2023 ജനുവരി 26, വ്യാഴാഴ്‌ച

മുടന്ത്



ഉച്ചയ്ക്ക് തുടങ്ങിയ മഴ ശമിക്കുന്ന ലക്ഷണമേയില്ല. ഇനിയും വൈകിയാൽ അവിടെയെത്തുമ്പോഴേക്കും സമയമതിക്രമിക്കും.

“ഞാനിറങ്ങുവാ” അകത്തേക്ക് നോക്കിപ്പറഞ്ഞുകൊണ്ട് രവീന്ദ്രവർമ്മ മഴയിലേക്ക് നരച്ച കുട നിവർത്തി.

മഴയ്ക്കും തനിക്കുമിടയിൽ കുട തീർത്ത പ്രതിരോധത്തിന്റെ സഞ്ചരിക്കുന്ന തുരുത്തിൽ അയാൾ നടന്നു നീങ്ങി. ബസ്സ്സ്റ്റോപ്പിലെത്തും മുമ്പേ അയാൾക്കു പോകേണ്ട ബസ്സ് കടന്നുപോയി. എത്താൻ ചുവടുകൾ മാത്രം ബാക്കിയുള്ളപ്പോൾ, ലക്ഷ്യങ്ങൾ നഷ്ടമാവുന്നത് പുതിയയനുഭവമല്ലാത്തതിനാൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല. കുട മടക്കി കാത്തിരിപ്പ് കേന്ദ്രത്തിലെ സിമന്റ് ബഞ്ചിലിരുന്നു. ഇനി അര മണിക്കൂറെങ്കിലും കഴിയണം അടുത്ത ബസ്സ് വരാൻ.

ബസ്സിൽനിന്നിറങ്ങിയപ്പോഴേ കണ്ടു ദീപപ്രഭയയിൽ മുങ്ങിയ ‘കൈലാസം’.ആധുനിക രീതിയിൽ പണികഴിപ്പിച്ച ഇരുനിലക്കെട്ടിടം. പാതയുടെ ഇരുവശത്തും പല നിറങ്ങളിലുള്ള കാറുകളുടെ നീണ്ട നിര. ഗേറ്റിലെത്തിയപ്പോഴേ ശങ്കരൻകുട്ടിയും വിജയമ്മയും ഓടിയെത്തി സ്വീകരിച്ചു.

“സതിയെയെന്താ കൂട്ടാഞ്ഞത് ?” അവർ.

“അവൾക്ക് ചെറിയ തലവേദന.” കള്ളം പറഞ്ഞതിന്റെ ജാള്യത മുഖത്തു പ്രതിഫലിച്ചോ ആവോ! ഓഫീസിൽ നിന്നുമെത്തിയവരുടെയടുത്തേക്ക് ഇപ്പോൾ വരാമെന്ന് പറഞ്ഞ് അവർ പോയി.

വലിയ മുറ്റത്ത്‌ നിറയെ പന്തൽ. പലതരത്തിലുള്ള ഭക്ഷണം. മുന്തിയ ബ്രാൻഡുകളിലുള്ള മദ്യം. ഒരുപാടാളുകൾ. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കാണുന്ന വിളമ്പുകാർ.

ശങ്കരൻകുട്ടിയുടെ വിരമിക്കൽ ചടങ്ങിന് തന്നെ ക്ഷണിച്ചപ്പോൾ ഇത്രയും കരുതിയില്ല. ഓഫീസിൽ നിന്ന് സഹപ്രവർത്തകർ ഒരുവണ്ടിയിൽ വീട്ടിലെത്തിക്കുന്നു, ഫോട്ടോയെടുത്ത് ഭക്ഷണം കഴിച്ച് അവർ തിരിച്ചു പോകുന്നു, അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ തന്റെ വിശ്രമ ജീവിതത്തിനു ശുഭാരംഭം കുറിക്കുന്നു. ഇങ്ങനെയായിരുന്നു താൻ പ്രതീക്ഷിച്ചത്.

“ഇതൊക്കെ പിള്ളാരൊപ്പിച്ചതാ രവീ. അവർക്കിതൊരാഘോഷമാക്കണമെന്ന് നിർബ്ബന്ധം.” ശങ്കരൻകുട്ടി വീണ്ടും അടുത്തെത്തി.

“കാലത്തിനൊപ്പം നടക്കാത്തവർ കാലത്തിന്റെ കണ്ണിൽ മുടന്തരാണു ശങ്കരാ” ശങ്കരൻകുട്ടി മുഴുവൻ കേട്ടോയെന്നറിയില്ല. അപ്പോഴെത്തിയ കൂട്ടരുടെയടുത്തേക്കയാൾ പോയി.

ആർഭാടമില്ലെങ്കിലും തന്റെ വീട്ടുമുറ്റത്തും ഇങ്ങനൊരു ചടങ്ങിപ്പോൾ നടക്കേണ്ടതായിരുന്നെന്ന് വെറുതെ അയാൾ ചിന്തിച്ചു.

