2023 ജനുവരി 26, വ്യാഴാഴ്‌ച

കരിമർമ്മം


 

1985


ഇടമലയാർ വനപ്രദേശത്തോട് ചേർന്നുകിടക്കുന്ന പ്രകൃതിഭംഗി നിറഞ്ഞ മലയോര ഗ്രാമമാണ് വാടാട്ടുപാറ.

മടക്കപ്പാറയിൽ നിന്ന് ഇടമലയാർ വഴി പൂയംകുട്ടിയിലെ ആനക്കുളത്തേയ്ക്ക് പോകുന്ന ആനക്കൂട്ടങ്ങൾ വടാട്ടുപ്പാറ ഗ്രാമവാസികൾക്ക് പുത്തരിയല്ല. ആനവേട്ടയ്ക്കും കാട്ടുകൊള്ളയ്ക്കും കുപ്രസിദ്ധരായ പലരും ഇപ്പോഴും ഗ്രാമത്തിലുണ്ട്. അതിൽ അഗ്രഗണ്യനായ ആനവേട്ടക്കാരനാണ് രാജൻ. ഒറ്റയാൻ രാജൻ!

കഥകൾ കുലംകുത്തിയൊഴുകുന്ന ഇടമലയാറ്റിലൂടെ തെന്നിത്തെറിച്ച് നീങ്ങുകയാണ് ഒരു തോണി. കാടുകയറാൻ ഇറങ്ങി പുറപ്പെട്ട രണ്ടുപേരാണ് ആ തോണിയിൽ. ഒറ്റയാൻ രാജനും  അയാളുടെ വലംകൈ മുരുകനും.

മറ്റുള്ള ആനവേട്ടക്കാരിൽ നിന്ന് ഒരു വ്യത്യസ്തത രാജനുണ്ട്. അയാൾ ഒറ്റയാനെ മാത്രമേ വേട്ടയാടൂ. അയാൾക്കതൊരു ലഹരിയാണ്. കാശിനേക്കാളും മദ്യത്തെക്കാളും സ്വന്തം കുടുംബത്തേക്കാളും ഹരം പിടിപ്പിക്കുന്ന ലഹരി.

മറ്റുള്ള ആനകളിൽ നിന്ന് വ്യത്യസ്തമായി ഏറെ നീണ്ടുവളഞ്ഞ്  അറ്റം കൂർത്തവയായിരിക്കും ഒറ്റയാന്റെ കൊമ്പുകൾ. കോടികൾ മറിയുന്ന ആനക്കൊമ്പ് കള്ളക്കടത്തിൽ അപൂർവ്വമായി കിട്ടുന്നതും ഏറെ ഡിമാന്റ് ഉള്ളതും ഒറ്റയാന്റെ കൊമ്പിനാണ്. കാട്ടിൽ ഒറ്റയാനിറങ്ങിയെന്നറിഞ്ഞാൽ കള്ളക്കടത്തു മുതലാളിമാർ രാജനു വേണ്ടി നെട്ടോട്ടമോടും. കൂടുതൽ കാശും മദ്യവും ആരു തരുന്നോ അങ്ങോട്ട് മറിയും രാജൻ. പ്രത്യേകിച്ചാരോടും മമതയില്ല.

രാജന്റെ ഒരേയൊരു സുഹൃത്തും കയ്യാളുമാണ് മുരുകൻ. ഉൾക്കാടുകളിൽ ആനച്ചൂര് മണത്ത് ആനകളുടെ സ്ഥാനമറിയാൻ

ബഹുമിടുക്കാണ് മുരുകന്.  മൈലുകൾക്കപ്പുറവും ആനയുടെ ഗന്ധവും ചലനത്തിന്റെ ഗതിയും മനസിലാക്കുന്നവൻ. രാജന്റെ വലംകൈ.

ആനക്കൊമ്പ് കച്ചവടമാണ് ഇഞ്ചത്തോണിയിലുള്ള എസ്റ്റേറ്റ് മുതലാളിമാരുടെ പ്രതാപത്തിനു പിന്നിൽ എന്നുള്ളത് പരസ്യമായ രഹസ്യമാണ്. വെടിവച്ചു വീഴ്‌ത്തുന്ന ആനകളുടെ കൊമ്പെടുത്ത് ഫോറസ്റ്റ്കാരുടെ കണ്ണുവെട്ടിച്ചു  ഭൂതത്താൻകെട്ട് ചെക്ക്പോസ്റ്റും കടത്തി ആലുവയിലോ കൊച്ചിയിലോ എത്തിക്കുക എന്നുള്ളത് നിസ്സാരപണിയല്ല. ആളും സ്വാധീനവും ഉണ്ടെങ്കിലേ നടക്കൂ. പെണ്ണും കള്ളും ലക്ഷങ്ങളും മറിയുന്ന കച്ചവടം. ലാഭം കൊയ്യുന്ന ഇടനിലക്കാർ വേറെ.

ഏകദേശം 30 കിലോ അടുത്തുണ്ടാകും ഒരു ആനക്കൊമ്പിന്റെ ഭാരം അപ്പോൾ ആനയൊന്നിന് 60 കിലോ. ലക്ഷങ്ങൾ മറിഞ്ഞ് കരകൗശല കച്ചവടലോബികളുടെ  കൈയിലെത്തിയാൽ ശ്രീലങ്കയിലേക്കും നേപ്പാളിലേക്കും കോടികൾ മറിയുന്ന ഐവറി ട്രേഡിങ്ങ്. അതിന് ജീവൻ പണയം വയ്ക്കുന്ന വേട്ടക്കാർക്ക് കിട്ടുന്നത് ആയിരങ്ങളും വാറ്റും മാത്രം.

അത് ഒറ്റയാനാകുമ്പോൾ കൊമ്പിനു ഭാരവും ഭംഗിയും കൂടും. അവിടെയാണ് രാജൻ്റെ റോൾ. ഒറ്റയാനെ വെടി വെക്കാൻ സാധരണ വേട്ടക്കാർ മുതിരില്ല. നടക്കില്ല തന്നെ. അവിടെയാണ് രാജനെന്ന ഷാർപ്പ് ഷൂട്ടർ ഒറ്റയാനെ നേർക്ക് നേർ പോരാടി വിജയിക്കുന്നത്. അത് കൊണ്ടു തന്നെയാണ് ആ കോള് വേറെ ആർക്കും പോവാതെ രാജനെ തന്നെ തേടിയെത്തുന്നത്.

