2023 ഫെബ്രുവരി 27, തിങ്കളാഴ്‌ച

ഇതിവൃത്തം മലയാള സാംസ്കാരിക മാസിക, ഫെബ്രുവരി 2023, ലക്കം 29


 

മുഖമൊഴി

 

മാസങ്ങളിൽ ഏറ്റവും ചെറിയ മാസമാണിത് എങ്കിലും ധാരാളം ദേശീയ അന്തർദേശീയ ദിനങ്ങൾ ആചരിക്കപ്പെടുന്ന ഒരു മാസം കൂടിയാണ് ഫെബ്രുവരി. ലോക കാൻസർ ദിനം, വാലന്റീൻസ് ദിനം, സാമൂഹിക നീതി ദിനം തുടങ്ങി പതിനാലോളം ദിനങ്ങൾ ഫെബ്രുവരിയിലുണ്ട്.

സ്നേഹത്തിന്റെയും പ്രേമത്തിന്റെയും സന്ദേശങ്ങളുമായി ഓരോ വർഷവും വാലന്റീൻസ് ദിന സന്ദേശങ്ങൾ കൊണ്ട് നമ്മുടെ സാമൂഹ്യമാധ്യമങ്ങൾ കരകവിഞ്ഞൊഴുകും. നാം അതൊരുത്സവമായി മാറ്റും. ചിലർ അവസരങ്ങളാക്കിയും.

പത്രങ്ങളും ടി വി കളും നോക്കിയാൽ കാണുന്നത്, കാമുകൻ കാമുകിയെയും, കാമുകി കാമുകനെയും, ഭർത്താവ് ഭാര്യയെയും, മറിച്ചും കൊല്ലുന്ന വാർത്തകൾ തന്നെ. ഇത്തരം വാർത്തകൾ ദിനം പ്രതി വർദ്ധിക്കുന്നു എന്നത് ആശങ്കാജനകം തന്നെയാണ്. യഥാർത്ഥ പ്രണയം പങ്കാളികളിൽ കുറഞ്ഞു വരുന്നുണ്ടോ എന്നൊരു സംശയം മറ്റു പലരിലുമെന്നപോലെ എന്നിലും ഉടലെടുത്തിട്ടുണ്ട് എന്നതാണ് ഈ കുറിപ്പിനാധാരം.

എന്താണ് യഥാർത്ഥ പ്രണയം? അത് നമ്മൾ സങ്കൽപ്പിക്കുന്ന പോലെ ഒന്നാകണമെന്നില്ല. അതിനു ചില ഘടകങ്ങൾ ഒത്തുചേരണം.

അപരിമിതമായ അല്ലെങ്കിൽ നിരുപാധികമായ സ്നേഹമാണ് ആദ്യ ലക്ഷണം. നഷ്ടലാഭങ്ങളുടെ കണക്കെടുക്കാത്തതാകണം യഥാർഥ സ്നേഹം. സന്തോഷത്തിലും സന്താപത്തിലും ഒപ്പം നിൽക്കുന്ന പങ്കാളികളാകണം. അവനൊരു ലൈക്കിട്ടാൽ ഞാനൊരു ലൈക്ക് കൊടുക്കാം എന്ന സാമൂഹിക മാധ്യമ ചിന്തയാകരുത് പ്രണയം.

പങ്കാളിയെ പൂർണ്ണമായും അവരുടെ വ്യക്തിത്വത്തോടെ ഉൾക്കൊള്ളുമ്പോഴാണ് പരസ്പര ബഹുമാനം ഉടലെടുക്കുക. ഇത് യഥാർത്ഥ പ്രണയത്തിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്. ഉടമസ്ഥാവകാശം സ്ഥാപിക്കുക്കുന്നതോ ഉപഭോഗ വസ്തുവായി കാണുന്നതോ പ്രണയമല്ല.

എന്തും പരസ്പരം പങ്കുവയ്ക്കുക എന്നതാണ് മറ്റൊന്ന്. പങ്കിടുന്ന കാര്യങ്ങൾ മനസ്സിലോർത്തു വയ്ക്കുന്നതും അവസരം വരുമ്പോൾ അത് വിനിയോഗിക്കുന്നതും പ്രണയമല്ലെന്നു മാത്രമല്ല, ചതി കൂടിയാണ്. സ്വന്തം എന്നതിൽ ഇണ കൂടി ചേർക്കപ്പെടണം. അവരുടെ പ്രശ്നങ്ങളും സ്വന്തം പ്രശ്നങ്ങൾ തന്നെയാകണം.

ആദ്യം സൂചിപ്പിച്ചതുപോലെ പരസ്പര ബഹുമാനം ഇണകൾക്കിടയിൽ അത്യാവശ്യ ഘടകമാണ്. അത് വാക്കുകളിൽ മാത്രമാകരുത്. പ്രവൃത്തിയിലും പ്രതിബിംബിക്കണം. എന്തിനും ഏതിനും തർക്കിക്കാതെ ഇണയുടെ വീക്ഷണ കോണിൽക്കൂടി ചിന്തിക്കുവാനുള്ള ഒരു മനസ്സുമുണ്ടാകണം. നിശ്ചിത ലക്ഷ്യത്തിനു വേണ്ടി ഒന്നിച്ചു പ്രവർത്തിക്കാനുള്ള ഒരു മനസ്സുമുണ്ടാകണം.

ഇനിയും ഏറെയുണ്ട് എഴുതാൻ. എങ്കിലും ഇത്രയും കാര്യങ്ങളെങ്കിലും പ്രാവർത്തികമാക്കുവാൻ കഴിഞ്ഞാൽ പ്രണയം സഫലമാകും. എല്ലാവർക്കും അതിനു കഴിയട്ടെ. ഇനിയിത്തരം പത്രവാർത്തകൾ ഉണ്ടാകാതിരിക്കട്ടെ. ഇതിനായി ഉയർന്നു ചിന്തിക്കുക.


എല്ലാവർക്കും ഒരു പ്രണയ ദിനം ആശംസിക്കുന്നു.


 

ഡോ സുനീത് മാത്യു

പ്രതി-കരണം

 


നവ-സമൂഹ മാധ്യമങ്ങളിലും, പരമ്പരാഗത-ബഹുജന മാധ്യമങ്ങളിലൊക്കെ വാർത്തകളുടെയും, വിനോദത്തിന്റെയും, വിജ്ഞാനത്തിന്റെയും പൊടിപൂരമാണ്. ആര് നടന്നാലും, കിടന്നാലും, ചിരിച്ചാലും, തിരിഞ്ഞാലും, കരഞ്ഞാലുമൊക്കെ നല്ല സ്റ്റൈലൻ വാർത്തകളായിമാറും (വാർത്തകൾ എന്ന വാക്ക് ഇവിടെ സാമാന്യവല്‍ക്കരിച്ചതാണ്). ഒരു മൊബൈൽ ഫോൺ കൈയ്യിലുള്ളവരൊക്കെ വ്‌ളോഗർമാരും, നിരൂപകരും, ജേർണലിസ്റ്റ്കളും, കലാകാരരുമായ പുതുകാലത്തിന്റെ പരിണാമ സിദ്ധാന്തം ചാൾസ് ഡാർവിനെപ്പോലും കുഴക്കിയേക്കാവുന്ന അവതാരങ്ങളെയും സംഭാവനചെയ്യുന്നുണ്ട്. ‘ഏറ്റവും അര്‍ഹമായത്‌ അതിജീവിക്കുമെന്ന’ പറഞ്ഞുവച്ചതുമാത്രം ഏകദേശം ശരിയാകുന്നതുകൊണ്ടു ഡാർവിൻസാറിനും അഭിമാനിക്കാനേ വഴിയുള്ളൂ. പുതിയ വർത്തമാനങ്ങൾ, അഭിപ്രായങ്ങൾ, വാദങ്ങൾ, അപവാദങ്ങൾ, ജനപ്രവാദങ്ങളൊക്കെ പുതുമാധ്യമങ്ങൾ ചൂടോടെ നമ്മുടെ വിരൽത്തുമ്പുകളിൽ എത്തിക്കുന്നു. തിരമാലകൾപോലെ കൂടുതൽ വാർത്തകൾ വരുന്നു, പോകുന്നു, പിന്നെയും വന്നുകൊണ്ടേയിരിക്കുന്നു. ചിലപ്പോഴൊക്കെ സുനാമികളും. വ്യക്തികൾ, സമൂഹങ്ങൾ, ചലച്ചിത്രങ്ങൾ, രാഷ്ട്രീയ നിലപാടുകൾ, നാക്കുളുക്കലുകൾ, ചിന്തകൾ, ചിന്താശൂന്യതകൾ, എന്നുതുടങ്ങി പരമ്പരാഗത-ബഹുജന മാധ്യമങ്ങൾക്കും  ഒരുചാൺ മുകളിൽ, സൂര്യനുതാഴെയും മുകളിലുമുള്ള  വിഷയങ്ങളെല്ലാം നവ-സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. 

പരമ്പരാഗത മാധ്യമങ്ങൾക്ക് എഡിറ്റോറിയൽ നയങ്ങളും തിരുത്തലുകളും നിയന്ത്രണങ്ങളുമുണ്ടെങ്കിൽ നവമാധ്യമങ്ങൾക്ക് അതില്ല എന്നൊരു ചെറിയ-വലിയ പ്രശ്നമുണ്ട്. അതുകൊണ്ടുതന്നെ ആർക്കും എന്തും എങ്ങനെയും പറയാം എന്നൊരു സൗകര്യമുണ്ട്. നിയമ വ്യവസ്ഥക്കുപോലും പിടിതരില്ല ഈ നവ-നവങ്ങൾ. സൈബർ നിയമങ്ങൾക്ക് പരിധിയും പരിമിതിയുമുണ്ട്.  അതുകൊണ്ടുതന്നെ പലർക്കും ഇതൊരു വലിയ (അ) സൗകര്യമാണ് എന്നതാണ് സത്യം.

ആർക്കും ഇട്ടു താങ്ങാം എന്നതാണ് സ്ഥിതി. ഈയവസരത്തിൽ നിങ്ങളെക്കുറിച്ചോ നിങ്ങളുടെ നിലപാടുകളെകുറിച്ചോ പ്രവൃത്തിയെക്കുറിച്ചോ മറ്റോ ഒരു വാർത്ത വന്നാൽ എന്തുചെയ്യും? നല്ലതായാലും, ചീത്തയായാലും പ്രതികരിക്കണം, അല്ലാതെന്താ? അല്ലേ? പ്രത്യേകിച്ച്, പ്രതികരണവാഞ്ഛ നമുക്ക് ജന്മസിദ്ധമാണെന്നോർക്കുമ്പോൾ.

