2021 ഡിസംബർ 18, ശനിയാഴ്‌ച

ഇതിവൃത്തം മലയാള സാംസ്‌കാരിക മാസിക ഡിസംബർ 2021 ലക്കം 15


 

മുഖമൊഴി


 നമ്മൾ പലപ്പോഴും തെറ്റിദ്ധരിക്കുന്ന രണ്ടു വാക്കുകളാണ് ദയയും സഹാനുഭൂതിയും. ആംഗലേയത്തിൽ kindness എന്നും compassion എന്നും പറയും. പലർക്കും ഈ വാക്കുകൾ തമ്മിലുള്ള അർത്ഥവ്യത്യാസം കൃത്യമായി അറിയില്ല എന്ന് തോന്നുന്നു. നമ്മൾ ദയാലുവാകണം എന്നാണ് പലപ്പോഴും പഠിപ്പിക്കുന്നത്. എന്നാൽ സഹാനുഭൂതിയുള്ളവരാകണം എന്ന് അത്രയധികം പഠിപ്പിക്കുന്നില്ല.

എന്താണ് ഈ വാക്കുകളുടെ അർത്ഥവ്യത്യാസം എന്ന് പരിശോധിക്കാം. ഒരു പക്ഷേ ഡിക്ഷ്ണറികൾ പരിശോധിച്ചാൽ സമാനമായ അർഥങ്ങൾ തന്നെ ലഭിച്ചു എന്നും വരാം. എന്നാൽ ഈ പദങ്ങൾക്ക് വലിയ വ്യത്യാസമുണ്ട്. യഥാർത്ഥത്തിൽ ദയ എന്നത് ഒരു പ്രവൃത്തിയും സഹാനുഭൂതി എന്നത് ഒരു വികാരവുമാണ്.

ആവശ്യമുള്ള ഒരാൾക്ക് അത് നൽകുന്നത് ദയയാണ്. അത്തരമൊരു ദാനം നടത്തുവാൻ കഴിഞ്ഞില്ലെങ്കിൽകൂടിയും, അയാളുടെ വിഷമങ്ങൾക്കൊപ്പം നിൽക്കുന്നത് സഹാനുഭൂതിയും. നമുക്കെപ്പോഴും എല്ലാവരേയും എന്തെങ്കിലും കൊടുത്ത് സഹായിക്കുവാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ അവരോടൊപ്പം നിൽക്കുവാനും അവർക്ക് അത് ലഭ്യമാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുവാനും സഹാനുഭൂതിയുള്ളവർക്ക് കഴിയും.

കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഒരു രോഗിക്ക്, സ്വാന്തനമായി കുറച്ചു പൂക്കൾ കൊടുക്കുന്നതോ, അല്ലെങ്കിൽ കുറച്ച് അവശ്യ വസ്തുക്കൾ കൊടുക്കുന്നതോ ദയ തന്നെയാണ്. എന്നാൽ അവരോടൊപ്പം നിന്ന് അവരെ പരിചരിക്കുന്നതാകട്ടെ, സഹാനുഭൂതിയും. നമ്മൾ പലപ്പോഴും കൊടുക്കുന്നത് ദയായാണ്. സഹാനുഭൂതിയുടെ കാര്യം വരുമ്പോൾ മിക്കവരും തെന്നി മാറിക്കളയും.

ദയയ്‌ക്ക്‌ അമിതമായ വികാരം ഉണ്ടാകണമെന്നില്ല. കടമ, ചില താൽപ്പര്യങ്ങൾ, സാമൂഹിക ലക്ഷ്യങ്ങൾ തുടങ്ങി പലതുമുണ്ടാകാം. എന്നാൽ സഹാനുഭൂതിയ്‌ക്ക്‌ ഇതൊന്നും കാരണമാകില്ല. കഷ്ടപ്പെടുന്നവനോട് മാനസികമായി ചേർന്നു നിൽക്കുവാൻ കഴിയുന്നു എന്ന് മാത്രം. ദയ നല്ലതല്ലെന്നല്ല. അവിടെ തീവ്രമായ വികാരമോ, ഒപ്പം നിൽക്കാനുള്ള മനസ്സലിവോ ഉണ്ടാകണമെന്നില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ദയയിൽ സ്വാർത്ഥതയുണ്ടാകാം എന്നാൽ സഹാനുഭൂതിയിൽ നിസ്വാർത്ഥമായ പരോപകാരശീലമാണുള്ളത്.

നമ്മുടെ ഉള്ളിൽ ഉടലെടുക്കേണ്ടത് സഹാനുഭൂതിയാണ്. അവിടെ ദയ ഉണ്ടാകും എന്നതിൽ തർക്കമുണ്ടാകാനിടയില്ല. സഹാനുഭൂതി നമ്മുടെയുള്ളിൽ ഉണ്ടെങ്കിൽ ഏറ്റവും ചുരുങ്ങിയ പക്ഷം നമ്മുടെ മനസ്സിൽ ദ്രോഹചിന്ത ഉണ്ടാകുകയില്ല. അത് തന്നെ എത്ര വലിയ കാര്യമെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സഹാനുഭൂതിയുള്ള ഒരു തലമുറ വളർന്നു വരേണ്ടത് ലോകത്തിന്റെ നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷികമാണ്. ഇതാകട്ടെ ഈ മാസത്തെ ചിന്ത.


ഡോ. സുനീത് മാത്യു  


അജ്ഞനായ സോക്രട്ടീസ്


 വിഖ്യാത ഗ്രീക്ക് ചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചൊരു കഥയുണ്ട്. തന്റെ ചെറുപ്പത്തിൽ കൽപ്പണിക്കാരനായിരുന്നു അദ്ദേഹം. വിവേകശാലിയും ബുദ്ധിമാനും ആയിരുന്നുവെങ്കിലും ഒരു സാധാരണ ജീവിതം നയിച്ചുവരികയായിരുന്നു. സത്യപ്രവചനങ്ങൾ നടത്തിയിരുന്ന ഡെൽഫായിലെ ഓറക്കിൾ സോക്രട്ടീസിന്റെ സുഹൃത്തായ കേറഫോണിനോട് ഒരിക്കൽ പറഞ്ഞുവത്രേ, ലോകത്തു സോക്രട്ടീസിനെക്കാൾ ജ്ഞാനിയായി മറ്റൊരാൾ ഇല്ലായെന്ന്. ഇതറിഞ്ഞു സോക്രട്ടീസ് അത്ഭുതപരതന്ത്രനായി. താൻ ജ്ഞാനിയേയല്ല എന്നറിയാമായിരുന്ന അദ്ദേഹം ഓറക്കിളിൻറെ സത്യവചനങ്ങൾ തെറ്റാനാകും വഴിയിയെന്നു കരുതി.

തന്നേക്കാൾ ജ്ഞാനിയായ ഒരാളെ കണ്ടെത്തി ഓറക്കിളിനു മുന്നിൽ അവതരിപ്പിക്കാമെന്ന് കണ്ട് സോക്രട്ടീസ് ഏഥൻസിന്റെ തെരുവുകളിലേക്കിറങ്ങി. രാഷ്രീയക്കാരെയും, കവികളെയും ശിൽപ്പികളെയും കണ്ട് ചോദ്യങ്ങൾ ചോദിച്ചു. രാഷ്രീയക്കാർ പൊട്ടൻമ്മാരാണെന്ന് പെട്ടെന്ന് മനസ്സിലായി (അതിന് ഗവേഷണത്തിന്റെ ആവശ്യം ഇല്ലല്ലോ!, അന്നും ഇന്നും). കവികൾ (സാഹിത്യനായകർ എന്ന് മാറ്റിവായിക്കാൻ അപേക്ഷ) തങ്ങൾക്കുതന്നെ മനസ്സിലാകാത്ത രീതിയിൽ എവിടെനിന്നോവന്നനുഗ്രഹിക്കുന്ന സര്‍ഗ്ഗവൈഭവംകൊണ്ട് കാവ്യങ്ങൾ നിർമ്മിക്കുന്നുവെങ്കിലും, അതറിയാതെ അഹങ്കരിക്കുന്ന പാവങ്ങളും ബുദ്ധിഹീനരും ആണെന്ന് മനസ്സിലായി. ശിൽപ്പികൾ തങ്ങൾക്കുള്ളതിലും കൂടുതൽ കഴുവുണ്ടെന്നു വിശ്വസിക്കുന്ന മഠയർ ആണെന്നറിഞ്ഞു (ശിൽപ്പികൾ = വിദഗ്ധ തൊഴിലാളികൾ).

ഈ യാത്രയാണ് സോക്രട്ടീസ് എന്ന മഹാനായ ചിന്തകനെ രൂപപ്പെടുത്തിയത്. യാത്രയുടെ അവസാനം സോക്രട്ടീസിനു ഒരുകാര്യം മനസ്സിലായി. ഈ ലോകത്തിൽ രണ്ടുതരത്തിലുള്ള ആൾക്കാരുണ്ട്. ഒന്ന്, തങ്ങൾ ജ്ഞാനികളാണെന്ന് കരുതുന്ന വിഡ്‌ഢികൾ. രണ്ട്, തങ്ങൾ വിഡ്‌ഢികളാണന്നറിയാവുന്ന ജ്ഞാനികൾ. താൻ രണ്ടാമത്തെ ഗണത്തിൽ പെട്ടതുകൊണ്ടു തനിക്കറിയാത്ത കാര്യങ്ങളറിയാൻ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു, എന്തിനെയും ചോദ്യം ചെയ്തു. ഉത്തരങ്ങൾ കണ്ടെത്താൻ ശ്രെമിച്ചു. കൊല്ലപ്പെടുന്നതുവരെ! സോക്രട്ടീസാണ് ഇന്ന് കാണുന്ന പാശ്ചാത്യ ചിന്താധാര രൂപപ്പെടുത്തുന്ന യജ്ഞം തുടങ്ങിവച്ചത്. സോക്രട്ടീസിന്റെ മെത്തേഡുകളാണ് പാശ്ചാത്യ തത്വചിന്തകളെയും, നൈതികചിന്തകളെയും ശാസ്ത്രത്തെയും രൂപപ്പെടുത്തിയത് എന്ന് പറഞ്ഞാലും അധികമാകില്ല.

സോക്രട്ടീസിൻറെ അറിവില്ല എന്ന ആത്മാർഥമായ ചിന്തയോടെയുള്ള യുക്തിഭദ്രമായ ചോദ്യങ്ങൾ മറ്റുള്ളവരുടെ വിശ്വാസങ്ങളുടെയും അഭിപ്രായങ്ങളുടെയും പൊള്ളത്തരം വെളിവാക്കുകയും പുതിയരീതിയിൽ കാര്യങ്ങളെ നോക്കിക്കാണാനുള്ള വഴിയൊരുക്കുകയും ചെയ്തു. ഈ സമ്പ്രദായമാണ് പാശ്ചാത്യ തത്വചിന്തകളുടെയും പ്രായോഗിക ശാസ്ത്രീയ രീതികളുടെയും അടിസ്ഥാനം. പൗരസ്ത്യ ചിന്തകളും തത്വശാസ്ത്രങ്ങളും വലിയ സത്യങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുപോലൊരു സമ്പ്രദായത്തിന്റെ കുറവുകൊണ്ടാകണം പാശ്ചാത്യ രീതികളുടേതുപോലെ ലോകം അംഗീകരിക്കപ്പെടാത്തത്. ചൈനയിലെയും ഇന്ത്യയിലെയും ചിന്തകരുടെ തത്വശാസ്ത്രങ്ങൾക്കു ഒരു മിസ്റ്റിക് സ്വഭാവം കൈവന്നത് ഈയൊരു ശാസ്ത്രീയരീതിയുടെ പിൻബലം ഇല്ലാത്തതു കൊണ്ടാകണം.

ലോകജനതയുടെ ചരിത്രം തന്നെ മാറ്റിമറിച്ച ഈ പുതിയ ചിന്താധാരക്ക് പ്രതിഫലമായി സോക്രട്ടീസിന് കിട്ടിയത് മരണശിക്ഷയാണ്. ചെറുപ്പക്കാരെ വഴിതെറ്റിച്ചുവത്രെ! ആ വഴിതെറ്റിയ ചെറുപ്പക്കാരാണ് നമ്മെ നേർവഴിക്ക് നയിച്ചത് എന്നുകൂടി ഇതിനോട് ചേർത്തുവായിക്കണം. മരണശിക്ഷ വിധിച്ച ജൂറിയോടു സോക്രട്ടീസ് പറഞ്ഞു, തന്നെ നിശ്ശബ്ദനാകാൻ കഴിയില്ല. കാരണം വിശദീകരിക്കപ്പെടാത്ത അല്ലെങ്കിൽ പരിശോധിക്കപെടാത്ത ജീവിതം ജീവിക്കാൻ തന്നെ യോഗ്യമല്ലെത്രെ! അതില്ലെങ്കിൽ മരണമാണ് കാമ്യം!

