2023 ഒക്‌ടോബർ 31, ചൊവ്വാഴ്ച

ഇതിവൃത്തം മലയാള സാംസ്‌കാരിക മാസിക, ഒക്ടോബർ 2023, ലക്കം 37

 


മുഖമൊഴി

 

ശാസ്ത്രീയതയുടെ ശാസ്ത്രീയത


കുറച്ചു കാലങ്ങളായി ശാസ്ത്രീയത വളരെയധികം കൂടിയിരിക്കുന്നു. പ്രത്യേകിച്ചും സാമൂഹിക മാധ്യമങ്ങളിൽ. കൊറോണയാകാം ഇതിന്റെ ആക്കം കൂട്ടിയിരിക്കുന്നത് എന്ന് തോന്നുന്നു. ശാസ്ത്രീയത മിക്കപ്പോഴും തുടങ്ങുന്നതോ എത്തിച്ചേരുന്നതോ വൈദ്യശാസ്ത്രങ്ങളിൽ ആണ് എന്നത് മറ്റൊരു കൗതുകം. ഇത്തരം ചർച്ചകളിലെ ശാസ്ത്രീയത വിലയിരുത്തുമ്പോൾ മനസ്സിലായത്, ഇത്തരം ചർച്ചകൾ നടത്തുന്നത് വൈദ്യശാസ്ത്ര പഠനം നടത്തിയവരല്ല എന്നതാണ്. എന്തിനധികം മറ്റേതെങ്കിലും ശാസ്ത്രം പഠിച്ചവർ പോലുമല്ല. ആരൊക്കെയോ സാമൂഹിക മാധ്യമത്തിലൂടെ പഠിപ്പിച്ച ചില കാര്യങ്ങൾ ഇത്തരം മാധ്യമങ്ങളിലൂടെ തന്നെ ശർദ്ധിക്കുന്നവർ മാത്രമാണെന്നതാണ് ഏറ്റവും ദുഃഖകരം.

സയന്റിയ എന്ന ലാറ്റിൻ വാക്കിൽ നിന്നും ഉണ്ടായ ഒരു പദമാണ് സയൻസ്. അറിവ് എന്നാണ് യഥാർത്ഥത്തിൽ ഈ വാക്കിന്റെ അർഥം. ശാസ്ത്രം എന്ന വാക്കാണ് ഇന്ന് നാം സയൻസ് എന്ന വാക്കിന്റെ മലയാളമായി ഉപയോഗിക്കുന്നത്. ശാസിക്കപ്പെട്ട എന്ന അർത്ഥമായിരുന്നു പഴയകാലത്ത് ശാസ്ത്രം എന്ന വാക്കിന്. അതുകൊണ്ടുതന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ട പൂജാകർമ്മങ്ങൾ പോലും ശാസ്ത്രങ്ങളായി അറിയപ്പെട്ടിരുന്നു.

വ്യവസ്ഥാപിതമായ പരീക്ഷണ നിരീക്ഷണങ്ങളാൽ പരിശോധിക്കപ്പെടാവുന്ന അനുമാനങ്ങളാണ് ശാസ്ത്രം എന്നാണ് ഇന്ന് നാം ഇതിനെ നിർവചിക്കുന്നത്. മറ്റു ചില നിർവചനങ്ങളും ഉണ്ടാകാം. പൊതുവെ അംഗീകരിക്കപ്പെട്ട ഒരു നിർവചനം എടുത്തു പറഞ്ഞു എന്ന് മാത്രം. നിർവചനം എന്തുമാകട്ടെ, ആവർത്തിക്കാവുന്ന പരീക്ഷണനിരീക്ഷണങ്ങൾ ശാസ്ത്രത്തിന്റെ ഒരു അടിസ്ഥാന സ്വഭാവമാണ്.

ഭൗതികതയ്ക്കുള്ളി ൽ മാത്രം ഒതുക്കപ്പെട്ട അറിവാണ് ശാസ്ത്രം. എന്തുകൊണ്ടെന്നാൽ, പരീക്ഷണങ്ങളും നിരീക്ഷണങ്ങളും സാധ്യമാകുന്നത് ഭൗതികപ്രതിഭാസങ്ങളിൽ മാത്രമാണ്. അതിഭൗതികമായ കാര്യങ്ങളിൽ ഉള്ള അറിവ് ശാസ്ത്രം വഴി ലഭ്യമാകണമെന്നില്ല എന്നർത്ഥം. അതാത് കാലങ്ങളിൽ ലഭ്യമായ അളവുകോൽ മാത്രമാണ് ശാസ്ത്രത്തിന്റെയും അളവുകോൽ എന്നൊരു പോരായ്മയും ഇല്ലാതില്ല. അതുകൊണ്ടുതന്നെ ഭൗതീകതയ്ക്കപ്പുറം എന്തെങ്കിലുമുണ്ടോ എന്നകാര്യവും ശാസ്ത്രത്തിന് വിശദീകരിക്കുവാൻ കഴിയില്ല.

ശാസ്ത്രവും തത്വചിന്തയും എന്നും പരസ്പരം ബന്ധപ്പെട്ടിരുന്നു എന്നതിൽ തർക്കമുണ്ടണ്ടാകാനിടയില്ല. ഇന്നും ഉയർവിദ്യാഭ്യാസത്തിൽ ശാസ്ത്ര ബിരുദങ്ങൾ നൽകുന്നത് ശാസ്ത്രത്തിന്റെ തത്വചിന്തയിൽ തന്നെയാണ്. മാസ്റ്റർ ഓഫ് ഫിലോസഫി ഇൻ സയൻസ്, ഡോക്ടർ ഓഫ് ഫിലോസഫി ഇൻ സയൻസ് എന്നിവ അതിന്റെ തെളിവുകളാണല്ലോ.

പരീക്ഷണനിരീക്ഷണങ്ങളിലൂടെ സാധ്യമായ അറിവുകൾ നമ്മുടെ ആകെ അറിവിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. എന്റെ അഭിപ്രായത്തിൽ പറയുകയാണെങ്കിൽ വിജ്ഞാനമേഖലയുടെ ഒരു ഭാഗം മാത്രമാണ് ശാസ്ത്രം. അതുകൊണ്ടാകാം ഉന്നത വിദ്യാഭാസത്തിൽ ശാസ്ത്രത്തെ തത്വചിന്തയുടെ കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നമുക്ക് അറിവുകൾ നൽകുന്ന മറ്റു വിഭാഗങ്ങളും ഉണ്ടെന്നർത്ഥം. പരീക്ഷണങ്ങൾ മാത്രമല്ല, നിരീക്ഷണങ്ങളും, അനുഭവങ്ങളുമെല്ലാം നമുക്ക് അറിവുകൾ നൽകുന്നുണ്ട്.

ഇത്രയും കാര്യങ്ങൾ പറയേണ്ടിവന്നത് ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്ന, ഒരു മതമെന്നപോലെ പെരുകുന്ന, ശാസ്ത്രവാദികളുടെ അസഹിഷ്ണുത കാണുന്നത് കൊണ്ടാണ്. ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട വൈദ്യ ശാസ്ത്രങ്ങളുടെ ശാസ്ത്രീയതയാണ് ഈ വിഷയങ്ങളിൽ യാതൊരു അറിവു പോലുമില്ലാത്തവർ ഇന്ന് ചർച്ചയാക്കുന്നത് എന്നത് അതീവ ഗുരുതരമാണ്. ഒരു ചികിത്സ തേടേണ്ടത് രോഗിയുടെ അവകാശമാണ്. അത് ഏതു വൈദ്യശാസ്ത്രം വേണമെന്ന് തീരുമാനിക്കുവാനുള്ള നിയമപരമായ അവകാശവും രോഗിക്കു തന്നെയാണ്. ശാസ്ത്രം എന്താണെന്നുപോലും കൃത്യമായി അറിയാതെ, ഏതു നിഷേധവും ശാസ്ത്രീയമാണെന്നു കരുതുന്ന ആളുകൾ നടത്തുന്ന, അവർക്കുപോലും അറിയാത്ത സംവാദങ്ങളും പ്രചരണങ്ങളും എത്ര കണ്ടു ശരിയാണെന്ന് നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


ഡോ. സുനീത് മാത്യു 

ജരാതുരം-ഭയാനകം.

 



ഈയടുത്തു വിടപറഞ്ഞ വിഖ്യാത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീമാൻ കെ ജി ജോർജ്ജിൻ്റെ വിയോഗം പലകാരണങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ശ്രീമാൻ ജോർജ്ജിൻ്റെ പല സിനിമകളും തിരക്കഥകളും കാലാതിവർത്തികളാണ്. ഇന്ത്യൻ സിനിമാലോകത്തെ പൊൻതാരകങ്ങളായി തിളങ്ങുന്നവ! ആദാമിൻ്റെ വാരിയെല്ല് എന്നസിനിമയുടെ ക്ലൈമാക്സ് സീൻ പോലൊരെണ്ണം ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവ്വം. യവനിക പോലൊരു കുറ്റമറ്റ കുറ്റാന്വേഷണ കഥ മലയാളത്തിൽതന്നെ ചുരുക്കം. പഞ്ചവടിപ്പാലം പോലൊരു ആക്ഷേപഹാസ്യ സിനിമ അതിമനോഹരം. ഇതിലൊക്കെയുപരി ഗോപി എന്ന നടൻറെ അഭിനയത്തികവ് കടെഞ്ഞെടുത്തു പുറത്തുകൊണ്ടുവന്ന സംവിധായകൻ. ധാരാളം വിശേഷണങ്ങൾ, അംഗീകാരങ്ങൾ. പക്ഷെ മരണ സമയം ഇതൊന്നുമായിരുന്നില്ല ചർച്ച. അദ്ദേഹം വൃദ്ധസദനത്തിൽ ഉപേക്ഷിക്കപ്പെട്ടവനായിരുന്നത്രെ, അന്ത്യകാലം!

വൃദ്ധസദനം എന്നത് മലയാളികൾ എന്നും, വെറുപ്പിൻ്റെയും, നന്ദിയില്ലായ്മയുടെയും, ഏകാന്തതയുടെയും, ആർത്തിയുടെയും, ചതിയുടേയുമൊക്കെ പ്രതീകമായാണ് കാണുന്നത്. കുറെയൊക്കെ കഥകളുടെയും, നോവലുകളുടെയും, സിനി മകളുടെയും സ്വാധീനത്തിൽ മനസ്സിലുറച്ചുപോയ ചില മുദ്രാഫലകിതമായ (Stereotypical) സങ്കല്പങ്ങളാണ് അവയൊക്കെ. അതുകൊണ്ടാണ് ശ്രീമാൻ ജോർജ്ജിൻ്റെ ഭാര്യക്കും മകൾക്കും ചാനലുകൾക്കുമുന്നിലിരുന്നു തങ്ങളുടെ ഭാഗം ന്യായീകരിക്കേണ്ടതായ സാഹചര്യം ഉണ്ടായത്.

ശാരീരികമായും മാനസികമായും വൈകാരികമായും വളരെയധികം വേദനകൾ നിറഞ്ഞ കാലമാണ് വാർദ്ധക്യം. ഒന്നും വിചാരിക്കുന്ന രീതിയിൽ നടക്കണമെന്നില്ല. അതിനെയൊക്കെ നേരിടാൻ സഹായം ആവിശ്യമാണ്, ചിലർക്കെങ്കിലും മുഴുവൻ സമയവും. വീടുകളിൽ ചിലപ്പോൾ അതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ബുദ്ധിമുട്ടുണ്ടാകയും. അപ്പോൾപ്പിന്നെ കെയർ ഹോമുകൾ തന്നെയാണ് ആശ്രയം. അസുഖം വന്നാൽ ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്കും പോലെയേയുള്ളൂ, കെയർ ഹോമുകളിലെ വാസം. അല്ലാതെ നന്ദിയില്ലാത്ത വീട്ടുകാർ, വൃദ്ധനെ/വൃദ്ധയെ വല്ല കെയർ ഹോമുകളിലും തള്ളി, ജീവിതം ആസ്വദിക്കുന്നു എന്ന മട്ടിലുള്ള പ്രചാരങ്ങൾ അനാവശ്യമാണ്.