അങ്ങനൊരു കോളും കൊണ്ടുള്ള മുരുകന്റെ വരവിന്റെ ഫലമാണീ യാത്ര. ഇടമലയാർ ഉൾക്കാടുകളിൽ ഒരു  ഒറ്റയാൻ ഇറങ്ങിയിരിക്കുന്നു. കരിവീട്ടിപോലെ കറുത്ത അസാധാരണ വലിപ്പവും വളഞ്ഞു കൂർത്ത കൊമ്പുകളുമുള്ള അവനെ, കാട്ടുതേനെടുക്കാൻ പോയ ചാമിയാണ് ആദ്യം കണ്ടത്. ജീവനും കൊണ്ടോടി രക്ഷപെടുകയായിരുന്നു ചാമി. മനുഷ്യചൂരടിച്ചാൽ ക്ഷണനേരം കൊണ്ടു പാഞ്ഞെത്തി കൊമ്പിൽ കോർക്കുന്നവനാണ് ഒറ്റയാൻ. അവന്റെ കൊമ്പിൻ മുനയിൽ നിന്നു ചാമി രക്ഷപെട്ടത് തലനാരിഴ വ്യത്യാസത്തിലാണ്.

ഇഞ്ചത്തോണിയിലുള്ള ഒരു പ്രമുഖന് വേണ്ടി  വെറും ഇരുപതിനായിരം രൂപക്ക് ഏറ്റെടുത്ത കരാർ. അങ്ങനെ റൈഫിൾ ജോണി പണിതീർത്തു കൊടുത്ത പുതിയ തോക്കും, അത്യാവശ്യം ഭക്ഷണവും വെള്ളവുമായി കാടുകയറാൻ പുറപ്പെട്ടിറങ്ങിയതാണ് അവർ.

ഒറ്റയാനെ വീഴ്ത്താൻ കാടുകയറിക്കഴിഞ്ഞാൽ പിന്നെ രാജൻ തുള്ളി തൊടില്ല. അതിലും വലിയ ലഹരിയായി ഒറ്റയാൻ അവന്റെ സിരകളിൽ പടരും. അവനെ വീഴ്ത്തുന്നതുവരെ മറ്റൊരു ലഹരിയും രാജന് വേണ്ട, കാടുകയറിക്കഴിഞ്ഞാൽ ചിലപ്പോ ദിവസങ്ങൾ കഴിഞ്ഞേ കൃത്യം നടത്തി കാടിറങ്ങാൻ പറ്റൂ. കരുതിയിരുന്ന ഭക്ഷണവും വെള്ളവും  തീർന്നാൽ  കായ്കനികളും നീർച്ചോലകളും ആശ്രയം. അതുവരെയ്ക്കും മറ്റു വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നുള്ള കരുതലും വേണം. കരുതുന്നതിലും അധികം കഠിനമാണ്  ജോലി. ജീവന് ഒരുറപ്പുമില്ലാത്ത കളി.  

പുഴയിറങ്ങി വടാട്ടുപാറയുടെ അതിർത്തി ലക്ഷ്യമാക്കി അവർ നടന്നു അതിർത്തി പിന്നിട്ടു ഇടയ്ക്കിടെ പാറക്കൂട്ടങ്ങളിൽ തല്ലി തുള്ളിയൊഴുക്കുന്ന നീർച്ചോലകളും പിന്നിട്ട് ഉൾക്കാട് ലക്ഷ്യമാക്കി നടന്നു. ഉള്ളിലേക്ക് പോകുംതോറും കിളികളുടെയും മറ്റു ചെറു ജീവികളുടെയും കലപില കേട്ടു തുടങ്ങി, പുറകിൽ ഇടമലയാറിന്റെ കളകളാരവം നേർത്ത് നേർത്ത് വന്നു. ഇതിനിടയിൽ ശാന്തമായി കടന്നു പോകുന്ന ചെറു ആനക്കൂട്ടങ്ങളും കണ്ടു. അവ കടന്നു പോയ ആനത്താരകളിൽ വലിയതും ചെറുതുമായ  കാലടിപ്പാടുകൾ പതിഞ്ഞു കിടന്നു. ഉച്ചയോടെ അവർ കാടിന്റെ നിഗൂഢമായ നിശബ്ദതയിലേക്ക് കടന്നു.

സുരക്ഷിതം എന്ന് തോന്നിയ ഒരു സ്ഥാനത്തിരുന്നു അവർ ഭക്ഷണം കഴിച്ചു. അൽപ്പം വിശ്രമിച്ചശേഷം യാത്ര തുടർന്നു. നടക്കും തോറും കാടിന്റെ കനമേറി വന്നു.

“അണ്ണാ.” പെട്ടെന്ന് മുരുകൻ ഒന്നു നിന്നു. രാജനും ഒന്ന് നിന്ന് പരിസരം വീക്ഷിച്ചു.

“അണ്ണാ ആനച്ചൂര്!” രാജൻ പെട്ടെന്ന് ജാഗരൂഗനായി. മുരുകൻ പരിസരമാകെ വീക്ഷിച്ചു. പെട്ടെന്ന് അവനത് കണ്ടെത്തി അവർ നിൽക്കുന്നതിന്റെ കുറച്ചുമാറി അപ്പോഴും ആവിപറക്കുന്ന ആനപ്പിണ്ടം. മുരുകൻ ആനയുടെ കാലടി പാടുകൾ നോക്കി. നാലുകാൽപ്പാടുകൾ മാത്രം. ഒരാനയുടേത്, അതും അസാധാരണ വലിപ്പമുള്ള കാല്പാടുകൾ.

“അണ്ണാ ഇതവൻ തന്നെ, ഈ വഴി കടന്നുപോയിട്ട് അധികം നേരമായിട്ടില്ല.”

“ഉം, മുരുകാ ഒരു സുരക്ഷിത സ്ഥാനം കണ്ടെത്തണം, ഇന്നേതായാലും നേരം വൈകി, നമുക്ക് നാളെ തിരയാം.”

