഒരു വിനോദയാത്ര. ഞാൻ ഫോണിന്റെ ഗാലറി തുറന്ന്  ഒരു വട്ടം കൂടി അന്നത്തെ പിക്ചർസ് നോക്കി.

ഇല്ല… ഒരിടത്തും ഞാനില്ല. ഞാൻ ആ യാത്രയിൽ ഒപ്പമുണ്ടായിരുന്നതായി പോലും ഒരു അടയാളമില്ല.

“ചിറ്റമ്മ എവിടെ? ഒരു ഫോട്ടോയിലും ഇല്ലല്ലോ?”

മകൻ ഇവിടുത്തെ ഫാമിലി ഗ്രൂപ്പിൽ അയച്ച അനേകം ചിത്രങ്ങൾക്കൊടുവിൽ ഇപ്പോഴും  ഭർത്താവിന്റെ പെങ്ങളുടെ ആ മെസ്സേജ് കിടക്കുന്നുണ്ട്.

“ഞാൻ അവരുടെ അമ്മയല്ലല്ലോ.. രണ്ടാനമ്മയല്ലേ…”എന്ന് ഞാൻ അന്നേരം മനസ്സിൽ പറഞ്ഞു. ഭർത്താവും മക്കളും ആ സന്ദേശം കണ്ടെങ്കിലും മറിച്ചൊന്നും പറഞ്ഞിട്ടില്ല. ആഴ്ച്ചയൊന്നു കഴിഞ്ഞിട്ടും   ആ ഗ്രൂപ്പിലേക്ക് മറ്റൊരു മെസ്സേജും വന്നിട്ടുമില്ല.

ഗതി കിട്ടാത്ത, ശ്വാസം മുട്ടുന്ന വേദനകളും അവഗണനകളും ഉപദ്രവങ്ങളും മാത്രം തന്നിട്ടുള്ള ഒരു ജീവിതത്തിൽ നിന്നും പൊറുതി മുട്ടി ഇറങ്ങി പോന്നിട്ട് കാലം ഇപ്പോൾ ഒരുപാടായിരിക്കുന്നു. കാച്ചിയ വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കുമെന്ന് പറയുന്ന പോലെ ആദ്യ കല്യാണത്തിന്റെ തിക്താനുഭവങ്ങൾ ഉള്ളിൽ ആവോളം ഉള്ളതിനാൽ പിന്നെയൊരു പരീക്ഷണത്തിന്  സമ്മതിക്കാതെ ഒരുപാട് കാലം പിടിച്ചു നിന്നു. കൂടെപിറപ്പുകളും  അവരുടെ മക്കളും സ്വസ്ഥമായ ജീവിതങ്ങളിലേക്ക് ചേക്കേറിയപ്പോൾ  പലരിൽ നിന്നും രക്ഷപ്പെടാൻ വർഷങ്ങൾക്കു ശേഷം മറ്റൊരു വിവാഹത്തിന് കൂടി സമ്മതിക്കേണ്ടി വന്നു.

മൂന്നു മക്കളുള്ള ഭാര്യ മരിച്ചു പോയ അൻപതുകൾ കഴിഞ്ഞ അദ്ദേഹത്തിന് കുഞ്ഞു കുട്ടി പ്രാരാബ്ധങ്ങൾ ഏതുമില്ലാത്ത എന്നെ വീണ്ടും വിവാഹം കഴിക്കുന്നതിന് നിബന്ധനകളും ഉപാധികളും  ഒരുപാടൊന്നും ഉണ്ടായിരുന്നില്ല.

ദോഷം പറയരുതല്ലോ! ഇവിടെ എന്നോട് ആരും മോശമായി പെരുമാറിയില്ല… ഉപദ്രവിച്ചില്ല.

പക്ഷേ  എല്ലായിടത്തും അവരുടെ അമ്മയുടെ ഒരു കയ്യൊപ്പ് തെളിഞ്ഞു കിടന്നിരുന്നു. വീട്ടിലെ ഉപകരണങ്ങളിൽ ,അടുക്കള പാത്രങ്ങളിൽ കിടക്ക വിരികളിൽ, മുറ്റത്തെ ചെടികളിലും മരങ്ങളിലും അങ്ങനെ എല്ലായിടത്തും. എങ്കിലും ഒരിക്കലും ഭാരം തിങ്ങാതിരുന്ന ഒരു ഗർഭപാത്രം എനിക്കുള്ളത് കൊണ്ട് ഞാൻ അവരെ മൂന്നു പേരെയും എന്റെ നെഞ്ചിൽ ചുമന്ന് മനസ്സുകൊണ്ട് പ്രസവിച്ചവരെ പോലെ കരുതി. എങ്കിലും ഞാൻ എന്നും എപ്പോഴും രണ്ടാമതായി.

