2020 ഡിസംബർ 31, വ്യാഴാഴ്‌ച


 മുടി വെട്ടാൻപോയതാണ്. സ്ഥലം ഓസ്ട്രേലിയയിലെ ഒരു നഗരം. സമയം വൈകുന്നേരം അഞ്ചു മണി, ശനിയാഴ്ച എന്ന നല്ല ദിവസം. സമയം താമസിച്ചതുകൊണ്ട് വിളിച്ചു പറഞ്ഞു അപ്പോയ്ൻറ്മെൻറ് ഒക്കെ എടുത്തു. ഷോപ്പിംഗ് മാളിന് അകത്താണ് സ ലൂൺ. കിളവൻ സായിവും കുടുംബവുമാണ് നടത്തുന്നത്, സായിവ് തന്നെയാണ് സ്ഥിരം വെട്ടുകാരൻ. സായിവിനെ പ്രതീക്ഷിച്ചാണ് പോയത്, വന്നത് മകളാണെന്നുമാത്രം. സായിവ് ഇന്ന് ലീവാണത്രെ. സ്വന്തം കടയിലെന്ത് ലീവ്… ‘കാരണവർക്ക് അടുപ്പിലും ആകാമല്ലോ’ എന്നോർത്ത് ഞാൻ ഇരുന്നു കൊടുത്തു. എന്റെ മുടിയാണെങ്കിൽ ചുരുണ്ട് കറങ്ങി അങ്ങനെ ഒരു വെട്ടുകാരനും (കാരിക്കും) പിടികൊടുക്കാത്തതാണ്. ക്ഷമാശീലനായ കിളവൻസായിവിന് അതിന്റെ ഒരു വശം അറിയാമായിരുന്നു. പത്തുമിനിട്ടിൽ ചെയ്യേണ്ട കൃത്യം ഒരുമണിക്കൂറൊക്കെയെടുത്ത് വെട്ടിക്കളയും, എന്നാൽ വെട്ടിയതുപോലെ തോന്നുകയുമില്ല. മൂത്തസായിവ് കറകളഞ്ഞ കലാകാരനാണ്, മുടിവെട്ടിലെ മൈക്കെലാഞ്ജലോ! അതുപോലെ കാശും വാങ്ങിച്ചുകളയും. പക്ഷെ കുറ്റം പറയാൻ പറ്റില്ല.

മകൾ സ്ത്രീജനങ്ങളുടെ തലയിൽ കൈവയ്ക്കുന്നതേ ഇതുവരെ കണ്ടിട്ടുള്ളു. ഇവൾ വെട്ടി നിരത്തിക്കളയുമോ എന്ന് ഭയന്നിരിക്കുമ്പോൾ അവൾ ടോയ്ലറ്റ് പേപ്പർ പോലുള്ള ഒരുതരം വെളുത്ത പേപ്പർ കൊണ്ട് എന്റെ കഴുത്തിൽ ചുറ്റി അതിനുമുകളിൽ നീണ്ട കറുത്ത തുണികൊണ്ട് കെട്ടി എന്റെശരീരം മറച്ച് എന്നെ ഒരു വക്കീലിനെപോലെയാക്കി പണി തുടങ്ങി.

“എങ്ങനെ വേണം ?”

“ഒന്ന് തൊട്ടു തലോടിവിട്ടാൽ മതി, വെട്ടി എന്നറിയരുത്….നിങ്ങളുടെ ഡാഡിന് അതിന്റെ ഒരിത് അറിയാമായിരുന്നു” വെട്ടാൻ പറഞ്ഞാൽ മൊട്ടയടിക്കുന്ന കൂട്ടരാണെന്നു ഞാൻ മനസ്സിലും പറഞ്ഞു.

എന്റെ ചിന്തയുടെ സബ്ടൈറ്റിൽ തലമണ്ടയിൽ വായിച്ചെടുത്ത പോലെ അവൾ പറഞ്ഞു. “പേടിക്കേണ്ട, ഞാൻ വെട്ടി കുളമാക്കില്ല”

വെട്ടി എന്നറിയേണ്ടെങ്കിൽ പിന്നെ മുടിവെട്ടി കാശുകളയണോടാ ഇന്ത്യൻ തെണ്ടീ എന്ന അവളുടെ മനോചിന്ത കത്രികപ്പിടിയിൽ ചലിച്ച അവളുടെ കൈമുദ്രകളിൽ ഞാൻ വായിച്ചെടുത്തു.