ഇരുപത്തിയഞ്ചു നൂറ്റാണ്ടുകൾക്കു മുൻപ് പറഞ്ഞതും ചെയ്തതുമായ കാര്യങ്ങളാണ് മേൽവിവരിച്ചത്. കാര്യങ്ങൾ ഇന്നും വ്യത്യസ്‌തമല്ല എന്നാണ് തോന്നുന്നത്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ജാതിയുടെയും മതത്തിന്റെയും വർണ്ണവെറിയുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ചട്ടക്കൂട്ടിൽ തളക്കപ്പെട്ടിരിക്കുന്നവർ എങ്ങനെ സ്വന്തം ജീവിതം പരിശോധിക്കാനാണ്? എന്ത് ചോദ്യങ്ങൾ ചോദിക്കാനാണ്? എന്ത് മനസ്സിലാക്കാനാണ്? സോക്രട്ടീസ് ഇന്നായിരുന്നു ജീവിച്ചിരുന്നതെങ്കിൽ വെട്ടിയോ കുത്തിയോ വെടിവച്ചോ ടിപ്പർ ലോറിയിടിച്ചോ കൊല്ലപ്പെടുമായിരുന്നു എന്ന വ്യത്യാസം മാത്രം. പാമ്പിനെക്കൊണ്ട് കടിപ്പിച്ചാലും മതി. ട്രയലും ജൂറിയും ഒന്നും ഉണ്ടാകില്ല. അഞ്ജനും ധിക്കാരിയും ബഹുമാന്യ വിചാരശൂന്യനുമായ സോക്രട്ടീസിന്റെ മരണം ഉറപ്പാക്കില്ലേ, ജ്ഞാനികളെന്നു ധരിച്ച വിഡ്‌ഢിക്കൂശ്മാണ്ഡങ്ങൾ ?

കൊല്ലപ്പെട്ടെങ്കിലും സോക്രട്ടീസിന്റെ ചിന്താധാരകൾ പ്ലേറ്റോയിലൂടെയും അരിസ്റ്റോട്ടിലിനിലൂടെയും വളർന്നു പന്തലിച്ചു പാശ്ചാത്യ ശാസ്ത്രചിന്താധാരയുടെ അടിത്തറപാകി. അറിവില്ലായ്മയിലൂടെ അറിവിനെത്തേടി അവർ മുന്നേറി. അറിവില്ല എന്നറിയുകയെന്നത് ചെറിയകാര്യമല്ല എന്നവർ മനസ്സിലാക്കി, ചിലരെങ്കിലും. അങ്ങനെ മനസ്സിലാക്കിയ എല്ലാപേരെയും നമ്മൾ ഇന്നും അറിയുന്നു. ലോകാവസാനംവരെയും അവരുടെ അജ്ഞതയുടെ ഇരുട്ടിൽ പിറന്ന വെളിച്ചം നമുക്ക് വഴികാട്ടും. ആ ഗണത്തിൽ കുറച്ചുപേരെയുള്ളൂ എന്നതുകൊണ്ട് ഓർക്കാനും എളുപ്പമുണ്ട്.

ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടേടോയെന്ന് ഉള്ളിൽ നിന്നാരോ ചോദിക്കുന്നത് ഞാൻ മാത്രമാണോ കേട്ടത്?


സുമേഷ് രാമചന്ദ്രൻ

ഇല

കാറ്റിൽ കൊഴിഞ്ഞതല്ല,

കാലത്തിൻ ഗതിയിൽ

അടരുവാൻ വിധിക്കപ്പെട്ട

വയോധികൻ ഞാൻ

എന്നെ വാനിലെക്കുയർത്തിയ

ശിഖിരങ്ങൾക്ക് ഞാനിനി

ഇരയായിത്തീർന്നിടുന്നു

ഈമണ്ണിൽ അലിഞ്ഞുചേരുന്ന

എന്റെ സ്വപ്നങ്ങൾക്ക്

വർണ്ണങ്ങളുണ്ടായിരുന്നു.

ഇരുളിൽ പതിയിരുന്നു

ഞാൻ വെളിച്ചത്തെ തേടി

ജനിമൃതികൾക്കിടയിലൂടെ

എൻ  ജീവൻ  തുടിച്ചു നീങ്ങി

വേരുകളിലൂടെ എന്റെ ആത്മാംശം

ഇവിടെ തളിർക്കും, പൂക്കും, കായ്ക്കും

കാലചക്രമിങ്ങനെ ചലിക്കട്ടെ

ഒരു നിണമിറ്റുപോലും

ധരണിയിൽ പതിക്കാതെ

കറപൂണ്ടു നിൽക്കാതെ

രക്തസാക്ഷികളിവിടെ വേണ്ട

മാതൃത്ത്വമിവിടെ വിലപിക്കേണ്ട

നന്മയുടെ സുതലം തേടി

യാത്രയാവുക പഥികാ യാത്രതുടരുക

ഒരുപഴുത്തിലയാകുംവരെ.


മുരളി കാരാട്ട്


 

പുനഃസമാഗമം


 

നഗരത്തിലെ തിരക്കുകളിൽ നിന്നും എത്രയും പെട്ടെന്ന് പുറത്ത് കടന്നാൽ മതിയെന്ന ചിന്തയായിരുന്നു സോഫിയുടെ മനസു നിറയെ. എത്രയോ നാളുകളായി പുറം ലോകം കണ്ടിട്ട് .അതുകൊണ്ടുതന്നെ ചുറ്റിലുമുള്ള ശബ്ദകോലാഹലങ്ങൾ അടിവയറ്റിലൊരു തിരയിളക്കം സൃഷ്ടിച്ചു. അതിന്റെ ചലനം വായിൽ പുളിരസത്തോടെയുള്ള തുപ്പലായി പരിണമിച്ചു. നീട്ടി തുപ്പാനായി കൺകോണിലൂടെ  ഒരു സ്ഥലം പരതുന്നതിനിടയിലാണ് ധൃതിയിൽ ഒരു ചെറുപ്പക്കാരൻ ഇത്തിരി കിതപ്പോടെ അവൾക്ക് മുന്നിലെത്തിയത്. അപരിചിത ഭാവത്തോടെ  ആ മുഖത്തേക്ക് ഉറ്റുനോക്കിയപ്പോൾ കയ്യിലുള്ള കൈലേസു കൊണ്ട് നെറ്റിയിൽ പൊടിയുന്ന വിയർപ്പുകണങ്ങളെ ഒപ്പിയെടുക്കുന്ന തിരക്കിലായിരുന്നു അയാൾ.

പൂച്ച കണ്ണും ചെമ്പൻമുടിയും ഉള്ള ഇയാളെ എവിടെയോ കണ്ടതായി ഓർക്കുന്നല്ലോ? മനസ് അകാരണമായി തുടിക്കുന്നതവൾ അറിഞ്ഞു. പക്ഷേ എത്ര  ശ്രമിച്ചിട്ടും നേരിയ ഒരു ഓർമ്മ പോലും മനസിൽ തെളിഞ്ഞില്ല. ഒരാളെപ്പോലെ ഏഴു പേര് ഉണ്ടാവുമെന്നാണല്ലോ കേട്ടുകേൾവി . ഈയിടെയായി മനസിൽ തലപൊക്കിയ ചില നോവോർമ്മകൾ ഉണ്ടായതു കൊണ്ടാവാം അങ്ങനെയൊക്കെ തോന്നിയത്. മനസിൽ മുള പൊട്ടിയ സംശയത്തെ സങ്കോചത്തോടെ തിരസ്ക്കരിച്ച് മുന്നോട്ട് നടക്കാനൊരുങ്ങുമ്പോഴാണ് ആ ചെറുപ്പക്കാരന്റെ സ്വരം കാതിലേക്ക് വന്ന് വീണത്.

 ”നിങ്ങടെ പേര് സോന എന്നാണോ…?”

ആ പേര് നഗര തിരക്കുകളിൽ ഉച്ചത്തിൽ പ്രതിധ്വനിച്ചതു പോലെ തോന്നി.

സോഫിയുടെ ഉടലിലൂടെ ഒരു വിറയൽ പടർന്ന് നെറുകയിലേക്ക് കയറി. ശ്വാസം മുട്ടുന്നതു പോലെയൊരു അവസ്ഥ.

അല്ലെന്ന് പതറിയ സ്വരത്തിൽ അറിയിച്ചപ്പോൾ ആ ചെറുപ്പക്കാരന്റെ മുഖത്ത് സങ്കടഭാവം പരന്നു .നെറ്റിയിലേക്ക് വീണ  മുടിയിഴകളെ ഇടതുകൈ കൊണ്ട് കോതി മാറ്റി നിരാശയോടെ പിന്തിരിഞ്ഞയാൾ നടന്നു.

സോഫിയുടെ മനസിൽ വികാര പ്രക്ഷുബ്ദതയുടെ കടലിരമ്പാൻ തുടങ്ങിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞു പോയ സോഹനെന്ന സഹോദരനെ അവൾക്ക് ഓർമ്മ വന്നു. ചുമട്ടുതൊഴിലാളിയായിരുന്ന അച്ഛൻ ജോലിക്കു പോയതിനു ശേഷം മദ്യപിച്ച് വീട്ടിലെത്തിയ ചേട്ടായി , ചേട്ടായി എന്ന് പറഞ്ഞാൽ അച്ഛന്റെ ആദ്യ ഭാര്യയിലെ മകൻ. തനിക്കന്ന് പന്ത്രണ്ട് വയസ് ആയിട്ടുണ്ടാവും ,സോഹന് പത്തും. ലഹരിയുടെ ഉന്മാദത്തിൽ മൃഗമായി മാറിയ  ചേട്ടായിയിൽ നിന്നും തന്നെയും തന്റെ സ്ത്രീത്വത്തെയും കാത്തുരക്ഷിച്ചവൻ .തന്നെ രക്ഷിക്കുന്നതിനിടയിൽ അബദ്ധവശാൽ ചേട്ടായിയെ കൊലപ്പെടുത്തി കൊലയാളിയായി ജുവനൈൽ ഹോമിലേക്ക് പോയ  പൂച്ചക്കണ്ണുള്ള സോഹനെന്ന പത്തു വയസുകാരൻ !” ആ സംഭവത്തിനു ശേഷം സോഹനെ കണ്ടിട്ടില്ല അല്ലെങ്കിൽ അമ്മച്ചി കാണാൻ സമ്മതിച്ചിട്ടില്ല. അവനെവിടെയെന്ന തന്റെ പലപ്പോഴുമുള്ള  ചോദ്യത്തിനൊടുക്കം അച്ഛൻ പറഞ്ഞതായി ഓർക്കുന്നു .  ജുവനൈൽ ഹോമിൽ നിന്നും ഇറങ്ങിയതിനുശേഷം ടീച്ചറമ്മയുടെ കൂടെ പോയെന്ന് .

ടീച്ചറമ്മ; തന്റെയും അവന്റെയും ഗുരു . അറിവു പകരുന്നതിനൊപ്പം തന്നെ അന്നവും പകർന്ന കാരുണ്യമയി. എത്രയോ വട്ടം അവനെ കാണാൻ കൊതിച്ച് അമ്മച്ചിയോട് വഴക്കുണ്ടാക്കി ഒരിക്കൽ പോലും  അമ്മച്ചി തന്റെ വാക്കുകൾക്ക് ചെവികൊടുത്തില്ല .സോഹൻ ജയിലിൽ ആയപ്പോൾ ഒന്ന് പോയി കാണാൻ പോലും കൂട്ടാക്കിയില്ല . സോഹന്റ അസാന്നിധ്യത്തിൽ  അച്ഛനും അമ്മച്ചിയും തമ്മിൽ എന്നും വഴക്കായിരുന്നല്ലോ?

ആദ്യ ഭാര്യ മരിച്ചതിനു ശേഷം ക്രിസ്ത്യാനിയായ അമ്മച്ചിയെ അച്ഛൻ സ്നേഹിച്ച് വിവാഹം കഴിക്കുകയായിരുന്നു.  ദാരിദ്യക്കെണിയിൽപെട്ട് വീടും പറമ്പും വിറ്റ് തുലച്ച അച്ഛന്റെ വാക്കുകൾ പലപ്പോഴും അമ്മച്ചി കേൾക്കാതെയായി .പതിയെ പതിയെ അമ്മച്ചിക്കും മടുത്തു തുടങ്ങിയിരിക്കണം അതിന്റെ അസ്വാരസ്യങ്ങളിൽ നിന്നാവണം സ്വന്തം മതത്തിൽ പെട്ടവർ പലവിധ വാഗ്ദാനങ്ങളും വെച്ച് നീട്ടിയപ്പോൾ അതിൽ വീണുപോയത് .

പള്ളീലച്ചൻമാരുടെ  നിർബന്ധത്തിൽ തന്നെ “കർത്താവിന്റെ മണവാട്ടി ” ആക്കണമെന്ന തീരുമാനത്തിൽ അമ്മച്ചിയും ഉറച്ചു നിന്നു തന്റെ ഇഷ്ടം പോലും നോക്കാതെ. അപ്പോഴൊക്കെ കൊതിച്ചിട്ടുണ്ട് സോഹന്റെ സാമീപ്യം.  പക്ഷെ എവിടെ നിന്ന്,  എങ്ങനെ കണ്ടു പിടിക്കണമെന്ന് അറിയില്ലായിരുന്നു. തിരുവസ്ത്രമണിയാൻ സോനയെന്ന പേര് നിർബന്ധിച്ച് മാറ്റി സോഫിയെന്നാക്കി. സോനയെ മാസങ്ങളായി കുഴിച്ചുമൂടിക്കൊണ്ട് സ്വീകരിച്ച ആ പേര് മനസിൽ വേവാതെ കിടക്കുന്നു .എന്നിട്ടും ആ ചെറുപ്പക്കാരനോട് എന്തേ താൻ സോനയാണെന്ന് പറയാൻ കഴിയാതിരുന്നത്.

