2020 നവംബർ 18, ബുധനാഴ്‌ച

നവംബർ 2020

 


മുഖമൊഴി

 


‘ഒരു കണ്ണീ ർക്കണം മറ്റുള്ളവർക്കായ്

ഞാൻ പൊഴിക്കവേ

ഉദിക്കയാണെന്നാത്മാവിൽ

ആയിരം സൗരമണ്ഡലം’

മനുഷ്യസ്നേഹിയായ കവി അക്കിത്തം അച്യുതൻ നമ്പൂതിരി കഴിഞ്ഞമാസം യാത്രയായി. കേരള സർക്കാർ നൽകുന്ന കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ അവാർഡ്, കേന്ദ്ര സർക്കാർ നൽകുന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ജ്ഞാനപീഠം അവാർഡ് തുടങ്ങി എണ്ണമറ്റ അവാർഡുകൾ. ഒടുവിൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്ത വിശിഷ്ട വ്യക്തിത്വം അസ്തമിച്ചു.

കവിത, ചെറുകഥ, നാടകം, ഉപന്യാസം, വിവർത്തനം എന്നീ മേഖലകളിൽ നാൽപ്പത്തിയാറു കൃതികൾ. കുട്ടിക്കാലം മുതൽ കവിതകൾ എഴുതുവാൻ തുടങ്ങി. അരമംഗലത്തമ്പലത്തിന്റെ

ചുവരുകളിൽ കരിക്കട്ട കൊണ്ടെഴുതിത്തുടങ്ങിയ ബാല്യം. അക്കാലങ്ങളിൽ ക്ഷേത്ര ഭിത്തികളിൽ കണ്ട വികൃത ചിത്രങ്ങൾക്ക് ഒരു മറുപടിയായിട്ടാണ് ഏഴോ എട്ടോ വയസുമാത്രം പ്രായമുള്ള ബാലൻ ഇങ്ങനെ കുറിച്ചത്.

“അമ്പലങ്ങളിലീവണ്ണം

തുമ്പില്ലാതെ വരയ്ക്കുകിൽ

വമ്പനാമീശ്വരൻ വന്നി-

ട്ടെമ്പാടും നാശമാക്കിടും.” – അച്യുതൻ ഉണ്ണി.

ആഭാസ ചിത്രങ്ങൾ വരക്കുന്നവരെ

ഭയപ്പെടുത്തി, അത് നിർത്തലാക്കാമെന്ന വിചാരമായിരുന്നിരിക്കണം അച്യുതൻ ഉണ്ണിയുടെ മനസ്സിലുണ്ടായിരുന്നിരിക്കുക.

‘വെളിച്ചം ദുഃഖമാണുണ്ണീ,

തമസ്സല്ലോ സുഖപ്രദം’

ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസകാരന്റെ ഈ വരികളും അതിലെ തന്നെ മറ്റു ചില കവിതകളുമായിരിക്കണം അക്കിത്തം എന്ന കവിയെ ജനശ്രദ്ധയിലെത്തിച്ചത്. മാറുന്ന കാലത്തിന്റെ ധർമ്മച്യുതികളാകണം ഈ വരികളിലൂടെ അക്കിത്തം വായനക്കാരോട് പങ്കിടുന്നത്. ആവിഷ്കാര ലാളിത്യമുണ്ടായിരുന്നിട്ടും പല വരികളും അത്രയെളുപ്പത്തിൽ പിടി തരുന്നവയായിരുന്നില്ല. മനുഷ്യൻ തന്നെയായിരുന്നു മിക്ക കവിതകളുടേയും പ്രതിപാദ്യം. നന്മയുടെ വെളിച്ചം വിതറുകയായിരുന്നു കവിതകളിലൂടെ അദ്ദേഹം. ആധുനിക മലയാള കവിതയുടെ ഉദയം എന്ന് തന്നെ പറയാം.

കവിയ്ക്ക് ഇതിവൃത്തം മാസികയുടേയും ഫേസ്ബുക്ക് കൂട്ടായ്മയുടെയും പ്രണാമം.


