2020 ഡിസംബർ 31, വ്യാഴാഴ്‌ച
കോവിഡ് 19 കഴിഞ്ഞ ഒരു വർഷത്തിൽ ആറു കോടി പതിനെട്ടു ലക്ഷം ആളുകളെ ബാധിയ്ക്കുകയും പതിനാല് ലക്ഷത്തി അൻപതിനായിരത്തോളം പേരെ കൊന്നൊടുക്കുകയും ചെയ്തു.2020 നവംബർ 30 വരെയുള്ള WHO യുടെ കണക്കാണിത്. കേൾക്കുമ്പോൾ ഇതൊരു വലിയ കണക്കാണ്. ഭീതിയുണർത്തിയില്ലെങ്കിൽ മാത്രമല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ. ഭയപ്പെടുന്നവർ മറ്റു ചില കണക്കുകളും കണക്കിലെ കളികളും ചിന്തിയ്ക്കണം.
ലോകത്ത് ആകെ ജനസംഖ്യ 780 കോടി.
കോവിഡ് ബാധിച്ചവർ ആറു കോടി പതിനെട്ടു ലക്ഷം.
അതായത് എട്ടു ശതമാനം ആളുകൾക്ക് പോലും ഈ രോഗം ബാധിച്ചിട്ടില്ല.
കോവിഡ് മരണങ്ങൾ പതിനാലു ലക്ഷത്തി അൻപതിനായിരം.
അതായത് പതിനായിരം ആളുകളിൽ
രണ്ടു പേർ കോവിഡ് ബാധിച്ചു മരിക്കുന്നു.
ഇനി മറ്റു ചില കണക്കുകൾ നോക്കാം.
ലോകത്താകെ പ്രതിവർഷം മരിക്കുന്നവർ.
ഹൃദ്രോഗമരണങ്ങൾ 95 ലക്ഷം
സ്ട്രോക്ക് മരണങ്ങൾ 60 ലക്ഷം
COPD എന്ന ശ്വാസകോശരോഗം
മൂലമുള്ള മരണം 35 ലക്ഷം
പല വിധ ന്യൂമോണിയകൾ സാധാരണ ജലദോഷം അടക്കം 33 ലക്ഷം.
അൽഷിമേഴ്സ് പോലെയുള്ള ഡിമർഷ്യ ഉണ്ടാക്കുന്ന മരണങ്ങൾ 25 ലക്ഷം
ശ്വാസകോശ അർബുദം 20 ലക്ഷം
പ്രമേഹം 20 ലക്ഷം
റോഡ് അപകട മരണങ്ങൾ 18 ലക്ഷം
വയറിളക്ക രോഗങ്ങൾ 18 ലക്ഷം
ക്ഷയം 16 ലക്ഷം
സാധാരണ ജലദോഷപ്പനി മൂലമുണ്ടാകുന്ന മരണങ്ങൾ 6-8 ലക്ഷം .
വാക്സിനേഷൻ നിർബന്ധമാക്കിയ ക്ഷയം മൂലം മരിയ്ക്കുന്നത് പ്രതിവർഷം 16 ലക്ഷം.
ജലദോഷപ്പനി മൂലം ആറരലക്ഷം
കൊറോണ ഒരു വർഷത്തിൽ പതിനാല്
ലക്ഷത്തി അൻപതിനായിരം.
(കണക്കുകൾ WHO യുടേതു തന്നെയാണ്.)
കോവിഡ് രോഗികളിൽ കൂടുതലും മരിക്കുന്നത് മുകളിൽ സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങൾ ഉള്ളവരിൽ തന്നെയാണെന്നത് മറ്റൊരു കണക്ക്. ഇതിൽ ഭൂരിഭാഗവും കോവിഡ് ബാധിച്ചിരുന്നില്ലെങ്കിൽ കൂടി ആപൽശങ്ക ഉണ്ടായിരുന്നവർ ആയിരിക്കണം. കോവിഡ് ബാധ ഒരു കാരണമായിട്ടുണ്ടാകാം.
കോവിഡ് 19 : ചില ധാരണകളും, തെറ്റിദ്ധാരണകളും.
കോവിഡ് 19 നെക്കുറിച്ച് കൂടുതലാളുകളും അറിഞ്ഞിരിക്കുന്നത് ആധികാരികമല്ലാത്ത സാമൂഹിക മാധ്യമങ്ങളിലൂടെയാണ്. അത് വഴി പ്രചരിപ്പിക്കുന്ന പല കാര്യങ്ങളും വസ്തുനിഷ്ഠമാകണമെന്നുമില്ല. വരിക്കാരെ കൂട്ടുവാൻ ആളുകൾ പ്രയോഗിക്കുന്ന തന്ത്രങ്ങൾക്കിരയായാകുകയാണ് മിക്കവരും.പ്രചരിക്കുന്നവയിൽ ചില വസ്തുതകൾ പരിശോധിക്കാം.
കോവിഡ് ബാധിക്കുന്ന എല്ലാവർക്കും രോഗം ഗുരുതരവും, മരണം സംഭവിക്കുവാനുള്ള സാധ്യതയുമുണ്ട്. തികച്ചും തെറ്റാണ്. മിക്കവർക്കും വളരെക്കുറഞ്ഞ രോഗലക്ഷണങ്ങളും, പ്രത്യേകിച്ച് ഒരു ചികിത്സയും കൂടാതെ മാറുന്നതുമാണ്. ആറിൽ ഒരാൾക്ക് ചികിത്സ വേണ്ടിവന്നേക്കാം. നൂറു രോഗികളിൽ ഒരാൾക്ക് മരണം സംഭവിക്കാം.
രോഗികൾ മാത്രമേ രോഗം പരത്തൂ. ഇതിലും ചെറിയ പ്രശ്നങ്ങൾ ഉണ്ട്. പതിനാലു ദിവസങ്ങൾ വരെയെടുക്കാം ഒരാളിൽ രോഗ ലക്ഷണങ്ങൾ കാണിക്കുവാൻ. അതു പോലെ മിക്കവർക്കും രോഗലക്ഷണങ്ങൾ തന്നെയുണ്ടാകാറില്ല. ഇത്തരക്കാരിൽ നിന്നും രോഗം പകരുവാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സർക്കാരുകൾ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. പലരിലും കോവിഡ് പോസിറ്റീവായി നെഗറ്റീവ് ആകുന്നത് അറിയണമെന്നു തന്നെയില്ല.
കോവിഡ് ഏതെങ്കിലും പ്രത്യേക ആളുകളിലോ, വംശങ്ങളിലോ, രാജ്യങ്ങളിലോ കൂടുതലാണ് എന്ന പ്രചരണവും ശരിയല്ല. ഇത് ആർക്കു വേണമെങ്കിലും പകരാവുന്ന ഒരു രോഗമാണ്.
വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയിൽ കോവിഡ് വരില്ല. ഇതും തെറ്റാണ്. 25 ഡിഗ്രി സെൽഷ്യസ് ചൂടിൽ കൊറോണ വൈറസുകൾ ജീവിക്കും എന്നതാണ് യാഥാർഥ്യം. അനുകൂലമായ സാഹചര്യങ്ങളിലും, രോഗികളിലും ഇതിലും ഉയർന്ന ചൂടിലും കൊറോണ പകരാം.
ഇത് കൂടുതലായും വയസ്സായവർക്കാണ് പ്രശനം എന്നതാണ് മറ്റൊന്ന്. ഇതും ശരിയല്ല.ഏതു പ്രായക്കാർക്കും വരാം. മറ്റു രോഗപ്രശ്നങ്ങൾ കൂടുതലുള്ളതുകൊണ്ടു മാത്രമാണ് ഇത് വയസ്സായവരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. മറ്റു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള ഏതു പ്രായക്കാർക്കും ഇത് ബാധകമാണ്
പ്രമേഹം, എയ്ഡ്സ് എന്നീ രോഗങ്ങളുള്ളവർക്ക് കോവിഡ് ബാധിക്കുന്നത് അത്യന്തം അപകടകരമാണ്. ഇതും തെറ്റാണ്. അതിനുവേണ്ടി കൃത്യമായ മരുന്നുകൾ കഴിക്കാത്തവരിൽ മാത്രമാണ് കോവിഡ് പ്രശ്നങ്ങളുണ്ടാക്കുക.
ചൂടുവെള്ളം കുടിക്കുന്നത് കോവിഡിനെ തടയും. ഇത് വെറുമൊരു പ്രചാരണം മാത്രമാണ്. യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ല.
ശക്തമായ ആണുനാശിനികൾക്കു മാത്രമേ കൊറോണ വൈറസിനെ നശിപ്പിക്കുവാൻ കഴിയുകയുള്ളൂ. അതും തെറ്റാണ്. വെള്ളവും സോപ്പുമാണ് ഏറ്റവും നല്ലത്. ആൽക്കഹോൾ അടങ്ങിയിട്ടുള്ള ആണുനാശിനികളും ഫലപ്രദമാണ്.
അനാവശ്യ ഭയം ഒഴിവാക്കുക, യുക്തിപൂർവം ചിന്തിക്കുക, പെരുമാറുക. ആരോട് സംസാരിക്കുമ്പോഴും മാസ്ക്കുപയോഗിക്കുക, ശാരീരികവൃത്തി, അകലം എന്നിവ നിബന്ധമായും പാലിക്കുക. രോഗപ്രതിരോധശക്തി നിലനിർത്തുക, ഇത് മാത്രമേയുള്ളൂ കോവിഡിനെ നേരിടുവാനുള്ള വഴികൾ.
തയാറാക്കിയത് : ഇതിവൃത്തം പ്രവർത്തകർ
ദാരിദ്ര്യത്തോടു പടപൊരുതി
നഗ്നപാദനായ് പന്തുരുട്ടിയവൻ
നീയെൻ പ്രിയ ഡിയെഗോ
ജനഹൃദയങ്ങളിൽ ചേക്കേറി
കാല്പന്തിൻ മാസ്മരിക ലോകത്ത്
കിരീടംവെക്കാത്ത രാജാവായ് മാറിയ
ഇതിഹാസ നായകൻ ഡിയെഗോ
കുറിയ ശരീരത്താൽ
കാല്പന്തിന്റെയാകാശം തൊട്ട്
ലോകത്തിൻ നെറുകയിൽ മിന്നുംതാരമായ്
ജ്വലിച്ചുനിന്നവൻ ഡിയെഗോ
ആകാശനീലിമയോലും
അർജന്റീനൻ ജഴ്സിയണിഞ്ഞ്
ആവേശക്കടലല തീർത്ത്
മൈതാനങ്ങളെയുണർത്തിയവൻ
ഡിയെഗോ
‘നൂറ്റാണ്ടിന്റെ ഗോളും’
‘ദൈവത്തിന്റെ കൈയും’
പിറവികൊണ്ട ചടുലമാം മാന്ത്രിക
പാദങ്ങൾക്കുടമസ്ഥൻ ഡിയെഗോ
എതിരാളിയുടെ ഗോൾവല കുലുക്കി
മൈതാനങ്ങളിൽ വിസ്മയംതീർത്ത്
വിണ്ണിലെ താരകങ്ങൾക്കൊപ്പം
പന്തുതട്ടാൻ പോയോ പ്രിയ ഡിയെഗോ
മാന്ത്രിക നീക്കങ്ങളുടെ കാല്പന്തുകളികൾ
സ്മരണകളിൽ ഡ്രിബിൾ ചെയ്യുമ്പോൾ
ആരാധകരുടെ നെഞ്ചിലെ
ഗോൾവല കുലുക്കാൻ
നീ വീണ്ടുമണയും ഡിയെഗോ
കാല്പന്തിൻ മൈതാനങ്ങളിൽ
പന്തുരുളും കാലത്തോളം
മരിക്കാത്ത ഓർമകളായ് നീ
ജനഹൃദയങ്ങളിൽ ജീവിക്കും ഡിയെഗോ
സാബി തെക്കേപ്പുറം
രഘുവംശപടവുകളിലെവിടെയോ
ചിതറിക്കിടക്കുന്നു …
മിഴിനീർക്കണങ്ങളായി
ഊർമ്മിളയുടെ മൗനനൊമ്പരങ്ങൾ…
ആര്യസംസ്കൃതിയുടെ അപഥ സഞ്ചാരങ്ങൾ
അലയും വേദനകളായി …
ജനകപുത്രിയെങ്കിലും ജാനകിയല്ലവൾ
ജാതകപ്പിഴവിൽ വിരഹം വരിച്ചവൾ..
അയോദ്ധ്യതൻ അന്തപ്പുരത്തിൻ
ഇടനാഴികളിൽ
നേർത്ത മർമ്മരങ്ങളായി
വിതുമ്പലായി…
കാലപടത്തിൽ കരിന്തിരികത്തുന്നു ഊർമ്മിള ‘
കേകേയാ രാജ്ഞികല്പിച്ചതു
രാമനു കാനനവാസമെങ്കിലോ
കനൽവഴിയിലെറിഞ്ഞതു
ഊർമ്മിളയുടെ മോഹങ്ങളോ?
മൈഥിലിയെ പിരിയാതെ
കാനനവാസം നടത്തിയ രാമനു
രാമായണം രചിച്ച
ദേവ സിംഹാസനങ്ങൾ
ഊർമ്മിളാ ദു:ഖം കണ്ടതില്ലേ?
മാനിഷാദാ പാടിയ മാമുനി
അശരണയാംസ്ത്രീയുടെ
വിലാപം കേട്ടതില്ലേ?
അലയുമാ വേദനച്ചിതയിൽ
കത്തിയമരുന്ന അവളുടെ
മോഹഭംഗങ്ങൾക്കു
മറുവാക്കു ചൊല്ലുവാൻ
നീതിശാസ്ത്രങ്ങൾക്കാവുമോ?
ഇനിയും പിറക്കാതിരിക്കട്ടേ ഇത്തരം ജന്മങ്ങൾ…
ഊർമ്മിളായനങ്ങൾ തീരട്ടേ
ഈ ഭൂമിയ്ക്കു മോക്ഷത്തിനായി …
വിരചിതമാം ഇതിഹാസങ്ങൾക്കു വെളിയിലാണെന്നും
അകത്തളങ്ങളിൽ കേഴും
അബലകൾ തൻ രോദനം…
പാടുന്നു പാക്കനാരന്മാരു
ഈണത്തിൽ രാമചരിതമാനസങ്ങൾ …
അറിയില്ലാരുമേ ഉറക്കത്തിൽ ആണ്ടുപോകും
ഊർമ്മിളമാർ തൻ സ്പന്ദനങ്ങൾ…
ചിതയൊരുക്കി കാത്തിരിക്കും
നിസ്വരുടെ ദു:ഖമെന്നുമേ
ദുർവിധിയെന്നെഴുതി
തള്ളുന്നു കാലവും
വിസ്മൃതിപ്പുക്കളായി വീണുകരിയുന്നു
നെഞ്ചിൽ നൊമ്പരം ബാക്കിയാക്കി ..
രാമകൃഷ്ണൻ ശേഷാദ്രി
നിന്റെ മൗനങ്ങളിൽ,നീ ഒരിക്കലും അടിവരയിട്ടു പറയാത്ത യുക്തകാരണങ്ങളിൽ,നീ എപ്പോഴും എന്നെ അവ്യക്തമായി മറന്നു വച്ചതെന്തിന് സുമിത്രാപുത്രാ.? ഈ മിഥിലാപുത്രിയുടെ, അടഞ്ഞുപോയ ഗദ്ഗദങ്ങളിൽ, പൊട്ടിച്ചിരികളിൽ, സ്വപ്നങ്ങളിൽ, നീ മാത്രമേ ഉണ്ടായിരുന്നുള്ളു ലക്ഷ്മണകുമാരാ,അന്നും, ഇന്നും.അയോധ്യയുടെ കൊട്ടാര അന്തപുരത്തിലേക്കു, വലതുകാൽ എടുത്തുവെച്ചു, കടന്നുവന്ന നാൾ ഇന്നും, ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു ആര്യപുത്രാ. നിന്നെതൊട്ട് ഒരു നിഴലുപോലെ കൊട്ടാര അങ്കണത്തിൽ വെളുത്ത കുതിരകളെ പൂട്ടിയരഥത്തിൽ, ഞാൻ വന്നിറങ്ങുമ്പോൾ, എന്‍റെ ശരീരവും, മനസ്സും വല്ലാതെ വിറച്ചുകൊണ്ടിരുന്നു.അപരിചിത ജനക്കൂട്ടത്തിലേക്കു അറിയാതെ ഒഴുകിയിറങ്ങിവന്ന, ഇളയപുത്രിയുടെ വിഭ്രാന്തികൾ വായിച്ചറിയുവാൻ ജനകൻ, എന്നത്തേയും പോലെ, അന്നും പരാജയപെട്ടു,എനിക്കായി കരുതി വയ്ക്കാത്ത വാക്കുകളുടെ ശൂന്യതയുംപേറി, ഇനി കടങ്ങളില്ലാതെ ഒരു ചുംബനം മൂർദ്ധാവിൽനൽകി, തിരിഞ്ഞു നോക്കാതെ ജനകരാജൻ രഥമേറി മടങ്ങുമ്പോൾ, ഞാൻ അറിഞ്ഞിരുന്നില്ല എന്നെ കാത്തിരിക്കുന്ന ഭാവികാലത്തിന്റെ കറുത്ത ദിനങ്ങളെ. എന്തിനെന്നറിയാതെ പൊട്ടിവന്ന ഒരു കരച്ചിൽ ഞാൻ അടക്കിയത് അന്ന് ജേഷ്ട്ടത്തി ജാനകിയുടെ നെഞ്ചിലായിരുന്നു.
കൊട്ടാരത്തിലെ വിശാല കക്ഷങ്ങളിൽ,അന്തപുരത്തിലെ അടക്കംപറച്ചിലുകളിൽ, ഊർമ്മിള പിന്നെയെന്നും കുട്ടിത്തം മാറാത്ത, വിസ്മയമായിരുന്നു ഏവർക്കും.അഗ്രജൻ രാമന് നീ പകുത്തുകൊടുത്ത സമയ സൂചികയുടെ ബാക്കിയാവുന്ന, വേഗനിമിഷങ്ങളെ നീ എനിക്ക് നൽകിയൊള്ളുവെങ്കിലും, മനസ്സിന്റെ ആരംഭ പൊരുത്തക്കേടുകൾക്കുശേഷം ഞാൻ, സംതൃപ്തിയുടെ ചെറിയകണികകൾ കണ്ടെത്തി,എന്റെ നിശ്വാസങ്ങൾക്കൊപ്പം ചേർത്തുവച്ചു എന്നിൽ. സ്വയം മന്ത്രംപോലെ ഉരുവിട്ട്പഠിച്ചു, ഞാൻ സംതൃപ്‌തയാണ് എന്ന രണ്ടു വാക്കു. നിന്റെ ജേഷ്ട്ടസ്നേഹത്തിന്റെ, ദിനവും കണ്ട ഉദാഹരണങ്ങളിൽ ആരോടും പറയാതെ ഞാൻ മൂടിവച്ചതു ചെറു അസൂയപൂക്കളും, പിന്നെ നീ ഒരിക്കലും കേൾക്കാൻ സമയം കണ്ടെത്താത്ത എന്റെ പ്രണയ പരിഭവങ്ങളും, ചെറിയ ആഗ്രഹങ്ങളുമായിരുന്നു.
