2023 ജനുവരി 26, വ്യാഴാഴ്‌ച
മുഖമൊഴി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം പുതിയ വർഷം പിറന്നിരിക്കുന്നു. ജൂലിയൻ കലണ്ടറിലും, റോമൻ കലണ്ടറിലും ഇതു തന്നെയാണ് പുതുവർഷപ്പിറവി. ഇതല്ലാതെയും ധാരാളം പുതുവർഷപ്പിറവികളുള്ള കലണ്ടറുകൾ ഉണ്ട്. മലയാളം, തമിഴ്, തെലുഗു കലണ്ടറുകൾ മാത്രമല്ല, ചൈനീസ്, ജൂത കലണ്ടറുകൾ തുടങ്ങി പല രാജ്യങ്ങൾക്കും അവരവരുടേതായ കലണ്ടറുകളും പുതുവർഷങ്ങളുമുണ്ട്. ലോകത്ത് പല പുതുവർഷപ്പിറവികളും ഒരു വർഷത്തിൽ ഉണ്ടാകുന്നുണ്ട് എന്നർത്ഥം.
പുതുവർഷം ആഘോഷിക്കുന്നതിൽ ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നത് ഗ്രിഗോറിയൻ കലണ്ടർ തന്നെയാകാം. ചൈനീസ് കലണ്ടറും ഇക്കാര്യത്തിൽ അത്ര പുറകോട്ടല്ല. എന്നാൽ ലോകവ്യാപകമായ ആഘോഷങ്ങളുടെ മുൻതൂക്കം ഗ്രിഗോറിയൻ കലണ്ടറിനു തന്നെ. പുതുവർഷാരംഭമായി ജനുവരി ഒന്നിനെ ഏറ്റെടുത്തിട്ട് കുറഞ്ഞത് നാലായിരം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്ന ജൂലിയസ് സീസർ ആണ് ഈ പ്രഖ്യാപനം നടത്തിയത്.
വാതിലുകളുടെയും, കവാടങ്ങളുടെയും ദേവനായിരുന്ന ജാനസിന് രണ്ടു മുഖങ്ങൾ ഉണ്ട് എന്നാണ് വിശ്വാസം. താഴോട്ടു നോക്കുന്ന ഒരു മുഖവും, മുകളിലേയ്ക്ക് നോക്കുന്ന ഒരു മുഖവും. കഴിഞ്ഞ വർഷത്തേയും, വരാൻ പോകുന്ന വർഷത്തേയും അഭിമുഖീകരിക്കുന്ന ഒരു മാസത്തിന് അനുയോജ്യമായ പേര് ഇതുതന്നെയാകണമല്ലോ.
നമുക്കും ഈ മാസം അത്തരത്തിൽ ഒന്നാകട്ടെ. നമ്മുടെ കഴിഞ്ഞ വർഷത്തെ പ്രവൃത്തികൾ വിലയിരുത്തുവാനും, ഈ വർഷത്തിലെ വരാൻ പോകുന്ന മാസങ്ങളെ രൂപീകരിക്കുവാനും നമുക്ക് ലഭിക്കുന്ന ഒരവസരമാണിത്. അത് വേണ്ടവിധത്തിൽ വിനിയോഗിക്കുവാൻ നമുക്ക് സാധിക്കട്ടെ.
എല്ലാവർക്കും മാസികയുടെ പുതുവത്സരാശംസകൾ
ഡോ സുനീത് മാത്യു
കളിവീടുറങ്ങി…
അങ്ങനെ അതും കഴിഞ്ഞു! ഒരു കളിക്കും, കളിക്കാർക്കും, പന്തിനും പുറകേ ചുറ്റിത്തിരിയുകയായിരുന്നു ലോകം കഴിഞ്ഞ കുറേ നാളുകൾ. കലാശക്കൊട്ടു കഴിഞ്ഞു. മികച്ചവർ ജയിച്ചു! തികഞ്ഞവൻ ഉയർത്തി! വിയർത്തവർ നേടി! കളിച്ചവൻ തകർന്നു! ഉദിച്ചവർ തിമിർത്തു! കിതച്ചവർ പിരിഞ്ഞു! ചിരിച്ചവർ കരഞ്ഞു! കരഞ്ഞവർ ചിരിച്ചു!
കുറേ നല്ല ഓർമ്മകൾ ബാക്കിയാക്കി താരകങ്ങൾ അരങ്ങൊഴിഞ്ഞു. ഖത്തർ ലോകകപ്പ് ചില ഓർമ്മകൾ മാത്രമല്ല ബാക്കിയാക്കിയത്, ഓർമ്മപ്പെടുത്തലുകൾ കൂടിയാണ്.
മുപ്പതുലക്ഷം ആൾക്കാർ മാത്രം വസിക്കുന്ന ഒരു ചെറിയ രാജ്യത്തിന് ഒരു വലിയ കായികമാമാങ്കം കെങ്കേമമായി നടത്താനാകുമോ എന്ന വലിയ ചോദ്യത്തിന് ഖത്തർ നൽകിയ മറുപടി ‘ഉജ്ജ്വലം’ എന്നതിൽ കുറഞ്ഞതൊന്നുകൊണ്ടും വിശേഷിപ്പിക്കാനാകില്ല. ലോകം കണ്ടതിൽ വച്ചേറ്റവും മികച്ച രീതിയിൽ നടത്തിയ ഉലകകോപ്പയാണ് കടന്നുപോയത്. ഖത്തർ എന്ന ചെറിയ ‘ഇമ്മിണിവലിയ’ രാജ്യം, എന്നാ കളിയാ സാറെ കളിച്ചേ? ഇതിനുപുറകിൽ കുറേ മലയാളികളുടെ കഠിനാദ്ധ്വാനവും ഉണ്ടായിരുന്നുവെന്ന് കണ്ണടച്ച് പറയാം. സ്വന്തം മണ്ണിൽ ഇതുപോലൊന്ന് നടത്താൻ നമ്മുടെ നാട്ടിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒരുവർക്കും കിട്ടിയേക്കില്ല ഈ ഭാഗ്യം. കഴിവും വിഭവങ്ങളും ഇല്ലാഞ്ഞിട്ടല്ല, നടത്തിക്കുകേലല്ലോ, ‘ബടുക്കൂസ്’ രാഷ്ട്രീയദല്ലാളൻമ്മാർ! ചക്കരക്കുടത്തിൽ കൈയ്യിടാൻ കൊടിയുടെ നിറം നോക്കണ്ടല്ലോ. ഒരു കോമൺവെൽത്ത് ഗെയിംസ് നടത്തിയതിൻ്റെ ഓർമ്മയില്ലേ? ഓ …പറഞ്ഞിട്ടെന്തിനാ!
ഖത്തറിലേക്ക് തിരിച്ചുവന്നാൽ, പലതുണ്ട് പറഞ്ഞുവയ്ക്കാൻ.
മദ്യപിച്ചു മദോന്മത്തരാകാതെയും, വല്ലവൻറെ തല്ലുവാങ്ങാതെയും കാൽപ്പന്ത്കളി കാണാം എന്ന് മനസ്സിലാക്കിതന്നു, ഖത്തർ. ഫുട്ബോൾ ഭ്രാന്തൻമാർക്കൊന്നും ഖത്തറിൽവച്ച് നൊസ്സുവന്നില്ല. ഒരു തീവ്രവാദിയും തിരിഞ്ഞു നോക്കിയതുപോലുമില്ല. ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും പ്രത്യേക പരിഗണനകൾ ലഭിച്ചു. മനോഹരങ്ങളായ എല്ലാ സൗകര്യങ്ങളോടും കൂടിയ മൈതാനങ്ങളും, യാത്രാ സൗകര്യങ്ങളും എന്നുവേണ്ടാ, എല്ലാം കൊണ്ടും പൊളിച്ചടുക്കി ഖത്തർ. പെട്രോഡോളറിന് നന്ദിപറയണം. പൊളിച്ചടുക്കുന്ന കാര്യം പറഞ്ഞപ്പോഴാണ്, കെട്ടിയതു പലതും ഇനി പൊളിക്കും എന്നും കേൾക്കുന്നു. അതെന്തെങ്കിലുമാകട്ടെ, ഇനി കളിയിലേക്ക് വരാം.
മൊറോക്കോ സെമിയിൽ കളിക്കുമെന്ന് മൊറോക്കോമുത്തപ്പൻ പോലും സ്വപ്നം കണ്ടിട്ടുണ്ടാവില്ല. അർജന്റീനയെ സൗദി തോൽപ്പിക്കുമെന്ന് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് പോലും കളി പറഞ്ഞിട്ടുണ്ടാവില്ല. സോക്കറൂസ് (ഓസ്ട്രേലിയ) ഡെന്മാർക്കിനെ തകർക്കുമെന്നോർത്തു ഒരു കങ്കാരുവും ചാഞ്ചാടിയിട്ടുണ്ടാവില്ല. സ്പെയിനിനെ തോൽപ്പിക്കാമെന്നോർത്തു ഒരു ജപ്പാൻകാരനും ജ്വരം വന്നിട്ടുണ്ടാവില്ല. റൊണാൾഡോവിന്റെ പോർച്ചുഗലിനെ തോൽപ്പിച്ച കഥ സിനിമയാക്കാമെന്നോർത്തു ഒരു സൗത്ത്കൊറിയൻ സംവിധായകനും തിരക്കഥ എഴുതിയിട്ടുണ്ടാവില്ല. പക്ഷെ ഇതൊക്കെ സംഭവിച്ചു. ഇത്രയധികം സോഷ്യലിസം സോവിയറ്റ് യൂണിയനിലിൽ പോലും ഉണ്ടായിരുന്നിരിക്കില്ല. കളിച്ചാൽ ആർക്കും ജയിക്കാം എന്ന മനോഹരമായ ആദ്യപാഠം പഠിപ്പിച്ചാണ് ഖത്തർ അരങ്ങൊഴിഞ്ഞത്.
48 ടീമുകൾ കളിക്കുന്ന അടുത്ത ലോകകപ്പിൽ എന്തൊക്കെയാണാവോ നടക്കാൻ കിടക്കുന്നത്? ഇന്ത്യയും കളിച്ചേക്കാം എന്ന് ഫിഫ പ്രസിഡന്റ് ഭീഷണി മുഴക്കിക്കഴിഞ്ഞിട്ടുണ്ട്. ലവൻമ്മാർവല്ലോം അർജന്റീനയെ തോൽപ്പിച്ചാൽ കേരളത്തിൽ സിവിൽവാർ ഉണ്ടായേക്കാം. എന്നാലും വേണ്ടീല്ല, ഇന്ത്യയൊന്നു കളിച്ചുകണ്ടിട്ടുവേണം കാശിക്കു പോകാൻ.
തൊണ്ണൂറുമിനിട്ടു തന്ന് കളിക്കാൻ പറഞ്ഞിട്ട്, എൺപതുമിനിട്ടു മാത്രം കളിച്ചു ജയിക്കാൻ പോയാൽ ഭാഗ്യം എംബാപ്പയുടെ കാലിലൂടെ വലയിലാകും എന്ന പാഠവും കാണിച്ചുതന്നു ഖത്തർ. പിഴവുകൾക്കും കിഴിവുകൾക്കും പഴുതുകൾക്കും വഴിയില്ലപോൽ, കഴിവുള്ളവരുടെ കളിക്കളത്തിൽ. മെസ്സിയുടെ തലവരയുടെ മികവിൽ കഷ്ടിച്ചു കടന്നുകൂടി, കളിച്ചുതളർന്നവർ. ഒരുനിമിഷം മതി കളിയുടെ തരവും, താരവും, തീരവും മാറിമാറിയാൻ. എതിരാളിയുടെ പിഴവിനായ് ക്ഷമയോടെ കാത്തിരിക്കുന്നവനാണ് വിജയത്തിന്റെ മിത്രം. കഴിവും, മികവും, ഭാഗ്യവും കൂടി ചേർന്നുവന്നാലും ചിലപ്പോൾ ക്ഷമക്കൊപ്പമാകില്ല.
വലിയ പതിനൊന്നു കളിക്കാരേക്കാളും മികച്ചതായിരിക്കും ചെറിയ പതിനൊന്നുപേരുടെ ഒത്തൊരുമയുള്ള കളിക്കൂട്ടം. കൂട്ടുപ്രവര്ത്തനം (synergy) എന്നോരുസംഭവമുണ്ട്, 1 +1 =3 എന്ന ലൈൻ. അവിടെയാണ് ഇന്ത്യയുടെ സാധ്യത. ഇടക്ക് ഹോങ്കോങിനും തായ്ലാൻഡിനും എതിരെ കളിച്ച കളികളിച്ചാൽ ഇന്ത്യക്ക് സൗദിയേയും തോൽപ്പിക്കാനാകും. അൻപതാം റാങ്കുകാർക്കു മൂന്നാം റാങ്കുകാരെ തോൽപ്പിക്കാമെങ്കിൽ, നൂറ്റിയാറാം റാങ്കുകാർക്കു അൻപതാം റാങ്കുകാരെയും തോൽപ്പിക്കാം. വെറും ലോജിക്! ഇനിയിപ്പോ ബൈച്ചുങ് ബൂട്ടിയ അൻപതാം വയസ്സിൽ ബ്രസീൽ വല കുലുക്കിയാലും അത്ഭുതപ്പെടാനില്ല.
മറ്റൊരുകാര്യം, വളരെ ലളിതം എന്ന് തോന്നിക്കുന്ന പന്തുകളി പോലും വിശദമായ തന്ത്രങ്ങളുടെയും പദ്ധതികളുടെയും പരിണിതഫലമാണ്. E = MC2 എന്നപോലെ കാണുമ്പോൾ ലളിതമാണ്.ആൽബർട്ട് ഐൻസ്റ്റീൻൻറെ എഴുത്തുകൾ വായിച്ചാൽ മനസ്സിലാകും, ഒരു കുന്തവും മനസ്സിലാവില്ലെന്ന്. നമുക്കൊക്കെ പലതും എളുപ്പം മനസ്സിലാക്കാൻ ജീവിതകാലം മുഴുവൻ കഠിനപ്രയത്നം ചെയ്തവരെ നമിച്ചുപോകുന്നു. ഇലക്ട്രിക്ക് ബൾബിന്റെ വെളിച്ചത്തിൽ ഇതൊക്കെ എഴുതിക്കൂട്ടുന്ന ഞാൻ തോമസ് എഡിസനെ ഓർക്കാതെപോകരുതല്ലോ. അതുപോലെ തന്നെ കാൽപ്പന്തുകളിയും. കാണുമ്പോൾ ലളിതം, സുന്ദരം. ഇതൊക്കെ പ്ലാൻ ചെയ്തു ജീവിതം ഹോമിക്കുന്നവരെക്കുറിച്ചു നാമൊന്നും ഓർക്കാറില്ല. നമ്മുടെയൊക്കെ ജീവിതം ഇത്ര ‘സിംപിൾ’ ആയി മനോഹരമാകുന്നവരോട് ഈ അവസരത്തിൽ നന്ദി പറഞ്ഞു കൊള്ളുന്നു.