മുരുകൻ പരിസരമാകെ വീക്ഷിച്ചു. പടർന്നുപന്തലിച്ചു നിൽക്കുന്ന ഒരു വൻവൃക്ഷം കണ്ടെത്തി. ഒരാൾക്ക് സുഖമായി കിടക്കാൻ പാകത്തിന് വണ്ണമുള്ള ശിഖരങ്ങൾ. നേരം ഇരുട്ടുന്നതിനു മുമ്പ് അവർ ആ മരത്തിൽ കയറിപ്പറ്റി. കൈയിലുണ്ടായിരുന്ന ഭക്ഷണവും വെള്ളവും കഴിച്ചു. ഉറക്കത്തിനുള്ള വട്ടം കൂട്ടി.

അടുത്ത രണ്ട് ദിവസങ്ങളിലും അവർക്ക് ഒറ്റയാനെ കണ്ടെത്താനായില്ല. എന്നാൽ പലയിടത്തും അവന്റെ കാലടിപ്പാടുകൾ കാണാൻ കഴിഞ്ഞു. ഒരുദിവസം കാണുന്നതിന്റെ കൃത്യം അകലങ്ങളിലാണ് അവൻ പിറ്റേ ദിവസം കടന്നുപോകുന്നത് എന്ന് മുരുകൻ കണ്ടെത്തി അതിൻ പ്രകാരം അവർ അടുത്ത ദിവസം അവൻ കടന്നു വരാൻ സാധ്യതയുള്ള, കാടിന്റെ അതിനിഗൂഢത നിറഞ്ഞ, വൻ വൃക്ഷങ്ങൾ ഏറെ ഇടതൂർന്നു നിൽക്കുന്ന ഒരു പ്രദേശത്തെത്തി. ഏതു നിമിഷവും അവന്റെ വരവുണ്ടാകാം. അവരുടെ കണക്കു കൂട്ടൽ പ്രകാരം അവന്റെ വരവുണ്ടാകാൻ സാധ്യതയുള്ള ദിക്കിലേക്ക് അവർ ഓരോ മരത്തിന്റെയും മറപറ്റി നീങ്ങി കൊണ്ടിരുന്നു.

രാജൻ ഏതു നിമിഷവും വെടിയുതിർക്കാൻ പാകത്തിൽ തോക്കിന്റെ ട്രിഗറിൽ വിരൽ വച്ചു.  പെട്ടെന്ന് മുരുകൻ മൂക്കുവിടർത്തി. ആനച്ചൂര്! നിന്ന നിൽപ്പിൽ മുരുകൻ കൈകൊണ്ട് രാജന് സംജ്ഞ നൽകി. പുറകിൽ കരിയിലകൾ ഞെരിയുന്ന ശബ്ദം. രണ്ടുപേരും ഒരേ നിമിഷം പിന്തിരിഞ്ഞു.

ഞെട്ടിക്കുന്ന കാഴ്ച്ച, അവർക്കു നേരെ ചാർജ്ജ്‌ ചെയ്തു പാഞ്ഞടുക്കുകയാണ്, ഒരു കൊമ്പൻ.

അപ്രതീക്ഷിതമായ ആക്രമണം, പതറിപ്പോയ രാജൻ, സംയമനത്തിന്റെ ഒരു നിമിഷത്തിൽ അവനു നേരെ വെടിയുതിർത്തു.

ഒരു ചിന്നം വിളിയോടെ നിന്ന കൊമ്പൻ ഒന്നു തിരിഞ്ഞ് വലതു വശത്തെ കാടിന്റെ ഇരുട്ടിലേക്ക് പാഞ്ഞു. പുറകെ അവരും. പക്ഷെ അവർക്ക് കണ്ടുപിടിക്കാനാവാത്ത വിധം അവൻ എങ്ങോട്ടോ മറഞ്ഞിരുന്നു.

“അണ്ണാ…”

മുരുകൻ  വിളിച്ചു. എന്താ എന്നർത്ഥത്തിൽ രാജൻ അവനെ നോക്കി.

“അണ്ണാ ഇതവനല്ല ഇത് വേറേതോ ആനയാ, കാൽപ്പാടുകൾ നോക്ക്. നമ്മള് കണ്ടേലും ചെറുതാ”, ആന ഓടിപോയ വഴിയിലെ കാല്പാടുകൾ ശ്രദ്ധിച്ചു മുരുകൻ പറഞ്ഞു.

“എന്തായാലും അവനെങ്ങോട്ടാ ഓടിയതെന്ന് അറിയണമല്ലോ..നീ വാ.”

അവൻ പോയ വഴികളിലെ ചെടികളിലെ ഇലകളിൽ ചോരത്തുള്ളികൾ ഇറ്റു കിടന്നിരുന്നു.

 “അണ്ണാ, കാലിലാ   വെടി കൊണ്ടേന്നു തോന്നുന്നു.

ആഴത്തിലുള്ള മുറിവാ. അതാ ഇങ്ങനെ ചോര പോയിരിക്കുന്നത്.  നോക്ക് ചെടികളുടെ അടീലെ എലകളിലാണ് ചോരപ്പാടുകൾ.”

“ഉം.”

“ആദ്യമായാണ് ഒരുത്തൻ എന്റെ കയ്യീന്ന് ചാവാതെ പോണത്. നീ വാ നമ്മക്ക് നോക്കാം.”

അവർ സാവധാനം ജാഗരൂകരായി നടക്കാൻ തുടങ്ങി. ഉൾക്കാടിറങ്ങി കാടിന്റെ വെളിമ്പ്രദേശത്താറായപ്പോൾ നീർച്ചോലയുടെ കളകളാരവം അവരുടെ ചെവികളിൽ പതിച്ചു.

“അണ്ണാ, ആനച്ചൂര്, ഒന്നല്ല, അവർ കൊറേ പേരുണ്ട്.”

അവർ ശ്രദ്ധയോടെ ഓരോ ചുവടും വച്ചു. പെട്ടെന്ന് രാജൻ അതു കണ്ടു. താഴെ തളം കെട്ടികിടക്കുന്ന ചോര.