ശ്രീരാമ പട്ടാഭിഷേകത്തിന്റെ സന്തോഷവാർത്തലഹരിയിൽ മുങ്ങിനിന്ന രാജ്യവും, കൊട്ടാരവും, ഇന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു കുമാരാ. അന്തപുരത്തിലെ ശയ്യാകക്ഷത്തിന്റെ ഓരംചേർന്ന മട്ടുപ്പാവിൽ, സന്ധ്യമയങ്ങിയനേരം നീ ഖിന്നത വാടികരയിച്ച മുഖവും, തളർന്ന ദേഹവുമായി എന്റെയടുത്തു വന്നതും, ഞാൻ നന്നായിതന്നെ ഓർക്കുന്നു. മട്ടുപ്പാവിൽ പടർന്നു കയറിയ മുല്ലവള്ളികളിൽ തഴുകി, നീ വാക്കുകൾ തേടികൊണ്ടിരുന്നു, എന്തോ എന്നോട് പറയാൻ. മയിൽപ്പീലിത്തണ്ടാൽ നിറക്കൂട്ടുകൾ ചേർത്തു, വീരാളിപ്പട്ടിൽ ഞാൻ വരച്ച ശ്രീരാമ പട്ടാഭിഷേകത്തിന്റെ അപൂർണ്ണ ഭാവനാ ചിത്രത്തിലേക്ക്, നിന്‍റെ കൈതട്ടി വീണുപോയ നിറക്കൂട്ടുകൾ മായ്ച്ചു കളഞ്ഞത്, അഗ്രജൻ രാമന്റെ തൊട്ടടുത്ത്നിന്ന നിന്നെതന്നെയായതു, വെറും യാദൃശ്ചിക അബദ്ധമായിരുന്നോ?.
അശോകമരത്തിന്റെ ഇളകിയാടുന്ന ചില്ലകളെ നോക്കി കുമാരാ, നീ പറഞ്ഞത് ഞാൻ ഓർക്കുന്നു.
“ഊർമ്മി ….. ശകുനങ്ങൾ പിഴച്ചതോ. ? അതോ കാലസമയ ഗണനങ്ങളുടെ, പൊരുത്തക്കേടോ എന്നറിയില്ല. അഗ്രജൻ രാമൻ, രാജാവാകില്ല.രാജമാതാ കൈകേയി, കണ്ണ്നീരിൽ കെട്ടിയിട്ട, ദശരഥ മഹാരാജന്റെ മനസ്സ് മൗനമായി അനുവാദം കൊടുത്തുകഴിഞ്ഞു,കൈകേയി മാതാവിന് കൊടുത്ത വരപ്രാപ്തിക്കു.ഘോര വനങ്ങളിൽ ഉഴറണം ഇനി അഗ്രജൻ രാമന്, നീണ്ട പതിനാലു വർഷം എന്ന രണ്ടാംവരവും ചേർത്ത്.എല്ലാ കാരണങ്ങളുടെയും മുനയൊടിച്ചു ജാനകിയും ഒരുങ്ങികഴിഞ്ഞു, അഗ്രജൻ ശ്രീ രാമനൊപ്പം. അയോദ്ധ്യ രാജനായി ഇനി ഭരതൻ ഉണ്ടാവുമിവിടെ”
അശോക മരച്ചില്ലകൾ എന്തോ അരുതാത്തതു കേട്ടപോലെ, ഇളകിയാടുന്നുണ്ടായിരുന്നു. ഉദ്യാനത്തിലെ ആമ്പൽകുളത്തിലെ അരയന്നങ്ങൾ, നിറുത്താതെ ശബ്ദിച്ചു കൊണ്ടുമിരുന്നു. എനിക്ക് മുഖംതരാതെ നീയും, ബാക്കിപറയാൻ വിമ്മിട്ടപ്പെടുന്നുണ്ടായിരുന്നു. “ഊർമ്മി ….. അഗ്രജനൊപ്പം, ജാനകി ദേവിക്കുമൊപ്പം യോജനകൾതാണ്ടി ഒരു കാനന വാസത്തിനു കൂടെ മാറ്റാരെങ്കിലും, എന്നൊരു ചോദ്യം, നിന്റെ അധരങ്ങളിൽ വരുംമുൻപേ, ഞാൻ പറയുന്നു, അഗ്രജനൊപ്പം ഞാനുമുണ്ടാവും. എന്റെ നിയോഗങ്ങൾ നിർവചിക്കപ്പെട്ടതാണ്, അഗ്രജന്റെ കാൽപ്പാടുകൾക്കു തൊട്ടുപിന്നിൽ എന്റെതുണ്ടാവണമെന്നു”. നിസ്സാരതയുടെ നിർവികാരത ചേർത്ത് ആര്യ പുത്രാ, നീ എത്ര ഭംഗിയായി പറഞ്ഞു നിറുത്തി. അശോകത്തിന്റെ ഉലയുന്ന മർമ്മരങ്ങളിൽ, എന്റെ തളർന്ന ശ്രവണേന്ദ്രിയങ്ങളിൽ,ഞാൻ ആദ്യം കേട്ടത് അഗ്രജനൊപ്പം ‘നമ്മളും’ ഉണ്ടാവും എന്നായിരുന്നു. തീർച്ചപ്പെടുത്തിയ നിന്റെ തീരുമാനങ്ങളിൽ ഞാൻ ഒരു അധികപ്പറ്റാകും, എന്ന നിന്റെ ശങ്കകൾ നീ വിവരിച്ചു പറഞ്ഞപ്പോൾ, അശോകത്തിന്റെ മർമ്മരം എന്റെ നെഞ്ചു ഏറ്റുവാങ്ങിയിരുന്നു കുമാരാ.ഉടഞ്ഞുപോയ
പളുങ്കുപാത്രംപോലെ ഞാൻ, ഏറെനേരം മട്ടുപ്പാവിൽ നിന്നു, അയോധ്യക്ക് മുകളിൽ പെയ്തിറങ്ങിയ കറുത്തകാർമേഘങ്ങൾ, എന്നെ തണുപ്പിക്കാൻ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. നിന്റെ ശരികളിൽകൂടെ ഞാനന്നു ഏറെ സഞ്ചരിച്ചു. നിന്റെ കർത്തവ്യബോധത്തിൽ, പ്രണയ ചിന്തകൾ,കരടായി വേണ്ടയെന്ന നിന്റെ തീരുമാനം, കാണാതെപഠിക്കാൻ എന്റെ മനസ്സിനെ ശാസിച്ചു പറഞ്ഞുമനസ്സിലാക്കി. ഇടയ്ക്കു പിടിവിട്ടു പോകുന്ന നിമിഷങ്ങളിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തി ജാലക തിരശീലകളിൽ മുഖംചേർത്ത് കരഞ്ഞു.നിന്റെ കർത്തവ്യങ്ങളിൽ, നിന്റെ ഹൃദയ തന്ത്രികളിൽ, ഊർമ്മിളയെന്ന ഞാൻ കൗതുകം തീർന്നുപോയ ഒരു കളിപ്പാട്ടത്തിന്റെ പ്രാധാന്യം പോലുമില്ലാതെ, വലിച്ചെറിഞ്ഞു വീണുടഞ്ഞുപോയി എന്ന സത്യം സമർത്ഥിക്കാൻ ശ്രമിച്ചപ്പോഴൊക്കെ പൊള്ളിക്കുന്ന കണ്ണുനീരും, കനല് കയറിയ പോയ മനസ്സും അത് ശരിയെന്നു പതുക്കെ ഞാൻ കേൾക്കാതെ ഉരുവിട്ടുകൊണ്ടിരുന്നു.
നിന്റെ യാത്രയുടെ അവസാന നിമിഷങ്ങളിൽ, ഞാൻ എന്നെ ഈ മട്ടുപ്പാവിൽ ബന്ധിച്ചു നിറുത്തി, നിർബന്ധപൂർവം. യാത്രാ മൊഴിക്ക് വേണ്ടി നീ ശയ്യാ കക്ഷത്തിൽ എത്തിയപ്പോൾ, പട്ടുടയാടകളിൽ ഞാൻ എന്നെ പൊതിഞ്ഞു നിറുത്തി, മരതക കിരീടം തലയിൽ ചാർത്തി, വൈഡൂര്യ ആഭരണനങ്ങളിൽ സ്വയം ആഴ്ന്നു നിന്ന, ഞാൻ രചിച്ച എന്റെ തിരക്കഥയിലെ,എന്നെ നീ വെറുപ്പിന്റെ കണ്ണുകളാൽ ഒന്ന് നോക്കാൻ വേണ്ടി മാത്രം. കറുത്ത ദുഃഖം ഇരുട്ട് നിറച്ച അയോധ്യയുടെ നിമിഷങ്ങളിൽ, നിന്റെ ഊർമ്മി മാത്രം തികച്ചും ഉല്ലസിക്കുന്നു, എന്ന നിനക്കുണ്ടാകേണ്ട ഒരു വെറും തോന്നലിനു വേണ്ടി മാത്രം, ആ വെറുപ്പിന്റെ കണികകൾ, നീ നിന്റെ അഗ്രജനോടുള്ള കർത്തവ്യബോധത്തിനൊപ്പം ചേർത്ത് വയ്ക്കും, എന്ന തിരിച്ചറിവ് എനിക്കുണ്ടായിരുന്നു. കുമാരാ, പാതി വെന്തു പോയ മനസ്സിൽ ശരിയെന്നു തോന്നിയതാണത്.അഗ്രജൻ രാമന്റെ, ജാനകി ദേവിയുടെ, നിഴല് പോലെ നിൽക്കേണ്ട ഇനിയുള്ള നിന്റെ കർത്തവ്യദിനങ്ങളിൽ , ഞാൻ എന്ന സ്നേഹവലയത്തിൽ പെട്ട് നീ ഉഴറാതിരിക്കാൻ,നിന്റെ മനസ്സിൽ ഒരു ശാപ വാക്കുരുവിട്ടു,നിന്റെ കർത്തവ്യങ്ങളിൽ ഒരു ഭംഗം ഉണ്ടാകാതിരിക്കാൻ, കുറഞ്ഞ ഇടവേളയിൽ, നിന്നോടുള്ള നോവുന്ന പ്രണയത്തിനപ്പുറം എന്റെ പെണ്മനസ്സു പഠിപ്പിച്ചു തന്ന എന്റെ കർത്തവ്യ മന്ത്രം, അല്ലെങ്കിൽ യുക്തിയില്ലാത്ത ഒരു വിഡ്ഢിത്തം.
തിരിഞ്ഞു നോക്കാതെ യാത്രയായ നിങ്ങള്ക്ക് പിന്നിൽ, അയോദ്ധ്യ വിതുമ്പിക്കൊണ്ടിരുന്നു. ആൾക്കൂട്ടത്തിൽ ഒറ്റപെട്ടു, ഈ മട്ടുപ്പാവിന്റെ ഓരത്തു ഞാൻ ഉണ്ടായിരുന്നു. പ്രധാന കവാടം കടന്നു പോകുമ്പോൾ, കവാട വാതിൽ അടയും മുൻപേ, നേർത്തു നിലച്ചു വരുന്ന ജയ് ശ്രീറാം വിളികൾ തീർന്നു പോകും മുൻപേ, നീ ഒരുവട്ടമെങ്കിലും ഈ മട്ടുപ്പാവിലേക്കു തിരിഞ്ഞു നോക്കുമെന്നു ഈ ഊർമ്മി വെറുതെ ആശിച്ചു. ഉരുണ്ടു കൂടി വന്ന കണ്ണ്നീർ കവിളിൽ തലോടി ശാസിച്ചു പറഞ്ഞു.
‘ഊർമ്മി,പ്രണയം മരവിച്ചു പോയ നിന്റെ കുമാരന്റെ മനസ്സിൽ നീയില്ല. അഗ്രജ സ്നേഹത്തിൽ, കർത്തവ്യ ബോധത്തിൽ, തികച്ചും അന്ധനായിപ്പോയ നിന്റെ കുമാരന്റെ മനസ്സിൽ നീ ഒരു ചോദ്യ ചിഹ്നം പോലും അല്ല. മനസ്സിൽ തെളിയുന്ന നിന്റെ മുഖം മൂടുന്ന വെറുപ്പ് കണികകളെ തുടച്ചു മാറ്റാൻ പോലും കുമാരൻ ഇനി ശ്രമിക്കില്ല. കാലത്തിനു മുൻപേ പറക്കാൻ നീ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു’.
കുമാരാ, നീ വളർത്തി നീതന്നെ അൽപ്പാൽപ്പമായി കൊന്ന ബലിമൃഗമായിരുന്നു ഞാൻ.എന്റെ വിഭ്രമങ്ങൾ, മനസ്സിന്റെ കടിഞ്ഞാൺ അറ്റുപോയ ഉഴറലുകൾ, വാക്കിൽ വരച്ചിടാൻ എനിക്കാവില്ല.സന്ദേശങ്ങൾ പോലും അറ്റു പോയ നീണ്ട പതിനാലു വർഷങ്ങളുടെ ഇടവേളകളിൽ, നിന്റെ സ്പര്ശനത്തിനായി ഞാൻ വല്ലാതെ കൊതിച്ചിരുന്നു,സപ്രമഞ്ചത്തിന്റെ നീ ഒഴിച്ചിട്ട ശൂന്യതയിൽ വീണ്ടും വീണ്ടും,ഞാൻ തിരഞ്ഞു കൊണ്ടിരുന്നു നിന്റെ ഗന്ധം.നിന്റെ സ്പര്ശനങ്ങൾ ഏറ്റ അശോക മരത്തിന്റെ ചാഞ്ഞ ചില്ലകൾ, പാദ ധൂളികൾ പതിഞ്ഞ പളുങ്കു പടവുകൾ, നീ ഉരിഞ്ഞിട്ട അംഗ വസ്ത്രങ്ങൾ, ഇവയിലെല്ലാം ഞാൻ എന്റെ വിരലുകൾ കൊണ്ട്, പിന്നെ വലിച്ചെടുക്കുന്ന ഗന്ധം കൊണ്ട് നീയെന്ന വാസ്തവത്തിന്റെ കണികകൾ അന്ധമായി തേടിക്കൊണ്ടിരുന്നു. എന്റെ തളർച്ചകളിൽ ഞാൻ കരയാൻ മറന്നു, അല്ല മറക്കാൻ പഠിച്ചു, നിനക്ക് തന്ന വാക്ക് പാലിക്കാൻ. നിദ്ര ദേവി കടം തന്ന നിന്റെ നിദ്രകളും, കൂട്ടിച്ചേർത്തു കലുഷിത മനസ്സിനെ ഉറങ്ങാൻ പഠിപ്പിക്കാൻ ശ്രമിച്ചു. ഓരോ ശ്രമങ്ങളും പരാജയപ്പെടുമ്പോഴും’ പാതിയുറക്കത്തിന്റെ ഉന്മാദത്തിൽ, ഞാനറിയാതെ എന്റെ അധരങ്ങൾ പിറുപിറുത്തതൊക്കെയും നിന്റെ പേരായിരുന്നു.നിദ്രകെട്ടുപോയ തലച്ചോറിൽ തെളിഞ്ഞു വരാറുള്ള പുകമഞ് പോലുള്ള അവ്യക്ത രൂപവും നിന്റേതു തന്നെയായിരുന്നു.
ആര്യപുത്രാ, ഘോര വനാന്തരങ്ങളിൽ നിന്റെ കർത്തവ്യങ്ങൾ ഒഴിഞ്ഞ നിശ്വാസ ഞൊടികളിലെങ്കിലും ഞാൻ ഉണ്ടായിരുന്നോ നിന്റെ മനസ്സിൽ.? ഒരു ഓർമ്മതെറ്റായിയെങ്കിലും.? നീയൊഴിഞ്ഞു പോകാത്ത ഘനീഭവിച്ച ഓർമ്മകളിൽ, ചിന്തകളിൽ, ഞാൻ ഈ ചോദ്യതിന്നുത്തരം എത്രയോ വട്ടം തിരഞ്ഞു.? ഉണ്ടെന്നൊരു ഉത്തരം വല്ലാതെ ഞാൻ മനസ്സിനെ അടിച്ചേൽപ്പിച്ചു വന്യമായി.വിഹ്വല മനസ്സ് മേഘങ്ങളെ കൂട്ടുപിടിച്ചു. അവയുടെ ഒഴുകിപ്പറക്കലിൽ,രൂപമാറ്റങ്ങളിൽ, ഞാൻ പുതിയ അടയാളങ്ങൾ കണ്ടു പിടിക്കാൻ ശ്രമിച്ചു. പ്രസന്ന മേഘങ്ങൾ, നിന്റെ സന്തോഷത്തിന്റെയും, കരി മേഘങ്ങൾ നിന്റെ സന്താപത്തിന്റെയും അടയാളങ്ങളായി ഞാൻ വിഡ്ഢിയെ പോലെ കണക്കു കൂട്ടി കണ്ടുപിടിച്ചുകൊണ്ടിരുന്നു. മേഘപെയ്തുകളിൽ,നിദ്ര വിട്ടൊഴിയാത്ത പാതിയടഞ്ഞ മിഴികളുമായി, ഉടയാടകളോടെ നനഞ്ഞു, ഞാൻ എത്ര നേരം നിന്നോട് സംവദിച്ചിരിക്കുന്നു.നിന്റെ ഇല്ലാത്ത അംഗുലീ സ്പർശം, ഉണ്ടെന്നു കരുതുന്ന ഇഷ്ട്ടത്തിൽ എന്റെ ചുണ്ടിൽ വിരിഞ്ഞതൊക്കെയും വിളറിയ ചിരികളും, കണ്ണിൽ നിറഞ്ഞതൊക്കെ ആത്മാവിന്റെ കരച്ചിലുമായിരുന്നു.
ശൂർപ്പണഖയുടെ രോദനങ്ങൾ മേഘങ്ങൾ ഏറ്റികൊണ്ടുവന്നു, ഇടിനാദം മുഴക്കി പെയ്തു തീർത്തു ഒരു രാവ് മുഴുവൻ. എന്റെ മുന്നിൽ,നിലാവ് പോലും ഉറഞ്ഞു പോയ ആ രാത്രിയിൽ, ആഞ്ഞടിച്ച മഴത്തുള്ളികളുടെ വേദനിപ്പിക്കുന്ന ശിക്ഷ മുഴുവൻ ഞാൻ ഏറ്റു വാങ്ങി, എന്തിനെന്നറിയാതെ?. സ്ത്രൈണത മുറിഞ്ഞ ശൂർപ്പണഖ, ഒഴുക്കിയ കണ്ണീരു ഇടകലർന്നതിനാലാവാം, ആ മഴ എന്നെ പൊള്ളിച്ചു കൊണ്ടിരുന്നു.മേഘ ഗർജ്ജനങ്ങളിൽ അവളുടെ വിലാപം എന്റെ കാതുകളെ വല്ലാതെ തുളച്ചു കൊണ്ടിരുന്നു.നിന്നെ ന്യായികരിക്കാനാവാതെ തളർന്നു പോയ എന്റെ അധരങ്ങളിൽ, തളർന്ന ഒരു വാക്ക് മാത്രം പറ്റിപ്പിടിച്ചിരുന്നു, പറിച്ചുമാറ്റാനാവാതെ . മേഘ ഗർജ്ജനങ്ങൾ ഒടുങ്ങിപ്പോയി പുലരിയെത്തുംവരെ ഞാൻ മന്ത്രിച്ചു കൊണ്ടിരുന്നു അവളോട് …’മാപ്പ്’.