എൻ്റെ അഭിപ്രായത്തിൽ അങ്ങ് വിട്ടുകളയണം. അത്രതന്നെ. കാരണം, ഇതൊക്കെ കേറി ഏറ്റുപിടിച്ചാൽ, പഴമൊഴികൾ മൊഴിഞ്ഞ വേലിയിലെ പാമ്പുപോലാകും.

പക്ഷെ ഒരുകൂട്ടരുണ്ട്, തങ്ങൾക്കെതിരെ വരുന്നതും അല്ലാത്തതുമായ വർത്തകൾക്കെല്ലാം പ്രതികരിച്ച്‌, ഒരുകരണത്തുകിട്ടുന്ന അടിക്കു മറുകരണം കൂടി കാണിച്ചുവശാകുന്നവർ. അവരാണ് നവമാധ്യമങ്ങളുടെ അരുമകൾ, പൊന്നോമനകൾ, വഴികാട്ടികൾ. ഇത്തരം പ്രതികളെയും, മറുകരണം കാട്ടിയുള്ള പ്രതികരണങ്ങളെക്കുറിച്ചും ചെറിയൊരു ചിന്തമാത്രമാണിത്. ചിന്തയെക്കുറിച്ചു പറഞ്ഞപ്പോഴാണോർത്തത്. ചതുരവടിവായ ഭാഷയിൽ വാദിച്ച ചിന്തയും ഉഗ്രതാളത്തിൽ സംവദിച്ച ഉണ്ണിയും മാത്രമല്ല പ്രതികരണത്തിലെ പ്രതിസ്ഥാനത്ത്. കിട്ടിയ അടിക്ക് മറ്റേക്കരണം കൂടി കാട്ടുവാനുള്ള അവരുടെ മഹാമനസ്കതകൂടിയാണ്. അപ്പോൾ പ്രതി ‘കരണമാണ്.’ 

ബുദ്ധിഹീനങ്ങളായ ഇങ്ങനെ ചില പ്രതികരണങ്ങൾ ഇല്ലായിരുന്നെങ്കിൽ ലോകം ഏത്രനന്നായേനെ? പ്രത്യേകിച്ചും മാനസികവിക്ഷോഭങ്ങൾക്കടിമപ്പെട്ടു നടത്തുന്ന ഗീർവാണങ്ങൾ. വാർത്തകളുടെ ജീവചക്രവും ചക്രശ്വാസവും ഒക്കെത്തന്നെ ഇത്തരം പ്രതികരങ്ങളിലാണ്. അതിനായ് ചിലപ്പോൾ പ്രതികരണങ്ങളുടെ കഠിനമേറിയ നിർമ്മിതിയും നടത്തേണ്ടിവരും, മാധ്യമങ്ങൾക്ക്. പ്രകോപനപരമായ പ്രതികരണങ്ങൾ ഉണ്ടാക്കാനായി കഷ്ടപ്പെടുന്ന മാധ്യമങ്ങളും, കരഞ്ഞും തെറിവിളിച്ചും സ്തോഭപൂർവ്വം പ്രതി-കരിച്ചു പോകുന്ന പാവം മനുഷ്യരും. പോരേ പൂരം!

മാധ്യമ പ്രതികരണങ്ങൾ കെണികളാണ്. മാധ്യമങ്ങൾക്കു റേറ്റിങ്ങും, ലൈക്കും, നോട്ടങ്ങളും,  വരിസംഖ്യയും കൂട്ടാൻ നിങ്ങളുടെ (പ്രതി) കരണമാണ് അത്യുത്തമം. ഇനിയിപ്പോ മാധ്യമധർമ്മം ഒക്കെ വേണ്ടേ എന്നുപരിഭവിച്ചാൽ  പരമ്പരാഗത മാധ്യമങ്ങൾക്കുപോലും ഇല്ലാത്ത എന്ത് ധർമ്മമാണ് നവമാധ്യമങ്ങൾക്ക്.  മാധ്യമധർമ്മം എന്ന വാക്ക് എല്ലാരും കേട്ടിട്ടേയുള്ളൂ. കണ്ടിട്ടില്ല. കാരണം ഈ സാധനം ദിനോസറുകളെപ്പോലെയാണ്. പണ്ടെതോകാലത്തു ജീവിച്ചിരുന്നു എന്ന് കേട്ടിട്ടേയുള്ളൂ, എങ്ങനെ ഉൻമൂലനം ചെയ്യപ്പെട്ടു എന്നതിനെക്കുറിച്ചും പല കഥകളും പ്രചരിക്കുന്നുണ്ട്. ഇന്റർനെറ്റിൽ നോക്കിയാൽ ദിനോസറുകളുടെയൊക്കെ പടം കാണാം. ഇതുപോലുള്ള ‘പടം’ തന്നെയാണ്  ഇക്കാലത്തു മാധ്യമങ്ങളുടെ ധർമ്മം. ഇങ്ങനെയൊരു സാധനമേയില്ലാത്തുകൊണ്ടു ‘ലതെവിടെ’ എന്ന് ചോദിക്കരുത്. കിട്ടില്ല. ‘പടം’ മാത്രം കണ്ടു സായൂജ്യമടയണം. 

നമ്മുടെനാട്ടിൽ മാത്രംകൊണ്ടുവരുന്ന, ദ്രുതപ്രജനനം നടത്തുന്ന ഒരുവിഭാഗമുണ്ട്. പക്ഷപാത-പ്രതികരണവിദഗ്‌ദ്ധർ. അവർ തങ്ങൾക്കു സൗകര്യമുള്ള വിഷയങ്ങളിൽ പ്രതികരിച്ചുരമിക്കുന്നവരാണ്. പ്രതികരണത്തെ കലയും കുലയുമാക്കിയ ഇത്തരക്കാരെ നമുക്ക് തൽക്കാലം അവരുടെ തനതായ വഴിക്കുവിടാം. കാട്ടിലെത്തടി, തേവരുടെ ആന എന്നലൈനിൽ പോകുന്നവരെ നമ്മളെന്തുപറയാനാണ്! എല്ലാവർക്കും ജീവിക്കണമല്ലോ. മാത്രവുമല്ല വിവാദങ്ങൾ  നേരിട്ട് ബാധിക്കുന്നവരുടെ കാര്യമാണല്ലോ ഇവിടെ പ്രതിപാദിക്കുന്നത്. 

ഇതിനിടയിൽ ഒരുകാര്യവും ഇല്ലാതെ വെറുതേ പ്രതികരിച്ചു പണി വാങ്ങുന്ന ‘അമച്വർ’ പ്രതികരണക്കാരെയും ഈയിടക്ക് കണ്ടു. പഴയവീഞ്ഞു പുതിയകുപ്പിയിലാക്കി വിൽക്കാൻ നോക്കുന്ന മാധ്യമങ്ങളും ലാക്കാക്കുന്നത് ഇത്തരം പ്രതികരണങ്ങളാണ്. പഴക്കമേറിതാണെങ്കിലും സത്യങ്ങൾ വിളിച്ചുപറയുന്ന മാധ്യമങ്ങൾക്കെതിരെ പ്രതികരിച്ചാൽ, സത്യം മാഞ്ഞുപോകില്ല. പ്രത്യേകിച്ചും പൊതുജനത്തിന് കാര്യങ്ങൾ അറിയുന്ന സ്ഥിതിക്ക്. അതുകൊണ്ട് ഈ അവസരം പക്ഷപാത-പ്രതികരണവിദഗ്‌ദ്ധർക്കു നല്കി മിണ്ടാതിരിക്കുന്നതാണുത്തമം.

ഉള്ളതും നല്ലതും പറയാൻ ഒന്നുമേയില്ലാത്തവർക്കു വായടച്ചിരിക്കാം. ചുരുക്കത്തിൽ വിവാദ പരാമർശങ്ങൾക്കു നേരേ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. ഇനി പ്രതികരിച്ചേ മതിയാകൂ എന്നുണ്ടെങ്കിൽ, ഒന്നും പറയാനില്ലെന്നു പ്രതികരിക്കാം. അല്ലെങ്കിൽ ചതുരവടിവിലെ ചിന്തയെയും  ഉഗ്രതാളത്തിലെ  ഉണ്ണിയെയും പോലെ മെഗാസീരിയൽ നീളത്തിൽ കാലാകാലം പ്രതികരിച്ചുകൊണ്ടേയിരിക്കാം. ‘വാഴക്കുലയിൽ’ പണികിട്ടിയപ്പോൾ ചിന്ത ചിന്തിച്ചു തുടങ്ങിയെന്നു തോന്നുന്നു. പ്രതികരിച്ചു കണ്ടില്ല. മിണ്ടിയാൽ മണ്ടിയതുതന്നെ! മാമ്പഴത്തിനും പൂവൻപഴത്തിനുമൊക്കെ മറ്റു സൃഷ്‌ടികര്‍ത്താക്കളെ കണ്ടെത്തേണ്ടിവരും. പിന്നെ പറഞ്ഞിട്ട് കാര്യമില്ല.


 

സുമേഷ് രാമചന്ദ്രൻ

ഒറ്റയാൽ..

 












ഞാനിപ്പോൾ

നാടുകടത്തപ്പെട്ട

ഒറ്റയാലാണ്..


നേർത്ത നൂലിൽ

തൂക്കി കൊന്ന

പെണ്ണിന്റെ ജഡം


വായിച്ചു വായിച്ചു

ഞാൻ വീണ്ടും

മരിച്ചു വീണിരിക്കുന്നു..


ചങ്ങമ്പുഴയുടെയും

ഇടപ്പള്ളിയുടെയും

വരികൾക്ക്

എന്റെ ജീവനെ

ഉയിർത്തെഴുന്നേൽപ്പിക്കാൻ

ശക്തി തീരെ

ഇല്ലാതായിരിക്കുന്നു..


മുലകളൊട്ടും വളരാത്ത

പാൽചിരികളൊക്കെ

വിൽപ്പനയ്ക്ക്

വച്ചിരിക്കുന്ന

ചന്തയിലെ

ഒരൊറ്റയാലായി

ഞാൻ വളരുന്നു..


വെള്ളവും വളവും

ഒന്നുമില്ലെങ്കിലും

ജടപിടിച്ച ശിഖരങ്ങൾ

സൂര്യനെ നോക്കി

ചിരിച്ചു കൊണ്ടിരിക്കുന്നു..


കമ്പി വലയത്തിനുള്ളിൽ

എന്നെ നോക്കി ചിരിക്കുന്ന

ബുദ്ധന്റെ ബാഹ്യരൂപം

കണ്ടെനിക്ക് പേടി

മുളച്ചു വരുന്നു..


