നഗരത്തിലെ തിരക്കുകളിൽ നിന്നും എത്രയും പെട്ടെന്ന് പുറത്ത് കടന്നാൽ മതിയെന്ന ചിന്തയായിരുന്നു സോഫിയുടെ മനസു നിറയെ. എത്രയോ നാളുകളായി പുറം ലോകം കണ്ടിട്ട് .അതുകൊണ്ടുതന്നെ ചുറ്റിലുമുള്ള ശബ്ദകോലാഹലങ്ങൾ അടിവയറ്റിലൊരു തിരയിളക്കം സൃഷ്ടിച്ചു. അതിന്റെ ചലനം വായിൽ പുളിരസത്തോടെയുള്ള തുപ്പലായി പരിണമിച്ചു. നീട്ടി തുപ്പാനായി കൺകോണിലൂടെ ഒരു സ്ഥലം പരതുന്നതിനിടയിലാണ് ധൃതിയിൽ ഒരു ചെറുപ്പക്കാരൻ ഇത്തിരി കിതപ്പോടെ അവൾക്ക് മുന്നിലെത്തിയത്. അപരിചിത ഭാവത്തോടെ ആ മുഖത്തേക്ക് ഉറ്റുനോക്കിയപ്പോൾ കയ്യിലുള്ള കൈലേസു കൊണ്ട് നെറ്റിയിൽ പൊടിയുന്ന വിയർപ്പുകണങ്ങളെ ഒപ്പിയെടുക്കുന്ന തിരക്കിലായിരുന്നു അയാൾ.
പൂച്ച കണ്ണും ചെമ്പൻമുടിയും ഉള്ള ഇയാളെ എവിടെയോ കണ്ടതായി ഓർക്കുന്നല്ലോ? മനസ് അകാരണമായി തുടിക്കുന്നതവൾ അറിഞ്ഞു. പക്ഷേ എത്ര ശ്രമിച്ചിട്ടും നേരിയ ഒരു ഓർമ്മ പോലും മനസിൽ തെളിഞ്ഞില്ല. ഒരാളെപ്പോലെ ഏഴു പേര് ഉണ്ടാവുമെന്നാണല്ലോ കേട്ടുകേൾവി . ഈയിടെയായി മനസിൽ തലപൊക്കിയ ചില നോവോർമ്മകൾ ഉണ്ടായതു കൊണ്ടാവാം അങ്ങനെയൊക്കെ തോന്നിയത്. മനസിൽ മുള പൊട്ടിയ സംശയത്തെ സങ്കോചത്തോടെ തിരസ്ക്കരിച്ച് മുന്നോട്ട് നടക്കാനൊരുങ്ങുമ്പോഴാണ് ആ ചെറുപ്പക്കാരന്റെ സ്വരം കാതിലേക്ക് വന്ന് വീണത്.
”നിങ്ങടെ പേര് സോന എന്നാണോ…?”
ആ പേര് നഗര തിരക്കുകളിൽ ഉച്ചത്തിൽ പ്രതിധ്വനിച്ചതു പോലെ തോന്നി.
സോഫിയുടെ ഉടലിലൂടെ ഒരു വിറയൽ പടർന്ന് നെറുകയിലേക്ക് കയറി. ശ്വാസം മുട്ടുന്നതു പോലെയൊരു അവസ്ഥ.
അല്ലെന്ന് പതറിയ സ്വരത്തിൽ അറിയിച്ചപ്പോൾ ആ ചെറുപ്പക്കാരന്റെ മുഖത്ത് സങ്കടഭാവം പരന്നു .നെറ്റിയിലേക്ക് വീണ മുടിയിഴകളെ ഇടതുകൈ കൊണ്ട് കോതി മാറ്റി നിരാശയോടെ പിന്തിരിഞ്ഞയാൾ നടന്നു.
