നവ-സമൂഹ മാധ്യമങ്ങളിലും, പരമ്പരാഗത-ബഹുജന മാധ്യമങ്ങളിലൊക്കെ വാർത്തകളുടെയും, വിനോദത്തിന്റെയും, വിജ്ഞാനത്തിന്റെയും പൊടിപൂരമാണ്. ആര് നടന്നാലും, കിടന്നാലും, ചിരിച്ചാലും, തിരിഞ്ഞാലും, കരഞ്ഞാലുമൊക്കെ നല്ല സ്റ്റൈലൻ വാർത്തകളായിമാറും (വാർത്തകൾ എന്ന വാക്ക് ഇവിടെ സാമാന്യവല്‍ക്കരിച്ചതാണ്). ഒരു മൊബൈൽ ഫോൺ കൈയ്യിലുള്ളവരൊക്കെ വ്‌ളോഗർമാരും, നിരൂപകരും, ജേർണലിസ്റ്റ്കളും, കലാകാരരുമായ പുതുകാലത്തിന്റെ പരിണാമ സിദ്ധാന്തം ചാൾസ് ഡാർവിനെപ്പോലും കുഴക്കിയേക്കാവുന്ന അവതാരങ്ങളെയും സംഭാവനചെയ്യുന്നുണ്ട്. ‘ഏറ്റവും അര്‍ഹമായത് അതിജീവിക്കുമെന്ന’ പറഞ്ഞുവച്ചതുമാത്രം ഏകദേശം ശരിയാകുന്നതുകൊണ്ടു ഡാർവിൻസാറിനും അഭിമാനിക്കാനേ വഴിയുള്ളൂ. പുതിയ വർത്തമാനങ്ങൾ, അഭിപ്രായങ്ങൾ, വാദങ്ങൾ, അപവാദങ്ങൾ, ജനപ്രവാദങ്ങളൊക്കെ പുതുമാധ്യമങ്ങൾ ചൂടോടെ നമ്മുടെ വിരൽത്തുമ്പുകളിൽ എത്തിക്കുന്നു. തിരമാലകൾപോലെ കൂടുതൽ വാർത്തകൾ വരുന്നു, പോകുന്നു, പിന്നെയും വന്നുകൊണ്ടേയിരിക്കുന്നു. ചിലപ്പോഴൊക്കെ സുനാമികളും. വ്യക്തികൾ, സമൂഹങ്ങൾ, ചലച്ചിത്രങ്ങൾ, രാഷ്ട്രീയ നിലപാടുകൾ, നാക്കുളുക്കലുകൾ, ചിന്തകൾ, ചിന്താശൂന്യതകൾ, എന്നുതുടങ്ങി പരമ്പരാഗത-ബഹുജന മാധ്യമങ്ങൾക്കും ഒരുചാൺ മുകളിൽ, സൂര്യനുതാഴെയും മുകളിലുമുള്ള വിഷയങ്ങളെല്ലാം നവ-സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
പരമ്പരാഗത മാധ്യമങ്ങൾക്ക് എഡിറ്റോറിയൽ നയങ്ങളും തിരുത്തലുകളും നിയന്ത്രണങ്ങളുമുണ്ടെങ്കിൽ നവമാധ്യമങ്ങൾക്ക് അതില്ല എന്നൊരു ചെറിയ-വലിയ പ്രശ്നമുണ്ട്. അതുകൊണ്ടുതന്നെ ആർക്കും എന്തും എങ്ങനെയും പറയാം എന്നൊരു സൗകര്യമുണ്ട്. നിയമ വ്യവസ്ഥക്കുപോലും പിടിതരില്ല ഈ നവ-നവങ്ങൾ. സൈബർ നിയമങ്ങൾക്ക് പരിധിയും പരിമിതിയുമുണ്ട്. അതുകൊണ്ടുതന്നെ പലർക്കും ഇതൊരു വലിയ (അ) സൗകര്യമാണ് എന്നതാണ് സത്യം.
ആർക്കും ഇട്ടു താങ്ങാം എന്നതാണ് സ്ഥിതി. ഈയവസരത്തിൽ നിങ്ങളെക്കുറിച്ചോ നിങ്ങളുടെ നിലപാടുകളെകുറിച്ചോ പ്രവൃത്തിയെക്കുറിച്ചോ മറ്റോ ഒരു വാർത്ത വന്നാൽ എന്തുചെയ്യും? നല്ലതായാലും, ചീത്തയായാലും പ്രതികരിക്കണം, അല്ലാതെന്താ? അല്ലേ? പ്രത്യേകിച്ച്, പ്രതികരണവാഞ്ഛ നമുക്ക് ജന്മസിദ്ധമാണെന്നോർക്കുമ്പോൾ.