സ്വർണനിറമുള്ള

പ്രണയത്തിലേക്ക്

വളരാൻ കഴിയാത്ത

എന്നെ പ്രിയപ്പെട്ട

വാൻഗോഗ് ഉപേക്ഷിച്ചു

മടങ്ങുന്നു..


കടുക് പാടവും

സൂര്യകാന്തി പൂക്കളും

ചത്ത പാമ്പുകളുടെ

മണം വിതറുന്നു..


ദുഷിച്ച സ്നേഹത്തിന്റെ

പിറകെ നടന്ന

എന്റെ വേരുകൾ

ബലം കെട്ടു നശിച്ചു പോകുന്നു..


അയ്യപ്പനും നന്ദിതയും

മാറി മാറി

മരണത്തെ

പാനം ചെയ്യിപ്പിക്കുന്നു..


ഒരു ചിറകൊടിഞ്ഞ

പക്ഷി വീണ്ടുമെന്നെ

ശകാരിച്ചു കരയുന്നു..


 മുറിച്ചു മാറ്റപ്പെട്ട

കൊമ്പിലെവിടെയോ

ചീഞ്ഞ മാമ്പഴവും

ഒരു കുഞ്ഞ് കരച്ചിലും

മടിക്കുത്തഴിഞ്ഞ

ആമ്പൽപ്പൂവും

എന്നെ പിടിച്ചുലയ്ക്കുന്നു..


 പിന്നെ എവിടെയെങ്ങനെയാണ്

എന്നെ വേണ്ടാത്ത

നിന്റെ പ്രണയം

തിരഞ്ഞെനിക്ക്

നടക്കാൻ നേരമുള്ളതെന്ന്

ഞാനിടയ്ക്കിടെ

ഓർത്ത് നെടുവീർപ്പിടുന്നു..


സ്നേഹം നിഷേധിച്ച

ഒറ്റയാൽ മരമായി

നീയെന്നോ തന്ന്

പോയ പ്രേമത്തിന്റെ

രുചിയിൽ ഞാൻ

തഴച്ചു വളരുന്നു..


 

ആതിര തീക്ഷ്ണ

രക്തം

 



അതിരാവിലെ തന്നെ കുളിമുറിയിൽ കയറി തലേ രാത്രിയിൽ ഭർത്താവ് തൻ്റെ ദേഹത്തുപേക്ഷിച്ച ശുക്ലവും ഉമിനീരും കഴുകിക്കളഞ്ഞ് കുളിച്ചു തോർത്തി കണ്ണാടിയിൽ നോക്കിയപ്പോൾ അവളുടെ പ്രതിഛായ പറഞ്ഞു തുടങ്ങി ..

കാലമേറയായി.. മുടിയിഴകളിൽ നരവീണു തുടങ്ങി .. കണ്ണിലെ പ്രകാശമണഞ്ഞു. കവിൾത്തുടിപ്പുമാഞ്ഞു പോയി. ശിഷ്ട ജീവിതത്തിനായി ഇനിയെങ്കിലും നിനക്ക് പുറത്തിറങ്ങിക്കൂടേ..

നനവെല്ലാം തുടച്ചു മാറ്റി പുതുവസ്ത്രങ്ങളിഞ്ഞ് അടുക്കളയിലെത്തിയപ്പോൾ ചുമരിലെ ക്ലോക്കു പറഞ്ഞു: ഇന്നു നീ പത്തു മിനിട്ട് വൈകിപ്പോയിട്ടുണ്ട്. സമയ നിഷ്ടയില്ലാത്ത ജീവിതം നിനക്കു പാടുള്ളതല്ല.

പാത്രത്തിലെ ചായ പുറത്തേക്കു തിളച്ചു തൂവി കൈപ്പത്തിയെ പൊള്ളിച്ചു. അതവൾ കാര്യമാക്കിയില്ല. അല്ലെങ്കിൽ ശീലം കൊണ്ടത് അവൾക്കു സഹനീയമായിരിക്കുന്നല്ലോ ..

തലേ ദിവസം അരച്ചുവെച്ച ദോശമാവിൽ ഉപ്പു ചേർത്തിളക്കി പാചകത്തിൻ്റെ അടുത്ത ഘട്ടത്തിലേക്കു കടന്നു. പതിവില്ലാത്ത വിധം നേരിയതായി പരക്കാൻ വിസ്സമ്മതിച്ച് ദോശമാവ് കട്ട കെട്ടി അവളെ പരിഹസിച്ചു കൊണ്ടിരുന്നു. നെയ്മണം പരക്കുന്ന മൊരിഞ്ഞ ദോശയെന്ന സ്വപ്നത്തിൽ നിന്നു നിൻ്റെ ജീവിതത്തെ പുറത്തേക്കൂ നയിക്കൂ എന്ന ഓർമപ്പെടുത്തലിൽ അവൾ കുറച്ചു നേരം കുഴങ്ങി നിന്നു.

വേദനിക്കുന്നില്ല എന്നതുകൊണ്ടു മാത്രം ഒരു ജീവിയെ നിരന്തരം പീഡിപ്പിക്കുന്നത് കുറ്റകരമല്ലാതാകുന്നില്ല എന്ന വാചകം അസ്ഥാനത്താണ് അവിടെ കയറി വന്നത്. സാരമില്ല പോട്ടെ.. എന്നു പറഞ്ഞവൾ മായ്ച്ചുകളഞ്ഞിട്ടും അക്ഷരപ്പാടുകൾ അവിടവിടെ മായാൻ കൂട്ടാക്കാതെ തെളിഞ്ഞു നിന്നു.

ഇനി വേണ്ടത് ഒരു കറിയാണ്. പരിപ്പിനോടൊപ്പം ചേർക്കേണ്ട കഷണങ്ങൾ തെരഞ്ഞെടുത്ത് കഴുകി മുറിക്കുമ്പോഴാണ് കത്തിയൊന്നു പാളിയത്. മോതിരവിരലിൽ ആഴത്തിലൊരു മുറിവുണ്ടാക്കി രക്തം പുറത്തേക്കൊഴുകി. ഓരോ കഷണങ്ങളിലും പടർന്ന് അവയെ ചുവപ്പാക്കിക്കൊണ്ടിരുന്നു.

അപ്പോഴവൾ ഓർത്തത് അച്ഛനേക്കുറിച്ചായിരുന്നു. ചില സ്വപ്ന സാക്ഷാത്ക്കാരങ്ങൾക്കായി ജയിലറയിൽ അച്ഛനൊഴുക്കിയ രക്തം വഴി മാറിയൊഴുകിയതും എവിടെയുമെത്താതെ മണ്ണിൽ ലയിച്ചതും അവളോർത്തു പോയി. കൂടെ എൻ്റെ രക്തവും മാംസവും നിങ്ങൾക്കായി വിളമ്പുന്നു എന്ന് യേശു പറഞ്ഞതും.

തൻ്റെ രക്തം കേവലമൊരു പാചകക്കുറിപ്പിൽ പരക്കുകയാണ്. അടുക്കളയിലെ ഒരു നേരത്തെ ഭക്ഷണത്തിലൊതുങ്ങുകയാണ്. അൽപ്പാഹാരി കഴിച്ചുമിച്ചം വെക്കുന്ന അവശിഷ്ടത്തോടൊപ്പം വെയ്സ്റ്റു ബക്കറ്റിലെ മാലിന്യമായി മാറുകയാണ്..

പിന്നീടവൾ രക്തത്തെക്കുറിച്ചോർത്തത്, തൻ്റെ ആദ്യ രക്തത്തെക്കുറിച്ചായിരുന്നു. ഇണ ചേരാൻ പാകമായി എന്ന് വിളമ്പരപ്പെടുത്തി തൻ്റെ കാലിലൂടെ ഒലിച്ചിറങ്ങിയ ആദ്യ രക്തവും ഇനി പാലിക്കേണ്ട നിയമാവലികളുമായി അപ്പോൾ ജീവിച്ചിരിക്കുന്നവരും മരിച്ചു പോയതുമായ ഏതാനും കുലസ്ത്രീകൾ അവൾക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടതും. ഇനി അവൾ പാലിക്കേണ്ട ജീവിതചര്യകളെ അവർ അവിടെ വിളമ്പരപ്പെടുത്തി. ഭതൃപാദങ്ങളിൽ നമസ്കരിക്കേണ്ടതും ശിശു പരിപാലനവും വൃദ്ധജന ശുശ്രൂഷയും ഗൃഹം മോടിപിടിപ്പിക്കുന്നതുമൊക്കെ അതിൽപ്പെടുമായിരുന്നു. തൂവലുകൾ മുളച്ചുതുടങ്ങിയ ചിറകുകൾ ഇനി അപകടകാരിയാകുമെന്ന് അവർ പറഞ്ഞു. അല്ലെങ്കിലെന്തിനു ഇനി ചിറകുകൾ: മുട്ടകളെ അടവെക്കുവാൻ അവളുടെ കാലുകൾക്കിടയിൽ ഇടമുണ്ടല്ലോ..

ചുമർ ക്ലോക്കിലേക്കവൾ എത്തിനോക്കി. സമയം ഒമ്പതു കഴിഞ്ഞ് പത്തു മിനിട്ട്. മറ്റുള്ളവർക്കു വായിച്ചെടുക്കാനാവാത്ത പല കാരണങ്ങളാലും ആ സമയം അവിടെ നിലച്ചു.


 

വിലാസിനി രാജീവൻ

നാലു കവിതകൾ

 












1. അമ്മവീട്


പുളിപ്പും മധുരവും

മാറിമാറി നുണഞ്ഞ്

മതിയാവും മുമ്പേ

കാലത്തിന്റെ തുടിപ്പിലേക്ക്

ഉറ്റുനോക്കി

ഉള്ളിലെവിടെയോ

നീറിപ്പുകയുന്നുണ്ട്

ചിതലെടുത്ത

ജീവിത ഭാണ്ഡങ്ങളിലെ

ചിതലെടുക്കാത്ത ഓർമകളിൽ

അമ്മവീട്


2. അപൂർണ്ണം


എന്റെ

അക്ഷരചില്ലകൾ

ഇന്നും

അപൂർണമാണ്

നീവന്നുനിറയാതെ

പൂക്കാതെ

കായ്ക്കാതെ


3. എന്നിലെ നീ


പോകെപോകെ

നിന്നിൽ ഞാൻ

വേരറ്റുപോയേക്കാം

എന്നാൽ

ഒരു വേനലിനും

വഴങ്ങാതെ

നീയെന്നിൽ

വീണ്ടും വീണ്ടും

കിളിർത്തുകൊണ്ടേയിരിക്കും…


4. മൗനം


എത്രയോ ദിനരാത്രങ്ങൾ

മിണ്ടി തീർത്തവരാണ് നമ്മൾ

പിന്നീടെപ്പോഴാണ്

നമുക്കിടയിൽ വാക്കുകൾ

മുറിഞ്ഞത്

നിൻ്റെ വാക്കുകളാൽ നിറഞ്ഞിരുന്ന

എൻ്റെ ഹൃദയം

വറ്റിവരണ്ടിരിക്കുന്നു


സ്നേഹം കൊണ്ട്

മുറിവേൽപ്പിച്ചവൾക്ക്

നീ നൽകുന്ന വിധി

നിൻ്റെ മൗനം…


ശ്രീലക്ഷ്മി എൻ.ആർ

സൗഹൃദം

 


കർക്കിടകത്തിലെ കറുത്ത കാർമേഘങ്ങൾ നീങ്ങി,  ചിങ്ങം പുലർന്നെങ്കിലും.. എൻറെ മനസ്സിൽ വേദനകളുടെ ഇരുണ്ട മേഘങ്ങൾ ഇപ്പോഴും മൂടി തന്നെ നിൽക്കുകയാണ്..