ഡോ. സുനീത് മാത്യു

സ്നേഹത്തൂലികയിൽ വിപ്ലവം നിറച്ച കവി

 



”സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ

സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.

മാനിക്കയില്ല ഞാൻ മാനവമൂല്യങ്ങൾ

മാനിച്ചിടാത്തൊരു നീതിശാസ്ത്രത്തെയും.”


വിപ്ലവം എന്നാൽ മാനവിയത ആണെന്ന് പ്രഖ്യാപിച്ച കവിയുടെ വരികളാണിത്…

അതെ വയലാർ രാമവർമ്മ എന്ന പേര് മുന്നിൽ വരുമ്പോൾ മനസ്സിലോടിയെത്തുന്ന വരികൾ ….

വയലാറിന്റെ കവിത വായിക്കുമ്പോൾ ഓർമ്മകളിൽ അറിയാതെ അച്ഛൻ നിറയും…വയലാറെന്ന കാവ്യ സാഗരത്തെ വാക്കുകളിലൂടെ വരച്ചു തന്നു അച്ഛനെനിക്ക്..

”അച്ഛനുറങ്ങി കിടക്കുന്നു നിശ്ചലം…”

നിശബ്ദതയെപ്പോലും നിശബ്ദമാക്കി പ്രകൃതിയും തേങ്ങിയപ്പോൾ കാണാതെ പോയ പമ്പരം തേടി നടന്ന നിഷ്കളങ്ക ബാല്യം …നീറുന്നൊരോർമ്മയായ് …

ഇന്നും കണ്ണീരോടെ മാത്രമേ ആ കവിത വായിക്കാൻ കഴിയൂ……

ചന്ദനത്തിരിയുടെ മണമോടെ ചന്ദനമുട്ടികൾക്കിടയിൽ എരിഞ്ഞു തീർന്നതെന്റെ അച്ഛൻ തന്നെയായിരുന്നു… ഓറഞ്ചു കൊണ്ടുവരുന്ന അച്ഛനെ കാത്തിരുന്നത് .. ഞങ്ങൾ തന്നെയായിരുന്നു.


” കരളു പുകഞ്ഞിട്ടമ്മ- എൻ

കവിളിൽ നൽകിയൊരുമ്മ

കരുവാളിച്ചൊരു മറുകുണ്ടാക്കിയ

കാരിയമച്ഛനറിഞ്ഞോ…”

എന്ന് പാടിക്കേൾക്കുമ്പോൾ അറിയാതെ ഞാനെന്റെ കവിളിൽ തടവിപ്പോകുമായിരുന്നു………

അതെ…ആ തൂലികയിൽ നിന്ന് നിർഗ്ഗളിച്ചത് ചുറ്റുമുള്ള ജീവിതം തന്നെയായിരുന്നു ..

മനുഷ്യന്റെ സുഖദുഃഖങ്ങൾ ഒരു പച്ച മനുഷ്യനായി നിന്ന് കൊണ്ട് തന്നെ അദ്ദേഹം തിരിച്ചറിയുകയും അതൊക്കെയും അക്ഷരചിത്രങ്ങളായി മാറ്റുകയും ചെയ്തു.

”കടലിലെ ഓളവും കരളിലെ മോഹവും

അടങ്ങുകില്ലോമനേ അടങ്ങുകില്ലാ”

മനുഷ്യമനസ്സുകളിലെ തീരാമോഹങ്ങൾ

മുഴുവൻ ..ഈ രണ്ടു വരികളിൽ ആവാഹിച്ചു.

”എവിടെ നിന്നോ

എവിടെ നിന്നോ

വഴിയമ്പലത്തിൽ വന്നു കയറിയ

വാനമ്പാടികൾ നമ്മൾ…”

എത്ര അർത്ഥവത്തായ വരികൾ..