“അപ്പോൾ അവനിങ്ങോട്ടേക്കാണ് ഓടി വന്നത്, കൂട്ടം തെറ്റി വന്നേണ്. ഇപ്പോളവൻ കൂട്ടം ചേർന്നിട്ടുണ്ടാവണം.”

അവരുടെ ഊഹം ശരിയായിരുന്നു, മുറിവേറ്റവൻ, അവിടെ നീർച്ചോലയിൽ വെള്ളം കുടിക്കുന്ന ആനകളുടെ ഒപ്പം ചേർന്നിരിക്കുന്നു. കുറ്റിക്കാടുകളുടെ മറപറ്റി നിന്ന് അവരാ കാഴ്ചകണ്ടു. മുറിവേറ്റ കാലിന്റെ  ഭാഗത്തു പുഴയരികിൽ നിന്നുള്ള ചെളി, തുമ്പിക്കൈ കൊണ്ട് വാരിപൊത്തുന്ന അവനെ. അവനു ചുറ്റും കൂടി നിൽക്കുന്ന പെണ്ണാനകളും കുട്ടിയാനകളും.

ചോരയൊഴുക്ക് നിൽക്കാൻ ആനകൾ പ്രയോഗിക്കുന്ന ഒരു വിദ്യയാണത്. മുറിവേറ്റ ഭാഗത്തു ചെളിവാരി പൊത്തുക എന്നുള്ളത്. ആനകൾക്ക് മുറിവേറ്റാൽ സ്വാഭാവിക രീതിയിൽ മുറിവ് കൂടി കരിയില്ല. മുറിവ് പഴുത്ത് വൃണമായി ജീവിതകാലം മുഴുവൻ ആ വേദനയും സഹിച്ചു നടക്കേണ്ടി വരും.

രാജനും മുരുകനും പതുക്കെ അവിടുന്ന് പിൻവലിഞ്ഞു. അല്ലേങ്കിലും അവരുടെ ലക്ഷ്യം അവനല്ലല്ലോ. ഒറ്റയാനല്ലേ! അവനെയല്ലേ കിട്ടേണ്ടത്.

പിന്നീടുള്ള രണ്ട് ദിവസങ്ങളിലും അവർക്ക് ഒറ്റയാനെ കണ്ടെത്താനായില്ല.  തെല്ലും നിരാശ്ശരാകാതെ അടുത്ത ദിവസവും അവർ അവനെ തേടിയിറങ്ങി. പട്ടാപ്പകലും ഇരുട്ട് വീണു കിടക്കുന്ന വനാന്തർഭാഗങ്ങൾ. ഇടയ്ക്ക് മുരുകൻ ചില അടയാളങ്ങൾ രാജന് കാട്ടിക്കൊടുത്തു. ഉൾക്കാടുകയറിപോയിരിക്കുന്ന കൊമ്പന്റെ കാല്പാടുകൾ, അത് അവർ തേടി നടക്കുന്ന ആ ഒറ്റയാന്റെ തന്നെയെന്നവർ മനസിലാക്കി. മരങ്ങളിൽ അവിടെയായി തൊലി ഉരഞ്ഞു പോയ പാടുകൾ മുരുകൻ കണ്ടെത്തി. അതവൻ ദേഹമുരസി കടന്നുപോയ മരങ്ങളാണ്. താഴെ കിടക്കുന്ന ഉണങ്ങിത്തുടങ്ങിയ ആനപിണ്ടങ്ങൾ കണ്ടു അവൻ ഇന്നലെയോ മറ്റോ ആണ് ആ വഴി പോയിരിക്കുന്നത് എന്ന് മുരുകൻ ഊഹിച്ചു. നേരം മധ്യാഹ്നമായിരിക്കുന്നു. രണ്ടുപേരും ഏറെ തളർന്നു. അല്പമെന്തെങ്കിലും കഴിച്ചിട്ടാകാം ബാക്കി എന്നവർ തീരുമാനിച്ചു. സുരക്ഷിതമായ ഒരു സ്ഥലം നോക്കി അവർ മുൻപോട്ട് നടന്നു. അപ്പോഴാണ് അത്ഭുതപെടുത്തുന്ന ആ കാഴ്ച രാജൻ കണ്ടത്. അവിടെ പൊട്ടിപൊളിഞ്ഞ ഒരു ക്ഷേത്രത്തിന്റേതുപോലുള്ള അവശേഷിപ്പുകൾ  പൂർണമായും കരിങ്കല്ലുകൊണ്ട് നിർമ്മിച്ച ഒരു ക്ഷേത്രമോ മണ്ഡപമോ ആയിരിക്കണം അത്. അതിനിടയിലൂടെ ഓടിക്കളിക്കുന്ന ചെറുമുയലുകളും കുരങ്ങന്മാരും. അവരെ കണ്ടിട്ടും ഭയലേശമില്ലാതെ അവ തങ്കളുടെ പ്രവൃത്തികൾ തുടർന്നു. മണ്ഡപത്തിനു മുമ്പിലെന്നോണം ഒരു വലിയ വൃക്ഷം, അതിന്റെ വേരുകൾ ഭൂമിക്കു മുകളിലൂടെ വളർന്നു നിന്നിരുന്നു. രണ്ടോ മൂന്നോ പേർക്ക് സുഖമായി ഇരിക്കാൻ തക്ക വണ്ണമുള്ള വേരുകൾ.

രാജൻ ആ കാഴ്ച മുരുകന് കാട്ടിക്കൊടുത്തു. ആഹ്ലാദത്തോടെ അവൻ പറഞ്ഞു.

“അണ്ണാ,  എന്തേലും കഴിച്ചു ഒന്നിരുന്നിട്ടൊക്കെ ബാക്കി. അവൻ എന്തായാലും ഈ വഴി ഇന്ന് വരില്ലെന്നുറപ്പാ.” രാജനും അവന്റെ അഭിപ്രായം ശരിവച്ചു.

