പരീക്ഷയെക്കുറിച്ച് ഉൽകണ്ഠയൊക്കെ നല്ലതാണ്, അതു പഠനത്തിനു സഹായകരമായേക്കാം എന്നാൽ ഉൽകണ്ഠകൂടി അത് പഠനത്തെയും പരീക്ഷയെഴുത്തിനെയും പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലെത്തിയാല്‍ അത് അപകടകരമാണ്.
പരീക്ഷയെ നേരിടേണ്ടവർ മനസ്സിലാക്കേണ്ട കുറച്ചു കാര്യങ്ങൾ പറയാം.
നിങ്ങളുടെ പരീക്ഷകളെല്ലാം എഴുത്തു പരീക്ഷകളാണ്. അതിനാൽ തന്നെ ഉത്തരങ്ങൾ എഴുതാനുള്ള ശേഷിയാണ് പ്രധാനം. നിങ്ങള്‍ എത്രദിവസം ഉറക്കമൊഴിഞ്ഞ് പഠിച്ചെന്നോ, എത്ര വലിയ പുസ്തകങ്ങള്‍ വയിച്ചുവെന്നോ, എത്ര തവണ റിവിഷ ൻ നടത്തിയെന്നോ എന്നതിനൊന്നും ഒരു പ്രാധാന്യവുമില്ല. നിങ്ങൾക്ക് ഉത്തരം പറയാനറിയാമെങ്കിലും, ചെയ്തു കാണിക്കാൻ അറിയാമെങ്കിലും കാര്യമില്ല. എഴുതാൻ തന്നെ സാധിക്കണം. അതിനർത്ഥം ഉത്തരം നിങ്ങള്‍ എഴുതിത്തന്നെ പഠിച്ചു ശീലിക്കണം എന്നതാണ്.
സാധാരണ എല്ലാവരും കണക്ക് മാത്രമാണ് എഴുതി പരിശീലിക്കുന്നത്. അത് പോരാ, എല്ലാ വിഷയവും എഴുത്തു പരീക്ഷ ആകയാൽ, എല്ലാ വിഷയവും എഴുതിത്തന്നെ പഠിക്കണം. എഴുതുവാൻ പേപ്പറും പേനയും വേണമെന്ന് വാശി പിടിക്കണ്ട. അതിനായി പ്രകൃതിയെ ഉപദ്രവിക്കണ്ട, പഴയകാലത്തെ സ്ലൈറ്റും പെൻസിലും ആണ് ഏറ്റവും കുറഞ്ഞ ചിലവില്‍ ഉപകാരിയാകുന്നത്.
പഠിക്കുമ്പോൾ പലപ്പോഴും കുട്ടികൾ നേരിടുന്ന ഒരു പ്രധാന പ്രശ്നം പഠിച്ച കാര്യം തൻറെ മനസ്സിൽ ഉണ്ടോ എന്നുള്ള ആശങ്കയാണ്. അത് അറിയാൻ ഒരു ശാസ്ത്രീയ രീതി പറയാം. പഠിച്ച കാര്യങ്ങൾ നിങ്ങൾക്ക് മൂന്നു തവണ കാണാതെ തെറ്റ് കുടാതെ എഴുതാൻ കഴിയുമെങ്കിൽ ഉറപ്പിക്കുക, അത് നിങ്ങൾ പഠിച്ചു കഴിഞ്ഞു. ഇനി അതിനായി സമയം ചെലവഴിക്കേണ്ടതില്ല. പുതിയ കാര്യങ്ങൾ പഠിക്കാം, അല്ലെങ്കിൽ വീണ്ടും വീണ്ടും പഠിച്ചോ എന്നുള്ള ഈ പരിശോധന കൊണ്ട് സമയം മുഴുവൻ നഷ്ടപ്പെടും.
കാണാതെ എഴുതി പഠിക്കുമ്പോൾ, ഉത്തരം പാഠപുസ്തകവുമായി താരതമ്യം ചെയ്ത് ഓരോ തവണയും കറക്റ്റ് ചെയ്യുക. ക്ലാസ് ടീച്ചർമാർ നൽകുന്ന ഉത്തരങ്ങളെക്കാൾ കൂടുതൽ മാർക്ക് ലഭിക്കാൻ, പാഠപുസ്തകത്തിൽ തന്നിരിക്കുന്ന വാചകങ്ങൾ അതേ രീതിയിൽ തന്നെ കുത്തും കോമയും മാറാതെ എഴുതുകയാണ് കുടുതല്‍ നല്ലത്. കാരണം ഉത്തരം നോക്കുന്നത് നിങ്ങളുടെ സ്കൂളിലെ ടീച്ചർ അല്ലല്ലോ. അങ്ങനെ എഴുതുമ്പോഴാണ് നിങ്ങള്‍ക്ക് ഫുള്‍ എ പ്ലസ് കിട്ടാന്‍ സാധ്യത കുടുന്നത്.