സ്വപ്നങ്ങളില്ലാത്ത ലോകം ജീവിതചൈതന്യമില്ലാതെ ശൂന്യമാണെന്ന് മനോഹരമായ വരികളിലൂടെ കവി പാടി… പ്രേമം ദിവ്യമായ അനുഭൂതിയാണെന്ന് പ്രകൃതിയെയും കാലത്തെയും കൂട്ടുപിടിച്ച് സുന്ദരമായി പാടീ…

ഈശ്വരൻ ഹിന്ദുവോ ഇസ്ലാമോ കൃസ്ത്യാനിയോ അല്ലായിരുന്നു എന്നിട്ടും ..കണ്ണീരുകണ്ടിട്ടും കണ്ണുതുറക്കാത്ത ആ ദൈവങ്ങളുടെ പ്രസക്തിയെപ്പറ്റിയും കവി പാടി…

” വിരുന്നു വരുമോ വിരുന്നു വരുമോ

വീട്ടിലിരിക്കും തത്തമ്മേ…”

സർക്കസ് കൂടാരത്തിലെ വീഴ്ചയുടെയും വേദനയുടെയും കഥ പറഞ്ഞ ….ഉമ്മറിന്റെയും മല്ലികയുടെയും അനശ്വര പ്രണയത്തെ വരച്ച ” ഉമ്മർ” അനുവാചകരുടെ ഹൃദയത്തിൽ ഇന്നും നോവു പടർത്തും …

”മരിക്കാൻ ഞങ്ങൾക്കു മനസ്സില്ല

കരയാൻ ഞങ്ങൾക്കു മനസ്സില്ല..

മുതലാളിത്തമേ നിൻമുന്നിൽ

മുട്ടുമടക്കാൻ മനസ്സില്ല ”

മുതലാളിത്തത്തിന്റെ അഹങ്കാരത്തിനെതിരെ ആവേശത്തോടെ കവി പാടീ….

” ഞാനെന്റെ വല്മീകത്തിലിത്തിരിനേരം ധ്യാന-

ലീനനായിരുന്നപ്പോള് ശബ്ദമുണ്ടാക്കീ നിങ്ങൾ ”

തന്റെ കവിതകളെ കല്ലെറിയുന്നവർക്കെതിരെ ഒരു മുഴം മുമ്പേ എറിഞ്ഞു കവി… ദന്തഗോപുരത്തിലേക്കുളള ക്ഷണക്കത്തിൽ

ഇന്ദ്രവല്ലരി പൂ ചൂടി വരും ഇഷ്ടപ്രാണേശ്വരിയും


പാരിജാതം തിരുമിഴിതുറന്നപ്പോൾ പോലും നീലോൽപലമിഴി പൂട്ടിയുറങ്ങിയ സുന്ദരിയും വിവാഹത്തെ സ്വപ്നം കാണാൻ ഇനി ഏഴ്

ഏകാന്ത സുന്ദരരാത്രികൾ കൂടിയേ ഉള്ളൂ എന്ന് പാടിയ കല്യാണപ്പെണ്ണും….അല്ലിക്കുടങ്ങളിൽ അമൃതുമായി നിന്ന താരുണ്യവും ..അങ്കച്ചമയത്തിനണിയാൻ അല്പം സിന്ദൂരം ചോദിച്ച കാമുകനും… കണ്ണിൽ കായാമ്പൂ വിരിഞ്ഞ കാമുകിയും..ആയിരം പാദസ്സരങ്ങൾ കിലുക്കിയൊഴുകിയ ആലുവാപ്പുഴയും

മന്ദസമീരനിൽ ഒഴുകിയെത്തുന്ന

ഇന്ദ്രചാപവും വെള്ളിവെയിലുനെയ്ത പുടവയുടുത്ത നീലപ്പൊൻമാനും..സന്ധ്യാപുഷ്പവുമായി പൂമുഖവാതിലിലെത്തിയ വിരഹിയാം കാമുകനും ..സീമന്തിനിയുടെ ചൊടികളിൽ പ്രേമമൃദുസ്മേരം കണ്ടപ്രണയഭിക്ഷുവും….തുടങ്ങി… എത്രയെത്ര അനശ്വര ഗാനങ്ങൾ ആ തൂലികയിൽ നിന്നും തുളുമ്പി..

”ആരൊരാളെൻ കുതിരയെക്കെട്ടുവാൻ

ആരൊരാളിതിൻ മാർഗ്ഗം മുടക്കുവാൻ..”