സിനിമകളിൽ മാത്രം കണ്ടുപരിചിതമായ, വൃദ്ധജനങ്ങളെ കൊണ്ടുത്തള്ളുന്ന ഇടങ്ങൾ ആകണമെന്നില്ല പുതിയകാലത്തിന്റെ വൃദ്ധസദനങ്ങൾ. എല്ലാസൗകര്യങ്ങളുമുള്ള, വളരെ പ്രൊഫഷണൽ ആയിനടക്കുന്ന സ്‌ഥാപനങ്ങൾ ആകാം. പലതും വാർദ്ധക്യത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി വളരെ ശാസ്ത്രീയമായി നടത്തുന്നവ. നമ്മുടെ നാട്ടിൽ ആകുമ്പോൾ കാശുകൊടുക്കേണ്ടിവരും. കാരണം സർക്കാരുകൾ ഇതൊന്നും സൗജന്യമായി ചെയ്തുകൊടുക്കാറില്ല. പണം മുടക്കാൻ കഴിയുന്നവർ, മനസ്സുള്ളവർ, അങ്ങോട്ടുപോകുന്നതിൽ എന്താണ് തെറ്റ്? തെറ്റില്ലെന്ന് മാത്രമല്ല അതാണ് ശരിയായ രീതി.

എല്ലാ വൃദ്ധരും വൃദ്ധസദനങ്ങൾ തേടിപ്പോകണം എന്നല്ല ഇപ്പറഞ്ഞത് കൊണ്ടുദ്ദേശിച്ചതു. സാഹചര്യങ്ങളും സൗകര്യങ്ങളും അനുകൂലിക്കുന്നെങ്കിൽ അതാണ് ശരിയായ മാതൃക എന്നാണ് പറന്നത്. അതിനെ തെറ്റായി കാണേണ്ടതില്ല. അതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതാണ് പ്രധാനം.

പാശ്ചാത്യ രാജ്യങ്ങളിൽ ഏതൊരു സാധാരണ രീതിയാണ്. വയസ്സായവർക്കു ഇരുപത്തിനാലു മണിക്കൂറും പരിചരണം ലഭിക്കുന്ന, സമയപ്രായക്കാരായ വ്യക്തികളും, കുടുംബങ്ങളും, സമൂഹവുമായി, തുടർച്ചയായി ഇടപെട്ടു, സന്തോഷകരമായ ജീവിതം നയിക്കുന്ന ഇടങ്ങളാണ് ഇത്തരം സ്ഥാപനങ്ങൾ. ചിലതൊക്കെ വില്ലകൾ പോലെയോ, ഹൗസിങ് കോളനി പോലെയോ എല്ലാ സൗകര്യങ്ങളുമുള്ളവ. ഷോപ്പിംഗ്, വിനോദോപാധികൾ ഉൾപ്പെടെ സൗകര്യങ്ങൾ. സന്തോഷമായി അല്ലലില്ലാതെ വാർദ്ധക്യം കഴിക്കുന്നതാണോ? അതോ, കൊച്ചുമക്കൾക്ക് കാവൽനിന്നും, ഗർഭശുശ്രൂഷകൾ നടത്തിയും, മറ്റുള്ളവർക്ക് ഭാരമായി ദുഃഖപൂർണമായി അവസാന നാളുകൾ കഴിക്കുന്നതാണോ അഭികാമ്യം? കാലത്തിനൊത്തു മാറേണ്ടത് നമ്മുടെ ചിന്താഗതികളാണ്.

പുതു തലമുറകളെ പഴിച്ചിട്ടു കാര്യമില്ല. അവർ തിരക്കുള്ളവരാണ്. മാതാപിതാക്കളുടെ എല്ലാക്കാര്യങ്ങളും വീട്ടിൽ ഇരുന്നു നോക്കുവാൻ കഴിഞ്ഞേക്കില്ല. പാശ്ചാത്യ രാജ്യങ്ങൾ വയസ്സായവരെ ബാധ്യതകളായല്ല കാണുന്നത്. അവർ ആയകാലത്തു രാജ്യനിർമ്മാണത്തിൽ സജീവമായി പങ്കെടുത്തവരാണ്. അവരുടെ അന്ത്യകാലത്തു നോക്കേണ്ടത് സ്റ്റേറ്റിന്റെ കടമയായി പല വികസിത രാജ്യങ്ങളും കരുതുന്നു. ഇതിനുവേണ്ടി നയങ്ങളും നിയമങ്ങളും സ്ഥാപനങ്ങളും ഉണ്ടാക്കുന്നു. ഉദാഹരണത്തിന് ഓസ്‌ട്രേലിയയിലെ National Aged Care Act 1997. Department of Health and Aged Care മേല്പടി നിയമം നോക്കിനടത്തുന്നു. നമ്മുടെ രാജ്യത്തും Maintenance and Welfare of Parents and Senior Citizens Act, 2007 എന്ന നിയമം നിലവിൽ ഉണ്ട്.

പാശ്ചാത്യ രാജ്യങ്ങളിൽ ഇതു വളരെയേറെ സമയവും, കഴിവും, പണവും, ജാഗ്രതയും വേണ്ടുന്ന ഒരു മേഖലയാണ്. ശതകോടികൾ വേണ്ടിവരുന്ന സൗകര്യങ്ങൾ ഒരുക്കേണ്ടിവരും. ഔട്രേലിയയിൽ ഇവ കൂടുതലും പൊതുമേഖലയിൽ ആണ്. പിന്നെ അധികവും സന്നദ്ധ സംഘടനകൾ നടത്തുന്നവ. എല്ലാത്തിനും സർക്കാർ സഹായങ്ങളുണ്ട്. പല നിലകളിലുള്ള സേവനങ്ങൾ ലഭ്യമാണ്. കാശുള്ളവന് ഫീസുനൽകാം. അതില്ലാത്തവർക്കു തീർത്തും സൗജന്യമാണ്. രണ്ടായിരത്തി ഇരുപതിലെ കണക്കുപ്രകാരം ഓസ്‌ട്രേലിയയുടെ പതിനാറുശതമാനം ജനങ്ങളും 65 കഴിഞ്ഞവരാണ്. ഇവരിൽ പൂരിപക്ഷവും സ്വമേധയാ റിട്ടയർമെൻറ്‌ ഹോമുകളിലേക്കോ, വൃദ്ധസദാനങ്ങളിലേക്കോ പോകുന്നവരാണ്.

കേരളത്തിൽ അറുപതു കഴിഞ്ഞവർ ജനസംഖ്യയുടെ പതിനാറര ശതമാനമാണ്. അവരിൽ അധികം പേരുടെയും മക്കൾ ജോലിക്കായി കേരളത്തിന് പുറത്തോ ഇന്ത്യക്കുപുറത്തോ ആയിരിക്കും താമസം. അച്ഛനമ്മമാർ നാട്ടിൽ വീടുകളിൽ ഒറ്റയ്ക്ക്. മക്കൾ പുറത്തേക്കു പോകുന്നത് നാടുവിട്ടു ഒളിച്ചോടാനായിരിക്കില്ല. അച്ഛനമ്മമാരോടുള്ള ഇഷ്ടക്കുറവും കാരണമാകില്ല. നാട്ടിൽ സർക്കാർ ജോലി കിട്ടാൻ ഒന്നുകിൽ ദമ്പടി മുടക്കാൻ വകയുണ്ടാകണം, അല്ലെങ്കിൽ പാർട്ടികളിൽ അടുത്ത ബന്ധുക്കൾ വേണം. സ്വകാര്യമേഖലയിൽ എവിടെയാണ് കേരളത്തിൽ ജോലി? വ്യവസായികൾ കേരളം വിട്ടിട്ടു കാലം കുറേയാകുന്നു. യുവാക്കൾ ഉള്ള കഴുവും വിദ്യാഭാസവും കൊണ്ടു കിട്ടുന്ന ജോലികൾ തേടി നാടുവിടും. പിന്നെ എപ്പോഴും തിരികെ വരാൻ പറ്റിയെന്നിരിക്കില്ല.

നാട്ടിൽ ഇതുപോലുള്ള നല്ല സ്ഥാപനങ്ങൾ ഉണ്ടാകുന്നത്, എല്ലാപേർക്കും നന്നാണ്. നല്ല ചികിത്സയും പരിചരണവും കിട്ടുന്ന ഇടങ്ങൾ ഉണ്ടെങ്കിൽ എന്താണ് പ്രശ്‌നം? ആർക്കാണ് വിഷമം? കെജി ജോർജ്ജിനില്ലായിരുന്ന വേദന നാട്ടുകാർക്കും ചാനലുകൾക്കുമാണ്.

നാട്ടിലെ ഭരണാധികാരികൾ വയസ്സായവരുടെ സൗകര്യത്തിനും സമാധാനത്തിനും എന്തുചെയ്യാം എന്നുകൂടി ആലോചിക്കണം. എല്ലാത്തിലും ഒന്നാമത്തേതെന്നു തള്ളിമറിക്കുന്ന നാട്ടിൽ ഇങ്ങനെയും കുറേ നല്ലകാര്യങ്ങൾ കൂടി ചെയ്യാം. പൊതുവേ മോശമാണെങ്കിലും നന്മചെയ്യുവാൻ മനസ്സും അധികാരവും ഉള്ള ധാരാളം ഉദ്യോഗസ്ഥർ ഇനിയും ബാക്കിയുണ്ട് നാട്ടിൽ. അവരിൽ മാത്രമാണ് നാടിൻ്റെ പ്രതീക്ഷ.

വാർദ്ധക്യം ജീവിതത്തിന്റെ ഭാഗമാണ്. അതിനെ വരവേൽക്കാതെ തരമില്ല. അതിനെ എങ്ങനെ നന്നാക്കാം എന്നാണ് നോക്കേണ്ടത്. അതിനെ ഭയാനകമാക്കാതെ, ഭാവനാസമ്പന്നമാക്കാം, സുന്ദരമാക്കാം. ഈ പഴഞ്ചൻ ചിന്താഗതികൾ മാറ്റി വാർദ്ധക്യവും ചെറുപ്പമായി തുടങ്ങണം!

“Old age is like everything else. To make a success of it, you’ve got to start young.” Theodore Roosevelt

സുമേഷ് രാമചന്ദ്രൻ

സ്വപ്‌നം

 



ഇന്നലെയുറക്കത്തിൽ

എന്റെ മരണം കണ്ട് ഞാൻ

ഞെട്ടിയുണർന്നു നോക്കി


തലയ്ക്കു പകരം കണ്ടതൊരു

ബലിക്കല്ലിലേക്ക് കൊണ്ട്

പോകാൻ കരുതി വച്ചോരാടിന്റെ

തലയുമുടലിനു പകരം

വറ്റി വരണ്ട നീർച്ചോലയുമായിരുന്നു..


ചോര ചാലു പോലെ

ഒഴുകി വരുന്നുണ്ടായിരുന്നു..

മഴയ്ക്ക് മുന്നേ ചത്ത

മൂന്ന് ഈയാം പാറ്റകൾ

ചോരപ്പുഴയിൽ ഒഴുകി പോകാതെ

പിടിച്ചു നിൽപ്പുണ്ടായിരുന്നു..


ചിറകൊടിഞ്ഞ മഴയ്ക്ക്

പകരം വയ്ക്കാനില്ലാതെ

വെളുത്ത രക്തത്തിന്റെ

മുഷിപ്പിക്കുന്ന

മൂക്ക് തുളക്കുന്ന

ഗന്ധം പരത്തുന്ന പാറ്റകളെ തിന്നാനെത്തുന്ന

ശവംതീനിയുറുമ്പുകൾ

എനിക്കൊരു പായ

നീർത്തി ഇട്ടിരുന്നതിലാണ്

ഞാൻ കിടന്നുറങ്ങുന്നത്..