ഇനി 2026 ലേക്ക് നോക്കാം. മൂന്നു രാജ്യങ്ങളിൽ നടക്കുന്ന ലോകക്കപ്പ് കാൽപ്പന്തുകളി മാമാങ്കത്തിൽ (അമേരിക്കൻ ഐക്യനാടുകൾ, കാനഡ, മെക്സിക്കോ), 48 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. 800 കോടി മനസ്സുകൾ. 150 കൊടി ഇന്ത്യൻ മനസ്സുകൾ അവിടെയുണ്ടാവും, ഇന്ത്യ കളിച്ചാലും ഇല്ലെങ്കിലും. ഇതിനിടയിൽ വൃത്തികെട്ട രാഷ്ട്രീയം കളിച്ചില്ലെങ്കിൽ ഇന്ത്യയും കളിക്കും, കളിക്കണം. ആ ടീമിൽ ഒരു മലയാളിയെങ്കിലും ഉണ്ടാകും. എംബാപ്പയുടെ ഫ്രഞ്ചുകാരുടെ കളിക്കൂട്ടത്തെ വെട്ടിച്ചു നമ്മുടെ മലയാളി ചെക്കന്റെ ആ മനോഹരഗോൾ കാണാൻ ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നു. അസ്സാദ്ധ്യമായി ഒന്നുമില്ല എന്നാണ് കൂട്ടരേ. എന്നെ വായിക്കുന്ന ഒരാൾ, ഇന്ത്യൻ പ്രെസിഡന്റൊ, മൈക്രോസോഫ്ട് തലവനോ, അമേരിക്കൻ പ്രെസിഡന്റൊ വരെ ആയേക്കാം. ആകാശം സ്വപ്നം കണ്ടാൽ നിങ്ങൾക്ക് മരത്തിനുമുകളിലെങ്കിലും എത്താനാകും. ചുമ്മാ സ്വപ്നം കാണണം മാഡം!
എല്ലാവർക്കും നവവത്സരാശംസകൾ.
സുമേഷ് രാമചന്ദ്രൻ
വെള്ളം
ചോദിക്കുന്നതു കേട്ടാലറിയാം
കുടിക്കാനാണ്, കുളിക്കാനല്ലെന്ന്.
എന്നിട്ടും ഒരു കലം നിറയേ
വെള്ളം കൊണ്ടു വെച്ചു.
ഇഴഞ്ഞുനീങ്ങി ഒരിറ്റു മോന്തി.
വെള്ളം !
കുറച്ചൊന്നുമല്ല കുടിച്ചത്,
കുറച്ചൊന്നുമല്ല ചുമന്നത്,
കുറച്ചൊന്നുമല്ല നീന്തിക്കടന്നതും.
ഇനി,
ഒരിറക്കു മതി,
ഇറങ്ങും വരെ മാത്രം.
ഇ. എസ്. സതീശൻ
കരിമർമ്മം
1985
ഇടമലയാർ വനപ്രദേശത്തോട് ചേർന്നുകിടക്കുന്ന പ്രകൃതിഭംഗി നിറഞ്ഞ മലയോര ഗ്രാമമാണ് വാടാട്ടുപാറ.
മടക്കപ്പാറയിൽ നിന്ന് ഇടമലയാർ വഴി പൂയംകുട്ടിയിലെ ആനക്കുളത്തേയ്ക്ക് പോകുന്ന ആനക്കൂട്ടങ്ങൾ വടാട്ടുപ്പാറ ഗ്രാമവാസികൾക്ക് പുത്തരിയല്ല. ആനവേട്ടയ്ക്കും കാട്ടുകൊള്ളയ്ക്കും കുപ്രസിദ്ധരായ പലരും ഇപ്പോഴും ഗ്രാമത്തിലുണ്ട്. അതിൽ അഗ്രഗണ്യനായ ആനവേട്ടക്കാരനാണ് രാജൻ. ഒറ്റയാൻ രാജൻ!
കഥകൾ കുലംകുത്തിയൊഴുകുന്ന ഇടമലയാറ്റിലൂടെ തെന്നിത്തെറിച്ച് നീങ്ങുകയാണ് ഒരു തോണി. കാടുകയറാൻ ഇറങ്ങി പുറപ്പെട്ട രണ്ടുപേരാണ് ആ തോണിയിൽ. ഒറ്റയാൻ രാജനും അയാളുടെ വലംകൈ മുരുകനും.
മറ്റുള്ള ആനവേട്ടക്കാരിൽ നിന്ന് ഒരു വ്യത്യസ്തത രാജനുണ്ട്. അയാൾ ഒറ്റയാനെ മാത്രമേ വേട്ടയാടൂ. അയാൾക്കതൊരു ലഹരിയാണ്. കാശിനേക്കാളും മദ്യത്തെക്കാളും സ്വന്തം കുടുംബത്തേക്കാളും ഹരം പിടിപ്പിക്കുന്ന ലഹരി.
മറ്റുള്ള ആനകളിൽ നിന്ന് വ്യത്യസ്തമായി ഏറെ നീണ്ടുവളഞ്ഞ് അറ്റം കൂർത്തവയായിരിക്കും ഒറ്റയാന്റെ കൊമ്പുകൾ. കോടികൾ മറിയുന്ന ആനക്കൊമ്പ് കള്ളക്കടത്തിൽ അപൂർവ്വമായി കിട്ടുന്നതും ഏറെ ഡിമാന്റ് ഉള്ളതും ഒറ്റയാന്റെ കൊമ്പിനാണ്. കാട്ടിൽ ഒറ്റയാനിറങ്ങിയെന്നറിഞ്ഞാൽ കള്ളക്കടത്തു മുതലാളിമാർ രാജനു വേണ്ടി നെട്ടോട്ടമോടും. കൂടുതൽ കാശും മദ്യവും ആരു തരുന്നോ അങ്ങോട്ട് മറിയും രാജൻ. പ്രത്യേകിച്ചാരോടും മമതയില്ല.
രാജന്റെ ഒരേയൊരു സുഹൃത്തും കയ്യാളുമാണ് മുരുകൻ. ഉൾക്കാടുകളിൽ ആനച്ചൂര് മണത്ത് ആനകളുടെ സ്ഥാനമറിയാൻ
ബഹുമിടുക്കാണ് മുരുകന്. മൈലുകൾക്കപ്പുറവും ആനയുടെ ഗന്ധവും ചലനത്തിന്റെ ഗതിയും മനസിലാക്കുന്നവൻ. രാജന്റെ വലംകൈ.
ആനക്കൊമ്പ് കച്ചവടമാണ് ഇഞ്ചത്തോണിയിലുള്ള എസ്റ്റേറ്റ് മുതലാളിമാരുടെ പ്രതാപത്തിനു പിന്നിൽ എന്നുള്ളത് പരസ്യമായ രഹസ്യമാണ്. വെടിവച്ചു വീഴ്‌ത്തുന്ന ആനകളുടെ കൊമ്പെടുത്ത് ഫോറസ്റ്റ്കാരുടെ കണ്ണുവെട്ടിച്ചു ഭൂതത്താൻകെട്ട് ചെക്ക്പോസ്റ്റും കടത്തി ആലുവയിലോ കൊച്ചിയിലോ എത്തിക്കുക എന്നുള്ളത് നിസ്സാരപണിയല്ല. ആളും സ്വാധീനവും ഉണ്ടെങ്കിലേ നടക്കൂ. പെണ്ണും കള്ളും ലക്ഷങ്ങളും മറിയുന്ന കച്ചവടം. ലാഭം കൊയ്യുന്ന ഇടനിലക്കാർ വേറെ.
ഏകദേശം 30 കിലോ അടുത്തുണ്ടാകും ഒരു ആനക്കൊമ്പിന്റെ ഭാരം അപ്പോൾ ആനയൊന്നിന് 60 കിലോ. ലക്ഷങ്ങൾ മറിഞ്ഞ് കരകൗശല കച്ചവടലോബികളുടെ കൈയിലെത്തിയാൽ ശ്രീലങ്കയിലേക്കും നേപ്പാളിലേക്കും കോടികൾ മറിയുന്ന ഐവറി ട്രേഡിങ്ങ്. അതിന് ജീവൻ പണയം വയ്ക്കുന്ന വേട്ടക്കാർക്ക് കിട്ടുന്നത് ആയിരങ്ങളും വാറ്റും മാത്രം.
അത് ഒറ്റയാനാകുമ്പോൾ കൊമ്പിനു ഭാരവും ഭംഗിയും കൂടും. അവിടെയാണ് രാജൻ്റെ റോൾ. ഒറ്റയാനെ വെടി വെക്കാൻ സാധരണ വേട്ടക്കാർ മുതിരില്ല. നടക്കില്ല തന്നെ. അവിടെയാണ് രാജനെന്ന ഷാർപ്പ് ഷൂട്ടർ ഒറ്റയാനെ നേർക്ക് നേർ പോരാടി വിജയിക്കുന്നത്. അത് കൊണ്ടു തന്നെയാണ് ആ കോള് വേറെ ആർക്കും പോവാതെ രാജനെ തന്നെ തേടിയെത്തുന്നത്.
അങ്ങനൊരു കോളും കൊണ്ടുള്ള മുരുകന്റെ വരവിന്റെ ഫലമാണീ യാത്ര. ഇടമലയാർ ഉൾക്കാടുകളിൽ ഒരു ഒറ്റയാൻ ഇറങ്ങിയിരിക്കുന്നു. കരിവീട്ടിപോലെ കറുത്ത അസാധാരണ വലിപ്പവും വളഞ്ഞു കൂർത്ത കൊമ്പുകളുമുള്ള അവനെ, കാട്ടുതേനെടുക്കാൻ പോയ ചാമിയാണ് ആദ്യം കണ്ടത്. ജീവനും കൊണ്ടോടി രക്ഷപെടുകയായിരുന്നു ചാമി. മനുഷ്യചൂരടിച്ചാൽ ക്ഷണനേരം കൊണ്ടു പാഞ്ഞെത്തി കൊമ്പിൽ കോർക്കുന്നവനാണ് ഒറ്റയാൻ. അവന്റെ കൊമ്പിൻ മുനയിൽ നിന്നു ചാമി രക്ഷപെട്ടത് തലനാരിഴ വ്യത്യാസത്തിലാണ്.
ഇഞ്ചത്തോണിയിലുള്ള ഒരു പ്രമുഖന് വേണ്ടി വെറും ഇരുപതിനായിരം രൂപക്ക് ഏറ്റെടുത്ത കരാർ. അങ്ങനെ റൈഫിൾ ജോണി പണിതീർത്തു കൊടുത്ത പുതിയ തോക്കും, അത്യാവശ്യം ഭക്ഷണവും വെള്ളവുമായി കാടുകയറാൻ പുറപ്പെട്ടിറങ്ങിയതാണ് അവർ.
ഒറ്റയാനെ വീഴ്ത്താൻ കാടുകയറിക്കഴിഞ്ഞാൽ പിന്നെ രാജൻ തുള്ളി തൊടില്ല. അതിലും വലിയ ലഹരിയായി ഒറ്റയാൻ അവന്റെ സിരകളിൽ പടരും. അവനെ വീഴ്ത്തുന്നതുവരെ മറ്റൊരു ലഹരിയും രാജന് വേണ്ട, കാടുകയറിക്കഴിഞ്ഞാൽ ചിലപ്പോ ദിവസങ്ങൾ കഴിഞ്ഞേ കൃത്യം നടത്തി കാടിറങ്ങാൻ പറ്റൂ. കരുതിയിരുന്ന ഭക്ഷണവും വെള്ളവും തീർന്നാൽ കായ്കനികളും നീർച്ചോലകളും ആശ്രയം. അതുവരെയ്ക്കും മറ്റു വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നുള്ള കരുതലും വേണം. കരുതുന്നതിലും അധികം കഠിനമാണ് ജോലി. ജീവന് ഒരുറപ്പുമില്ലാത്ത കളി.
പുഴയിറങ്ങി വടാട്ടുപാറയുടെ അതിർത്തി ലക്ഷ്യമാക്കി അവർ നടന്നു അതിർത്തി പിന്നിട്ടു ഇടയ്ക്കിടെ പാറക്കൂട്ടങ്ങളിൽ തല്ലി തുള്ളിയൊഴുക്കുന്ന നീർച്ചോലകളും പിന്നിട്ട് ഉൾക്കാട് ലക്ഷ്യമാക്കി നടന്നു. ഉള്ളിലേക്ക് പോകുംതോറും കിളികളുടെയും മറ്റു ചെറു ജീവികളുടെയും കലപില കേട്ടു തുടങ്ങി, പുറകിൽ ഇടമലയാറിന്റെ കളകളാരവം നേർത്ത് നേർത്ത് വന്നു. ഇതിനിടയിൽ ശാന്തമായി കടന്നു പോകുന്ന ചെറു ആനക്കൂട്ടങ്ങളും കണ്ടു. അവ കടന്നു പോയ ആനത്താരകളിൽ വലിയതും ചെറുതുമായ കാലടിപ്പാടുകൾ പതിഞ്ഞു കിടന്നു. ഉച്ചയോടെ അവർ കാടിന്റെ നിഗൂഢമായ നിശബ്ദതയിലേക്ക് കടന്നു.
സുരക്ഷിതം എന്ന് തോന്നിയ ഒരു സ്ഥാനത്തിരുന്നു അവർ ഭക്ഷണം കഴിച്ചു. അൽപ്പം വിശ്രമിച്ചശേഷം യാത്ര തുടർന്നു. നടക്കും തോറും കാടിന്റെ കനമേറി വന്നു.
“അണ്ണാ.” പെട്ടെന്ന് മുരുകൻ ഒന്നു നിന്നു. രാജനും ഒന്ന് നിന്ന് പരിസരം വീക്ഷിച്ചു.