ഒരു നിമിഷമവൾ അമ്മച്ചിയേയും, അണിയാനിരിക്കുന്ന തിരുവസ്ത്രത്തെയും, പള്ളിക്കാരെയും മറന്നു. മനസിൽ നിരാശയോടെ നിൽക്കുന്ന ആ ചെറുപ്പക്കാരന്റെ മുഖം തെളിഞ്ഞു. അധികദൂരമൊന്നും അയാൾ പോയിട്ടുണ്ടാവില്ല. കാലുകൾ ചിറകുകളായി തിരക്കുകൾ അവഗണിച്ച് അവൾ മുന്നോട്ട് കുതിച്ചു. കണ്ടു കുറച്ച് ദൂരെയായി ആ ചെറുപ്പക്കാരൻ ഓരോ മുഖവും സോനയാണോയെന്ന് അന്വേഷിച്ച് നടന്നു നീങ്ങുന്നത്.

“ഏയ് ഒന്ന് നിക്കണേ… “

ഒരു കിതപ്പോടെ അവൾ അവന് മുന്നിലെത്തി.

“സോഹ്… സോഹൻ എന്നാണോ പേര് ” നേരിയ ആകാംക്ഷ അവളുടെ സ്വരത്തിലും പ്രകടമായി.

അതെയെന്ന അർത്ഥത്തിൽ അവൻ തല കുലുക്കി.

“ഞാൻ… ഞാൻ സോന തന്നെയാ ,പക്ഷെ ഇപ്പൊ എന്റെ പേര് സോഫി എന്നാണ് “.

അവന്റെ പൂച്ച കണ്ണുകൾ ഒന്നുകൂടെ തിളങ്ങി .

” സോന അമ്മച്ചിക്കൊപ്പമാണെന്നും, താൻ കൂടി ചെന്നിട്ട് അമ്മച്ചിയുടെ മതത്തിൽ ചേരാമെന്നും അപ്പോൾ തന്റെയും, സോനയുടെയും പേര് മാറ്റി സോഫിയെന്നും, സാജനെന്നും ആക്കാമെന്നും ” ജുവനൈൽ ഹോമിൽ നിന്നും ഇറങ്ങിയ അന്ന് അച്ഛൻ പറഞ്ഞ വാക്കുകൾ കാതുകളിൽ കിടന്ന് വീർപ്പുമുട്ടി . ചെറുപ്രായത്തിൽ മനസിൽ പതിഞ്ഞ സോഫിയെന്ന പേര് ! അത് തന്റെ ഉടപ്പിറന്നവൾ തന്നെയെന്ന് ഉറപ്പിക്കാൻ അവനവൾക്കരികിലേക്ക് നീങ്ങി നിന്ന് കൈകൾ കൂപ്പി.

സഹോദരി  നിന്നെ എത്ര നാളുകളായി ഞാൻ തേടി നടക്കുന്നു. പിരിയുമ്പോഴുള്ള നമ്മുടെ പ്രായം, ഇപ്പോൾ അതിൽ നിന്നൊക്കെ എത്രയോ ദൂരം താണ്ടിയിരിക്കുന്നു!.” അവന്റെ സ്വരത്തിൽ ആശ്ചര്യവും, അമ്പരപ്പും ഒരു പോലെ മുഴച്ചു നിന്നു .

“എനിക്ക് ഭയമുണ്ടായിരുന്നു, കണ്ടുമുട്ടിയാലും നീയെന്നെ ഒഴിവാക്കുമെന്ന്.  കാരണം ഞാനൊരു കൊലയാളി ആയിരുന്നല്ലോ…?”

വാക്കുകൾ പൂർണമാവുന്നതിനു മുന്നേയവൾ അവന്റെ വായ പൊത്തി.

രണ്ടു പേരുടെയും  കണ്ണുകൾ ഈറനണിയുകയും

രക്തബന്ധത്തിന്റെ ഇഴയടുപ്പത്തിൽ നഗരത്തിലാണെന്ന് പോലും വിസ്മരിച്ച് പരസ്പരം ആശ്രയം കിട്ടിയ മട്ടിൽ കെട്ടിപിടിച്ച് പലതും ഉരവിട്ടുകൊണ്ടിരുന്നു.

“ഇല്ല സോഹു, ഞാനും ഒരു പാട് ആഗ്രഹിച്ചിരുന്നു വീണ്ടുമൊരു സമാഗമത്തിന് .പക്ഷെ വിധി ഇപ്പൊഴാ ഒരു അവസരം ഒരുക്കിയത്. വർഷങ്ങളായി പുറത്തിറങ്ങാതിരുന്ന ഞാൻ അമ്മച്ചിക്ക് ആസ്തമയ്ക്കുള്ള മരുന്ന് വാങ്ങാൻ പുറത്തിറങ്ങണമെന്നതും, ഇത്രയും വലിയ ജനസാഗരത്തിൽ നമ്മൾ വീണ്ടും കണ്ടുമുട്ടുക എന്നതും ദൈവഹിതമായിരുന്നിരിക്കണം…”

പറഞ്ഞ് തീർന്നപ്പോഴേക്കും അവളുടെ മിഴികൾ നിറഞ്ഞു കൂടെ അവന്റെയും. “ഇനിയൊരിക്കലും നമ്മൾ വേർപിരിയാൻ പാടില്ല സോഹു .പ്രതീക്ഷയുടെ നേർത്ത നോവിനാൽ അവളവന്റെ കൈകൾ ഒന്നൂടെ ചേർത്തു പിടിച്ചു “.

അതേയെന്ന അർത്ഥത്തിൽ മിഴിനീരിന്റെ തിളക്കത്തോടെ അവനും പുഞ്ചിരിച്ചു. പറയാതെ പറഞ്ഞു കൊണ്ട് അവർക്കിടയിൽ നിമിഷങ്ങൾ പലതും കൊഴിഞ്ഞു തീർന്നു. സ്ഥലകാലബോധം വന്നപ്പോഴേക്കും നഗരം മഞ്ഞ വലയം ചൂടി കഴിഞ്ഞിരുന്നു. പിരിയുവാൻ വൈഷമ്യം ഉണ്ടായിരുന്നുവെങ്കിലും താൽക്കാലിക വേർപാട് ഇപ്പോൾ അനിവാര്യമാണെന്നും വീണ്ടും കാണുമെന്ന വാക്കിനാൽ നഗരവീഥിയിലെ ശബ്ദവീചികളെ തിരസ്ക്കരിച്ചു കൊണ്ട് ഇരുവരും നടന്ന് ജനസാഗരത്തിൽ ഒരു പൊട്ടു പോലെ ദൂരേക്ക് മറഞ്ഞു.


രമ്യ രതീഷ്

അയാളുടെ ഓർമ്മകൾ..


കണ്ണുകളിൽ കാറു മൂടവേ
കാത്തിരുപ്പിന് നീളമേറവേ
മൗനമായി ഞാനുമിന്ന്
മരണമങ്ങ്‌ ശ്വസിച്ചുറങ്ങവെ.
പാഞ്ഞടുത്ത് കൂടെ നിന്ന്
നെഞ്ചു പൊട്ടി തേങ്ങിടുന്നവൾ.,
നീറ്റലേറും നെഞ്ചിനുള്ളിൽ
നീയും ഞാനും ചേർന്നിരിക്കെ.
സ്വപ്നമെല്ലാം ബാക്കിയാക്കി
ഞാനുമങ്ങ് പോകയായി,
കൂടെവന്ന് കൂട്ടിരിക്കാൻ
ഓർമ്മകളോ ബാക്കിയായി.
ഇന്നു നിന്റെ കണ്ണുകളിൽ
കാർമുകിലോ ഏകനായി.,
ഈറനിറ്റ കവിൾത്തടമോ
നീരു വറ്റി വിണ്ടു കീറി.
ഉപ്പു കല്ലിൽ കൂർമുനകൾ
ഹൃത്തിലെങ്ങും ബാക്കിയായി
വേരറുത്ത ഓർമ്മകളോ
ഖബറിടത്തിൽ ചേർന്നുറങ്ങി..


നന്ദു പാരിസ് 

ശരിയും തെറ്റും



ശരിയെന്ത് ശരിയേത് ശരിയെന്ന് ശരിയാകും
ശരിയായാൽ ശരിയെന്ന് ശരിവെക്കാനാരുണ്ട്
ശരിവെച്ചാൽ തെറ്റെന്ന് ചൊല്ലിയാൽ ശരിയാണോ
ശരിവെക്കാം ശരിയെ നാം ശരിയായ റിഞ്ഞിട്ട്
ശരിവെക്കാം ശരിയെ നാം നെഞ്ചത്ത് കൈ വെച്ച്
ശരി മാത്രം ചൊല്ലും മനസ്സുണ്ടറിയുക
ശരിവെക്കും മുമ്പ് മനസ്സോടുരക്കുക
ശരിയാണ് ശരിയെന്ന് ശൗര്യത്തിൽ ചൊല്ലുക
ശരിയുടെ പക്ഷത്ത് ശരിയായി നിൽക്കുക
ശരവേഗം ശരിയെ നാം ഇറുകെ പുണരുക

ടി.എം. നവാസ്, വളാഞ്ചേരി 

കൂടാരം

 


ചിരിക്കാൻ മറന്ന മുഖങ്ങളിൽ പ്രത്യാശയുടെ പുഞ്ചിരി സമ്മാനിച്ച പത്തു വർഷങ്ങൾ!! വളരെ ലളിതമായ ചടങ്ങുകളോടെ “കൂടാര”ത്തിന്റെ പത്താം വാർഷികം കടന്നു പോയി.

“അമ്മാ, ഈ നല്ല ദിവസമെന്താ മുഖത്തൊരു സന്തോഷവുമില്ലാതെ മൂടിക്കെട്ടിയിരിക്കുന്നത്?” സീമയുടെ കഴുത്തിലൂടെ സുന്ദരമായ നീണ്ട വിരലുകളോടിച്ച് അനുപമ ചോദിച്ചു.

“നിനക്കറിയാത്തതല്ലല്ലോ അനൂ കാര്യം. ഈ സ്ഥാപനത്തിനു വാർഷികങ്ങൾ പോലെ നിനക്കും പ്രായം കൂടുകയല്ലേ മോളേ? നിനക്കൊരു കൂട്ടുകാരൻ വേണ്ടേ?”

അമ്മയുടെ കണ്ണുകളിലേക്കേറെനേരം നോക്കിയിരുന്നു. ആ കണ്ണുകളിലെ നനവിൽ തന്റെ പ്രതിബിംബത്തിനു രൂപം നഷ്ടപ്പെട്ടപ്പോൾ അവൾ പറഞ്ഞു,

“അമ്മ തീരുമാനിച്ചോളൂ. എനിക്ക് സമ്മതം. ഒറ്റക്കാര്യത്തിലേ എനിക്കു നിർബ്ബന്ധമൊള്ളു. നമ്മുടെ പ്രവർത്തനങ്ങളോടു സഹകരിക്കുന്നയാളാവണം”

 സീമക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല. വിവാഹക്കാര്യം പറയുമ്പോഴൊക്ക അവൾ ഒഴിഞ്ഞുമാറുമായിരുന്നു. താനും കുറെയായി അതേക്കുറിച്ച് സംസാരിക്കാറില്ലായിരുന്നു. ഇന്നവളായി പറയിപ്പിച്ചതാണ്. നിറഞ്ഞ മനസോടെ അമ്മ മകളെ സ്നേഹചുംബനങ്ങളാൽ പൊതിഞ്ഞു.

പത്തു വർഷം മുമ്പ് വാടകവീട്ടിലെ ഒറ്റമുറിയിൽ തുടങ്ങി, ഇന്ന് സ്വന്തം കെട്ടിടത്തിൽ അനേകർക്ക് പ്രത്യക്ഷമായും പരോക്ഷമായും താങ്ങും തണലുമായി “കൂടാരം” വളർന്നതിൽ അവർ ഏറെ സന്തുഷ്ടരായിരുന്നു.

                   *******************

 കാർമൽ ഹൈസ്കൂളും ഹോസ്റ്റലും അനുപമക്ക് സ്വന്തം വീടുപോലെ-അല്ല വീടുതന്നെയായിരുന്നു. അനുപമ മജുംദാർ എന്ന പേരിലെ ദൈർഘ്യം അമ്മയെപ്പോലെ കൂട്ടുകാരും കുറച്ച് ‘അനു’ എന്നാക്കി. കൃത്യമല്ലാത്തയിടവേളകളിൽ അമ്മ സന്ദർശിക്കാനെത്തുന്നതായിരുന്നു അവളുടെ വിലമതിക്കാനാവാത്ത സന്തോഷം. നിധി പോലെ കൂടെക്കൊണ്ടുനടക്കുന്ന അച്ഛന്റെ ഫോട്ടോ ആ സമയം കുടുതൽ തിളങ്ങുന്നതായവൾക്കു തോന്നും.പുസ്തകങ്ങളെ  കൂട്ടുകാരെപോലെ സ്നേഹിച്ചു, അനുപമ. പഠന,കലാകായിക  രംഗങ്ങളിലെല്ലാം മികച്ച വിജയം  അവൾക്കൊപ്പമുണ്ടായിരുന്നു. കാർമലിന്റെ അഭിമാനമായിരുന്നു അനുപമയെന്ന വിദ്യാർത്ഥിനി.