സോഫിയുടെ മനസിൽ വികാര പ്രക്ഷുബ്ദതയുടെ കടലിരമ്പാൻ തുടങ്ങിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞു പോയ സോഹനെന്ന സഹോദരനെ അവൾക്ക് ഓർമ്മ വന്നു. ചുമട്ടുതൊഴിലാളിയായിരുന്ന അച്ഛൻ ജോലിക്കു പോയതിനു ശേഷം മദ്യപിച്ച് വീട്ടിലെത്തിയ ചേട്ടായി , ചേട്ടായി എന്ന് പറഞ്ഞാൽ അച്ഛന്റെ ആദ്യ ഭാര്യയിലെ മകൻ. തനിക്കന്ന് പന്ത്രണ്ട് വയസ് ആയിട്ടുണ്ടാവും ,സോഹന് പത്തും. ലഹരിയുടെ ഉന്മാദത്തിൽ മൃഗമായി മാറിയ ചേട്ടായിയിൽ നിന്നും തന്നെയും തന്റെ സ്ത്രീത്വത്തെയും കാത്തുരക്ഷിച്ചവൻ .തന്നെ രക്ഷിക്കുന്നതിനിടയിൽ അബദ്ധവശാൽ ചേട്ടായിയെ കൊലപ്പെടുത്തി കൊലയാളിയായി ജുവനൈൽ ഹോമിലേക്ക് പോയ പൂച്ചക്കണ്ണുള്ള സോഹനെന്ന പത്തു വയസുകാരൻ !” ആ സംഭവത്തിനു ശേഷം സോഹനെ കണ്ടിട്ടില്ല അല്ലെങ്കിൽ അമ്മച്ചി കാണാൻ സമ്മതിച്ചിട്ടില്ല. അവനെവിടെയെന്ന തന്റെ പലപ്പോഴുമുള്ള ചോദ്യത്തിനൊടുക്കം അച്ഛൻ പറഞ്ഞതായി ഓർക്കുന്നു . ജുവനൈൽ ഹോമിൽ നിന്നും ഇറങ്ങിയതിനുശേഷം ടീച്ചറമ്മയുടെ കൂടെ പോയെന്ന് .
ടീച്ചറമ്മ; തന്റെയും അവന്റെയും ഗുരു . അറിവു പകരുന്നതിനൊപ്പം തന്നെ അന്നവും പകർന്ന കാരുണ്യമയി. എത്രയോ വട്ടം അവനെ കാണാൻ കൊതിച്ച് അമ്മച്ചിയോട് വഴക്കുണ്ടാക്കി ഒരിക്കൽ പോലും അമ്മച്ചി തന്റെ വാക്കുകൾക്ക് ചെവികൊടുത്തില്ല .സോഹൻ ജയിലിൽ ആയപ്പോൾ ഒന്ന് പോയി കാണാൻ പോലും കൂട്ടാക്കിയില്ല . സോഹന്റ അസാന്നിധ്യത്തിൽ അച്ഛനും അമ്മച്ചിയും തമ്മിൽ എന്നും വഴക്കായിരുന്നല്ലോ?
ആദ്യ ഭാര്യ മരിച്ചതിനു ശേഷം ക്രിസ്ത്യാനിയായ അമ്മച്ചിയെ അച്ഛൻ സ്നേഹിച്ച് വിവാഹം കഴിക്കുകയായിരുന്നു. ദാരിദ്യക്കെണിയിൽപെട്ട് വീടും പറമ്പും വിറ്റ് തുലച്ച അച്ഛന്റെ വാക്കുകൾ പലപ്പോഴും അമ്മച്ചി കേൾക്കാതെയായി .പതിയെ പതിയെ അമ്മച്ചിക്കും മടുത്തു തുടങ്ങിയിരിക്കണം അതിന്റെ അസ്വാരസ്യങ്ങളിൽ നിന്നാവണം സ്വന്തം മതത്തിൽ പെട്ടവർ പലവിധ വാഗ്ദാനങ്ങളും വെച്ച് നീട്ടിയപ്പോൾ അതിൽ വീണുപോയത് .
