2021 ഫെബ്രുവരി 16, ചൊവ്വാഴ്ച

ബാല്യകാലസഖി

 


സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 1944 ൽ  പ്രസിദ്ധീകരിച്ച ബാല്യകാലസഖി.

പ്രണയ പശ്ചാത്തലത്തിലെ ദുരന്ത കഥ പറയുന്ന ബഷീറിൻറെ  ഈ നോവൽ അദ്ദേഹത്തിൻറെ ഏറ്റവും മികച്ച കൃതികളിലൊന്നായി  കരുതപ്പെടുന്നു..

ഈ നോവലിന്റെ  ഇതിവൃത്തം കഥാകാരന്റെ തന്നെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് എം.പി. പോൾ എഴുതിയ അവതാരികയിൽ നിന്നും വ്യക്തമാണ്.. അതിപ്രകാരമാണ് “ബാല്യകാല സഖി ജീവിതത്തിൽ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്, വക്കിൽ രക്തം പൊടിഞ്ഞിരിയ്ക്കുന്നു.” ഈ ഗ്രന്ഥത്തിനെ കുറിച്ച് അവതാരകനുള്ള അഭിപ്രായം ഇതൊരു പ്രണയകഥയാണെന്നും എന്നാൽ സാധാരണയായി പറഞ്ഞുവരുന്ന കേട്ടുപഴകിയ ആഖ്യാനരീതിയിൽനിന്നും മാറി അതിദാരുണങ്ങളായ ജീവിതയാഥാർത്ഥ്യങ്ങളെക്കൂടി ഉൾക്കൊള്ളിച്ചാണ് ഇത് രചിച്ചിരിയ്ക്കുന്നതെന്നുമാണ്.

അയൽവാസികളായ മജീദും സുഹറയും തമ്മിലുള്ള പ്രണയവും,  വിധിവിളയാട്ടത്തിൽ അവരുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളും അവതരിപ്പിക്കുകയാണ് ബഷീർ ഈ  നോവലിൽ.ഈ കഥയിലെ നായകനായ  മജീദ്  ബഷീർ  തന്നെയും നായിക സുഹറ അദ്ദേഹത്തിന്റെ ബാല്യകാലസഖിയുമാണ്..

ബാല്യം തൊട്ട് ഒന്നിച്ചുകളിച്ചു വളർന്നവരാണ് സുഹറയും മജീദും.  സുഹ്റയുടെ ജീവിതത്തിലേക്ക്  വില്ലനായി കടന്നു വരുന്നത്  ദാരിദ്ര്യവും, ബാപ്പയുടെ മരണവും,  തുടർന്നുള്ള പഠിപ്പ് മുടക്കവുമാണ്.

മജീദിന്റെ സമ്പന്നനായ  ബാപ്പ അവളെക്കൂടി  പഠിപ്പിക്കാൻ വിസമ്മതിക്കുന്നു.മജീദ് ബാപ്പയുമായി വഴക്കിട്ടു നാട് വിടുന്നു.. പലയിടത്തും അലഞ്ഞുതിരിഞ്ഞു  തിരികെയെത്തുമ്പോൾ വീട്ടിലെ അവസ്ഥ അതീവദാരുണമായിരുന്നു.

വിവാഹിതയായ സുഹറയാകട്ടെ  ഭർത്താവിന്റെ പീഡനങ്ങളിൽപ്പെട്ടു ക്ഷീണിതയായിരുന്നു…. കുടുംബത്തിൻറെ പ്രാരാബ്ധം തീർക്കാൻ വീണ്ടും ഒരു ജോലിക്കായി പോകുന്ന മജീദ് സുഹറയെ വീടിൻറെ ഉത്തരവാദിത്വമേൽപ്പിക്കുന്നു. ജോലിസ്ഥലത്തുണ്ടായ ഒരപകടത്തിൽപ്പെട്ടു മജീദിന്റെ കാല്  നഷ്ടമാവുന്നു.

സുഹ്റയുടെ മരണം…   മരണവിവരം  അറിയിച്ചുകൊണ്ട് എത്തുന്ന ഉമ്മയുടെ കത്ത്.. അടിക്കടിയുണ്ടാവുന്ന ഇത്തരം പലവിധ ദുരന്തങ്ങളിലൂടെയാണ് കഥയുടെ സഞ്ചാരം…. ഒരു ക്യാൻവാസിലെന്ന പോലെ ദൃശ്യങ്ങൾ  വായനക്കാരുടെ  മനസ്സിൽ  മിന്നിമറയും ഈ കഥ വായിക്കുമ്പോൾ… എവിടെയാണ് ബഷീറിന്റെ  എഴുത്തിന്റെ മാന്ത്രികത നമുക്ക് അനുഭവിക്കാനാകുന്നത്..

 ബഷീർ ഈ കഥയിലൂടെ മുസ്ലീം   സമുദായത്തിൽ നിലനിന്നിരുന്ന പലതരം  അനാചാരങ്ങളെ (സുന്നത്ത് കല്യാണം,  കാതുകുത്ത്)  വെല്ലുവിളിക്കുകയും  അവയുടെ ആവശ്യകതയെ ചോദ്യം ചെയ്യുകയും കൂടി ചെയ്യുന്നുണ്ട്..

ബഷീർ  തന്റെ  പച്ചയായ ജീവിതയാഥാർഥ്യങ്ങൾ പങ്കുവെയ്ക്കുന്ന ദാരുണമായ  ഈ പ്രണയകഥയിലെ കേന്ദ്ര കഥാപാത്രമായ മജീദിന് വെള്ളിത്തിരയിൽ ജീവൻ പകർന്നത്  മതിലുകൾ ലെ നായകൻ  മമ്മൂട്ടിയാണ്.. പ്രമോദ് പയ്യന്നൂർ  ആണ് ഈ ചലച്ചിത്രം സംവിധാനം  ചെയ്തിരിക്കുന്നത്..

തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ പറഞ്ഞ ഈ ദുരന്ത പ്രണയകഥ  മികച്ചൊരു വായനാനുഭവം നമുക്കു സമ്മാനിക്കുന്നത് അതുല്യനായ ആ കലാകാരന്റെ മിടുക്കുകൊണ്ടു തന്നെയാണ്..



എം ബി ശ്രീക്കുട്ടി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