2021 ഫെബ്രുവരി 16, ചൊവ്വാഴ്ച

ഇന്ത്യൻ നസി ലെമാക്ക്

 


നസി  ലെമാക്ക് നമുക്കത്ര പരിചയമുള്ള ഭക്ഷണമല്ല. ഇത് മലേഷ്യയുടെ ദേശീയ ഭക്ഷണമാണ്. മലയാക്കാരുള്ളിടെത്തെല്ലാം ഇത് ലഭ്യവുമാണ്. സിംഗപ്പൂർ, ഇന്തോന്വേഷിയ തുടങ്ങി തെക്കുകിഴക്കൻ രാജ്യങ്ങളിലെല്ലാം സന്ദർശിച്ചിട്ടുള്ളവരും ഇത് രുചിച്ചു നോക്കിയിട്ടുണ്ടാകും. അരി, തേങ്ങാപ്പാലിൽ വേവിച്ചുണ്ടാക്കുന്ന ഒരു വിഭവമാണിത്. രുചിക്കായി പന്തൻ എന്നറിയപ്പെടുന്ന ഒരു ചെടിയുടെ ഇലയിൽ പൊതിയുകയോ, വിഭവത്തിൽ ചേർക്കുകയോ ചെയ്യും.

നമ്മുടെ സൗകര്യത്തിനായി ചില മാറ്റങ്ങൾ വരുത്തി ഒരു ഇന്ത്യൻ നസി ലെമാക്ക് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. നമ്മുടെ ഇന്ത്യൻ ചൈനീസ് വിഭവങ്ങൾ പോലെ ഇതും നമുക്ക് പരീക്ഷിക്കാവുന്നതാണ്. ഇത് വളരെയെളുപ്പത്തിൽ ഉണ്ടാക്കുവാൻ കഴിയുന്ന രുചികരമായ ഒരു വിഭവമാണ്.


ചേരുവകൾ

ബിരിയാണി അരി/ ജീരക ചമ്പ അരി/ ബസുമതി 1 കപ്പ്

വെളുത്തുള്ളി ചതച്ചത് 5 ഇതൾ

ഇഞ്ചി ചതച്ചത് ഒരു കഷണം    

മല്ലിയില അരിഞ്ഞത് 3 സ്പൂൺ

പൊതിനയില അരിഞ്ഞത് 2 സ്പൂൺ

പച്ചമുളക് രണ്ടായി മുറിച്ചത് 3 എണ്ണം

ഗരം മസാലപ്പൊടി 1 ടേബിൾ സ്പൂൺ

തേങ്ങാപ്പാൽ 1 1/2 കപ്പ്

വെള്ളം 1 / 2  കപ്പ്  

നെയ്യ് 2 ടേബിൾ സ്പൂൺ

ഉപ്പ് ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

ഒരു  പ്രെഷർ കുക്കറിൽ നെയ്യ് ചേർത്ത് അതിലേക്കു ചതച്ചു വച്ചിരിക്കുന്ന വെളുത്തുള്ളി, ഇഞ്ചി എന്നിവയും അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയും പച്ചമുളകും ചേർത്തു വരട്ടുക. നന്നായി വരണ്ടു കഴിയുമ്പോൾ അതിലേക്ക് തേങ്ങാപ്പാൽ, വെള്ളം, പൊതിന ഇല എന്നിവ ചേർക്കുക. തുടർന്ന് ഒരു മണിക്കൂർ മുൻപ് കഴുകി വച്ചിരുന്ന അരി ചേർക്കുക. കുക്കർ അടച്ചു മീഡിയം തീയിൽ വയ്ക്കുക. രണ്ടു വിസിലുകൾ കേൾക്കുമ്പോൾ കുക്കർ ഓഫ് ചെയ്യുക. കുറച്ചു സമയത്തിനു ശേഷം കുക്കർ തുറന്ന് രുചികരമായ നസി ലെമാക്ക് മൽസ്യം മാംസം തുടങ്ങിയവയോടൊപ്പം വിളമ്പാവുന്നതാണ്.



ഡോ. ഷേർളി സുനീത്  


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