ഒരു ഇടിമുഴക്കം പോലെ.. പഴയ ഓർമ്മകൾ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു…

നാടോട്ടാകെ ഓണാഘോഷത്തിന്റെ തിമിർപ്പിലാണെങ്കിലും.. ഞാൻ വേദനകളെയും വാരിപ്പുണർന്ന് നീറി നീറി തേങ്ങുകയാണ്…

അരികിൽ വന്നിരുന്ന്.. നെറുകയിൽ തലോടിക്കൊണ്ട് അമ്മ പറഞ്ഞു..

മറക്കണം മോനെ… ജീവിതം ഒന്നേയുള്ളൂ.. അത് നിന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കണം.. അല്ലാതെ നിൻറെ സ്നേഹം തിരിച്ചറിയാത്തവരെ ഓർത്ത് എൻറെ കുട്ടി ഇനിയും വിഷമിപ്പിക്കരുത്..

വാ മോനെ.. കുടുംബക്കാർ എല്ലാവരും എത്തിയിട്ടുണ്ട്.. അവർ നിന്നെയാണ് കാത്തിരിക്കുന്നത്..

ദുഃഖത്തിന്റെ വീർപ്പുമുട്ടലിൽ ആണെങ്കിലും.. അമ്മയുടെ ക്ഷണം ഞാൻ നിരസിച്ചില്ല.. മുറിയിൽ നിന്ന് അമ്മയുടെ കൂടെ മെല്ലെ പുറത്തിറങ്ങി..

കുട്ടികളും മുതിർന്നവരുമെല്ലാം ഒത്തുകൂടി നാളെ തിരുവോണത്തിന് പൂക്കളമൊരുക്കാൻ വേണ്ടി മുറ്റത്ത് കളം വരക്കുന്ന തിരക്കിലാണ്.. ഓരോരുത്തർ പല അഭിപ്രായങ്ങൾ പറഞ്ഞു ആകെ ബഹളം.. അതിനിടയിൽ എന്നെ കണ്ടതും അലക്സ് അച്ചായൻ, ചാടി എഴുന്നേറ്റ് ഓടി എൻറെ അരികിൽ വന്നു പറഞ്ഞു..

എന്നടാ റോയി ഇത്.. കൊല്ലം കുറെ ആയല്ലോ.. വിട്ട്കള… പോയോള് പൊക്കോട്ടെ..‌ കൊല്ലത്തിൽ ഓണത്തിനും ക്രിസ്മസിനുമാത്രമാണ് ഈ ഒത്തുകൂടുന്നത്.. നീയില്ലാതെ ഞങ്ങക്കൊക്കെ എന്ത് ആഘോഷാ ഉള്ളെ…..

അലക്സ് അച്ചായൻ അത് ചുമ്മാ പറഞ്ഞതല്ല.. ഒരുകാലത്ത് എല്ലാത്തിനും ഓടിനടക്കാൻ, മുൻപന്തിയിൽ ഞാനായിരുന്നു ഉണ്ടാവുക.. സദ്യ ഉണ്ടാക്കാനും പൂക്കളം ഒരുക്കാനും ഊഞ്ഞാല് കെട്ടാനും എന്തിനേറെ വീട്ടിൽ ഒച്ചയും ബഹളവും ഉണ്ടാക്കാൻ പോലും എന്നും മുൻപന്തിയിൽ ഞാനുണ്ടായിരുന്നു..

ആ എന്നെ, എനിക്കുതന്നെ നഷ്ടപ്പെട്ടിട്ട് അഞ്ചുവർഷമായി…

ജീവനോളം സ്നേഹിച്ച റിൻസി, എന്നെ ആയിരുന്നില്ല സ്നേഹിച്ചത് എന്ന് ഞാൻ തിരിച്ചറിയാൻ വൈകിപ്പോയി..

എൻറെ ഇഷ്ടം അവളോട് തുറന്നു പറയാനുള്ള ചങ്കൂറ്റം എനിക്ക് അന്ന് ഉണ്ടായിരുന്നില്ല.. ഞാൻ പറയുമ്പോഴേക്കും.. എൻറെ ആത്മാർത്ഥ സുഹൃത്തായ ജോർജുമായി അവളുടെ വിവാഹ നിശ്ചയത്തോളാം കാര്യങ്ങൾ എത്തിയിരുന്നു..

എല്ലാവരുടെ മുന്നിലും ഞാൻ അന്ന് നാണംകെട്ടു പോയി…

എല്ലാം മറന്നുവെന്ന് ഞാനിപ്പോൾ അഭിനയിച്ചു തുടങ്ങുകയാണ്.. മറന്നുവെന്ന് മനസ്സിന് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു എന്നു പറയുന്നതാണ് ഉചിതം..

എന്നെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയിട്ടാവും.. വിവാഹശേഷം ഇരുവരും എൻറെ കൺവെട്ടത്ത് വന്നിട്ടില്ല. എവിടെയോ  ഒളിച്ചു ജീവിക്കുകയാണ് പാവങ്ങൾ..

അതിനാൽ തിരുവോണനാളിൽ ഇരുവരെയും കണ്ടെത്താൻ തന്നെ ഞാൻ തീരുമാനിച്ചു..

റബർ തോട്ടത്തിന്റെ രാജാവായ കോട്ടയത്തേക്ക് അങ്ങ് വച്ചു പിടിച്ചു.

വിശാലമായ റബ്ബർ തോട്ടത്തിനിടയിലൂടെ ബുള്ളറ്റ് ഓടിക്കുമ്പോ തണുത്ത ശീതകാറ്റ് വീശുന്നുണ്ടായിരുന്നു..

അത് മനസിനെ വല്ലാതെ തണുപ്പിച്ചു.. കുന്നുകളും വളവും തീരിവും ഉള്ള ആ റബർ തോട്ടത്തിലുടെ ആറ് മണിക്കൂര്‍ നീണ്ട യാത്രക്കൊടുവിൽ…

ഒരുപാട് അന്വേഷിച്ചിട്ടാണെങ്കിലും ഒടുവിൽ ഞാൻ ആ, വീട്ടുമുറ്റത്തെത്തി..

പതിയെ ബുള്ളറ്റിൽ നിന്നും ഇറങ്ങി നടന്നു..

വീടീന്റെ മുൻ ഭാഗത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല.. പിറകുവശത്തേക്ക് പോയപ്പോൾ വിറകു വെട്ടുന്ന ഒരാളെ എനിക്കു കാണാമായിരുന്നു..

“എടാ ഉവ്വേ ഒളിച്ചു നിന്ന ഞാൻ കണ്ട് പിടിക്കകയാല എന്ന് കരുതി യോ ഇയ്യ്”

ഞാൻ അവൻ്റെ പിറകിൽ നിന്നുകൊണ്ട് ചോദിച്ചപോ അവൻ അന്തം വിട്ടപോലെ എന്നെ നോക്കുന്നുണ്ടായിരുന്നു..

എന്താടാ ഇയ്യ് പന്തം കണ്ട പെരുച്ചാഴി യെ പോലെ നോക്കണേ

ഞാൻ അവൻെറ തോളിൽ കൈവച്ച് ഒന്നും സംഭവിക്കാത്തത് പോലെ സംസാരിച്ചു…

എന്നെ കണ്ടതും അവന്റെ കണ്ണുകൾ നിറഞ്ഞു… ഒന്നും പറയാനാവാതെ അവൻ എന്നെ നെഞ്ചോട് ചേർത്തു പിടിച്ചു..

സോറിടാ… അതു മാത്രമേ അവനു പറയാൻ സാധിച്ചുള്ളൂ..

ഏയ്.. ഇയ് കരയുവാണോ.. അയ്യേ..

വാക്കുകൾ വഴിമുട്ടിയപ്പോൾ അവൻ എന്നെ വീട്ടിനകത്തേക്ക് ക്ഷണിച്ചു..

വീടും പരിസരത്തും ദാരിദ്ര്യം വിളിച്ച് ഓതുന്നുണ്ടെങ്കിലും.. മുറ്റത്ത് വലിയൊരു പൂക്കളം ഒരുക്കിയിട്ടുണ്ട്..

നിറഞ്ഞ പുഞ്ചിരിയോടെ റിൻസിയും ഞങ്ങൾക്കരികിലേക്ക് വന്നു..

 നീ എങ്ങനെ എന്നെ കണ്ട് പിടിച്ചെ ടാ..

മടിച്ചു മടിച്ചു അവൻ ചോദിച്ചപ്പോൾ ഉള്ളു ഒന്ന് തേങ്ങി എങ്കിലും.. പ്രയാസപ്പെട്ട് മുഖത്ത് പുഞ്ചിരി ഒരുക്കി ഞാൻ മറുപടി കൊടുത്തു..

എടാ ജോർജേ നീ ഏതു മാള ത്തിൽ ആണേലും ഞാൻ കണ്ട് പിടിച്ചിരിക്കും.. കാരണം നിങ്ങൾ രണ്ടുപേരും എന്റെ ജീവനായിരുന്നില്ലേ ടാ.

ഞാനത് പറഞ്ഞപ്പോൾ ജോർജിന്റെയും റിൻസിയുടെയും കണ്ണുകൾ നിറഞ്ഞു..

ഉടനെ ഞാൻ ആ മൂകത മാറ്റിയെടുത്തു…

തിരുവോണമായിട്ട് സദ്യ ഒന്നു ഇല്ലേ അളിയ.. പഴയ കഞ്ഞി കളി തന്നെയാണോ ഇപ്പോഴും..