എന്റെ ശരീരത്തിനാകെ

ഇന്നലെ പൂത്തു വാടിയ

ശവംനാറി പൂക്കളുടെ മണം..


തുടയിടുക്കിൽ തിരുകിയ

ഒരു മുഷിഞ്ഞ മുണ്ടിൽ

നിറഞ്ഞു കവിഞ്ഞൊഴുകുന്ന

കട്ട പിടിച്ച രക്തമെന്റെ

പാവാടയിൽ വരച്ചിട്ട ചിത്രം

ഒരുഗ്രസർപ്പത്തിന്റെ പോലെയായിരുന്നു..


ആകെയുഷ്ണിച്ചു വിയർത്തു

ഞാൻ ഞെട്ടിത്തരിച്ചു

നോക്കുമ്പോൾ

ഒരലക്കുകാരി മുഷിഞ്ഞ

കറുത്ത് പിഞ്ഞിയ

വസ്ത്രങ്ങളെ കോരിയെടുത്തു

നടന്നു പോകുന്നു..


എന്റെയുടലും നിഴലായി

ഇഴ പിരിഞ്ഞു പോകുന്നു..

വീണ്ടുമിരുട്ടിൽ എനിക്ക്

കനം വയ്ക്കുന്നു..


ഒറ്റയ്ക്ക് വള്ളി പൊട്ടിയ

ചെരിപ്പും ഏത്തി വലിച്ചു

പൊട്ടിയ കുപ്പിച്ചില്ലിന്

മുകളിലൂടെ വെളുത്ത

രക്തം പുറംതള്ളി

ഞാൻ നടന്നു നീങ്ങുന്നു..


ആതിര തീക്ഷ്ണ

മൂന്നു കവിതകൾ

 

തിരിഞ്ഞുനോട്ടം


ഇടയ്ക്കൊന്ന് തിരിഞ്ഞുനോക്കണം

വഴിയിൽ എവിടെയോ

നീര് വറ്റിയൊരു ഹൃദയം

പാരണ തേടുന്നുണ്ടെങ്കിലോ..?

വിരഹത്തീയിൽ ഉരുകിയുരുകി ഇല്ലാതാവുന്നുണ്ടെങ്കിലോ..?

അവിടെയൊരു പുഞ്ചിരിയായെങ്കിലും പെയ്തുനിറയാൻ കഴിഞ്ഞാലോ…?


കഥ


കഥയില്ലാത്തവളെന്ന്‌

നിങ്ങൾ വിളിച്ചവൾക്കും

പറയാനുണ്ടായിരുന്നു

കനലുപോലെ വെന്തുരുകി കരിഞ്ഞുപോയ കഥകൾ…


ഇലഞ്ഞിപൂക്കൾ


എന്റെ സായാഹ്നങ്ങൾക്ക്

ഇന്നും

ഇലഞ്ഞിപ്പൂ മണമാണ്..

നീ അവിടെയും വന്ന് പോകാറുണ്ടല്ലേ…?


 


ശ്രീലക്ഷ്മി എൻ. ആർ.

ദയയില്ലാത്ത ഞണ്ട്

 

ഈ മുറിയിലെ തണുപ്പ് പുതപ്പിനുള്ളിലൂടെ അരിച്ചരിച്ച്, എന്റെ എല്ലുകളിൽ കയറി താമസമാക്കുന്നത് പോലെ തോന്നി. കിടക്കയുടെ വലതുവശത്തെ ചെറിയ ടീപ്പോയിൽ ഇരിക്കുന്ന, ടൈം പീസിൽ നോക്കാതെ തന്നെ എനിക്കിപ്പോൾ സമയമെത്രയായിയെന്ന് അറിയാം. കൃത്യമായ സമയമല്ല. ഏകദേശം ഒരു ഊഹം. ഏതാണ്ട്, മൂന്ന് മണിയോളം ആയിട്ടുണ്ടാകും. ഞാൻ, പ്രതീക്ഷിച്ചത് പോലെ തന്നെ, അഞ്ചോ പത്തോ മിനിറ്റുകൾക്ക് ശേഷം, എന്റെ മൊബൈലിൽ അമ്മയുടെ നമ്പർ തെളിഞ്ഞു.

” നീ, ടെൻഷൻ ഒന്നും ആവണ്ട. അവള് പോയി. ”

ഞാൻ, മറുപടി ഒന്നും പറയാതെ ഫോൺ വെച്ചു. എനിക്കെന്ത് ടെൻഷൻ? ഞാൻ ഈ ഫോൺ വിളി പ്രതീക്ഷിക്കുകയായിരുന്നു. ഇത് വന്നില്ലായിരുന്നുവെങ്കിൽ ഈ ദിവസത്തെ കുറിച്ചുള്ള എല്ലാ പ്ലാനിങ് ഉം തെറ്റിപ്പോകുമായിരുന്നു. എന്റെ അടുത്ത് കിടന്നുറങ്ങുന്ന പ്രദീപിനെ നോക്കി. അയാൾ ഉറങ്ങട്ടെ. ഇപ്പോൾ പറയണ്ട. പറഞ്ഞാലും,

” ആണോ?” എന്ന് തീരെ ഞെട്ടൽ ഇല്ലാതെ ചോദിച്ചേക്കും. രണ്ട് നിമിഷങ്ങൾ കൂടി അയാളെ നോക്കി. കലണ്ടറിൽ ഇന്നത്തെ ദിവസം വട്ടം വരച്ച് ഇട്ടിരുന്നു. ഈ മരണം അത്ര ആകസ്മികമൊന്നുമല്ല. എല്ലാവരും പ്രതീക്ഷിച്ചതാണ്. എന്റെ കല്യാണമോതിരം ഊരി വെച്ചുകൊണ്ട് ഞാൻ ഷവറിന് കീഴിലായി നിന്നു.

” അവര്, പെണ്ണുകാണാൻ വരും അല്ലേ? നീ ഭാഗ്യവതിയാണ്. സ്നേഹിച്ച ആളേ തന്നെ വിവാഹം ചെയ്യുവാൻ കഴിഞ്ഞല്ലോ. ങ്ഹാ “.

രണ്ടുവർഷങ്ങൾക്ക് മുൻപ് അവൾ ഉതിർത്ത ആ നെടുവീർപ്പിന്റെ ശബ്ദം, എന്റെ കാതുകളെ വരിഞ്ഞുമുറുക്കി.

” അയാള് ഇല്ലേ? ഒരൂസം എനിക്കൊരു മെസ്സേജ് അയച്ചിരുന്നു. എന്നെ മറന്നിട്ടില്ലയെന്നും, എന്നെ ഓർക്കുന്നുണ്ടെന്നും, സുഖമായിരിക്കുന്നുവെന്ന് കരുതുന്നുവെന്നും പറഞ്ഞു. മൂന്നേ മൂന്ന് വാചകം. ”

എനിക്കൊട്ടും ദുഃഖം തോന്നിയില്ല. ചേച്ചിയ്ക്ക് അതുകൊണ്ട്, നല്ലൊരു ഭർത്താവിനെ കിട്ടിയല്ലോ. പിന്നെ, വീട്ടുകാരുമായുള്ള വഴക്ക്. അതിപ്പോൾ ഭർത്താവ് വിചാരിച്ചാൽ മാറാവുന്നതേ ഉള്ളൂ. അതല്ലെങ്കിലും, വിനോദേട്ടനും ലക്ഷ്മി ചേച്ചിക്കും, ചേച്ചിയുടെ വീട്ടിൽ നിൽക്കാമല്ലോ. പുള്ളിക്കാരി ഒറ്റ മകളല്ലേ?

പുറത്ത്, ചെറിയൊരു ചാറ്റൽ ഉണ്ട്. ടർപ്പായ നന്നായി വലിച്ചു കെട്ടിയിട്ടില്ലെന്നു തോന്നുന്നു. ഇന്നത്തെ ദിവസം എനിക്ക് ഓർമ്മയുണ്ട്. ഇന്ന് നക്ഷത്രം ചിത്തിരയാണ്‌. എന്റെ അമ്മ പോലും അത് ഓർമ്മിക്കാത്തതിൽ എനിക്ക് അരിശം തോന്നി. കരഞ്ഞുകലങ്ങി, ഒരു പുഴ അടുത്തുകൂടെ ഒഴുകുന്നുണ്ട്. മുറ്റത്തെ ഏക വെള്ളച്ചാമ്പയിൽ നിറയെ ചാമ്പങ്ങ ഉണ്ട്.

” എനിക്ക് ഒറ്റയ്ക്ക് കളിക്കാൻ ആണ് ഇഷ്ടം. നീ നിന്റെ വീട്ടിൽ പോ ”

ലക്ഷ്മി ചേച്ചി, എനിക്കൊരു ഉന്തു തന്നതും ഞാൻ വീണതും, പിന്നെ അമ്മാവൻ ചാമ്പങ്ങ പൊട്ടിച്ചു തന്നു കരച്ചിൽ മാറ്റിയതുമെല്ലാം ഓർത്തു. അന്നും എന്റെ പിറന്നാൾ ആയിരുന്നു. എന്റെ പത്താം പിറന്നാളിനും, ഇരുപത്തിരണ്ടാം പിറന്നാളിനും എന്നെ കൃത്യമായി കരയിച്ചവൾ കിടക്കുന്നത് കണ്ടില്ലേ?

” ദെണ്ണം ആയിരുന്നൂലോ, കൊറേ സ്ഥലത്ത് ഒക്കെ കൊണ്ടോയി, ഒരു കൊച്ചുപോലും ഇല്ലാത്തതാ കഷ്ടം. പാവം, ഒരു ചെറുപ്പക്കാരന്റെ ജീവിതം പോയി. ”

” ഗർഭം ണ്ടായിരുന്നൂലോ, ന്നട്ടോ? ”

” എട്ടാം മാസം ആയപ്പോൾ ഓപ്പറേഷൻ ചെയ്തു കളഞ്ഞില്ലേ? മൂന്നാമത്തെ ആയിരുന്നു. അപ്പൊ ആണത്രേ രോഗം അറിഞ്ഞേ ”

എന്റെ കണ്ണു വീണ്ടും അവളുടെ കൈകളെ പരതി. അതിൽ മീൻ വരയുന്നത് പോലെ കൃത്യമായി അഞ്ച് വരകൾ ഉണ്ടായിരുന്നു. ആ വയനാടുകാരനെ കല്യാണം കഴിച്ചേ പറ്റൂന്നു പറഞ്ഞു പ്രശ്നം ഉണ്ടാക്കിയ അവൾ വലിയ ധൈര്യക്കാരി ആയിരുന്നു. പതിനെട്ടിന്റെ ധൈര്യം, ഇരുപത്തിയെട്ടിൽ ഉണ്ടാകണമെന്ന് നിർബന്ധം ഇല്ലെന്ന് അവളെന്നോട് ചിരിക്കുന്നത് പോലെ തോന്നി. എന്റെ കണ്ണുകൾ പൊടുന്നനെ നിറഞ്ഞുവന്നു. അവളുടെ മൂക്കിന്മേൽ എന്താണ് ഒരു പ്ലാസ്റ്റിക്ക് കെട്ട്? ഞാൻ സൂക്ഷിച്ചു നോക്കി, കടുത്ത മഞ്ഞ നിറത്തിൽ പഴുപ്പ് അടിഞ്ഞിരിക്കുന്നതാണ്. അവൾ സുന്ദരിയായിരുന്നു. അതോർത്തപ്പോൾ മാത്രം എന്റെ കണ്ണുകൾ നനഞ്ഞു.

” നീ, ഇത് കണ്ടോ? ടി ടി സി യ്ക്കും ണ്ട്, ഇങ്ങനെ കുറെ നൂലാമാലകൾ. ഇതു കണ്ടോ, ഇത് മീനിന്റെ ചെതുമ്പൽ കൊണ്ട് ഉള്ളതാണ്.”