അതേ…ആ കാവ്യഭാവനയാകും യാഗാശ്വത്തെ പിടിച്ചുകെട്ടാൻ ഒരു ശക്തിക്കും കഴിയില്ല…ഇന്നും ആ കവിതകൾ ദിഗ്വിജയങ്ങൾ നേടിയെടുത്ത് മനുഷ്യമനസ്സുകൾ കീഴടക്കി മുന്നേറുകയാണ്……

ദൂരെ …” പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിലേക്ക് ” പോയെങ്കിലും …ആ അനല്പമായ ഭാവനാവൈഭവം മനസ്സിൽ നിറഞ്ഞു നില്ക്കും…

( ഒക്ടോബര് 27 ആ അനശ്വര കവിയുടെ… വയലാർ രാമ വർമ്മയുടെ ചരമദിനമാണ്..ആ കവനമാധുരിക്ക് സമർപ്പിക്കുന്നു.)


സിന്ധു എസ്. കുമാർ

മൽപ്പിടുത്തം


 

ഇരപിടിക്കാൻ വന്നവൻ സ്വയമൊരു
ഇരയായ് തീരുന്നതു പോൽ,
സകലപാപങ്ങൾക്കറുതിയാകാൻ
സമയം വിധി വിധിച്ചിടും !!
ചതി ചിരിക്കൂട്ടിൽ കലർത്തി നൽകി
ചിതയൊരുക്കുന്ന പക്ഷം.
അടരാതെ മോഹപ്പറുദീസകൾ
അടയിരിക്കുവാൻ മാത്രം.
പാപം കഴുകിക്കളയുന്ന ദൈവം
കോപിഷ്ഠനാകുന്നതെന്തേ.
വചനങ്ങൾ വർണ്ണച്ചായത്തിൽ മുക്കി
വിചാരങ്ങൾ കൂട്ടിലാക്കി.
നിയമങ്ങൾ നിർത്താതിരമ്പലായി
നയങ്ങളിൽ വിള്ളൽവീഴ്ത്തി.
തെറ്റുംശരിയുമായ് മൽപ്പിടുത്തങ്ങൾ
തേറ്റദംഷ്ട്രകളാഴ്ത്തുന്നു.
വിശ്വാസംചിന്തയിൽ പറ്റിപ്പിടിച്ചു
വശപ്പെട്ടവശനാകെ,
അബലതമാനസമുള്ളിലെങ്കിൽ
അഭയം തേടുവതില്ലേ?
ആശകൾ ചൂഷണച്ചൂണ്ട കൊരുത്തു
അശരണരാക്കും തന്ത്രം.
കാത്തിരിക്കാമിനി കാലംകൈക്കൊള്ളും
കുതൂഹല പരിണാമം !


ഡോ. സുകേഷ് ആർ.എസ്.

സമത്വം നഷ്ടപ്പെടുമ്പോൾ ..

 



‘സ്ത്രീ അമ്മയാണ്; ദേവിയാണ്’,

എന്ന തരത്തിലുള്ള മനോഹര വാക്യങ്ങൾക്കപ്പുറം കേരളത്തിലായാലും ഇന്ത്യയിലായാലും ലോകത്തെ മറ്റുപല ഇടങ്ങളിലായാലും സ്ത്രീകൾ മാത്രം അനുഭവിക്കുന്ന ദുരിതങ്ങൾ പലതുണ്ട്.

ജനിച്ചയുടൻ നെൻമണി കൊടുത്തും അരളിക്കായ കൊടുത്തും പെൺകുഞ്ഞുങ്ങളെ കൊല്ലുന്ന ഇന്ത്യൻ ഗ്രാമങ്ങൾ വെറും കഥയല്ല.

അഫ്ഗാനിസ്ഥാനിൽ പെൺകുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകളെ അവജ്ഞയോടെയാണ് കാണുന്നത്. ആൺകുഞ്ഞ് ജനിക്കുന്നതു വരെ അവരുടെ പ്രസവം തുടരുന്നു. ആൺകുട്ടി ജനിക്കുന്നതോടെ അവൾ സാധാരണ മനുഷ്യൻ്റെ പരിഗണന കഷ്ടിച്ചു നേടുന്നു!