നിരന്തരം അവരെ തൊട്ടും തലോടിയും വർത്തമാനങ്ങൾ പറഞ്ഞും ഉപദേശിച്ചും ഞാനവരെ സ്നേഹിക്കാൻ ശ്രമിച്ചു. പക്ഷേ അവർക്ക് എന്നിൽ നിന്നും വേണ്ടിയിരുന്ന സ്നേഹം സമയാസമയങ്ങളിൽ അവർക്കു ഭക്ഷണം വിളമ്പുന്നതിലും അവരുടെ വസ്ത്രങ്ങൾ കഴുകുന്നതിലും മാത്രം ഒതുങ്ങി.

ഒരു വാക്കു പോലും മിണ്ടാതിരുന്നപ്പോഴും ഞാൻ വിളമ്പുന്നത് തികച്ചും നിരർഥകമായ സ്നേഹമാണെന്ന് അറിഞ്ഞിട്ടും ഞാൻ അവർക്കരികിൽ പ്രതീക്ഷയോടെ കാത്തു നിന്നു.

“അവർക്ക് എന്നോട് സ്നേഹക്കുറവ് ഉള്ളതുപോലെ…”എന്ന് ഞാൻ വളരെ രഹസ്യമായി എനിക്ക് ഏറെ അടുപ്പമുള്ളവരോട് പരിഭവിച്ചു.

“പിന്നേയ് നൊന്തു പെറ്റ തള്ളമാരോട് പിള്ളേർക്ക് സ്നേഹമില്ല ഇന്നത്തെ കാലത്ത്. പിന്നെയാണ് നീ…. അതൊന്നും കാര്യമാക്കേണ്ട. അടങ്ങി ഒതുങ്ങി അവിടെ കൂടിക്കോ…”

മറുപടിയിൽ എന്റെ അടിവയറിൽ തീയാളി. ഇടനെഞ്ചു കനത്തു.പിന്നെ ഞാൻ ആരോടും ഒന്നും ഇതുവരെയും പറഞ്ഞിട്ടില്ല.

രണ്ടാനമ്മയാൽ പീഡിപ്പിക്കപ്പെടുന്ന കുട്ടികളുടെ കഥകൾ മാത്രം പുറം ലോകം അറിയുമ്പോൾ  ഉള്ളിൽ നീറ്റലോടെ എന്നും രണ്ടാം തരക്കാരിയായി കഴിയുന്ന സ്ത്രീകളെ കുറിച്ച് ആരും ഓർക്കുന്നില്ല.

നമുക്കൊരു ട്രിപ്പ്‌ പോകാമെന്ന് മകൾ പറയുമ്പോൾ എനിക്ക് വലിയ സന്തോഷമായി. എത്രയോ നാളുകളായിരുന്നു എന്റെ യാത്രകൾ ഭർത്താവിനോടൊപ്പം അദ്ദേഹത്തിനായുള്ള മാസാദ്യങ്ങളിലെ ആശുപത്രി സന്ദർശനം മാത്രമായി ഒതുങ്ങി പോയിരുന്നു.

രാവിലെ എഴുന്നേറ്റ്  എല്ലാവർക്കും രണ്ടു നേരത്തേക്കുള്ള ഭക്ഷണവും കുഞ്ഞുങ്ങൾക്ക് പാലും ഭർത്താവിന്റെ മരുന്നുകളും എല്ലാം ഒരുക്കുന്നതിനായി ഞാൻ കാലുകൾ വലിച്ചു വച്ച് നടന്നു കൊണ്ടിരുന്നു. അത്താഴം പുറത്തു നിന്ന് ആക്കാമെന്ന് മരുമകൻ പറഞ്ഞിട്ടുണ്ട്. അത്രയും ആശ്വാസം. ചില നേരം അനുവദിച്ചു കിട്ടുന്ന ഔദാര്യങ്ങൾ പോലും എത്രയോ സന്തോഷമാണ്.

നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ച പടർന്ന വഴിയിലൂടെ അല്പം നടന്നപ്പോഴേക്കും എന്റെ കണങ്കാലുകളിൽ നീരു വന്നു.

“നടന്നിട്ട് വരൂ ഞാനിവിടെ ഇരിക്കാം…” എന്നു പറഞ്ഞ് ഉച്ച ഭക്ഷണത്തിനും മക്കളുടെ ചെരിപ്പുകൾക്കും ഭർത്താവിന്റെ മധുരമില്ലാത്ത ജ്യൂസിനും കാവലായി ഞാൻ ഒരിടത്തിരുന്നു.

എല്ലായിടവും ചുറ്റി കറങ്ങി എല്ലാരും കൂടി വട്ടമിരുന്നു ഭക്ഷണം കഴിക്കുമ്പോഴും അവർ വീണ്ടും വീണ്ടും ചാഞ്ഞും ചരിഞ്ഞും ഫോട്ടോ എടുത്തു കൊണ്ടിരുന്നു. ഞാൻ മറ്റൊന്നും ശ്രദ്ധിക്കാതെ അവർക്കു വിളമ്പുകയും മകളുടെ ചെറിയ കുഞ്ഞിന് ശ്രദ്ധയോടെ വാരി കൊടുക്കുകയും ചെയ്തു കൊണ്ടിരുന്നു.

ഒരെണ്ണം… ഒരെണ്ണമെങ്കിലും ഉണ്ടായിരുന്നെങ്കിൽ…

ഞാൻ നോമ്പരത്തോടെ വീണ്ടും ഫോണിലേക്കു നോക്കി.

കാറ്റിൽ ശീൽകാരത്തോടെ  വീശുന്ന പൈൻ മരങ്ങൾക്കിടയിൽ ആടിയും പാടിയും അവർ അനേകം വീഡിയോ എടുത്തിരിക്കുന്നു. ഓരോന്നായി ഞാൻ   സ്ക്രോൾ ചെയ്യുമ്പോൾ അതാ ഏക്കറുകളോളം പടർന്നു കിടക്കുന്ന പൈൻ മരങ്ങൾ ഒന്നിന്റെ ചോട്ടിൽ തനിയെ ഇരിക്കുന്ന ഞാൻ.

ഞാൻ സൂക്ഷിച്ചു നോക്കി…

അതെ… ഞാൻ തന്നെ.

ഒറ്റക്കിരുന്നു മുഷിഞ്ഞപ്പോൾ ഞാനെന്നെ സെൽഫിയായി പകർത്തിയതാണ്. അവഗണനയുടെയും നോവിന്റെയും നൈരാശ്യം കലർന്ന ചെറു ചിരിയുള്ള ആ ഫോട്ടോയിലേക്ക്  ഞാൻ  നോക്കി.

“ഭാഗ്യം ആ വിനോദ യാത്രയുടെ ഓർമ്മക്കായി ഇതെങ്കിലും ഉണ്ടല്ലോ…!”.

ഞാൻ എന്നോടു തന്നെ ഉറക്കെ പറഞ്ഞു.പിന്നെ പതിയെ ഫോൺ ഓഫ് ചെയ്ത് പുറത്തെ വെയിലിലേക്ക്  ഏറെ നേരം വെറുതേ നോക്കിയിരുന്നു…


 


സൗമ്യ മുഹമ്മദ്‌



പാഴ്ജന്മം


 



എന്തിനു നീയെന്നെ, വീണയാക്കീ

എന്തിനു നീ, മൃതിനാദമായീ ..

ഏറെപ്പഴികേട്ട ജന്മമല്ലോ ഞാൻ

ഏങ്ങിക്കരയുവാൻ മാത്രമായീ  


സ്വപ്നവാടിയിൽ പൂക്കാതെപോയ

സ്വപ്നങ്ങളെന്നെ കഴുമരമേറ്റുന്നു

സ്വന്തമായ് ഞാൻ  കണ്ടവരെല്ലാം

തൂക്കുമരക്കയർ മുറുക്കുന്നെനിക്കും !