അവസാനം കാണുമ്പോൾ എന്നോട് പറഞ്ഞതാണ്. എനിക്ക് ആവശ്യം ഇല്ലെങ്കിൽ കൂടിയും ഞാൻ വെറുതേ അന്നതിന്റെ ഫോട്ടോസ് എടുത്തു വെച്ചു. ആ ഫോട്ടോസ് ഒന്നു കൂടി നോക്കുവാൻ മനസ്സ് പറഞ്ഞു. അമ്മായി ഒഴികെ മറ്റാരും ആർത്തലച്ചു കരയുന്നൊന്നും ഇല്ല. കിടന്നു നരകിക്കുന്നതിലും നല്ലതല്ലേ എന്നൊരു ധ്വനി എല്ലാവരുടെയും കണ്ണിലും മുഖത്തും ഉണ്ടായിരുന്നു.

” നീ, വെഷമിക്കണ്ട ലക്ഷ്‌മി, ഇതൊക്കെ മാറും. എത്രയോ പേര് ഇപ്പോഴും മാറി സുഖായി ജീവിക്കുന്നു. മ്മടെ അജയൻ ചേട്ടന്റെ ഓപ്പോൾടെ കാര്യം എടുത്തൂടെ? മൊല മുറിക്കെന്ടിം വന്നു. ന്നാലും ജീവനോടെ ണ്ടല്ലോ. ”

” ഹേയ്, ഞാൻ രക്ഷപെടൽ ഒന്നും ണ്ടാവില്ല അമ്മായി. ഈ ജന്മം ഇങ്ങനെ വേദന തിന്നു തീരും. ”

അമ്മയുടെ അടക്കിപ്പറച്ചിലുകളിൽ ഇതൊക്കെ എനിക്കും കേൾക്കാം. ചിത കൂട്ടുന്നത്, ഞാൻ വെറുതേ നോക്കി. എന്റെ ദഹനം ആണവിടെ സംഭവിക്കുന്നതെന്നോർത്തു. ഉള്ളിൽ ഒരു ഭയം. എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.

” ഇനി, ആരേലും ണ്ടോ? എള്ളും പൂവും ഇടാൻ. ”

ആരോ വിളിച്ചു ചോദിച്ചു. ഞാൻ എള്ളും പൂവുമിട്ടു, വലംവെച്ചു. കൈകൂപ്പി, ഒന്നും പ്രാർത്ഥിച്ചില്ല. അയാൾ, അറിഞ്ഞോയെന്ന്, ആ മുഖം വീണ്ടും തിരക്കുന്നത് പോലെ തോന്നി.

” എടി കുക്കൂ, നമുക്ക്, അടുത്ത തവണ നീ വരുമ്പോ, ചേലാമറ്റത്ത് പോണം. ന്തോ, രമേശമ്മാമനെ സ്വപ്നം കാണുന്നു. ”

അച്ഛനെ ഞാൻ കണ്ടിട്ട്, ഒത്തിരിയായി. അച്ഛനോട് പറയുവാൻ ഭയപ്പെട്ടിരുന്നതൊക്കെ, ലക്ഷ്മി ചേച്ചിയോട് പറഞ്ഞു വിടാമായിരുന്നു. അതെങ്ങനെ? അന്നു ഫോട്ടോ എടുത്തു പോന്നതിൽ പിന്നെ ഞാൻ ആളേ കണ്ടിട്ടേ ഇല്ല.

” ദീപ്തി, വാ നമുക്ക് ഇറങ്ങാം. എനിക്ക് തിരക്കുണ്ട്. ”

പ്രദീപ് വന്നു വിളിച്ചു. അമ്മായിയുടെ കൈയിൽ വെറുതേ മുറുക്കെ പിടിച്ചു. പോകുന്നു, എന്നൊന്നും പറയാൻ തോന്നിയില്ല. പ്രദീപ് ഫോണിൽ തന്നെ ആയിരുന്നു. കനപ്പെട്ടു നിന്ന ആകാശം ഇനി വയ്യെന്ന് പറഞ്ഞു, ഉറക്കെ കരഞ്ഞു തുടങ്ങി. എന്റെ കണ്ണുകളും നിറഞ്ഞു ഒഴുകി.

ഞാൻ പ്രദീപിനെ നോക്കി. അയാൾ, അന്നു വൈകുന്നേരം, കമ്പനി നടത്തുവാനിരിക്കുന്ന പാർട്ടിയെ കുറിച്ച് ഫോണിൽ സംസാരിക്കുകയായിരുന്നു.

” നിന്റെ, ഭാഗ്യം. ഇഷ്ടപ്പെട്ട ആൾക്കൊപ്പം കഴിയാൻ പറ്റിയില്ലേ? ”

ലക്ഷ്മിചേച്ചി, എനിക്ക് പുറകിൽ അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു. ഈ മഴ അവസാനിക്കരുതേയെന്ന് മാത്രം ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അവളുടെ ദേഹം ഇപ്പോൾ ചാരമായിക്കാണും. ഞാൻ ഓർത്തുകൊണ്ടിരുന്നു. എനിക്ക് അപ്പോഴാണ് മറ്റൊന്ന് ഓർമ്മ വന്നത്. ആ ചിത യുടെ തൊട്ടരികിൽ ഒരു ഞണ്ട് ഉണ്ടായിരുന്നു. ചൂട് ഭയമില്ലാത്ത, ആരേയും ഞെരുക്കി കൊല്ലുവാൻ പാകത്തിന് കരുത്തുള്ള ഒരു കറുത്ത ഞണ്ട്.


ഹരിത. ആർ.

അന്ധകാരം പേറിയ മനസ്സുകൾ

 


പതിവുപോലെ വന്ന ഫോൺ കാൾ . ഞാൻ സംസാരിച്ചുകൊണ്ട് എഴുന്നേറ്റു വീടിന്റെ ഉമ്മറത്തേക്ക് ചെന്നു. അപ്പോളാണ് അമ്മയുടെ ശകാരം നിറഞ്ഞ ചോദ്യം ഉയർന്നത് .

“ഒരു പെണ്ണായ നീ ഉറക്കം ഉണരേണ്ട സമായമാണോ ഇത്?”

ഞാൻ അപ്പോളാണ് ക്ലോക്കിൽ നോക്കിയത് സമയം ഒമ്പത് മണി കഴിഞ്ഞു , എന്ത് മറുപടി പറയണം എന്നറിയില്ല. വീട്ടിൽ എത്തിയാൽ ഇത് പതിവാണ് രാത്രി ഏറെ വൈകിയുള്ള ഉറക്കവും വൈകിയുള്ള എഴുന്നേൽപ്പും. അതുകൊണ്ട് തന്നെ അമ്മയുടെ ശകാരവാക്കുകൾ മാത്രമാണ് രാവിലത്തെ സുന്ദരഗീതം.

“രാത്രി പന്ത്രണ്ട് മണികഴിഞ്ഞാലും ഉറങ്ങാതെ അങ്ങിരുന്നോളനം , നീ ഒരു പെണ്ണല്ലേ? രാത്രിയിൽ മുറിയിൽ ലൈറ്റും ഇട്ട് ഇങ്ങനെ ഇരിക്കുന്നത് കണ്ട് അയല്പക്കക്കാർ പലപ്പോഴും ചോദിച്ചിട്ടുണ്ട് നിന്റെ മോൾക്കെന്താ രാത്രിയിൽ പണിയെന്നു. ഇന്നലെ തന്നെ അപ്പുറത്തെ സരോജിനി ചോദിച്ചു പുലർച്ചെ ഒരു വണ്ടി വന്നല്ലോ ആരാ വന്നതെന്ന്?  നിന്നോട് പലപ്പോളും പറഞ്ഞിട്ടുണ്ട് രാത്രി ഉള്ള ഈ നടത്തം നിർത്താൻ നീ കേൾക്കില്ലല്ലോ.. എന്നെ പറയിപ്പിക്കാൻ എല്ലാവരോടും മറുപടി പറഞ്ഞു മടുത്തു ഞാൻ”.

എല്ലാം കേട്ട് ഞാൻ അങ്ങനെ നിന്നു തിരിച്ചൊന്നും പറയാൻ പോയില്ല . കാരണം ഇതെപ്പോളും കേൾകുന്നതായത് കൊണ്ട് തന്നെയാ. ശരിക്കും എനിക്ക് മൂക്കത്താണ് ശുണ്ടി എന്നിട്ടും ഞാൻ ഇന്ന് ശാന്തയായി കേട്ടു നിന്നു. എന്റെ മനസ്സിൽ കുറേ ചോദ്യങ്ങൾ ഉയർന്നു,

“പെൺകുട്ടികൾക്ക് രാത്രിയിൽ മുറിയിൽ ലൈറ്റ് ഇട്ട് ഇരിക്കാൻ പാടില്ലേ? സന്ധ്യ കഴിഞ്ഞാൽ വീടിനു പുറത്തിറങ്ങാൻ പാടില്ലേ? രാത്രി കാലങ്ങളിൽ യാത്രകൾ പാടില്ലേ? പെണ്കുട്ടികൾക് എന്താ ഇതിനൊക്കെ നിയാത്രണം? പലപ്പോളും ഈ സമൂഹത്തിനു നേരെ ഒരു ശരം പോലെ തൊടുക്കാൻ എന്റെ മനസ്സിൽ സജ്ജമായ ചോദ്യങ്ങളായിരുന്നു ഇതൊക്കെ.

“ഇത് നിന്റെ മുംബൈ അല്ല കേരളം ആണ് ഇവിടെ ജീവിക്കുമ്പോൾ മര്യാദയ്ക് പെണ്ണായി നടക്കണം”

അത് കേട്ടപ്പോഴാണ് എന്റെ മനസ്സ് വല്ലാതങ്ങ് അസ്വസ്ഥമായത്. മുംബൈയിലും കേരളത്തിലും മനുഷ്യർ തന്നെ അല്ലെ? അല്ല അതിൽ വല്ല മാറ്റവും ഉണ്ടോ ആവോ .. എന്തായാലും അമ്മയുടെ ചിന്താഗതികൾ കൊള്ളാം. പലപ്പോളും പ്രതികരിച്ചിട്ടും പഴിയാണ് ഞാൻ ഏറ്റു വാങ്ങിയത് അതുകൊണ്ടു തന്നെ ഇപ്പോൾ ഒന്നിനോടും പ്രതികരിക്കാൻ പോകാറില്ല.

“ചായ വേണേൽ ഉണ്ടാക്കി കുടിച്ചോ. എനിക്ക് വയ്യ ഉണ്ടാക്കിത്തരാൻ”

“എന്റെ പൊന്നമ്മ ഒന്ന് പോയേ ഞാൻ ഉണ്ടാക്കി കുടിച്ചോളാം”

പെട്ടന്നുതന്നെ ബ്രെഷ് എടുത്ത് വീടിന്റെ പുറത്തേക്കു പോയി അപ്പോളാണ് കുറേ സ്ത്രീകൾ  വീട്ടിലേക് വന്നത് അതിൽ ഒരു സ്ത്രീ ചോദിച്ചു

” അമ്മ ഏടപ്പോയിന് മോളെ?”

“ഇവിടുണ്ടല്ലോ”

“നീ എപ്പം വന്നിന്?”

“2ദിവസമായി”

“എപ്പ പോകും”

“നാളെ”

ഞാൻ മുറിയിലേക്കു നടന്നു , തൊഴിലുറപ്പു പദ്ധതിക്ക് വന്ന സ്ത്രീകളായിരുന്നു . അതികം സംസാരിച്ചു നിന്നാൽ അവർ മനസ്സ് കീറിമുറിച്ചു കാര്യങ്ങൾ എടുക്കും അതിനു മുന്നേ ഞാൻ അവിടുന്ന് രക്ഷപ്പെട്ടു.

“ഇതേതാ പെണ്ണ്?”

കൂട്ടത്തിൽ ഒരു സ്ത്രീ ചോദിച്ചു .