എൻ്റെ അഭിപ്രായത്തിൽ അങ്ങ് വിട്ടുകളയണം. അത്രതന്നെ. കാരണം, ഇതൊക്കെ കേറി ഏറ്റുപിടിച്ചാൽ, പഴമൊഴികൾ മൊഴിഞ്ഞ വേലിയിലെ പാമ്പുപോലാകും.
പക്ഷെ ഒരുകൂട്ടരുണ്ട്, തങ്ങൾക്കെതിരെ വരുന്നതും അല്ലാത്തതുമായ വർത്തകൾക്കെല്ലാം പ്രതികരിച്ച്, ഒരുകരണത്തുകിട്ടുന്ന അടിക്കു മറുകരണം കൂടി കാണിച്ചുവശാകുന്നവർ. അവരാണ് നവമാധ്യമങ്ങളുടെ അരുമകൾ, പൊന്നോമനകൾ, വഴികാട്ടികൾ. ഇത്തരം പ്രതികളെയും, മറുകരണം കാട്ടിയുള്ള പ്രതികരണങ്ങളെക്കുറിച്ചും ചെറിയൊരു ചിന്തമാത്രമാണിത്. ചിന്തയെക്കുറിച്ചു പറഞ്ഞപ്പോഴാണോർത്തത്. ചതുരവടിവായ ഭാഷയിൽ വാദിച്ച ചിന്തയും ഉഗ്രതാളത്തിൽ സംവദിച്ച ഉണ്ണിയും മാത്രമല്ല പ്രതികരണത്തിലെ പ്രതിസ്ഥാനത്ത്. കിട്ടിയ അടിക്ക് മറ്റേക്കരണം കൂടി കാട്ടുവാനുള്ള അവരുടെ മഹാമനസ്കതകൂടിയാണ്. അപ്പോൾ പ്രതി ‘കരണമാണ്.’
ബുദ്ധിഹീനങ്ങളായ ഇങ്ങനെ ചില പ്രതികരണങ്ങൾ ഇല്ലായിരുന്നെങ്കിൽ ലോകം ഏത്രനന്നായേനെ? പ്രത്യേകിച്ചും മാനസികവിക്ഷോഭങ്ങൾക്കടിമപ്പെട്ടു നടത്തുന്ന ഗീർവാണങ്ങൾ. വാർത്തകളുടെ ജീവചക്രവും ചക്രശ്വാസവും ഒക്കെത്തന്നെ ഇത്തരം പ്രതികരങ്ങളിലാണ്. അതിനായ് ചിലപ്പോൾ പ്രതികരണങ്ങളുടെ കഠിനമേറിയ നിർമ്മിതിയും നടത്തേണ്ടിവരും, മാധ്യമങ്ങൾക്ക്. പ്രകോപനപരമായ പ്രതികരണങ്ങൾ ഉണ്ടാക്കാനായി കഷ്ടപ്പെടുന്ന മാധ്യമങ്ങളും, കരഞ്ഞും തെറിവിളിച്ചും സ്തോഭപൂർവ്വം പ്രതി-കരിച്ചു പോകുന്ന പാവം മനുഷ്യരും. പോരേ പൂരം!
മാധ്യമ പ്രതികരണങ്ങൾ കെണികളാണ്. മാധ്യമങ്ങൾക്കു റേറ്റിങ്ങും, ലൈക്കും, നോട്ടങ്ങളും, വരിസംഖ്യയും കൂട്ടാൻ നിങ്ങളുടെ (പ്രതി) കരണമാണ് അത്യുത്തമം. ഇനിയിപ്പോ മാധ്യമധർമ്മം ഒക്കെ വേണ്ടേ എന്നുപരിഭവിച്ചാൽ പരമ്പരാഗത മാധ്യമങ്ങൾക്കുപോലും ഇല്ലാത്ത എന്ത് ധർമ്മമാണ് നവമാധ്യമങ്ങൾക്ക്. മാധ്യമധർമ്മം എന്ന വാക്ക് എല്ലാരും കേട്ടിട്ടേയുള്ളൂ. കണ്ടിട്ടില്ല. കാരണം ഈ സാധനം ദിനോസറുകളെപ്പോലെയാണ്. പണ്ടെതോകാലത്തു ജീവിച്ചിരുന്നു എന്ന് കേട്ടിട്ടേയുള്ളൂ, എങ്ങനെ ഉൻമൂലനം ചെയ്യപ്പെട്ടു എന്നതിനെക്കുറിച്ചും പല കഥകളും പ്രചരിക്കുന്നുണ്ട്. ഇന്റർനെറ്റിൽ നോക്കിയാൽ ദിനോസറുകളുടെയൊക്കെ പടം കാണാം. ഇതുപോലുള്ള ‘പടം’ തന്നെയാണ് ഇക്കാലത്തു മാധ്യമങ്ങളുടെ ധർമ്മം. ഇങ്ങനെയൊരു സാധനമേയില്ലാത്തുകൊണ്ടു ‘ലതെവിടെ’ എന്ന് ചോദിക്കരുത്. കിട്ടില്ല. ‘പടം’ മാത്രം കണ്ടു സായൂജ്യമടയണം.