 പലനാൾകേട്ട പഴിവചനങ്ങൾ

പലരും തമ്മിൽ പറയുമ്പോൾ

പലതിലും സത്യം മറച്ചുപിടിച്ചൂ

പകലവൻ പോലും കണ്ണടച്ചൂ…


 കഴിഞ്ഞകാലത്തെ,കളഞ്ഞുപോയ

കളിചിരിചിന്തകൾ മുള്ളുകളായി

കരളിൽ തറക്കും മുനകളിലെല്ലാം

കാളകൂട വിഷമയമല്ലോ .


നിതാന്തജാഗ്രതാ ജീവിതവഴികളിൽ

നിയന്ത്രണമില്ലാതലയുമ്പോൾ

നീറിപ്പടരും നൊമ്പരമായി

നിലതെറ്റുന്നു സൗഹൃദങ്ങൾ !

 


അജികുമാർ നാരായണൻ

ഞാൻ നുജൂദ് വയസ്സ് 10 വിവാഹമോചിത

 


കളിപ്പാട്ടമല്ല, വിവാഹമോചനമാണ്”

നിങ്ങളിൽ എത്രപേർ പുസ്തകം വായിച്ച് കരഞ്ഞിട്ടുണ്ട്? എന്നാൽ ഞാൻ കരഞ്ഞിട്ടുണ്ട്. നുജൂദ് എന്ന ഈ കുഞ്ഞ് മോളെ വായിച്ച്. ഈ പുസ്തകം പരിചയപ്പെടുത്തുന്നതിന് മുമ്പ് നുജൂദ് ആരാണെന്നറിയണം.

യമനിലെ യാഥാസ്ഥിക കുടുബത്തിൽ അലി മുഹമ്മദ് – ഷോയ ദമ്പതികളുടെ മകൾ ആയിരുന്നു നുജൂദ്. തന്റെ ഉമ്മയുടെ പതിനഞ്ചാമത്തെ സന്തതിയായിരുന്നു അലി. അവളെ വിവാഹം കഴിപ്പിച്ചയക്കുമ്പോൾ അവൾ ഋതുമതി പോലുമായിരുന്നില്ല. ഒൻപതാമത്തെ വയസ്സിൽ അവൾ ഫൈസ് അലി താമർ എന്ന മുപ്പത്തിയൊന്നു വയസ്സുകാരന്റെ ഭാര്യയായി. വിവാഹ ജീവിതം എന്തെന്ന് അറിയാത്ത പ്രായത്തിൽ തന്നേക്കാൾ ഒരുപാട് പ്രായം കൂടിയ ഒരു മനുഷ്യന്റെ ഭാര്യ ആകേണ്ടി വന്നവൾ. ആദ്യ രാത്രിയിൽ തന്നെ അയാൾ അവളെ ക്രൂരമായി മാനഭംഗം ചെയ്തു. രാത്രികളിൽ അയാളെ ഭയന്ന് അവൾ വീടിനും ചുറ്റും ഓടുമ്പോൾ ഭീഷണിപ്പെടുത്തിയും ശാരീരികമായി ആക്രമിച്ചും അയാൾ അവളെ കിടപ്പു മുറിയിലേക്ക് വലിച്ചിഴക്കുന്നതു പതിവായി.ഈ പീഢനങ്ങൾക്ക്ശേഷം അവളെ ഭർത്താവിന്റെ വീട്ടുകാർ അവളെ അഭിനന്ദിച്ചത്”മബ്റൂഖ്”(ആശംസകൾ) എന്ന് പറഞ്ഞാണ്.

ജുനൂദിന് ഏറ്റവും വെറുക്കപെട്ടവാക്കാണ് “മബ്റൂഖ് “എന്നവൾപറയുന്നു. 2008 ഏപ്രിൽ 2 ന് വിവാഹം കഴിഞ്ഞ് രണ്ടുമാസങ്ങൾക്കുശേഷം അവൾ ആ വീട്ടിൽ നിന്നും രക്ഷപ്പെട്ടു. അവളുടെ പിതാവിന്റെ രണ്ടാം ഭാര്യയുടെ ഉപദേശപ്രകാരം അവൾ നേരെ കോടതിയിലേയ്ക്ക് കടന്നുചെല്ലുകയും വിവാഹമോചനം വേണമെന്ന് പറഞ്ഞ് യമനിലെ നിയമത്തെ വെല്ലുവിളിക്കുകയും ചെയ്തു. നുജൂദിനെ സഹായിക്കാൻ മനുഷ്യാവകാശ പ്രവർത്തകയും വക്കീലുമായ ഷാദ നസീർ (നുജൂദിന്റെ ഷാദ അമ്മായി.അങ്ങനെയാണ് വിളിക്കുന്നത്) സഹായിച്ചു. അങ്ങനെ തന്റെ പത്താമത്തെ വയസ്സിൽ വിവാഹ മോചനം നേടി ലോകത്തിലെ തന്നെ ശൈശവ വിവാഹങ്ങൾക്ക് എതിരെ തിരിച്ചറിവ് പകർന്നുനല്കി മാതൃകയായി നുജൂദ്.