പരീക്ഷയ്ക്ക് പോകുന്നതിനു മുമ്പ് പരീക്ഷ എത്ര സമയമാണ് എന്നും എത്ര മാർക്ക് ഉണ്ട് എന്നും കൃത്യമായ ധാരണ ഉണ്ടായിരിക്കണം. പരിക്ഷ സമയത്തെ മാർക്ക് കൊണ്ട് ഹരിച്ചാൽ ഒരു മാർക്കിന് എത്ര സമയം കിട്ടും എന്ന് അറിയാൻ കഴിയും അതനുസരിച്ച് മാത്രം ഉത്തരം എഴുതിയാൽ മതിയാകും. ഉദാഹരണത്തിന് പരീക്ഷാ സമയം രണ്ടു മണിക്കൂറും മാർക്ക് 100 ഉം ആണെന്ന് കരുതുക അങ്ങനെയെങ്കിൽ ഒരു മാർക്കിന് 1.2 മിനിറ്റ് സമയം നിങ്ങൾക്ക് കിട്ടും അങ്ങനെ കണക്കാക്കിയാൽ 10 മാർക്കിന്റെ ചോദ്യത്തിന് 12 മിനിറ്റ് നിങ്ങൾക്ക് എഴുതാനുള്ള സമയം കിട്ടും, 5 മാർക്കിന് 6 മിനിറ്റ് എഴുതാനുള്ള സമയം കിട്ടും, അതിൽ കൂടുതൽ എഴുതുകയും വേണ്ട അതിൽ കുറച്ച് എഴുതുകയും വേണ്ട. ആ ഒരു രിതിയില്‍ എഴുതി പഠിച്ചാൽ നിങ്ങൾക്ക് പരീക്ഷയ്ക്ക് കൃത്യമായ മാർക്ക് നേടാൻ ആകും. ഇക്കാര്യം പലകുട്ടികളും ശ്രദ്ധിക്കാറില്ല. അധ്യാപകര്‍ പറഞ്ഞു കൊടുക്കാറുമില്ല.
ചില ഘട്ടങ്ങളിൽ നമ്മൾ ഉപന്യാസം പഠിച്ചിട്ടു പോകും. പക്ഷേ ചോദിക്കുന്നത് പാരഗ്രാഫ് ആയിരിക്കും. നിങ്ങൾക്ക് ഉത്തരം അറിയാം എന്നുള്ളത് കൊണ്ട് രണ്ടു മാർക്കിന്റെ ചോദ്യത്തിന് 15 മാർക്കിനുള്ള ഉത്തരം എഴുതി വയ്ക്കേണ്ട കാര്യമില്ല. ഒരു കാരണവശാലും അധ്യാപകന് രണ്ടു മാർക്കിൽ കൂടുതൽ നൽകാൻ ആവില്ല എന്നുള്ള കാര്യം മനസ്സിലാക്കി ചോദ്യത്തിന് അനുസരിച്ച് അഥവാ മാർക്കിന് അനുസരിച്ച് ഉത്തരങ്ങൾ വലുതാക്കാനും ചെറുതാക്കാനും ഉള്ള കഴിവ് വിദ്യാർത്ഥികൾ നേടിയിരിക്കണം. അധ്യാപകർ പറഞ്ഞു കൊടുത്തിരിക്കണം.
പരീക്ഷയുടെ തലേദിവസം ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ പറയാം. പരീക്ഷ തലേന്ന് പഠിക്കുമ്പോൾ ഒരു കാരണവശാലും പഠിച്ചതെല്ലാം ഓർമ്മയിൽ ഉണ്ടോ എന്ന് പരീക്ഷിക്കരുത്, അങ്ങനെ ചെയ്താല്‍ ഏതെങ്കിലും കുറച്ചു ഭാഗം ഓർമ്മിക്കാൻ ആയില്ലെങ്കിൽ നമ്മുടെ ഉൽകണ്ഠ വല്ലാതെ കൂടും. അതുകൊണ്ട് പരീക്ഷ തലേന്ന് പാഠഭാഗങ്ങൾ മറിച്ചു നോക്കുക മാത്രം ചെയ്യുക. ഇതെല്ലം നിങ്ങള്‍ വായിച്ചതാണ് എന്ന് കണ്ടറിഞ്ഞാല്‍ മാത്രം മതി.
ശാരീരിക രോഗങ്ങൾ വരാതെ പ്രത്യേകം ശ്രദ്ധിക്കണം. പകർച്ചവ്യാധികൾ ഉള്ള ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക. പരീക്ഷയെക്കാൾ പ്രാധാന്യം ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും തൽക്കാലം നൽകേണ്ട.