അതു പറഞ്ഞതും ജോർജ് ചിരിച്ചു പോയി…

ഉണ്ട് അളിയ.. ഒരുപാട് വിഭവങ്ങൾ ഒന്നും ഇല്ലെലും സദ്യ ഒരുക്കിയിട്ടുണ്ട്..

നീ കൈയ്യ് കഴുകി വാ..

കൈയ്യും കഴുകി ഞാൻ ചെന്നപ്പോൾ കുഞ്ഞു ഇലയിൽ സാമ്പാർ അവിയൽ ഉപ്പേരി പപ്പടം അച്ചാർ കുട്ടൂകറി അങ്ങനെ നീണ്ടുനിൽക്കുന്ന വിഭവങ്ങൾ തയ്യാറാക്കി വച്ചിരിക്കുകയാണ്..

ജോർജിന്റെയും റിൻസിയുടെയും ഇരുവരുടെ മക്കളുടെയും കൂടെ ഇരുന്ന് വയറുനിറയെ സദ്യ കഴിച്ചു..

പിന്നെ ഓണപ്പാട്ടും പാടി.. പരസ്പരം ഓർമ്മകളും പങ്കുവെച്ചു രാവേറുവോളം അവരുടെ കൂടെത്തന്നെ അവരിൽ ഒരാളായി പങ്കുചേർന്നു..

ഒടുവിൽ ഇരുവരോടും യാത്ര പറഞ്ഞു ഞാനവിടെ നിന്നും ഇറങ്ങി..

മനസ്സിലുണ്ടായിരുന്ന വലിയൊരു ഭാരം ഇറക്കിവെച്ച ആശ്വാസമുണ്ടായിരുന്നു എനിക്ക്..

വീട്ടിൽ തിരിച്ചെത്തിയപ്പോൾ എനിക്ക് എന്നെ തന്നെ തിരിച്ചു കിട്ടിയത് പോലേ തോന്നി..

നൊമ്പരങ്ങളെ കുഴിച്ചുമൂടി അന്ന് തൊട്ട് ഞാനൊരു പുതിയ മനുഷ്യനായി ജീവിച്ചു തുടങ്ങി..

ആ തിരുവോണം ദിവസം ഒരിക്കലും മറക്കാനാവാത്ത ദിവസമായി ഇന്നും എൻറെ മനസ്സിൽ ഇരിപ്പുണ്ട്…

 


റഫ്‌സാന ഖാദർ

ഒറ്റമരം

 











ഒരു ഒറ്റമരമുണ്ട്

പന്ഥാവിനോരത്ത്

പാന്ഥർക്ക് തണലായ്‌

തണുപ്പായ്

മഴ നനഞ്ഞു

വെയിൽ കാഞ്ഞു

കാറ്റിലുലഞ്ഞാടി

ചായാതെ

ചരിയാതെ

ചിന്തകൾ

ചില്ലകളായ്

പടർന്നേറി

തലകുനിക്കാതെ

ഇലപൊഴിക്കാതെ

വറുതികൾ

കത്തുന്ന വേനലിൽ

മണ്ണടരുകളിൽ

വേരുകൾ പടർത്തി

ആഴത്തിൽ വേരൂന്നി

ജീവാംശമൂറ്റി

ഇലകളിലെന്നും

പച്ചപ്പടർത്തി

പൂവേകി കായേകി

പാന്ഥർക്കെന്നും

തണലേകി

ഉള്ളടരുകൾ

പൊട്ടിപിളരുന്നതറിയിക്കാതെ

ഒരു ഒറ്റമരമുണ്ടാ

പന്ഥാവിന്നോരത്ത്

യുയർത്തി

തളരാതെ

താങ്ങായി

തണലായി

ഒരു ഒറ്റമരം.


 

ജിസ പ്രമോദ്



മൂലധനം


 

ദീപാരാധനയ്ക്കുള്ള സമയമായി. ശ്രീലകത്ത് നിന്നുള്ള ദീപം പൂജാരിയിൽ നിന്ന് ഏറ്റുവാങ്ങുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ധൈര്യം തോന്നി.തേവരെ ഒന്നുകൂടി  തൊഴുത് ഉറച്ച കാലടികളുമായി മുൻപോട്ട് നടക്കുമ്പോൾ അതിശയം നിറഞ്ഞ ഒത്തിരി കണ്ണുകളിലൂടെ താൻ കടന്നു പോവുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. തന്നെ കാത്തിരിക്കുന്നവരുടെ അരികിലേക്ക്

ദീപവുമായി എത്രയും പെട്ടെന്ന് എത്തണം. ആളുകൾ അവൾക്ക്  വഴിമാറിക്കൊടുത്തു. കെടാവിളക്കിലേക്ക് ദീപം പകർന്ന് ഏറ്റെടുത്ത ജോലി തുടങ്ങാൻ മുഹൂർത്തമെത്തുന്നതും കാത്തിരിക്കുമ്പോൾ ഓർമ്മകളുടെ കുത്തൊഴുക്കിലേക്കവൾ തെന്നിയിറങ്ങി.

വരണ്ട കാറ്റ് മലയിറങ്ങി വന്ന ഒരു പകലായിരുന്നു അന്ന്. ചൂടിൻ്റെ പുഴുക്കൽ വല്ലാതങ്ങ് കൂടിയപ്പോഴാണ്

കൈക്കുഞ്ഞായ ഇളയവനേയും ഒക്കത്തെടുത്ത് അവൾ പുറത്തേക്കിറങ്ങിയത്. രണ്ട് വയസ്സായ മൂത്ത കുഞ്ഞ് തൊട്ടടുത്തുള്ള അച്ഛൻ വീട്ടിലേക്ക് അമ്മൂമ്മയോടൊപ്പം പോയതാണ്. പോയിട്ടിപ്പോ കുറച്ചു നേരമായി. തിരികെ വരാറായല്ലോ. എന്താണോ എത്താൻ വൈകുന്നത്?ആകെയൊരസ്വസ്ഥത ചുറ്റിവരിയുന്നു

ഉമ്മറത്തിരുന്ന്  റോഡിനപ്പുറത്തുള്ള മലയും നോക്കിയിരിക്കാൻ നല്ല സുഖമാണ്.മേഘങ്ങൾ മലയെ ചുറ്റി എവിടേക്കോ തിരക്കിട്ട് പോകുന്നത് കാണാം. ചരിവിലൊക്കെ നേരത്തെ നിറയെ മരങ്ങളായിരുന്നുവെന്ന് ഭർത്താവ് പറയുമായിരുന്നു. ആ കാലത്തൊക്കെ മഴയും മഞ്ഞും അവിടെയെപ്പോഴും പെയ്യുമായിരുന്നുവത്രേ. ചൂടുകാലം പോലും കഷ്ടപ്പെടുത്താറില്ലായിരുന്നൂന്ന് കേൾക്കുമ്പോൾ താൻ അന്തം വിട്ടിരിക്കും.  ഇപ്പോ അവിടെയെങ്ങും ഒറ്റമരമില്ല. ചെമ്മണ്ണ് കോരിയെടുക്കുന്ന യന്ത്രത്തിൻ്റെ മുരൾച്ച കേൾക്കാം. എന്നാണോ ഇനിയൊരു മഴക്കാലത്ത് ഈ മല ഒലിച്ചുപോകുന്നത്? അവശേഷിക്കുന്ന ഇത്തിരി മണ്ണിനടിയിൽ  തങ്ങളും പെട്ടുപോകും.

പതിവില്ലാതെ വേണ്ടാത്ത ചിന്തകളാണല്ലോ തന്നെയിന്ന് കെട്ടി മുറുക്കുന്നതെന്ന് അവളോർത്തു.

ഏതായാലും കുഞ്ഞിനേം കൊണ്ട് അമ്മ വരുന്നുണ്ട്. സമാധാനമായി. ആള് നല്ല ഉറക്കമാണ്. അകത്ത് കിടത്തിയിട്ട് അമ്മ ഉമ്മറത്തേക്ക് വന്നു.ചേട്ടനിന്ന് വരില്ല. അതുകൊണ്ട് തനിക്കും മക്കൾക്കും കൂട്ടിന് അമ്മയുണ്ടാവുമിവിടെ. സന്ധ്യയാകുന്നു.

വിളക്ക് വെയ്ക്കാനായി അമ്മ അകത്തേക്ക് പോയി. ദീപാരാധന കഴിഞ്ഞ് അമ്പല നട തുറക്കുമ്പോഴാണ് കെടാവിളക്കിൽ പകരാനുള്ള ദീപം ശ്രീലകത്തു നിന്ന് കൊടുക്കുക. അത് വാങ്ങാനുള്ള ഒരുക്കത്തിലായിരിക്കും ചേട്ടനിപ്പോൾ .

മലയടിവാരത്ത് ഇരുട്ടു പരക്കുന്നത് കാണാൻ നല്ല ശേലാണ്. കുങ്കുമ നിറം തൂവിയ പോലെയാവും ആകാശം. പിന്നെ മെല്ലെ മെല്ലെ നിറങ്ങൾ മാറി മാറി അഴകു വിടർത്തും. ഉത്സവത്തിന് പല വർണ്ണത്തിലെ പടക്കങ്ങൾ ആകാശത്ത് നിറങ്ങളുടെ പ്രപഞ്ചം തീർക്കും പോലെയാണത്. അവളറിയാതെ ഒരു നെടുവീർപ്പവളിൽ നിന്നുയർന്നു.  

വർണ്ണങ്ങളുടെ കുടമാറ്റത്തിന് ശേഷം മെല്ലെ മെല്ലെ ഇരുൾ മറ നീക്കിയെത്തും.അടിവാരമാകെ ഇരുട്ട് നിറയും. രാത്രിയെത്തി.ഇനിയാകെയുള്ള ശബ്ദം ചീവീടുകളുടെ രാഗ വിസ്താരം മാത്രമാണ്. പക്ഷേ പടക്കങ്ങൾ പൊട്ടുന്ന ശബ്ദമാണ് താൻ കേൾക്കുന്നത്. അമ്മയങ്ങനൊന്നും കേട്ടില്ലാന്നാ പറയുന്നത്. പിന്നെന്താ തനിക്കു മാത്രമങ്ങനെ തോന്നുന്നത്. അവൾ ഓരോന്നോർത്തു കൊണ്ട് മക്കളെ ചേർത്തു പിടിച്ചുറങ്ങാൻ ശ്രമിച്ചു. ഉറങ്ങാനാവാതെ തിരിഞ്ഞും മറിഞ്ഞും കിടന്നൊരു വിധത്തിൽ അവൾ നേരം വെളുപ്പിച്ചു.