പാതി കേട്ട മേഘ സന്ദേശങ്ങളിൽ,അന്തപുരത്തിലെ അടക്കം പറച്ചിലുകളിൽ, എന്റെ ജാനകിയുടെ ദുരവസ്ഥയിൽ എന്റെ മനം തുടിച്ചു.രാവണ കാരാഗൃഹത്തിൽ പെട്ടുപോയ ദേവിയെ എനിക്കല്ലേ ഏറ്റവും നാന്നായി മനാസ്സിലാക്കാനാവു.? ഇന്ദ്രജിത്തിന്റെ ‘വാസവി ശക്തിയിൽ’ ആര്യ പുത്രാ, നിന്റെ മോഹാത്സ്യത്തിന്റെ കഥകൾ പറയുവാൻ മേഘങ്ങൾ പോലും അറച്ചു നിന്നു.വലം കണ്ണിന്റെ വേദനിപ്പിക്കുന്ന തുടിപ്പിന്റെ, ദുർനിമിത്തങ്ങളുടെ, അടയാളങ്ങളിൽ ഞാൻ തകർന്നു പോയിരുന്നു.ഖിന്ന മനസ്സിന്റെ കൂടെ പറഞ്ഞുവിട്ട സാന്ത്വനങ്ങളും, കണ്ണുനീരും, പ്രാർത്ഥനകളും നിന്നെ തൊട്ടു നിന്നതു ഒരു പക്ഷെ, നിന്റെ അബോധങ്ങളിൽ നീ അറിഞ്ഞിരിക്കില്ല.
അംഗദനോടും, ചന്ദ്രകേതുവിനോടും, കാലങ്ങളായി ഞാൻ പറയാൻ ശ്രമിച്ച, എന്റെ നിന്നിലുള്ള വിശ്വാസ നിറകഥകൾ, അവർക്കെന്നും അവിശ്വാസത്തിന്റേതായിരുന്നു. നിന്റെ ശരികൾ അവരെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ അശക്തയായിരുന്നു എന്നും, ഒപ്പം ഉത്തരമില്ലാത്ത അവരുടെ പല ചോദ്യങ്ങൾക്കു ഉത്തരം നൽകാനും. നീ എന്നോട് പറഞ്ഞു, ഇന്നും എനിക്ക് മനസ്സിലാകാതെ പോയ, നിന്റെ നിയോഗത്തിന്റെ, കർത്തവ്യത്തിന്റെ, ഓരോ വരികളും ഞാൻ അവർക്കു പകർന്നു കൊടുക്കാൻ ശ്രമിച്ചു. നിന്റെ ചരിത്ര കഥകൾ പാതിയിൽ ഉപേക്ഷിച്ചു, നിദ്ര ഉന്മാദം കൊള്ളുന്ന എന്റെ തളർന്ന കണ്ണുകൾ ചേർത്തടച്ചു, മൂർദ്ധാവിൽ ചുംബിച്ചു, ഞാൻ കാണാതെ കണ്ണുകൾ തുടച്ചു, അവർ ഓരോ വട്ടവും കടന്നു പോയി, എന്നിലും,നിന്നിലും വിശ്വാസം നഷ്ടപ്പെട്ടവരെ പോലെ.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ, അയോദ്ധ്യ കവാടം കടന്നെത്തിയ നിന്നെ കാണുവാൻ, അന്തപുരം വിട്ടോടി വന്ന എനിക്ക് എന്നെ നിയന്ത്രിക്കുവാൻ ആയില്ല. നിന്റെ സ്പര്ശനത്തിലെ വിറയ്ക്കുന്ന വിരലുകളുടെ അപരിചിത്വം, അന്ന് എനിക്ക് തിരിച്ചറിയാനായില്ല, ആര്യ പുത്രാ. വർഷങ്ങൾ
കനല്കൊണ്ട് പഴുത്ത മനസ്സിൽ നിന്നും, വാക്കുകൾ പരതിഎടുക്കാൻ ഞാൻ നന്നേ ക്ലേശിച്ചു. മുറിഞ്ഞു പോകുന്ന വാക്കുകളിൽ, കണ്ണീരു കുടിയിരുന്നപ്പോൾ പൊടുന്നനെ ശബ്ദം നഷ്ട്ടപ്പെട്ടവളായി ഞാൻ.വൈകി വന്ന എന്റെ വിവേകങ്ങളിൽ ഞാൻ മനസ്സിലാക്കി, വീണ്ടും തളിർത്തു എന്ന് ഞാൻ കരുതിയ എന്റെ വ്യാമോഹത്തിന്റെ, വിപരീത ദിശകളിലേക്ക്നമ്മൾ പരസപരം പതുകെ വീണ്ടും വലിച്ചെറിയപെടുന്നുവെന്നു.
നിന്റെ അഗ്രജ സ്നേഹത്തിനു മുൻപിൽ, ഒരിക്കലും തീർത്തുവയ്ക്കാനാവാത്ത കർത്തവ്യങ്ങൾക്കു മുൻപിൽ, എന്റെ ഊഴം നിന്നിൽ എന്നും രണ്ടാമതോ, മൂന്നാമതോ ആയിരുന്നുവെന്നു. സത്യത്തിന്റെ തിരിച്ചറിവ് എനിക്ക് ഭയാനകമായിരുന്നു. എന്റെ പുകഞ്ഞ ചിന്തകൾക്കും, തീ പടർന്ന മനസ്സിനുമപ്പുറം ഞാൻ ചൊടികളിൽ പടർത്തിയ മന്ദഹാസങ്ങളിൽ, ആരും ഒന്നും അറിയരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ജാനകി ദേവിയുടെ സംശയ കണ്ണുകളെ പോലും, പലപ്പോഴും ഞാൻ വിദഗ്ദമായി കബളിപ്പിച്ചു കൊണ്ടിരുന്നു, ഇന്നലെ വരെ.
ഇന്ന് ഈ വൈകിയ വേളയിൽ, ഞാൻ അറിയുന്നു, നിന്റെ അഗ്രജ സ്നേഹത്തിന്റെ അഗാധ ആഴങ്ങൾ.നിന്റെ ഖിന്നതയുടെ കാരണങ്ങൾ തേടിയലഞ്ഞ ഞാനെന്ന വിഡ്ഢിക്കറിയില്ലായിരുന്നു, ഇന്നലെ രാവിന്റെ ഒടുവിലത്തെ യാമത്തിൽ, നീ എടുത്ത ക്രൂരമായ ആ അവസാന തീരുമാനത്തെ. സരയുവിലേക്കുള്ള അവസാന പടവിൽ നിൽക്കുമ്പോൾ പോലും, നീ നിന്റെ അഗ്രജ സ്നേഹത്തിന്റെ അഗാധതയിൽ, എന്റെ മുഖം അവസാനമായി ഓർത്തെടുക്കുവാൻ ശ്രമിച്ചിരിക്കില്ല, എന്ന് ഞാൻ മനസ്സിലാക്കുന്നു.അഗ്രജൻ കൊടുത്ത വാക്കിന്റെ കടം വീട്ടാൻ, സ്വന്തം ജീവകണികകൾ സരയുവിൽ ചേർത്ത് വച്ചു അലിയാൻ നീ തീരുമാനിച്ചപ്പോൾ പോലും,നിന്റെ നെഞ്ചിലെ ചൂട് പരതിതളർന്നു നിദ്രകൊണ്ട എന്നെ, നീ മനപ്പൂർവം മറന്നു വച്ചു.ഇന്നലെയുടെ രാവിന്റെ അവസാന യാമത്തിൽ, ചകോരങ്ങൾ വല്ലാതെ മുറവിളി കൂട്ടി ശബ്ദിച്ചിരിക്കാം, എന്നെ ഉണർത്താൻ. എന്റെ സുഷുപ്തിയുടെ ഏതോ ഇടവേളയിൽ, നിശബ്ദനായി,അംഗ വസ്ത്രമുരിഞ്ഞിട്ടു, ആയുധങ്ങൾ ഇല്ലാതെ, നഗ്‌നനായി നീ സരയു തീരത്തേക്ക്നടന്നു പോകും മുൻപ്, നിന്റെ നെഞ്ചിൽ നിന്നും നീ മെല്ലെ ഞാനറിയാതെ എടുത്തു മാറ്റിയത്, എന്റെ മുഖം മാത്രമല്ല മറിച്ചു എന്നെത്തന്നെയായിരുന്നു.
നിയോഗങ്ങൾ തീർത്ത നിന്റെ യാത്രയുടെ അലയടികൾ, കൊട്ടാരത്തിലും, അന്തപുരത്തിലും കെട്ടടങ്ങിയിട്ടില്ല. നിന്റെ അഗ്രജൻ തീർത്തും തളർന്നിരിക്കുന്നു. മൂകത കെട്ടി നിൽക്കുന്ന, ഈ അന്തഃപുര മട്ടുപ്പാവിന്റെ വാതിൽ ഞാൻ ചേർത്തടച്ചു കഴിഞ്ഞു. അനുകമ്പകൾ, സഹതാപങ്ങൾ ഏറ്റു വാങ്ങാൻ എനിക്ക് ഇനി ശക്തിയില്ല. ഈ മട്ടുപ്പാവിൽ അശോക മരത്തിന്റെ ചാഞ്ഞ ചില്ലകളുടെ തണലിൽ ഞാൻ ഇരിക്കുന്നു. എന്റെ പിറവിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ, തിരിച്ചറിയാൻ ആവാതെ. ഒരിക്കലും യാഥാർഥ്യമാവാതെ പോയ, നെയ്തുകൂട്ടിവച്ചു, ഇടയ്ക്കിടെ എടുത്തു നോക്കി നിശ്വസിച്ചു മാറ്റിവച്ച, എന്റെ സ്വപ്നങ്ങൾ കൂടുതുറന്നു, അനുവാദമില്ലാതെ, പറന്നു പോയി കഴിഞ്ഞു.എന്തിനെന്നു, ആർക്കെന്നു അറിയാതെ കരുതിവച്ച അർത്ഥമില്ലാത്ത പ്രതീക്ഷകളുടെ, ഓരോ കാത്തിരിപ്പും ഇനിയില്ലെന്നറിയുന്നു. നിന്റെ ശരികളെ ന്യായികരിക്കാൻ, ഭയത്തോടെ ഞാൻ ഇപ്പോഴും ശ്രമിക്കുന്നു.പൊള്ളിപ്പിടഞ്ഞു പോയ മനസ്സിന്റെ തിരശീലയിൽ, ഞാൻ വരച്ചിട്ട അപൂർണ്ണ ചിത്രങ്ങളിൽ, നീ എത്ര ശ്രമിച്ചാലും മാഞ്ഞു പോകില്ലെന്നും ഞാനറിയുന്നു.ഞാൻ പ്രാർത്ഥിക്കുന്നു, ഉള്ളുരുകി, കലുഷിത മനസിന്റെ തീവ്ര വികാര വിക്ഷോഭത്തിൽ, ഞാനറിയാതെയെങ്കിലും ആര്യപുത്രാ,ഒരു ശാപവാക്കു എന്റെ നാവിൻ തുമ്പിൽ, എത്താതെ പോകട്ടെ. എന്റെ ഉള്ളിടങ്ങളിൽ, എന്നും കനലുപോലെ നീ മാത്രം ജ്വലിച്ചു നിൽക്കുന്നു. നീ കേൾക്കാതെ പോയ, കാണാതെ പോയ, എന്നെ ഇനിയൊരിക്കലും, നിന്നിലേക്കെത്തിക്കുവാൻ ആകില്ലല്ലോ.നിനക്ക് ഒഴിഞ്ഞു പോകാൻ ആവാത്ത എന്റെ ഹൃദയത്തിന്റെ ഒരു അറയൊഴിച്ചു മറ്റെല്ലാം,ദ്രവിച്ചു പോയിരിക്കുന്നു.നീ ഇരിക്കുന്ന അറയുടെ താപനത്തിൽ നീ ഉരുകുമ്പോഴൊക്കെയും, ഞാൻ വരാം,തെളിഞ്ഞ കണ്ണ്നീര് കൊണ്ട് നിന്നെ തഴുകി തണുപ്പിക്കുവാൻ. ഇനി ഞാൻ എന്ത് ചെയ്യണം.? ഈ ചോദ്യം ഞാൻ നിനക്ക് തരുന്നില്ല. എനിക്കുള്ള ഉത്തരങ്ങൾ, എന്നെ തീർന്നു പോയി നിന്റെ പക്കൽ.കുലവും,ദേശവും തീരുമാനിക്കുന്ന ഒരു ത്രിസന്ധയിൽ,നീ തന്ന മന്ത്രകോടിയുടെ ഇപ്പോഴും മാറാത്ത ഗന്ധം വലിച്ചെടുത്തുടുത്തു, ചേർത്തിട്ട ചന്ദന മുട്ടികളിൽ, വിരിച്ച ചമതയിലിരുന്നു,അഷ്ട ഗവ്യങ്ങളിലൂടെ പടർന്നേറുന്ന അഗിനിയിൽ എരിഞ്ഞു തീരുന്ന ഒരു സതിയാവാം, അല്ലെങ്കിൽ കാല, സമയഗണനമില്ലാതെ,നീ നടന്നിറങ്ങിയ പടവുകളിലൂടെ നടന്നു, സരയുവിന്റെ ബാക്കിയാവുന്ന ഒഴുക്കിൽ, ഞാൻ എന്നെയും സ്വയം ചേർത്ത് വയ്ക്കാം.അരക്ഷിതമായി പോകുന്ന എന്റെ അന്ത്യവിധി, ഞാൻ സമയത്തിന് വിട്ടുകൊടുക്കുന്നു. ഈ കൊട്ടാര അകത്തളങ്ങളിൽ, അന്തപുര കക്ഷങ്ങളിൽ,വിരളമായി,ഒരുമിച്ചുറങ്ങിയ സപ്രമഞ്ചത്തിൽ,നിന്റെ കര, പാദ, സ്പര്ശമേറ്റ ഓരോ വസ്തുക്കളിൽ,മഞ്ഞിൽ, മഴയിൽ, മേഘങ്ങളിൽ ഞാനും,എന്റെ നീയറിയാതെ പോയ, ഇന്നും എന്നെ വെന്തു പൊള്ളിക്കുന്ന നഷ്ട്ട പ്രണയവും, ചേർന്ന് തിരഞ്ഞു കൊണ്ടേയിരിക്കും നിന്നെ,നിന്റെ ഗന്ധത്തെ വീണ്ടും ഒരു വിഡ്ഢിയെപ്പോലെ അതുവരെ ……….
ഹരീഷ് മൂർത്തി
നേരിന്റെനാളുകൾ
നമുക്കന്യമാകുന്നു..
നീതികേടുകൾ
കൊടികുത്തിവാഴുന്നു..!
കാലങ്ങൾനമ്മിൽ
കലുഷിതമാകവേ,
അത്മബന്ധങ്ങള
ന്യമാകുന്നനാളിതിൽ..
നൻമതൻസന്ദേശ
വാഹകരാകണം,
നിറയണംഹൃത്തടം
സ്നേഹത്താലെന്നും….
ഊഴം കാത്ത്
എപ്പോഴെന്നാർക്കുമറിയാതെ
യുലകിൽ
ഊഴം കാത്തിരിപ്പാണോരോ
ജീവനും.
ഇനിയെത്രനാളിവിടമാരാദ്യ
മെന്നറിയില്ല!
നിനയ്ക്കാതോരോദിനവും
കൊഴിയുന്നു..
നീർക്കുമിളപോലീജീവിത
മെങ്കിലും..
ഓർത്തിടാതെപോകുന്നോരോ
മർത്യനും!
‘വിളിക്കായ് ‘ ഊഴംപാർത്തി
രിക്കവേയും
പിടിച്ചടക്കുവാനുള്ള കടുത്ത
വ്യഗ്രതയാലേ…
രഷിത്ത് ലാൽ കീഴരിയൂർ
സ്വപ്നത്തിന്റെ സ്ഫടികച്ചുവരുകളിൽ മഞ്ഞു തുള്ളികൾ അടർന്ന് വീഴാനെന്ന പോലെ നിൽക്കുന്നു. പുലർ വെളിച്ചം എത്തുംമുൻപേ ഉണർന്നാൽ സ്വപ്നം കൈപ്പിടിയിൽ നിന്ന് വഴുതിപ്പോകും.. ഇല്ലെങ്കിൽ ഇളം വെയിലിൽ മഞ്ഞുതുള്ളികൾ നിലത്തേക്കൂർന്നു വീണ് അലിഞ്ഞു പോവും
ഊർമ്മിള പതിയെ കണ്ണുകൾ തുറന്നു.കഴിഞ്ഞ രാത്രിയിൽ കണ്ട സ്വപ്നം എന്തായിരുന്നു ? ഓർമ്മയിലെ മഞ്ഞുമുത്തുകൾ കെട്ടഴിഞ്ഞു വീഴാൻ തുടങ്ങി. ഇരുട്ടിൽ പുഴ വ്യക്തമായി കാണുവാൻ സാധിക്കുന്നില്ല. എങ്കിലും നദിയിലൂടെ വരുന്ന വഞ്ചിയിൽ തെളിയിച്ചിരിക്കുന്ന റാന്തൽ വിളക്കിന്റെ മങ്ങിയ വെളിച്ചം കാണാം.
അന്ധകാരത്തിലും ഒരു തരി വെളിച്ചം…………
എന്തായിരിക്കും ഇതിന്നർത്ഥം?ഏതാനും ദിവസങ്ങളായി പലവിധ ദു:സ്വപ്നങ്ങൾ തന്നെ അലട്ടുന്നു. ഞെട്ടിയുണരുമ്പോഴേക്കും കൂരിരുട്ടും ഉതിർന്നുവീഴുന്ന മഞ്ഞു തുള്ളികളും ചേർന്ന് ഓർമ്മകളെ കരിമ്പടം പുതപ്പിക്കാൻ തുടങ്ങും. എങ്കിലും പുഴയും, വഞ്ചിയും, മുനിഞ്ഞു കത്തുന്ന റാന്തൽ വിളക്കും ഓർമ്മയിലേക്ക് തിരനോട്ടം നടത്തും. കൊട്ടാരത്തിൽ നിന്നും കുറച്ചകലെയാണ് നദി. മുകൾ നിലയിലെ തന്റെ അന്ത:പ്പുരത്തിൽ നിന്നും നോക്കിയാൽ അങ്ങകലെ പുഴയിലെ ഓളങ്ങൾ നിലാവിന്റെ വജ്രത്തരികളാൽ തിളങ്ങുന്നത് കാണാം.
ഇത് അയോധ്യയിലെ ദശരഥ മഹാരാജാവിന്റെ കൊട്ടാരം! അദ്ദേഹത്തിന്റെ പുത്രനായ ലക്ഷ്മണ കുമാരന്റെ പത്നിയായ ഊർമ്മിളയുടെ ചിന്തകളിൽ തലേന്നത്തെ സംഭവങ്ങൾ ഒന്നൊന്നായി തെളിയുവാൻ തുടങ്ങി.
ശ്രീരാമപട്ടാഭിഷേകമാണിന്ന്. രാജ്യമെങ്ങും സന്തോഷത്തിൽ ആറാടി നിൽക്കുന്നു. കൊടിതോരണങ്ങളും പൂമാലകളും ചേർന്ന് വർണ്ണാഭമാക്കിയ തെരുവുകൾ. …….എങ്ങും ആഘോഷത്തിമിർപ്പുകൾ. വസന്തത്തിന്റെ പൂക്കൂട തുറന്നതു പോലെയുള്ള വർണ്ണ വിസ്മയങ്ങളിൽ മയങ്ങി നിന്നു അയോധ്യ ……കൊട്ടാരത്തിനുള്ളിലും സന്തോഷം നിറഞ്ഞു….ശ്രീരാമചന്ദ്രന്റെ നിഴലായി ചരിക്കുന്ന തന്റെ പ്രിയതമനും സന്തുഷ്ടനായിരുന്നു.