2008 നവംബറിൽ യു.എസ് മാഗസിനായ ഗ്ലാമർ നുജൂദ് അലിയെയും അവളുടെ വക്കീലുമായ ഷാദ നാസറിനെയും വുമൺ ഓഫ് ദ ഈയർ ആയി നാമനിർദ്ദേശം ചെയ്തിരുന്നു.

നുജൂദ് അലിയിലൂടെയാണ് യമനിലെ പെൺകുഞ്ഞുങ്ങളുടെ വിവാഹ പ്രായം പതിനഞ്ചിൽ നിന്നും പതിനേഴായി പ്രഖ്യാപനം വരുന്നത്. ശൈശവ വിവാഹത്തിന്റെ മുറിവുകൾ ഇത്ര കർക്കശമായി ലോകത്തോട് വിളിച്ചു പറയാൻ ധൈര്യം കാണിച്ച മറ്റൊരു പെൺകുട്ടി ലോകചരിത്രത്തിൽ ഇല്ല.

വിവാഹമോചനം കിട്ടികഴിഞ്ഞപ്പോൾ അവൾ പറഞ്ഞാവാക്കുകൾ,

“എനിക്ക് കുറച്ച് പുതിയ കളിപ്പാട്ടങ്ങൾ വേണം…ചോക്ളേറ്റും കേക്കും തിന്നാനും തോന്നുന്നുണ്ട്.” എന്നാണ്.

ഡെൽഫിൻ മിനോയി എഴുതി, രമാ മേനോൻ പരിഭാഷപെടുത്തിയ “ഞാൻ നുജൂദ് വയസ്സ് 10 വിവാഹമോചിത” എന്ന പുസ്തകം മലയാളത്തിൽ ഒലീവ് പബ്ളിക്കേഷനാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്നാണിത് എന്ന് പറയാതെവയ്യ.

 


എം.മിഹറാജ്

പരീക്ഷപ്പേടിയെ എങ്ങനെ നേരിടാം?

 




പരീക്ഷയെക്കുറിച്ച് ഉൽകണ്ഠയൊക്കെ നല്ലതാണ്, അതു  പഠനത്തിനു സഹായകരമായേക്കാം എന്നാൽ ഉൽകണ്ഠകൂടി അത് പഠനത്തെയും പരീക്ഷയെഴുത്തിനെയും പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലെത്തിയാല്‍ അത് അപകടകരമാണ്.

പരീക്ഷയെ നേരിടേണ്ടവർ മനസ്സിലാക്കേണ്ട കുറച്ചു കാര്യങ്ങൾ പറയാം.

നിങ്ങളുടെ പരീക്ഷകളെല്ലാം എഴുത്തു പരീക്ഷകളാണ്. അതിനാൽ തന്നെ ഉത്തരങ്ങൾ എഴുതാനുള്ള ശേഷിയാണ് പ്രധാനം. നിങ്ങള്‍ എത്രദിവസം ഉറക്കമൊഴിഞ്ഞ് പഠിച്ചെന്നോ, എത്ര വലിയ പുസ്തകങ്ങള്‍ വയിച്ചുവെന്നോ, എത്ര തവണ റിവിഷ ൻ നടത്തിയെന്നോ എന്നതിനൊന്നും ഒരു പ്രാധാന്യവുമില്ല. നിങ്ങൾക്ക് ഉത്തരം പറയാനറിയാമെങ്കിലും, ചെയ്തു കാണിക്കാൻ അറിയാമെങ്കിലും കാര്യമില്ല. എഴുതാൻ തന്നെ സാധിക്കണം. അതിനർത്ഥം ഉത്തരം നിങ്ങള്‍ എഴുതിത്തന്നെ പഠിച്ചു  ശീലിക്കണം എന്നതാണ്.