രണ്ടുപേരും ആ വൻവൃക്ഷത്തിന്റെ വേരുകളെ ഇരിപ്പിടമാക്കി ഭക്ഷണം കഴിക്കാൻ തുടങ്ങി. രാജൻ തോക്ക് സമീപത്തു തന്നെ എപ്പോൾ വേണമെങ്കിലും എടുക്കാൻ പാകത്തിൽ വച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞു രാജൻ കുപ്പിയിലെ വെള്ളമെടുത്തു വായിലേക്ക് കമിഴ്ത്താനായി വായോടടുപ്പിച്ചു മുഖമുയർത്തിയതും ചുറ്റും എന്തോ അസാധാരണത്വം ശ്രദ്ധയിൽപ്പെട്ടു. അവിടെ ഓടികളിച്ചുകൊണ്ടിരുന്ന മുയൽക്കുട്ടികൾ, കുരങ്ങന്മാർ ഇവരൊക്കെ അസാധാരണമാവിധം ശബ്ദം ഉണ്ടാക്കുകയും എങ്ങോട്ടൊക്കെയോ ഓടിമറയുകയും ചെയ്തു. രാജൻ പെട്ടെന്ന് ആ കാഴ്ച്ച കണ്ടു നിശ്ചലനായി ഇരുന്നു. കഴിച്ചു കഴിഞ്ഞ് രാജന്റെ സമീപത്തു എഴുന്നേറ്റ് നിന്നിരുന്ന മുരുകനിലും ആ കാഴ്ച്ച പതിഞ്ഞു. അവനും നിശ്ചലം നിന്നു.

അവർ ഇരിക്കുന്നതിന് നേരെ മുമ്പിൽ കുറച്ചകലത്തിലായി അവൻ, ഒറ്റയാൻ!

ഒറ്റനോട്ടത്തിൽ രാജനും മുരുകനും അവനെ തിരിച്ചറിഞ്ഞു. അവൻ പതുക്കെ അവർക്കു നേരെ നടന്നടുക്കുകയാണ്. ഏതു നിമിഷവും അവൻ പാഞ്ഞു വരാം. അവന്റെ നീണ്ട പീലികൾക്കിടയിൽ രാജൻ കണ്ടു, ക്രൗര്യം തിളങ്ങി കുറുകുന്ന കണ്ണുകൾ. രാജന്റെയും ഒറ്റയാന്റെയും നോട്ടം പരസ്പ്പരം ഇടഞ്ഞു. രാജന്റെ കണ്ണുകളിൽ ഒരു കൊലയാളിയുടെ ലഹരി നുരഞ്ഞു.  മുരുകനും രാജനും അപ്പോൾ അവർ ആയിരിക്കുന്ന അവസ്ഥയിൽ തന്നെ നിശ്ചലരായി. അവരുടെ ചെറിയ ഒരനക്കം മതി അവൻ ചാർജ്ജ്‌ ചെയ്തു മുമ്പോട്ട് കുതിക്കാൻ. അവൻ ഓരോ അടികളും സാവധാനം വച്ചു അവരോട് അടുത്തുകൊണ്ടിരുന്നു. ചോരചുവപ്പാർന്ന കണ്ണുകൾ ക്രൗര്യമായി കുറുകി. കൊമ്പുകുലുക്കി അവൻ മുമ്പോട്ട് പായാൻ തുനിഞ്ഞ അതെ നിമിഷം രാജൻ പൊടുന്നനെ തന്റെ കയ്യിലിരുന്ന കുപ്പി മുമ്പോട്ടെറിഞ്ഞു. അപ്രതീക്ഷിതമായ ആ നീക്കത്തിൽ തന്റെ മുമ്പിൽ വന്നു വീണന്തെന്തന്ന് നോക്കാൻ ഒറ്റയാൻ തുമ്പി താഴ്ത്തിയ ആ ഒരു നിമിഷാർത്ഥം രാജൻ തന്റെ തോക്കെടുത്ത് ഉന്നംപിടിച്ച് അവന്റെ മസ്തകം നോക്കി വെടിയുതിർത്തു. മുന്നോട്ട് വച്ച കാൽ ചലിപ്പിക്കാനാവാതെ ആ കൊലകൊമ്പൻ അവർക്കു മുമ്പിൽ ചരിഞ്ഞു വീണു. അവന്റെ മസ്തകമാകെ ചുടുചോര ഒഴുകിപടർന്നു.

മുരുകൻ സന്തോഷം കൊണ്ട് ആർപ്പുവിളിച്ചു.

പെട്ടെന്ന് അവരെ ഞെട്ടിച്ചു കൊണ്ട് കുറച്ച് ഫോറെസ്റ്റ് ഗാർഡ്‌സ് തോക്ക് ചൂണ്ടി അങ്ങോട്ട് പാഞ്ഞടുത്തവരെ വളഞ്ഞു. 

ഫോറെസ്റ്റ് ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള ആക്രമണത്തിൽ പതറിപ്പോയെങ്കിലും രാജനും മുരുകനും പൊടുന്നനെ സംയമനം വീണ്ടെടുത്തു. എന്തുവന്നാലും കീഴടങ്ങരുത്, എന്ന തീരുമാനത്തിൽ അവർ തിരിച്ചടിക്കാൻ തീരുമാനിച്ചു. തോക്ക് ചൂണ്ടി നിൽക്കുന്ന ഫോറെസ്റ്റ് ഗാർഡിൽ ഒരാളെ പൊടുന്നനെ രാജൻ തോക്കിന്റെ പാത്തിക്ക് അടിച്ചു വീഴ്ത്തി. പിന്നീടവിടെ പൊരിഞ്ഞ പോരാട്ടമായിരുന്നു. മുരുകനും തിരിച്ചടിച്ചു. പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന് തോന്നിയ നിമിഷം രാജൻ മുരുകന് കണ്ണു കൊണ്ടൊരു സൂചന നൽകി ഇടമലയാർ ലക്ഷ്യമാക്കി ഓടാൻ തുടങ്ങി. പുറകെ വെടിയുതിർത്തുകൊണ്ട് ഫോറെസ്റ്റ് ഉദ്യോഗസ്ഥരും  പക്ഷെ ചിരപരിചിതമായ വഴിയിലൂടെ ശരവേഗത്തിൽ പായുന്ന അവരെ വെടിയുണ്ടകൾക്ക്  തൊടാനായില്ല. പൊടുന്നനെ ഒരു വലിയ വേരിൽ തട്ടി മുരുകൻ മുന്നോട്ടാഞ്ഞു വീണു. തട്ടി പിടഞ്ഞു എഴുന്നേറ്റ് വീണ്ടും ഓടാൻ തുടങ്ങിയ അവന്റെ വലതു കാലിനു വെടിയേറ്റു. വേദനകൊണ്ട് പുളഞ്ഞവൻ വീണെങ്കിലും പൊടുന്നനെ എഴുന്നേറ്റ് വീണ്ടും ഓടാൻ തുടങ്ങി. രാജൻ തിരിഞ്ഞ് നോക്കുമ്പോൾ പുറകിൽ ചോരയൊലിപ്പിച്ചു ഓടി വരുന്ന മുരുകൻ. ഓടുകയല്ലാതെ വേറെ നിവൃത്തിയില്ലാത്ത അവർ ഓടിക്കൊണ്ടിരുന്നു. പുറകെ ഗാർഡ്‌സും. ഇപ്പോൾ അവർക്ക് കുലകുത്തിയൊഴുക്കുന്ന ഇടമലയാറിന്റെ ഹുങ്കാരം കേൾക്കാം. രാജൻ “വേഗം ഓടെടാ.” എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ഓട്ടം തുടർന്നു. ഇടമലയാറിന്റെ തീരത്തെത്തിയതും രണ്ടുപേരും ആറ്റിലേക്ക് എടുത്തു ചാടി.