പക്ഷേ, ഒരു കാർമേഘക്കൂട് കൊട്ടാരത്തെ മൂടാനെന്ന പോലെ ആകാശത്ത് നിറഞ്ഞു. ഇതെന്താണിങ്ങനെ? സൂര്യഭഗവാൻ എവിടെ? അമാവാസി രാത്രിയിൽ ഇരുൾ നിറയുന്നതുപോലെ പകൽ വെളിച്ചം മങ്ങുന്നുവോ? നദിയുടെ മുകളിലൂടെ ഏതോ പക്ഷികൾ ഉച്ചത്തിൽ കരഞ്ഞുകൊണ്ട് കൊട്ടാരത്തെ വലം വച്ച് പറന്നു പോയി. ഊർമ്മിളയുടെ ഉള്ളിൽ അകാരണമായി ഒരു ഭീതി നിറയാൻ തുടങ്ങി. അശനീപാതം പോലെയെത്തിയ ആ വാർത്തയിൽ കൊട്ടാരത്തിലെ ചിത്രത്തൂണുകൾ പോലും സ്തംഭിച്ചു പോയി!
ശ്രീരാമചന്ദ്രന്റെ പട്ടാഭിഷേകം മുടങ്ങിയിരിക്കുന്നു…. അദ്ദേഹം പതിന്നാല് സംവത്സരം നീളുന്ന വനവാസത്തിനായി പോകുന്നു…. സീതാദേവിയും ലക്ഷ്മണ കുമാരനും അദ്ദേഹത്തെ അനുഗമിക്കുന്നു. അപ്രിയ വാർത്തകളുടെ അദൃശ്യ പാശങ്ങൾ ഊർമ്മിളയെ കെട്ടി വരിയാൻ തുടങ്ങി.അവൾ തന്റെ അറയിലെ തൽപത്തിൽ തളർന്നിരുന്നു.
ചുമലിൽ ഒരു കരസ്പർശത്തിന്റെ ഇളം ചൂട് അനുഭവപ്പെട്ടപ്പോൾ അവൾ തലയുയർത്തി. ദൃഢനിശ്ചയം സ്ഫുരിക്കുന്ന മിഴികളുമായി ലക്ഷ്മണ കുമാരൻ അരികെ നിൽക്കുന്നു! അവൾ പിടഞ്ഞെഴുന്നേറ്റ് കുമാരന്റെ കണ്ണുകളിലേക്കുറ്റു നോക്കി. അവിടെഒരു സമുദ്രം തിരമാലകളൊതുക്കി നിശബ്ദമായി ഒഴുകുന്നതു പോലെ തോന്നി ഊർമ്മിളയ്ക്ക്! കുമാരൻ തന്നോട് യാത്ര പറയാൻ വന്നതാണോ? ചക്രവാകക്കിളി കളിലൊന്നിന്റെ ദീനരോദനം കേൾക്കുന്നു. ഇണപിരിഞ്ഞു പോയ കിളിയുടെ ആർത്തനാദമായിരുന്നില്ലേ അത്?
” ദേവി! നാം ജ്യേഷ്ഠനെ അനുഗമിക്കുന്നു.”
അകലെ ഏതോ ഗഹ്വരത്തിൽ നിന്നും ഉരു കൊള്ളുന്ന ശബ്ദമായി അനുഭവപ്പെട്ടു ഊർമ്മിളയ്ക്ക് ആ വചനങ്ങൾ!
”അങ്ങയുടെ ഒപ്പം ഞാനും….. “
മുഴുമിപ്പിക്കാൻ അനുവദിക്കാതെ കുമാരൻ പറഞ്ഞു, “പാടില്ല ! ജ്യേഷ്ഠനും ജ്യേഷ്ഠത്തിക്കും തുണയായി ഞാനുണ്ട്. വൃദ്ധ മാതാപിതാക്കളുടെ ശുശ്രൂഷ ഞാൻ ദേവിയെ ഏൽപിക്കുന്നു…..”
ഒന്നും പറയാനാകാതെ പെയ്യാനൊരുങ്ങി നിൽക്കുന്ന മഴമേഘമായി മാറി ഊർമ്മിള … അയോധ്യാ പുരി സങ്കടക്കടലായ് മാറി. ശ്രീരാമാദികൾ വനവാസത്തിനായി പുറപ്പെട്ടു. ഉറച്ച കാൽവെയ്പോടെ പിന്തിരിഞ്ഞു നോക്കാതെ ലക്ഷ്മണ കുമാരൻ ജ്യേഷ്ഠന്റേയും ജ്യേഷ്ഠത്തിയുടേയും പിന്നിലായി നടന്നു…..
യൗവനാരംഭത്തിൽ അകാല വൈധവ്യം അനുഭവിക്കേണ്ടി വന്നവൾ ഊർമ്മിള…..ഏകയായ് ജീവിച്ച് സങ്കടങ്ങളെ നെഞ്ചിലൊതുക്കി പതിന്നാലു സംവത്സരങ്ങളെ കാലത്തിന്നപ്പുറത്തേക്കെത്തിക്കാൻ മനസ്സുകൊണ്ടൊരുങ്ങിയവൾ ഊർമ്മിള ……നിദ്രാവിഹീനമായ രാത്രികളിൽ അന്ത:പ്പുരത്തിന്റെ ജാലകത്തിലൂടെ ദൂരെ നദിയിലെ ഓളങ്ങളിൽ ദൃഷ്ടി ഉറപ്പിച്ച് നിൽക്കുകയായിരുന്നു ജനകരാജാവിന്റെ യഥാർത്ഥ പുത്രി!!!!
പിതൃസ്നേഹത്തിന്റെ അനസ്യൂത പ്രവാഹം മറ്റൊരാളിലേക്ക് എത്തുന്നതു കണ്ട് വേദനിച്ച കുഞ്ഞുമനസ്സ് എന്തിനോടും പൊരുത്തപ്പെടാൻ അന്നേ ശക്തി നേടിയിരുന്നു. പുഴ കടന്നെത്തിയ കാറ്റിന് വർഷകാലത്തിന്റെ ഗന്ധം! മഴയോടുള്ള തന്റെ പ്രണയം അറിയാമായിരുന്ന പുഴ തനിക്ക് മാത്രമായി പകർന്നതാണീ ഗന്ധം…….
തണുത്ത കാറ്റിൽ പാറിപ്പറക്കുന്ന നീണ്ട മുടിയിഴകളെ ചന്തമേറിയ വിരലുകൾ കൊണ്ട് മാടിയൊതുക്കി ഓർമകളുടെ തീരത്ത് അലഞ്ഞ് നടക്കവേ നിദ്രാദേവി അവളുടെ അരികിലെത്തി മൊഴിഞ്ഞു,
”ദേവി, ‘ഞാൻ, നിദ്രയെ അകലത്താക്കി ഘോരവനത്തിൽ കാവലാളായി നിൽക്കുന്ന ലക്ഷ്മണ കുമാരനെ തേടി ചെന്നിരുന്നു. അദ്ദേഹമാണെന്നെ ദേവിയുടെ അരികിലേക്ക് അയച്ചത്, ദേവിയുടെ ആഗ്രഹമറിയാൻ!”
“ലക്ഷ്മണ കുമാരൻ ഈ ഊർമ്മിളയെ സ്മരിക്കാതിരിക്കണം, കർത്തവ്യഭംഗം വരുത്താതിരിക്കാൻ!” ഊർമ്മിള ശാന്തയായി മെല്ലെ മൊഴിഞ്ഞു! വനവാസകാലത്തിനിടെ ഒരിക്കലും ഭാര്യയിലേക്ക് ഓർമ്മകൾ എത്താതിരിക്കുവാൻ ഭർത്താവിനായി വരം തേടിയ സാധ്വി …..ലോകം വാഴ്ത്തി.
ശക്തമായ അടിയൊഴുക്കിൽ അടിത്തട്ടിനെ തകർത്തൊഴുകുന്ന പുഴയുടെ മേൽപ്പരപ്പ് ശാന്തമായി തോന്നും! അതുപോലെയായിരുന്നു ഊർമ്മിളയുടെ ഹൃദയവും. കാലം അതിന്റെ തേർചക്രങ്ങളിൽ അതിവേഗം പാഞ്ഞുകൊണ്ടിരുന്നു,…..ദിനരാത്രങ്ങൾ മാറി മാറി വന്നു. ഋതുക്കൾ അവളെ തഴുകി കടന്നു പൊയ്ക്കൊണ്ടിരുന്നു. ആഷാഢ പൗഷമാസങ്ങൾ ഓടി മറഞ്ഞു….
ഉറക്കം സമസ്യയായ രാത്രികളിൽ പരിത്യക്തയായവളുടെ ആത്മപീഡകളിൽ ഉഴറവേ പ്രാണേശ്വരന്റെ സാമീപ്യം ആഗ്രഹിക്കുന്ന പ്രണയിനിയാവാൻ കൊതിക്കുമായിരുന്നു ഊർമ്മിള. പൊന്നുരുക്കിയൊഴിച്ച ഈ അന്ത:പ്പുരത്തിലെ ചുമരുകൾക്കുള്ളിൽ ഒരു പാഴ്ത്തിരി നാളമായി വിരഹദുഃഖത്തിന്റെ എരിതീയിൽ ഉരുകിയൊലിച്ചു തീരുന്ന ജന്മമാണ് തന്റേതെന്നവൾ വേദനയോടെ ഓർത്തു. ഓർമകളുടെ വഴിയറിയാത്ത സഞ്ചാരപഥത്തിലെ ഏകാന്തപഥികയായി മാറുകയായിരുന്നു ലക്ഷ്മണപത്നി !!!
അങ്ങകലെ ഗിരിശൃംഗങ്ങളിൽ നിന്ന് ഉയർന്നു വരുന്ന കതിരോന്റെ ചെങ്കിരണങ്ങളെ ആഹ്ലാദത്തോടെ സ്വീകരിച്ചു അയോധ്യാ നിവാസികൾ. അവർ കാത്തിരുന്ന സുദിനമാണിന്ന്. വനവാസം പൂർത്തിയാക്കി തങ്ങളുടെ പ്രിയപ്പെട്ടവർ തിരികെയെത്തുന്നു…കൊട്ടാരവും സന്തോഷത്തിലാണ്. പുഴയുടെ മേലാപ്പിൽ
മുഖം ചേർത്തു ഗാഢനിദ്രയിലായിരുന്ന മഞ്ഞിന്റെ കട്ടിക്കമ്പളം സൂര്യകിരണങ്ങൾ എത്തിയതോടെ ഉയർന്ന് പൊങ്ങാൻ തുടങ്ങി !!!
ജാലകത്തിന്നരികെ നിൽക്കുന്ന ഉർമ്മിളയെ മഞ്ഞിന്റെ കൈകൾ പുൽകാനെത്തി. കഴിഞ്ഞ പതിന്നാലു സംവത്സരങ്ങൾ കൊണ്ട് ഹൃദയത്തെ ശിലയാക്കി മാറ്റിയ ഊർമ്മിളയിൽ കൊട്ടാരത്തിലെ സന്തോഷ കൂജനങ്ങൾ ഒരു മാറ്റവും വരുത്തിയില്ല. സ്വതസിദ്ധമായ പുഞ്ചിരി പോലും അവളിൽ നിന്ന് അപ്രത്യക്ഷമായിരുന്നു.
താളമേളങ്ങളുടെ അകമ്പടിയോടെ ശ്രീരാമചന്ദ്രാദികൾ കൊട്ടാര മുറ്റത്തെത്തി. അമ്മമാർ ആരതിയുഴിഞ്ഞ് സ്വീകരിച്ചു….ഊർമ്മിള അവരെ വന്ദിച്ചകത്തേക്ക് ആനയിച്ചു…..ശ്രീരാമചന്ദ്രൻ ഊർമ്മിളയുടെ അരികിലെത്തി പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിച്ച് ഇപ്രകാരം മൊഴിഞ്ഞു,
” ദേവിയുടേതാണ് യഥാർത്ഥത്യാഗം “
ഒഴുകിയിറങ്ങിയ അശ്രുബിന്ദുക്കൾ തുടച്ചു കൊണ്ട് ശ്രീരാമദേവൻ നിഷ്ക്രമിക്കുമ്പോൾ വത്സരങ്ങളേറെയായി ഉള്ളിൽ ഉറഞ്ഞുകൂടിയ വേദനകൾ മിഴിനീരായി ഊർമ്മിളയിൽ പെയ്തിറങ്ങി…… ഓർമ്മയുടെ ആഴങ്ങളിലെ അന്ധകാരത്തിൽ ഒരു നെയ്ത്തിരി നാളമായ് ആദികവി നിഴലാക്കിയ നിത്യ വിരഹിണി ഊർമ്മിള പുഴയിലെ ഓളങ്ങളിലേക്ക് മിഴിപാകി നിന്നു…..അപ്പോഴും തണുത്ത കാറ്റ് അവളുടെ മുടിയിഴകളെ തഴുകുന്നുണ്ടായിരുന്നു……..
അജിത വി അമ്പലപ്പുഴ
എന്റെയും നിന്റെയും
മൊബൈൽ ഫോണുകൾ തമ്മിൽ
പ്രണയത്തിലായിട്ട്
ഇന്നേക്ക് ഒരു മാസം തികയുന്നു.
സന്ദേശങ്ങളുമായി
ഉയരെ പറക്കുന്ന മെസഞ്ചർ,
വഴിമുടക്കുന്ന റേയ്ഞ്ചിനെ
പഴിചാരിയവർ പരസ്പരം പങ്കിടുന്നു…
മനസ്സ്, ചിന്തകൾ, അനുഭവങ്ങൾ.
വാക്കുകൾ വെമ്പിനിൽക്കുന്ന
കീപാഡിൽ വെന്തു നീറുന്ന വികാരങ്ങൾ,
ഘടികാരസൂചിയെ തട്ടിത്തെറിപ്പിക്കുന്നു.
ഓൺലൈനിന്റെ ആറക്ഷരങ്ങൾ
വെറുപ്പിന്റെ പര്യായമായി
പരിണമിക്കുന്നു.
പ്രകാശവികിരണങ്ങളായി
സഞ്ചരിക്കുന്ന സല്ലാപങ്ങൾ
കാർമേഘങ്ങളുടെ ഗുഹകളിൽ
നഗ്നരാകുന്നു.
പിന്നെ ഹൃദയചിഹ്നങ്ങളുടെ
നീലിച്ച താഴ്വരയിൽ
പ്രണയം ഓഫ് ലൈനിൽ
തൂങ്ങി മരിക്കുന്നു.
നവ്യ എസ്
റെയിൽവേസ്റ്റേഷന്റെ വിജനമായ പ്ലാറ്റ്ഫോമിലേക്ക്, ഇരുട്ടിൽ നടന്നടുക്കുമ്പോൾ, അവിടെ സ്ഥാപിച്ചിരുന്ന ഘടികാരത്തിൽ മണി പന്ത്രണ്ട് പിന്നിട്ടിട്ട് ഇരുപത്തിമൂന്ന് മിനിറ്റായതായി തെളിഞ്ഞിരുന്നു. മൂന്ന് മണിക്കാണ് ട്രെയിൻ ഇനിയും രണ്ടര മണിക്കൂറിലധികമുണ്ട്. നാട്ടിലാണെങ്കിൽ റെയിൽവേ ജീവനക്കാരെങ്കിലും കാണും. ഇവിടെ അതുമില്ല. മനസ്സിൽ ചിന്തിച്ചുകൊണ്ട് തോളിലെ ബാഗ് താഴെ വെച്ച് ഒരു മരബഞ്ചിൽ ഇരിപ്പുറപ്പിച്ചപ്പോഴേക്കും, കടിപിടികൂടി ബഹളം വെച്ചുകൊണ്ട് നായ്ക്കളുടെ ഒരു സംഘം അവനരികിലൂടെ റെയിൽവേയുടെ രണ്ടുവരി പാത മറികടന്ന് എതിർ ദിശയിലേക്ക്..
അങ്ങ് കേരളത്തിലായാലും, ഇവിടെ യൂറോപ്പിലായാലും, പട്ടികൾക്ക് ഒരേ സ്വഭാവം തന്നെ.
മരം കോച്ചുന്ന തണുപ്പിനെ അതിജീവിക്കുവാൻ, ഒരു സിഗരറ്റിന് തീ കൊളുത്തിയ അവന്റെ ശ്രദ്ധ എതിർദിശയിലെ പ്ലാറ്റ്ഫോമിൽ രതിക്രീഡകളിൽ മുഴുകുന്ന ശ്വാന സംഘത്തിലേക്ക്… അവർക്കറിയാം ഇതുവഴി ഇനി മൂന്ന് മണിക്ക് കെസീറ്റോയിലേക്കുള്ള ട്രെയിൻ മാത്രമാണ് വരുവാനുള്ളതെന്ന്. അതാകും ഇത്ര ധൈര്യപൂർവ്വം ഇവർ ഇങ്ങനെ പരസ്യമായി..
സിഗരറ്റ് പുകയൂതി അവൻ ശ്വാനസംഘത്തിന്റെ മനഃശാസ്ത്രം സ്വയം വിലയിരുത്തി..
എതിർദിശയിലെ ചുള്ളിക്കാടുകളിൽ അനക്കം കേട്ടതോടെ ശ്വാനസംഘം, തങ്ങളുടെ ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ചുകൊണ്ട് പലദിശകളിലേക്ക് മറഞ്ഞു…
അവന്റെ ശ്രദ്ധ ശ്വാന സംഘത്തിൽ നിന്നും അനക്കം കേട്ട ഭാഗത്തേക്ക്..
ചുള്ളിക്കാടുകൾക്കിടയിൽ നിന്നും ഒരു വൃദ്ധയായ സ്ത്രീ നടന്ന് വരുന്നു..
‘യക്ഷി’
അവന്റെ മനസ്സിൽ ഭയത്തിന്റെ ഓഖി കൊടുംകാറ്റ് വീശുവാൻ തുടങ്ങിയതോടെ, അവന്റെ ശ്രദ്ധ ഒരിക്കൽക്കൂടി റെയിൽവേ പാത മുറിച്ചുകടന്നുവരുന്ന ആ സ്ത്രീയിലേക്ക് നീണ്ടു..
മുഷിഞ്ഞ വസ്ത്രങ്ങൾ, കയ്യിൽ ബാഗ് പോലെ എന്തോ ഒരു സാധനം.
എന്തായാലും യൂറോപ്പിലെ യക്ഷികൾ മോഡേൺ ആയിരിക്കും. അതിനാൽ യക്ഷിയാവില്ല.രൂപഭാവങ്ങൾ കണ്ടിട്ട് കെസീറ്റൊയിലേക്ക് പോകുവാനുള്ള യാത്രക്കാരിയുമല്ല. ചിലപ്പോൾ ഭ്രാന്തിയായിരിക്കും.
അവൻ മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തവേ, അവർ അവന് എതിർദിശയിലുള്ള മരബെഞ്ചിൽ സ്ഥാനമുറപ്പിച്ചു.
” കെസീറ്റൊയിലേക്കാണോ യാത്ര ? “
ഏതോ പ്രാദേശിക യൂറോപ്യൻ ഭാഷയിലുള്ള അവരുടെ ചോദ്യത്തിന് തലകുലുക്കുവാൻ മാത്രമേ അവനായുള്ളു.