“നിനക്കറിലെ ജാനകി ഈടത്തെ  അവരെ മോളാ”

“ഏത് ആ ബോംബകാരി പെണ്ണാ! ”

“അഹ് ഓളന്നെ , ഓളിപ്പം ഈടത്തന്നെ ഉണ്ട്‌. നാട് ചുറ്റി നടക്കുന്നു”

ഇതൊക്കെ കേട്ട് എനിക്ക് ചിരിയാണ് വന്നത് . എന്തൊരു സമൂഹം !!

ആ സ്ത്രീകളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല . ഈ കാസർഗോഡ് ഓണം കേറാമൂലയിൽ  ഈ കുഗ്രാമത്തിൽ   കൂപമണ്ഡൂഗങ്ങളായി ജീവിക്കുന്നവരെ ഞാൻ എന്ത് പറയാനാ. ഇവിടത്തെ സ്ത്രീകൾ പലരും അടുത്ത ജില്ലയായ കണ്ണൂർ പോലും കണ്ടിട്ടുണ്ടാകില്ല , ഏയ് അതിനു ചാൻസ് കുറവാ കാരണം എല്ലാവരും പറശ്ശിനിമുത്തപ്പൻ മടപ്പുരയിൽ പൊയ്ക്കാണും , അപ്പോൾ കണ്ണൂർ വരെ കണ്ടിരിക്കും അങ്ങനെയുള്ളവരോട് ഞാൻ പ്രതികരിക്കാൻ പോകുന്നതിൽ കാര്യമില്ലല്ലോ?

ഞാൻ ഒരു കപ്പ് ചായയും എടുത്ത് സിറ്റ്ഔട്ടിൽ ചെന്നിരുന്നു. വേറെ പണിയൊന്നും ഇല്ലാത്തത്കൊണ്ട് മുഖപുസ്തകത്തിൽ കയറി ഇരിപ്പ് തുടങ്ങി. അപ്പോളാണ്  ആ സ്ത്രീകളുടെ സംസാരം ഞാൻ കേട്ടത്.

“ജാനകി നീ അറിഞ്ഞോ പാടിഞ്ഞാറിലെ ഭവാനിയുടെ മോളില്ലേ ആ ഡിഗ്രിക്കാരി ”

“അതേതാ ശാന്തേ അങ്ങനൊരു പെണ്ണ്”

“അല്ലപ്പ നിനക്കറിയാന്ന് , നിന്റെ ഇളയ പെണ്ണിന്റൊപ്പം  പഠിച്ചിന് ഓളല്ലേ , അതെന്നു”

“അഹ് ആരേലും ആവട്ടെ  നിങ്ങള് കാര്യം പറയ്”

ആ പെണ്ണില്ലേ ഖാദറിക്കാന്റെ മൂത്ത ചെക്കന്റെ കൂടെ എപ്പോം കറക്കമാന്ന്..ഇന്നലെ എന്റെ മോള് പറഞ്ഞതാ”

“അയ്യോ അന്നോ , നന്നായി ആ ഭവാനിക്ക് കളി ഇത്തിരി കൂടുതലാ ആ പെണ്ണ്  ആ മാപ്പിളേന്റെ ഒന്നിച്ചങ് പോയാമതിയായിരുന്നു എന്റെ ക്ഷേത്രപാലകാ..”

അയ്യോ!!ദൈവമേ ഇതൊക്കെ എന്താ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല ഇങ്ങനെയും സ്ത്രീകളോ…ശാന്ത ചേച്ചീ പെട്ടന്നു ഉമ്മറത്ത് വന്നു.

അമ്മയെ അന്വേഷിച്ചു..  അമ്മ  അടുക്കളയിൽ ഉണ്ട് എന്ന് ഞാൻ കൈ കൊണ്ട് ആക്ഷൻ കാണിച്ചു അപ്പോളേക്കും ചാടി വീടിന് അകത്തേക്ക് കയറി.

എനിക്ക് അപ്പോൾ രസകരമായി തോന്നിയ ഒരു കാര്യം അപ്പോൾ അവിടെ സംഭവിച്ചു എന്താണെന്നോ..

പരദൂഷണ കമ്മിറ്റി അടുത്ത ചർച്ച തുടങ്ങി,

“എന്റെ ജാനകി ഈ ശാന്ത എന്താ നല്ലോളാ, സ്വന്തം കാര്യം ആരും അറിയില്ല എന്നാ ഓൾടെ വിചാരം… ഓൾടെ വീട്ടില് രാത്രില് ആരൊക്കെയോ വരുന്നുണ്ടെന്നോ പോകുന്നുണ്ടെന്നോ എന്നൊക്കെ  ക്ലബ്ബിലെ ചെക്കമ്മാര്  പറയിന്നുണ്ടായിന് എനക്കൊന്നും അറീലാട്ടാ”

എനിക്ക് ഇതൊക്കെ കേട്ടപ്പോൾ ചിരിയടക്കാൻ കഴിഞ്ഞില്ല എന്തൊരു സമൂഹം..

സീരിയൽ കഥകൾ, അയൽപക്കത്തെ വീട്ടിലേ കഥകൾ അങ്ങനെ പലതും പറയുന്ന  സ്ത്രീകളുടെ കലപില ശബ്ദങ്ങൾ എന്റെ കാതിൽ മുഴങ്ങികൊണ്ടേയിരുന്നു. തൊഴിലുറപ്പ് പദ്ധതി എന്നാണ് പേര്,  എന്നാൽ ഇവിടെ നടക്കുന്നതോ തൊഴിലിരിപ്പിന്റെയും പരദൂഷണത്തിന്റെയും വേദി .”ഞാനൊന്നും കണ്ടില്ല കേട്ടില്ല മിണ്ടില്ല”…. ഞാൻ പിന്നെ ഒന്നിനും ചെവികൊടുക്കാതെ എന്റെ പ്രവർത്തിയിൽ  മുഴുകി.

പെട്ടന്നാണ് ഒരു നാൽപ്പത് നാല്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ വീടിന്റെ മുറ്റത്തു വന്നു നിന്നു.. ഞാൻ പെട്ടന്ന് ചോദിച്ചു,

“എന്താ ചേച്ചീ”

ചിരിച്ചു കൊണ്ട് എന്നെ നോക്കിയതല്ലാതെ ഒന്നും ആ സ്ത്രീ സംസാരിച്ചില്ല..

“അമ്മാഇതേ ഒരാൾ ”

“എന്തിനാ കിടന്നു കൂകിവിളിക്കുന്നെ”

“അഹ് നീയായിരുന്നോ  നീ എന്തിനാ മുറ്റത്തു നിൽക്കുന്നെ  ഈട കേറിയിരിക്.”

അത് കേൾക്കേണ്ട താമസം ആ സ്ത്രീ ഉമ്മറത്തെ കസേരയിൽ കയറി ഇരുന്നു

ഇതാരാ ?എന്തിനാ വന്നേ? അങ്ങനെ പലചോദ്യങ്ങൾ മനസ്സിൽ ഉയർന്നു..

പെട്ടന്ന് തൊഴിലുറപ്പു പദ്ധതിക്ക് വന്ന ഒരു പ്രായംചെന്ന അമ്മ വന്നു ആ സ്ത്രീയോട് പറഞ്ഞു

“മോളെ ഈടന്നെ ഇരിക്കണെ  പോകല്ലേ ഏടീം”

ആ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ആ സ്ത്രീ ചിരിച്ചുകൊണ്ട് തലയാട്ടി..

ഞാൻ ആ അമ്മയുടെ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിച്ചു

“എന്റെ മോളാ സുഖമില്ലാത്ത പെണ്ണാ”

ഇത്രയും പറഞ്ഞുകൊണ്ട് ആ അമ്മ പണിയെടുക്കാൻ പോയി,

അപ്പോളാണ് ഞാൻ എ സ്ത്രീയെ ശരിക്കും നോക്കിയത്  കഷ്ടം തോന്നിപ്പോകും ആർക്കും , ഭിന്നശേഷിയുള്ള ആ യുവതി  എന്തൊക്കെയോ പറയുന്നു തനിയെ ചിരിക്കുന്നു ..

അമ്മ പെട്ടന്ന് ചായയും പലഹാരങ്ങളുമായി വന്നു അവർക്ക് കൊടുത്തു , ഈ കാര്യത്തിൽ അമ്മയെ സമ്മതിക്കണം. എനിക്ക് ഒരു ഗ്ലാസ് ചായ ഉണ്ടാക്കി താരാൻ കഴിയില്ല എന്ന് പറഞ്ഞ ആളാണ് ഇപ്പോൾ അവർക്കു ചായയും പാലഹാരവും.. സുഖമില്ലാത്ത ആളായതുകൊണ്ടാകും അല്ലേ..

“നീ ചായ കുടിക്കുന്നില്ലേ”

“അഹ് കിട്ടിയാൽ കുടിക്കാം”

“നിന്റെ കയ്യിൽ വാദം ഒന്നും പിടിച്ചിട്ടില്ലല്ലോ, നീ അണല്ലല്ലോ എടുത്തു തരാൻ വേണേൽ പോയി എടുത്ത് കഴിക്ക്”

ഇത് കേട്ടതും എനിക്ക് ദേഷ്യം വന്നു എങ്കിലും മിണ്ടാതങ്ങിരുന്നു.

വീണ്ടും ഒരു ചിന്ത മനസ്സിൽ, ഈ ആണുങ്ങളുടെ കൈക്ക് വല്ല പ്രത്യേകതയും ഉണ്ടോ ? അവർക്ക്  ഭക്ഷണങ്ങൾ എടുത്ത് കഴിക്കാൻ പറ്റില്ലേ? ഈ പെണ്ണിന് മാത്രം ഇതൊക്കെ പറ്റു ഓഹ് എനിക്ക് വയ്യ .. പെണ്ണായി ജനിക്കണ്ടായിരുന്നു.. അടുത്ത ജന്മത്തിൽ ഒരു ആണായി ജനിച്ചാൽ മതിയായിരുന്നു . അല്ല അങ്ങനൊരു പുനർജ്ജന്മം ഉണ്ടോ ആവൊ എന്തേലും ആകട്ടെ..

അമ്മയുടെ പുറകെ ഞാൻ അകത്തേക്ക് പോയി,

“അമ്മാ , അവരെന്തിനാ ഇവടെ വന്നേ, ?

“അവർക്കെന്താ ഇവിടെ വന്നാൽ”

“അതല്ല അമ്മാ വയ്യാത്ത ചേച്ചിയല്ലേ”

“അഹ് അതുകൊണ്ടാ ഇങ്ങോട്ട് കൊണ്ടുവന്നെ, ആ അമ്മയുടെ ഒറ്റ മോളാണ് , അവർക്ക് വേറെ ആരും ഇല്ല ഭർത്താവു മരിച്ചു അസുഖക്കാരിയായ  ആ മോളേ ഉള്ളു”

അങ്ങനെ അമ്മ അവരുടെ ജീവിതം വിവരിച്ചു തുടങ്ങി . കേട്ട് കഴിഞ്ഞപ്പോൾ സങ്കടം തോന്നി അതിലേറെ ഈ സമൂഹത്തോട് പുച്ഛം തോന്നി ..  ചോർന്നൊലിക്കുന്ന അടച്ചുറപ്പില്ലാത്ത വീടും , അസുഖകാരിയായ ഒരു മകളും മാത്രം സംബാധ്യമായി ഉള്ള ആ അമ്മ… ജീവിതം കഷ്ടപ്പെട്ട് മുന്നോട്ട് കൊണ്ട് പോകുന്നു.  സുഖമില്ലാത്ത ആ യുവതിയെ അടച്ചുറപ്പില്ലാത്ത ആ ഒറ്റമുറിക്കുള്ളിലാക്കിയിട്ടാണ്  ആ അമ്മ ജോലിക്ക് പോകുന്നത്.. ഒരു ദിവസം ആ അമ്മ ഇല്ലാത്ത നേരം നോക്കി മദ്യപാനികളായ കുറച്ചു യുവാക്കൾ ആ സ്ത്രീയെ ആക്രമിച്ചു , അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത കാമവെറി പൂണ്ട ചെന്നായിക്കൾ, ഒന്ന് ഒച്ചവെച്ചു കരയാൻ പോലും ആകാത്ത ആ സ്ത്രീയെ  ഉഭദ്രവിച്ചു. ഒരു ജീവശ്ച്ചവമായി ആ മിണ്ടാപ്രാണി അവിടെ നരഗിച്ചു. മനുഷ്യനായി പിറന്നതിൽ എനിക്ക് എന്നോട് തന്നെ  പുച്ഛവും അമർഷവും രോഷവും തോന്നി.. സമാനമായ പല വാർത്തകളും ഞാൻ പത്രമാധ്യമങ്ങളിൽ കൂടി  ആറിഞ്ഞിട്ടുണ്ട് എന്നാൽ എന്റെ ഈ കൊച്ചു ഗ്രാമത്തിലും ഇതൊക്കെ സംഭവിച്ചെന്നു കേട്ടപ്പോൾ ഹൃദയം തകർന്നുപോയി.