കലാലയത്തിലേക്കുള്ള പറിച്ചുനടീൽ  ആദ്യം അവൾക്കുൾക്കൊള്ളാനായില്ല. ഏറ്റവും മുന്തിയ കോളജിൽ മെറിറ്റിൽ അഡ്മിഷൻ. കാർമലിലെ  സിസ്റ്റർ ലൂസിയയുടെ ഇടപെടൽ മൂലം  കോളജ് ഹോസ്റ്റലിൽ താമസം  തരമായി. ആദ്യത്തെ അമ്പരപ്പിനുശേഷം കുറഞ്ഞകാലം  കൊണ്ട് കോളേജിലെ  കലാകായിക  രംഗങ്ങളിലേക്കവൾ പടർന്നു കയറി. മലയാളം പ്രഫസർ വിശ്വനാഥൻസാർ ഒരുദിവസം അവളെ വിഭാഗത്തിലേക്കു വിളിപ്പിച്ചു.

“കുട്ടി ഇതുവരെ എഴുതിയതൊക്ക എന്നെ ഒന്നു കാണിക്കുമോ?” മുഖവുരയില്ലാതെ അദ്ദേഹം ചോദിച്ചു.

ഒന്നമ്പരന്നെങ്കിലും നാളെക്കൊണ്ടുവരാമെന്നു പറഞ്ഞ് തിരികെപ്പോന്നു.അനുപമയുടെ സൃഷ്ടികളിലൂടെ  സഞ്ചരിക്കവേ പ്രഫസർക്കു മനസിലായി,  അവൾ സാധാരണ കുട്ടിയല്ലെന്ന് . പ്രായത്തിലും എത്രയോ വളർന്ന എഴുത്തിലെ പക്വത അദ്ദേഹത്തെ അദ്‌ഭുതപ്പെടുത്തി. നിശ്ചലമെന്നു  തോന്നുന്ന പുഴയിലെ അടിയൊഴുക്കുകൾപോലെ സാധാരണവായനക്കാരന്  കാണാൻ കഴിയാത്ത  അർത്ഥതലങ്ങളിലേക്ക്, വിസ്മയങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്ന അക്ഷരങ്ങളുടെ മാന്ത്രികക്കൂട്ട്! കലാലയദിനത്തിൽ അനുപമ മജുംദാറിന്റെ ചെറുകഥാസമാഹാരം “കൂടാരം ” പ്രശസ്ത കവി സ്റ്റീഫൻ കുറ്റിയാടൻ പ്രകാശനം ചെയ്തു. പണം  മുടക്കിയതും എല്ലാക്കാര്യങ്ങൾക്കും മുൻകൈയെടുത്തതും വിശ്വനാഥൻസാർ ആയിരുന്നു. സഹപാഠികളിലൂടെയും അദ്ധ്യാപകരിലൂടെയും പുറംലോകം  കണ്ട ‘കൂടാര’ത്തിനു പതിപ്പുകൾ  കൂടിയപ്പോൾ  സാഹിത്യ നഭസ്സിൽ  അനുപമ മജുംദാർ എന്ന ഒരു താരകം  കൂടി പിറവിയെടുത്തു.

“ഇനി എന്നാണടുത്ത പുസ്തകം? ” ചാനലിലെ മുഖാമുഖം  പരിപാടിയിൽ അപ്രതീക്ഷിത ചോദ്യം.

“എന്തായാലും ഉടനെയില്ല. ഇപ്പോൾ പഠനത്തിൽ  മാത്രമാണ് ശ്രദ്ധ. എഴുത്തിലേക്കു തീർച്ചയായും ഞാൻ തിരികെ വരും.”

മെഡിക്കൽ കോളേജിലെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയായ അനുപമ മജുംദാറിന്റെ രണ്ടാമത്തെ കൃതി  ആയ ‘കൂടാരത്തിലെ  കിളിക്കൂട് ‘ പ്രകാശനം  ചെയ്യപ്പെട്ടത്. ചെറുകഥകളിൽനിന്ന് നോവലിലേക്കുള്ള അനുപമയുടെ വളർച്ചയെ  വായനക്കാർ ഏറെ പ്രതീക്ഷയോടെയാണ് സ്വീകരിച്ചത്. അവരുടെ പ്രതീക്ഷകൾ  അസ്ഥാനത്തായില്ല. ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്താനുള്ള തീരുമാനം വിശ്വനാഥൻസാറിന്റെയായിരുന്നു. ആ കാര്യങ്ങളൊക്കെ പൂർണ്ണമായി അദ്ദേഹത്തെയേൽപിച്ചു പഠനത്തിൽ  മാത്രം വീണ്ടും ശ്രദ്ധയൂന്നി. അനുപമയുടെ സൃഷ്ടികൾ സാഹിത്യസദസ്സുകളിൽ ചർച്ചാവിഷയമായതോടൊപ്പം ഒരുനല്ല ഡോക്ടർ എന്നനിലയിലും  അവർ  പ്രശസ്തയായി. തന്റെ ജോലിയിൽ അനാവശ്യമായ ഇടപെടലുകൾ  നടത്താത്തതിനാൽ ആദ്യം ജോലികിട്ടിയ ആശുപത്രിയിൽ തന്നെ തുടർന്നു. ആശുപത്രിയും എഴുത്തും ‘കൂടാര’ത്തിന്റെ പ്രവർത്തനങ്ങളും  ഒരേപോലെ മുന്നോട്ടുപോകവേ ഒരിക്കൽ പോലും ജീവിതം അപൂർണ്ണമെന്ന് തോന്നിയിട്ടില്ല. എന്നാൽ ഇന്ന്‌ …… അമ്മയുടെ മുഖം  കണ്ടപ്പോൾ………

            *****************

സീമയുടെ ഓർമ്മകളിൽ സർക്കസ് കൂടാരത്തിലെ വാദ്യങ്ങൾ മുഴങ്ങി. പാദം വരെയെത്തുന്ന, മിനുക്കുകൾ പിടിപ്പിച്ച ഗൗണിനുള്ളിൽ സുന്ദരിയായി കയ്യിൽ ‘യമുന സർക്കസി’ന്റെ കോടിക്കൂറയുമായി ഏറ്റവും മുന്നിൽ അവൾ. വാദ്യോപകരണങ്ങളുടെ സംഗീതത്തിനൊപ്പം ചുവടുകൾ വച്ച് മറ്റു താരങ്ങൾക്കൊപ്പം കാണികളെയഭിവാദ്യം ചെയ്ത്  റിങ്ങിനു ചുറ്റും മാർച്ച്പാസ്ററ്. പിന്നിൽ കോമാളികൾ, പക്ഷികൾ, മൃഗങ്ങൾ.

സർക്കസ് കൂടാരത്തിലെ ടെൻറ്റുകളിലൊന്നിൽ അമ്മയുടെ ജീവനെടുത്തുകൊണ്ടായിരുന്നു ജനനം. പാചകക്കാരി ആയിഷമ്മയുടെ  കൈകളിൽ കിടന്നാണ് വളർന്നത്. മൂന്നാം വയസ്സ് മുതൽ ചെറിയ ചെറിയ അഭ്യാസങ്ങളൊക്കെപ്പഠിച്ചു. ആയിഷമ്മയോടൊപ്പം ഉണ്ടും ഉറങ്ങിയും യൗവ്വനത്തിലെത്തിയപ്പോഴേക്കും അസാമാന്യമായ  മെയ്വഴക്കമുള്ള  ഒരുകലാകാരിയായി  അവൾ വളർന്നിരുന്നു-   അച്ഛനാരെന്നറിയാതെ, അമ്മയുടെ മുഖമൊന്നു  കാണാൻ കഴിയാതെ.

ഒരിക്കൽ ആയിഷമ്മയോട്  ചോദിച്ചു തന്റെ  അച്ഛനാരാണെന്ന് . ഉത്തരം ഒരുവിതുമ്പലായിരുന്നു.

“ഇവിടെയുള്ള പലർക്കും അവരുടെ അച്ഛനാരെന്നറിയില്ല കുട്ടീ.അമ്മയല്ലേ സത്യം.”

 അമോൽ മജുംദാർ ‘യമുന’യിലെ ത്തപ്പെട്ടത് വളരെ യാദൃച്ഛികമായായിരുന്നു. ഒരുത്തരേന്ത്യൻ പര്യടനത്തിനിടയിൽ ബൈക്ക് അഭ്യാസിയായ മാനുവലാണ് തന്റെ പിൻഗാമിയായി അമോലിനെ കൊണ്ടുവന്നത്. അനാഥനായ ഒരു നാടോടി.

അതുവരെ കണ്ടിട്ടില്ലാത്ത അഭ്യാസ പ്രകടനങ്ങളിലൂടെ അമോൽ കാണികളുടെയും ‘യമുന’യുടെയും മനം കവർന്നു.അയാളുടെ വശ്യമായ  പെരുമാറ്റവും അസാധാരണമായ പൗരുഷവുമാണ്  സീമയെ  അയാളിലേക്ക് ആകൃഷ്ടയാക്കിയത് . ടെന്റുകൾക്കുള്ളിൽ വീർപ്പുമുട്ടിയ അവരുടെ പ്രണയം  ആയിഷമ്മയാണ് മുതലാളിയെ അറിയിച്ചത്.

“അവരുടെ  ഇഷ്ടം അങ്ങനെയാണെങ്കിൽ അത് നടക്കട്ടെ.”

കൂടാരത്തിലൊരുക്കിയ കതിർമണ്ഡപത്തിൽ സീമയെ അമോലിന്റെ കൈകളിലേല്പിച്ചപ്പോൾ മുതലാളിയുടെ കണ്ണുകളിൽ  രണ്ടു നീർതുള്ളികൾ  തിളങ്ങിയതാരും കണ്ടില്ല. രാത്രിയിലെ പ്രദർശനത്തിന്  ശേഷം  അവർക്കായി ഒഴിച്ചുവെച്ച ടെന്റ് അവരുടെ മണിയറയായി. പിറ്റേന്ന് ഒരുനല്ല തുകയുടെ ചെക്ക് അവരെ ഏൽപ്പിച്ചു മുതലാളി പറഞ്ഞു.

“ഇത്‌ നിങ്ങൾക്കായുള്ള എന്റെ സമ്മാനം.”

അപ്പോഴുംഅയാളുടെ കണ്ണുകൾ നിറഞ്ഞത്  ആരും കണ്ടില്ല.

തന്റെയുള്ളിൽ മുളച്ച ജീവന്റെ സ്പർശം ആയിഷമക്കായിരുന്നു ആദ്യം മനസിലായത്.

അനുപമക്കു ജന്മം നൽകുമ്പോൾ അമോൽ ‘യമുന’ക്കൊപ്പം മറ്റൊരു ടൂറിലായിരുന്നു.

വീണ്ടും സർക്കസിൽ സജീവമായി. ഐറ്റങ്ങൾക്കിടയിലെ ഇടവേളകളിലവളോടിച്ചെല്ലും, കുഞ്ഞനുവിനെ മുലയൂട്ടാൻ. പതുക്കെ ആ കുഞ്ഞുജീവിതം പിച്ചവച്ചുതുടങ്ങിയപ്പോഴാണ് ബൈക്കഭ്യാസത്തിനിടെ ഒരു നിമിഷാർദ്ധത്തിലെ അശ്രദ്ധ അമോലിന്റെ ജീവനെടുത്തത്. മരിക്കുംമുമ്പ് സീമയുടെ കൈകൾ തന്റെ കയ്യിലെടുത്തയാൾ പറഞ്ഞു,

“നമ്മുടെ മോളെ ഈ കൂടാരത്തിൽനിന്ന് രക്ഷിക്കണം “

 പിന്നെ ഊണിലും ഉറക്കത്തിലും അത് മാത്രമായിരുന്നു അവളുടെ ചിന്ത. നീറുന്ന ഓർമ്മകളെ ടെന്റിനുള്ളിലൊളിപ്പിച്ച് പല നഗരങ്ങളിലൂടെ പിന്നെയുമെത്രയോ യാത്രകൾ!!

 അനുവിന്‌ മൂന്നു വയസ്സുള്ളപ്പോൾ ഒരു നിയോഗം പോലെ സിസ്റ്റർ ലൂസിയ തന്റെ അനാഥ മന്ദിരത്തിലെ കുട്ടികളുമായി സർക്കസ് കാണാനെത്തി. അവർ സന്തോഷത്തോടെ അനുവിനെ ഏറ്റെടുത്തു.

പക്ഷെ ഒരനാഥയായല്ലായിരുന്നു. അനു കാർമൽ സ്കൂളിൽ അങ്ങനെയെത്തപ്പെട്ടു.