ഒഴുക്കിനെ മുറിച്ച് നീന്തുന്ന രാജനെയും മുരുകനെയും നോക്കി നിൽക്കുകയല്ലാതെ ഫോറസ്റ്റ് ഗാർഡ്‌സ്നു ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അത്രയും ഒഴുക്കുള്ള ഇടമലയാർ നീന്തിക്കടക്കുക എളുപ്പമല്ല എന്നവർക്കറിയാം.

പുഴ നീന്തി പകുതിയെത്താറായപ്പോഴേക്കും മുരുകൻ തളർന്നു പോയിരുന്നു. നീന്താൻ സാധിക്കാതെ അവൻ ഒഴുക്കിൽ മുങ്ങാൻ തുടങ്ങി. അപകടം മനസ്സിലാക്കിയ രാജൻ തിരികെ നീന്തി  മുരുകനെയും കൊണ്ട് തുടർന്ന് നീന്തി.

നീന്തി കരപറ്റിയ രാജൻ മുരുകനെ ഒരു പാറപ്പുറത്തു കിടത്തി, അരയിൽ സൂക്ഷിച്ചിരുന്ന പേനാക്കത്തികൊണ്ട് മുറിവ് കീറി. പച്ചമാംസം മുറിഞ്ഞപ്പോൾ മുരുകൻ വേദന കടിച്ചുപിടിച്ച് ഞരങ്ങി. രാജൻ മുറിവ് കീറി തറഞ്ഞിരിഞ്ഞിരിക്കുന്ന വെടിയുണ്ട കുത്തിയെടുത്തു കളഞ്ഞു, പിന്നെ കുറച്ച് പച്ചിലകൾ പറിച്ച് നീര് മുറിവിലേക്ക് ഒഴിച്ചു. ഉടുത്തമുണ്ടിന്റെ ഒരറ്റം കീറി മുറിവ് വലിച്ചു കെട്ടി. കുറച്ച് സമയം കഴിഞ്ഞപ്പോൾ പതുക്കെ ചോരയൊഴുക്ക് നിലച്ചു. മുരുകൻ സാവധാനം കണ്ണു തുറന്നു.

“വേദനയുണ്ടോടാ?”

“സാരമില്ലണ്ണാ, നമുക്കിവിടുന്നു പെട്ടെന്ന് മാറണം, ആലുവയ്ക്ക് പോകാം, അവിടെ ചെന്നു മൊതലാളിക്ക് ഫോൺ ചെയ്യാം, എന്നിട്ട് ബാക്കി തീരുമാനിക്കാം.”

“മുരുകാ, നമുക്ക് കേരളം വിടാം, അതാ ബുദ്ധി.”

അവർ എത്രയും പെട്ടന്നു തന്നെ അവിടുന്ന് നീങ്ങി, ഭൂതത്താൻക്കെട്ട് ചെക്ക് പോസ്റ്റിലെത്തി. ചരക്കു കയറിവരുന്ന ഒരു ലോറി കൈകാണിച്ചു നിർത്തി അതിൽ കയറി അവർ ആലുവയിലെത്തി.  ആലുവയിൽ നിന്ന് നേത്രാവതിയിൽ മഹാരാഷ്ട്രയിലേക്ക്.

പിറ്റേന്ന് വടയാട്ടുപാറ ഗ്രാമം ഞെട്ടിക്കുന്ന ആ വർത്തകേട്ടാണ് ഉണർന്നത്.

ഇടമലയാറിൽ ആനവേട്ട, ഒറ്റയാനെ വെടിവച്ചു വീഴ്ത്തിയ രാജനെയും മുരുകനെയും ഫോറസ്ററ് ഉദ്യോഗസ്ഥർ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, അവർ രക്ഷപെട്ടുകളഞ്ഞു. രാജന് തോക്ക് നിർമ്മിച്ചുകൊടുത്ത റൈഫിൾ ജോണി പിടിയിൽ. ആനക്കൊമ്പു കടത്തായിരുന്നു അവരുടെ ലക്ഷ്യം. ഇതിനു പുറകിൽ വമ്പൻ സ്രാവുകൾ ഉള്ളതായി കണക്കാക്കുന്നു . രാജനെയോ മുരുകനെയോ പിടികൂടിയാൽ മാത്രമേ ആരാണ് ഇതിനു പുറകിൽ എന്നറിയാൻ പറ്റൂ.

ഇവരെ കണ്ടുകിട്ടിയാൽ ആനക്കൊമ്പ് കടത്തിനെ കുറിച്ചുള്ള സകല വിവരങ്ങളും അറിയാൻ കഴിയും എന്ന് കരുതുന്നു.

അന്നത്തെ പ്രമുഖ പത്രങ്ങളിലെല്ലാം ഒറ്റയാൻ വെടിയേറ്റ് കിടക്കുന്ന ചിത്രവും, വാർത്തയും ഉണ്ടായിരുന്നു.