അന്നുതൊട്ടു ആ അമ്മ പോകുന്നിടത്തൊക്കെ ആ മകളെയും കൊണ്ട് നടക്കുന്നു..

പാവം, ആ അമ്മയുടെ മനസ്സിൽ നീറിപ്പുകയുന്ന ചോദ്യങ്ങൾ പലതുണ്ട് അത് ആ കണ്ണുകളിൽ എനിക്ക് കാണാൻ കഴിഞ്ഞു , നാളെ മരണത്തിന് ആ അമ്മ കീഴടങ്ങിയാൽ പിന്നെ ആ മകൾക്ക് ആരാണ് തുണ????

ദയനീയമായ ഒരു നോട്ടം അതല്ലാതെ എനിക്ക്  വേറൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. പ്രതികരിക്കാൻ കഴിയാതെ , ഒന്നും കാണാതെ , കേൾക്കാതെ, പറയാതെ ഞാനും ഈ സമൂഹത്തിൽ ജീവിക്കുന്നു ഒരു മനുഷ്യനായി , നമ്മുടെ സമൂഹത്തിൽ ഇങ്ങനെ പീഡനങ്ങൾ അനുഭവിക്കുന്ന ആയിരക്കണക്കിന് ജന്മങ്ങൾ ഉണ്ട് , സംരക്ഷിച്ചില്ലെങ്കിലും ഉഭദ്രവിക്കാതിരുന്നെങ്കിൽ…

മനുഷ്യരുടെ കണ്ണുകളിൽ അന്ധതയാണോ?

അതോ അങ്ങനെ ഒരു  അന്ധതയുടെ മൂടുപടം അണിഞ്ഞുകൊണ്ടു ജീവിക്കുന്നതാണോ?

ആ അമ്മയുടെയും മകളുടെയും നാളത്തെ ഗതി എന്താകും എന്നിങ്ങനെ പല ചോദ്യങ്ങളും മനസ്സിനെ വല്ലാതങ് അസ്വസ്ഥമാക്കി… പല ചിന്തകളും  മനസ്സിലിട്ടു നീറ്റി പുകച്ചുകൊണ്ടു എന്റെ ഒരു ദിനം കൂടെ കടന്നു പോകുന്നു

ഒരു ചോദ്യം മാത്രം ….

ഇവിടത്തെ മനുഷ്യരുടെ കണ്ണുകളിലെ അന്ധത പോലെ, മനസ്സുകളിലും അന്ധതയാണോ??????


നീലാംബരി അഞ്ജന

അഭയാർഥികൾ : ആനന്ദ്

 



വായനയിലേക്ക് ക്ഷണിച്ചു കൊണ്ടു പോകുന്ന നോവലുകളുണ്ട്. അവസാന വരിയും വായിച്ചു കഴിയാതെ താഴെ വെക്കാൻ കഴിയാത്ത വ. വായനകഴിഞ്ഞ് മടക്കി വെച്ചാൽ വീണ്ടും വായിക്കാൻ പ്രേരിപ്പിക്കാത്തവ. ആനന്ദിൻ്റെ നോവലുകൾ നമ്മെ വായനയിലൂടെ ഒഴുക്കി കൊണ്ടു പോകുന്നില്ല. പർവ്വതാരോഹണം പോലെ കുറച്ചു ക്ലേശം നിറഞ്ഞതാണ് ആ വായന. വായിച്ചു കഴിഞ്ഞാൽ വീണ്ടുമെന്തൊക്കയോ മനസിലാക്കാൻ ബാക്കി വെച്ചതു പോലെ, വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നവ. ഒരിക്കൽ മാത്രം പൂത്തുപട്ടു പോകുന്ന ചെറു തൈകളല്ല ആ നോവലുകൾ. കാലികമായി പൂത്തു കൊണ്ടേയിരിക്കുകയും ചിന്തകളിൽ പുഷ്പ വർഷം നടത്തുകയും ചെയ്തു കൊണ്ടിരിക്കും.

വായിച്ചു കഴിഞ്ഞിട്ടും മനസിൽ നിന്നു മായാൻ കൂട്ടാക്കാതെ കിടക്കുന്ന ഏതാനും വരികൾ മാത്രമേ ഇവിടെ കുറിക്കുന്നുള്ളൂ .. എൻ്റെ ഇഷ്ടങ്ങൾക്കപ്പുറത്തും വേറെ ഇഷ്ടങ്ങളുണ്ടെന്ന തിരിച്ചറിവോടെ.

ഗംഗയുടെ തീരത്ത് നിർമ്മാണ പ്രവർത്തികൾ നടത്തുന്നവരുടെ കൂട്ടത്തിൽ ഗൗതമനും ഉണ്ട്. ഓരോ കിളപ്പാടിലും അവർ കണ്ടെത്തുന്നത് മൺമറഞ്ഞു പോയ പുരാതന സംസ്ക്കാരത്തിൻ്റെ ചിതറിയ ശിലാഖണ്ഡങ്ങളെയാണ്‌. അന്നത്തേതുപോലെ ഇന്നും മനുഷ്യർ കൈകളിലേന്തിയ ഗംഗാജലവുമായി കിഴക്കോട്ടു തിരിഞ്ഞു നിന്നു സൂര്യനെ വന്ദിക്കുന്നു.ഗംഗാസ്നാനം ചെയ്ത് മുജ്ജന്മത്തിൻ്റെ ചരട് അറക്കുന്നു. ജ്യോതിസിൽ നിന്നു തമസ്സിലേക്കു ഒഴുകിയൊടുങ്ങുന്ന ഓരോ ദിന ന്തത്തിലും മൃതിയിൽ നിന്നു മൃതി മാത്രം നേടിയ വരുടെ ചിതകളുടെ നീണ്ട നിര ഗംഗാതീരത്തെ പ്രോജ്വലമാക്കുന്നു.

“നമുക്കൊരു പുതിയ ഗംഗയെ കൊണ്ടുവരണം” സുമൻ വാദിച്ചു. “മരിച്ചു പോയവരുടെ പിതൃക്കൾക്കുമോക്ഷം നൽകുന്ന ഗംഗയല്ല .ജീവിച്ചിരിക്കുന്നവരെ മരണത്തിൽ നിന്നു മോചിപ്പിക്കുന്നതുമല്ല. ജനിക്കാനിരിക്കുന്ന തലമുറയ്ക്കു ജീവൻ വാഗ്ദാനം ചെയ്യുന്നത് ”

ഒരു ദിവസം സുമനും അവരിൽ നിന്നു വഴിമാറി നടന്നു, ദു:ഖമില്ലാതെ സ്നേഹമില്ലെന്ന വിശ്വാസം അവശേഷിപ്പിച്ചു കൊണ്ട്.

“ചരിത്രം തെറ്റുകളെ തിരുത്തുന്നില്ല. തെറ്റുകളെ പഴക്കം കൊണ്ട് ശരികളാക്കി മാറ്റുന്നതേയുള്ളൂ.”

” കാലം മാത്രമല്ല, ഗൗതമൻ തെറ്റുകളെ ശരികളാക്കി മാറ്റുന്നത് ..വിശ്വാസങ്ങൾ കൂടിയാണ്.വിശ്വാസങ്ങളുടെ .പ്രമാണങ്ങളുടെ, പ്രത്യയശാസ്ത്രങ്ങളുടെ പേരിലാണ് നടക്കുന്നതെങ്കിൽ എല്ലാം ശരിയാകുന്നു. അതാ തു കാലത്തെ വിശ്വാസങ്ങളും പ്രമാണങ്ങളുമാകുന്നു ശരി. ”

“സംസ്കാരത്തിൻ്റെ ആരംഭം തൊട്ടിങ്ങോട്ട് എക്കാലത്തെഴും ഏറ്റവും വലിയ വ്യവസായം യുദ്ധമായിരുന്നു.മറ്റൊരു വഴിക്കും ചെലവാക്കാത്തത്ര പണം ഗവേഷണത്തിലും പരിശീലനത്തിലുമായി ചെലവാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഏതൊരു പരിശീലനത്തെയും സാരവത്താക്കൂന്നത്, പഠിച്ചതു പ്രയോഗത്തിൽ നിന്നു കിട്ടുന്ന സംതൃപ്തിയാണ്. പക്ഷേ ,ഇവിടെയാ കട്ടെ .. പരിശീലനം സിദ്ധിച്ച ഒരു പട്ടാളക്കാരൻ അതു പ്രയോഗിക്കാനുള്ള സന്ദർഭം വരാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ഒരു സൈനികൻ തൻ്റെ വഴിമുഴുവൻ ലക്ഷ്യവുമായി വഴക്കടിക്കുന്നു.”

“നിർജീവമായ പാറയിൽ നിന്നു പിരിഞ്ഞു പോന്ന ആദ്യത്തെ ജീവാണു വിന് ജീവിതം കൈമുതലായി കൊടുത്തത് അതിൻ്റെ ഏകാന്തതയും നിസ്സഹായതയും മാത്രമായിരുന്നു. അതു നഷ്ടപ്പെട്ടാൽ പിന്നെ ജീവിതമില്ല’ ”

“ചരിത്രത്തിൻ്റെ മൂക മേരുക്കൾക്കുമീതെ പുറത്തു കാണുന്നത് വിജയത്തിൻ്റേയും ആഹ്ലാദത്തിൻ്റെയും പൂക്കളായിരിക്കാം.പക്ഷേ അവയ്ക്കടിയിൽ കിടക്കുന്നത് കുടത്തിലാക്കപ്പെട്ട വിത്തുകൾ പോലെ മുളയ്ക്കാന രു താത്ത മൂകവേദന കളാകുന്നു.”


“ഏതു കാലത്തും, എവിടെയും ജീവിച്ചിരുന്നവരുടെയിടയിൽ മുക്കാൽ ഭാഗവും അടിമകളൂംചൂഷിതരുമായിരുന്നു. അവരുടെ പേര് ചരിത്രത്തിൽ കാണുകയില്ലെങ്കിലും അവർ പൊരുതാതിരുന്നിട്ടില്ല. അവർ പൊരുതുകയും കഴുവിലും കുരിശിലുമേറ്റപ്പെടുകയും കല്ലെറിഞ്ഞോടിക്കപ്പെടുകയും ചെയ്‌തു. പതുക്കെപ്പതുക്കെയാണെങ്കിലും പേരുകളില്ലാത്ത മനുഷ്യരല്ലേ ചരിത്രത്തെ രൂപപ്പെടുത്തിയത്? ഒറ്റയ്ക്കൊറ്റയ്ക്കുള്ള പരാജയപ്പെട്ട കൊച്ചു കൊച്ചു കലാപങ്ങളിൽക്കൂടി ?”