ഒരുപാടു ദൂരെയല്ലെങ്കിൽ മാസത്തിലൊരിക്കലെങ്കിലും അനുവിനെക്കാണാനെത്തും.അദ്ധ്വാനഫലത്തിൽ മിച്ചമുള്ളത് സിസ്റ്ററെയേൽപ്പിക്കും. സിസ്റ്ററോ സീമയോ പരസ്പരം കണക്കുകൾ പറയുകയോ സൂക്ഷിക്കുകയോ ചെയ്യാറില്ലായിരുന്നു.

അനു മെഡിസിന് പഠിക്കുമ്പോളാണൊരിക്കൽ അവൾ അവളുടെയൊരിഷ്ടം അമ്മയുമായി പങ്കുവെച്ചത്. അമ്മക്ക് നൂറുവട്ടം സമ്മതം. അങ്ങനെ വാടകവീട്ടിലെ ഒറ്റമുറിയിൽ ‘കൂടാരം’ ജന്മം കൊണ്ടു.

കണ്ണീരോടെയാണ് സഹപ്രവർത്തകർ സീമയെ യാത്രയാക്കിയത്. വാർദ്ധക്യം നിഴൽ വീശിത്തുടങ്ങിയ മുതലാളി രണ്ടു കൈകളും അവളുടെ നെറുകയിൽ വച്ചനുഗ്രഹിച്ചു. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അയാൾ കരയുകയായിരുന്നു. ഒഴിഞ്ഞ ഗാലറിയെ പിന്നിലാക്കി സീമയും അനുപമയും പുതിയ കൂടാരത്തിലേക്കു യാത്രയായി. ഒപ്പം ആയിഷമ്മയുമുണ്ടായിരുന്നു.


അനിൽ കുമാർ എം ബി

അതി ജീവിക്കുന്നവർ


വിളവെടുപ്പ് കാലത്ത്
പതമളക്കാൻ മാത്രം പോകുന്ന
ഒരു വിഭാഗം ഉണ്ടായിരുന്നു.
വിളവിൻ്റെ ആഴങ്ങളിലേക്ക് പോകാൻ
അവർ ഇഷ്ടപ്പെട്ടിരുന്നില്ല
ആഴങ്ങളിലേക്ക് പോയാൽ
മുത്ത് കിട്ടുമെന്ന് അവർക്കറിയില്ലായിരുന്നു
വിദ്യ നേടുന്ന അധസ്ഥിതരെ
അവർ ഭയപ്പെട്ടിരുന്നു
അറിവ് ആത്മാഭിമാനത്തെ
ചോദ്യം ചെയ്യുമെന്നവർ കണക്കുകൂട്ടി
ചരിത്രമുണ്ടാകുന്നത്
ഒന്നുമറിയാതെയല്ല
ജാതി മത ദൈവ അസമത്വ വഴികളെ
നീക്കം ചെയ്യുമ്പോഴാണ്
അധ്വാന ശക്തി
എല്ലാ ബോധത്തെയും ചോദ്യം ചെയ്ത്
വിജയക്കൊടി നാട്ടുമ്പോഴാണ്
വേദന അറിയുന്ന ജീവികൾ മാത്രമേ
അതി ജീവിക്കുകയുള്ളു
വെറും വാക്കല്ല ശാസ്ത്ര സത്യമാണ്


സോമനാഥൻ കെ വി 

മദ്യപ്പുഴ


 


ഒരു രൂപയിട്ടിട്ട് ഒരുപാടു രൂപക്ക്

കൊതിയോടെ കാക്കുന്ന മർത്യാ

ഭാവനാപൂർണ്ണനാം തൊഴിലാളി പണിതിട്ട

പ്രതിമക്കു മനസ്സില്ല കേട്ടോ

തലയുള്ളതെങ്കിലും അതിനകത്തുള്ളതും

കളിമണ്ണുമാത്രമാണറിയൂ

കഴിവുണ്ട് ഇതിനെങ്കിൽ ഒരുവേള നിരുപിക്കു

പടുവിലയ്ക്കിവയാരു വില്ക്കും

കഴിവുള്ള ശക്തിയെ അതിനകത്താക്കുവാൻ

കഴിയുന്ന മനുവിനും ഭോജ്യം

നീയിട്ട ഒരുരൂപ ആണെന്നറിയണേൽ

ഒരു നിമിഷമവിടൊന്നു നില്ക്കൂ

മനനത്തിനെത്രയും കഴിവുള്ള ജീവിക്കു

മനുജനെന്നാെരു പേരുകിട്ടി

അതു ജീവിവർഗ്ഗത്തിലിതിനുള്ള കഴിവാണ്

കളയല്ലെ കൈവന്ന ഭാഗ്യം

മനനത്തിനെത്രയും കഴിവുള്ള ജീവിക്കു

മനുജനെന്നാെരു പേരുകിട്ടി

അതു ജീവിവർഗ്ഗത്തിലിതിനുള്ള കഴിവാണ്

കളയല്ലെ കൈവന്ന ഭാഗ്യം



ജോളി കുത്തുകല്ലുങ്കൽ

ഗാംഗ്ലിയോൺ ഓപ്പറേഷൻ കൂടാതെ മാറ്റാനാവും


 

ധാരാളം ആളുകളിൽ കണ്ടുവരുന്ന ഒരു രോഗമാണ് ഗാംഗ്ലിയോൺ. കൈക്കുഴയിലാണു ഏറ്റവും സധാരണമായി കാണുന്നത്. രണ്ടാം സ്ഥാനം കാൽ കുഴയിലാണ്. കല്ലുപോലെ കട്ടിയായി കാണുമെങ്കിലും എല്ലിലുണ്ടാകുന്ന മുഴയൊന്നുമല്ലയിത്. മുഴകളെയെല്ലാം നമുക്ക് പേടിയായതു കൊണ്ട് ഇതും മൂത്ത് ക്യാൻസർ ആകുമോ എന്നു പേടിച്ച് നാം ഓടിച്ചെന്നു ഡോകടറെ കാണിച്ചാൽ മിക്കവാറും ഓപ്പറേഷനാകും ശുപാർശ ചെയ്യുക.

നമ്മുടെ സന്ധികളിൽ അവയെ പരിരക്ഷിക്കാനുള്ള സൈനോവിയം എന്ന ആവരണത്തിൽ ഉണ്ടാകുന്ന ദ്രാവക കുമിളകളാണ് ഗാംഗ്ലിയോൺ. ഉത്സവ പറമ്പിൽ കാണുന്ന കോലിൽ കെട്ടിയ ബലൂൺ പോലെയാണിതിന്റെ ഘടന. ഇതിൽ ജെല്ലി പോലുള്ള ദ്രാവകം നിറഞിരിക്കും.

ഇതിനു വേദനയുണ്ടാകാറില്ലങ്കിലും നാഡികൾക്ക് സമ്മർദ്ദമുണ്ടാകുന്ന സാഹചര്യത്തിൽ മരവിപ്പും വേദനയും ഉണ്ടാകാം.ചിലപ്പോൾ പേശികൾക്കു ബലക്ഷയവും സംഭവിക്കാം.

ഇതിന്റെ ഉൽപ്പത്തിയുടെ യഥാർത്ഥകാരണം വ്യക്തമല്ല എങ്കിലും സന്ധികളിൽ വരുന്ന ക്ഷതങ്ങളാവാം പിന്നീട് ഗാംഗ്ലിയോൺ ഉണ്ടാകുവാൻ കാരണമെന്നു കരുതപ്പെടുന്നു. സന്ധികളിൽ ആയാസം കൂടുതൽ അനുഭവിക്കുന്ന ജിംനാസ്റ്റിക്കു പോലെയുള്ള കായിക കലകൾ ചെയ്യുന്നവരിൽ ഇതു കാണാറൂണ്ട്.

ഇവ ചിലപ്പോൾ, തന്നെ മാറാറുണ്ടെങ്കിലും അക്കാര്യത്തിൽ വലിയ ഉറപ്പൊന്നുമില്ല. ഓപ്പറേഷൻ ചെയ്തു മുഴമാറ്റുകയും അതിനുള്ളിലെ ദ്രാവകം കുത്തിയെടുത്തു കളയുകയുമാണു സാധാരണ ചെയ്യാറുള്ളതെങ്കിലും, ഇങ്ങനെ ചെയ്താലും വീണ്ടും വരുവാനുള്ള സാധ്യത കുറയുന്നില്ല. ചില നാടുകളിൽ വിശുദ്ധ മത ഗ്രന്ഥങ്ങൾ കൊണ്ട് ഇതിനെ അടിച്ചു പൊട്ടിച്ച് ഇല്ലായ്മ ചെയ്യാറുണ്ടത്രെ. എങ്കിലും വീണ്ടും വരാനുള്ള സാധ്യതയുണ്ട്.

ആരിലും എപ്പോൾ വേണമെങ്കിലും വരാമെങ്കിലും ഇരുപതു മുതൽ നാൽപ്പതു വയസ്സുവരെയുള്ള സ്ത്രീകളിൽ വരാനുള്ള സാധ്യത കൂടുതലാണ്. പേശികളുടെ അഗ്രഭാഗത്തും സന്ധികളിലും ബാധിക്കുന്ന ക്ഷതങ്ങൾ ഈ രോഗം വരാനുള്ള ഒരു കാരണമാകാറുണ്ട്.

എല്ലുപോലെ തോന്നിക്കുമെങ്കിലും ഉള്ളിൽ ദ്രാവകമുള്ള വെറുമൊരു കുമിളയായതിനാൽ എക്സ്റേ യിൽ ഇതിനെ കാണാൻ പറ്റില്ല. അങ്ങനെയാണ് ഇതിനെ എല്ലിന്റെ മുഴയിൽ നിന്നു വേർതിരിച്ചറിയുന്നത്.

എം ആർ ഐ, അൾട്രാസൌണ്ട് എന്നിവ കൊണ്ട് ഇവയെ വ്യക്തമായി തിരിച്ചറിയാനാവും.

ഹോമിയോപ്പതി ചികിത്സ കൊണ്ട് ഈ രോഗം ഓപ്പറേഷൻ കൂടാതെ മാറ്റാൻ സാധിക്കും.വീണ്ടും വരാതെ തടയാനും സാധിക്കും.


ഡോ. ടി. ജി. മനോജ് കുമാർ

ശാസ്ത്രം തോറ്റു.. മനുഷ്യൻ ജയിച്ചു..


 “മേരിക്കുഞ്ഞേ.. ദെവ്സം ചെല്ലുന്തോറും പുല്ലിൻ കെട്ടിന്റെ കനം കുറഞ്ഞു വരുവാലോ..” അച്ചന്റെ ചോദ്യം കേട്ട് മേരിക്കുഞ്ഞ് പുല്ലിൻകെട്ടിനിടയിലൂടെ ചൂഴ്ന്നു നോക്കി.

“അച്ചോ..കൊറേനേരം തപ്പിപ്പിടിച്ചു അരിഞ്ഞിട്ടാ ഇത്രേങ്കിലും കിട്ടീത്. പാടോം പറമ്പൊക്കെ പുല്ലു മുളയ്ക്കാതിരിക്കാൻ ആൾക്കാര് മരുന്നടിയല്ലേ ഇപ്പൊ.” മേരിക്കുഞ്ഞു പറഞ്ഞു.

“ആ.. അതൊന്നും ഉരുക്കൾക്ക് അറിഞ്ഞൂടാലോ. വേണ്ടോളം തീറ്റപ്പുല്ല് ഇവിടുണ്ട്. അവറ്റയ്ക്ക് എടയ്ക്ക് ഇച്ചിരി നല്ല പുല്ല് കിട്ടിക്കോട്ടെന്ന് കരുതിയാ നിന്നോട് ദെവ്സോം രണ്ട് കെട്ട് പുല്ല് അരിഞ്ഞോണ്ട് വരാൻ പറഞ്ഞത്.” അത് പറഞ്ഞു അച്ചൻ അകത്ത് കേറിപോയി.

“മേരീ.. പുല്ലുംകെട്ട് ഇപ്പൊ ഇട്ട് കൊടുക്കണ്ടാട്ടാ. പടിഞ്ഞാറേ കോലായിടെ താഴെ ഇട്ടിട്ട് നീയിങ്ങ് പോരെ.. ചായ കുടിച്ചിട്ട് പോയാ മതി….” സിസ്റ്റർ വിളിച്ചു പറഞ്ഞു.

അനാഥരെയും അഗതികളെയും നോക്കുന്ന സ്ഥലമാണിത്. പിന്നെ കുറെ പശുക്കളും, ആടുകളും, മറ്റ് വളർത്തു മൃഗങ്ങളും പക്ഷികളും വളർത്ത് മീനുകളുമുണ്ട്.

പുല്ലുംകെട്ട് താഴെ ഇട്ടിട്ട് മേരിക്കുഞ്ഞ് അടുക്കളപ്പുരയിലേക്ക് കേറിപോയി. അടുക്കളയിൽ ത്രേസ്സ്യാമ്മയും അന്നമ്മയും ഗ്രേസിയും കൂടി 4 മണിക്കത്തെ ചായയ്ക്ക് വേണ്ടി മെഷീനിലും കൈകൊണ്ടുമായി ചപ്പാത്തി പരത്തുകയാണ്. കുറെ ഗോതമ്പ് മാവ് പരത്തി അടുക്കി വച്ചിട്ടുണ്ട്. പത്തറുപതോളം അന്തേവാസികളുണ്ടിവിടെ.