ഒന്നു മുതൽ ബിരുദം വരെ ഒരേ ക്ളാസിൽ പഠിച്ച്, ഒരേ ദിവസം ഒരേയോഫീസിൽ ശങ്കരനും താനും ജോലിക്ക് കയറിയതിന്നലത്തെപ്പോലെ ഓർക്കുന്നു. കൗതുകമുണർത്തുന്ന ഒരപൂർവ്വത!

‘ശങ്കരമംഗല’ത്തെ കാര്യസ്ഥന്റെ മകനെ തന്റെ മകന്റെയൊപ്പം എല്ലാ ചെലവുകളും വഹിച്ചു പഠിപ്പിച്ച വാസുദേവവർമ്മയെന്ന പിതാവിന്റെ പ്രവർത്തികൾ കണ്ടു ശീലിച്ച രവീന്ദ്രവർമ്മയിൽ ചെറുപ്പത്തിലേ മുളപൊട്ടിയ രാഷ്ട്രീയം, കലാലയ ജീവിതത്തിൽ വച്ച് രൂഢമൂലമായി. അത് വളർച്ചയെത്താതെ മുരടിക്കുന്നതോർത്ത് വിഷമിച്ചിരിക്കുമ്പോഴാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആഗതമായത്.

പുരോഗമനം തൊട്ടുതീണ്ടിയിട്ടില്ലാത്ത മുട്ടക്കരപ്പഞ്ചായത്തിൽ വർഷങ്ങളായി അധികാരം കൈപ്പിടിയിലൊതുക്കിയ നാട്ടുപ്രമാണിക്കെതിരെ മത്സരിക്കുവാൻ പ്രാദേശികക്കമ്മറ്റിയും നാട്ടുകാരും നിർബ്ബന്ധിച്ചു. പക്ഷേ ജോലി രാജിവെക്കേണ്ടി വരും. മനസ്സിൽ കടന്നുപോയ കൂട്ടിക്കിഴിക്കലുകൾക്കവസാനം മത്സരിക്കാൻ തന്നെ തീരുമാനിച്ചുറച്ചു. ശങ്കരൻകുട്ടിയുടെയും വീട്ടുകാരുടെയും എതിർപ്പുകൾക്കെതിരെ പാറ പോലെയുറച്ചു നിന്നു.

അഴിമതിയിൽ മുങ്ങിയ ഭരണത്തിനെതിരെ ജനങ്ങളെയൊന്നാകെയണിനിരത്തി പിടിച്ചെടുത്ത മിന്നും വിജയം. മുട്ടക്കര പഞ്ചായത്ത് പ്രസിഡണ്ടായി രവീന്ദ്രവർമ്മ അവരോധിക്കപ്പെട്ടു.

താൻ വിശ്വസിക്കുന്ന ആദർശങ്ങളിലും പഠിച്ച തത്വശാസ്ത്രങ്ങളിൽ നിന്നുമണുവിട വ്യതിചലിക്കാതെ നീതിയുക്തവും സത്യസന്ധവുമായ പ്രവർത്തനങ്ങളിലൂടെ മുട്ടക്കരയെ കേരളത്തിലെ മാതൃകാ പഞ്ചായത്തായി മാറ്റുകയായിരുന്നു രവീന്ദ്രവർമ്മ. ദേശീയ പത്രങ്ങളിൽ അയാൾ പ്രതിപാദിപ്പിക്കപ്പെട്ടു. പാർട്ടിയുടെ ഉന്നതവൃത്തങ്ങളിൽ സംസാരവിഷയമായി.

പഞ്ചായത്താപ്പീസിന്റെ മുമ്പിലെ കൊടിമരച്ചുവട്ടിൽ വച്ചൊരു തുളസിമാലയണിയിച്ച് അനാഥാലയത്തിൽ വളർന്ന സതിയെ ജീവീതത്തിലേക്കു കൂട്ടിയപ്പോൾ ആദർശ ജീവിതത്തിനു തിളക്കം കൂടി.

ഭരണകാലാവധി തീരായപ്പോൾ അനന്തപുരിയിലേക്ക് സംസ്ഥാന നേതൃത്വത്തിന്റെ വിളി.

“വർമ്മ, സ്വപ്ന സമാനമായ നേട്ടമാണ് നിങ്ങൾ ഇക്കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് പാർട്ടിക്കും മുട്ടക്കരക്കും വേണ്ടി നേടിയത്. കേവലമൊരു പഞ്ചായത്തിലൊതുങ്ങിപ്പോകാതെ ഈ സംസ്ഥാനത്തിന്റ അനിവാര്യതയാണ് നിങ്ങൾ. അതിനാൽ വരുന്ന തിരഞ്ഞെടുപ്പിൽ നിങ്ങൾ മത്സരിക്കുന്നില്ല. പകരം അടുത്ത വർഷത്തെ അസംബ്ലി തിരഞ്ഞെടുപ്പിന് നിങ്ങൾക്കിഷ്ടമുള്ള മണ്ഡലത്തിൽ നിങ്ങൾ മത്സരിക്കുന്നു.” സ്വപ്‌നം കാണാൻ പോലും കഴിയാത്ത വാഗ്ദാനം. സന്തോഷാശ്രു പൊടിഞ്ഞ കണ്ണുകൾ തുടച്ചു പടിയിറങ്ങുമ്പോൾ പിന്നിലെ ഗൂഢസ്മിതങ്ങളയാൾ കണ്ടില്ല.