അമ്മയുടെ കരച്ചിലല്ലേ കേൾക്കുന്നത് എന്നോർത്ത് അവൾ ഉരുണ്ടുപിരണ്ടെണീറ്റ് ഉമ്മറത്തേക്കോടി.

നാട്ടുകാരും ബന്ധുക്കളുമായി കുറേപ്പേർ അമ്മയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു. അവൾ വരുന്നതു കണ്ട് അവർ എന്തൊക്കെയോ ശബ്ദം താഴ്ത്തി പറയുന്നുണ്ടായിരുന്നു.  ഒടുവിൽ അടുത്ത ബന്ധുക്കളിലൊരാൾ അവൾക്കരികിലെത്തി കാര്യം പറഞ്ഞു.

ജോലിക്ക് പോയ ഭർത്താവ് ഇന്നലെ ജോലി സ്ഥലത്തുണ്ടായ ഭീകരമായ അപകടത്തിൽ മരണമടഞ്ഞു.

കരയാൻ പോലുമാവാതെ സ്തംഭിച്ചവൾ നിന്നു പോയി! സഹതാപം നിറഞ്ഞ കണ്ണുകൾ അവൾക്കു ചുറ്റും തീവലയങ്ങൾ തീർത്തു. ഉത്സപ്പറമ്പിലെ വെടിക്കെട്ടു പോലെ.

പിന്നെയങ്ങോട്ട് കഷ്ടപ്പാടിൻ്റെ ദിനങ്ങളായിരുന്നു.ഇത്തിരിയുള്ള രണ്ടു കുഞ്ഞുങ്ങളെ വളർത്തിയെടുക്കണം.

സഹതാപത്തിൻ്റെ തീവലയങ്ങളിൽ നിന്ന് രക്ഷപ്പെടണമെന്ന വാശിയവളിൽ നിറഞ്ഞു. ഇപ്പോഴവളുടെ മുൻപിൽ ആകാശവും മലയും അസ്തമന ഭംഗിയുമില്ല. ആകെയുള്ളത് കുഞ്ഞുങ്ങളുടെ കണ്ണിലെ വെളിച്ചം മാത്രമാണ്.അതാണവളുടെ ഉദയവും അസ്തമനവും.

നീണ്ട പതിനഞ്ചു വർഷങ്ങൾ കടന്നു പോയി. അല്ല ഓടിപ്പോയി എന്നു വേണം പറയാൻ. തൻ്റെ പ്രാണനായവൻ

ചെയ്തു കൊണ്ടിരുന്ന ജോലി താൻ പഠിക്കാൻ തുടങ്ങി. വിലക്കാൻ ഒത്തിരി ആൾക്കാർ ഉണ്ടായിരുന്നു. ആണുങ്ങൾ ചെയ്യേണ്ട ജോലിയാണത്. അപകടം പിടിച്ചത്. മറ്റെന്തെങ്കിലും ജോലി നോക്കിക്കൂടേന്നാണെല്ലാവരും ചോദിക്കുന്നത്. ഒരു കാലത്ത് തൻ്റേം മക്കൾടേം വിശപ്പടക്കിയ ആ ജോലി തന്നെ മതി തനിക്കെന്നവൾ തീരുമാനിച്ചു. അവളത് ഉച്ചത്തിൽ പറയുകയും ചെയ്തു. ഒടുവിൽ താൻ അതിൽ പ്രാവീണ്യമുള്ളവളായിത്തീർന്നു.

ജോലികഴിഞ്ഞെത്തുന്ന ഭർത്താവിൻ്റെ കൈവിരലുകളിലെ കരി ഉരച്ചു തേച്ചു കളയുന്നതിനിടയിൽ അവൾ എന്നും ചോദിക്കുമായിരുന്നു മറ്റെന്തെങ്കിലും ജോലി നോക്കിക്കൂടേ എന്ന്. പക്ഷേ അപ്പോഴൊക്കെ അദ്ദേഹത്തിൻ്റെ മറുപടി  “ഇത് സത്യമുള്ള ജോലി. തേവർക്കിഷ്ടമുള്ളത്. മറ്റാരെക്കൊണ്ടാവും കുറേ സമയം ഏതോ മായിക ലോകത്താൾക്കാരെയെത്തിക്കാൻ .” കരിപുരണ്ട സ്വന്തം കൈവിരലുകൾ ഉരച്ചു കഴുകുന്നതിനിടയിൽ അവളതോർത്തു.

“തിരി കൊളുത്തിക്കോളൂ മോളേ. മുഹൂർത്തമായി. തേവരെ നല്ലോണം മനസ്സിൽ പ്രാർത്ഥിച്ചോളൂ!”

പുരയിലെ കാരണവർ പറഞ്ഞു. ഓർമ്മകളുടെ നിലയില്ലാക്കയത്തിൽ നിന്നും അവൾ പിടഞ്ഞെണീറ്റു. മെല്ലെ

കെടാവിളക്കിൽ നിന്നും തിരിതെളിയിച്ചു.

തേവരെ നമിച്ചു.പടക്കപ്പുരയിൽ നിന്നും ദീപവുമായി അവൾ ആദ്യപടക്കത്തിന് തിരികൊളുത്തി. പടക്കങ്ങൾ ഓരോന്നായിപൊട്ടിത്തുടങ്ങി. ആകാശത്ത് ചായക്കൂട്ടുകൾ കൊണ്ടെന്ന പോലെ പുതിയ പുതിയ ചിത്രങ്ങൾ എഴുതിക്കൊണ്ടേയിരുന്നു. മറ്റേതോ മായിക ലോകത്തെത്തിയ ജനസാഗരം ആരവമുയർത്തിക്കൊണ്ടേയിരുന്നു.

അവൾ അനന്തമായ ആകാശത്തേക്ക് മിഴികളയച്ചു. അവിടെ എവിടെയോ ഇരുന്ന് തൻ്റെ കുഞ്ഞുങ്ങളുടെയച്ഛൻ തനിക്കേറെ പ്രിയപ്പെട്ടവൻ എല്ലാം കാണുന്നുണ്ടാവാം. ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ തൻ്റെ ജീവന് ഗന്ധകത്തിൻ്റെ  മണമാണെന്നവളോർത്തു.

സഹതാപത്തിൻ്റെ അഗ്നി വലയങ്ങൾക്കു പകരം ഇപ്പോൾ എല്ലാ കണ്ണുകളിലും ആരാധന നിറയുന്നതവൾക്ക് കാണാമായിരുന്നു. ആണുങ്ങൾക്ക് മാത്രമുള്ള ജോലിയെന്ന് പറഞ്ഞ് തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചവർക്ക് നൽകാൻ ഇന്ന് അവളുടെ കൈയിൽ മറുപടിയുണ്ട്. പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെ വിശപ്പിന് മുൻപിൽ

ഒരു ജോലിയും ആരുടേയും കുത്തകയല്ല. ആത്മവിശ്വാസമുള്ളവൾക്കിങ്ങനെ ആകാശത്ത് നിറങ്ങൾ വാരി വിതറുന്ന കരിമരുന്നു പ്രയോഗവും ചെയ്യാവുന്നതേയുള്ളു. ഇടയ്ക്കിടെയുള്ള ഈ തിരിഞ്ഞുനോട്ടങ്ങൾ തനിക്കു പകരുന്ന കരുത്താണ് മുൻപോട്ടുള്ള ജീവിതത്തിൻ്റെ മൂലധനമെന്നവൾക്കറിയാമായിരുന്നു.


 അജിത.വി. അമ്പലപ്പുഴ 

ഒളിച്ചുകളി

 












കണ്ണടച്ചാലും

അച്ഛന്‍ കസേരയില്‍ തന്നെയുണ്ട്.


കഞ്ഞി കുടിക്കേണ്ടേ

മരുന്നു കഴിക്കേണ്ടേ

പത്രം വായിക്കേണ്ടേ

കുളിക്കേണ്ടേ

എന്നൊക്കെ ഞാനോരോന്നു

എണ്ണികൊണ്ടിരിക്കും.

കണ്ണു തുറക്കുമ്പോഴേക്കും

അച്ചനെങ്ങോ പോയൊളിക്കും,

ഒളിച്ചുകളി പോലെ.


കുഞ്ഞായിരുന്നപ്പോള്‍

ഒന്ന്, രണ്ട്, മൂന്ന്, നാല്..

എന്നച്ഛനെണ്ണിത്തീരുമ്പോഴേക്കും

ഞാന്‍പോയൊളിക്കുമായിരുന്നു,

പിടികൊടുക്കാതെ,

പരിഭ്രമിച്ച് കണ്ണുനിറയുംവരെ.


കസേര അവിടെത്തന്നെയുണ്ട്,

കുട, മുക്കില്‍ ചുരുണ്ടിരിപ്പുണ്ട്,

കണ്ണട മേശപ്പുറത്തുണ്ട്,

വായിച്ചു പകുതിയില്‍നിന്നപുസ്തകം

അതുപോലുണ്ട്.

അച്ഛനിപ്പോഴും ഒളിച്ചുകളിയ്ക്കുകയാണ്.

എണ്ണിയെണ്ണിത്തളര്‍ന്ന്

ഞാനുമിങ്ങിരിപ്പുണ്ട്.


ഇ. എസ്. സതീശൻ

പാപ്പിയോൺ (ഹെന്റി ഷാരിയർ )

 


"ജീവിതത്തിനിടയിൽ ഒരേയൊരു പുസ്തകം മാത്രമേ വായിക്കാനാവു, ഏതെങ്കിലും ഒന്ന് നിർദ്ദേശിക്കു എന്ന് എന്നോടാരെങ്കിലും അപേക്ഷിച്ചാൽ ഞാൻ ശുപാർശ ചെയ്യുക പാപ്പിയോൺ ആയിരിക്കും”

ഡോ എം .എം ബഷിറിന്റെ ഇങ്ങനെയൊരു പരാമർശം വായിക്കാനിടയായതിലൂടെയാണ് ഞാനും പാപ്പിയോണിന്റെ പിറകെ പോയത് ..