“ഇത് കുരിശാകുമോ?”
ആരോടെന്നില്ലാതെ അവന്റെ വാക്കുകൾ പുറത്തേക്കൊഴുകിയതോടെ അവരുടെ മുഖഭാവം മാറി, കൂട്ടത്തിൽ ഭാഷയും.
“മലയാളിയാണല്ലേ ,നമ്മുടെ മുകുന്ദൻ മാഷിന് സുഖമാണോ?”
ആവേശഭരിതയായി ആ സ്ത്രീ തന്റെ സംസാരം മലയാളത്തിലേക്ക് മാറ്റി.
അവരുടെ ഭാഷാമാറ്റം അവനിൽ കൂടുതൽ അമ്പരപ്പ് സൃഷ്ടിക്കുന്നതിനിടയിൽ അവർ തുടർന്നു.
“പേടിക്കണ്ട,നിങ്ങൾ ഒട്ടുമിക്ക മലയാളികൾക്കും എന്നെയറിയാം “
അവന്റെ കണ്ണുകൾ അതിശയത്താൽ വിടർന്നു.
“ഞാൻ മയ്യഴിപ്പുഴയുടെ തീരങ്ങളിലെ കറുമ്പിയാണ്. മരണശേഷം എന്റെ ചങ്ങാതിമാരായ ലെസ്സ്ലി സായിപ്പിനും ഭാര്യ മിസ്സിക്കുമൊപ്പം ഞാനിങ്ങു പോന്നു”.
ഡപ്പയിൽ നിന്നും ഒരല്പം പൊടിയെടുത്ത് മൂക്കിൽ തിരുകികൊണ്ട് അവർ പറഞ്ഞു.
“അപ്പോൾ ഇതാണോ ദാസന്റെ മുത്തശ്ശി കറുമ്പിയമ്മ? “
അവന്റെ ചോദ്യത്തിൽ ആവിശ്വസനിയത ആവോളമുണ്ടായിരുന്നു.
“അതേടാ കൊച്ചനെ, അതിരിക്കട്ടെ, നിന്റെ നാട് എവിടാ? “
“ആലപ്പുഴയിലാണ്. “
“ഓ തെക്കനാണ് അല്ലെ ,എന്താ ഇവിടെയൊക്കെ കറക്കം?”
അവർ ചോദ്യങ്ങൾ തുടർന്നു.
“നാട് ചുറ്റാനിറങ്ങിയതാണ്. “
“ഓ അപ്പോൾ നാടോടിയാണ് അല്ലെ, നിനക്ക് വീടും വീട്ടാരുമൊന്നുമില്ലെടാ കൊച്ചനെ?”
അവരുടെ മുഖത്തൊരു പുച്ഛഭാവം തെളിഞ്ഞു.
“ഉണ്ട് അമ്മയും ,ഭാര്യയും , മക്കളുമൊക്കെയുണ്ട്. “
അവന്റെ മറുപടി കേട്ടതോടെ അവർ ചോദ്യം നിർത്തി ഉപദേശത്തിലേക്ക് ചുവടുമാറ്റി.
“നിനക്ക് കെസീറ്റൊയിലേക്ക് പോകാനാണേൽ വേറെ വഴികളുണ്ടല്ലോ ,എന്തിന് ഈവഴി വന്നു ,ഈ സ്ഥലമൊന്നും രാത്രി ഒറ്റക്ക് നിൽക്കാൻ നന്നല്ല.”
അവരുടെ വാക്കുകൾ കേട്ടതോടെ അവന്റെ ശ്രദ്ധ റെയിൽവേ സ്റ്റേഷനിലെ ഘടികാരത്തിലേക്ക്..
“മണി രണ്ടരയാകുന്നതേയുള്ളു ,ഇനിയും അര മണിക്കൂർ കൂടിയുണ്ട് “
“പേടിക്കണ്ട ട്രെയിൻ വന്ന് നിന്നെ കേറ്റിവിട്ടിട്ടേ സായ്വിന്റെ ബംഗ്ലാവിലേക്ക് ഞാൻ പോകു , ഒന്നുമില്ലേലും നമ്മുടെ നാട്ടുകാരൻ കൊച്ചനല്ലേ നീ? “
” മോനെ മയ്യഴി ഇപ്പോഴും പഴയത്പോലെയാണോ ,അതോ മാറ്റം വല്ലതും വന്നോ ? “
കറുമ്പിയമ്മയുടെ ചോദ്യത്തിൽ ജന്മനാടിന്റെ വിശേഷങ്ങൾ അറിയാനുള്ള ജിജ്ഞാസ നിറഞ്ഞു.
” ഇപ്പോഴും കുപ്പിക്ക് കേരളത്തിലേതിനേക്കാൾ വിലക്കുറവാ മാഹിയിൽ, ഞങ്ങൾ ഫ്രണ്ട്സൊക്കെ ചേർന്ന് ഇടക്കിടെ അങ്ങോട്ട് തീർത്ഥയാത്ര നടത്താറുണ്ട്. “
അവന്റെ തമാശ കറുമ്പിയമ്മക്ക് അത്ര രസിച്ചില്ല.
അവർ പിന്നെയും മയ്യഴിയുടെ വിശേഷങ്ങൾ പങ്കിടവേ, കെസീറ്റൊയിലേക്കുള്ള ട്രെയിനിന്റെ വരവറിയിച്ചുള്ള സിഗ്നൽ ബോർഡിൽ തെളിഞ്ഞു.
“ദാ ഇത് കയ്യിൽ വെച്ചോ ,യാത്രക്കിടയിൽ ദാഹിക്കുമ്പോൾ കുടിക്കാം. “
കയ്യിലുണ്ടായിരുന്ന കുടിവെള്ളകുപ്പി കറുമ്പിയമ്മ അവന് നല്കി.
ആ സ്റ്റേഷനിൽനിന്നും അവനല്ലാതേ മറ്റാരും തന്നെ ആ ട്രെയിനിൽ കയറുവാനോ ഇറങ്ങുവാനോ ഉണ്ടായിരുന്നില്ല.
അവൻ കറുമ്പിയമ്മയോടു നന്ദി ചൊല്ലി തന്റെ ഇരിപ്പിടത്തിലേക്ക്. ട്രെയിൻ കെസിറ്റോ നഗരം ലക്ഷ്യമാക്കി നീങ്ങി തുടങ്ങി,
ആ പാതിരാവിൽ താൻ ഏറെ നേരം ചിലവഴിച്ച റെയിൽവേ സ്റ്റേഷനും, തനിക്ക് കൂട്ടായിനിന്ന കറുമ്പിയമ്മയും, കാഴ്ച്ചകളുടെ പിന്നാമ്പുറങ്ങളിലേക്ക് മറഞ്ഞതോടെ അവൻ മയക്കത്തിലേക്ക് ഊളിയിട്ടു.
ആരോ തോളിൽ തട്ടിയതോടെയാണ്
അവൻ ഞെട്ടിയുണർന്നത്.
“കെസീറ്റോ എത്തിയോ?”
ചോദ്യവുമായി അവൻ ഞെട്ടിയുണർന്നപ്പോൾ,
” മണി ഏഴര കഴിഞ്ഞു, നീ ഇന്ന് ഡ്യുട്ടിക്ക് ഇറങ്ങുന്നില്ലേ ? ”
മറു ചോദ്യവുമായി കണ്മുന്നിൽ റൂംമേറ്റ്.
താൻ കെസീറ്റോയിലേക്കുള്ള ട്രെയിനിലല്ല മധ്യപൂർവ്വേഷ്യയിലെ ഏതോ ലേബർക്യാമ്പിലെ കട്ടിലിലാണ് എന്ന യാഥാർഥ്യം അവന്റെ മുന്നിൽ പല്ലിളിച്ചു നിന്നു.
അപ്പോഴും ഉറക്കം വരാതിരുന്ന പോയരാത്രിയിൽ, പാതിവായിച്ചു നിർത്തിയ മുകുന്ദൻമാഷിന്റെ “മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ” കട്ടിലിൽ അവനടുത്ത് തന്നെ കിടപ്പുണ്ടായിരുന്നു.
കെ.ആർ.രാജേഷ്
മുടി വെട്ടാൻപോയതാണ്. സ്ഥലം ഓസ്ട്രേലിയയിലെ ഒരു നഗരം. സമയം വൈകുന്നേരം അഞ്ചു മണി, ശനിയാഴ്ച എന്ന നല്ല ദിവസം. സമയം താമസിച്ചതുകൊണ്ട് വിളിച്ചു പറഞ്ഞു അപ്പോയ്ൻറ്മെൻറ് ഒക്കെ എടുത്തു. ഷോപ്പിംഗ് മാളിന് അകത്താണ് സ ലൂൺ. കിളവൻ സായിവും കുടുംബവുമാണ് നടത്തുന്നത്, സായിവ് തന്നെയാണ് സ്ഥിരം വെട്ടുകാരൻ. സായിവിനെ പ്രതീക്ഷിച്ചാണ് പോയത്, വന്നത് മകളാണെന്നുമാത്രം. സായിവ് ഇന്ന് ലീവാണത്രെ. സ്വന്തം കടയിലെന്ത് ലീവ്… ‘കാരണവർക്ക് അടുപ്പിലും ആകാമല്ലോ’ എന്നോർത്ത് ഞാൻ ഇരുന്നു കൊടുത്തു. എന്റെ മുടിയാണെങ്കിൽ ചുരുണ്ട് കറങ്ങി അങ്ങനെ ഒരു വെട്ടുകാരനും (കാരിക്കും) പിടികൊടുക്കാത്തതാണ്. ക്ഷമാശീലനായ കിളവൻസായിവിന് അതിന്റെ ഒരു വശം അറിയാമായിരുന്നു. പത്തുമിനിട്ടിൽ ചെയ്യേണ്ട കൃത്യം ഒരുമണിക്കൂറൊക്കെയെടുത്ത് വെട്ടിക്കളയും, എന്നാൽ വെട്ടിയതുപോലെ തോന്നുകയുമില്ല. മൂത്തസായിവ് കറകളഞ്ഞ കലാകാരനാണ്, മുടിവെട്ടിലെ മൈക്കെലാഞ്ജലോ! അതുപോലെ കാശും വാങ്ങിച്ചുകളയും. പക്ഷെ കുറ്റം പറയാൻ പറ്റില്ല.
മകൾ സ്ത്രീജനങ്ങളുടെ തലയിൽ കൈവയ്ക്കുന്നതേ ഇതുവരെ കണ്ടിട്ടുള്ളു. ഇവൾ വെട്ടി നിരത്തിക്കളയുമോ എന്ന് ഭയന്നിരിക്കുമ്പോൾ അവൾ ടോയ്ലറ്റ് പേപ്പർ പോലുള്ള ഒരുതരം വെളുത്ത പേപ്പർ കൊണ്ട് എന്റെ കഴുത്തിൽ ചുറ്റി അതിനുമുകളിൽ നീണ്ട കറുത്ത തുണികൊണ്ട് കെട്ടി എന്റെശരീരം മറച്ച് എന്നെ ഒരു വക്കീലിനെപോലെയാക്കി പണി തുടങ്ങി.
“എങ്ങനെ വേണം ?”
“ഒന്ന് തൊട്ടു തലോടിവിട്ടാൽ മതി, വെട്ടി എന്നറിയരുത്….നിങ്ങളുടെ ഡാഡിന് അതിന്റെ ഒരിത് അറിയാമായിരുന്നു” വെട്ടാൻ പറഞ്ഞാൽ മൊട്ടയടിക്കുന്ന കൂട്ടരാണെന്നു ഞാൻ മനസ്സിലും പറഞ്ഞു.
എന്റെ ചിന്തയുടെ സബ്ടൈറ്റിൽ തലമണ്ടയിൽ വായിച്ചെടുത്ത പോലെ അവൾ പറഞ്ഞു. “പേടിക്കേണ്ട, ഞാൻ വെട്ടി കുളമാക്കില്ല”
വെട്ടി എന്നറിയേണ്ടെങ്കിൽ പിന്നെ മുടിവെട്ടി കാശുകളയണോടാ ഇന്ത്യൻ തെണ്ടീ എന്ന അവളുടെ മനോചിന്ത കത്രികപ്പിടിയിൽ ചലിച്ച അവളുടെ കൈമുദ്രകളിൽ ഞാൻ വായിച്ചെടുത്തു.
“വീക്ക്എൻഡിൽ എന്താന്ന് പരിപാടി” അവൾ കുശലം ചോദിച്ച് വെട്ടു തുടങ്ങി.
“പ്രേത്യേകിച്ചൊന്നും ഇല്ല…..കൊറോണയൊക്കെയല്ലേ പിള്ളേരേം കൊണ്ട് ദൂരെയൊന്നും പോകാറില്ല”
“പേടിച്ചിട്ടാണോ……എന്തിന് ? എനിക്ക് പേടിയൊന്നുമില്ല…..പിന്നെ പിള്ളകളെ ഈ വൈറസ് ഒന്നും ചെയ്യില്ലല്ലോ”
“പേടിയല്ല……സുരക്ഷ….ആരോഗ്യം……”
കോപ്പ് !…ഭയമാണെന്നു പറയെടാ പേടിച്ചുതൂറി ഏന്ന ഭാവത്തിൽ അവൾ പറഞ്ഞു.
“ഇതിനെ പേടിക്കാനൊന്നും ഇല്ല……ലാബിൽ ഉണ്ടാക്കിയെടുത്തതല്ലേ അമേരിക്കയെ ഇല്ലാതാക്കാൻ….ട്രംപിനെ തകർക്കാൻ”
ഇപ്രാവിശ്യം ഞാൻ ശെരിക്കും ഞെട്ടി. ഭയചികിതനായി. ഇവൾക്കെന്തൊക്കയോ അറിയാം. ഏതോ അളിഞ്ഞ ഓൺലൈൻ കോൺസ്പിരസി തിയറീസ് മുടങ്ങാതെ വായിക്കുന്നുണ്ട് എന്ന് തോന്നുന്നു. വിട്ടുകൊടുക്കാൻ പാടില്ല. ഞാൻ സി ൻ ൻ ഉം (CNN) ഫോക്സ് ന്യൂസും (Fox News) ഒക്കെ മാറിമാറി കാണുന്നവനാണെന്ന് ഇവൾക്കറിയില്ല. എന്തായാലും വക്കീലിന്റെ വേഷമിട്ടിരുക്കുന്നു, ഒന്ന് വാദിച്ചു നോക്കാൻ ഞാൻ തീരുമാനിച്ചു.
“അതെങ്ങനെ പറയാൻ കഴിയും….വൂഹാനിലെ ചന്ത….”
“വൂഹാനിലെ ചന്തയല്ല…ലാബ്” അവൾ ഇടക്കുകയറിപ്പറഞ്ഞു.
“ശെരി ലാബെങ്കിൽ ലാബ്……ചൈനയെന്തിന് സ്വയം നശിച്ചിട്ട് അമേരിക്കയെ ഇല്ലാതാക്കണം?”
” വൈറസ് അറിയാതെ പുറത്ത് പോയതല്ലേ…..ഇപ്പോൾ നോക്ക് …..അവിടെ വല്ലോം ഉണ്ടോ…..അമേരിക്കയിൽ നോക്ക് …..വൈറസ് പിടിക്കാത്ത ആരെങ്കിലുമുണ്ടോ? ലങ്ങേർക്ക് വൈറസും പിടിച്ചു പണീം പോയിക്കിട്ടിയില്ലേ?”
‘ഭയങ്കരീ’ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. എല്ലാം അറിഞ്ഞു വച്ചിരിക്കുന്നു.
“തീർന്നില്ല”……..അവൾ തുടർന്നു …”വേറൊരു അമേരിക്കക്കാരനല്ലേ ഇതിനൊക്കെ പുറകിൽ”
ലവനാര് എന്ന് ഞാൻ ചിന്തിക്കുന്നതിനിടയിൽ അവൾ സസ്പെൻസ് പൊളിച്ചു.
“ബിൽഗേറ്റ്സ്……!”
ഞാൻ ഞെട്ടി.
“ആയാൾ എന്തിന്….. ?”
“വാക്സിൻ ഉണ്ടാക്കി ബില്ലിയൻസ്സ് അടിക്കാമല്ലോ…?”
എടാ പരനാറി…… നിനക്കെന്തിനാടേ ഇനിയും ബില്ലിയൻസ്സ് ….എന്ന് ഞാൻ മനസ്സിൽ പ്രാകി.
അവൾ തുടർന്നു.
“ചൈനക്കാരുമായുള്ള ഇടപാടാണ്……വാക്സിൻ ഒക്കെ പണ്ടേ ഉണ്ടാക്കിയിട്ടുണ്ട്…..ലോകം മുഴുവൻ വൈറസ്സ് പടർന്നുപിടിച്ചിട്ടേ വെളിയിൽ വിടൂ…..”
ഞാൻ ഞൊടിയിടയിൽ സ്വബോധവാനായി ചോദിച്ചു. “ഇതിനൊക്കെ തെളിവുണ്ടോ?”
“പിന്നേ …അങ്ങേരുടെ ഒരു വീഡിയോ കണ്ടിട്ടില്ലേ രണ്ടുമൂന്ന് വർഷം മുൻപ് പറഞ്ഞില്ലേ വൈറസ് വരുമെന്ന്”
“അത് പക്ഷെ ….”
വീണ്ടും അവൾ ഇടക്ക് കയറി പറഞ്ഞു.
“അത് തന്നെ ……ഇതു തുടങ്ങുന്ന സമയം….മാർച്ചിൽ….ഞാൻ ഹവായിൽ ഹോളിഡേയിലായിരുന്നു….അവിടെയൊക്കെ അന്ന് റിപ്പോർട്ട് ചെയ്തതല്ലേ ….ടെസ്റ്റ് ട്യൂബിൽ കോവിഡ് വൈറസുമായി അമേരിക്കയിൽ കടന്ന ചൈനക്കാരെപ്പറ്റി. അവർക്കൊക്കെ ബില്ല് ഗേറ്റ്സ്സിന്റെ ഫണ്ടിംഗ് ഉള്ളതല്ലേ?”
“അത് നിങ്ങൾക്കെങ്ങനെ അറിയാം….?”
“ഇതൊക്കെ വിശദമായി …..നാസ്റ്റി കോൺസ്പിരസി തിയറീസ് ഫോർ യു എന്ന ഓൺലൈൻ ചാനലിൽ വരുന്നതല്ലേ…..എനിക്ക് ഇതുപോലെ പല രഹസ്യങ്ങളും അറിയാം……ട്രംപിനെ തോൽപ്പിച്ചതിന് പുറകിലും ഈ ചെകുത്താനല്ലേ….?”
“ആര്, കൊറോണ വൈറസ്സോ?”
“അല്ല ആ നീചൻ ബില്ല്ഗേറ്റ്സ്….”
“അതെങ്ങനെ….?”
“അങ്ങേരുടെ കംപ്യൂട്ടറുകളിലല്ലേ വോട്ടുകൾ എണ്ണിയത്?’
കൈകൊണ്ടാണ് അവിടെ വോട്ടുകൾ എണ്ണുന്നതെന്ന് പറയാൻ ഞാൻ ആഞ്ഞു…..പിന്നെ വേണ്ടെന്ന് വച്ചു…….ഇനിയെങ്ങാനും?
ഇതിനകം അവൾ മുടി വെട്ടിക്കഴിഞ്ഞെന്നറിയിച്ച് വക്കീൽകോട്ട് അഴിച്ചു തന്നു.