“വീക്ക്എൻഡിൽ എന്താന്ന് പരിപാടി” അവൾ കുശലം ചോദിച്ച് വെട്ടു തുടങ്ങി.

“പ്രേത്യേകിച്ചൊന്നും ഇല്ല…..കൊറോണയൊക്കെയല്ലേ പിള്ളേരേം കൊണ്ട് ദൂരെയൊന്നും പോകാറില്ല”

“പേടിച്ചിട്ടാണോ……എന്തിന് ? എനിക്ക് പേടിയൊന്നുമില്ല…..പിന്നെ പിള്ളകളെ ഈ വൈറസ് ഒന്നും ചെയ്യില്ലല്ലോ”

“പേടിയല്ല……സുരക്ഷ….ആരോഗ്യം……”

കോപ്പ് !…ഭയമാണെന്നു പറയെടാ പേടിച്ചുതൂറി ഏന്ന ഭാവത്തിൽ അവൾ പറഞ്ഞു.

“ഇതിനെ പേടിക്കാനൊന്നും ഇല്ല……ലാബിൽ ഉണ്ടാക്കിയെടുത്തതല്ലേ അമേരിക്കയെ ഇല്ലാതാക്കാൻ….ട്രംപിനെ തകർക്കാൻ”

ഇപ്രാവിശ്യം ഞാൻ ശെരിക്കും ഞെട്ടി. ഭയചികിതനായി. ഇവൾക്കെന്തൊക്കയോ അറിയാം. ഏതോ അളിഞ്ഞ ഓൺലൈൻ കോൺസ്പിരസി തിയറീസ് മുടങ്ങാതെ വായിക്കുന്നുണ്ട് എന്ന് തോന്നുന്നു. വിട്ടുകൊടുക്കാൻ പാടില്ല. ഞാൻ സി ൻ ൻ ഉം (CNN) ഫോക്സ് ന്യൂസും (Fox News) ഒക്കെ മാറിമാറി കാണുന്നവനാണെന്ന് ഇവൾക്കറിയില്ല. എന്തായാലും വക്കീലിന്റെ വേഷമിട്ടിരുക്കുന്നു, ഒന്ന് വാദിച്ചു നോക്കാൻ ഞാൻ തീരുമാനിച്ചു.

“അതെങ്ങനെ പറയാൻ കഴിയും….വൂഹാനിലെ ചന്ത….”

“വൂഹാനിലെ ചന്തയല്ല…ലാബ്” അവൾ ഇടക്കുകയറിപ്പറഞ്ഞു.

“ശെരി ലാബെങ്കിൽ ലാബ്……ചൈനയെന്തിന് സ്വയം നശിച്ചിട്ട് അമേരിക്കയെ ഇല്ലാതാക്കണം?”

” വൈറസ് അറിയാതെ പുറത്ത് പോയതല്ലേ…..ഇപ്പോൾ നോക്ക് …..അവിടെ വല്ലോം ഉണ്ടോ…..അമേരിക്കയിൽ നോക്ക് …..വൈറസ് പിടിക്കാത്ത ആരെങ്കിലുമുണ്ടോ? ലങ്ങേർക്ക് വൈറസും പിടിച്ചു പണീം പോയിക്കിട്ടിയില്ലേ?”

‘ഭയങ്കരീ’ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. എല്ലാം അറിഞ്ഞു വച്ചിരിക്കുന്നു.

“തീർന്നില്ല”……..അവൾ തുടർന്നു …”വേറൊരു അമേരിക്കക്കാരനല്ലേ ഇതിനൊക്കെ പുറകിൽ”

ലവനാര് എന്ന് ഞാൻ ചിന്തിക്കുന്നതിനിടയിൽ അവൾ സസ്പെൻസ് പൊളിച്ചു.

“ബിൽഗേറ്റ്സ്……!”

ഞാൻ ഞെട്ടി.

“ആയാൾ എന്തിന്….. ?”

“വാക്സിൻ ഉണ്ടാക്കി ബില്ലിയൻസ്സ് അടിക്കാമല്ലോ…?”