ആണിന് കിട്ടുന്ന ഈ പ്രത്യേക പരിഗണന മൂലം വേഷംമാറി ആൺവേഷത്തിൽ ജീവിക്കുന്ന ആയിരക്കണക്കിന് പെൺകുട്ടികൾ അവിടെയുണ്ട് . സ്കൂളിലും കളിയിടങ്ങളിലും അവർ ആണായിത്തന്നെ ജീവിക്കുന്നു.

മനുഷ്യജീവി എന്ന പരിഗണന പോലും കിട്ടാതെ ബലാൽക്കാരം ചെയ്യപ്പെടുന്ന സ്ത്രീകളെക്കുറിച്ചുള്ള വാർത്തകൾ ഇന്ത്യയിലും നമ്മൾ നിരന്തരം കാണുന്നുണ്ട്.

‘ന:സ്ത്രീ സ്വാതന്ത്ര്യമർഹതി’ പോലെ വേദങ്ങളെയും, ഉപനിഷത്തുകളെയും ദർശനങ്ങളെയും കൂട്ടുപിടിച്ചെഴുതിയ വാചകങ്ങളുടെ ബലത്തിൽ; സ്ത്രീയെ അടിമയാക്കുന്ന പ്രവണതയും അഭംഗുരം തുടരുന്നു.

മയക്കുമരുന്ന് മദ്യം ഇവ ഉപയോഗിക്കുന്നത് കൂടുതലും പുരുഷൻമാരാണെങ്കിലും, തിക്തഫലം അനുഭവിക്കേണ്ടി വരുന്നതും സ്ത്രീകൾ തന്നെ! നിർഭയ, ഉന്നാവ്, കട്വ , പെരുമ്പാവൂർ, ഹാഥ്റസ് സംഭവങ്ങൾ ഉദാഹരണങ്ങളല്ലേ? ഏതു യുദ്ധത്തിലും ബലാൽക്കാരം ചെയ്യപ്പെടുന്നത് സ്ത്രീകളാണ്. യുദ്ധം ഇല്ലെങ്കിൽ പോലും ചിലയിടങ്ങളിൽ അത് തുടരുന്നു.

ഇന്ത്യയിൽ നാഗാലാൻഡിലെ സ്ത്രീകൾ നഗ്നരായി തെരുവിലൂടെ ഓടിയിട്ട് ഏറെക്കാലമായില്ല! ഒരു വ്യാഴവട്ടക്കാലം ഇറോം ശർമിള അതിനെതിരെ നിരാഹാരം അനുഷ്ഠിച്ചതും ഓർക്കേണ്ടതുണ്ട് ! “പട്ടാളം ഞങ്ങളെ ബലാൽക്കാരം ചെയ്യുന്നു ” എന്നായിരുന്നു ആ സ്ത്രീകൾ കയ്യിൽ ഉയർത്തിയ ബാനർ!

ഇന്ത്യൻ ഗ്രാമങ്ങളിലും, നഗരങ്ങളിലും ബലാൽക്കാരം ചെയ്യപ്പെട്ട് മൃഗീയമായി കൊല ചെയ്യപ്പെടുന്ന പെൺകുട്ടികളെല്ലാവരും സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ദരിദ്രകുടുംബങ്ങളിൽ നിന്നും, സമുദായങ്ങളിൽ നിന്നും ഉള്ളവർ ആണെന്ന വസ്തുതയും നാം മനസ്സിലാക്കേണ്ടതുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ, പലതരം ശാരീരികവും മാനസികവുമായ ആക്രമണങ്ങളെ നേരിടുന്നവരാണ് ഭൂമിയിലെ ഏതുപ്രദേശത്തെയും സ്ത്രീകൾ !