“ജീവിതത്തിൻ്റെ ഏതു ദിശയിലാണ്.. സംഘർഷത്തിൻ്റെ ഏതളവിലാണ്.. ബോധത്തിൻ്റെ ഏതു തിരി വിലാണ്.. സാധാരണ മനുഷ്യൻ അഭയാർഥിയായി മാറുന്നത്? ജനിച്ചു വളർന്ന വീടും നാടും വിട്ട് , വേണ്ടപ്പെട്ടവരെ ഉപേക്ഷിച്ച് .ഭൂതകാലത്തെ പിന്നിൽ വിട്ട്. അറിയപ്പെടാത്ത ദിക്കുകളിലേക്കും ശൂന്യമായ ഭാവിയിലേക്കും ഇറങ്ങിത്തിരിക്കുന്നത്? ഗൗതമനു പറയാനാകുന്നില്ല. എന്നിട്ടും എവിടെയും എപ്പോഴും ഇറങ്ങിത്തിരിച്ചു കൊണ്ടേയിരുന്ന ഈ മനുഷ്യരുടെ ഇളകുന്ന അടിത്തറയിന്മേലാകുന്നു നൂറ്റാണ്ടുകളോളം ഇളകാതെ വാണ സംസ്ക്കാരങ്ങൾ പടുത്തുയർത്തപ്പെട്ടത്.”

അഭയം തേടി അലയുന്നവർ വേറെയുമുണ്ട് നോവലിൽ .നമ്മൾ കാഴ്ചക്കാരായി വെറുതെ നോക്കി നിൽക്കുന്നു…


വിലാസിനി രാജീവൻ

നമ്മുടെ ആരോഗ്യ മേഖല ശരിയായ ദിശയിലാണോ?

 


സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇന്ത്യ ആരോഗ്യരംഗത്ത് വൻ കുതിപ്പ് കൈവരിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. എന്നിരിക്കിലും ഇന്നും ഇതിന്റെ ഗുണഭോക്താക്കളാകുവാൻ നല്ലൊരു പങ്ക് ഇന്ത്യൻ ജനതയ്ക്കും കഴിഞ്ഞിട്ടില്ല എന്നത് തികച്ചും നിരാശാകരമാണ്. ആയുർദൈർഖ്യം കുറച്ചു വർധിപ്പിക്കുവാൻ കഴിഞ്ഞു എന്നതൊഴിച്ചാൽ നമ്മുടെ ആരോഗ്യരംഗം അത്ര മികച്ചതാണ് എന്ന അഭിപ്രായം എനിക്കില്ല.

ഇന്ത്യയിലെ ആരോഗ്യരംഗം പരിപാലിക്കുന്നതിൽ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഒരുപോലെ പങ്കുവഹിക്കുന്നു. ചിലയിടങ്ങളിൽ പൊതു – സ്വകാര്യ പങ്കാളിത്തങ്ങളും ഉണ്ടായേക്കാം. സർക്കാർ ആശുപത്രികൾ മിക്കതും സൗജന്യമെങ്കിൽ സ്വകാര്യ ആശുപത്രികൾ തികച്ചും ഭിന്നമാണ്. ഇവിടെ അമിത നിരക്കിലാണ് ചികിത്സ ലഭ്യമാകുന്നത്. നൂറ്റിനാൽപ്പതു കോടിയോളം വരുന്ന ഇന്ത്യൻ ജനതയുടെ വളരെക്കുറച്ചു ശതമാനം ആളുകൾക്ക് മാത്രം ലഭ്യമാകുന്ന സേവനം. ഇത്തരം ചികിത്സാഭേദം പല വികസിത രാജ്യങ്ങളിലുമില്ല. അവിടത്തെ  പൗരന്മാർക്കെല്ലാം ഒരേ തരത്തിലുള്ള ചികിത്സ ലഭ്യമാക്കുകയാണ് അവിടത്തെ സർക്കാരുകൾ.

ഇന്ത്യയുടെ ആരോഗ്യരംഗത്തെ വീണ്ടും രണ്ടായി തിരിക്കേണ്ടിവരും. നഗരങ്ങളിലെയെന്നും ഗ്രാമങ്ങളിലെയെന്നും. ഗ്രാമങ്ങളിലെ ആരോഗ്യം വീണ്ടും രണ്ടായി തിരിക്കേണ്ടി വരുമെന്ന് ഞാൻ ഭയക്കുന്നു. വടക്കേയിന്ത്യ എന്നും തെക്കേ ഇന്ത്യ എന്നും. വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളിൽ ചികിത്സ ലഭ്യമാകുന്നത് പലയിടത്തും അത്ര എളുപ്പമല്ല. തെക്കേ ഇന്ത്യയിലും സ്ഥിതി അങ്ങനെതന്നെയാണെങ്കിലും നഗരസാന്നിധ്യം പലപ്പോഴും രക്ഷയാകാറുണ്ട്. ഇന്ത്യയിൽ ഭൂരിപക്ഷവും വസിക്കുന്നത് ഗ്രാമങ്ങളിലാണ്. അവർക്കുള്ള ചികിത്സ ഉറപ്പുവരുത്തുന്നതിന് ഇത്രയും കാലമായിട്ടും കഴിഞ്ഞിട്ടില്ല എന്നതാണ് നമ്മുടെ ആരോഗ്യ വ്യവസ്ഥയുടെ പ്രധാന പ്രശ്‍നം.

നാഷണൽ റൂറൽ മിഷൻ, പ്രധാനമന്ത്രിയുടെ ജന ആരോഗ്യ യോജന തുടങ്ങി പല പ്രവർത്തനങ്ങളും നടക്കുന്നുണ്ടെങ്കിലും അതിന്റെയൊന്നും പ്രയോജനം ഇനിയും സാധാരണക്കാരിൽ എത്തിയിട്ടില്ല. ആശുപത്രികളുടെ അഭാവവും ഉയർന്ന ജനസംഖ്യക്ക് അനുപാതമായി യോഗ്യതയുള്ള ചികിത്സകർ ഇല്ല എന്നതും ചികിത്സ ലഭ്യമാകാതിരിക്കുന്നതിനോ, വ്യാജ ചികിത്സ തേടുന്നതിനോ കാരണമാകുന്നു. ഇത് ആരോഗ്യരംഗത്തെ വൻ വീഴ്ച്ചയാണ്.

സബ് സെന്ററുകൾ എന്നറിയപ്പെടുന്ന ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് ഇന്ത്യയിലെ ആരോഗ്യരംഗത്തെ ഏറ്റവും ചെറിയ യൂണിറ്റ്. ഇന്ത്യയിലുടനീളം 148124 കേന്ദ്രങ്ങൾ ഉണ്ട് എന്നാണു കണക്ക്. 8500 പേർക്ക് ഒരു സെന്റർ എന്ന തോതിൽ വരും ഇത്. പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ ഇതിൽ എത്രയോ താഴെയാണ്. ഗർഭകാല പരിചരണം, പ്രസവം, കുട്ടികളുടെ ആരോഗ്യം, പകർച്ചവ്യാധികളുടെ തടയലും ചികിത്സയും ആണ് ഇത്തരം സെന്ററുകളുടെ പ്രധാന ലക്‌ഷ്യം. ഡോക്ടർമാരോ രക്ത പരിശോധകരോ പലയിടങ്ങളിലുമില്ല. ഇതിനേക്കാൾ കുറച്ചുകൂടി ഉയർന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. അത്യാവശ്യ ചികിത്സ പോലും കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങളെയോ ജില്ലാ ആശുപത്രികളെയോ ആശ്രയിക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. അവിടെയാണെങ്കിൽ ഇത്രയും രോഗികളെ ഉൾക്കൊള്ളുവാനുള്ള സാഹചര്യങ്ങളുമില്ല. പലയിടങ്ങളും ഡോക്ടർമാരുടെ ദൗർലഭ്യം, വേണ്ടത്ര ഉപകരണങ്ങളുടെ അപര്യാപ്തത തുടങ്ങിയവയാൽ ആവശ്യമായ ചികിത്സ നൽകുവാൻ കഴിയാത്ത അവസ്ഥയിലുമാണ്. പല വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെയും കാര്യം ഇക്കാര്യത്തിൽ ദയനീയം തന്നെ.


ആരോഗ്യകാര്യങ്ങളിൽ ഉള്ള അജ്ഞതയാണ് പ്രധാന പ്രശനം. ഇക്കാര്യങ്ങളിൽ കാര്യമായി ഇടപെടേണ്ട സ്ഥാപനങ്ങളാണ് മുകളിൽ പറഞ്ഞ രണ്ടു ചെറു കേന്ദ്രങ്ങളും. എന്നാൽ ആരോഗ്യസംരക്ഷണത്തിൽ ഇതിന്റെ പ്രവർത്തനക്ഷമത അത്ര തൃപ്തികരമല്ല. ഒരു സാധാരണ പൗരന്, ആവശ്യമായ ചികിത്സ ലഭ്യമാകാതിരിക്കുന്ന സാഹചര്യം ഇന്നും ഇവിടെ നിലനിൽക്കുന്നു എന്നതാണ് ഇത്തരം ഒരു ലേഖനം എഴുതണമെന്ന പ്രേരണയുണ്ടാക്കിയത്.

എന്തുകൊണ്ട് ഇങ്ങനെയെല്ലാം സംഭവിക്കുന്നു, പ്രത്യേകിച്ച് ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന് നാം അവകാശപ്പെട്ടുകൊണ്ടിരിക്കുമ്പോൾ. ആധുനിക സൗകര്യങ്ങളുമായി പഞ്ചനക്ഷത്ര ആശുപത്രികൾ ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. അവിടത്തെ സൗകര്യങ്ങൾ ഒഴിച്ചുനിറുത്തിയാൽ ചികിത്സയുടെ ഗുണനിലവാരവും പലയിടങ്ങളിലും സംശയത്തിന്റെ നിഴലിൽത്തന്നെ. ആരോഗ്യരംഗത്തിന്റെ തകർച്ചക്ക് കാരണമായി എനിക്ക് തോന്നുന്ന ചില കാര്യങ്ങൾ ഞാനിവിടെ കുറിക്കുന്നു.

വർദ്ധിച്ചുവരുന്ന ഗ്രാമ ജനസംഖ്യാവർദ്ധനവിനോടുള്ള അവഗണന തന്നെയാണ് അതിൽ മുഖ്യഹേതു. ജനസംഖ്യാ വർദ്ധനവിനനുസരിച്ച് ഗ്രാമങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം കൂടുന്നില്ല. ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ എണ്ണവും അങ്ങനെ തന്നെ. വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങൾ എന്നാൽ പലതും നമുക്ക് സങ്കൽപ്പിക്കുവാൻ പോലുമാകാത്തത്ര കുഗ്രാമങ്ങളാണെന്നോർക്കണം. ഇരുപതു മുതൽ അമ്പതു കിലോമീറ്റെർ ദൂരത്തിൽ ഒരു ചികിത്സാകേന്ദ്രങ്ങളുമില്ലാത്ത പലഗ്രാമങ്ങളും അവിടെയുണ്ട്. സാമാന്യം മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെങ്കിൽ അടുത്തുള്ള ഭേദപ്പെട്ട നഗരത്തിൽ എത്തണം. അവിടെയെല്ലാം കൂടുതലായി ഉള്ളത് സ്വകാര്യ ആശുപത്രികളാണ്. സാധാരണക്കാർക്ക് ഇവിടെനിന്നും കാര്യമായ പ്രയോജനം കിട്ടാറുമില്ല.