നിരവധി നിരൂപണ ഗ്രന്ഥങ്ങൾ എഴുതുകയും ജീബ്രാന്റേതടക്കം വിഖ്യാതമായ കൃതികളുടെ വിവർത്തനങ്ങൾ നിർവ്വഹിച്ചിട്ടുള്ളതുമായ ഡോ. എം. എം. ബഷീർ ഇങ്ങനെയൊരു അഭിപ്രായം രേഖപ്പെടുത്തുമ്പോൾ തേടിപ്പിടിച്ച് വായിക്കാതിരിക്കുന്നതെങ്ങനെ?…

വായിച്ച് കഴിഞ്ഞപ്പോഴാണ് ഒട്ടും അതിശയോക്തിയില്ലാത്ത ഒരു പരാമർശമായിരുന്നു അതെന്ന് ബോദ്ധ്യപ്പെട്ടത്…

“സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്കു മൃതിയെക്കാൾ ഭയാനകം”

സ്വാതന്ത്ര്യത്തിന് വേണ്ടി ഏത് പീഡനത്തേയും എന്തിന് മരണത്തേപ്പോലും വകവെക്കാതെ ഭീകരമായ കാരാഗൃഹങ്ങളിൽ നിന്നും വീണ്ടും വീണ്ടും ഒളിച്ചോട്ടം നടത്തിയ ഒരു മനുഷ്യന്റെ സാഹസികജീവിതത്തിന്റെ കഥയാണ് പാപ്പിയോൺ.

ജീവിതത്തിൽ സർവ്വവും നഷ്ടപ്പെട്ട് നിരാശപൂണ്ട് ആത്മഹത്യ ചെയ്യാൻ ഒരുങ്ങിനിൽക്കുന്ന ഒരാൾക്ക് ഈ പുസ്തകമൊന്ന് വായിക്കാൻ കൊടുത്തു നോക്കു. വായിച്ച് പൂർത്തിയാക്കാൻ സാധിച്ചാൽ ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള പുതിയൊരൂർജ്ജം ആയാളിൽ വന്നുനിറയുമെന്നുറപ്പാണ്.

ജീവിതിന്റെ ഇരുണ്ട വിഷാദക്കരയിൽ നിന്നും അങ്ങകലെ വിദൂരതയിൽ ഏതോ നഷ്ത്രത്തിന്റെ വെളിച്ചം നമ്മെ സ്വാഗതം ചെയ്യുന്നുണ്ട് എന്ന പ്രത്യാശയുടെ മുനമ്പിലേക്ക് ഹെന്റി ഷാരിയറിന്റെ യഥാർത്ഥമായ ഈ ജീവിതകഥ വായനക്കാരനെ കൊണ്ടെത്തിക്കും. ഹെന്റി ഷാരിയർ 906ൽ ഫ്രാൻസിൽ ജനിച്ചു. പിന്നീട് പാപ്പിയോൺ എന്ന ഓമന പേരിൽ പാരീസിലെ അധോലോകത്ത് അറിയപ്പെട്ടു.

തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ ചെയ്യാത്ത കൊലപാതക കുറ്റത്തിന് മരണം വരെ കഠിനതടവിന് ഹെന്റി ശിക്ഷിക്കപ്പെട്ടു. നിരവധി ജയിലുകളിൽ മാറിമാറി പാർപ്പിക്കപ്പെട്ട ഹെന്റി ജയിലിൽ വച്ച് ഒരു പ്രതിജ്ഞയെടുക്കുന്നു.

ഇത്രയും നീണ്ടവർഷത്തെ ശിക്ഷ നിരപരാധിയായ ഞാൻ എന്തിനനുഭവിക്കണം. ഈ ശിക്ഷ ഞാൻ അനുഭവിക്കില്ല. ജീവൻ പോയാലും ഞാൻ എന്റെ സ്വാതന്ത്ര്യം നേടിയെടുക്കുക തന്നെ ചെയ്യും.

ആ പ്രതിജ്ഞ നിറവേറ്റുന്നതിനു വേണ്ടിയുള്ള അതിസാഹസികവും, ഞെട്ടിക്കുന്നതുമായ പോരാട്ടങ്ങളുമാണ് പാപ്പിയോൺ ..

യാതനാപൂർണ്ണമായ പീഢനങ്ങളിലൂടേയും, ഗ്വാണ്ടനാമോയിലേതുപോലുള്ള പെെശാചിക ക്രൂരതകളിലൂടേയുമെല്ലാം കടന്നു പോകേണ്ടിവന്നെങ്കിലും ഇതിനെയെല്ലാം വെല്ലുന്ന ഉറച്ച ഇച്ഛാശക്തിയോടെ സ്വാതന്ത്ര്യം എന്ന അന്തിമ ലക്ഷ്യത്തിലേക്ക് ഹെന്റി എത്തിച്ചേരുന്നു..

അഭിമാനിയായ ഒരാൾക്ക് പാരതന്ത്ര്യം എന്നത് മരണത്തേക്കാൾ വേദനാജനകമാണ്.

ജയിൽ ചാടുക ,പിടിക്കപ്പെടുക, വീണ്ടും ജയിൽ ചാടുക, വീണ്ടും പിടിക്കപ്പെടുക. ഓരോ തവണ പിടിക്കപ്പെട്ട് ക്രൂരമർദ്ദനത്തിന് ഇരയാവുമ്പോഴും അടുത്ത ജയിൽ ചാട്ടത്തെ കുറിച്ചാണ് ഹെന്റിയുടെ ചിന്ത.

ജയിൽ ചാടി പുറത്തെത്തിയാൽ ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് ഒളിച്ച് താമസിക്കാൻ ഹെന്റി ഇഷ്ടപ്പെടുന്നില്ല. അക്കാരണത്താൽ തന്നെയാണ് അയാൾ വീണ്ടും വീണ്ടും പിടിക്കപ്പെടുന്നതും, കൂടുതൽ ഭീകരനായ കുറ്റവാളിയായ് മുദ്രകുത്തപ്പട്ട് അത് വഴി കടുത്ത മർദ്ദനങ്ങൾക്ക് ഇരയാകേണ്ടി വരുന്നുതും.

ഒരു തവണ രക്ഷപ്പെട്ടു വന്ന ഹെന്റിക്ക് ഫ്രഞ്ച് ഗയാനയിലെ ഇന്ത്യക്കാർക്കൊപ്പം സുഖമായി താമസിക്കാനുള്ള അവസരമുണ്ടായിരുന്നിട്ടും കൂടുതൽകാലം അവിടെ നില്ക്കാൻ തയ്യാറാവുന്നില്ല. സാഹസികത ഒന്നുകൊണ്ടുമാത്രമല്ല ഹെന്റി ഇത്തരം തീരുമാനങ്ങളെടുക്കുന്നത്. ആരും അറിയാതെ ലോകത്തിന്റെ ഏതെങ്കിലും മൂലയിൽ ചടഞ്ഞുകൂടാൻ ഇഷ്ടമില്ലാത്തത് കൊണ്ടുതന്നെയാണ്.

കൂടുതൽ സ്വാതന്ത്ര്യത്തിലൂടെ വിശാലമായ ഈ ലോകത്തിൽ സ്വതന്ത്ര്യ വ്യക്തിത്വത്തിനുടമയായ് ജീവിക്കണം എന്ന ലക്ഷ്യം നേടാനാണ് ഹെന്റിയുടെ ശ്രമം

സാഹസികമായ പല രക്ഷപ്പെടൽ ശ്രമങ്ങൾക്കും ശേഷം കൊടും കുറ്റവാളി എന്ന നിലയിൽ ഭീകരമായ ചെകുത്താൻ തുരുത്ത് എന്ന ദ്വീപിലേക്ക് മാറ്റിപ്പാർപ്പിക്കപ്പെടുന്നു ഹെന്റി.

കടൽ കടന്നല്ലാതെ ഇനി രക്ഷപ്പെടാനില്ല എന്ന അവസ്ഥ. അവിടേയും തോൽക്കാൻ തയ്യാറാവാതെ രണ്ട് ചാക്കുകളിലായി നിറയെ തേങ്ങ നിറച്ച് ആ ചാക്കുകളിൽ പറ്റിപ്പിടിച്ച് കടലിലൂടെ സാഹസികയാത്ര നടത്തി വെനിസ്വേലയിലേക്ക് എത്തിച്ചേരുന്നു ഈ സാഹസികൻ.

ഒരോ രക്ഷപ്പെടൽ ശ്രമങ്ങളും വായനക്കാരനെ ഹരം കൊള്ളിക്കുന്ന രീതിയിൽ പകർത്തിയെഴുതുന്നതിൽ ഹെന്റി അസാമാന്യ മികവ് പുലര്ത്തിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. അവിടേയും കുറച്ച് നാൾ ജയിലിൽ കഴിയേണ്ടിവരുന്നു ഹെന്റിക്ക്. പിന്നീട് അയാൾ എന്നന്നേക്കുമായ് സ്വതന്ത്രനാക്കപ്പെടുന്നു. വെനുസ്വേലയിലെ ജനങ്ങളുടെ പെരുമാറ്റവും ജീവിത രീതിയും ഇഷ്ടപ്പെട്ട ഹെന്റി, എവിടേക്കും ചാടിപ്പോകാതെ അവിടെതന്നെ താമസിക്കുന്നു. എന്റെ മാതിരി കുത്തഴിഞ്ഞ ഭൂതകാലമുള്ള ഒരാളെ നല്ലൊരു മനുഷ്യനാക്കി മാറ്റാൻ പറ്റുമെന്ന് ബഹുഭൂരിപക്ഷം ഫ്രഞ്ചുകാരും സമ്മതിച്ചെന്ന് വരില്ല. വെനുസ്വേലേക്കാരും ഫ്രഞ്ചുകാരും തമ്മില്ലുള്ള പ്രധാന വ്യത്യാസമിതാണെന്ന് ഹെന്റി സാക്ഷ്യപ്പെടുത്തുന്നു.

ഒരുവനും എന്നന്നേക്കുമായ് നശിക്കുന്നില്ല. നല്ലവനായി ജീവിക്കാനുള്ള അവസരം ഏതൊരുവനും നൽകപ്പെടേണ്ടതാണ് എന്നുകൂടി ഓര്മ്മർമ്മപ്പെടുത്തുന്നുണ്ട് പാപ്പിയോൺ.

പതിനാലു വർഷത്തെ ജയിൽ വാസത്തിനിടയിലെ എണ്ണമറ്റ ജയിൽചാട്ടങ്ങളുടെ മാത്രം കഥയല്ല പാപ്പിയോൺ. ഓരോ സ്ഥലത്തും കണ്ടുമുട്ടിയ വിവിധതരക്കാരായ മനുഷ്യരുടെ കൂടെ കഥകൂടിയാണിത്. നന്മനിറഞ്ഞ മനുഷ്യരുടേയും അവരുടെ നിഷ്ക്കളങ്കമായ സ്നേഹത്തിന്റേയും നിരവധിയായ മുഹൂർത്തങ്ങൾ പാപ്പിയോണിലുണ്ട്.