“അണ്ണാ ആനച്ചൂര്!” രാജൻ പെട്ടെന്ന് ജാഗരൂഗനായി. മുരുകൻ പരിസരമാകെ വീക്ഷിച്ചു. പെട്ടെന്ന് അവനത് കണ്ടെത്തി അവർ നിൽക്കുന്നതിന്റെ കുറച്ചുമാറി അപ്പോഴും ആവിപറക്കുന്ന ആനപ്പിണ്ടം. മുരുകൻ ആനയുടെ കാലടി പാടുകൾ നോക്കി. നാലുകാൽപ്പാടുകൾ മാത്രം. ഒരാനയുടേത്, അതും അസാധാരണ വലിപ്പമുള്ള കാല്പാടുകൾ.
“അണ്ണാ ഇതവൻ തന്നെ, ഈ വഴി കടന്നുപോയിട്ട് അധികം നേരമായിട്ടില്ല.”
“ഉം, മുരുകാ ഒരു സുരക്ഷിത സ്ഥാനം കണ്ടെത്തണം, ഇന്നേതായാലും നേരം വൈകി, നമുക്ക് നാളെ തിരയാം.”
മുരുകൻ പരിസരമാകെ വീക്ഷിച്ചു. പടർന്നുപന്തലിച്ചു നിൽക്കുന്ന ഒരു വൻവൃക്ഷം കണ്ടെത്തി. ഒരാൾക്ക് സുഖമായി കിടക്കാൻ പാകത്തിന് വണ്ണമുള്ള ശിഖരങ്ങൾ. നേരം ഇരുട്ടുന്നതിനു മുമ്പ് അവർ ആ മരത്തിൽ കയറിപ്പറ്റി. കൈയിലുണ്ടായിരുന്ന ഭക്ഷണവും വെള്ളവും കഴിച്ചു. ഉറക്കത്തിനുള്ള വട്ടം കൂട്ടി.
അടുത്ത രണ്ട് ദിവസങ്ങളിലും അവർക്ക് ഒറ്റയാനെ കണ്ടെത്താനായില്ല. എന്നാൽ പലയിടത്തും അവന്റെ കാലടിപ്പാടുകൾ കാണാൻ കഴിഞ്ഞു. ഒരുദിവസം കാണുന്നതിന്റെ കൃത്യം അകലങ്ങളിലാണ് അവൻ പിറ്റേ ദിവസം കടന്നുപോകുന്നത് എന്ന് മുരുകൻ കണ്ടെത്തി അതിൻ പ്രകാരം അവർ അടുത്ത ദിവസം അവൻ കടന്നു വരാൻ സാധ്യതയുള്ള, കാടിന്റെ അതിനിഗൂഢത നിറഞ്ഞ, വൻ വൃക്ഷങ്ങൾ ഏറെ ഇടതൂർന്നു നിൽക്കുന്ന ഒരു പ്രദേശത്തെത്തി. ഏതു നിമിഷവും അവന്റെ വരവുണ്ടാകാം. അവരുടെ കണക്കു കൂട്ടൽ പ്രകാരം അവന്റെ വരവുണ്ടാകാൻ സാധ്യതയുള്ള ദിക്കിലേക്ക് അവർ ഓരോ മരത്തിന്റെയും മറപറ്റി നീങ്ങി കൊണ്ടിരുന്നു.
രാജൻ ഏതു നിമിഷവും വെടിയുതിർക്കാൻ പാകത്തിൽ തോക്കിന്റെ ട്രിഗറിൽ വിരൽ വച്ചു. പെട്ടെന്ന് മുരുകൻ മൂക്കുവിടർത്തി. ആനച്ചൂര്! നിന്ന നിൽപ്പിൽ മുരുകൻ കൈകൊണ്ട് രാജന് സംജ്ഞ നൽകി. പുറകിൽ കരിയിലകൾ ഞെരിയുന്ന ശബ്ദം. രണ്ടുപേരും ഒരേ നിമിഷം പിന്തിരിഞ്ഞു.
ഞെട്ടിക്കുന്ന കാഴ്ച്ച, അവർക്കു നേരെ ചാർജ്ജ് ചെയ്തു പാഞ്ഞടുക്കുകയാണ്, ഒരു കൊമ്പൻ.
അപ്രതീക്ഷിതമായ ആക്രമണം, പതറിപ്പോയ രാജൻ, സംയമനത്തിന്റെ ഒരു നിമിഷത്തിൽ അവനു നേരെ വെടിയുതിർത്തു.
ഒരു ചിന്നം വിളിയോടെ നിന്ന കൊമ്പൻ ഒന്നു തിരിഞ്ഞ് വലതു വശത്തെ കാടിന്റെ ഇരുട്ടിലേക്ക് പാഞ്ഞു. പുറകെ അവരും. പക്ഷെ അവർക്ക് കണ്ടുപിടിക്കാനാവാത്ത വിധം അവൻ എങ്ങോട്ടോ മറഞ്ഞിരുന്നു.
“അണ്ണാ…”
മുരുകൻ വിളിച്ചു. എന്താ എന്നർത്ഥത്തിൽ രാജൻ അവനെ നോക്കി.
“അണ്ണാ ഇതവനല്ല ഇത് വേറേതോ ആനയാ, കാൽപ്പാടുകൾ നോക്ക്. നമ്മള് കണ്ടേലും ചെറുതാ”, ആന ഓടിപോയ വഴിയിലെ കാല്പാടുകൾ ശ്രദ്ധിച്ചു മുരുകൻ പറഞ്ഞു.
“എന്തായാലും അവനെങ്ങോട്ടാ ഓടിയതെന്ന് അറിയണമല്ലോ..നീ വാ.”
അവൻ പോയ വഴികളിലെ ചെടികളിലെ ഇലകളിൽ ചോരത്തുള്ളികൾ ഇറ്റു കിടന്നിരുന്നു.
“അണ്ണാ, കാലിലാ വെടി കൊണ്ടേന്നു തോന്നുന്നു.
ആഴത്തിലുള്ള മുറിവാ. അതാ ഇങ്ങനെ ചോര പോയിരിക്കുന്നത്. നോക്ക് ചെടികളുടെ അടീലെ എലകളിലാണ് ചോരപ്പാടുകൾ.”
“ഉം.”
“ആദ്യമായാണ് ഒരുത്തൻ എന്റെ കയ്യീന്ന് ചാവാതെ പോണത്. നീ വാ നമ്മക്ക് നോക്കാം.”
അവർ സാവധാനം ജാഗരൂകരായി നടക്കാൻ തുടങ്ങി. ഉൾക്കാടിറങ്ങി കാടിന്റെ വെളിമ്പ്രദേശത്താറായപ്പോൾ നീർച്ചോലയുടെ കളകളാരവം അവരുടെ ചെവികളിൽ പതിച്ചു.
“അണ്ണാ, ആനച്ചൂര്, ഒന്നല്ല, അവർ കൊറേ പേരുണ്ട്.”
അവർ ശ്രദ്ധയോടെ ഓരോ ചുവടും വച്ചു. പെട്ടെന്ന് രാജൻ അതു കണ്ടു. താഴെ തളം കെട്ടികിടക്കുന്ന ചോര.
“അപ്പോൾ അവനിങ്ങോട്ടേക്കാണ് ഓടി വന്നത്, കൂട്ടം തെറ്റി വന്നേണ്. ഇപ്പോളവൻ കൂട്ടം ചേർന്നിട്ടുണ്ടാവണം.”
അവരുടെ ഊഹം ശരിയായിരുന്നു, മുറിവേറ്റവൻ, അവിടെ നീർച്ചോലയിൽ വെള്ളം കുടിക്കുന്ന ആനകളുടെ ഒപ്പം ചേർന്നിരിക്കുന്നു. കുറ്റിക്കാടുകളുടെ മറപറ്റി നിന്ന് അവരാ കാഴ്ചകണ്ടു. മുറിവേറ്റ കാലിന്റെ ഭാഗത്തു പുഴയരികിൽ നിന്നുള്ള ചെളി, തുമ്പിക്കൈ കൊണ്ട് വാരിപൊത്തുന്ന അവനെ. അവനു ചുറ്റും കൂടി നിൽക്കുന്ന പെണ്ണാനകളും കുട്ടിയാനകളും.
ചോരയൊഴുക്ക് നിൽക്കാൻ ആനകൾ പ്രയോഗിക്കുന്ന ഒരു വിദ്യയാണത്. മുറിവേറ്റ ഭാഗത്തു ചെളിവാരി പൊത്തുക എന്നുള്ളത്. ആനകൾക്ക് മുറിവേറ്റാൽ സ്വാഭാവിക രീതിയിൽ മുറിവ് കൂടി കരിയില്ല. മുറിവ് പഴുത്ത് വൃണമായി ജീവിതകാലം മുഴുവൻ ആ വേദനയും സഹിച്ചു നടക്കേണ്ടി വരും.
രാജനും മുരുകനും പതുക്കെ അവിടുന്ന് പിൻവലിഞ്ഞു. അല്ലേങ്കിലും അവരുടെ ലക്ഷ്യം അവനല്ലല്ലോ. ഒറ്റയാനല്ലേ! അവനെയല്ലേ കിട്ടേണ്ടത്.
പിന്നീടുള്ള രണ്ട് ദിവസങ്ങളിലും അവർക്ക് ഒറ്റയാനെ കണ്ടെത്താനായില്ല. തെല്ലും നിരാശ്ശരാകാതെ അടുത്ത ദിവസവും അവർ അവനെ തേടിയിറങ്ങി. പട്ടാപ്പകലും ഇരുട്ട് വീണു കിടക്കുന്ന വനാന്തർഭാഗങ്ങൾ. ഇടയ്ക്ക് മുരുകൻ ചില അടയാളങ്ങൾ രാജന് കാട്ടിക്കൊടുത്തു. ഉൾക്കാടുകയറിപോയിരിക്കുന്ന കൊമ്പന്റെ കാല്പാടുകൾ, അത് അവർ തേടി നടക്കുന്ന ആ ഒറ്റയാന്റെ തന്നെയെന്നവർ മനസിലാക്കി. മരങ്ങളിൽ അവിടെയായി തൊലി ഉരഞ്ഞു പോയ പാടുകൾ മുരുകൻ കണ്ടെത്തി. അതവൻ ദേഹമുരസി കടന്നുപോയ മരങ്ങളാണ്. താഴെ കിടക്കുന്ന ഉണങ്ങിത്തുടങ്ങിയ ആനപിണ്ടങ്ങൾ കണ്ടു അവൻ ഇന്നലെയോ മറ്റോ ആണ് ആ വഴി പോയിരിക്കുന്നത് എന്ന് മുരുകൻ ഊഹിച്ചു. നേരം മധ്യാഹ്നമായിരിക്കുന്നു. രണ്ടുപേരും ഏറെ തളർന്നു. അല്പമെന്തെങ്കിലും കഴിച്ചിട്ടാകാം ബാക്കി എന്നവർ തീരുമാനിച്ചു. സുരക്ഷിതമായ ഒരു സ്ഥലം നോക്കി അവർ മുൻപോട്ട് നടന്നു. അപ്പോഴാണ് അത്ഭുതപെടുത്തുന്ന ആ കാഴ്ച രാജൻ കണ്ടത്. അവിടെ പൊട്ടിപൊളിഞ്ഞ ഒരു ക്ഷേത്രത്തിന്റേതുപോലുള്ള അവശേഷിപ്പുകൾ പൂർണമായും കരിങ്കല്ലുകൊണ്ട് നിർമ്മിച്ച ഒരു ക്ഷേത്രമോ മണ്ഡപമോ ആയിരിക്കണം അത്. അതിനിടയിലൂടെ ഓടിക്കളിക്കുന്ന ചെറുമുയലുകളും കുരങ്ങന്മാരും. അവരെ കണ്ടിട്ടും ഭയലേശമില്ലാതെ അവ തങ്കളുടെ പ്രവൃത്തികൾ തുടർന്നു. മണ്ഡപത്തിനു മുമ്പിലെന്നോണം ഒരു വലിയ വൃക്ഷം, അതിന്റെ വേരുകൾ ഭൂമിക്കു മുകളിലൂടെ വളർന്നു നിന്നിരുന്നു. രണ്ടോ മൂന്നോ പേർക്ക് സുഖമായി ഇരിക്കാൻ തക്ക വണ്ണമുള്ള വേരുകൾ.
രാജൻ ആ കാഴ്ച മുരുകന് കാട്ടിക്കൊടുത്തു. ആഹ്ലാദത്തോടെ അവൻ പറഞ്ഞു.
“അണ്ണാ, എന്തേലും കഴിച്ചു ഒന്നിരുന്നിട്ടൊക്കെ ബാക്കി. അവൻ എന്തായാലും ഈ വഴി ഇന്ന് വരില്ലെന്നുറപ്പാ.” രാജനും അവന്റെ അഭിപ്രായം ശരിവച്ചു.
രണ്ടുപേരും ആ വൻവൃക്ഷത്തിന്റെ വേരുകളെ ഇരിപ്പിടമാക്കി ഭക്ഷണം കഴിക്കാൻ തുടങ്ങി. രാജൻ തോക്ക് സമീപത്തു തന്നെ എപ്പോൾ വേണമെങ്കിലും എടുക്കാൻ പാകത്തിൽ വച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞു രാജൻ കുപ്പിയിലെ വെള്ളമെടുത്തു വായിലേക്ക് കമിഴ്ത്താനായി വായോടടുപ്പിച്ചു മുഖമുയർത്തിയതും ചുറ്റും എന്തോ അസാധാരണത്വം ശ്രദ്ധയിൽപ്പെട്ടു. അവിടെ ഓടികളിച്ചുകൊണ്ടിരുന്ന മുയൽക്കുട്ടികൾ, കുരങ്ങന്മാർ ഇവരൊക്കെ അസാധാരണമാവിധം ശബ്ദം ഉണ്ടാക്കുകയും എങ്ങോട്ടൊക്കെയോ ഓടിമറയുകയും ചെയ്തു. രാജൻ പെട്ടെന്ന് ആ കാഴ്ച്ച കണ്ടു നിശ്ചലനായി ഇരുന്നു. കഴിച്ചു കഴിഞ്ഞ് രാജന്റെ സമീപത്തു എഴുന്നേറ്റ് നിന്നിരുന്ന മുരുകനിലും ആ കാഴ്ച്ച പതിഞ്ഞു. അവനും നിശ്ചലം നിന്നു.
അവർ ഇരിക്കുന്നതിന് നേരെ മുമ്പിൽ കുറച്ചകലത്തിലായി അവൻ, ഒറ്റയാൻ!