മാസങ്ങൾക്കു ശേഷം മറ്റൊരു ഞെട്ടിക്കുന്ന വാർത്തകൂടി വടാട്ടുപാറയെ തേടിയെത്തി.

ഗുജറാത്തിലെ ഏതോ ഗ്രാമത്തിൽ രാജനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുരുകനെപ്പറ്റി യാതൊരറിവുമില്ല.


2005


പുതുകഥകളുമായി ഇടമലയാർ ശാന്തമായി ഒഴുകി കൊണ്ടിരുന്ന ഒരു വേനൽക്കാലം. ഇടമലയാറ്റിന്റെ അടിത്തട്ടിലൂറിക്കൂടിയ ചെളിതട്ട് പോലെ രാജനും മുരുകനും ഒറ്റയാനുമെല്ലാം വാടാട്ടുപാറയിലെ പഴമക്കാരുടെ മനസ്സിലെ പഴംകഥകളിൽ ഒന്ന് മാത്രമായി ഒതുങ്ങിയിരുന്നു.

ആയിടയ്ക്കാണ് അപരിചിതനായൊരാൾ വടാട്ടുപാറയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. താടിയും മുടിയും വളർത്തി പ്രാകൃതനായ അയാളൊരു ഒറ്റക്കാലനുമായിരുന്നു. പുഴക്കരയിലും നാൽക്കവലയിലുമൊക്കെ അയാളെ പതിവായി കാണാൻ തുടങ്ങിയപ്പോൾ നാട്ടുകാരിൽ ചിലർ അയാളോട് സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ അയാളാരോടും പ്രതികരിക്കാൻ കൂട്ടാക്കിയില്ല.

“അത് മുരുകനാണ്. ഒറ്റയാൻ രാജന്റെ കൂട്ടാളി മുരുകൻ.”

കവലയിൽ ചായപ്പീടിക നടത്തിയിരുന്ന വാസുവേട്ടനാണ് ആ സംശയം ആദ്യമായി ഉന്നയിച്ചത്. വാസുവേട്ടന്റെ ചായപ്പീടികയിൽ നിന്ന് ആ സംശയം നാടാകെ പടരാൻ അധികം താമസമൊന്നുമുണ്ടായില്ല.

കാതുകളിൽ നിന്ന് കാതുകളിലേക്ക് പകർന്ന ആ വർത്തമാനം ഇഞ്ചത്തോണിയിലുള്ള രാജന്റെ മകൻ ജോസ്മോന്റെ ചെവിയിലുമെത്തി. രാജന്റെ തിരോധാനത്തിന് ശേഷം അയാളുടെ ഭാര്യയും മകനും ഇഞ്ചത്തോണിയിലുള്ള തറവാട്ട് വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.

വടാട്ടുപാറയിൽ നിന്നു ഇഞ്ചത്തോണിയിലേക്കുള്ള വനപാതയിലൂടെ ക്രച്ചസും കുത്തിപ്പിടിച്ചു നടക്കുകയാണ് അയാൾ. വിജനമാണ് വഴി. ഇരുവശത്തും കാടിന്റെ നിശബ്ദത.

അകലെനിന്ന് ഒരു ബൈക്കിന്റെ മുരളിച്ച. പതുക്കെ അതടുത്ത് വന്ന് അയാൾക്കരികിൽ ബ്രേക്കിട്ടു.

“അണ്ണാ, എന്നെ അറിയുമോ?”

 അയാളവനെ സൂക്ഷിച്ചു നോക്കി.

“ഞാൻ രാജന്റെ മകനാണ്.”

അയാളൊന്ന് ഞെട്ടിയോ?

രാജണ്ണന്റെ മകൻ!

എന്തെന്നില്ലാത്ത ഒരു പരിഭ്രമം ആ കണ്ണുകളിൽ നിറഞ്ഞു. നാസാരന്ദ്രങ്ങളിൽ ആനച്ചൂര് നിറഞ്ഞു. അയാൾ ചുറ്റും പകച്ചു നോക്കി.

“അണ്ണാ എങ്ങോട്ടേക്കാ, ഞാൻ കൊണ്ടു വിടാം.” അവൻ അയാളോട് സൗമനസ്യത്തോടെ പറഞ്ഞു.

വേണ്ട എന്ന മട്ടിലയാൾ തല ചലിപ്പിച്ചു.

“പെട്ടെന്ന് പൊയ്ക്കോ.”  പറയുന്നതിനിടയിലയാൾ ചുറ്റും പതറി നോക്കി കൊണ്ടിരുന്നു.

“അണ്ണാ, അപ്പയ്ക്ക് ശരിക്കും എന്താ പറ്റിയത്?” അവൻ ചോദിച്ചു. ഞെട്ടിത്തരിച്ചതുപോലയാൾ അവനു നേരെ  നോക്കിയതും, അവന്റെ ചോദ്യരൂപത്തിലുള്ള കണ്ണിന്റെ മറവിലൂടെ, പുറകിലായി മറ്റൊരു കാഴ്ചയിൽ അയാളുടെ മിഴികളുടക്കി.

കരിവീട്ടിപോലൊരു കൊമ്പൻ പതിയെ അവരെ ലക്ഷ്യമാക്കി അടിവച്ചടിവച്ചടുക്കുകയാണ്.

“വണ്ടി വിട്.”

അയാൾ സാവധാനം പറഞ്ഞു.

“അണ്ണൻ പറഞ്ഞിട്ടേ ഞാൻ പോവൂ.” ജോസ്മോന്റെ സ്വരത്തിൽ കർക്കശ്യം നിറഞ്ഞു.

“ഒച്ചവയ്ക്കരുത്. പുറകിൽ ആനയുണ്ട്, വണ്ടി വിട്….”, നിശ്ചലം നിന്ന് കൊണ്ടയാൾ പതിയെ പറഞ്ഞു.

ഞെട്ടിയെങ്കിലും പതിയെ തിരിഞ്ഞ ജോസ്മോൻ ആ കാഴ്ച കണ്ടു. സാവധാനം അവർക്ക് നേരെ വരുന്ന ഒരു കൊമ്പൻ.