സമൂഹ്യ പുരോഗതിയുടെ ഏറ്റവും വലിയ ഇന്ധനം വിദ്യാഭ്യാസ മുന്നേറ്റമാണ്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഇതിൽ ഏറെ പ്രധാന്യമുണ്ട്. കേരളം നേടിയെടുത്തു എന്നവകാശപ്പെടുന്ന ഒട്ടനവധി നേട്ടങ്ങളുടെയും പിന്നണിയിൽ സ്ത്രീ വിദ്യാഭ്യാസ പുരോഗതിയുടെ കൃത്യമായ അടയാളപ്പെടുത്തലുകൾ കാണാം. എന്നിട്ടും വിദ്യാസമ്പന്നരായ സ്ത്രീകളുടെ ജീവിതം പോലും അടുക്കളപ്പുകയിലൊടുങ്ങുന്നു.

സ്ത്രീ ഭർത്താവിനും കുടുംബത്തിനും വേണ്ടി തന്റൊ ജീവിതവും സ്വപ്നങ്ങളും പൂർണ്ണമായും ത്യജിക്കേണ്ടവളാണെന്ന വിശ്വാസം, പൊതുവിൽ സമൂഹം വെച്ചുപുലർത്തുന്നു. സ്ത്രീകളിൽ വലിയൊരു വിഭാഗം തന്നെ തങ്ങളുടെ സിദ്ധികളും കഴിവുകളും സാദ്ധ്യതകളും തിരിച്ചറിയാത്തവരും, അവകാശങ്ങളെക്കുറിച്ച് ധാരണ ഇല്ലാത്തവരുമാണ് എന്നത് തീർച്ചയായും ഒരു പരിമിതിയാണ്. വിദ്യാഭ്യാസത്തിലൂടെയും മറ്റു സാമൂഹിക പ്രവർത്തനങ്ങളിലൂടെയും, തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ധാരണ നേടിയവർ അവരുടെ പ്രവർത്തനങ്ങളിലൂടെ മറ്റ് സ്ത്രീകൾക്ക് ഊർജ്ജം നൽകേണ്ടതുണ്ട്.

ആൺകോയ്മയെ ചോദ്യം ചെയ്യുന്ന സ്ത്രീ പലപ്പോഴും അപഹാസ്യയാകുന്നു. ഈയടുത്ത കാലത്ത് സ്ത്രീകൾക്കെതിരെ അനാവശ്യ പരാമർശങ്ങൾ നടത്തിയ ഒരാളെ, സ്ത്രീകൾ ഒരുമിച്ചു കൈകാര്യം ചെയ്തതും ഓർക്കേണ്ടതുണ്ട്. നിയമം കൈയിലെടുക്കുവാൻ പുരുഷൻമാർക്കും സ്ത്രീകൾക്കും അവകാശമില്ല….. പക്ഷേ നിയമം നോക്കുകുത്തിയാവുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

ഏതാനും വർഷങ്ങൾക്കു മുൻപ്, കൗമാരത്തിലേക്കു കടന്ന ഏക മകളെ, മൃഗീയമായി കൊലപ്പെടുത്തിയ ഒരുവൻ നിയമത്തിന്റെ പഴുതിലൂടെ രക്ഷപെട്ട്, തൻ്റെ കൺമുന്നിൽ വിലസുന്നതു കണ്ടുനിൽക്കാനാവാതെ, നിയമം കയ്യിലെടുത്ത പിതാവിനെയും ഈയവസരത്തിൽ ഓർമ്മ വരുന്നു…

ഇത്തരം വിവേചനങ്ങൾക്കെതിരെ ചിന്താശേഷിയുള്ള പുരുഷൻമാരും സ്ത്രീകൾക്കൊപ്പം കൈകോർക്കേണ്ടതുണ്ട്.

ഒരേ വയറിൽ നിന്ന് പിറവിയെടുത്ത്, ഒരേ ഭക്ഷണം കഴിച്ച്, ഒരേ വിദ്യാഭ്യാസം സ്വീകരിച്ച് ജീവിക്കുന്ന സ്ത്രീക്കും, പുരുഷനും യഥാർത്ഥത്തിൽ ഭൂമിയിൽ തുല്യമായ അവകാശങ്ങളുണ്ട് എന്ന ബോധവൽക്കരണമാണ് യഥാർത്ഥത്തിൽ നടത്തേണ്ടത്.