പള്ളീലച്ചൻമാരുടെ നിർബന്ധത്തിൽ തന്നെ “കർത്താവിന്റെ മണവാട്ടി ” ആക്കണമെന്ന തീരുമാനത്തിൽ അമ്മച്ചിയും ഉറച്ചു നിന്നു തന്റെ ഇഷ്ടം പോലും നോക്കാതെ. അപ്പോഴൊക്കെ കൊതിച്ചിട്ടുണ്ട് സോഹന്റെ സാമീപ്യം. പക്ഷെ എവിടെ നിന്ന്, എങ്ങനെ കണ്ടു പിടിക്കണമെന്ന് അറിയില്ലായിരുന്നു. തിരുവസ്ത്രമണിയാൻ സോനയെന്ന പേര് നിർബന്ധിച്ച് മാറ്റി സോഫിയെന്നാക്കി. സോനയെ മാസങ്ങളായി കുഴിച്ചുമൂടിക്കൊണ്ട് സ്വീകരിച്ച ആ പേര് മനസിൽ വേവാതെ കിടക്കുന്നു .എന്നിട്ടും ആ ചെറുപ്പക്കാരനോട് എന്തേ താൻ സോനയാണെന്ന് പറയാൻ കഴിയാതിരുന്നത്.
ഒരു നിമിഷമവൾ അമ്മച്ചിയേയും, അണിയാനിരിക്കുന്ന തിരുവസ്ത്രത്തെയും, പള്ളിക്കാരെയും മറന്നു. മനസിൽ നിരാശയോടെ നിൽക്കുന്ന ആ ചെറുപ്പക്കാരന്റെ മുഖം തെളിഞ്ഞു. അധികദൂരമൊന്നും അയാൾ പോയിട്ടുണ്ടാവില്ല. കാലുകൾ ചിറകുകളായി തിരക്കുകൾ അവഗണിച്ച് അവൾ മുന്നോട്ട് കുതിച്ചു. കണ്ടു കുറച്ച് ദൂരെയായി ആ ചെറുപ്പക്കാരൻ ഓരോ മുഖവും സോനയാണോയെന്ന് അന്വേഷിച്ച് നടന്നു നീങ്ങുന്നത്.
“ഏയ് ഒന്ന് നിക്കണേ… “
ഒരു കിതപ്പോടെ അവൾ അവന് മുന്നിലെത്തി.
“സോഹ്… സോഹൻ എന്നാണോ പേര് ” നേരിയ ആകാംക്ഷ അവളുടെ സ്വരത്തിലും പ്രകടമായി.
അതെയെന്ന അർത്ഥത്തിൽ അവൻ തല കുലുക്കി.
“ഞാൻ… ഞാൻ സോന തന്നെയാ ,പക്ഷെ ഇപ്പൊ എന്റെ പേര് സോഫി എന്നാണ് “.
അവന്റെ പൂച്ച കണ്ണുകൾ ഒന്നുകൂടെ തിളങ്ങി .
” സോന അമ്മച്ചിക്കൊപ്പമാണെന്നും, താൻ കൂടി ചെന്നിട്ട് അമ്മച്ചിയുടെ മതത്തിൽ ചേരാമെന്നും അപ്പോൾ തന്റെയും, സോനയുടെയും പേര് മാറ്റി സോഫിയെന്നും, സാജനെന്നും ആക്കാമെന്നും ” ജുവനൈൽ ഹോമിൽ നിന്നും ഇറങ്ങിയ അന്ന് അച്ഛൻ പറഞ്ഞ വാക്കുകൾ കാതുകളിൽ കിടന്ന് വീർപ്പുമുട്ടി . ചെറുപ്രായത്തിൽ മനസിൽ പതിഞ്ഞ സോഫിയെന്ന പേര് ! അത് തന്റെ ഉടപ്പിറന്നവൾ തന്നെയെന്ന് ഉറപ്പിക്കാൻ അവനവൾക്കരികിലേക്ക് നീങ്ങി നിന്ന് കൈകൾ കൂപ്പി.