നമ്മുടെനാട്ടിൽ മാത്രംകൊണ്ടുവരുന്ന, ദ്രുതപ്രജനനം നടത്തുന്ന ഒരുവിഭാഗമുണ്ട്. പക്ഷപാത-പ്രതികരണവിദഗ്‌ദ്ധർ. അവർ തങ്ങൾക്കു സൗകര്യമുള്ള വിഷയങ്ങളിൽ പ്രതികരിച്ചുരമിക്കുന്നവരാണ്. പ്രതികരണത്തെ കലയും കുലയുമാക്കിയ ഇത്തരക്കാരെ നമുക്ക് തൽക്കാലം അവരുടെ തനതായ വഴിക്കുവിടാം. കാട്ടിലെത്തടി, തേവരുടെ ആന എന്നലൈനിൽ പോകുന്നവരെ നമ്മളെന്തുപറയാനാണ്! എല്ലാവർക്കും ജീവിക്കണമല്ലോ. മാത്രവുമല്ല വിവാദങ്ങൾ നേരിട്ട് ബാധിക്കുന്നവരുടെ കാര്യമാണല്ലോ ഇവിടെ പ്രതിപാദിക്കുന്നത്.
ഇതിനിടയിൽ ഒരുകാര്യവും ഇല്ലാതെ വെറുതേ പ്രതികരിച്ചു പണി വാങ്ങുന്ന ‘അമച്വർ’ പ്രതികരണക്കാരെയും ഈയിടക്ക് കണ്ടു. പഴയവീഞ്ഞു പുതിയകുപ്പിയിലാക്കി വിൽക്കാൻ നോക്കുന്ന മാധ്യമങ്ങളും ലാക്കാക്കുന്നത് ഇത്തരം പ്രതികരണങ്ങളാണ്. പഴക്കമേറിതാണെങ്കിലും സത്യങ്ങൾ വിളിച്ചുപറയുന്ന മാധ്യമങ്ങൾക്കെതിരെ പ്രതികരിച്ചാൽ, സത്യം മാഞ്ഞുപോകില്ല. പ്രത്യേകിച്ചും പൊതുജനത്തിന് കാര്യങ്ങൾ അറിയുന്ന സ്ഥിതിക്ക്. അതുകൊണ്ട് ഈ അവസരം പക്ഷപാത-പ്രതികരണവിദഗ്‌ദ്ധർക്കു നല്കി മിണ്ടാതിരിക്കുന്നതാണുത്തമം.
ഉള്ളതും നല്ലതും പറയാൻ ഒന്നുമേയില്ലാത്തവർക്കു വായടച്ചിരിക്കാം. ചുരുക്കത്തിൽ വിവാദ പരാമർശങ്ങൾക്കു നേരേ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. ഇനി പ്രതികരിച്ചേ മതിയാകൂ എന്നുണ്ടെങ്കിൽ, ഒന്നും പറയാനില്ലെന്നു പ്രതികരിക്കാം. അല്ലെങ്കിൽ ചതുരവടിവിലെ ചിന്തയെയും ഉഗ്രതാളത്തിലെ ഉണ്ണിയെയും പോലെ മെഗാസീരിയൽ നീളത്തിൽ കാലാകാലം പ്രതികരിച്ചുകൊണ്ടേയിരിക്കാം. ‘വാഴക്കുലയിൽ’ പണികിട്ടിയപ്പോൾ ചിന്ത ചിന്തിച്ചു തുടങ്ങിയെന്നു തോന്നുന്നു. പ്രതികരിച്ചു കണ്ടില്ല. മിണ്ടിയാൽ മണ്ടിയതുതന്നെ! മാമ്പഴത്തിനും പൂവൻപഴത്തിനുമൊക്കെ മറ്റു സൃഷ്‌ടികര്‍ത്താക്കളെ കണ്ടെത്തേണ്ടിവരും. പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