പരീക്ഷ ഉച്ച കഴിഞ്ഞാണ് എങ്കിൽ ഒരു കാരണവശാലും നട്ടുച്ചയ്ക്ക് കുളിക്കാൻ ശ്രമിക്കരുത്. ആഹാരം, കുടി വെള്ളം എന്നിവ ശ്രദ്ധിക്കണം. പഴകിയതും കേടായതെന്നു സംശയം തോന്നുന്നതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ പരീക്ഷാ കാലഘട്ടത്തിൽ ഒഴിവാക്കുന്നതാണ് നല്ലത്. വേഗത്തില്‍ തൊണ്ടവേദന വരുന്ന പ്രകൃതം ഉള്ളവർ ഫ്രിഡ്ജിലെ തണുത്ത വെള്ളവും ഭക്ഷണവും ഒഴിവാക്കുന്നത് നന്നായിരിക്കും. ഒരു പനിയോ തൊണ്ട വേദനയോ വയറ്റില്‍ അസുഖമോ വന്നു കഴിഞ്ഞാൽ, നമ്മുടെ പരീക്ഷ അവതാളത്തിലാകും എന്നുള്ള കാര്യം ഓർമ്മിക്കുക. ഈ സാധനങ്ങളൊന്നും ലോകത്ത് നാളെ തിര്‍ന്നു പോകുന്നതല്ലല്ലോ എന്ന് ചിന്തിക്കുക.
പരീക്ഷ തലേന്ന് ഒരു കാരണവശാലും ഉറക്കം ഒഴിയരുത്, ചുരുങ്ങിയത് ആറു മണിക്കൂർ എങ്കിലും ഉറങ്ങിയിരിക്കണം. നിങ്ങൾ എത്ര പഠിച്ചു എന്നല്ല നിങ്ങൾ എത്ര എഴുതിയെന്നാണ് പരീക്ഷയിൽ അളക്കുന്നത് എന്ന് പറഞ്ഞല്ലോ. ഉത്തരങ്ങൾ തലച്ചോറിൽ നിന്ന് കൃത്യമായി വരണമെങ്കിൽ തലച്ചോറിന് ആവശ്യമായ വിശ്രമം അഥവാ ഉറക്കം അത്യന്താപേക്ഷിതമാണ്.
ഒരു ടെന്‍ഷനും വേണ്ട, ഈ പരിക്ഷ നിങ്ങള്‍ മാത്രമായി എഴുതുന്നതല്ല പതിനായിരക്കണക്കിനു കുട്ടികള്‍ ഇപ്പോഴും, എത്രയോ കാലമായും എഴുതുന്നതാണ്. എനിക്ക് നന്നായി എഴുതാന്‍ കഴിയും. എന്നാല്‍ കഴിയുന്നതിന്റെ പരമാവധി പഠിച്ചിട്ടുണ്ട് എന്ന സമാധാനത്തില്‍, നാളെ പരിക്ഷയ്ക്ക് വേണ്ടതായ ഹാള്‍ ടിക്കറ്റ്, പേന, വാച്ച് തുടങ്ങിയ സാധനങ്ങള്‍ എല്ലാം എടുത്തു റെഡിയാക്കി വച്ചിട്ട് സുഖമായി ഉറങ്ങുക.
ഇങ്ങനെയൊക്കെ ചെയ്തിട്ടും നിങ്ങളുടെ പരീക്ഷാഭീതി അനിയന്ത്രിതമാണ് എങ്കിൽ, പരീക്ഷാ സമയത്ത് മനോജന്യ ശാരിരിക രോഗാവസ്ഥകൾ ബാധിക്കുന്നു എങ്കിൽ അടുത്തുള്ള ഹോമിയോപ്പതി ഡോക്ടർമാരെ സമീപിക്കാൻ മടിക്കണ്ട. ഹോമിയോപ്പതിയിൽ ഇത്തരം പരീക്ഷ ഭീതിക്ക് സുരക്ഷിതമായ മരുന്നുകൾ ലഭ്യമാണ്.
വിദ്യാർത്ഥികൾക്ക് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാത്രമായി സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പിന്റെ “സദ്ഗമായ” എന്ന പ്രത്യേക വിഭാഗം എല്ലാ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെൻസറികളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഹോമിയോപ്പതി ഡോക്ടറും സൈക്കൊളജിസ്റ്റും കൗൺസിലറും, യോഗ ട്രെയിനറും സ്പെഷ്യല്‍ എജുക്കേഷന്‍ ടീച്ചറുമെല്ലാമടങ്ങിയ സുസജ്ജമായ സന്നാഹം നിങ്ങളെ സഹായിക്കാനുണ്ട്. ധൈര്യമായിരിക്കുക.
ഡോ. ടി.ജി. മനോജ് കുമാർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