പേചെയ്യാൻ കാർഡ് എടുക്കുന്നതിനിടയിൽ അവൾ പറയുന്നത് കേട്ടു.
“ഞാൻ എടുക്കില്ല”
“എന്ത്?”
“കോവിഡ് വാക്സിൻ”
“അതെന്താ….?”
“ബില്ല്ഗേറ്റ്സ് അങ്ങനെ നന്നാവണ്ട…..”
അതുപറഞ്ഞവൾ കംപ്യൂട്ടറിൽ മൈക്രോസോഫ്ട് എക്സൽ തുറന്ന് എന്തോ ടൈപ്പുചെയ്ത് കേറ്റുന്നതുംനോക്കി ഞാനവിടെ നിന്നു. പിന്നെ പേചെയ്ത് മൊട്ടത്തലയും തടവി പുറംലോകത്തിലെ വെളിച്ചത്തിലേക്കിറങ്ങി.
സുമേഷ് രാമചന്ദ്രൻ
നമ്മൾ എല്ലാവരും സ്വപ്നങ്ങൾ കാണുന്നവരാണ്. നമുക്കിഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതുമായ സ്വപ്നങ്ങൾ ഉണ്ടാകും. സ്വപ്നങ്ങൾ പലപ്പോഴും നമ്മുടെ നിയന്ത്രണത്തിലായിരിക്കുകയില്ല. സ്വപ്നങ്ങളേക്കുറിച്ചു കൂടുതലറിയാൻ പലർക്കും ആകാംഷയുമുണ്ടാകും.
എന്താണ് സ്വപ്നങ്ങൾ? ചിത്രങ്ങളുടെയോ, ആശയങ്ങളുടെയോ, വികാരങ്ങളുടെയോ, സംവേദനങ്ങളുടെയോ ഫലമായി ഉറക്കത്തിൽ ഉണ്ടാകുന്ന ഒരു അനുഭവമാണ് സ്വപ്നങ്ങൾ. ഉറക്കത്തിന്റെ നാലാമത്തെ ഘട്ടത്തിലാണ് (Rapid Eye Movement) സാധാരണയായി സ്വപ്നങ്ങൾ ഉണ്ടാകുക. എന്നിരിക്കിലും മറ്റു ഘട്ടങ്ങളിലും സ്വപ്നങ്ങൾ ഉണ്ടായിക്കൂടാ എന്നില്ല. സ്വപ്നങ്ങൾ ഏതാനും സെക്കന്റുകൾ മുതൽ മുപ്പതു മിനിറ്റുകൾ വരെ നീണ്ടു നിന്നേക്കാം. നാലാമത്തെ ഘട്ടത്തിലുണ്ടാകുന്ന സ്വപ്നങ്ങൾ മാത്രമേ നമുക്ക് ഓർത്തെടുക്കുവാൻ സാധിക്കുകയുള്ളൂ. സാധാരണയായി നമ്മൾ മൂന്നു മുതൽ അഞ്ചു വരെ സ്വപ്നങ്ങൾ കാണുക പതിവാണ്.
എന്നാൽ ഏഴു സ്വപ്നങ്ങൾ വരെ ഒരുറക്കത്തിൽ കാണുന്നവരുമുണ്ട്. എന്നാൽ ഇതിൽ മിക്ക സ്വപ്നങ്ങളും ഉണരുമ്പോൾ മറന്നു പോകുന്നു. നമ്മൾ കാണുന്ന സ്വപ്നങ്ങൾ മിക്കതും ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണെന്നത് മറ്റൊരു കൗതുകം. അന്ധർക്കും സ്വപ്നങ്ങൾ കാണുവാൻ കഴിയും. മനുഷ്യർക്കു മാത്രമല്ല മൃഗങ്ങൾക്കും സ്വപ്നങ്ങൾ കാണുവാൻ കഴിയും. സ്വപ്നങ്ങൾക്ക് പൊതുവായ സാമ്യം ഉണ്ടാകുമെങ്കിലും, സ്ത്രീകളുടെയും പുരുഷന്മാരുടെയും സ്വപ്നങ്ങൾ വിഭിന്നങ്ങളായിരിക്കും.
സ്വപ്നങ്ങളേക്കുറിച്ചു പല പഠനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും, പലതിനും ശാസ്ത്രീയ അടിത്തറ ഇല്ല എന്നൊരു പോരായ്മയുണ്ട്. പലരും പലവിധത്തിൽ സ്വപ്നങ്ങളെ പഠിക്കുവാൻ ശ്രമിച്ചിട്ടുണ്ട്.
അതിൽ ഏറ്റവും ശ്രദ്ധേയമായത്, മനഃശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സിഗ്മൊണ്ട് ഫ്രോയ്ഡിന്റേതു തന്നെയാണ്. മനുഷ്യനിൽ ഒളിഞ്ഞുകിടക്കുന്ന ആഗ്രഹങ്ങളും, ആകുലതകളും, വികാരങ്ങളുമാണ് സ്വപ്നങ്ങൾ എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഓർമ്മയുണ്ടാക്കുന്നതിനും പ്രശ്നപരിഹാരത്തിനുമാണ് സ്വപ്നങ്ങൾ എന്ന് വാദിക്കുന്നവരുമുണ്ട്.
തലച്ചോറിന്റെ ആകസ്മികമായ ഒരു പ്രവർത്തന സ്വഭാവം മാത്രമാണ് സ്വപ്നങ്ങൾ എന്നും അതിൽ വലിയ കാര്യങ്ങളൊന്നുമില്ല എന്ന് പറയുന്നവരുമുണ്ട് ഇക്കൂട്ടരിൽ.
മനഃശാസ്ത്രം വികസിക്കുന്നതിനു മുൻപുള്ള കാലഘട്ടങ്ങളിൽ സ്വപ്നങ്ങൾ ദൈവത്തിന്റെ സന്ദേശങ്ങളായും, ഭാവി പ്രവചനത്തിനുള്ള അവസരങ്ങളായും കണ്ടിരുന്നു. എന്നാൽ ഈ ആധുനിക കാലത്ത് ഇതിനു പ്രസക്തിയില്ലല്ലോ. ഓരോ മതങ്ങൾക്കും ഇക്കാര്യത്തിൽ അവരുടേതായ അഭിപ്രായങ്ങളുണ്ട്.
സ്വപ്നങ്ങൾ പലവിധത്തിലുണ്ട്. പേടിപ്പെടുത്തുന്നവ, ആവേശമുണർത്തുന്നവ, മാസ്മരികമായവ, സാഹസികമായവ, ലൈംഗീകപരമായവ, വിഷാദമുണർത്തുന്നവ, മതപരമായവ തുടങ്ങിയവയാണ് ഇതിൽ പ്രധാനം. സ്വപ്നങ്ങൾക്ക് കഴമ്പുള്ള അർഥങ്ങൾ എന്തെങ്കിലുമുണ്ടോ? കൂടുതലാളുകളും ഉണ്ടെന്നുതന്നെ വിശ്വസിക്കുന്നു. ചിലപ്പോഴെല്ലാം സ്വപ്നങ്ങൾ വിശകലനം ചെയ്യുന്നത് രോഗികളുടെ യഥാർത്ഥ പ്രശനം കണ്ടെത്തുന്നതിന് എന്നെ സഹായിച്ചിട്ടുണ്ട്. കൂടുതാലായും കാണുന്ന ചില സ്വപ്നങ്ങളും അവയുടെ കാരണങ്ങളും പരിശോധിക്കാം.
ഉയരത്തിൽ നിന്നും വീഴുന്നതാണ് കൂടുതലാളുകളും കാണുന്ന സ്വപ്നമായി കണ്ടെത്തിയിട്ടുള്ളത്. ജീവിതം ക്ലേശമായിട്ടുള്ള ആളുകളാണ് ഇത്തരം സ്വപ്നങ്ങൾ കാണുക. യഥാർത്ഥ ജീവിതത്തിലെ പ്രശ്നങ്ങളോടുള്ള ഭയമാണ് ഇത്തരം സ്വപ്നങ്ങൾക്ക് ഹേതു. പൊതുജന മധ്യത്തിൽ നഗ്നനാകുക എന്നതാണ് രണ്ടാമതായി കൂടുതൽ ആളുകൾ കാണുന്ന സ്വപ്നം. താനൊരു ഉത്തരവാദിത്വത്തിനു പ്രാപ്തനല്ല എന്ന് കരുതുന്നവരാണ്
ഇത്തരം സ്വപ്നങ്ങൾ കാണുക. മറ്റുള്ളവരാൽ തുരത്തപ്പെടുന്നതാണ് മറ്റൊരു പ്രധാന സ്വപ്നം. പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ ഒളിച്ചു നടക്കുന്നവരാണ് ഇത്തരം സ്വപ്നങ്ങൾ കാണുക. പല്ലു നഷ്ടപ്പെടുക എന്നത് മറ്റൊരു സ്വപ്നം. സ്വന്തം ആകാരത്തിലും സൗന്ദര്യത്തിലും തൃപ്തിയില്ലാത്തവരാണ് ഇത്തരം സ്വപ്നങ്ങൾ കാണുന്നതത്രേ. മറ്റുള്ളവരെ അഭിമുഖീകരിക്കുവാൻ മടിയുള്ളവർക്കും ഇത്തരം സ്വപ്നങ്ങൾ ഉണ്ടാകാറുണ്ട്. മാറ്റങ്ങളെക്കുറിച്ചു ഭയക്കുന്നവരും അകാരണ ഭീതിയുള്ളവരുമാണ് മരിക്കുന്നതായി സ്വപ്നം കാണുക. പരീക്ഷയെഴുതുക, പരാജയപ്പെടുക തുടങ്ങിയ സ്വപ്നങ്ങൾ കാണുന്നവർ പലപ്പോഴും പ്രശ്ന പരിഹാരത്തിന് ശ്രമിക്കാത്തവരോ അതിനു കഴിവില്ലെന്ന് വിശ്വസിക്കുന്നവരോ ആയിരിക്കും.
ഇത്തരത്തിൽ സ്വപ്നങ്ങൾ പലപ്പോഴും പ്രശ്നങ്ങളിലേക്കുള്ള ഒരു ചൂണ്ടു വിരൽ ആകാം. നാം കാണുന്ന സ്വപ്നങ്ങളിൽ പലപ്പോഴും ഒളിഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ടാകാം. അതായത് തലച്ചോറിലുറങ്ങിക്കിടക്കുന്ന ചില കാര്യങ്ങളുമായി ബന്ധമുണ്ടാകാം എന്നർത്ഥം. ഒരുദാഹരണത്തിന് ഒരാൾ ഒരു കുതിരസവാരി ആവർത്തിച്ചു സ്വപ്നം കാണുന്നു എന്നിരിക്കട്ടെ, ഒരു പക്ഷെ അത് അയാളിൽ ഉറങ്ങിക്കിടക്കുന്ന ഒരു ലൈംഗീക ബന്ധത്തിന്റെ ബോധപൂർവ്വമല്ലാത്ത ഓർമ്മപ്പെടുത്തലാകാം. വിദഗ്ധനായ ഒരു മനഃശാസ്ത്രജ്ഞന് ഇതെല്ലാം ഒരു പിടിവള്ളി ആയിക്കൂടെന്നില്ല.
ഡോ. സുനീത് മാത്യു
അപരിചിതർക്ക് ലിഫ്റ്റ് കൊടുക്കില്ല എന്ന ദൃഢനിശ്ചയുമായാണ് ഋഷികേശിൽ നിന്ന് ബൈക്കുമെടുത്തിറങ്ങിയത്. പക്ഷേ ഈ മനുഷ്യനെ കണ്ടപ്പോൾ എനിക്കെന്തോ വണ്ടി നിർത്താൻ തോന്നി. മാസ്റ്റർജി ദേവപ്രയാഗിനടുത്തുള്ള ഒരു സ്കൂൾ അധ്യാപകനാണ് ബദരീനാഥ് റൂട്ടിൽ പെട്ടെന്നുണ്ടായ ബസ് പണിമുടക്ക് കാരണം സ്കൂളിലേക്ക് പോകാൻ വഴിയില്ലാതെ കാണുന്ന വണ്ടിക്കൊക്കെ ലിഫ്റ്റ് ചോദിച്ചു നിൽക്കുമ്പോഴാണ് അദ്ദേഹത്തെ കണ്ടതും എനിക്ക് വണ്ടി നിർത്താൻ തോന്നിയതും.
കേരളത്തിൽനിന്ന് വരികയാണെന്നും തുംഗനാഥിലേക്ക് ഉള്ള യാത്രയാണെന്നും പറഞ്ഞപ്പോൾ മാസ്റ്റർജിക് വലിയ കൗതുകം. കൂട്ടത്തിൽ ഉത്തരാഖണ്ഡ്കാരനായിട്ടും താൻ ഇതുവരെ ബദരീനാഥിൽ കൂടി പോയിട്ടില്ലെന്ന പരിഭവവും. മാസ്റ്റർജി പഠിപ്പിക്കുന്നത് ഒരു എൽപി സ്കൂളിലാണ്. ആകെ 10 കുട്ടികൾ ഉണ്ട്,അവരെ പഠിപ്പിക്കാൻ നാല് അധ്യാപകരും!. അധ്യാപകർ എല്ലാ വിഷയങ്ങളും എടുക്കും, ചിലർ സ്കൂളിൽ തന്നെ താമസിക്കും. മാസ്റ്റർജിയെ സ്കൂളിനു മുന്നിൽ ഇറക്കിവിട്ട് തിരിച്ചു വരുമ്പോൾ സ്കൂളിൽ വന്നു മക്കളെയൊക്കെ കണ്ടു സംസാരിക്കാം എന്നും പറഞ്ഞു ഞാൻ യാത്ര തുടർന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ആ മനുഷ്യനുമായി എത്രപെട്ടെന്നാണ് ഒരാത്മബന്ധം ഉടലെടുത്തത്. ഋഷികേശിൽ നിന്നും പുലർച്ചെ 6 മണിക്ക് തുടങ്ങിയ യാത്രയുടെ ആദ്യ നാല് മണിക്കൂറുകൾ പിന്നിട്ടിരിക്കുകയാണ്.തുടക്കത്തിലെ പച്ചപ്പും പ്രകൃതിഭംഗിയൊന്നും ഇപ്പോളില്ല. ഇടത് വശത്തു ഇപ്പോൾ വേണമെങ്കിലും താഴോട്ട് പതിക്കാം എന്ന നിലയിൽ നിൽക്കുന്ന കൂറ്റൻ പാറക്കൂട്ടങ്ങൾ, വലത് വശത്തു അഗാധ ഗർത്തവും ഏറ്റവുമടിയിൽ ഒരു നേർത്ത വരപോലെയൊഴുകുന്ന ഗംഗ നദിയും.റോഡിനിരുവശവും ഇന്നലെയോ കുറച്ചു മുൻപോ പതിച്ച വലിയ പാറക്കല്ലുൾ കൂട്ടിയിട്ടിരിക്കുന്നു. ഏത് നിമിഷവും താഴോട്ട് പതിക്കാം എന്ന നിലയിൽ നിൽക്കുന്ന പാറക്കൂട്ടങ്ങൾ റോഡിലേക്ക് വീണാൽ എന്ത് മാത്രം അപകടകരമായിരിക്കും? !
കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല, തൊട്ട് മുന്നിൽ വാഹനങ്ങളുടെ നീണ്ട നിര.മുമ്പിലെവിടെയെങ്കിലും ഗതാഗതം മുടക്കി പാറ ഇടിഞ്ഞു വീണിട്ടുണ്ടാകും. നാട്ടിലെ ട്രാഫിക്കിൽ ബൈക്ക് കുത്തികേറ്റി മുൻപോട്ടു പോകുന്ന പരിചയം വെച്ച് ബൈക്ക് വാഹനനിരയുടെ ഏറ്റവും മുൻപിൽ തന്നെയെത്തിച്ചു. പാറ ഇടിഞ്ഞു വീണതല്ല, ഒരഞ്ഞൂറു മീറ്ററോളം നീളത്തിൽ റോഡ് തന്നെ ഇടിഞ്ഞു കൊക്കയിലേക്ക് പതിച്ചിരിക്കുന്നു. മുന്നിൽ വലിയ കിടങ്ങ്, കിടങ്ങിനപ്പുറവും വാഹനങ്ങളുടെ വലിയ നിര തന്നെയുണ്ട്. ഈയൊരവസ്ഥയിൽ റോഡ് ഗതാഗതം പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും, തിരിച്ചു പോകൽ തന്നെ ശരണം.
.പക്ഷെ ഈ മനുഷ്യന്മാരോക്കെ എന്ത് പ്രതീക്ഷിച്ചാണ് ഈ കിടങ്ങിന് മുന്നിൽ കാത്തിരിക്കുന്നത്!.വലിയ രണ്ട് ഹിറ്റാച്ചികൾ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ട്, ഇടക്കിടക്ക് മുകളിൽ നിന്നും പൊടിയും ഉരുളൻ കല്ലുകളും വലിയ ശബ്ദത്തോടെ റോഡിലേക്ക് പതിക്കുന്നു. രണ്ട് മണിക്കൂറിലേറെ നീണ്ട കാത്തിരുപ്പ്, അതിനിടയിൽ ഒരു വാഹനത്തിന് കഷ്ടിച്ച് പോകാൻ പറ്റുന്ന രീതിയിലുള്ള ഒരു സമാന്തര പാത മുന്നിൽ രൂപപ്പെട്ടിരിക്കുന്നു. അസാധ്യതകളിൽ നിന്ന് എത്ര പെട്ടെന്നാണ് സാധ്യതകകൾ ഉണ്ടാവുന്നത്!
ഗൂഗിളാശാൻ പറഞ്ഞ കണക്കിൽ ഉച്ച കഴിയുമ്പോയേക്കും തുങ്കനാഥ് എത്തേണ്ടതാണ്. ആ കണക്കൊക്കെ പാളിയിരിക്കുന്നു, ഇവിടെ നമ്മുടെ കണക്ക് കൂട്ടലുകൾക്കൊന്നും ഒരു പ്രസക്തിയുമില്ല, മുകളിൽ നിന്നുരുണ്ടു വരുന്ന ഒരു ചെറിയ കല്ല് മതി മണിക്കൂറുകളോളം ഗതാഗതം മുടങ്ങാൻ, ചിലപ്പോൾ ദിവസങ്ങളോളം, ചിലപ്പോൾ ജീവിതയാത്ര തന്നെ ഈ ഉരുളൻകല്ലിൽ തട്ടിയവസാനിച്ചേക്കാം…ഇനി കണക്ക് കൂട്ടലുകളില്ല, എല്ലാം പടച്ചോന് വിട്ട് കൊടുത്തു യാത്ര തുടർന്നു. ബൈക്ക് കുറച്ചു സമയം കൂടി മുന്നോട്ട് പോയപ്പോൾ ദേവപ്രയാഗ് എത്തിച്ചേർന്നു.