സാധാരണ എല്ലാവരും കണക്ക് മാത്രമാണ് എഴുതി പരിശീലിക്കുന്നത്. അത് പോരാ, എല്ലാ വിഷയവും എഴുത്തു പരീക്ഷ ആകയാൽ, എല്ലാ വിഷയവും എഴുതിത്തന്നെ പഠിക്കണം. എഴുതുവാൻ പേപ്പറും പേനയും വേണമെന്ന് വാശി പിടിക്കണ്ട. അതിനായി  പ്രകൃതിയെ ഉപദ്രവിക്കണ്ട, പഴയകാലത്തെ സ്ലൈറ്റും പെൻസിലും ആണ് ഏറ്റവും കുറഞ്ഞ ചിലവില്‍ ഉപകാരിയാകുന്നത്.

പഠിക്കുമ്പോൾ പലപ്പോഴും കുട്ടികൾ നേരിടുന്ന ഒരു പ്രധാന പ്രശ്നം പഠിച്ച കാര്യം തൻറെ മനസ്സിൽ ഉണ്ടോ എന്നുള്ള ആശങ്കയാണ്. അത് അറിയാൻ ഒരു ശാസ്ത്രീയ രീതി പറയാം. പഠിച്ച കാര്യങ്ങൾ നിങ്ങൾക്ക് മൂന്നു തവണ കാണാതെ തെറ്റ് കുടാതെ എഴുതാൻ കഴിയുമെങ്കിൽ ഉറപ്പിക്കുക, അത് നിങ്ങൾ പഠിച്ചു കഴിഞ്ഞു. ഇനി അതിനായി സമയം ചെലവഴിക്കേണ്ടതില്ല. പുതിയ കാര്യങ്ങൾ പഠിക്കാം, അല്ലെങ്കിൽ വീണ്ടും വീണ്ടും പഠിച്ചോ എന്നുള്ള ഈ പരിശോധന കൊണ്ട് സമയം മുഴുവൻ നഷ്ടപ്പെടും.

കാണാതെ എഴുതി പഠിക്കുമ്പോൾ, ഉത്തരം പാഠപുസ്തകവുമായി താരതമ്യം ചെയ്ത് ഓരോ തവണയും കറക്റ്റ് ചെയ്യുക. ക്ലാസ് ടീച്ചർമാർ നൽകുന്ന ഉത്തരങ്ങളെക്കാൾ കൂടുതൽ മാർക്ക് ലഭിക്കാൻ, പാഠപുസ്തകത്തിൽ തന്നിരിക്കുന്ന വാചകങ്ങൾ അതേ രീതിയിൽ തന്നെ കുത്തും കോമയും മാറാതെ എഴുതുകയാണ് കുടുതല്‍ നല്ലത്. കാരണം ഉത്തരം നോക്കുന്നത് നിങ്ങളുടെ സ്കൂളിലെ ടീച്ചർ അല്ലല്ലോ. അങ്ങനെ എഴുതുമ്പോഴാണ് നിങ്ങള്‍ക്ക് ഫുള്‍ എ പ്ലസ്‌ കിട്ടാന്‍ സാധ്യത കുടുന്നത്.