ഒറ്റനോട്ടത്തിൽ രാജനും മുരുകനും അവനെ തിരിച്ചറിഞ്ഞു. അവൻ പതുക്കെ അവർക്കു നേരെ നടന്നടുക്കുകയാണ്. ഏതു നിമിഷവും അവൻ പാഞ്ഞു വരാം. അവന്റെ നീണ്ട പീലികൾക്കിടയിൽ രാജൻ കണ്ടു, ക്രൗര്യം തിളങ്ങി കുറുകുന്ന കണ്ണുകൾ. രാജന്റെയും ഒറ്റയാന്റെയും നോട്ടം പരസ്പ്പരം ഇടഞ്ഞു. രാജന്റെ കണ്ണുകളിൽ ഒരു കൊലയാളിയുടെ ലഹരി നുരഞ്ഞു. മുരുകനും രാജനും അപ്പോൾ അവർ ആയിരിക്കുന്ന അവസ്ഥയിൽ തന്നെ നിശ്ചലരായി. അവരുടെ ചെറിയ ഒരനക്കം മതി അവൻ ചാർജ്ജ് ചെയ്തു മുമ്പോട്ട് കുതിക്കാൻ. അവൻ ഓരോ അടികളും സാവധാനം വച്ചു അവരോട് അടുത്തുകൊണ്ടിരുന്നു. ചോരചുവപ്പാർന്ന കണ്ണുകൾ ക്രൗര്യമായി കുറുകി. കൊമ്പുകുലുക്കി അവൻ മുമ്പോട്ട് പായാൻ തുനിഞ്ഞ അതെ നിമിഷം രാജൻ പൊടുന്നനെ തന്റെ കയ്യിലിരുന്ന കുപ്പി മുമ്പോട്ടെറിഞ്ഞു. അപ്രതീക്ഷിതമായ ആ നീക്കത്തിൽ തന്റെ മുമ്പിൽ വന്നു വീണന്തെന്തന്ന് നോക്കാൻ ഒറ്റയാൻ തുമ്പി താഴ്ത്തിയ ആ ഒരു നിമിഷാർത്ഥം രാജൻ തന്റെ തോക്കെടുത്ത് ഉന്നംപിടിച്ച് അവന്റെ മസ്തകം നോക്കി വെടിയുതിർത്തു. മുന്നോട്ട് വച്ച കാൽ ചലിപ്പിക്കാനാവാതെ ആ കൊലകൊമ്പൻ അവർക്കു മുമ്പിൽ ചരിഞ്ഞു വീണു. അവന്റെ മസ്തകമാകെ ചുടുചോര ഒഴുകിപടർന്നു.
മുരുകൻ സന്തോഷം കൊണ്ട് ആർപ്പുവിളിച്ചു.
പെട്ടെന്ന് അവരെ ഞെട്ടിച്ചു കൊണ്ട് കുറച്ച് ഫോറെസ്റ്റ് ഗാർഡ്‌സ് തോക്ക് ചൂണ്ടി അങ്ങോട്ട് പാഞ്ഞടുത്തവരെ വളഞ്ഞു.
ഫോറെസ്റ്റ് ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള ആക്രമണത്തിൽ പതറിപ്പോയെങ്കിലും രാജനും മുരുകനും പൊടുന്നനെ സംയമനം വീണ്ടെടുത്തു. എന്തുവന്നാലും കീഴടങ്ങരുത്, എന്ന തീരുമാനത്തിൽ അവർ തിരിച്ചടിക്കാൻ തീരുമാനിച്ചു. തോക്ക് ചൂണ്ടി നിൽക്കുന്ന ഫോറെസ്റ്റ് ഗാർഡിൽ ഒരാളെ പൊടുന്നനെ രാജൻ തോക്കിന്റെ പാത്തിക്ക് അടിച്ചു വീഴ്ത്തി. പിന്നീടവിടെ പൊരിഞ്ഞ പോരാട്ടമായിരുന്നു. മുരുകനും തിരിച്ചടിച്ചു. പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന് തോന്നിയ നിമിഷം രാജൻ മുരുകന് കണ്ണു കൊണ്ടൊരു സൂചന നൽകി ഇടമലയാർ ലക്ഷ്യമാക്കി ഓടാൻ തുടങ്ങി. പുറകെ വെടിയുതിർത്തുകൊണ്ട് ഫോറെസ്റ്റ് ഉദ്യോഗസ്ഥരും പക്ഷെ ചിരപരിചിതമായ വഴിയിലൂടെ ശരവേഗത്തിൽ പായുന്ന അവരെ വെടിയുണ്ടകൾക്ക് തൊടാനായില്ല. പൊടുന്നനെ ഒരു വലിയ വേരിൽ തട്ടി മുരുകൻ മുന്നോട്ടാഞ്ഞു വീണു. തട്ടി പിടഞ്ഞു എഴുന്നേറ്റ് വീണ്ടും ഓടാൻ തുടങ്ങിയ അവന്റെ വലതു കാലിനു വെടിയേറ്റു. വേദനകൊണ്ട് പുളഞ്ഞവൻ വീണെങ്കിലും പൊടുന്നനെ എഴുന്നേറ്റ് വീണ്ടും ഓടാൻ തുടങ്ങി. രാജൻ തിരിഞ്ഞ് നോക്കുമ്പോൾ പുറകിൽ ചോരയൊലിപ്പിച്ചു ഓടി വരുന്ന മുരുകൻ. ഓടുകയല്ലാതെ വേറെ നിവൃത്തിയില്ലാത്ത അവർ ഓടിക്കൊണ്ടിരുന്നു. പുറകെ ഗാർഡ്‌സും. ഇപ്പോൾ അവർക്ക് കുലകുത്തിയൊഴുക്കുന്ന ഇടമലയാറിന്റെ ഹുങ്കാരം കേൾക്കാം. രാജൻ “വേഗം ഓടെടാ.” എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ഓട്ടം തുടർന്നു. ഇടമലയാറിന്റെ തീരത്തെത്തിയതും രണ്ടുപേരും ആറ്റിലേക്ക് എടുത്തു ചാടി.
ഒഴുക്കിനെ മുറിച്ച് നീന്തുന്ന രാജനെയും മുരുകനെയും നോക്കി നിൽക്കുകയല്ലാതെ ഫോറസ്റ്റ് ഗാർഡ്‌സ്നു ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അത്രയും ഒഴുക്കുള്ള ഇടമലയാർ നീന്തിക്കടക്കുക എളുപ്പമല്ല എന്നവർക്കറിയാം.
പുഴ നീന്തി പകുതിയെത്താറായപ്പോഴേക്കും മുരുകൻ തളർന്നു പോയിരുന്നു. നീന്താൻ സാധിക്കാതെ അവൻ ഒഴുക്കിൽ മുങ്ങാൻ തുടങ്ങി. അപകടം മനസ്സിലാക്കിയ രാജൻ തിരികെ നീന്തി മുരുകനെയും കൊണ്ട് തുടർന്ന് നീന്തി.
നീന്തി കരപറ്റിയ രാജൻ മുരുകനെ ഒരു പാറപ്പുറത്തു കിടത്തി, അരയിൽ സൂക്ഷിച്ചിരുന്ന പേനാക്കത്തികൊണ്ട് മുറിവ് കീറി. പച്ചമാംസം മുറിഞ്ഞപ്പോൾ മുരുകൻ വേദന കടിച്ചുപിടിച്ച് ഞരങ്ങി. രാജൻ മുറിവ് കീറി തറഞ്ഞിരിഞ്ഞിരിക്കുന്ന വെടിയുണ്ട കുത്തിയെടുത്തു കളഞ്ഞു, പിന്നെ കുറച്ച് പച്ചിലകൾ പറിച്ച് നീര് മുറിവിലേക്ക് ഒഴിച്ചു. ഉടുത്തമുണ്ടിന്റെ ഒരറ്റം കീറി മുറിവ് വലിച്ചു കെട്ടി. കുറച്ച് സമയം കഴിഞ്ഞപ്പോൾ പതുക്കെ ചോരയൊഴുക്ക് നിലച്ചു. മുരുകൻ സാവധാനം കണ്ണു തുറന്നു.
“വേദനയുണ്ടോടാ?”
“സാരമില്ലണ്ണാ, നമുക്കിവിടുന്നു പെട്ടെന്ന് മാറണം, ആലുവയ്ക്ക് പോകാം, അവിടെ ചെന്നു മൊതലാളിക്ക് ഫോൺ ചെയ്യാം, എന്നിട്ട് ബാക്കി തീരുമാനിക്കാം.”
“മുരുകാ, നമുക്ക് കേരളം വിടാം, അതാ ബുദ്ധി.”
അവർ എത്രയും പെട്ടന്നു തന്നെ അവിടുന്ന് നീങ്ങി, ഭൂതത്താൻക്കെട്ട് ചെക്ക് പോസ്റ്റിലെത്തി. ചരക്കു കയറിവരുന്ന ഒരു ലോറി കൈകാണിച്ചു നിർത്തി അതിൽ കയറി അവർ ആലുവയിലെത്തി. ആലുവയിൽ നിന്ന് നേത്രാവതിയിൽ മഹാരാഷ്ട്രയിലേക്ക്.
പിറ്റേന്ന് വടയാട്ടുപാറ ഗ്രാമം ഞെട്ടിക്കുന്ന ആ വർത്തകേട്ടാണ് ഉണർന്നത്.
ഇടമലയാറിൽ ആനവേട്ട, ഒറ്റയാനെ വെടിവച്ചു വീഴ്ത്തിയ രാജനെയും മുരുകനെയും ഫോറസ്ററ് ഉദ്യോഗസ്ഥർ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, അവർ രക്ഷപെട്ടുകളഞ്ഞു. രാജന് തോക്ക് നിർമ്മിച്ചുകൊടുത്ത റൈഫിൾ ജോണി പിടിയിൽ. ആനക്കൊമ്പു കടത്തായിരുന്നു അവരുടെ ലക്ഷ്യം. ഇതിനു പുറകിൽ വമ്പൻ സ്രാവുകൾ ഉള്ളതായി കണക്കാക്കുന്നു . രാജനെയോ മുരുകനെയോ പിടികൂടിയാൽ മാത്രമേ ആരാണ് ഇതിനു പുറകിൽ എന്നറിയാൻ പറ്റൂ.
ഇവരെ കണ്ടുകിട്ടിയാൽ ആനക്കൊമ്പ് കടത്തിനെ കുറിച്ചുള്ള സകല വിവരങ്ങളും അറിയാൻ കഴിയും എന്ന് കരുതുന്നു.
അന്നത്തെ പ്രമുഖ പത്രങ്ങളിലെല്ലാം ഒറ്റയാൻ വെടിയേറ്റ് കിടക്കുന്ന ചിത്രവും, വാർത്തയും ഉണ്ടായിരുന്നു.
മാസങ്ങൾക്കു ശേഷം മറ്റൊരു ഞെട്ടിക്കുന്ന വാർത്തകൂടി വടാട്ടുപാറയെ തേടിയെത്തി.
ഗുജറാത്തിലെ ഏതോ ഗ്രാമത്തിൽ രാജനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുരുകനെപ്പറ്റി യാതൊരറിവുമില്ല.
2005
പുതുകഥകളുമായി ഇടമലയാർ ശാന്തമായി ഒഴുകി കൊണ്ടിരുന്ന ഒരു വേനൽക്കാലം. ഇടമലയാറ്റിന്റെ അടിത്തട്ടിലൂറിക്കൂടിയ ചെളിതട്ട് പോലെ രാജനും മുരുകനും ഒറ്റയാനുമെല്ലാം വാടാട്ടുപാറയിലെ പഴമക്കാരുടെ മനസ്സിലെ പഴംകഥകളിൽ ഒന്ന് മാത്രമായി ഒതുങ്ങിയിരുന്നു.
ആയിടയ്ക്കാണ് അപരിചിതനായൊരാൾ വടാട്ടുപാറയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. താടിയും മുടിയും വളർത്തി പ്രാകൃതനായ അയാളൊരു ഒറ്റക്കാലനുമായിരുന്നു. പുഴക്കരയിലും നാൽക്കവലയിലുമൊക്കെ അയാളെ പതിവായി കാണാൻ തുടങ്ങിയപ്പോൾ നാട്ടുകാരിൽ ചിലർ അയാളോട് സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ അയാളാരോടും പ്രതികരിക്കാൻ കൂട്ടാക്കിയില്ല.
“അത് മുരുകനാണ്. ഒറ്റയാൻ രാജന്റെ കൂട്ടാളി മുരുകൻ.”
കവലയിൽ ചായപ്പീടിക നടത്തിയിരുന്ന വാസുവേട്ടനാണ് ആ സംശയം ആദ്യമായി ഉന്നയിച്ചത്. വാസുവേട്ടന്റെ ചായപ്പീടികയിൽ നിന്ന് ആ സംശയം നാടാകെ പടരാൻ അധികം താമസമൊന്നുമുണ്ടായില്ല.
കാതുകളിൽ നിന്ന് കാതുകളിലേക്ക് പകർന്ന ആ വർത്തമാനം ഇഞ്ചത്തോണിയിലുള്ള രാജന്റെ മകൻ ജോസ്മോന്റെ ചെവിയിലുമെത്തി. രാജന്റെ തിരോധാനത്തിന് ശേഷം അയാളുടെ ഭാര്യയും മകനും ഇഞ്ചത്തോണിയിലുള്ള തറവാട്ട് വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.
വടാട്ടുപാറയിൽ നിന്നു ഇഞ്ചത്തോണിയിലേക്കുള്ള വനപാതയിലൂടെ ക്രച്ചസും കുത്തിപ്പിടിച്ചു നടക്കുകയാണ് അയാൾ. വിജനമാണ് വഴി. ഇരുവശത്തും കാടിന്റെ നിശബ്ദത.
അകലെനിന്ന് ഒരു ബൈക്കിന്റെ മുരളിച്ച. പതുക്കെ അതടുത്ത് വന്ന് അയാൾക്കരികിൽ ബ്രേക്കിട്ടു.
“അണ്ണാ, എന്നെ അറിയുമോ?”
അയാളവനെ സൂക്ഷിച്ചു നോക്കി.
“ഞാൻ രാജന്റെ മകനാണ്.”
അയാളൊന്ന് ഞെട്ടിയോ?
രാജണ്ണന്റെ മകൻ!
എന്തെന്നില്ലാത്ത ഒരു പരിഭ്രമം ആ കണ്ണുകളിൽ നിറഞ്ഞു. നാസാരന്ദ്രങ്ങളിൽ ആനച്ചൂര് നിറഞ്ഞു. അയാൾ ചുറ്റും പകച്ചു നോക്കി.