“മേരിക്കുഞ്ഞേ.. കയ്യപ്പടി മൊടയാടി.. കാപ്പി ആയിട്ടുണ്ട്. പോയ് അപ്പറത്ത്ന്ന് ഒരു കപ്പ് കാപ്പി മധുരമിട്ട് എടുത്തു കുടിച്ചോടി നീ..” ത്രേസ്സ്യാമ്മ ചപ്പാത്തി ചുടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു.

“ആ..ഒരെറക്ക് കട്ടൻ മതി. ചപ്പാത്തിയൊന്നും നിക്ക് വേണ്ട.” മേരിക്കുഞ്ഞു ചായ പകർത്തികൊണ്ട് പറഞ്ഞു.

അടുത്ത് ഒരു കുട്ടിച്ചാക്കിൽ നിറയെ പഞ്ചസാര ഇരിക്കുന്നുണ്ട്. ഈ വലിയ ടിൻ നിറയ്ക്കാൻ സ്റ്റോർ റൂമിൽ നിന്ന് എടുത്തു കൊണ്ട് വച്ചതാവും. വീട്ടിലും പഞ്ചസാര തീർന്നു. ഇന്നലെ രമണീടെ വീട്ടിൽ നിന്ന് ഇത്തിരി പഞ്ചസാര കടം വാങ്ങിയതാ. പിന്നെ രാവിലെ മധുരമില്ലാത്ത കട്ടനാ കുടിച്ചത്. മേരികുഞ്ഞു ഓർത്തു.

പുല്ലിന്റെ കാശ് ഇനി ഞായറാഴ്ചയേ കിട്ടുള്ളൂ, അതിന് ഇനിയുമുണ്ട് രണ്ടു ദിവസം. കയ്യിലാണെങ്കിൽ ചില്ലിക്കാശില്ല. മേരിക്കുഞ്ഞിന്റെ നോട്ടം വീണ്ടും ആ പഞ്ചസാരച്ചാക്കിലേക്കായി. ഒരു ഗ്ലാസ്സ് പഞ്ചസാര എടുത്താൽ ഇന്നത്തേയ്ക്കും നാളെത്തേക്കും ചിലപ്പോൾ മറ്റന്നാളത്തേയ്ക്കും ആവും. ചായയിൽ സ്പൂൺ ഇളക്കുന്നതിനോടൊപ്പം മനസിൽചിന്തകളും കൂടിക്കൂടിവന്നു.

അന്നമ്മയോട് ഇച്ചിരി പഞ്ചസാര ചോദിച്ചാലോ.. അല്ലേ വേണ്ടാ.. അന്നമ്മ എടുത്തു തരുന്നതും ഞാൻ എടുക്കുന്നതും കണക്കല്ലേ. ഞങ്ങൾ രണ്ടുപേരും ഇവിടത്തെ ജോലിക്കാർ തന്നെ. സിസ്റ്ററോട് ചോദിക്കാം. ഇനി തരാതിരിക്കോ. അല്ലെങ്കിൽ പണിക്കാശീന്ന് ഇതിന്റെ കാശും പിടിക്കാവോ..

അയ്യയ്യോ..വേണ്ട.. നൂറുകൂട്ടം കാര്യങ്ങൾ വേറെ ഉള്ളതാ.രമണിയോടിനി ചോദിക്കാനും പറ്റില്ല. രണ്ടോസം പഞ്ചാര ഇല്ലാത്ത കട്ടൻ കുടിച്ചാൽ മതിയൊക്കെ. ഓ..ഒരു കുഞ്ഞു ഗ്ലാസ് അല്ലെ.. മൂന്നാലോസം ഇവിട്ന്ന് ചായ കുടിക്കാതിരുന്നാൽ ആ കടമങ്ങു തീരും. ഇനി ഇത് കൊട്ടിപ്പാടി ചീത്തപ്പേരാക്കണ്ട.

ഇതൊക്കെ മനസ്സിൽ ഓർത്തുകൊണ്ട് മേരിക്കുഞ്ഞു മുറുക്കാൻ പൊതിയെടുത്ത് കയ്യിൽ പിടിച്ചു. മുണ്ടിന്റെ തലയ്ക്കൽ ഒരു കടലാസ്സിൽ പൊതിഞ്ഞു കുറച്ചു പഞ്ചസാര എടുത്തുവച്ച് മുണ്ടിൻ തല മുറുക്കി കുത്തി. എന്നിട്ട് ആരെങ്കിലും കണ്ടോന്ന് ഒരിക്കൽ കൂടി ഉറപ്പ് വരുത്തി.

അന്നമ്മയും ഗ്രേസിയും ചപ്പാത്തി ചുടൽ തന്നെയാണ്. ഇല്ല.. ആരും കണ്ടിട്ടില്ല. ചായ ഗ്ലാസ് കഴുകിവച്ചു മേരിക്കുഞ്ഞ് ചുണ്ട് തുടച്ചു പുറത്തേക്കിറങ്ങി.

“ഞാൻ പോവാടീ… ചെന്നിട്ട് നൂറുകൂട്ടം പണീണ്ട് വീട്ടിൽ.” മേരിക്കുഞ്ഞ് അവിടെന്നിറങ്ങി. സിസ്റ്ററെ കണ്ടില്ല. മുറ്റത്തും ആരുമില്ല. ഉള്ളിൽ ഒരു പകപ്പോടെ വേഗത്തിൽ ഗേറ്റ് ലക്ഷ്യമാക്കി മുറ്റത്തുനടന്നു.

“മേരിക്കുഞ്ഞേ… നിൽക്ക്..!” അച്ചനാണ്. മേരിക്കുഞ്ഞ് ഒരു യന്ത്രത്തിൻറെ പ്രവർത്തനം നിലച്ചപ്പോലെ അവിടെ നിന്നു. തിരിഞ്ഞു നോക്കാൻ ഭയം. ഉള്ളിലെ വിറ പുറത്തു കാണിക്കാതെ മേരിക്കുഞ്ഞ് ചോദിച്ചു.

“എന്താ അച്ചോ..?”

“എന്താ നിൻറെ മടിയില്…? ” മേരിക്കുഞ്ഞ് ഞെട്ടിപ്പോയി. അച്ചൻ ദിവ്യജ്ഞാനം കൊണ്ട് താൻ മോഷ്ടിച്ച വിവരം കണ്ടെത്തിയിരിക്കുന്നു.

“അച്ചോ..”

“എന്താ മടില് ന്ന്..ചോദിച്ചത് കേട്ടില്ലേ ?” അച്ചൻ ശബ്ദം കടുപ്പിച്ചു.

“പഞ്ചാര തീർന്നിട്ട് രണ്ടോസം ആയി അച്ചോ.. കയ്യിൽ ചില്ലി കാശില്ല.” മേരിക്കുഞ്ഞു വിറച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു.

“കളവ് ചെയ്യുന്നത് പാപം ആണെന്ന് അറിയില്ലേ?”

“അറിയാം അച്ചോ. കർത്താവ് പൊറുക്കില്ലെന്നറിയാം. ഞാൻ വാങ്ങുമ്പോ കൊണ്ട് തരാം. ഒരാഴ്ച്ച ഇവിടെന്ന് ചായയും കുടിക്കില്ല.” മേരികുഞ്ഞു പ്രതിവിധികൾ നിരത്തി.

“ചോദിച്ചാൽ തരുമായിരുന്നല്ലോ. ഇനി മേലാൽ കട്ടെടുക്കരുത്.”

“ഇല്ലച്ചോ..” മേരിക്കുഞ്ഞു തലതാഴ്ത്തി.

അച്ചൻ സിസ്റ്ററെ വിളിച്ചു.

“സിസ്റ്ററെ.. മേരിക്ക് കുറച്ചു പഞ്ചസാര എടുത്തു കൊടുക്ക്. അവളുടെ വീട്ടിൽ പഞ്ചസാര ഇല്ല, വാങ്ങാൻ ഇപ്പൊ നിവൃത്തിയും ഇല്ല.” സിസ്റ്റർ സംശയത്തോടെ അച്ചനെ നോക്കി.

“വേണ്ടച്ചോ..” മേരികുഞ്ഞു അതും പറഞ്ഞു മടിക്കുത്തിലെ കടലാസ് പൊതി സിസ്റ്റർക്ക് നേരെ നീട്ടി. സിസ്റ്റർക്ക് കാര്യം മനസിലായി.

“മേരി.. അച്ചനറിയാതെ ഇവിടെ ഒരില അനങ്ങില്ല..”

കടലാസ് പൊതി വാങ്ങാതെ സിസ്റ്റർ ഒരു കവറിൽ കുറച്ചു കൂടി പഞ്ചസാര കൊണ്ട്കൊടുത്തു. ശരിയാണ്.. ആരും കണ്ടില്ല.. ആരുമില്ലെന്നുറപ്പ് വരുത്തിയാണ് താൻ ഈ തെറ്റ് ചെയ്തത്.

പിന്നെങ്ങനെ അച്ചൻ.. ആ പരിസരത്തിന്റെ ഏഴകലത്തുണ്ടായില്ല..കർത്താവേ.. നീ വലിയവനാണ്. മേരികുഞ്ഞു മനസ്സിൽ മന്ത്രിച്ചു.

“കർത്താവിനോട് തെറ്റേറ്റു പറഞ്ഞിട്ട് പോയ്ക്കോളൂ. കർത്താവ് ആരെയും ശിക്ഷിക്കില്ല..” അച്ചൻ പറഞ്ഞു.

“എന്റെ കർത്താവേ.. നീ വലിയവനാണ്. നിനക്ക് സ്തുതി..” സിസ്റ്റർ കുരിശ് വരച്ചുകൊണ്ടു അകത്തേക്ക് പോയി..

അച്ചൻ തിരിച്ചു റൂമിൽ ചെന്ന് പഴയ പടി കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് സിസിടിവി ദൃശ്യങ്ങൾ മാറി മാറി നിരീക്ഷിച്ചു കൊണ്ടിരുന്നു..


ഷൈജഎം. എസ്സ്

എന്റെ മരണത്തിന്റെയന്ന് – ആതിര തീഷ്ണ



സ്നേഹത്തെ, വാത്സല്യത്തേ,  പ്രണയത്തെ, മാസ്മരികമായ സങ്കൽപങ്ങളെ,  എന്തിനേറെ മരണത്തെ പോലും കവിതകളായി ആസ്വാദ്യവത്കരിക്കുമ്പോൾ, അത്രത്തോളം ഭൂമിയിൽ ഭംഗിയേറുന്നവ വേറെ എന്തുണ്ടെന്ന് തോന്നിയേക്കാം. അത്തരം മനോഹരമായ ആകാശമേഘങ്ങൾ തുന്നിയെടുക്കുന്ന കവിതകളുടെ ഭംഗിയാണ്, ” എന്റെ മരണത്തിന്റെയന്ന്”.

അവൾ, അലസമായി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

കുറച്ചു പൂക്കൾ വേണം.. 

വാടിയതായാലും മതി..

പക്ഷേ, എല്ലാം നീലയും 

വയലറ്റ് നിറത്തിലും ഉള്ളവയാകണം. “

കവിതകളിലൂടെ, എഴുത്തുകാരിയുടെ ആന്തരികമായ വ്യഥകളെയോ, മനസ്സിനുള്ളിലെ ഇരുമ്പഴിക്കുള്ളിൽ ചിറകിട്ടടിച്ചു കരയുന്ന അവളുടെ മനസ്സിനെയോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

 ” എന്റെ, മരണത്തിന്റെയന്ന് ” കൃതിയുടെ പേരു വായിക്കുമ്പോൾ,  അറിയാതെ പോലും,  മരണത്തെ സങ്കൽപ്പിച്ചുവോ? ഉണ്ടായിരുന്നിരിക്കണം!! നാഴികകൾ കടന്ന് പോകുന്നത് അറിയാതെ ദൃഷ്ടികൾ ആ പേരിൽ, ഊന്നിയിട്ടുണ്ടാകണം. ജനനവും, പ്രണയവും, രതിയും, സാന്ത്വനങ്ങളും, വ്യഥകളും, ആഹ്ലാദങ്ങളും, ചെറിയ അരുവികളാണ്. അവ  ഒഴുകി നീങ്ങി പതിക്കേണ്ട സത്യസാഗരമാണ് മരണം.

 മരണത്തെ കാവ്യവത്കരിക്കുക, എത്രമേൽ സുദീർഘമാണെന്നത് ആതിര തീഷ്ണയുടെ കവിതകൾ ഓരോന്നും വിളിച്ചു പറയുന്നു. മരണം എന്നുമൊരു ഓർമ്മപ്പെടുത്തലാണ്. ഭൂമിയിലെ വെറും അതിഥികൾ മാത്രമാണ് നാമെന്നുള്ള ഓർമ്മപ്പെടുത്തൽ. കവികളെന്നും കാവ്യകല്പനകൾക്കായി, പ്രണയത്തെയും അനുഭവിച്ചു കുളിരുന്ന മഴയെയും വിഷയവത്കരിക്കുമ്പോൾ അനുഭവിച്ചെഴുതുവാൻ ഒരിക്കലും കഴിയാത്ത മരണത്തെ എഴുതുന്നതിലെ അഭിനിവേശം തിരിച്ചറിയപ്പെടുന്നുണ്ടോ? അതാണ് ആസ്വാദകനെ പിടിച്ചിരുത്തുന്ന രചനാവൈഭവം.