പരീക്ഷയ്ക്ക് പോകുന്നതിനു മുമ്പ് പരീക്ഷ എത്ര സമയമാണ് എന്നും എത്ര മാർക്ക് ഉണ്ട് എന്നും കൃത്യമായ ധാരണ ഉണ്ടായിരിക്കണം. പരിക്ഷ  സമയത്തെ മാർക്ക് കൊണ്ട് ഹരിച്ചാൽ ഒരു മാർക്കിന് എത്ര സമയം കിട്ടും എന്ന് അറിയാൻ കഴിയും അതനുസരിച്ച് മാത്രം ഉത്തരം എഴുതിയാൽ മതിയാകും. ഉദാഹരണത്തിന് പരീക്ഷാ സമയം രണ്ടു മണിക്കൂറും മാർക്ക് 100 ഉം ആണെന്ന് കരുതുക അങ്ങനെയെങ്കിൽ ഒരു മാർക്കിന് 1.2 മിനിറ്റ് സമയം നിങ്ങൾക്ക് കിട്ടും അങ്ങനെ കണക്കാക്കിയാൽ 10 മാർക്കിന്റെ ചോദ്യത്തിന് 12 മിനിറ്റ് നിങ്ങൾക്ക് എഴുതാനുള്ള സമയം കിട്ടും, 5 മാർക്കിന്  6 മിനിറ്റ് എഴുതാനുള്ള സമയം കിട്ടും, അതിൽ കൂടുതൽ എഴുതുകയും വേണ്ട അതിൽ കുറച്ച് എഴുതുകയും വേണ്ട. ആ ഒരു രിതിയില്‍  എഴുതി പഠിച്ചാൽ നിങ്ങൾക്ക് പരീക്ഷയ്ക്ക് കൃത്യമായ മാർക്ക് നേടാൻ ആകും. ഇക്കാര്യം പലകുട്ടികളും ശ്രദ്ധിക്കാറില്ല. അധ്യാപകര്‍ പറഞ്ഞു കൊടുക്കാറുമില്ല.

ചില ഘട്ടങ്ങളിൽ നമ്മൾ ഉപന്യാസം പഠിച്ചിട്ടു പോകും. പക്ഷേ ചോദിക്കുന്നത് പാരഗ്രാഫ് ആയിരിക്കും. നിങ്ങൾക്ക് ഉത്തരം അറിയാം എന്നുള്ളത് കൊണ്ട് രണ്ടു മാർക്കിന്റെ ചോദ്യത്തിന് 15 മാർക്കിനുള്ള ഉത്തരം എഴുതി വയ്ക്കേണ്ട കാര്യമില്ല. ഒരു കാരണവശാലും അധ്യാപകന് രണ്ടു മാർക്കിൽ കൂടുതൽ നൽകാൻ ആവില്ല എന്നുള്ള കാര്യം മനസ്സിലാക്കി ചോദ്യത്തിന് അനുസരിച്ച് അഥവാ  മാർക്കിന് അനുസരിച്ച് ഉത്തരങ്ങൾ വലുതാക്കാനും ചെറുതാക്കാനും ഉള്ള കഴിവ് വിദ്യാർത്ഥികൾ നേടിയിരിക്കണം. അധ്യാപകർ പറഞ്ഞു കൊടുത്തിരിക്കണം.

പരീക്ഷയുടെ തലേദിവസം ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ പറയാം. പരീക്ഷ തലേന്ന് പഠിക്കുമ്പോൾ ഒരു കാരണവശാലും പഠിച്ചതെല്ലാം  ഓർമ്മയിൽ ഉണ്ടോ എന്ന് പരീക്ഷിക്കരുത്, അങ്ങനെ ചെയ്താല്‍  ഏതെങ്കിലും കുറച്ചു ഭാഗം ഓർമ്മിക്കാൻ ആയില്ലെങ്കിൽ നമ്മുടെ ഉൽകണ്ഠ വല്ലാതെ  കൂടും. അതുകൊണ്ട് പരീക്ഷ തലേന്ന് പാഠഭാഗങ്ങൾ മറിച്ചു നോക്കുക മാത്രം ചെയ്യുക. ഇതെല്ലം നിങ്ങള്‍ വായിച്ചതാണ് എന്ന് കണ്ടറിഞ്ഞാല്‍ മാത്രം മതി.

ശാരീരിക രോഗങ്ങൾ വരാതെ പ്രത്യേകം ശ്രദ്ധിക്കണം. പകർച്ചവ്യാധികൾ ഉള്ള ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത്  പരമാവധി  ഒഴിവാക്കുക. പരീക്ഷയെക്കാൾ പ്രാധാന്യം ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും തൽക്കാലം നൽകേണ്ട.