വെനിസ്വേല നഗരത്തിലെ ഒരു പുസ്തകശാലയിൽ വച്ച് ആൽബെർത്തീൻ സാരസിൽ എന്ന വനിതയെഴുതിയ ഒരു ലക്ഷത്തിലതികം കോപ്പികൾ വിറ്റുപോയ ഒരു പുസ്തകം ഹെന്റി കാണാനിടയായി. ഒടിഞ്ഞ അസ്ഥിയുമായ് ഒളിസങ്കേതത്തിലേക്ക് മാറി മാറിത്താമസിച്ച ഒരു സ്ത്രീയെഴുതിയ അനുഭവങ്ങൾ ഇത്രയധികം കോപ്പികൾ വിറ്റുപോകുമെങ്കിൽ ഇത്രയും വർഷം ഞാൻ അനുഭവിച്ച നരകയാതനകളും സാഹസിക അനുഭവങ്ങളും പകർത്തിയാൽ ഇതിലും കൂടുതൽ വിൽക്കപ്പെടുമല്ലോ എന്ന ചിന്തയിൽ നിന്നും പാപ്പിയോൺ പിറവിയെടുക്കുന്നു.

പാപ്പിയോൺ എന്ന ഈ ഓർമ്മക്കുറിപ്പ് ഒരു സാധാരണ മനുഷ്യനു വിശ്വസിക്കാൻ സാധിക്കാത്ത കഥകളാണെന്ന വിമർശനങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട്. അവരോടുള്ള ഹെന്റിയുടെ മറുപടി ” ഞാൻ ആ നരകക്കുഴികളിലേക്ക് പോയത് ടെെപ്പ് റെെറ്ററും കയ്യിൽ പിടിച്ചു കൊണ്ടായിരുന്നില്ല” എന്നായിരുന്നു

ചെറിയ ചെറിയ കുറ്റപ്പെടുത്തലുകൾ ലും മനസ്സിന് വല്ലാതെ മുറിവേൽപ്പിക്കുമ്പോഴും, ആത്മവിശ്വാസവും ധെെര്യവും പാടേ ചോർന്നു പോകുമ്പോഴും, ഞെട്ടിവിറച്ച് പോകുന്ന അനുഭവങ്ങളുടെ തീച്ചൂളയിൽപ്പെട്ടു കറങ്ങിത്തിരിയുമ്പോഴും അങ്ങകലെ ഏതോ പ്രത്യാശയുടെ വെളിച്ചം നമ്മെ സ്വാഗതം ചെയ്യുന്നുണ്ട് എന്ന ബോദ്ധ്യപ്പെടുത്തലിലൂടെ മനുഷ്യ മനസ്സുകളെ നിരാശയുടെ പടുകുഴിയിൽ നിന്ന് ആത്മവിശ്വാസത്തിന്റെ നെറുകയിലേക്ക് കെെപിടിച്ച് കൊണ്ടും പോകുന്ന ഒരു ഉത്തമ സൃഷ്ടിയാണ് പാപ്പിയോൺ …

വായിക്കുക..അനുഭവിച്ചറിയുക….


ലിബേഷ് കാരിയിൽ

പ്രസിദ്ധി നേടാത്ത ആരോഗ്യ വാർത്തകൾ

 


നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്ന നിരവധി വെളുത്ത രക്താണുക്കളിൽ ഒന്നാണ് ഇസിനോഫിൽസ്. ഇവ  ആക്രമണകാരികളായ സൂക്ഷ്മാണുക്കളെയും ഫംഗസുകളെയും വൈറസുകളെയും  നിർവീര്യമാക്കാൻ സഹായിക്കുന്നു.

അസ്ഥിമജ്ജ വിവിധ കാരണങ്ങളാൽ വളരെയധികം ഇസിനോഫിലുകൾ ഉത്പാദിപ്പിക്കുന്നതിന്റെ ഫലമായി അവയുടെ എണ്ണം അസാധാരണമാം വിധം ഉയരുന്ന അവസ്ഥയാണ് ഹൈപ്പർ ഈസിനോഫിലിയ അഥവാ നാം പൊതുവേ പറയുന്ന ഈസിനോഫിലിയ. ഇവയുടെ   സ്ഥിരമായ ഉയർച്ചയെ ഹൈപ്പീരിസിനോഫിലിക് സിൻഡ്രോം എന്ന് പറയുന്നു.

ഈസിനോഫിലിയ പ്രാഥമിക ലക്ഷണമായോ, മറ്റൊരു രോഗത്തിന് ശേഷം ദ്വിതീയമായോ വരാം. രോഗങ്ങൾ കൂടാതെ ചില  മരുന്നുകളും  ഇസിനോഫിൽ അളവ് കൂട്ടാറുണ്ട്.

പ്രാഥമികം: ജനിതക തകരാറുകൾ കൊണ്ട് വരുന്ന ക്ലോണൽ ഈസിനോഫീലിയ, ക്രോണിക് ഇസി നോഫിലിക് ലുക്കിമിയ എന്ന തരം രക്താർബുദം, പാരമ്പര്യ സ്വത്തായി കിട്ടുന്ന ഫമിലിയൽ ഈസിനോഫിലിയ, അകാരണമായുണ്ടാകുന്ന ഇഡിയോപ്പതിക് ഇസിനോഫീലിയ,ഇഡിയോപ്പതിക് ഇസിനോഫീലിക് സിൻഡ്രോം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ദ്വിതീയ  ഇസിനോഫീലിയയിൽ, കുടൽ വിരബാധകൾ, ഓട്ടോ ഇമ്യൂൺ രോഗങ്ങൾ, വിവിധ തരം അലർജികൾ, ചില തരം അലോപ്പതി മരുന്നുകൾ. ചില തരം ക്യാൻസറുകൾ, ജന്മനാതന്നെ പ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥകൾ, ലിംഫോസൈറ്റ് വേരിയന്റ് ഹൈപ്പർ ഇസിനോഫീലിയ, ഗ്ലീയ്ക്ക് സിൻഡ്രോം, IgG4 അനുബന്ധ രോഗങ്ങൾ, കൊളസ്ട്രോൾ എമ്പോളിസം, അഡ്രിനൽ ഗ്രന്ധി തകരാറുകൾ ഇവ  ഉൾപ്പെടുന്നു.

സീസണൽ അലർജികൾ, ആസ്ത്മ, ജനിതക ഘടകങ്ങൾ, സ്വയം നശീകരണ രോഗാവസ്ഥകൾ, ചില പരാദജീവികൾ ഇവ ഇസിനോഫീലിയയ്ക്കു കാരണമാകും. അലർജിക് സൈനുസൈറ്റിസ്, ത്വക്ക് രോഗങ്ങൾ, ഇവ ഉള്ളവരിൽ ഇസിനോഫീലിയ കാണാം.

ഇത് കൂടാതെ നമ്മളുടെ ശരീരത്തിന്റെ ചില ഭാഗങ്ങളെ മാത്രമായി ബാധിക്കുന്ന ഇസിനോഫീലിയയുണ്ട് (Organ-restricted hypereosinophilias ) ഇവയെ ഇസിനോഫിലിക് ഡിസോർഡേഴ്സ് എന്ന് പറയുന്നു.

മൂത്രാശയത്തെ ബാധിക്കുന്നതിനെ ഇസിനോഫിലിക് സിസ്റ്റൈറ്റിസ് എന്നും ശരീരത്തിലെ  ബന്ധിത ടിഷ്യുവായ ഫേഷിയയെ ബാധിക്കുന്നതിനെ ഇസിനോഫിലിക് ഫേഷിയറ്റൈസ് എന്നും  ശ്വാസകോശത്തെ ബാധിക്കുന്ന അവസ്ഥയെ ഇസിനോഫിലിക് ന്യുമോണിയ എന്നും പറയുന്നു.

ഇത്രയൊക്കെ വിശാലമാണ് വൈദ്യശാസ്ത്ര പ്രധാനമായ ഈസിനോഫിലിയയെങ്കിലും നാട്ടിൽ പ്രശസ്തമായ ഈസിനോഫിലിയ ലളിതമാണ്, പാശ്ചാത്യ ലോകത്ത്, ശ്വസനേന്ദ്രിയ അലർജിയോ ത്വക്ക് രോഗങ്ങളോ ആണ് ഏറ്റവും സാധാരണമായ കാരണങ്ങളെങ്കിൽ വികസ്വര രാജ്യങ്ങളിൽ, പരാദങ്ങൾ ഏറ്റവും സാധാരണമായ കാരണമാകുന്നു.  കേരളീയരെ സംബന്ധിച്ച് അലർജിയും തുമ്മലുമായി വരുന്ന ഈസിനോഫിലിയയാണ് ജനകീയൻ.

അലർജിയുടെ ലക്ഷണങ്ങൾ ജലദോഷത്തിന്റെ ലക്ഷണങ്ങളോട് സാമ്യമുള്ളതാണ്, എന്നാൽ, ഇവ പലപ്പോഴും രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കും, സാധാരണയായി പനി കൂടെ ഉണ്ടാവുകയില്ല. മൂക്കൊലിപ്പ്, തുമ്മൽ , കണ്ണ് ചുവപ്പ്, ചൊറിച്ചിൽ, കണ്ണിൽ നിന്ന് നീരൊഴുക്ക്, കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം എന്നിവയാണ് അലർജിക് റൈനൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങൾ . ഇതിന്റെ കൂടെ രക്ത പരിശോധനയിൽ ഇസിനോഫിൽ കൂടുതലും,

അബ്സല്യൂട്ട് ഇസിനോഫിൽ എണ്ണം (AEC) കൂടുതലും lgE യുടെ അളവ് ക്രമാതീതമായി വർധിച്ച നിലയിലും കാണാം.

രോഗ ചികിത്സയുടെ ഭാഗമായി ആധുനിക വൈദ്യശാസ്ത്രം ഈസിനോഫിലിന്റെ അളവ് കുറയ്ക്കാനാണ് പലപ്പോഴും ശ്രമിക്കാറ്. രോഗികളും മിക്കപ്പോഴും അതാണ് ആവശ്യപ്പെടുന്നതും. എന്നാൽ രോഗവും രോഗകാരണവും ശമിക്കുമ്പോൾ സ്വാഭാവികമായി മാറേണ്ടതാണ് ഉയർന്ന ഈസിനോഫിൽ അളവ് എന്ന കാര്യം ഓർമ്മിക്കുക.

ഹോമിയോ ചികിത്സ കൊണ്ട് രോഗാവസ്ഥകൾ മാറ്റാനും അനുബന്ധമായുണ്ടാകുന്ന ഇസിനോഫീലിയ മാറ്റാനും സാധിക്കും.


 

ഡോ. ടി.ജി. മനോജ് കുമാർ