സഹോദരി നിന്നെ എത്ര നാളുകളായി ഞാൻ തേടി നടക്കുന്നു. പിരിയുമ്പോഴുള്ള നമ്മുടെ പ്രായം, ഇപ്പോൾ അതിൽ നിന്നൊക്കെ എത്രയോ ദൂരം താണ്ടിയിരിക്കുന്നു!.” അവന്റെ സ്വരത്തിൽ ആശ്ചര്യവും, അമ്പരപ്പും ഒരു പോലെ മുഴച്ചു നിന്നു .
“എനിക്ക് ഭയമുണ്ടായിരുന്നു, കണ്ടുമുട്ടിയാലും നീയെന്നെ ഒഴിവാക്കുമെന്ന്. കാരണം ഞാനൊരു കൊലയാളി ആയിരുന്നല്ലോ…?”
വാക്കുകൾ പൂർണമാവുന്നതിനു മുന്നേയവൾ അവന്റെ വായ പൊത്തി.
രണ്ടു പേരുടെയും കണ്ണുകൾ ഈറനണിയുകയും
രക്തബന്ധത്തിന്റെ ഇഴയടുപ്പത്തിൽ നഗരത്തിലാണെന്ന് പോലും വിസ്മരിച്ച് പരസ്പരം ആശ്രയം കിട്ടിയ മട്ടിൽ കെട്ടിപിടിച്ച് പലതും ഉരവിട്ടുകൊണ്ടിരുന്നു.
“ഇല്ല സോഹു, ഞാനും ഒരു പാട് ആഗ്രഹിച്ചിരുന്നു വീണ്ടുമൊരു സമാഗമത്തിന് .പക്ഷെ വിധി ഇപ്പൊഴാ ഒരു അവസരം ഒരുക്കിയത്. വർഷങ്ങളായി പുറത്തിറങ്ങാതിരുന്ന ഞാൻ അമ്മച്ചിക്ക് ആസ്തമയ്ക്കുള്ള മരുന്ന് വാങ്ങാൻ പുറത്തിറങ്ങണമെന്നതും, ഇത്രയും വലിയ ജനസാഗരത്തിൽ നമ്മൾ വീണ്ടും കണ്ടുമുട്ടുക എന്നതും ദൈവഹിതമായിരുന്നിരിക്കണം…”
പറഞ്ഞ് തീർന്നപ്പോഴേക്കും അവളുടെ മിഴികൾ നിറഞ്ഞു കൂടെ അവന്റെയും. “ഇനിയൊരിക്കലും നമ്മൾ വേർപിരിയാൻ പാടില്ല സോഹു .പ്രതീക്ഷയുടെ നേർത്ത നോവിനാൽ അവളവന്റെ കൈകൾ ഒന്നൂടെ ചേർത്തു പിടിച്ചു “.
അതേയെന്ന അർത്ഥത്തിൽ മിഴിനീരിന്റെ തിളക്കത്തോടെ അവനും പുഞ്ചിരിച്ചു. പറയാതെ പറഞ്ഞു കൊണ്ട് അവർക്കിടയിൽ നിമിഷങ്ങൾ പലതും കൊഴിഞ്ഞു തീർന്നു. സ്ഥലകാലബോധം വന്നപ്പോഴേക്കും നഗരം മഞ്ഞ വലയം ചൂടി കഴിഞ്ഞിരുന്നു. പിരിയുവാൻ വൈഷമ്യം ഉണ്ടായിരുന്നുവെങ്കിലും താൽക്കാലിക വേർപാട് ഇപ്പോൾ അനിവാര്യമാണെന്നും വീണ്ടും കാണുമെന്ന വാക്കിനാൽ നഗരവീഥിയിലെ ശബ്ദവീചികളെ തിരസ്ക്കരിച്ചു കൊണ്ട് ഇരുവരും നടന്ന് ജനസാഗരത്തിൽ ഒരു പൊട്ടു പോലെ ദൂരേക്ക് മറഞ്ഞു.
രമ്യ രതീഷ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