“അണ്ണാ എങ്ങോട്ടേക്കാ, ഞാൻ കൊണ്ടു വിടാം.” അവൻ അയാളോട് സൗമനസ്യത്തോടെ പറഞ്ഞു.
വേണ്ട എന്ന മട്ടിലയാൾ തല ചലിപ്പിച്ചു.
“പെട്ടെന്ന് പൊയ്ക്കോ.” പറയുന്നതിനിടയിലയാൾ ചുറ്റും പതറി നോക്കി കൊണ്ടിരുന്നു.
“അണ്ണാ, അപ്പയ്ക്ക് ശരിക്കും എന്താ പറ്റിയത്?” അവൻ ചോദിച്ചു. ഞെട്ടിത്തരിച്ചതുപോലയാൾ അവനു നേരെ നോക്കിയതും, അവന്റെ ചോദ്യരൂപത്തിലുള്ള കണ്ണിന്റെ മറവിലൂടെ, പുറകിലായി മറ്റൊരു കാഴ്ചയിൽ അയാളുടെ മിഴികളുടക്കി.
കരിവീട്ടിപോലൊരു കൊമ്പൻ പതിയെ അവരെ ലക്ഷ്യമാക്കി അടിവച്ചടിവച്ചടുക്കുകയാണ്.
“വണ്ടി വിട്.”
അയാൾ സാവധാനം പറഞ്ഞു.
“അണ്ണൻ പറഞ്ഞിട്ടേ ഞാൻ പോവൂ.” ജോസ്മോന്റെ സ്വരത്തിൽ കർക്കശ്യം നിറഞ്ഞു.
“ഒച്ചവയ്ക്കരുത്. പുറകിൽ ആനയുണ്ട്, വണ്ടി വിട്….”, നിശ്ചലം നിന്ന് കൊണ്ടയാൾ പതിയെ പറഞ്ഞു.
ഞെട്ടിയെങ്കിലും പതിയെ തിരിഞ്ഞ ജോസ്മോൻ ആ കാഴ്ച കണ്ടു. സാവധാനം അവർക്ക് നേരെ വരുന്ന ഒരു കൊമ്പൻ.
ഒരു നിമിഷത്തെ ഞെട്ടൽ മാറി അവൻ പറഞ്ഞു.
“അണ്ണാ വണ്ടീൽ കേറ്.”
“ഞാനിവിടുന്നനങ്ങിയാൽ അവൻ ചാർജ്ജ് ചെയ്തു പാഞ്ഞു വരും, നീ വണ്ടി വിട്ടോ.”
“അണ്ണാ…”
“വണ്ടി വിടെടാ…”, അയാൾ വീണ്ടും പറഞ്ഞു.
അവൻ പിന്നെയൊന്നും ആലോചിച്ചില്ല ബൈക്ക് സ്റ്റാർട്ട് ചെയ്തു പാഞ്ഞു.
വണ്ടി സ്റ്റാർട്ട് ചെയ്തതും കൊമ്പൻ ചാർജ്ജ് ചെയ്തു മുൻപോട്ട് കുതിച്ചു. തിരിഞ്ഞോടിയിട്ടും ഫലമില്ലെന്നറിയാമെങ്കിലും ഓടാൻ ഭാവിച്ചതും ക്രച്ചസ് കൈയിൽ നിന്നും തെറിച്ചു പോവുകയും അയാൾ മുന്നോട്ടാഞ്ഞു വീഴുകയും ചെയ്തു. ക്രച്ചസ് എത്തിയെടുക്കാൻ ഒറ്റക്കാലിൽ ഇഴയുന്ന അയാളുടെ മുമ്പിലേക്ക് കുതിച്ചു വന്ന കൊമ്പൻ ഒന്നു നിന്നു. ദൈന്യതയോടെ ഭീതിതഭാവത്തോടെ മുഖമുയർത്തിയ അയാളുടെ കണ്ണിൽ ആദ്യം പെട്ടത് പഴുത്തു വൃണമായി പുഴുവരിക്കുന്ന കൊമ്പന്റെ മുൻകാലുകളിൽ ഒന്നാണ്.
വെടിയേറ്റ് ദൈന്യതയോടെ ചിന്നം വിളിച്ചു പാഞ്ഞോടിയ ഒരു കൊമ്പൻ അയാളുടെ ഓർമ്മകളിൽ തെളിഞ്ഞു. ഭീതിയോടെ വീണ്ടും നോക്കവേ കണ്ടു. മുറിവേറ്റ ആ കാൽ ഉയർത്തി തന്റെ ശിരസ്സിനു നേരെ കൊണ്ടു വരുന്ന അവനെ. നീണ്ടിടതൂർന്ന കൺപീലികൾക്കിടയിലൂടെ പക തിളങ്ങുന്ന കണ്ണുകൾ!
അവൻ തുമ്പിക്കൈ ഉയർത്തി ദിഗന്തം നടുങ്ങുമാറൊന്ന് ചിന്നം വിളിച്ചു. ഉയർത്തിയ കാൽ ശിരസ്സിനു നേരെ മിന്നായം പോലെ താഴ്ന്നു വരികയാണ്. അയാൾ കണ്ണുകൾ ഇറുക്കിയടച്ചു.
അടഞ്ഞ കണ്ണുകൾക്കുള്ളിൽ തിരശ്ശീലയിലെന്ന പോലെയാ കർമ്മദൃശ്യങ്ങൾ തെളിഞ്ഞു.
കയറിൻ തുമ്പിൽ ജീവന് വേണ്ടി കേഴുന്ന ഒരുവന്റെ ദൃശ്യം.
ഒറ്റ് കൊടുത്തവന്റെ ക്രൂരമായ ചിരി!
കൊടിയ ചതി!
അതെ ചതിക്കു ചതി! പിന്നെ കണ്ണുമഞ്ഞളിപ്പിച്ച നോട്ടുകെട്ടുകൾ കണ്ട് ഉറ്റ സുഹൃത്തിനേക്കാൾ വിശ്വസിച്ചവരിൽ നിന്നും. ഇപ്പൊ പക തീർക്കുന്ന കൊമ്പനിൽ നിന്നും.
മുരുകന് ബോധം മറഞ്ഞു പോകുന്ന പോലെ അയാൾ കണ്ണുകൾ ഇറുക്കിയടച്ചു. കുറച്ചു കഴിഞ്ഞിട്ടും ഒന്നും സംഭവിക്കുന്നില്ല.
മുരുകനെ ചവിട്ടാനായി കാലുയർത്തിയ കൊമ്പന്റെ കണ്ണുകൾ അയാളുടെ മുറിച്ചുമാറ്റപ്പെട്ട കാലിൽ പതിച്ചുവോ? ഉയർത്തിയ കാൽ സാവധാനം പിൻവലിച്ച്, തുമ്പി കൊണ്ട് മുരുകനെ ഒരു തട്ട് തട്ടി അവൻ തിരിഞ്ഞു കാടിനുള്ളിലേക്ക് നടന്നു.
കണ്ണ് തുറന്ന മുരുകൻ ആ കാഴ്ചകണ്ട് അമ്പരപ്പോടും ഭീതിയോടും സ്വയം തോന്നിയ പുച്ഛത്തോടും വെറുപ്പോടും കൂടി അനങ്ങാതെ ഏറെ നേരം ആ കിടപ്പു കിടന്നു.
പിന്നെ സാവധാനം നിരങ്ങി തന്റെ ക്രച്ചസ് തപ്പിയെടുത്തു നിവർന്നു നിന്നു. വിജനമായി കിടക്കുന്ന കാട്ടുപാതയിലേക്ക് നോക്കി, ഒരു നിമിഷം നിന്നു. പിന്നെയൊരു ദീർഘനിശ്വാസമെടുത്ത് സാവധാനം നടന്നു. ഒരുവശത്ത് തന്നെ മാടി വിളിക്കുന്ന കാടിന്റെ വന്യമായ നിഗൂഢതയിലേക്ക്. ഏതോ അദൃശ്യ പ്രേരണയാൽ എന്നപോലെ ഇടമലയാറിന്റെ ഉൾക്കാട്ടിലേക്കയാൾ സാവധാനം നടന്നു മറഞ്ഞു.
ജിസ പ്രമോദ്
മുടന്ത്
ഉച്ചയ്ക്ക് തുടങ്ങിയ മഴ ശമിക്കുന്ന ലക്ഷണമേയില്ല. ഇനിയും വൈകിയാൽ അവിടെയെത്തുമ്പോഴേക്കും സമയമതിക്രമിക്കും.
“ഞാനിറങ്ങുവാ” അകത്തേക്ക് നോക്കിപ്പറഞ്ഞുകൊണ്ട് രവീന്ദ്രവർമ്മ മഴയിലേക്ക് നരച്ച കുട നിവർത്തി.
മഴയ്ക്കും തനിക്കുമിടയിൽ കുട തീർത്ത പ്രതിരോധത്തിന്റെ സഞ്ചരിക്കുന്ന തുരുത്തിൽ അയാൾ നടന്നു നീങ്ങി. ബസ്സ്സ്റ്റോപ്പിലെത്തും മുമ്പേ അയാൾക്കു പോകേണ്ട ബസ്സ് കടന്നുപോയി. എത്താൻ ചുവടുകൾ മാത്രം ബാക്കിയുള്ളപ്പോൾ, ലക്ഷ്യങ്ങൾ നഷ്ടമാവുന്നത് പുതിയയനുഭവമല്ലാത്തതിനാൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല. കുട മടക്കി കാത്തിരിപ്പ് കേന്ദ്രത്തിലെ സിമന്റ് ബഞ്ചിലിരുന്നു. ഇനി അര മണിക്കൂറെങ്കിലും കഴിയണം അടുത്ത ബസ്സ് വരാൻ.
ബസ്സിൽനിന്നിറങ്ങിയപ്പോഴേ കണ്ടു ദീപപ്രഭയയിൽ മുങ്ങിയ ‘കൈലാസം’.ആധുനിക രീതിയിൽ പണികഴിപ്പിച്ച ഇരുനിലക്കെട്ടിടം. പാതയുടെ ഇരുവശത്തും പല നിറങ്ങളിലുള്ള കാറുകളുടെ നീണ്ട നിര. ഗേറ്റിലെത്തിയപ്പോഴേ ശങ്കരൻകുട്ടിയും വിജയമ്മയും ഓടിയെത്തി സ്വീകരിച്ചു.
“സതിയെയെന്താ കൂട്ടാഞ്ഞത് ?” അവർ.
“അവൾക്ക് ചെറിയ തലവേദന.” കള്ളം പറഞ്ഞതിന്റെ ജാള്യത മുഖത്തു പ്രതിഫലിച്ചോ ആവോ! ഓഫീസിൽ നിന്നുമെത്തിയവരുടെയടുത്തേക്ക് ഇപ്പോൾ വരാമെന്ന് പറഞ്ഞ് അവർ പോയി.
വലിയ മുറ്റത്ത് നിറയെ പന്തൽ. പലതരത്തിലുള്ള ഭക്ഷണം. മുന്തിയ ബ്രാൻഡുകളിലുള്ള മദ്യം. ഒരുപാടാളുകൾ. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കാണുന്ന വിളമ്പുകാർ.
ശങ്കരൻകുട്ടിയുടെ വിരമിക്കൽ ചടങ്ങിന് തന്നെ ക്ഷണിച്ചപ്പോൾ ഇത്രയും കരുതിയില്ല. ഓഫീസിൽ നിന്ന് സഹപ്രവർത്തകർ ഒരുവണ്ടിയിൽ വീട്ടിലെത്തിക്കുന്നു, ഫോട്ടോയെടുത്ത് ഭക്ഷണം കഴിച്ച് അവർ തിരിച്ചു പോകുന്നു, അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ തന്റെ വിശ്രമ ജീവിതത്തിനു ശുഭാരംഭം കുറിക്കുന്നു. ഇങ്ങനെയായിരുന്നു താൻ പ്രതീക്ഷിച്ചത്.
“ഇതൊക്കെ പിള്ളാരൊപ്പിച്ചതാ രവീ. അവർക്കിതൊരാഘോഷമാക്കണമെന്ന് നിർബ്ബന്ധം.” ശങ്കരൻകുട്ടി വീണ്ടും അടുത്തെത്തി.
“കാലത്തിനൊപ്പം നടക്കാത്തവർ കാലത്തിന്റെ കണ്ണിൽ മുടന്തരാണു ശങ്കരാ” ശങ്കരൻകുട്ടി മുഴുവൻ കേട്ടോയെന്നറിയില്ല. അപ്പോഴെത്തിയ കൂട്ടരുടെയടുത്തേക്കയാൾ പോയി.
ആർഭാടമില്ലെങ്കിലും തന്റെ വീട്ടുമുറ്റത്തും ഇങ്ങനൊരു ചടങ്ങിപ്പോൾ നടക്കേണ്ടതായിരുന്നെന്ന് വെറുതെ അയാൾ ചിന്തിച്ചു.
ഒന്നു മുതൽ ബിരുദം വരെ ഒരേ ക്ളാസിൽ പഠിച്ച്, ഒരേ ദിവസം ഒരേയോഫീസിൽ ശങ്കരനും താനും ജോലിക്ക് കയറിയതിന്നലത്തെപ്പോലെ ഓർക്കുന്നു. കൗതുകമുണർത്തുന്ന ഒരപൂർവ്വത!
‘ശങ്കരമംഗല’ത്തെ കാര്യസ്ഥന്റെ മകനെ തന്റെ മകന്റെയൊപ്പം എല്ലാ ചെലവുകളും വഹിച്ചു പഠിപ്പിച്ച വാസുദേവവർമ്മയെന്ന പിതാവിന്റെ പ്രവർത്തികൾ കണ്ടു ശീലിച്ച രവീന്ദ്രവർമ്മയിൽ ചെറുപ്പത്തിലേ മുളപൊട്ടിയ രാഷ്ട്രീയം, കലാലയ ജീവിതത്തിൽ വച്ച് രൂഢമൂലമായി. അത് വളർച്ചയെത്താതെ മുരടിക്കുന്നതോർത്ത് വിഷമിച്ചിരിക്കുമ്പോഴാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആഗതമായത്.