” തെരുവുപട്ടിയുടെ മരണം ” എന്നുള്ള കവിതയിൽ,  ആരുമില്ലാതെ അനാഥമായി മരണപ്പെടുന്ന ജീവന്റെ വിലാപം വായിക്കുന്നവരെ വീണ്ടും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ” എന്റെ മരണം ” എന്നുള്ള കവിതയും എന്തിന് മരണപ്പെട്ടു പോയി, അത് കണ്ട് ആഹ്ലാദിക്കുന്നവർ ആര് എന്നെല്ലാം ചോദ്യങ്ങളായോ, മറുപടികളായോ വായനക്കാരന്റെ ഹൃദയത്തിലേയ്ക്ക് ആഴ്ത്തുന്നു. ” മരണത്തിനുമപ്പുറമൊരു പ്രണയം “, അതുണ്ടായിരിക്കട്ടെയെന്നു ആശംസിക്കുവാനാണ് തോന്നുക. ” മരണപ്പെട്ടവന്റെ വീട്ടിലെ ഓണത്തിന്റെ മണം, “, ” മരിച്ചവളുടെ സ്വപ്നസഞ്ചാരം, ” എന്റെ മരണത്തിന്റന്ന് ” തുടങ്ങിയ കവിതകളിലും അനുഭവിക്കാത്ത, എന്നാൽ ഒരിക്കൽ അനുഭവിക്കേണ്ടതായ മരണത്തിന്റെ മൂടുപടം വിങ്ങലായി എഴുത്തുകാരി അവതരിപ്പിക്കുന്ന പാടവം, പ്രശംസനീയമാണ് എന്നതിൽ സംശയമില്ല. എഴുത്തുകാരി, തന്റെ കവിതകളിൽ ഓരോന്നിലും നിറങ്ങളെ തുന്നിചേർക്കുന്നു. നിറം വയലറ്റ് ആകുകയും അത്, കവിതകളിൽ ഭംഗിയോടെ പ്രതിഫലിക്കുകയും ചെയ്യുന്നു.

ഒരു കവിതയിൽ നിന്ന് അടുത്ത കവിതയിലേയ്ക്ക് നിങ്ങൾ സഞ്ചരിക്കവേ, ഈ കൃതിയുടെ അവസാനവരികളിൽ രണ്ടിറ്റു കണ്ണുനീർ കൊണ്ട് കോതിമിനുക്കുവാൻ കഴിയും. അതിനുമപ്പുറം ഒരു കവിതാപുസ്തകമിനിയെന്ത് നൽകുവാനാണ്..?

” മുഷിഞ്ഞ കാലത്തിന്റെ 

ദുഷിച്ച ഓർമ്മകൾ പേറി, 

കാറ്റും കൽവിളക്കും

നന്നേയിരുണ്ട വഴിയിൽ,

വീണ്ടുമാരെങ്കിലും

കഥ പറയാൻ വരുന്നുണ്ടോ

എന്ന് നോറ്റിരിക്കും. “

ആസ്വാദകരും ആതിര തീഷ്ണയുടെ വരികൾക്കായി നോറ്റിരിക്കും. ഇനിയുമെത്രയോ അക്ഷരമേഘങ്ങൾ ഭംഗിയായി തുന്നിയൊരുക്കുവാൻ എഴുത്തുകാരിയ്ക്ക്.. സാധിക്കുമെന്നത് നിസ്സംശയത്തോടെ പറയാം.


ഹരിത ആർ മേനോൻ 

ഇന്തോന്വേഷ്യൻ ദിനങ്ങൾ



 അധ്യായം 9: അങ്കോൽ എന്ന സ്വപ്‌നഭൂമി


ജക്കാർത്ത ഒളിപ്പിച്ചിരിക്കുന്ന അത്‌ഭുതങ്ങളിൽ മറ്റൊന്നാണ് അങ്കോൽ എന്ന കടൽത്തീരപട്ടണം. വിദേശികളെ ഒഴിച്ചു നിറുത്തിയാൽ തെക്കുകിഴക്കൻ ഏഷ്യയിലെ തന്നെ ഒരു പ്രധാന വിനോദകേന്ദ്രം. ഒരു വലിയ പ്രദേശമാകെ ഒരു കടൽത്തീര സുഖവാസ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. തമാൻ  ഇംപിയാൻ ജയ അങ്കോൽ എന്നും പേരുള്ള അങ്കോൽ ഡ്രീം ലാൻഡ്. സ്വപ്‌നഭൂമിയെന്ന പേര് അനശ്വരമാക്കുന്ന വിധത്തിൽ അതിമനോഹരമായ കാഴ്ച്ചകളും വിനോദ ലീലകളും ഇവിടെ ഒരുക്കിയിരിക്കുന്നു.

ഒരു നൂറ്റാണ്ടിലേറേ മലേറിയയുടെ ഉറവിടമായിരുന്ന ഒരു ചതുപ്പു നിലമാണ് ഇന്ന് കാണുന്ന ഈ സ്വപ്‌നഭൂമി. 1960 ൽ പ്രസിഡന്റായിരുന്ന സുകർണോയാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ആലോചിച്ചത്. 1966 ൽ അന്നത്തെ ജക്കാർത്തയുടെ ഗവർണ്ണർ ആണ് ഇതിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. മലേറിയായുടെ പിടിയിൽ നിന്നും രക്ഷയായത് മാത്രമല്ല, ഇന്ന് കോടിക്കണക്കിന് റുപ്യാ ദിവസവരുമാനമുള്ള ഒരു വിനോദകേന്ദ്രമായതും ഇത്തരത്തിലുള്ള ഇച്ഛാശക്‌തിയുള്ള തീരുമാനം കൊണ്ട് മാത്രമാണ്.

ഇത്തരം തുടക്കം കുറിക്കലുകളാണ് നമുക്കില്ലാതെ പോയത്. പഴമയെ അതേപടി വിനോദ സഞ്ചാരത്തിനുപയോഗിക്കുന്നു എന്നല്ലാതെ, പുതുതായി എന്തെങ്കിലും കൊണ്ടുവരുന്നതിന് നമ്മുടെ രാജ്യം എന്നും വിമുഖത കാണിക്കുന്നു എന്നെനിക്കു തോന്നിയിട്ടുണ്ട്. നമ്മുടെ മിക്ക സുഖവാസകേന്ദ്രങ്ങളും, പ്രത്യേകിച്ച് ഹിൽ സ്റ്റേഷനുകൾ, യഥാർത്ഥത്തിൽ ബ്രിട്ടീഷുകാർ വികസിപ്പിച്ചെടുത്തവയാണ്. താജ് മഹലും, അജന്ത, എല്ലോറയും മറ്റു പൗരാണിക കേന്ദ്രങ്ങളും ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ സഞ്ചാര ഭൂപടം എന്താകുമായിരുന്നു എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അത് തന്നെ വേണ്ട വിധത്തിൽ സംരക്ഷിക്കുന്നതിന് പോലും നമുക്കാവുന്നില്ല. നമ്മുടെ പല കേന്ദ്രങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിൽ പോലും നമ്മൾ പരാജയപ്പെടുന്നു. കേരളത്തിലാണെങ്കിൽ ടൂറിസത്തിനു വേണ്ടി പല പദ്ധതികളും തുടങ്ങിയത് പൂർത്തിയാക്കാതെയോ, പൂർത്തിയാക്കിയത് ഉപയോഗിക്കാതെയോ പാഴായിപ്പോകുന്നു. ഇത്തരം പദ്ധതികളിലുള്ള അറിവില്ലായ്‌മയും ദീർഘവീക്ഷണമില്ലായ്‌മയും തന്നെയാണ് ഇതിനു കാരണം.

ഒരുകാലത്ത് തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ഓഷ്യനേറിയം ആയിരുന്നു സീ വേൾഡ് അങ്കോൽ. ഒരു അമേരിക്കൻ കമ്പനിയാണ് ഇതിവിടെ നടത്തുന്നത്. അവരുടെ അമേരിക്കയിലെയും ക്യാനഡയിലെയും കടൽ ലോകങ്ങളുടെ അതേ സൗകര്യങ്ങളും കൗതുകങ്ങളും ഇവിടെയും ഒരുക്കിയിട്ടുണ്ട്. കടൽ മൽസ്യങ്ങളുടെ വർണ്ണ വൈവിധ്യങ്ങൾ, മറ്റു കടൽ ജീവികൾ, പവിഴപ്പുറ്റുകൾ എല്ലാം അവയുടെ തനത് ആവാസവ്യവസ്ഥയിലെന്നപോലെ ഒരുക്കിയിരിക്കുന്നു. സ്രാവുകളുടെ ജീവിതം അടുത്തറിയുവാൻ കിട്ടുന്ന ഒരസുലഭ സന്ദർഭം കൂടിയാണീ സീ വേൾഡ്.

അത് പോലെ മറ്റൊന്നാണ് ഓഷ്യൻ ഡ്രീം. ഇവിടെ പലതരത്തിലുള്ള മൃഗങ്ങളും കടൽ ജീവികളുമെല്ലാം പല തരത്തിലുള്ള അഭ്യാസ പ്രകടനങ്ങൾ കാഴ്ച്ച വയ്ക്കുന്നു. അതിൽ ഡോൾഫിൻ ഷോ ആണ് ഏറ്റവും പ്രശസ്‌തം. ഫോണാലാൻഡ് എന്ന പേരിൽ ഒരു മൃഗശാലയും ഇതിനുള്ളിലുണ്ട്. അഞ്ചു ഹെക്റ്റർ ഏരിയായിൽ കരയിലും വെള്ളത്തിലുമായാണ് ഈ മൃഗശാല നിർമ്മിച്ചിരിക്കുന്നത്. ഇന്തോന്വേഷ്യയുടെ തനതായ പക്ഷി മൃഗാദികളും ഒപ്പം മറ്റു രാജ്യങ്ങളിലെ മൃഗങ്ങളെയും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്.

ദുനിയാ ഫാന്റസി എന്ന ഫാന്റസി വേൾഡ് ആണ് ഇതിനുള്ളിലെ മറ്റൊരു പ്രധാനാകർഷണം. നാൽപ്പതിലധികം റൈഡുകളും ആക്റ്റിവിറ്റികളും ഇതിനുള്ളിലുണ്ട്. ഇത് പ്രധാനമായും എട്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ജക്കാർത്ത, ഇന്തോന്വേഷ്യ, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവയും ഫാന്റസി ഹിക്കയത്തുമാണ് ആ എട്ടു  ഭാഗങ്ങൾ. ഫാന്റസി ഹിക്കയത്തിൽ പുരാതന ഈജിപ്‌തിന്റെയും ഗ്രീസിന്റെയും നിർമ്മാണരീതികളാണവലംബിച്ചിട്ടുള്ളത്.

അത്‌ലാന്റിക് വാട്ടർ വേൾഡ് പല പല പൂളുകളായി ഒരുക്കിയിരിക്കുന്നു. കടലിൽ നീന്തുന്നതിനും ഇവിടെ അവസരമുണ്ട്. വേവ് പൂൾ, തുടർച്ചയായൊഴുകുന്ന ഒരു നദിയുടെ അനുഭവം നൽകുന്ന പൂൾ, റെയിൻ ബോ ബോൾ പൂൾ, വാട്ടർ ഫാൾ പൂൾ, കുട്ടികൾക്ക് മാത്രമായുള്ള പൂളുകൾ, വെള്ളത്തിലേക്ക് വീഴുന്ന നിരവധി സ്ലൈഡുകൾ, ഒരു ബീച്ച് വോളിബോൾ കോർട്ട് എന്നിവ ഇവിടത്തെ ആകർഷണങ്ങളിൽ ചിലതു മാത്രം. നിരവധി ഭോജനശാലകളും ഇതിനുള്ളിലുണ്ട്. മികച്ച ഭക്ഷണം വിളമ്പുന്നവയാണവയോരോന്നും. ഇന്ത്യൻ, ബ്രസീലിയൻ, സ്പാനിഷ്, ബംഗ്ലാദേശ് വിഭവങ്ങൾ ലഭ്യമാക്കുന്ന ഭക്ഷണശാലകൾ.

ഈ തീരദേശ പട്ടണത്തിന്റെ ആകാശ ദൃശ്യം ലഭ്യമാകണമെങ്കിൽ ഗൊണ്ടോളയെന്ന കേബിൾ കാറിൽ കയറിയാൽ മതിയാകും. മുപ്പത്തിയേഴു കാറുകൾ ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. ഇത് ഈ പട്ടണത്തെയാകെ ആകാശത്തിലൂടെ ചുറ്റിക്കൊണ്ടിരിക്കും. ഇതിലിരുന്നു കാണുന്ന കാഴ്ച്ചകൾ തികച്ചും വ്യത്യസ്ഥമായ ഒരനുഭവമാണ്. പല പല തീം പാർക്കുകളുടെ മുകളിലൂടെയാണ് ഈ യാത്ര എന്നത് തന്നെ ഒരു പ്രധാന കാരണം.