നമ്മുടെ ആരാരോഗ്യരംഗം കൂടുതലായും പാശ്ചാത്യ ആരോഗ്യ മാനദണ്ഡങ്ങൾ നടപ്പിലാക്കുവാനാണ് ശ്രമിക്കുന്നത്. അവിടത്തെ ചികിത്സാരീതികൾ അതേപോലെ നടപ്പിലാക്കുവാൻ ശ്രമിക്കുന്നു. എന്നാൽ ഇന്ത്യ അതിൽനിന്നെല്ലാം വ്യത്യസ്തമാണ്. കുറഞ്ഞ സ്ഥലത്തു കൂടുതൽ ആളുകൾ വസിക്കുന്ന ഒരു രാജ്യം. ഇവിടത്തെ ആരോഗ്യപ്രശ്നങ്ങളും ജീവിത ഭക്ഷണ രീതികളും വ്യത്യസ്തമാണ്. അവ മനസ്സിലാക്കാതെ പാശ്ചാത്യ രീതി ഇവിടെയുള്ള രോഗികളിൽ അടിച്ചേൽപ്പിക്കുന്ന പ്രവണത ശരിയായ ദിശയിലുള്ള ഒരു പ്രവർത്തനമായി എനിക്ക് തോന്നുന്നില്ല. നമ്മുടെ തനതായ കാഴ്ചപ്പാടിലൂടെ ചികിത്സാരീതികൾ ആവിഷ്കരിക്കുകയാണ് വേണ്ടത്. ചൈനയും റഷ്യയുമെല്ലാം ഇക്കാര്യത്തിൽ നമുക്ക് കണ്ടു പഠിക്കാവുന്ന രാജ്യങ്ങളാണ്. അവർ അവരുടെ തനതായ വൈദ്യശാസ്ത്ര രീതിയും ചേർത്ത് ആധുനിക വൈദ്യത്തെ ഉപകാരപ്രദമായ വിധത്തിൽ വിനിയോഗിക്കുകയാണ് ചെയ്യുന്നത്. അവർ കണ്ണടച്ചിരുട്ടാക്കുന്നില്ല എന്നർത്ഥം.

ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട പല ചികിത്സാരീതികളുമുണ്ട്. അലോപ്പതി, ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യൂനാനി എന്നിവയാണ് മുഖ്യ ധാരയിലുള്ളത്. ഇപ്പോൾ യോഗയും പ്രകൃതി ചികിത്സയും കൂടി അംഗീകരിച്ചു കഴിഞ്ഞു. എന്നാൽ ഇവിടെ നടക്കുന്നത് ചികിത്സാവിഭാഗങ്ങൾ തമ്മിൽ നടക്കുന്ന ചേരിപ്പോരാണ്. എല്ലാ വിഭാഗത്തിലെ ചികിത്സകരും പഠിക്കുന്നത് ഒരേ വിഷയങ്ങൾ തന്നെയാണ്. പഠന കാലാവധിയും ഒന്ന് തന്നെ. മരുന്നുകളിൽ മാത്രമേ കാര്യമായ മാറ്റമുള്ളൂ. രോഗങ്ങളും അവസ്ഥയുമെല്ലാം എല്ലാവർക്കും ഒരുപോലെ അറിയാവുന്നതുമാണ്. ഈ വ്യത്യസ്ഥ ചികിത്സകരുടെ ഒരു സൗഹൃദവും സഹകരണവും ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാകുമെന്ന് ഞാൻ കരുതുന്നു.എല്ലാ ചികിത്സാരീതികൾക്കും അതിന്റേതായ മെച്ചങ്ങളും കോട്ടങ്ങളും ഉണ്ടാകാം. അത് മനസ്സിലാക്കി രോഗിക്ക് വേണ്ടത് നൽകുക എന്നതാണ് ഏറ്റവും ശ്രേഷ്ഠമെന്നു ഞാൻ കരുതുന്നു.

സാമൂഹ്യവ്യവസ്ഥയിലും സാമ്പത്തികവ്യവസ്ഥയിലുമുള്ള വ്യത്യാസമാണ് അടുത്ത്. എല്ലാവർക്കും ഒരേ ചികിത്സ കിട്ടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആർജവമുള്ള സർക്കാരുകൾ വിചാരിച്ചാൽ പരിഹരിക്കാവുന്ന കാര്യമേ ഇതിലുള്ളൂ. ഇൻഷുറൻസ് പരിരക്ഷകൾ പോലെയുള്ള കാര്യങ്ങൾ വഴി എല്ലാവർക്കും ഭേദപ്പെട്ട ചികിത്സ നൽകാവുന്നതാണ്. ഇൻഷുറൻസ് കമ്പനികളുടെ കൃത്യമായ മേൽനോട്ടമുണ്ടെങ്കിൽ അനാവശ്യ ചികിത്സകളും ചിലവുകളും സ്വകാര്യ ആശുപത്രികളിലും ഇല്ലാതാകും. രോഗിയുടെ അജ്ഞതയാണ് പല ആശുപത്രികളും മുതലെടുക്കുന്നത് എന്ന് പറയാതെ നിവൃത്തിയില്ല. ഇൻഷുറൻസിനോട് നമുക്ക് അത്ര താൽപ്പര്യമില്ല. അതെങ്ങനെയോ  നമ്മുടെ മനോഭാവത്തിൽ കാലങ്ങളായി ഉടലെടുത്തതാണ്. എന്നാൽ ചികിത്സാ രംഗത്ത് ഇൻഷുറൻസിനു വലിയ പ്രാധാന്യമാണ് മറ്റു രാജ്യങ്ങൾ നൽകുന്നത്.

അതുപോലെ തന്നെ സർക്കാർ ആശുപത്രികൾ അടിസ്ഥാന ഘടകം മുതൽ കുറച്ചുകൂടി അഭിവൃദ്ധിപ്പെടുത്തേണ്ടിയിരിക്കുന്നു. സാംകൃമിക രോഗങ്ങളെ കണ്ടെത്തുന്നതിനും ചികിൽസിക്കുന്നതിനുമുള്ള സൗകര്യങ്ങൾ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഏർപ്പെടുത്തേണ്ടതാണ്. മെഡിക്കൽ കോളേജുകളും ജില്ലാ ആശുപത്രികളും നിലവാരമുള്ളവയാക്കുകയും സ്വകാര്യ ആശുപത്രികൾ സജ്ജീകരിക്കുന്ന സൗകര്യങ്ങൾ സ്ഥാപിക്കുകയും ഫലപ്രദമായി പ്രവർത്തിപ്പിക്കുകയും വേണം. ഇതിനു തടസ്സമായി നിൽക്കുന്നത്, ഇന്ത്യയിൽ എല്ലാ മേഖലകളിലുമുള്ള പോലെ, അഴിമതി തന്നെയാണ്. വൻ തുകകളാണ് ഓരോ ബജറ്റിലും ആരോഗ്യത്തിനായി നീക്കി വയ്ക്കുന്നത്. ഇതിന്റെ ചെറിയൊരു അംശം പോലും സാധാരണ രോഗികൾക്ക് ലഭ്യമാകുന്നില്ല എന്നത് അതീവ ദുഖകരം തന്നെ.

കൂടുതൽ മെഡിക്കൽ കോളേജുകൾ ആരംഭിക്കുകയും കൂടുതൽ ഡോക്ടർ മാരെ  സൃഷ്ടിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഡോക്ടർമാരെ ഗ്രാമീണ ചികിത്സാ മേഖലയിലേക്ക് ആകർഷിക്കുന്ന പരിഷ്കരണങ്ങളും നടപ്പിലാക്കേണ്ടതാണ്. എല്ലാ ചികിത്സാ വിഭാഗക്കാരെയും ഒരേ കുടക്കീഴിലാക്കിയും പരീക്ഷണങ്ങൾ നടത്താവുന്നതാണ്.

അതേപോലെ തന്നെ ആരോഗ്യരംഗത്തെ ഗവേഷണങ്ങൾക്കുള്ള സാഹചര്യങ്ങൾ കൂട്ടുക എന്നത് ഏറ്റവും മുഖ്യമായ ഒന്നാണ്. ഹൃദ്രോഗവും പ്രമേഹവും ഇന്ന് നമ്മുടെ പ്രധാന ആരോഗ്യ പ്രശ്നങ്ങൾ ആയി മാറിക്കഴിഞ്ഞു. എന്നാൽ ഈ രണ്ടു രോഗങ്ങൾക്കും മരുന്നുകളോ പ്രതിരോധ മാർഗ്ഗങ്ങളോ ഇന്ത്യയിൽ നിന്നും ഉണ്ടാകുന്നില്ല എന്നത് അത്ഭുതമാണ്. ഇതെല്ലാം നമ്മൾ പാശ്ചാത്യരെ അതേപടി അനുകരിക്കുകയാണ്. അമേരിക്കൻ ഡയബെറ്റീസ് അസോസിയേഷൻ അല്ലെങ്കിൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നത് അങ്ങനെ തന്നെ വിഴുങ്ങുന്നു എന്നർത്ഥം. ഒരു കാലത്തു ശസ്ത്രക്രിയ പോലും കണ്ടുപിടിക്കപ്പെട്ടത് ഇന്ത്യയിൽ നിന്നായിരുന്നു എന്നുകൂടി ഓർക്കണം.

അത് പോലെ മറ്റൊന്നാണ് മരുന്ന് മാഫിയകളുടെ പ്രവർത്തനവും. പലപ്പോഴും പലമരുന്നുകളും രോഗികളിൽ അനാവശ്യമായി അടിച്ചേൽപ്പിക്കുന്ന ഒരു പ്രവണത കാണുന്നുണ്ട്. ഇക്കാര്യത്തിൽ സ്വകാര്യമെന്നോ സർക്കാരെന്നോ വലിയ വ്യത്യാസമൊന്നുമില്ല. ഇത്തരമൊരു പ്രവണത പാശ്ചാത്യ ലോകത്തു ഇല്ല എന്ന് തന്നെ പറയാം. അവർ മരുന്നുകൾ ശ്രദ്ധാപൂർവം ഉപയോഗിക്കുന്നു, അല്ലെങ്കിൽ അവരെ നിയന്ത്രിക്കുന്ന ഇൻഷുറൻസ് കമ്പനികൾ അവരെ അക്കാര്യത്തിൽ ശ്രദ്ധാലുക്കളാക്കുന്നു. മരുന്നുകൾക്ക് പാശ്ചാത്യരെ അനുകരിക്കുന്ന നമ്മൾ ഉപയോഗ നിയന്ത്രണത്തിൽ അവരെ തഴയുകയും ചെയ്യുന്നു. സേവനമാണ് ആരോഗ്യരംഗമെന്ന് പറയുമ്പോഴും. അതങ്ങനെ അല്ല എന്ന് പറയാതിരിക്കുവാനാകില്ല. ഇന്ന് ആരോഗ്യരംഗം ഒരു വ്യാപാര മേഖലയാണ്. ആരൊക്കെയോ ചേർന്ന് നിയന്ത്രിക്കുന്ന ഒരു കച്ചവടം. ഇവിടെ ആരും ആരോഗ്യത്തെക്കുറിച്ച് വ്യാകുലരാകുന്നില്ല. അവരവരുടെ പോക്കറ്റ് വീർപ്പിക്കുക എന്ന് മാത്രം ചിന്തിക്കുന്നു.

ആരോഗ്യരംഗം ഭദ്രമാകണമെങ്കിൽ ജനങ്ങൾക്കും ഒരു മുഖ്യ പങ്കുണ്ട്. ദിനം പ്രതി ഡോക്ടർമാരെ മാറ്റുന്ന ഒരു പ്രവണത ഇന്ന് കണ്ടു വരുന്നുണ്ട്. ക്ഷിപ്രശമനം ആണ് എല്ലാവർക്കും വേണ്ടത്. എന്റെ അഭിപ്രായത്തിൽ വിശ്വസിക്കുവാൻ കൊള്ളുന്ന ഒരു ഡോക്ടർ എല്ലാവർക്കും വേണം. അദ്ദേഹത്തിന്റെ നിർദേശാനുസരണം മാത്രം വിദഗ്ധ ചികിത്സകരെ കാണുന്ന രീതി നടപ്പിലാകണം. കുടുംബ ഡോക്ടർ എന്നൊരു രീതി പുനഃസ്ഥാപിക്കപ്പെടണം. അത്തരം ഡോക്ടർമാരെയും അതിനുതകുന്ന ആരോഗ്യ വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കണം.


 

ഡോ. സുനീത് മാത്യു