പുരോഗമനം തൊട്ടുതീണ്ടിയിട്ടില്ലാത്ത മുട്ടക്കരപ്പഞ്ചായത്തിൽ വർഷങ്ങളായി അധികാരം കൈപ്പിടിയിലൊതുക്കിയ നാട്ടുപ്രമാണിക്കെതിരെ മത്സരിക്കുവാൻ പ്രാദേശികക്കമ്മറ്റിയും നാട്ടുകാരും നിർബ്ബന്ധിച്ചു. പക്ഷേ ജോലി രാജിവെക്കേണ്ടി വരും. മനസ്സിൽ കടന്നുപോയ കൂട്ടിക്കിഴിക്കലുകൾക്കവസാനം മത്സരിക്കാൻ തന്നെ തീരുമാനിച്ചുറച്ചു. ശങ്കരൻകുട്ടിയുടെയും വീട്ടുകാരുടെയും എതിർപ്പുകൾക്കെതിരെ പാറ പോലെയുറച്ചു നിന്നു.
അഴിമതിയിൽ മുങ്ങിയ ഭരണത്തിനെതിരെ ജനങ്ങളെയൊന്നാകെയണിനിരത്തി പിടിച്ചെടുത്ത മിന്നും വിജയം. മുട്ടക്കര പഞ്ചായത്ത് പ്രസിഡണ്ടായി രവീന്ദ്രവർമ്മ അവരോധിക്കപ്പെട്ടു.
താൻ വിശ്വസിക്കുന്ന ആദർശങ്ങളിലും പഠിച്ച തത്വശാസ്ത്രങ്ങളിൽ നിന്നുമണുവിട വ്യതിചലിക്കാതെ നീതിയുക്തവും സത്യസന്ധവുമായ പ്രവർത്തനങ്ങളിലൂടെ മുട്ടക്കരയെ കേരളത്തിലെ മാതൃകാ പഞ്ചായത്തായി മാറ്റുകയായിരുന്നു രവീന്ദ്രവർമ്മ. ദേശീയ പത്രങ്ങളിൽ അയാൾ പ്രതിപാദിപ്പിക്കപ്പെട്ടു. പാർട്ടിയുടെ ഉന്നതവൃത്തങ്ങളിൽ സംസാരവിഷയമായി.
പഞ്ചായത്താപ്പീസിന്റെ മുമ്പിലെ കൊടിമരച്ചുവട്ടിൽ വച്ചൊരു തുളസിമാലയണിയിച്ച് അനാഥാലയത്തിൽ വളർന്ന സതിയെ ജീവീതത്തിലേക്കു കൂട്ടിയപ്പോൾ ആദർശ ജീവിതത്തിനു തിളക്കം കൂടി.
ഭരണകാലാവധി തീരായപ്പോൾ അനന്തപുരിയിലേക്ക് സംസ്ഥാന നേതൃത്വത്തിന്റെ വിളി.
“വർമ്മ, സ്വപ്ന സമാനമായ നേട്ടമാണ് നിങ്ങൾ ഇക്കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് പാർട്ടിക്കും മുട്ടക്കരക്കും വേണ്ടി നേടിയത്. കേവലമൊരു പഞ്ചായത്തിലൊതുങ്ങിപ്പോകാതെ ഈ സംസ്ഥാനത്തിന്റ അനിവാര്യതയാണ് നിങ്ങൾ. അതിനാൽ വരുന്ന തിരഞ്ഞെടുപ്പിൽ നിങ്ങൾ മത്സരിക്കുന്നില്ല. പകരം അടുത്ത വർഷത്തെ അസംബ്ലി തിരഞ്ഞെടുപ്പിന് നിങ്ങൾക്കിഷ്ടമുള്ള മണ്ഡലത്തിൽ നിങ്ങൾ മത്സരിക്കുന്നു.” സ്വപ്‌നം കാണാൻ പോലും കഴിയാത്ത വാഗ്ദാനം. സന്തോഷാശ്രു പൊടിഞ്ഞ കണ്ണുകൾ തുടച്ചു പടിയിറങ്ങുമ്പോൾ പിന്നിലെ ഗൂഢസ്മിതങ്ങളയാൾ കണ്ടില്ല.
മത്സരിച്ചില്ലെങ്കിലും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പാർട്ടിക്ക് ഭരണത്തുടർച്ചയുണ്ടാക്കി. ചന്ദ്രബാനു(ഇപ്പോൾ പാർലമെന്റംഗം) പ്രസിഡണ്ടായി.
മുത്തണിപ്പാടത്തെ രണ്ടേക്കർ നിലം നികത്തി, പ്രത്യക്ഷമായും പരോക്ഷമായും അനേകർക്കു തൊഴിൽ കിട്ടുന്ന ഒരു ഫാക്ടറി മുട്ടക്കരയിലേക്കു വരുന്നു! ഭരണത്തുടർച്ചയുണ്ടായ മുട്ടക്കരക്ക് സർക്കാരിന്റെ പാരിതോഷികം. പക്ഷേ നാട്ടുകാർക്കന്നം തരുന്ന പാടം നികത്തുന്നത് ജീവൻ പോകുന്നതിനു തുല്യമെന്നു കരുതിയ വർമ്മ ഇതിനെയെതിർത്തു. പാർട്ടിയും സർക്കാരും അതു കണ്ടതായി ഭാവിച്ചില്ല. തൊഴിലാളിവിരുദ്ധനായി അയാൾ ചിത്രീകരിക്കപ്പെട്ടു. പാർട്ടി എന്നേക്കുമായി അയാളെ പടിയടച്ചു പിണ്ഡം വച്ചു. എത്ര വേഗം ഒരു ജനതയുടെ ഹൃദയത്തിലയാളിടം നേടിയോ അതിലും വേഗമവിടെനിന്നയാൾ നിഷ്കാസിതനായി. നല്ലൊരു നാളെയെ സ്വപ്‌നം കണ്ട നാട്ടുകാർ അയാൾക്കു നേരെ മുഖം തിരിച്ചു. വരാനിരിക്കുന്ന ഭവിഷ്യത്തിനെക്കുറിച്ചു പറഞ്ഞപ്പോൾ ചെവികൾ കൊട്ടിയടച്ചു.
ഫാക്ടറിയുടെ പുകക്കുഴലിൽ നിന്നുയരുന്ന കറുത്ത പുക നോക്കി നിൽക്കുമ്പോൾ ജോലികഴിഞ്ഞിറങ്ങിയവർ അയാളെ നോക്കി പുച്ഛത്തോടെ ചിരിച്ചു കടന്നുപോയി.
എന്നാൽ ആറു മാസത്തിനുള്ളിൽ എന്നേക്കുമായി പുക നിലച്ച ഫാക്ടറിയുടെ മുമ്പിൽ സമരം നടത്തുന്ന നാട്ടുകാരെ നോക്കി അയാൾ ചിരിച്ചില്ല. പച്ചനോട്ടുകൾ സമരമൊത്തുതീർപ്പാക്കിയപ്പോൾ, ഫാക്ടറിയുടെ സ്ഥാനത്ത് ഫ്ളാറ്റ് സമുച്ചയം വന്നപ്പോഴും അയാൾ നിസ്സംഗനായിരുന്നു.
പിന്നെ സതിയിലേക്കും അവൾ തന്ന മകനിലേക്കുമൊതുങ്ങിയ ജീവിതം പാരലൽ കോളജുകളിൽ ക്ളാസ്സെടുത്ത് പതുക്കെ തുഴഞ്ഞു നീക്കി.
പതിവു തെറ്റിച്ച് മുട്ടക്കരയിൽ പ്രളയമുണ്ടാവുകയും മിക്കയാണ്ടുകളിലുമതാവർത്തിക്കുകയും ചെയ്തപ്പോൾ അയാളുടെ ഉള്ളു പിടഞ്ഞു. തന്റെ നാടിന്റെ ഗതികേടോർത്തു കരഞ്ഞു.
“രവീ, വരൂ, നമുക്ക് ഭക്ഷണം കഴിക്കാം.”
ശങ്കരൻകുട്ടി തോളിൽ തട്ടിയപ്പോൾ അയാളോർമ്മകളിൽ നിന്നുണർന്നു. മിക്കയാളുകളും പൊയ്ക്കഴിഞ്ഞിരുന്നു. ശങ്കരനൊപ്പം നടക്കുമ്പോൾ കാലുകൾക്ക് ഭാരം പോലെ. ഏറെ നേരമിരുന്നതിനാലാവും.
അതോ കാലത്തിനൊപ്പം നടക്കാഞ്ഞതു കൊണ്ടാണോ…..
അനിൽകുമാർ എം ബി
ഹൃദയ മർമ്മരം
അമ്പലത്തിലെ കൽവിളക്കുകളുടെ പ്രഭയിലാണ് ഞാനവനെ വീണ്ടും കാണുന്നത്. കണ്ടിട്ട് ഒരു പാട് നാളൊന്നും ആയില്ല .കൂടിപ്പോയാൽ ഒരു മാസം, ആ ദിവസങ്ങൾ കൊണ്ട് അവനിൽ ഒരു പാട് മാറ്റങ്ങൾ
വരുത്തിയതായെനിക്കു തോന്നി, എപ്പൊഴും സുന്ദരനായി നടക്കാനിഷ്ടപ്പെട്ടിരുന്ന അവനെയന്ന് കണ്ടപ്പോഴെന്റെ ഉള്ളമൊന്ന് തേങ്ങി, താടി രോമങ്ങൾ വളർന്ന് ആകെ കോലം കെട്ട മട്ട്. പ്രണയം തുളുമ്പുന്ന ആ മിഴികളിലേക്ക് വീണ്ടും നോക്കാൻ കഴിയാതെ ഞാനെന്റെ കണ്ണുകൾ താഴ്ത്തി.
എന്തിനായിരുന്നു പിണക്കം അറിയില്ല. നിനക്ക് ഒരുപാട് മാറ്റം വന്നു പോയെന്ന് കുറ്റപ്പെടുത്തിയത് ഞാനായിരുന്നു. അതിന്റെ കാരണം തേടിയലഞ്ഞ എനിക്കതിനുള്ള ഉത്തരവും കിട്ടി “മാറ്റം” അതെനിക്കു തന്നെയായിരുന്നു … നിന്നോടുള്ള ഇഷ്ടവും സ്നേഹവും കൂടി അതൊരിക്കലും നിന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താതിരിക്കാൻ.
ഞാൻ കണ്ടെത്തിയ മനോഹരമായ അഭിനയത്തിലൊന്നായിരുന്നു അത്. ഒരു വിരൽത്തുമ്പിലകലെ നിന്നിരുന്ന നീയെന്റെ ഹൃദയത്തിലേക്ക് എത്തി നോക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ അകലങ്ങളുടെ മതിൽ കോട്ടകൾ പണിതു തുടങ്ങിയത്. പിന്നെ പിന്നെ ഇടക്കിടെ പിണങ്ങി പോക്കുകളിലേക്കത് പതിവായതും, ചിലപ്പോൾ കാരണങ്ങളുണ്ടാക്കിയും മറ്റു ചിലപ്പോൾ കാരണമില്ലാതെയും. അപ്പോഴൊന്നും ഒരു പരാതിയോ, പരിഭവമോ പറയാതെ ക്ഷമയുടെ മൂർത്തീ ഭാവമായി നിലയുറപ്പിച്ച് നീ നിന്റെ ഇഷ്ടങ്ങളെ ആ വിടർന്ന മിഴികളിലൊളിപ്പിച്ച് എനിക്കു മുന്നിൽ നിന്നു. എല്ലാം മനസിലായിട്ടും മനസിലായില്ലെന്ന ഭാവത്തിൽ നടക്കുവാനേ എനിക്ക് കഴിയുമായിരുന്നുള്ളു.
അല്ലെങ്കിലും എന്റെ നട്ടപ്പിരാന്തുകൾക്ക് നിന്നെ ബലിയാടാക്കുവാൻ എനിക്കൊരിക്കലും താൽപ്പര്യ മില്ലായിരുന്നു.
സ്നേഹം നീട്ടിയ മനസും, സ്നേഹം കൊതിക്കുന്ന മനസും പാടെ അവഗണിക്കുമ്പോൾ അവന്റെ കൂട്ടുകാർ കളിയാക്കി പറയുന്നത് എന്റെ കാതിൽ വന്നലയ്ക്കാതിരുന്നില്ല.
“അവൾക്ക് ഹൃദയമില്ലെടാ ” ഉണ്ടായിരുന്നെങ്കിൽ, ഇതൊക്കെ മനസിലാകാതിരിക്ക്വോ; ശരിയാണ് ഹൃദയം നഷ്ടപ്പെട്ടു പോയിരുന്നു.
നീയെന്ന അർബുദം എന്റെ മനസിനെ വ്യാപിച്ചപ്പോഴാണ് എനിക്കെന്റെ ഹൃദയം നഷ്ടപ്പെട്ടു തുടങ്ങിയത്. ഒരു മരുന്നിനും, റേഡിയേഷനും ഭേദമാക്കാൻ കഴിയാത്തയത്ര അതെന്റെ ഹൃദയത്തെ കാർന്നു തുടങ്ങിയിരുന്നു .
മുഖത്തു നോക്കി പറയാതിരുന്ന പലകാര്യങ്ങളും അവന്റെ മനസു വായിക്കാൻ കഴിഞ്ഞിരിക്കുന്ന എനിക്ക് മനസിലായി തുടങ്ങിയപ്പോൾ മുതൽ ഞാനെന്റെ നാവിനേയും ബന്ധനത്തിലിട്ടു. സംസാരിക്കാൻ ഒത്തിരി താൽപ്പര്യ മുണ്ടായിട്ടും, സമയമില്ലെന്ന് പറഞ്ഞ് ഇല്ലാത്ത തിരക്കഭിനയിച്ച് മനപ്പൂർവ്വം അകന്നു മാറിയതും മൗനത്തിന്റെ വാൽമീകത്തിൽ സ്വയം ഒളിച്ചതും, എന്നെ പ്രതി നിന്റെ കണ്ണ് നിറയാതിരിക്കാനായിരുന്നു .
കാണാതേയും, മിണ്ടാതേയും ഇരുന്നാൽ പതിയേ നീ യെന്നെ മറന്ന് എന്നെക്കാളും നല്ലൊരു കുട്ടിയെ കണ്ടെത്തിക്കോളുമെന്ന് ഞാൻ വെറുതെ മോഹിച്ചു. അതു വെറുമൊരു വ്യാമോഹം മാത്രമായിരുന്നു എന്ന് ഇന്ന് എനിക്ക് നിന്നെ കണ്ടപ്പോൾ മനസിലായി.
ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന ആ കണ്ണുകൾ നിറയാതിരിക്കാനായിരുന്നു.
അന്നാ ത്രിസന്ധ്യയിൽ നിന്റെ വീടിന്റെ പടിക്കെട്ടുകൾ ഞാനിറങ്ങിയത്. ആ പടിക്കെട്ടുകൾ ഇറങ്ങി പോരുമ്പോൾ മനസിൽ ഞാനൊരു തീരുമാനമെടുത്തിരുന്നു. ആ പടിയിറക്കം നിന്റെ മനസിൽ നിന്നു തന്നെയായിരിക്കണമെന്ന്.