ബീച്ചുകൾ ആസ്വദിക്കുന്നവർക്കു വേണ്ടി അഞ്ചു ബീച്ചുകളും ഈ പട്ടണത്തിലുണ്ട്. മറീന, ഫെസ്റ്റിവൽ, കാർണിവൽ, ഇണ്ട, പൂൾ എന്നിവയാണ് ആ അഞ്ചു ബീച്ചുകൾ. കടലിനുള്ളിലേക്കു നടക്കുന്നതിനായി അർദ്ധവൃത്താകൃതിയിൽ നിർമ്മിച്ചിരിക്കുന്ന മരപ്പാലവുമുണ്ട്‌ ഇവിടെ. ഒരു കിലോമീറ്ററോളം നീളമുണ്ടാകും മനോഹരമായി രണ്ടു വശങ്ങളികും ഭിത്തികളുള്ള ഈ തടിപ്പാലത്തിന്. പാലത്തിൽ തന്നെ ചെറു ഭക്ഷണ ശാലകളും ബിയർ പാർലറുകളുമുണ്ട്. ഒരു ഷോപ്പിംഗ് മാളും റിസോർട്ടുകളും ഹോട്ടലുകളുമെല്ലാമുണ്ട് ഈ കൊച്ചു പട്ടണത്തിൽ.

ഈ പട്ടണത്തിനുള്ളിൽ എവിടെയുമുള്ള വിനോദ കേന്ദ്രങ്ങളിലേക്ക് പോകുന്നതിനായി ധാരാളം മിനി ബസുകളുണ്ട്. രണ്ടു വ്യത്യസ്ഥ റൂട്ടുകളിലായയാണ് ഈ ബസുകൾ ഓടുന്നത്. പരസ്‌പരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങളുമുണ്ട്. ഇതിന്റെ വിവരങ്ങളത്രയും ഇതോടുന്ന വഴികളിലുള്ള ബസ് സ്റ്റോപ്പുകളിലെല്ലാം വരച്ചു വച്ചിട്ടുണ്ട്. ഈ ബസ്സുകളെല്ലാം സൗജന്യമായാണ് ഓടുന്നത്. ഇതിന്റെ സ്റ്റോപ്പുകളിൽ നിന്ന് ആർക്കും കയറാം ഇറങ്ങാം. അങ്കോലിൽ സമയം പോകുന്നത് അറിയുക തന്നെയില്ല. അത്ര ആസ്വാദ്യമാണ് ഇവിടത്തെ ഓരോ നിമിഷവും. ഒരു ദിവസം മുഴുവൻ സമയം ഇവിടെ ചെലവഴിച്ചിട്ടും ഇനിയും ഞാൻ കാണാത്തതായി ഇവിടെ ധാരാളം അത്‌ഭുതങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകും.


ഡോ. സുനീത് മാത്യു  

നേന്ത്രപ്പഴം പായസം



മലയാളികളുടെ സ്വകാര്യ അഭിമാനമായ ഒരു വാഴപ്പഴമാണ്‌, നേന്ത്രപ്പഴം. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചെങ്ങഴിക്കോടായിരുന്നു ജനനം. അതുകൊണ്ടു തന്നെ ഇത് ചെങ്കാളിക്കോടൻ എന്നും അറിയപ്പെടുന്നു. എരുമപ്പെട്ടിയിലെ വാഴക്കൃഷി കർഷക സംഘത്തിന് നേന്ത്രപ്പഴത്തിന് ജി. ഐ. ടാഗും (Geographical indication registration) ലഭിച്ചിട്ടുണ്ട്. ഇവിടെയല്ലാതെ നേന്ത്രപ്പഴം കൃഷി ചെയ്യുന്ന ഒരു സ്ഥലം ഹവായിലെ ഹൊനോലുലു ആണ്.

അന്നജം, പ്രോട്ടീൻ, നാരുകൾ, ജീവകങ്ങൾ, ധാതുക്കൾ എന്നിവയാൽ സമൃദ്ധമാണ് നേന്ത്രപ്പഴം. ഇതിൽ നല്ല അളവിൽ അടങ്ങിയിരിക്കുന്ന പൊട്ടാസിയം ഹൃദയ സംരക്ഷണത്തിനും രക്തസമ്മർദ്ദ നിയന്ത്രണത്തിനും അത്യുത്തമമാണ്. ഇരുമ്പിന്റെ അംശവും ഇതിൽ ധാരാളമുണ്ട്. ശർക്കരയിലും നല്ല അളവിൽ ഇരുമ്പുണ്ട്. അനീമിയ ഉള്ളവർക്ക് ഈ പായസം എന്തുകൊണ്ടും ഉത്തമമാണ്.

ചേരുവകൾ

നേന്ത്രപ്പഴം : 3 എണ്ണം

ശർക്കര : 1/ 2 കിലൊ

തേങ്ങ : 1/2മുറി

അണ്ടിപ്പരിപ്പ് : 10

ഉണക്കമുന്തിരി :15 to 20

ഏലക്ക പൊടിച്ചത് : 1 സ്പൂൺ

നെയ്യ് : 4 സ്പൂൺ

പാചകം ചെയ്യുന്ന വിധം

നേന്ത്രപ്പഴം പുഴുങ്ങി നന്നായി ഉടച്ചെടുക്കുക. അതോടൊപ്പം ശർക്കര ഉരുക്കി അരിച്ചെടുത്തു വയ്ക്കുക. ഒപ്പം തേങ്ങാപ്പാലും തയാറാക്കി വയ്ക്കുക. ഒരു പാത്രത്തിൽ കുറച്ചു നെയ്യൊഴിച്ച്, അതുരുകുമ്പോൾ അതിലേയ്ക്ക് ഉടച്ചു വച്ചിരിക്കുന്ന നേന്ത്രപ്പഴം ചേർത്ത് 15 മിനിറ്റ് നന്നായി ഇളക്കുക. ഇതിലേക്ക് ശർക്കര പാനിയും തേങ്ങാപ്പാലും ഒഴിച്ച് വീണ്ടും 10 മിനിറ്റ് നന്നായി തീ കുറച്ചു ഇളക്കുക. ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന ഏലക്കയും നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിങ്ങയും ചേർത്തിളക്കുക. രുചികരമായ നേന്ത്രപഴം പായസം തയ്യാർ.


ഡോ. ഷേർളി സുനീത്

പ്രതികരണങ്ങൾ


നല്ലൊരു മലയാളം മാസിക. കഴിഞ്ഞ കുറേ മാസങ്ങളായി വായിക്കുന്നു. മുൻപും ഞാൻ ഈ മാസികയെക്കുറിച്ച് എഴുതിയിട്ടുണ്ടായിരുന്നു. കഥകൾ മിക്കതും നല്ല നിലവാരം പുലർത്തുന്നു. സ്ഥിരം പംക്തികളായ ലേഖനം, നിരൂപണം, പാചകം എന്നിവ നല്ല അറിവുകൾ പകരുന്നുണ്ട്. ആരോഗ്യം, യാത്ര എന്നിവയും അങ്ങനെ തന്നെ . അരോചകമായി ഒന്നും ഇതിലില്ല എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. കായികം, കൃഷി, സിനിമ എന്നിവകൂടി ഉൾപ്പെടുത്തണമെന്ന് ഒരഭ്യർത്ഥനയുണ്ട്.

സിനി കാപ്പൻ, മുവാറ്റുപുഴ

തികച്ചും സൗജന്യമായി ഒരു മലയാളം മാസിക. അതും മനോഹരമായ വിഭവങ്ങളൊരുക്കി വായനക്കാരിൽ എത്തിക്കുന്നു. എന്നെപ്പോലെയുള്ള വായനാപ്രേമികൾക്ക് വലിയൊരു അനുഗ്രഹം തന്നെയാണിത്. അണിയറ പ്രവർത്തകർക്കും എഴുത്തുകാർക്കും എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ.

കാർത്തിക രഘുപ്രസാദ്‌, കൊല്ലം

 തികച്ചും വ്യത്യസ്തത പുലർത്തുന്ന ഒരു മാസികയാണ് ഇതിവൃത്തം എന്ന് നിസ്സംശയം പറയാം. ആകർഷകമായ മുഖചിത്രത്തിൽ തുടങ്ങി, പാചകത്തിൽ അവസാനിക്കുന്ന ഈ മാസിക വായനക്കാരന്റെ മനസ്സും വയറും നിറയ്ക്കുന്നു. മറ്റു പാചകങ്ങളിൽ  നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിലെ ചേരുവകളുടെ ഗുണങ്ങളെക്കുറിച്ചു നൽകുന്ന അറിവാണ്. നാം കഴിച്ചുകൊണ്ടിരിക്കുന്ന പല  ഭക്ഷ്യ വസ്തുക്കളും ഇത്രയധികം ആരോഗ്യദായകമായ ഘടകങ്ങൾ നിറഞ്ഞതാണെന്നത് പലപ്പോഴും ഇത് വായിക്കുമ്പോഴാണ് അറിയുന്നത്. വെറുമൊരു പാചകക്കുറിപ്പിനപ്പുറം അറിവുകളുടെ കലവറ കൂടിയാണിത്. ഇതിലെ ലേഖനങ്ങളും അങ്ങനെ തന്നെ. ചിന്തയുണർത്തുവാൻ വളരെയധികം സഹായിക്കുന്നു. അഭിനന്ദനങ്ങൾ.

കലാശ്രീ പി കെ., കെ എൽ., മലേഷ്യ

ശ്രീ സുമേഷ് രാമചന്ദ്രൻ എഴുതിയിരുന്ന ലേഖന പരമ്പര ഈ ലക്കത്തിൽ പ്രതിപാദ്യം എന്നാക്കിയിരിക്കുന്നു. ഒരു ലേഖനത്തിനപ്പുറം ചിന്തകൾ ഉണർത്തുന്നതിനും, തുടർച്ചയായി അതിനെ ഉത്തേജിപ്പിക്കുന്നതിനും കഴിയുന്ന എഴുത്തു രീതി. പ്രതിപാദ്യം എന്ന പേര് ഇതിന് എന്തുകൊണ്ടും അനുയോജ്യം തന്നെ. ഇതിലെ എല്ലാ സൃഷ്ടികളും ഗംഭീരം തന്നെ. ആശംസകൾ

പീറ്റർ ജോൺ, അഹമ്മദാബാദ്

കുറെയേറെ കാലമായി മാസികകൾ വായിക്കാതിരുന്ന എന്നെ വായനയിലേക്ക് തിരിച്ചു കൊണ്ടുവന്നത് ഇതിവൃത്തം മാസികയാണെന്ന് നിസ്സംശയം പറയാം. ഇതിലെ ഓരോ പംക്തിയും ആസ്വദിച്ചു തന്നെ വായിക്കുന്നുണ്ട്. മനോഹരങ്ങളാണ് ഓരോന്നും. എല്ലാമാസവും ഒന്നാം തിയതി തന്നെ ഇതിവൃത്തം. ഇൻ ലോഗിൻ ചെയ്തു നോക്കും. മിക്കവാറും ഒന്നോ രണ്ടോ ദിവസങ്ങൾക്കു ശേഷമാണ് പുതിയ മാസിക വരുന്നത്. ആ ദിവസങ്ങൾ ശരിയ്ക്കും ഒരു വിഷമം തന്നെയാണ്. മാസികയുടെ അണിയറപ്രവർത്തകർക്ക് ആശംസകൾ.

നിത്യ വസന്ത്, തിരുച്ചിറപ്പള്ളി  

നല്ലൊരു മാസിക. ഓൺലൈൻ ആണെന്ന് തോന്നുകയേ ഇല്ല. ഇന്തോന്വേഷ്യൻ ദിനങ്ങൾ വളരെ നന്നാവുന്നുണ്ട്. ലേഖനങ്ങളെല്ലാം ഒന്നിനൊന്നു മെച്ചം. നർമ്മം അത്ര നർമ്മം തുളുമ്പുന്നതാണോ എന്നതിൽ മാത്രം ചെറിയ സംശയമുണ്ട്. അത് കുറച്ചുകൂടി ശ്രദ്ധിക്കണം എന്നൊരു അപേക്ഷയുണ്ട്. ആശംസകളോടെ

രവീന്ദ്രൻ പുതിയേടത്ത്, വൈക്കം

ഒരു പരീക്ഷണം എന്ന നിലയിലാണ് സുഹൃത്ത് അയച്ചു തന്ന ലിങ്ക് തുറന്നത്. പ്രതീക്ഷകൾക്ക് വിപരീതമായിരുന്നു അനുഭവം. നല്ലൊരു മാസിക വായിക്കുന്ന അതേ സുഖം ഈ ഓൺലൈൻ മാസികയ്ക്കും തരാൻ കഴിഞ്ഞു. പേജുകൾ മറിച്ചു വായിക്കുന്നതുകൊണ്ടാകാം ഇതൊരു ഓൺലൈൻ മാസികയാണെന്ന തോന്നൽ ഉണ്ടായതേയില്ല. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു

കെ പി അബൂബക്കർ, കൊയിലാണ്ടി 

മാസികയിലേക്ക് അഭിപ്രായം അറിയിക്കുന്ന എല്ലാവർക്കും സ്നേഹാദരങ്ങൾ.

എഡിറ്റർ