മത്സരിച്ചില്ലെങ്കിലും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പാർട്ടിക്ക് ഭരണത്തുടർച്ചയുണ്ടാക്കി. ചന്ദ്രബാനു(ഇപ്പോൾ പാർലമെന്റംഗം) പ്രസിഡണ്ടായി.

മുത്തണിപ്പാടത്തെ രണ്ടേക്കർ നിലം നികത്തി, പ്രത്യക്ഷമായും പരോക്ഷമായും അനേകർക്കു തൊഴിൽ കിട്ടുന്ന ഒരു ഫാക്ടറി മുട്ടക്കരയിലേക്കു വരുന്നു! ഭരണത്തുടർച്ചയുണ്ടായ മുട്ടക്കരക്ക് സർക്കാരിന്റെ പാരിതോഷികം. പക്ഷേ നാട്ടുകാർക്കന്നം തരുന്ന പാടം നികത്തുന്നത് ജീവൻ പോകുന്നതിനു തുല്യമെന്നു കരുതിയ വർമ്മ ഇതിനെയെതിർത്തു. പാർട്ടിയും സർക്കാരും അതു കണ്ടതായി ഭാവിച്ചില്ല. തൊഴിലാളിവിരുദ്ധനായി അയാൾ ചിത്രീകരിക്കപ്പെട്ടു. പാർട്ടി എന്നേക്കുമായി അയാളെ പടിയടച്ചു പിണ്ഡം വച്ചു. എത്ര വേഗം ഒരു ജനതയുടെ ഹൃദയത്തിലയാളിടം നേടിയോ അതിലും വേഗമവിടെനിന്നയാൾ നിഷ്കാസിതനായി. നല്ലൊരു നാളെയെ സ്വപ്‌നം കണ്ട നാട്ടുകാർ അയാൾക്കു നേരെ മുഖം തിരിച്ചു. വരാനിരിക്കുന്ന ഭവിഷ്യത്തിനെക്കുറിച്ചു പറഞ്ഞപ്പോൾ ചെവികൾ കൊട്ടിയടച്ചു.

ഫാക്ടറിയുടെ പുകക്കുഴലിൽ നിന്നുയരുന്ന കറുത്ത പുക നോക്കി നിൽക്കുമ്പോൾ ജോലികഴിഞ്ഞിറങ്ങിയവർ അയാളെ നോക്കി പുച്ഛത്തോടെ ചിരിച്ചു കടന്നുപോയി.

എന്നാൽ ആറു മാസത്തിനുള്ളിൽ എന്നേക്കുമായി പുക നിലച്ച ഫാക്ടറിയുടെ മുമ്പിൽ സമരം നടത്തുന്ന നാട്ടുകാരെ നോക്കി അയാൾ ചിരിച്ചില്ല. പച്ചനോട്ടുകൾ സമരമൊത്തുതീർപ്പാക്കിയപ്പോൾ, ഫാക്ടറിയുടെ സ്ഥാനത്ത് ഫ്ളാറ്റ് സമുച്ചയം വന്നപ്പോഴും അയാൾ നിസ്സംഗനായിരുന്നു.

പിന്നെ സതിയിലേക്കും അവൾ തന്ന മകനിലേക്കുമൊതുങ്ങിയ ജീവിതം പാരലൽ കോളജുകളിൽ ക്ളാസ്സെടുത്ത് പതുക്കെ തുഴഞ്ഞു നീക്കി.

പതിവു തെറ്റിച്ച് മുട്ടക്കരയിൽ പ്രളയമുണ്ടാവുകയും മിക്കയാണ്ടുകളിലുമതാവർത്തിക്കുകയും ചെയ്തപ്പോൾ അയാളുടെ ഉള്ളു പിടഞ്ഞു. തന്റെ നാടിന്റെ ഗതികേടോർത്തു കരഞ്ഞു.

“രവീ, വരൂ, നമുക്ക് ഭക്ഷണം കഴിക്കാം.”

ശങ്കരൻകുട്ടി തോളിൽ തട്ടിയപ്പോൾ അയാളോർമ്മകളിൽ നിന്നുണർന്നു. മിക്കയാളുകളും പൊയ്ക്കഴിഞ്ഞിരുന്നു. ശങ്കരനൊപ്പം നടക്കുമ്പോൾ കാലുകൾക്ക് ഭാരം പോലെ. ഏറെ നേരമിരുന്നതിനാലാവും.

അതോ കാലത്തിനൊപ്പം നടക്കാഞ്ഞതു കൊണ്ടാണോ…..



അനിൽകുമാർ എം ബി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