പരീക്ഷ ഉച്ച കഴിഞ്ഞാണ് എങ്കിൽ ഒരു കാരണവശാലും നട്ടുച്ചയ്ക്ക് കുളിക്കാൻ ശ്രമിക്കരുത്. ആഹാരം, കുടി വെള്ളം എന്നിവ ശ്രദ്ധിക്കണം. പഴകിയതും കേടായതെന്നു സംശയം തോന്നുന്നതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ പരീക്ഷാ കാലഘട്ടത്തിൽ ഒഴിവാക്കുന്നതാണ് നല്ലത്. വേഗത്തില്‍ തൊണ്ടവേദന വരുന്ന പ്രകൃതം ഉള്ളവർ ഫ്രിഡ്ജിലെ തണുത്ത വെള്ളവും ഭക്ഷണവും ഒഴിവാക്കുന്നത് നന്നായിരിക്കും. ഒരു പനിയോ തൊണ്ട വേദനയോ വയറ്റില്‍  അസുഖമോ വന്നു കഴിഞ്ഞാൽ, നമ്മുടെ പരീക്ഷ അവതാളത്തിലാകും എന്നുള്ള കാര്യം ഓർമ്മിക്കുക. ഈ സാധനങ്ങളൊന്നും ലോകത്ത് നാളെ തിര്‍ന്നു പോകുന്നതല്ലല്ലോ എന്ന് ചിന്തിക്കുക.

പരീക്ഷ തലേന്ന് ഒരു കാരണവശാലും ഉറക്കം ഒഴിയരുത്, ചുരുങ്ങിയത് ആറു മണിക്കൂർ എങ്കിലും ഉറങ്ങിയിരിക്കണം. നിങ്ങൾ എത്ര പഠിച്ചു എന്നല്ല നിങ്ങൾ എത്ര എഴുതിയെന്നാണ് പരീക്ഷയിൽ അളക്കുന്നത് എന്ന് പറഞ്ഞല്ലോ. ഉത്തരങ്ങൾ തലച്ചോറിൽ നിന്ന് കൃത്യമായി വരണമെങ്കിൽ തലച്ചോറിന് ആവശ്യമായ വിശ്രമം അഥവാ ഉറക്കം അത്യന്താപേക്ഷിതമാണ്.

ഒരു ടെന്‍ഷനും വേണ്ട, ഈ പരിക്ഷ നിങ്ങള്‍ മാത്രമായി എഴുതുന്നതല്ല പതിനായിരക്കണക്കിനു കുട്ടികള്‍ ഇപ്പോഴും, എത്രയോ കാലമായും എഴുതുന്നതാണ്. എനിക്ക് നന്നായി എഴുതാന്‍ കഴിയും. എന്നാല്‍ കഴിയുന്നതിന്റെ പരമാവധി പഠിച്ചിട്ടുണ്ട് എന്ന സമാധാനത്തില്‍, നാളെ പരിക്ഷയ്ക്ക് വേണ്ടതായ ഹാള്‍ ടിക്കറ്റ്, പേന, വാച്ച് തുടങ്ങിയ സാധനങ്ങള്‍ എല്ലാം എടുത്തു റെഡിയാക്കി വച്ചിട്ട് സുഖമായി ഉറങ്ങുക.

ഇങ്ങനെയൊക്കെ ചെയ്തിട്ടും നിങ്ങളുടെ പരീക്ഷാഭീതി അനിയന്ത്രിതമാണ് എങ്കിൽ, പരീക്ഷാ സമയത്ത് മനോജന്യ ശാരിരിക  രോഗാവസ്ഥകൾ ബാധിക്കുന്നു എങ്കിൽ അടുത്തുള്ള ഹോമിയോപ്പതി ഡോക്ടർമാരെ സമീപിക്കാൻ മടിക്കണ്ട. ഹോമിയോപ്പതിയിൽ ഇത്തരം പരീക്ഷ ഭീതിക്ക് സുരക്ഷിതമായ മരുന്നുകൾ ലഭ്യമാണ്.

വിദ്യാർത്ഥികൾക്ക് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാത്രമായി സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പിന്റെ “സദ്ഗമായ” എന്ന പ്രത്യേക വിഭാഗം എല്ലാ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെൻസറികളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഹോമിയോപ്പതി ഡോക്ടറും സൈക്കൊളജിസ്റ്റും കൗൺസിലറും, യോഗ ട്രെയിനറും സ്പെഷ്യല്‍ എജുക്കേഷന്‍ ടീച്ചറുമെല്ലാമടങ്ങിയ സുസജ്ജമായ സന്നാഹം നിങ്ങളെ സഹായിക്കാനുണ്ട്. ധൈര്യമായിരിക്കുക.



ഡോ. ടി.ജി. മനോജ് കുമാർ