എടാ പരനാറി…… നിനക്കെന്തിനാടേ ഇനിയും ബില്ലിയൻസ്സ് ….എന്ന് ഞാൻ മനസ്സിൽ പ്രാകി.

അവൾ തുടർന്നു.

“ചൈനക്കാരുമായുള്ള ഇടപാടാണ്……വാക്സിൻ ഒക്കെ പണ്ടേ ഉണ്ടാക്കിയിട്ടുണ്ട്…..ലോകം മുഴുവൻ വൈറസ്സ് പടർന്നുപിടിച്ചിട്ടേ വെളിയിൽ വിടൂ…..”

ഞാൻ ഞൊടിയിടയിൽ സ്വബോധവാനായി ചോദിച്ചു. “ഇതിനൊക്കെ തെളിവുണ്ടോ?”

“പിന്നേ …അങ്ങേരുടെ ഒരു വീഡിയോ കണ്ടിട്ടില്ലേ രണ്ടുമൂന്ന് വർഷം മുൻപ് പറഞ്ഞില്ലേ വൈറസ് വരുമെന്ന്”

“അത് പക്ഷെ ….”

വീണ്ടും അവൾ ഇടക്ക് കയറി പറഞ്ഞു.

“അത് തന്നെ ……ഇതു തുടങ്ങുന്ന സമയം….മാർച്ചിൽ….ഞാൻ ഹവായിൽ ഹോളിഡേയിലായിരുന്നു….അവിടെയൊക്കെ അന്ന് റിപ്പോർട്ട് ചെയ്തതല്ലേ ….ടെസ്റ്റ് ട്യൂബിൽ കോവിഡ് വൈറസുമായി അമേരിക്കയിൽ കടന്ന ചൈനക്കാരെപ്പറ്റി. അവർക്കൊക്കെ ബില്ല് ഗേറ്റ്സ്സിന്റെ ഫണ്ടിംഗ് ഉള്ളതല്ലേ?”

“അത് നിങ്ങൾക്കെങ്ങനെ അറിയാം….?”

“ഇതൊക്കെ വിശദമായി …..നാസ്റ്റി കോൺസ്പിരസി തിയറീസ് ഫോർ യു എന്ന ഓൺലൈൻ ചാനലിൽ വരുന്നതല്ലേ…..എനിക്ക് ഇതുപോലെ പല രഹസ്യങ്ങളും അറിയാം……ട്രംപിനെ തോൽപ്പിച്ചതിന് പുറകിലും ഈ ചെകുത്താനല്ലേ….?”

“ആര്, കൊറോണ വൈറസ്സോ?”

“അല്ല ആ നീചൻ ബില്ല്ഗേറ്റ്സ്….”

“അതെങ്ങനെ….?”

“അങ്ങേരുടെ കംപ്യൂട്ടറുകളിലല്ലേ വോട്ടുകൾ എണ്ണിയത്?’

കൈകൊണ്ടാണ് അവിടെ വോട്ടുകൾ എണ്ണുന്നതെന്ന് പറയാൻ ഞാൻ ആഞ്ഞു…..പിന്നെ വേണ്ടെന്ന് വച്ചു…….ഇനിയെങ്ങാനും?

ഇതിനകം അവൾ മുടി വെട്ടിക്കഴിഞ്ഞെന്നറിയിച്ച് വക്കീൽകോട്ട് അഴിച്ചു തന്നു.

പേചെയ്യാൻ കാർഡ് എടുക്കുന്നതിനിടയിൽ അവൾ പറയുന്നത് കേട്ടു.

“ഞാൻ എടുക്കില്ല”

“എന്ത്?”

“കോവിഡ് വാക്സിൻ”

“അതെന്താ….?”

“ബില്ല്ഗേറ്റ്സ് അങ്ങനെ നന്നാവണ്ട…..”

അതുപറഞ്ഞവൾ കംപ്യൂട്ടറിൽ മൈക്രോസോഫ്ട് എക്സൽ തുറന്ന് എന്തോ ടൈപ്പുചെയ്ത് കേറ്റുന്നതുംനോക്കി ഞാനവിടെ നിന്നു. പിന്നെ പേചെയ്ത് മൊട്ടത്തലയും തടവി പുറംലോകത്തിലെ വെളിച്ചത്തിലേക്കിറങ്ങി.


സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