ഒരു നിമിഷത്തെ ഞെട്ടൽ മാറി അവൻ പറഞ്ഞു.

“അണ്ണാ വണ്ടീൽ കേറ്.”

“ഞാനിവിടുന്നനങ്ങിയാൽ അവൻ ചാർജ്ജ്‌ ചെയ്തു പാഞ്ഞു വരും, നീ വണ്ടി വിട്ടോ.”

“അണ്ണാ…”

“വണ്ടി വിടെടാ…”,  അയാൾ വീണ്ടും പറഞ്ഞു.

അവൻ പിന്നെയൊന്നും ആലോചിച്ചില്ല ബൈക്ക് സ്റ്റാർട്ട് ചെയ്തു പാഞ്ഞു.

വണ്ടി സ്റ്റാർട്ട്‌ ചെയ്തതും കൊമ്പൻ ചാർജ്ജ്‌ ചെയ്തു മുൻപോട്ട് കുതിച്ചു. തിരിഞ്ഞോടിയിട്ടും ഫലമില്ലെന്നറിയാമെങ്കിലും ഓടാൻ ഭാവിച്ചതും ക്രച്ചസ് കൈയിൽ നിന്നും തെറിച്ചു പോവുകയും അയാൾ മുന്നോട്ടാഞ്ഞു വീഴുകയും ചെയ്തു. ക്രച്ചസ് എത്തിയെടുക്കാൻ ഒറ്റക്കാലിൽ ഇഴയുന്ന അയാളുടെ മുമ്പിലേക്ക് കുതിച്ചു വന്ന കൊമ്പൻ ഒന്നു നിന്നു. ദൈന്യതയോടെ ഭീതിതഭാവത്തോടെ മുഖമുയർത്തിയ അയാളുടെ കണ്ണിൽ ആദ്യം പെട്ടത് പഴുത്തു വൃണമായി പുഴുവരിക്കുന്ന കൊമ്പന്റെ മുൻകാലുകളിൽ ഒന്നാണ്.

വെടിയേറ്റ് ദൈന്യതയോടെ ചിന്നം വിളിച്ചു പാഞ്ഞോടിയ ഒരു കൊമ്പൻ അയാളുടെ ഓർമ്മകളിൽ തെളിഞ്ഞു. ഭീതിയോടെ വീണ്ടും നോക്കവേ കണ്ടു. മുറിവേറ്റ ആ കാൽ ഉയർത്തി തന്റെ ശിരസ്സിനു നേരെ കൊണ്ടു വരുന്ന അവനെ. നീണ്ടിടതൂർന്ന കൺപീലികൾക്കിടയിലൂടെ പക തിളങ്ങുന്ന കണ്ണുകൾ!

അവൻ തുമ്പിക്കൈ ഉയർത്തി ദിഗന്തം നടുങ്ങുമാറൊന്ന് ചിന്നം വിളിച്ചു. ഉയർത്തിയ കാൽ ശിരസ്സിനു നേരെ മിന്നായം പോലെ താഴ്ന്നു  വരികയാണ്. അയാൾ കണ്ണുകൾ ഇറുക്കിയടച്ചു.

അടഞ്ഞ കണ്ണുകൾക്കുള്ളിൽ തിരശ്ശീലയിലെന്ന പോലെയാ കർമ്മദൃശ്യങ്ങൾ തെളിഞ്ഞു.

കയറിൻ തുമ്പിൽ ജീവന് വേണ്ടി കേഴുന്ന ഒരുവന്റെ ദൃശ്യം.

ഒറ്റ് കൊടുത്തവന്റെ ക്രൂരമായ ചിരി!

കൊടിയ ചതി!

അതെ ചതിക്കു ചതി! പിന്നെ കണ്ണുമഞ്ഞളിപ്പിച്ച നോട്ടുകെട്ടുകൾ കണ്ട് ഉറ്റ സുഹൃത്തിനേക്കാൾ വിശ്വസിച്ചവരിൽ നിന്നും. ഇപ്പൊ പക തീർക്കുന്ന കൊമ്പനിൽ നിന്നും.

മുരുകന് ബോധം മറഞ്ഞു പോകുന്ന പോലെ അയാൾ കണ്ണുകൾ ഇറുക്കിയടച്ചു. കുറച്ചു കഴിഞ്ഞിട്ടും ഒന്നും സംഭവിക്കുന്നില്ല.

മുരുകനെ ചവിട്ടാനായി കാലുയർത്തിയ കൊമ്പന്റെ കണ്ണുകൾ അയാളുടെ മുറിച്ചുമാറ്റപ്പെട്ട കാലിൽ പതിച്ചുവോ? ഉയർത്തിയ കാൽ സാവധാനം പിൻവലിച്ച്, തുമ്പി കൊണ്ട് മുരുകനെ ഒരു തട്ട് തട്ടി അവൻ തിരിഞ്ഞു കാടിനുള്ളിലേക്ക് നടന്നു.

കണ്ണ് തുറന്ന മുരുകൻ ആ കാഴ്ചകണ്ട് അമ്പരപ്പോടും ഭീതിയോടും സ്വയം തോന്നിയ പുച്ഛത്തോടും വെറുപ്പോടും കൂടി അനങ്ങാതെ ഏറെ നേരം ആ കിടപ്പു കിടന്നു.

പിന്നെ സാവധാനം നിരങ്ങി തന്റെ ക്രച്ചസ് തപ്പിയെടുത്തു നിവർന്നു നിന്നു. വിജനമായി കിടക്കുന്ന കാട്ടുപാതയിലേക്ക് നോക്കി, ഒരു നിമിഷം നിന്നു. പിന്നെയൊരു ദീർഘനിശ്വാസമെടുത്ത്  സാവധാനം നടന്നു. ഒരുവശത്ത് തന്നെ മാടി വിളിക്കുന്ന കാടിന്റെ വന്യമായ നിഗൂഢതയിലേക്ക്. ഏതോ അദൃശ്യ പ്രേരണയാൽ എന്നപോലെ ഇടമലയാറിന്റെ ഉൾക്കാട്ടിലേക്കയാൾ സാവധാനം നടന്നു മറഞ്ഞു.


 

ജിസ പ്രമോദ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