ഒരു ഓർമ്മപ്പെടുത്തലായി ഇനിയൊരിക്കലും നിന്റെ മുന്നിലെത്തരുതെന്ന് ആഗ്രഹിച്ചിട്ടും; അതു തന്നെ സംഭവിച്ചു .
കണ്ണും, കാതും ഇല്ലാത്ത കൽപ്രതിമകൾക്കു മുമ്പിൽ തല കുമ്പിടാൻ എത്തില്ല എന്ന നിന്റെ പ്രഖ്യാപനത്തിൽ വിശ്വസിച്ചു കൊണ്ടാണ് മാസങ്ങൾക്കു ശേഷം ഞാനീ നടയിൽ ധൈര്യത്തിലെത്തിയത്.
പക്ഷെ എന്റെ പ്രതീക്ഷകളെ ആകെ തെറ്റിച്ചു കൊണ്ട് , മറ്റൊരു കൽപ്രതിമ പോലെ നീ വീണ്ടും എനിക്കു മുന്നിൽ…!
ഒരു മാസമായി മനസിലടക്കിയ സാഗരം സുനാമിയായി കുതിച്ചുയരുമോയെന്നു ഞാൻ ഭയന്നു.
ഊടുവഴികളിലൂടെ വീട്ടിലേക്കുള്ള തിരിച്ചു നടപ്പിനിടയിൽ പലരുടെയും പിൻവിളികൾ ഞാൻ കേട്ടതേയില്ല.
അടക്കിപ്പിടിച്ച തേങ്ങലുകൾ, പൊട്ടിക്കരച്ചിലിന് വഴിയൊരുക്കിയതും, പിന്നെയത് പൊട്ടിച്ചിരികൾക്ക് കളമൊരുങ്ങിയതും, കാലങ്ങൾ കടന്നതും, കാലിലെ കൊലുസിൻ കിലുക്കം മാറി, ചങ്ങല കിലുക്കമായി മാറിയതും ഞാനറിഞ്ഞതേയില്ല…
രമ്യ രതീഷ്
നിങ്ങളോടാണ്
സോനാഗച്ചി തേടിയാണെത്തിയതെങ്കിൽ
അവർക്കുള്ള പങ്ക് കൊടുത്തിട്ടുപോവുക.
ഇല്ലാത്തോരു സ്വർഗ്ഗമാണല്ലോ വാഗ്ദാനം.
ഉടലിന്റെയാവശ്യമെന്നൊരു വിശപ്പിൽ
കണക്കുകൂട്ടിക്കിഴിയ്ക്കാതെ
ഉള്ളതുമുഴുവൻ വിളമ്പി
അന്നവരുടെ അന്നമാവുമ്പോൾ
ചുവന്നചുണ്ടുകൾ വിതുമ്പട്ടെ.
“ആദ്യമാണെന്ന് “പതുങ്ങുന്നുവെങ്കിൽ,
പങ്കിട്ടാൽ ഇരട്ടിയ്ക്കുന്ന
ഒരുപൊതി ചോറും,
തോളുരുമ്മാനിത്തിരി സമയവും
കണ്ണിലിത്തിരി പ്രണയവും കരുതിക്കൊള്ളുക.
അല്ലെങ്കിലെല്ലാം പാതിവെന്തപോലെയപൂർണ്ണമല്ലേ.
വല്ലപ്പോഴുമാണായിടവഴിയിലെങ്കിൽ,
വിശേഷമാരാഞ്ഞ്, സമ്മതപത്രമെടുത്തുമാത്രം
ചുണ്ടിലേയ്ക്കും ചൂടിലേയ്ക്കുമിറങ്ങുക .
ഇരുട്ടറകളിലെ ഒരേയൊരു
മിന്നാമിനുങ്ങാവാനുള്ള ഭാഗ്യം
അന്നുനിങ്ങളുടേതാവാം.
ചേരിയിലെ ഇടുങ്ങിയ വാതിലുകൾ
നിങ്ങൾക്കു ശീലമെങ്കിൽ,
മരണക്കിണറിന്റെയാഴമാരാഞ്ഞ്
നാളെയുണ്ടെന്ന് നിലാവ് ഇരുട്ടിനോട് പടവെട്ടുന്നത്
പാതിതുറന്ന ജനാലപ്പഴുതിലൂടെ കാട്ടിക്കൊടുക്കുക.
പിന്നീടവരുടെ സ്വപ്നങ്ങളിൽ
വഴിവാണിഭക്കടകൾ കിലുങ്ങട്ടെ.
നിങ്ങളോടാണ്..
രതിയുടെ വില്പനശാലകളെന്നു
ലേബലൊട്ടിച്ച് ജയിൽ മാത്രമൊഴിവാക്കിയെങ്കിലും
അതിജീവനത്തിന്റെ സൂചിമുനയിൽ വിലപേശരുതെ..
ഒരു തരിവെട്ടമവിടെ കൊളുത്തിപ്പോവുക.
ഒരിയ്ക്കൽ സ്വർഗ്ഗത്തിലേയ്ക്കുള്ള
വാതിൽപ്പടിയിൽ,
തമ്മിൽ കണ്ടുമുട്ടാതിരിക്കില്ല.
അവരോട്..
എത്രജന്മം ജനിച്ചാലാണെനിയ്ക്കാ
കനലുറങ്ങിയ കണ്ണുകളിൽ നോക്കാനെങ്കിലുമാവുക.
റാണി സുനിൽ
ആർച്ചർ : പൗലോ കൊയ് ലോ
വിവർത്തനം : കബനി. സി.
ആരാലും അറിയപ്പെടാൻ ആഗ്രഹിക്കാതെ ഒളിച്ചു താമസിക്കുന്ന വില്ലാളിയാണ് ‘തെത് സുയ. എന്നിട്ടും അയാളെ തേടി ഒരു അപരിചിതനെത്തി.അമ്പെയ്ത്തിൽ തെത് സുയയെക്കാൾ മികച്ച വനാണ് താനെന്നു തെളിയിക്കണം.അയാൾ എയ്ത അമ്പ് നാല്പതു വാര അകലെയുള്ള ചെറിപ്പഴത്തെ വീഴ്ത്തി.
തെത് സുയ കുതിച്ചൊഴുകുന്ന നദിയുടെ കുറുകെയുള്ള ജീർണിച്ച പാലത്തിൽ നിന്നാണ് അമ്പ് എഴ്തത്.ഇരുപതു വാര അകലെയുള്ള ഒരു പീച്ചിനെ അത് വീഴ്ത്തി.
തെത് സുയ പറഞ്ഞു: ഇനി നിങ്ങൾ.
ഞാൻ കുറഞ്ഞ ദൂരത്തേക്കാണ് അമ്പയച്ചത്.ചെറിയേക്കാൾ വലുതാണ് പീച്ച്.
അപരിചിതൻ പേടിച്ചരണ്ട മുഖത്തോടെ വില്ല് കൈയിലെടുത്തു. അമ്പ് ലക്ഷ്യം കണ്ടതുമില്ല.
തെത് സുയ പറഞ്ഞു: നിങ്ങൾക്ക് കഴിവും മികവും ഉടൽ നിലയുമുണ്ട്. അമ്പെയ്ത്തിലും മിടുക്കനാണ്;സാഹചര്യങ്ങളെല്ലാം അനുകൂലമാണെങ്കിൽ മാത്രം!
ഒരു വില്ലാളിക്ക് എല്ലായ്പ്പോഴും യുദ്ധക്കളം തെരഞ്ഞെടുക്കാനാവില്ല. അതു കൊണ്ട് നിങ്ങൾ പരിശീലനം തുടരൂ.
പ്രതികൂല സാഹചര്യങ്ങൾക്കായി തയ്യാറെടുക്കൂ.
എന്തുകൊണ്ടെന്നാൽ അത് മുഴുവൻ ജീവിതത്തിൻ്റേയും യാത്രയാണ്.കൃത്യമായ അമ്പെയ്ത്തും ആത്മാവിൽ ശാന്തിയോടെ അമ്പെയ്യുന്നതും വ്യത്യസ്തമാണ്.
അലപം മുമ്പ് നീയെന്നെ ഗുരു എന്നു വിളിച്ചു.
ആരാണ് ഗുരു?
എന്തെങ്കിലും പഠിപ്പിച്ചു തരുന്ന ആളല്ല ഗുരു.
തൻറെ ആത്മാവിനുള്ളിൽ തന്നെയുള്ള അറിവു കണ്ടെത്താനായി ശിഷ്യനെ പരമാവധി കാര്യങ്ങൾ ചെയ്യാൻ പ്രചോദിപ്പിക്കുന്നയാളാണ് ഗുരു.
മടക്കയാത്രയിൽ കുട്ടി ചോദിച്ചു: എന്താണ് ഈ വില്ലിൻ്റെ വഴി ?അതെന്നെയും പഠിപ്പിക്കാമോ?
പഠിപ്പിക്കുക എളുപ്പമാണ്.
പരിശീലനം ദുഷ്ക്കരവും.
നിങ്ങളുടെ അറിവുകളും ആനന്ദവും പങ്കുവെക്കാൻ കൂട്ടാളികളെ കണ്ടു പിടിക്കുകയാണ് പ്രധാനം.എങ്കിലേ നിങ്ങൾക്ക് സ്വന്തം ഗുണങ്ങളൂം കുറവുകളും കണ്ടെത്താനാകൂ.
കൂട്ടാളികൾ മഹാമനുഷ്യർ ആകണമെന്നില്ല.
പിഴവുകളിൽ ഭയമില്ലാത്തവരും അതിനാൽ തന്നെ പിഴവുകൾ പറ്റുന്നവരുമാണവർ.
പ്രവർത്തിക്കുമ്പോൾ തന്നെ അവർ തീരുമാനങ്ങൾ എടുക്കുന്നു: അത് അങ്ങേയറ്റം അപകടകരമായേക്കാമെന്നു ബോധ്യമുണ്ടായിട്ടും.
എല്ലാവരേയും പോലെ ചിന്തിക്കാതിരിക്കുന്നവരാണ് മികച്ച കൂട്ടാളികൾ.
സ്വന്തം പരിമിതികളുടെ അടിസ്ഥാനത്തിലാണ് എല്ലായ്പ്പോഴും ആളുകൾ മറ്റുള്ളവരെ വിലയിരുത്തുന്നത്.
പരീക്ഷണങ്ങൾ നടത്തുന്നവരോടും പരിക്കേൽക്കുമെന്ന് പേടിക്കാതിരിക്കുന്നവരോടും ചേരുക.
തങ്ങളെപ്പോലെ ചിന്തിക്കാത്തവരെ വിമർശിക്കുകയും ആദരവു കിട്ടുമെന്ന ഉറപ്പില്ലെങ്കിൽ ഒരടി പോലും ഒരിക്കലും മുമ്പോട്ടു വെക്കാതിരിക്കുകയും ശങ്കകളെക്കാൾ ഉറപ്പുകളെ ഇഷ്ടപ്പെടുകയും ചെയ്യുന്നവരിൽ നിന്ന് ഒഴിഞ്ഞു നിൽക്കൂ..
തുറന്ന മനസ്സുള്ളവരോടും എളുപ്പത്തിൽ മുറിവേൽക്കാവുന്ന സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ പേടിയില്ലാത്തവരോടും ചേരുക.
‘ആകട്ടെ, ഇത്രയുമെത്തിയല്ലോ, ഞാനിനി മുന്നോട്ടില്ല’ എന്നു പറയാത്തവരോടും ചേരുക.
ശിശിരത്തിനു ശേഷം വസന്തം വരുമെന്ന് ഉറപ്പാണ്.ഒരു കാര്യവും എവിടെയും അവസാനിക്കുന്നില്ല എന്നതും ഉറപ്പാണ്.
ജീവിതത്തിൽ ആനന്ദിക്കുന്നവരോടും കണ്ണുകളിൽ ആഹ്ലാദമുള്ളവരോടും ചേരുക. എന്തുകൊണ്ടെന്നാൽ ആഹ്ലാദം പകരുന്നതാണ്.
വില്ലാണ് ജീവിതം.
എല്ലാ ഊർജ്ജത്തിൻ്റേയും ആധാരം.
അമ്പ് ഒരു ദിവസം വിട്ടു പോകും.
വില്ലിനു വഴക്കമുണ്ട്.
പരിമിതികളുണ്ട്.
ശേഷിക്കപ്പുറം വലിച്ചു നീട്ടരുത്.
നിങ്ങളുടെ ഊർജ്ജം ചിതറിപ്പോകുന്നില്ലെന്നും ഉറപ്പുവരുത്തുക.
അമ്പാണ് ഉദ്ദേശ്യം.
എയ്ത അമ്പ് തിരികെ വരില്ല
അമ്പുകുലച്ചു. ഒരു ലക്ഷ്യം അതിനെ കാത്തിരിക്കുന്നു എന്നു കരുതുന്നതിനേക്കാൾ നല്ലത് അമ്പെയ്ത്ത് നിറുത്തി വെക്കുന്നതാണ്.
പിഴവു പറ്റുമെന്ന പേടി മാത്രമാണ് നിങ്ങളെ തടയുന്നതെങ്കിൽ അമ്പെയ്യുന്നതിൽ നിന്ന് ഒരിക്കലും പിന്തിരിയരുത്.
ലക്ഷ്യം: ലക്ഷ്യത്തെ ആദരവോടും അന്തസ്സോടും പരിഗണിക്കണം.
അമ്പ് ലക്ഷ്യത്തെ തേടുന്നതു പോലെ ഒരു ലക്ഷ്യം അമ്പിനേയും തേടുന്നുണ്ട്.
വിലാസിനി രാജീവൻ
ഒരു പ്രണയ നഗരത്തിലൂടെ
കാൽപ്പനിക ഭാവം നിറഞ്ഞ ഒരു നഗരം, ഒരു പക്ഷേ ലോകത്തിലെ തന്നെ ആദ്യ തലസ്ഥാന നഗരങ്ങളിലൊന്ന്. അതാണ് വിറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയ്. ആയിരത്തിലേറെ വർഷങ്ങളായി തലസ്ഥാന നഗരി പദം അലങ്കരിക്കുന്ന ചുരുക്കം നഗരങ്ങളിൽ ഒന്ന്. പല പല യുദ്ധങ്ങൾ, അധിനിവേശങ്ങൾ, ഭരണങ്ങൾ, സംസ്കാരങ്ങൾ കണ്ടിരിക്കുന്നു ഈ നഗരം. ഹോവൻ കീം തടാകക്കരയിൽ വളർന്നു വികസിച്ച ഈ നഗരത്തിൽ കാണുവാനും അറിയുവാനും ഏറെയുണ്ട്.