ദേവപ്രയാഗ് ഭഗീരഥി അളകനന്ദ നദികളുടെ സംഗമസ്ഥാനമാണ്. വലത് വശത്തു കൂടി കലങ്ങിയൊഴുകി വരുന്നത് അളകനന്ദയാണ്.ഇടത്തു ഇളം പച്ച നിറത്തിൽ ശാന്തമായി ഒഴുകി വരുന്നത് ബഗീരഥിയും.ഈ രണ്ട് നദികളും ഇവിടെ വെച്ച് സംഗമിക്കുന്നു, ഇനി ഭഗീരഥി ഇല്ല, അളകനന്ദയുമില്ല.ഇനിയവൾ ഗംഗയാണ്. ചിലയിടങ്ങളിൽ ഭക്തിസാന്ദ്രമായ തലോടലുകൾ ഏറ്റു വാങ്ങി ചിലയിടങ്ങളിൽ മാലിന്യ കൂമ്പാരങ്ങളിൽ മുങ്ങി ഉത്തരമഹാസമതലത്തിലെ കാർഷികവിളകൾക്ക് ജീവജലം നൽകി അവൾ തന്റെ ജീവിത യാത്ര ഇവിടെ നിന്നാരംഭിക്കുന്നു . ഗംഗ തന്റെ പ്രയാണം കൊണ്ട് ഒരു രാജ്യത്തിന്റെ ജീവനാഡിയായി മാറുന്നു . ദേവപ്രയാഗ് സംഗമം ഏറ്റവും നന്നായി ആസ്വദിക്കാൻ പറ്റുന്ന ഒരിടത്തു തന്നെ വണ്ടി നിർത്തി ഒരു മഹാനദിയുടെ ഉൽഭവം കൺകുളിർക്കെ കണ്ടു വീണ്ടും മുന്നോട്ടേക്ക്…
കുറച്ചു ദൂരം പോയപ്പോൾ രുദ്രപ്രയാഗിൽ എത്തിച്ചേർന്നു. ഇവിടെ അളകനന്ദയും മന്ദാകിനിയും സംഗമിക്കുന്നു. രുദ്രപ്രയാഗിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു കേദാർനാഥ് പോകുന്ന പാതയിലൂടെ തന്നെയാണ് തുങ്കനാഥിലേക്കും പോകേണ്ടത്.കേദാർനാഥ് റൂട്ടിൽ ഇടക്കിടക്ക് റോഡ് പണികൾ നടക്കുന്നുണ്ട്. ഇവിടുത്തെ റോഡ് പണി ഒരുകാലവും അവസാനിക്കാത്ത ഒരു പ്രവൃത്തിയാണെന്നാണ് എനിക്ക് തോന്നുന്നത്.പർവതങ്ങളിൽ പ്രായം കുറഞ്ഞവളായ ഹിമാലയം ശരിക്കും തന്റെ ഇരിപ്പുറപ്പിച്ചിട്ടില്ല. ഏത് നിമിഷവും താഴോട്ട് പതിക്കാൻ വെമ്പി നിൽക്കുന്ന അവസാദശിലകളാണ് മുഴുവൻ . ഒരിടത്തു പണി തീർന്ന് വരുമ്പോയേക്കും വലിയൊരു പർവതഭാഗം താഴോട്ട് പതിച്ചു റോഡ് തന്നെ ഇല്ലാതാകും. മണ്ണും പാറക്കല്ലുകളും നീക്കി വീണ്ടും റോഡ് പണിയാരംഭിക്കുന്നു. ഉത്തരാഖണ്ഡ് സർക്കാരിന് റോഡുപണിക്ക് വലിയൊരു തുക തന്നെ മാറ്റി വെക്കേണ്ട അവസ്ഥയായിരിക്കും.
മണിക്കൂറുകൾ നീണ്ട യാത്രക്കൊടുവിൽ വൈകിട്ട് നാലുമണിക്ക് തുങ്കനാഥിന്റെ പ്രവേശനകവാടമായ ചോപ്തയിൽ എത്തിച്ചേർന്നു.ഇവിടെ മുതൽ മലകയറ്റമാണ്. ബൈക്ക് ഒരു കടക്കുമുമ്പിൽ നിർത്തി ചായയും മാഗിയും കഴിച്ചു ബൈക്കിന്റെ ഉത്തരവാദിത്തം കടക്കാരനെ ഏൽപ്പിച്ചു മലകയറാൻ തുടങ്ങി.
മലകയറ്റം ആദ്യമൊക്കെ വലിയ പ്രയാസമില്ലാതെ നീങ്ങി.ഏകദേശം 5 കിലോമീറ്റർ ദൂരമുണ്ട് തുങ്കനാഥ് ക്ഷേത്രത്തിലേക്ക്. അവിടുന്നും ഒന്ന് രണ്ട് കിലോമീറ്റർ മലകയറിയാലേ ലക്ഷ്യസ്ഥാനമായ ചന്ദ്രശിലയിൽ എത്തിച്ചേരാൻ പറ്റുള്ളൂ. നേരം ഇരുട്ടുന്നതിനു മുൻപ് തുങ്കനാഥ് എത്തി രാത്രി അവിടെ താമസിച്ചു പിറ്റേന്ന് പുലർച്ചെ മലകയറി ചന്ദ്രശിലയിലെ സൂര്യോദയം കാണാൻ ആണ് ലക്ഷ്യമിട്ടിരിക്കുന്നത്.
മലകയറ്റത്തിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോയേക്കും ഒരടിപോലും മുന്നോട്ട് വെക്കാൻ പറ്റാത്ത അവസ്ഥയിലായി. ശരീരം നന്നായി കിതക്കുന്നുണ്ട്.കൂട്ടത്തിൽ അസ്ഥിയിൽ തുളഞ്ഞു കയറുന്ന തണുപ്പും. മലകയറാൻ ബുദ്ധിമുട്ടുള്ളവർക്ക് സഹായമായി പോണിയുടെ സേവനമുണ്ട്. ഒരു കോവർകഴുത പോലെയുള്ള ജീവിയാണ് പോണി. ഒറ്റനോട്ടത്തിൽ കുതിരയെ പോലെ തോന്നും, എന്നാൽ കുതിരയല്ല പ്രധാന കവാടത്തിനരികിൽ നിന്നും തുങ്കനാഥ് പരിസരത്തേക്ക് പോണി പുറത്ത് സഞ്ചരിക്കാൻ 1000 മുതൽ 1500 രൂപ വരെ ഈടാക്കും. ഇവിടുത്തെ ഗ്രാമീണരുടെ പ്രധാന വരുമാനമാർഗം കൂടിയാണ് ഈ പോണി സർവീസ്. പോണിയിടെ പുറത്തു കയറാൻ
സാധിക്കാത്ത വൃദ്ധരെയൊക്കെ ഒരു കുട്ടയിൽ ഇരുത്തി ചുമന്നു കൊണ്ട് പോകുന്നവരും ഇവിടെയുണ്ട്. ഒരു താളത്തിൽ കാൽ ഒരുമിച്ചു മുന്നോട്ട് വെച്ച് ആളുകയും പേറി മലകയറുന്ന ഗ്രാമീണരെ കുറച്ചു നേരം നോക്കി നിന്നപ്പോൾ ചെറിയൊരു ഉത്സാഹം വന്നതുപോലെ. വീണ്ടും മലകയറ്റം, ഉത്സാഹത്തിനു അരമണിക്കൂറിലേറെ ആയുസ്സുണ്ടാവില്ല, വീണ്ടും പാറക്കല്ലുകൾക്കിരികിലോ പുൽമൈതാനിയിലോ നീണ്ടുനിവർന്നൊരു കിടത്തം. അല്ലെങ്കിൽ കൽപാതയുടെ വശങ്ങളിൽ ഇടക്കിടക്ക് കെട്ടിയുണ്ടാക്കിയ മറക്കടകളിലെ മുത്തശ്ശിമാർ ഇട്ട് തരുന്ന ചൂടുചായയും മാഗിയും കഴിച്ചു വീണ്ടും നടത്തം.കഠിനപ്രയത്നം തന്നെ !
നമ്മൾ തളർന്നു വീഴുന്നയിടങ്ങളെല്ലാം പ്രതീക്ഷയോടെ പോണിക്കാർ കാത്ത് നിൽക്കുന്നുണ്ടാകും. പക്ഷെ അവരുടെ കൂലിയെ കുറിച്ചു ആലോചിക്കുമ്പോൾ മറ്റൊന്നും നോക്കാതെ വീണ്ടും നടത്തം ആരംഭിക്കും. ഇടക്കിടക്ക് ചായയും മാഗിയും നൽകിയ ഊർജത്തിലും ഒരു കണക്കുമില്ലാതെ കുടിച്ചു തീർത്ത വെള്ളത്തിന്റെ ഊർജത്തിലും അതിലുപരി പോണിക്കാരനു വലിയ തുക കൊടുക്കേണ്ടി വരുമോ എന്ന ചിന്തയിൽ നിന്നു ലഭിച്ച ഊർജ ബലത്തിലും നീണ്ട മൂന്ന് മണിക്കൂർ നടത്തത്തിനൊടുവിൽ ഞാൻ തുങ്കനാഥന്റെ മണ്ണിൽ എത്തിചേർന്നു.
നേരം ഇരുട്ടി വരുന്നതേ ഉള്ളു.. സഞ്ചാരികൾക്ക് രാത്രി താമസത്തിനും ഭക്ഷണത്തിനും ചെറിയ ചെറിയ മരക്കടകൾ ക്ഷേത്രപരിസരത്തുണ്ട്. താഴ്വാരത്തുള്ള ഗ്രാമീണർ നടത്തുന്ന കടമുറികളാണവ.ഓരോ സീസൺ തുടങ്ങുമ്പോഴും അവർ അത്യാവശ്യസാധനങ്ങളും പേറി മലമുകളിലെ മരക്കുടിലിലേക്ക് താമസം മാറുന്നു. അവിടെയെത്തുന്ന സഞ്ചാരികൾക്കു ഭക്ഷണം ഉണ്ടാക്കി കൊടുത്തും അവർക്കൊരു രാത്രി തങ്ങാൻ തീരെ സൗകര്യമില്ലാത്ത തന്റെ മരക്കുടിലിലെ മുറികൾ വാടകക്ക് കൊടുത്തും അവർ വരുമാനം കണ്ടെത്തുന്നു. മഞ്ഞുകാലത് തുങ്കനാഥും പരിസരവും മഞ്ഞു വീണു മൂടുന്നതോടെ അവർ സ്വഗൃഹത്തിലേക്ക് തിരിച്ചു പോകുന്നു.
എന്തായാലും ദൂരങ്ങൾ താണ്ടി മലമുകളിലെത്തുന്ന സഞ്ചാരികൾക്കും തീർത്ഥാടകർക്കും വലിയൊരനുഗ്രഹമാണ് ഇത്തരത്തിലുള്ള മരക്കുടിലുകൾ. 150 രൂപക്ക് ഒരു കുടിലിന്റെ ചായ്പിൽ ഒരു രാത്രി കിടന്നുറങ്ങാനുള്ള സ്ഥലം പറഞ്ഞുറപ്പിച്ചു തുങ്കനാഥ് ക്ഷേത്രം കാണാനായിറങ്ങി. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പൂജ നടക്കുന്ന ശിവക്ഷേത്രമാണ് തുങ്കനാഥ് ക്ഷേത്രം. മഹാഭാരത യുദ്ധം കഴിഞ്ഞു വ്യാസ മഹർഷിയുടെ നിർദേശ പ്രകാരം പാണ്ഡവന്മാർ പ്രായശ്ചിത്തം ചെയാൻ ഗുപ്ത കാശിയിൽ എത്തിയപ്പോൾ ശിവൻ, അവരെക്കണ്ടു അവിടെ നിന്നും ഓടി ഒരു കാളയുടെ രൂപത്തിൽ ഹിമാലയത്തിൽ മേഞ്ഞു നടന്നു എന്നും, ആ കാളയെ കണ്ടു ശിവനാണെന്നു തിരിച്ചറിഞ്ഞ പാണ്ഡവന്മാർ അഞ്ചുപേരും അഞ്ചു സ്ഥലത്തു പിടിച്ചു കാളയെ ഉയർത്താന് ശ്രമിച്ചെന്നും, അങ്ങനെ ഹിമാലയത്തിൽ അഞ്ചു സ്ഥലങ്ങളിൽ കാളയുടെ ശരീര ഭാഗങ്ങൾ പൊങ്ങി വന്നുവെന്നുമാണ് ഐതിഹ്യം…. ഈ അഞ്ചു സ്ഥലങ്ങളിൽ
ഉള്ള ക്ഷേത്രങ്ങളെ ആണ് പഞ്ച കേതാരങ്ങൾ എന്നറിയപ്പെടുന്നത് … ഇതിൽ മൂന്നാം സ്ഥാനത്താണ് തുങ്ക നാഥിലുള്ള ശിവക്ഷേത്രം.സമുദ്ര നിരപ്പിൽ നിന്നും 12,073 അടി ഉയരത്തിലാണ് ഈ ക്ഷേത്രം… ശൈത്യ കാലത്ത് എല്ലാ വർഷവും ക്ഷേത്രം അടച്ചിടും…
ക്ഷേത്രത്തിന് പുറകിലെ വിശാലമായ മലഞ്ചെരുവിൽ ഹിമാലയൻ മൊണാലുകൾ അങ്ങിങ്ങായി അലഞ്ഞു നടക്കുന്നു. ഉത്തരാഖണ്ഡിന്റെ സംസ്ഥാന പക്ഷിയാണ് ഹിമാലയൻ മൊണാൽ . നമ്മുടെ കോഴിയെ പോലുള്ള ഒരു ജീവി, എന്നാൽ കോഴിയെക്കാളും വലുപ്പമുണ്ടാകും.പുറത്തെ നിറമൊക്കെ ഒരു മയിലിനെ പോലെയാണ്. തലക്ക് മുകളിൽ ഒരു തൂവൽ കിരീടവുമുണ്ട്.
തുങ്കനാഥിലെ ആ രാത്രിയിലാണ് ഞാൻ അനു ഷെറിനെ Anu Sherin പരിചയപ്പെടുന്നത്. മുൻപ് കേട്ട് പരിചയം ഉണ്ടെങ്കിലും കുറച്ചധികം സമയം സംസാരിക്കാൻ അവസരം കിട്ടിയത് അന്നാണ്.ഉത്തരാഖണ്ഡ് സർക്കാരിന്റെ അംഗീകൃത ലൈസൻസ് ഒക്കെയുള്ള ഒരു ട്രാവൽ ഗൈഡ് ആണ് അനു. മലയാളിയായ അനു ഉത്തരാഖണ്ഡിൽ എത്തിച്ചേർന്നതും അവരുടെ സഞ്ചാര ജീവിതത്തിലെ അനുഭവങ്ങളുമൊക്കെ അവർ പങ്ക് വെച്ചു. മറ്റു ട്രാവൽ ഗൈഡുമാരിൽ നിന്നും അനു വ്യത്യസ്തയാകുന്നത് അവർ നടത്തുന്ന ‘gents only’ യാത്രകൾ കൊണ്ടാണ്.ആണുങ്ങൾക്ക് മാത്രമായി ഒരു പെൺകുട്ടി യാത്രകൾ സംഘടിപ്പിക്കുക. ആ യാത്രകളിൽ ഭൂരിഭാഗവും സാഹസിക കേന്ദ്രങ്ങളിലേക്കു നടത്തുക .ഉത്തരാഖണ്ഡിലെ ഏകദേശം എല്ലാ ട്രെക്കും നടത്തിയ അനു മറ്റു സംസ്ഥാനങ്ങളിലേക്കും കൂടുതൽ യാത്രകൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. തുങ്കനാഥിലേക്ക് അനുവിന്റെ ഒപ്പം വന്ന യാത്രസംഘത്തിലുള്ളവരെ പരിചയപ്പെട്ടു നാളത്തെ മലകയറ്റം ഒരുമിച്ചാക്കാം എന്നും പറഞ്ഞു ഞാൻ എന്റെ മരക്കുടിലിലേക്ക് നീങ്ങി. രാത്രി ഭക്ഷണം പതിവ് പോലെ മാഗിയിലൊതുക്കി നേരത്തെ ഉറങ്ങാൻ കിടന്നു.
അതിരാവിലെ തന്നെ ചന്ദ്രശിലയിലേക്കുള്ള ട്രെക്കിങ്ങ് തുടങ്ങി. ഇരുട്ടിൽ മലകയറുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ സൂര്യനുദിക്കും മുന്നേ ചന്ദ്രശിലയിൽ എത്തേണ്ടതിനാൽ വേഗത്തിൽ തന്നെ ട്രെക്കിങ്ങ് ആരംഭിച്ചു .കഴിഞ്ഞ രാത്രി പരിചയപ്പെട്ട അനുവിന്റെ സഞ്ചാരി സംഘവും കൂട്ടിനുണ്ട്. അങ്ങനെ സൂര്യോദയത്തിന് മുൻപ് തന്നെ ചന്ദ്രശിലയിലയുടെ മുകളിലെത്തി
ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കുന്ന മനോഹരമായ പർവതശിഖരമാണ് ചന്ദ്രശില. അവിടുന്ന് നോക്കിയാൽ കേദാർനാഥ്, നന്ദാദേവി തുടങ്ങിയ മലനിരകൾ കാണാമെന്നു പറയപ്പെടുന്നു. ചുറ്റും പച്ചയും വെള്ളയും പുതച്ചു കിടക്കുന്ന പർവതങ്ങൾ.ഒരു സ്വപ്നലോകത്തു എത്തിയ പ്രതീതി. കൊടുംതണുപ്പിൽ ഹിമാലയത്തിലെ ചന്ദ്രശിലയുടെ മുകളിൽ ഇരുന്ന് പ്രഭാതകാഴ്ചകൾ മതിയാവോളം ആസ്വദിച്ചു തിരിച്ചു മലയിറങ്ങി. തുങ്കനാഥിൽ നിന്നും ചോപ്തയിലേക്ക്… അവിടുന്ന് ബൈക്കുമെടുത്തു ബദരീനാഥിലേക്ക്..
സുഹൈൽ സുഗു
മലയാളത്തിലെ എക്കാലത്തെയും ശ്രദ്ധേയമായ പ്രേമകഥകളിലൊന്നാണ് 1964ൽ പ്രസിദ്ധീകരിക്കപ്പെട്ട വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകൾ’ എന്ന നോവൽ.
കൗമുദി ആഴ്ചപ്പതിപ്പിന്റെ വിശേഷാൽപ്പതിപ്പിലാണ് ഈ നോവൽ അച്ചടിമഷിപുരണ്ടത്. ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും വിവർത്തനം ചെയ്യപ്പെട്ട ഈ നോവലിനെ ആധാരമാക്കി ശ്രീ. അടൂർ ഗോപാലകൃഷ്ണൻ മമ്മൂട്ടിയെ നായകനും, കെ.പി.എ.സി.ലളിതയെ നായികയുമാക്കി അതേ പേരിൽത്തന്നെ ഒരു ചലച്ചിത്രം സംവിധാനം ചെയ്തു പുറത്തിറക്കുകയുണ്ടായി. ചിത്രത്തിൽ ബഷീറിനെ അവതരിപ്പിച്ച മമ്മൂട്ടിയ്ക്കു മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ലഭിയ്ക്കുകയും ചെയ്തു.
തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളുടെ ഭാഗമായി തടവിലാക്കപ്പെട്ട സമയത്ത് സംഭവിക്കുന്ന രസകരമായ അനുഭവങ്ങളും , തൊട്ടടുത്ത വനിതാ ജയിലിലെ നാരായണി എന്ന സ്ത്രീയുമായി ഉണ്ടാകുന്ന പ്രണയവുമാണ് ഇതിലെ പ്രമേയം. ഏറെ രസകരമായ ബഷീറിന്റെ അവതരണരീതി തന്നെയാണ് ഇതിലും വായനക്കാരെ ആകർഷിക്കുന്നത്… !