നഗരത്തിൽ നിന്നും മുപ്പത്തഞ്ചു കിലോമീറ്റർ ദൂരത്തുള്ള നോയ് ബായ് അന്തർദേശീയ വിമാനത്താവളത്തിൽ വിമാനമിറങ്ങിയപ്പോൾത്തന്നെ ഹാനോയിയുടെ നുനുത്ത കുളിർക്കാറ്റ് എന്നെത്തലോടിയെത്തി. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾ ഇവിടെ കുളിർകാലമാണ്. ഞാനെത്തിയതാകട്ടെ മാർച്ചുമാസത്തിനൊടുവിലും. എന്നിട്ടും വല്ലാത്തൊരു വികാരമായിരുന്നു ആ കാറ്റിനുണ്ടായിരുന്നത്.
ഹാനോയ് നഗരത്തിലെ പ്രധാന കാഴ്ചകളെല്ലാം ഓൾഡ് ക്വാർട്ടർ എന്നറിയപ്പെടുന്ന നഗര ഹൃദയത്തിൽ തന്നെയാണുള്ളത്. അത് കൊണ്ട് തന്നെ ഞാൻ എന്റെ മുറി ബുക്ക് ചെയ്തിരുന്നതും ഇവിടെത്തന്നെയായിരുന്നു. ഹോവൻ കീം തടാകത്തിലേക്ക് നടക്കുവാനുള്ള ദൂരം മാത്രം. അവിടേക്കുള്ള നടത്തത്തിനു പോലുമുണ്ട് ഒരു പ്രത്യേക സുഖം. രാത്രിയിൽ ആണെങ്കിൽ ഇവിടത്തെ പ്രധാന രാത്രി ചന്തയിലൂടെ ആകും ഈ നടത്തം. വാഹനങ്ങൾ ഒന്നുമില്ലാത്ത, താൽക്കാലിക കടകൾ മാത്രമുള്ള ഈ നിരത്തുകൾ ഈ നഗരത്തിന്റെ മറ്റൊരാകർഷണം.
ഹോവൻ കീം തടാകത്തിലേക്കുന്തിനിൽക്കുന്ന ഒരു ബുദ്ധ ക്ഷേത്രമുണ്ട്. മുപ്പതിനായിരം ഡോങ് ആണ് പ്രവേശന ഫീസ്. നമ്മുടെ നൂറു രൂപയിൽ താഴെ വരും. ടിക്കെറ്റെടുത്താൽ തടാകത്തിനു കുറുകെ പണിതിരിക്കുന്ന ഒരു മനോഹര പാലത്തിലൂടെ ക്ഷേത്രത്തിലെത്താം. തദ്ദേശീയരുടെയും വിദേശികളുടെയും തിരക്ക് തന്നെ എവിടെയും. ഫോട്ടോ എടുക്കുന്നതിനുള്ള അവസരങ്ങൾ ഇവിടെ ധാരാളം. എവിടെ നോക്കിയാലും ഫോട്ടോ എടുക്കുന്നവർ. വെള്ളത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങളിൽ അതി സാഹസികമായി കയറി പല വിധ ഭാവങ്ങളിലും ഫോട്ടോ എടുക്കുന്ന തരുണീമണികൾ.
ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള ഒരു മുറിയിൽ രണ്ടു കൂറ്റൻ ആമകളുണ്ട്. ഈ തടാകത്തിൽ നിന്നും പിടിച്ചവയാണത്രെ. ആന്തരാവയവങ്ങളെല്ലാം നീക്കം ചെയ്ത് ജീവനുള്ളതുപോലെ നിലനിറുത്തിയിരിക്കുന്നു. അതിൽ ഒരാമയുടെ മുഖം വിചിത്രമായിരുന്നു. പൂച്ചയുടെയോ പുലിയുടെയോ മുഖവുമായി എനിക്കതിനു നല്ല സാമ്യം തോന്നി. സന്ദർശകരിൽ ചിലരെല്ലാം ഈ ആമകളെ ഭക്തി പൂർവ്വം നമസ്കരിക്കുന്നുണ്ടായിരുന്നു.
ക്ഷേത്ര സന്ദർശനം നടത്തി തടാകത്തിലെ പാലത്തിൽ നിൽക്കുന്നത് ഒരു അനുഭവം തന്നെയായിരുന്നു. അവിടെ നിന്നും നോക്കിയാൽ ഹാനോയിയുടെ പ്രധാനാകർഷണമായ ടർട്ടിൽ ഗോപുരം കാണുവാൻ കഴിയും. ഈ തടാകം തന്നെ ആമകളുടെ കഥകൾക്ക് പ്രശസ്തമാണല്ലോ. പണ്ടേതോ രാജാവിന്റെ മുൻപിൽ ഒരു ആമ പ്രത്യക്ഷപ്പെട്ടതും അനുഗ്രഹം കൊടുത്തതുമായ കഥകൾ ഇവിടെ പ്രസ്തമാണ്. അതിനു ശേഷം രാജാവിന്റെ ഉടവാളിൽ ആമയുടെ ചിത്രം ഉണ്ടായിരുന്നത്രെ. ആമക്ക് അങ്ങനെ ഇവിടെ ഒരു ദൈവീക പരിവേഷവുമുണ്ട്.
ഹാനോയിയിലെ കുളിരും, ത്വക്കിനെ ഇക്കിളിയിടുന്ന കുളിർകാറ്റും, ആരിലും പ്രണയ വികാരങ്ങൾ ഉണർത്തുന്ന ഒരന്തരീക്ഷം തന്നെ. ഇതിനുമുൻപൊരിക്കലും എനിക്കീ വികാരം മറ്റൊരു സ്ഥലത്തുനിന്നും ഇത്രയും തീവ്രമായി ഉണ്ടായിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. മധുവിധുവിനു തിരഞ്ഞെടുക്കുവാൻ ഏറ്റവും ഉത്തമമായ ഒരു സ്ഥലം എന്ന് ഞാൻ ശുപാർശ ചെയ്യും.
മ്യുസിയങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഇവിടെ ധാരാളം അവസരങ്ങളുണ്ട്. വിയറ്റ്നാമിന്റെ ചരിത്രം പറയുന്ന ചരിത്ര മ്യുസിയം തുടങ്ങി അനേകം മ്യൂസിയങ്ങൾ ഇവിടെയുണ്ട്. ഹോ ചി മിൻ മ്യുസിയും, ആർമി, എയർഫോഴ്സ് മ്യൂസിയങ്ങളും എടുത്തു പറയേണ്ടവ തന്നെ. ക്ഷേത്ര ദർശനങ്ങൾ നടത്തണമെങ്കിൽ അതിനുമുണ്ട് ഇവിടെ ഏറെ അവസരങ്ങൾ. സാഹിത്യത്തിന് പോലും ഇവിടെ ക്ഷേത്രമുണ്ട്. ടെമ്പിൾ ഓഫ് ലിറ്ററേച്ചർ ഹാനോയിയിലെ ആദ്യകാല സർവകലാശാല കൂടിയാണ്. തടാകത്തിലേക്ക് കയറിക്കിടക്കുന്ന ഞോങ് സെൻ ക്ഷേത്രം, ബാച്ച് മാ ക്ഷേത്രം, ഹാനി ക്ഷേത്രം തുടങ്ങി ധാരാളമുണ്ട് ഈ പട്ടികയിൽ.
ധാരാളം പൂന്തോട്ടങ്ങളും ഇവിടെയുണ്ട്. ഹോവൻ കീം തടാകത്തിനു ചുറ്റും മനോഹരമായ ഉദ്യാനങ്ങൾ തന്നെ. ഇവിടെയെത്തുന്ന ഇണകൾ ഈ തടാകക്കരയിൽ ഇട്ടിരിക്കുന്ന ഇരിപ്പിടങ്ങളിൽ ഇരുന്ന് പ്രണയം പങ്കുവയ്ക്കുന്നത് കൗതുകകരമായ ഒരു കാഴ്ചയാണ്.
ഇവിടത്തെ പ്രശസ്തമായ വാട്ടർ പപ്പറ്റ് തിയേറ്റർ കുട്ടികളുടെയും മുതിർന്നവരുടെയും ഒരു പ്രധാന വിനോദാകർഷണമാണ്. അതുപോലെ തന്നെയാണ് ഹാനോയ് ഓപ്പറ ഹവുസും ഗോൾഡൻ ബെൽ ഷോയും. ഇവിടെല്ലാം വിയറ്റ്നാമിന്റെ സാംസ്കാരിക പ്രകടനങ്ങൾ നേരിൽ കാണുവാൻ കഴിയും.
ലോകത്തിലെ തന്നെ മികച്ചതും സ്വാദിഷ്ടവുമായ ഭക്ഷണമാണ് വിറ്റ്നാമിലേത്. ഭക്ഷണ യാത്രകൾ സംഘടിപ്പിക്കുന്ന ടൂർ കമ്പനികൾ പോലും ഇവിടുണ്ട്. സസ്യമാംസ ഭക്ഷണങ്ങൾ കോർത്തിണക്കുന്നതിൽ അസാമാന്യ വൈദഗ്ധ്യമുള്ളവരാണ് ഇവിടത്തെ ജനത. പന്നി, പോത്ത്, കോഴി, കടൽ വിഭവങ്ങൾ എന്തുമാകട്ടെ, രുചികരമായ ഭക്ഷണം തയാറാക്കുന്നതിൽ ഇവർക്കുള്ള കഴിവ് എടുത്തു പറയേണ്ടത് തന്നെ. ഫോ ഗാ എന്നറിയപ്പെടുന്ന ചിക്കെൻ നൂഡിൽ സൂപ്പ്, ഫോ ബോ എന്നറിയപ്പെടുന്ന ബീഫ് നൂഡിൽ സൂപ്പ് എന്നിവ എടുത്തു പറയേണ്ട വിഭവങ്ങളാണ്. പാമ്പുകളുടെ വിഭവങ്ങളിൽ പ്രാഗൽഭ്യം അവകാശപ്പെടുന്ന ചില ഹോട്ടലുകളും ഇവിടെയുണ്ട്.
ഹാനോയിലെവിടെയും കിട്ടുന്ന മുട്ടക്കാപ്പി ഒരു പ്രത്യേക അനുഭവം തന്നെയാണ്. മുട്ട അടിച്ചു ചേർത്തുണ്ടാക്കുന്ന ഒരിനം കാപ്പിയാണിത്. ഇത് ഹാനോയിയുടെ മാത്രം പ്രത്യേകതയുമാണ്. ഇപ്പോൾ വിയറ്റ്നാമിലെ പല നഗരങ്ങളിലും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഹാനോയിലെ പഴച്ചാറുകൾക്കുപോലുമുണ്ട് ഒരു പ്രത്യേക രുചി. മിക്ക പഴങ്ങൾക്കൊപ്പവും ഫാഷൻ ഫ്രൂട്ടും ചേർത്താണ് ഇവർ പഴച്ചാറുകൾ ഉണ്ടാക്കുക.
മദ്യവും ബിയറും എവിടെയും സുലഭമായി കിട്ടുന്ന ഈ നഗരത്തിൽ മദ്യപിച്ചു ബഹളമുണ്ടാക്കുന്നവരെയോ മദ്യപിച്ചു എന്ന തോന്നലുണ്ടാക്കുന്നവരെയോ കണ്ടു കിട്ടുക അത്ര എളുപ്പമല്ല. എവിടെ നോക്കിയാലും ചിരപരിചിതരെപ്പോലെ പെരുമാറുന്നവർ മാത്രം. നല്ലൊരു വിനോദ സഞ്ചാര മനസ്സ് ഇവർക്കുണ്ടെന്നു തോന്നും. ടൂറിസം അവരുടെ വരുമാനമാർഗ്ഗമാണെന്ന് തിരിച്ചറിഞ്ഞവർ.
ഹാനോയിൽ നിന്നും നൂറ്റിയെഴുപത് കിലോമീറ്റർ ദൂരത്ത് അതി മനോഹരമായ ഒരു വിനോദ സഞ്ചാര കേന്ദ്രമുണ്ട്. ഹാ ലോങ്ങ് ബേ എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് ഒരു ദിവസമോ രണ്ടു ദിവസങ്ങളോ പോക്കറ്റിനനുസരിച്ച് തങ്ങുവാൻ പറ്റുന്ന ടൂർ പ്രോഗ്രാമുകളുണ്ട്. ഗൾഫ് ഓഫ് താൻകിയയിലുള്ള ഈ കടലിടുക്കും, അതിലെ അതി മനോഹരങ്ങളായ ചുണ്ണാമ്പു മലകളും, അതിനുള്ളിലെ ഗുഹകളും, ദ്വീപുകളുമെല്ലാം ഫുക്കറ്റിലെ ആന്തമാൻ കടലിലൂടെയുള്ള യാത്രകൾ ഓർമിപ്പിക്കുന്നവയാണ്.
ഹാനോയിലേക്കുള്ള ഒരു യാത്ര നമ്മുടെ പഞ്ചേന്ദ്രിയങ്ങളെയും ഉത്തേജിപ്പിക്കുന്ന ഒരു അത്ഭുതാനുഭവം തന്നെയായിരിക്കും. ആതാമാവിനെ തൊട്ടുണർത്തുന്ന ഒരു യാത്രാനുഭവം നൽകുന്നതിൽ ഹാനോയ് എന്നും മുൻപന്തിയിൽ തന്നെയായിരിക്കും. എന്റെ യാത്രകളിൽ മികച്ച ഒരനുഭവം എനിക്ക് സമ്മാനിക്കുവാൻ ഹാനോയിക്ക് കഴിഞ്ഞു. ഇനിയും ഒരിക്കൽ കൂടി ഇവിടെയെത്തണമെന്ന പ്രാർത്ഥനയോടെയാണ് ഞാൻ വിയറ്റ്നാമിലെ തന്നെ മറ്റൊരു നഗരത്തിലേക്ക് പറന്നത്.
ഡോ സുനീത് മാത്യു
ഈസിനോഫിലിയ
-
കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത...
-
സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 1944 ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖി. പ്രണയ പശ്ചാത്തലത്തിലെ ദുരന്ത കഥ പറയുന്ന ബഷീറിൻറെ ഈ നോവ...