“പ്രപഞ്ചമാകുന്ന മഹാജയിലിനുള്ളിലെ ചെറിയജയിലിൽ ഞാൻ സസുഖം വാണരുളുന്നു” എന്നാണ് ബഷീർ പറയുന്നത്, ജയിൽവാസത്തിന്റെ യാതൊരു കഷ്ടപ്പാടുകളും അദ്ദേഹം അനുഭവിച്ചിരുന്നില്ല. കൂടുതലും രാഷ്ട്രീയതടവുകാരായിരുന്നതിനാൽ അവരോടു സൗഹൃദം സ്ഥാപിച്ചു സന്തോഷത്തോടുകൂടി അദ്ദേഹം കഴിയുന്നു…
ആ ജയിലിനെയും വനിതാജയിലിനെയും വേർതിരിക്കുന്നത് വലിയൊരു മതിലാണ്.. ആ മതിലിലൂടെ പലപ്പോളും പെണ്ണിന്റെ മണം ലഭിച്ചതായി കഥയിൽ അദ്ദേഹം പറയുന്നുണ്ട്.
മതിലിന് കഥയിൽ സവിശേഷമായ ഒരു സ്ഥാനമാണുള്ളത്. പിന്നീട് ആ മതിലിനിരുപുറവും നിന്നാണു ബഷീറും നാരായണിയും തങ്ങളുടെ വിശേഷങ്ങൾ കൈമാറുന്നത്. ഒരിക്കൽപ്പോലും പരസ്പരം കണ്ടിട്ടില്ലെങ്കിലും അവർ തമ്മിൽ അഗാധമായ സ്നേഹം കാത്തുസൂക്ഷിക്കുന്നു. പ്രണയോപഹാരമായി ബഷീർ അവൾക്ക് , താൻ നട്ടുനനച്ചു വളർത്തിയ റോസപ്പൂക്കൾ നൽകിയിരുന്നു. ഒടുവിൽ അവർ തമ്മിൽക്കാണാൻ തീരുമാനിക്കുന്നുവെങ്കിലും, തികച്ചും യാദൃശ്ചികമായി അതിനു മുമ്പ് ബഷീറിന് ജാമ്യമനുവദിക്കപ്പെടുന്നു. പരസ്പരം കാണാനാവാതെ അവർ വേർപിരിയുന്നു.
വിശ്വമാനവികതയുടെ മഹത്തായ സന്ദേശം നൽകുന്ന നോവലിൽ എല്ലാ മനുഷ്യരും നീണാൾ വാഴട്ടെ എന്നാണദ്ദേഹം പറയുന്നത്. സഹജീവികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും നമുക്കിതിൽ കാണാനാകും. ജയിലിലെ ചെടികളോട്, ജീവികളോട് പലപ്പോളും അദ്ദേഹം സംസാരിക്കുന്നുണ്ട്, വിശേഷങ്ങൾ പങ്കുവെയ്ക്കുന്നുമുണ്ട്.
തികച്ചും സാധാരണക്കാരനായ ഒരു നാട്ടിൻപുറത്തുകാരനെ , നാട്ടിൻപുറത്തിന്റെ എല്ലാ നന്മകളോടെയും കഥയിലുടനീളം നമുക്കു കാണാനാകും..
മലയാള സാഹിത്യത്തിലെ അതിമനോഹരമായൊരു പ്രേമസൃഷ്ടിയാണിത്. ബഷീറിന്റെ തനതു ശൈലിയും, ഭാഷയും കഥയെ കൂടുതൽ മികവുറ്റതാക്കിയിരിക്കുന്നു. ഈ ചെറിയ പ്രേമകഥ അതിമനോഹരമായ വായനാനുഭവമാണ് നൽകുന്നത്.. മലയാളസാഹിത്യത്തിൽ കാലാതിവർത്തിയായി ബേപ്പൂർ സുൽത്താന്റെ ഈ പ്രേമകഥയുമുണ്ടാവും..!!
(പാലക്കാട് സുൽത്താൻ കോട്ടയ്ക്കുള്ളിലെ ശില്പവാടിയിൽ,
“എം. ജെ. ഇനാസ് “എന്ന ശിൽപ്പിയുടെ “മതിലുകൾ ” എന്നപേരിലുള്ള കരിങ്കൽശില്പവും പ്രസിദ്ധമാണ്)
ശ്രീക്കുട്ടി എം. ബി
അരങ്ങൊഴിഞ്ഞ കവിശ്രേഷ്ഠനുള്ള അക്ഷരാർച്ചനയിൽ തുടങ്ങിയ പുതിയ ലക്കം ‘ഇതിവൃത്തം’ കെട്ടിലും മട്ടിലും ഗംഭീരമായിരിക്കുന്നു. നല്ല നിലവാരം പുലർത്തിയ ഉള്ളടക്കം. നർമ്മമില്ലാത്ത നർമ്മഭാവന അവതരണം കൊണ്ട് ശ്രദ്ധേയം. ഡോ. സുനീത് മാത്യുവിന്റെ ലേഖനം അനാവശ്യ ഷോപ്പിംഗിന്റെ അപകടകരമായ അവസ്ഥാന്തരങ്ങളിലേക്കൊരു മുന്നറിയിപ്പ് തരുന്നു. ശ്രീക്കുട്ടിയുടെ ആസ്വാദനക്കുറിപ്പ് മനോഹരം. ‘അടിമ’യെന്ന കവിത പുഴുക്കുത്തേറ്റ സമൂഹത്തെ നോക്കി പല്ലിളിക്കുന്നു. നിറഞ്ഞ കയ്യടി.
അനിൽ കുമാർ എം.ബി.(കഥാകൃത്ത്)
നവംബർ ലക്കം ഇതിവൃത്തം മാസിക നല്ല നിലവാരം പുലർത്തിയിരിക്കുന്നു. കഥകൾ, കവിതകൾ, ലേഖനങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം. യാത്ര, ആരോഗ്യം, പാചകം തുടങ്ങിയ പംക്തികളും മാസികയെ സമ്പൂർണ്ണമാക്കുന്നു. മാസികയ്ക്കും ശില്പികൾക്കും എല്ലാ ആശംസകളും നേരുന്നു.
കൃഷ്ണ മോഹൻ
ഒരു ഓൺലൈൻ മാസികയിലുപരി ഒരു അച്ചടി മാസിക വായിക്കുന്ന അനുഭവം തന്നെയാണ് ഇതിവൃത്തം നൽകുന്നത്. കൈകൊണ്ടു മറിച്ചു വായിക്കുവാൻ സാധിക്കുന്നു എന്നത് ആ അനുഭവം കൂട്ടുന്നു. ഇതിവൃത്തത്തിലെ കഥകൾ ഗംഭീരമാകുന്നുണ്ട്. പാചകം വ്യത്യസ്തമായ അനുഭവം നൽകുന്നു. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.
ആര്യ വാസുദേവൻ
ഒരു മാസികയ്ക്കുവേണ്ട എല്ലാ ചേരുവകളും ഭംഗിയായി ഒരുക്കിയിരിക്കുന്നു. ഒരു ഓൺലൈൻ മാസിക ഇത്ര മനോഹരമായി ഒരുക്കുന്ന സുനീത് സാറിന് ഒരു വായനക്കാരന്റെ അഭിനന്ദനങ്ങൾ. വാങ്ങലുകളിലെ രോഗാവസ്ഥ ഒരു പുതിയ അറിവ് തന്നെ. ലേഖനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കുറച്ചുകൂടി ശ്രദ്ധ പുലർത്തണമെന്ന ഒരു അഭ്യത്ഥനയുമുണ്ട്. മാസികയ്ക്ക് എല്ലാ ഭാവുകങ്ങളും.
കേശവദാസ് ചെറുതുരുത്തി
തികച്ചും വ്യത്യസ്തം. നല്ല കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് മാസികയുടെ ലക്ഷ്യമെന്ന് വായിച്ചറിഞ്ഞു. വളരെ നല്ലൊരു തീരുമാനമാണത്. തികച്ചും അർഹരായവർ തന്നെയാണ് മാസികയുടെ എഴുത്തുകാർ എന്നതിലും സംശയമില്ല. യാത്ര, ആരോഗ്യം, നിരൂപണം, പാചകം എന്നിവ മാസികയ്ക്കു മുതൽക്കൂട്ടു തന്നെ. നല്ല എഴുത്തുകാർ ഈ മാസികയിലൂടെ എഴുതിത്തെളിയട്ടെ.
ഗായത്രി സോമൻ
വായനക്കാരുടെ അഭിപ്രായങ്ങൾക്ക് മാസികയുടെ സ്നേഹാദരങ്ങൾ. നിങ്ങളാണ് ഞങ്ങളുടെ പ്രചോദനം. കൂടുതൽ വായനക്കാർ അവരുടെ വിലയേറിയ അഭിപ്രായങ്ങൾ യഥാസമയം ഞങ്ങളെ അറിയിക്കണമെന്ന് സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു. അഭിപ്രായങ്ങൾ holykings@gmail.com എന്ന വിലാസത്തിലോ, ഇതിവൃത്തം ഗ്രൂപ്പിലോ അറിയിക്കുക.
എഡിറ്റർ
മത്തങ്ങ രസം
രസം നമ്മൾ രസിച്ചു കഴിക്കുന്ന ഒരു വിഭവമാണല്ലോ.പ്രത്യേകിച്ചും നമ്മൾ തെക്കേ ഇന്ത്യക്കാർ. രസം പലതരത്തിൽ ഉണ്ടാക്കാം എന്ന് പലർക്കുമറിയില്ല. അത്തരമൊരു വ്യത്യസ്ത രസമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മത്തങ്ങ കൊണ്ടുണ്ടാക്കുന്ന ഒരു രസം.
പല ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ് രസം. ശരിയായ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുന്നതിന് ഏറ്റവും നല്ല ഒരുപാധി ഭക്ഷണത്തോടൊപ്പം രസവും ശീലമാക്കുക എന്നതാണ്. ദഹന വ്യവസ്ഥയെ കാര്യക്ഷമമാക്കുന്ന പല ചേരുവകളും ഇതിലുണ്ട്. ശരീരത്തിന് ആവശ്യമായ മിക്ക പോഷകങ്ങളും ഉള്ള ഒരു വിഭവമാണിത്. റിബോഫ്ലേവിൻ, തയാമിൻ,നിയാസിൻ, വിറ്റാമിൻ സി, വിറ്റാമിൻ എ , പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം, ചെമ്പ്, സെലീനിയം എന്നിവയാൽ സമ്പുഷ്ടം. ജലദോഷമടക്കമുള്ള വൈറൽ രോഗങ്ങൾക്കും അത്യുത്തമം. ഈ കൊറോണക്കാലത്ത് ഇതിന്റെ പ്രസക്തി ഏറെയാണ്. ഊർജ്ജം കുറവും,
പോഷകസമൃദ്ധവുമെന്നതിനാൽ വണ്ണം കുറയ്ക്കുന്നവർക്ക് ഏറെ ഗുണകരമാണ്. ഇതിലെ പ്രധാന ചേരുവകളായ
കുരുമുളകും മഞ്ഞളും ക്യാൻസർ തടയുന്നതിന് ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടവയാണ്. ഇതിൽ ചേർക്കുന്ന പുളി നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയാണ്. ഗർഭിണികൾക്കും കുട്ടികൾക്കും ഉത്തമമായൊരു വിഭവവും.
മത്തങ്ങയുടെ ഗുണഫലങ്ങളും ധാരാളം. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒരു കായ. അതിൽത്തന്നെ വിറ്റാമിൻ എ സമ്പുഷ്ടവും. കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും നല്ല ഒരു ഭക്ഷണം. ആന്റി ഓക്സിഡന്റുകളുടെ കാര്യത്തിലും മികച്ചത്. ക്യാൻസർ തടയുക, ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത്തിലും, ഉയർന്ന തോതിലുള്ള പൊട്ടാസ്യത്തിന്റെ അളവ് ഹൃദയാരോഗ്യത്തിനും സഹായകരം.
ചേരുവകൾ
മത്തങ്ങ ഒരു ചെറിയ കഷണം പ്രഷർ കുക്കറിൽ പുഴുങ്ങി ഉടച്ചത്
വെളുത്തുള്ളിയും ചെറിയ ഉള്ളിയും നന്നായി അരിഞ്ഞത് – 1 ചെറിയ കപ്പ്.
ജീരകം, മഞ്ഞൾ, മുളക്,കുരുമുളക്, കായം എന്നിവ പൊടിച്ചത് ഒരു ടേബിൾസ്പൂൺ വീതം
പുളിയ്ക്ക് പകരം മാങ്ങ ഉണക്കിപ്പൊടിച്ചത് ഒരു ടേബിൾസ്പൂൺ
ബട്ടർ 2 ടേബിൾസ്പൂൺ.
വെള്ളം 250 മില്ലി
ഉപ്പ് ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ബട്ടർ ചൂടാക്കുക. അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവയും ജീരകപ്പൊടിയും ചേർത്ത് ഇളക്കുക. പച്ചമണം പോകുമ്പോൾ ഉടച്ചു വച്ചിരിക്കുന്ന മത്തങ്ങയും മറ്റു വിഭവങ്ങളും ചേർത്തിളക്കുക. ഇതിലേക്ക് എടുത്തുവച്ചിരിക്കുന്ന വെള്ളവും ചേർത്ത് തിളപ്പിച്ച ശേഷം കുറച്ചു സമയം സ്ലിംമ്മറിൽ ചൂടാക്കുക. അതിനു ശേഷം ചെറുതായി അരിഞ്ഞ മല്ലിയില വിതറി ഗാർണീഷ് ചെയ്യാം. കറിവേപ്പില ചേർക്കണമെന്നുള്ളവർക്ക് അതുമാകാം. പുളി കൂടുതൽ വേണമെന്നുള്ളവർക്ക് കുറച്ചു പുളിയും വെള്ളത്തോടൊപ്പം ചേർക്കാവുന്നതാണ്.
ഡോ. ഷേർളി സുനീത്
മുഖമൊഴി
ഇതിവൃത്തം മാസികയുടെ കഴിഞ്ഞ രണ്ടു ലക്കങ്ങൾക്ക് വായനക്കാർ നൽകിയ സ്വീകാര്യത, മാസികയുടെ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കുവാൻ ഞങ്ങൾക്ക് പ്രേരണയാകുന്നു. വ്യത്യസ്തമായ പരീക്ഷണങ്ങൾ നടത്തുവാൻ മാസികയെ പ്രേരിപ്പിക്കുന്നതും അതു തന്നെ. മാസികയുടെ ചട്ടവട്ടങ്ങൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെ ചില മാറ്റങ്ങൾ നടത്തുവാനുള്ള ഒരു എളിയ ശ്രമമാണ് ഈ ലക്കത്തിൽ പരീക്ഷിക്കുന്നത്.
രാമായണം രാമന്റേയും സീതയുടേയും കഥയാണ്. എന്നാൽ ഈ ഇതിഹാസത്തിലെ ഉജ്ജ്വല ത്യാഗത്തിന്റെ കഥ പറയുന്ന രണ്ടുപേർ അത്രയ്ക്ക് പരിഗണിക്കപ്പെടുന്നുണ്ടോ എന്ന് സംശയമാണ്. ലക്ഷ്മണനും ഊർമ്മിളയുമാണവർ. അതിൽ ഊർമ്മിള തികച്ചും അവഗണനയിൽ തന്നെ. ഇവർ അവരുടെ പ്രണയവും, യവ്വനവും ജേഷ്ഠ സഹോദരനും ഭാര്യയ്ക്കും വേണ്ടി ഹോമിക്കുകയാണ് ചെയ്തത്.
പതിനാലു വർഷത്തെ വനവാസത്തിനു തിരിക്കുന്ന ജേഷ്ഠനേയും ഭാര്യയേയും അനുഗമിക്കുന്ന ലക്ഷ്മണനോടൊത്തു വനവാസത്തിനു പുറപ്പെടണമെന്നു തന്നെയായിരുന്നു ഊർമ്മിളയുടെയും ആഗ്രഹം. എന്നാൽ വയസ്സായ മാതാപിതാക്കളെ നോക്കുക എന്നൊരു ഭാരിച്ച ഉത്തരവാദിത്തം ഊർമ്മിളയെ ഏൽപ്പിക്കുക എന്നതായിരുന്നു ലക്ഷ്മണന്റെ നടപടി. ഭർത്തൃഹിതം നടപ്പിലാക്കുന്ന ഉത്തമ ഭാര്യയായിരുന്നല്ലോ ഊർമ്മിള. എന്നാൽ വിധി വീണ്ടും മാറി മറിയുകയായിരുന്നു.
രാമനും സീതയ്ക്കും സംരക്ഷണം നൽകുവാൻ ലക്ഷ്മണൻ നിദ്രാവിഹീനനായിരിക്കുക അത്യാവശ്യമായിരുന്നല്ലോ. ലക്ഷ്മണനു മുൻപിൽ പ്രത്യക്ഷപ്പെട്ട നിദ്രാദേവി ആവശ്യപ്പെട്ടത് തികച്ചും കൗതുകകരമായ ഒരു കാര്യമായിരുന്നു. പതിനാലു വർഷണങ്ങൾ ലക്ഷ്മണൻ ഉറങ്ങാതിരിക്കണമെങ്കിൽ അത്രയും കാലം ഉറങ്ങുവാൻ സമ്മതം നൽകുന്ന മറ്റൊരാൾ വേണം. ലക്ഷ്മണൻ നിർദ്ദേശിച്ചത് ഊർമ്മിളയേയും. ഭർത്താവിന്റെ ആഗ്രഹം ശിരസ്സാ വഹിച്ച ഊർമ്മിള അങ്ങനെ പതിനാലു വർഷങ്ങൾ ഉറക്കത്തിലായിരുന്നു എന്നും കഥ. ജനക രാജാവിന്റെ ഇളയ പുത്രിയായിട്ടും, സീതയുടെ ഇളയ സഹോദരിയായിട്ടും ഊർമ്മിളയുടെ ജീവിതം അത്ര മനോഹരമായിരുന്നില്ല. ഈ പുതിയ കാലഘട്ടത്തിൽ ഊർമ്മിളമാരുടെ പ്രസക്തി വ്യത്യസ്തമായിരിക്കാം.
ഈ ലക്കം ഇതിവൃത്തം മാസികയുടെ ഒരു പ്രത്യേകത ഇതാണ്. ഊർമ്മിളയെ നായികയാക്കി രണ്ടു കഥകളും ഒരു കവിതയും. ഒരു പരീക്ഷണാടിസ്ഥാനത്തിൽ ചേർത്തു നോക്കുകയാണ്. ഇത്തരത്തിൽ ഒരു പ്രമേയത്തെ അടിസ്ഥാനമാക്കി കഥകളും കവിതയും ഒരു ലക്കത്തിൽ പ്രസിദ്ധീകരിക്കുന്നത് എത്ര ഫലപ്രദമാണ് എന്നതിൽ ചെറിയ സംശയവുമുണ്ട്. വായനക്കാരായാണ് വിധികർത്താക്കൾ. ഇതും അവർക്ക് വിടുന്നു.
എല്ലാ വായനക്കാർക്കും ക്രിസ്തുമസ്, പുതുവത്സര ആശംസകൾ.
ഡോ. സുനീത് മാത്യു
-
കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത...
-
സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 1944 ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖി. പ്രണയ പശ്ചാത്തലത്തിലെ ദുരന്ത കഥ പറയുന്ന ബഷീറിൻറെ ഈ നോവ...