പുരുഷനുണ്ടെന്നു കരുതപ്പെടുന്ന പല ശാരീരികക്ഷമതകൾക്കും തുല്യമായതോ, പകരം വയ്ക്കാവുന്ന തരത്തിലുള്ളതോ, അതിലുമേറെ ഉൽകൃഷ്ടമായതുമായ പലസിദ്ധികളും, മാനസികവും ശാരീരികവുമായ പ്രത്യേകതകളും സ്ത്രീകൾക്കുമുണ്ട്.

അംഗീകാരം കൊടുത്ത് അംഗീകാരവും, ബഹുമാനം കൊടുത്തു ബഹുമാനവും, സ്നേഹം കൊടുത്ത് സ്നേഹവും നേടുന്ന ഒരുലോകം നമുക്ക് സ്വപ്നം കാണാം… സമത്വസുന്ദരമായൊരു സ്വപ്നം…..

ആ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സമൂഹത്തിൽ സ്ത്രീകളോടുള്ള മനോഭാവവും മാറേണ്ടതുണ്ട്. സമൂഹമനസ്സാക്ഷിയിൽ മാറ്റത്തിന്റെ വിത്തുകൾ പാകി, അതുവഴി സമത്വവും, സ്നേഹവും പ്രണയവും നിറഞ്ഞ ഒരുലോകം; സ്നേഹത്തിൻ്റെയും തുല്യതയുടെയും സംഗീതം നിറഞ്ഞ ഒരു പുതിയലോകം നമുക്ക് സൃഷ്ടിക്കാം..,

കാലാനുസൃതമായി വരേണ്ടുന്ന മാറ്റത്തിനും, സ്വന്തം നിലനിൽപിനും വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അവളെ അംഗീകരിച്ച്, അവൾക്കൊപ്പം നിൽക്കേണ്ടത് അനിവാര്യമാണ്!


സുജ ഹരി

തീക്കനൽപക്ഷി

 


തീക്കനൽപക്ഷിയായ് മാറി-

ഇന്നു ഞാൻ തീക്കനൽ പക്ഷിയായ് മാറി..!

എരിയുന്നു ഞാനിന്ന് രാവും പകലും,

കൊത്തിയതൊക്കെയും വെന്തെരിച്ചു!

എരിയുന്ന കണ്ടെൻ്റെ ആത്മ ബന്ധുക്കൾ-

ദണ്ഡം പറഞ്ഞിട്ട് വിട്ടകന്നു !

ദാഹം അകറ്റുവാൻ മാരി തന്നെങ്കിലും,

മമ താപ കോപാഗ്നിയിൽ വറുതിയായി.

കനലിൻ്റെ പ്രഭ കൊണ്ട് ഇന്ന് ഞാനേതോ-

ശലഭങ്ങളെ പ്പോലു മരികിലെത്തിച്ചു..

അവയൊക്കെ ഞാനേതോ പൂക്കളെന്നോർത്തിട്ട്-

ഗാഡം പുണർന്നെൻ്റെ അഗ്നി കൂട്ടി..

കഥന ഭാരത്താൽ മൊഴിയട്ടെ തവ മുന്നിൽ-

കത്തുന്നതത്രെയും ഈ ഹൃദയം.

ജ്വലനം നിലയ്ക്കുന്ന വേളയെത്തുമ്പോൾ-

എല്ലാം ഗ്രഹിച്ചു ഞാൻ ചാരമാകും ..!


അജയ കുമാർ ബി.

ജാനകി

 



അഞ്ചിതൾ പൂവുകൾ മിഴി തുറന്നു

ആട്ടവിളക്കിൽ തിരിതെളിഞ്ഞു

അമ്പല പറമ്പൊരു കളിയരങ്ങായി

ആരാധകവൃന്ദങ്ങൾക്കാകാംക്ഷയായി.

അനുപമേ, നീയിന്നാദ്യമായി

അരങ്ങത്തിറങ്ങു വാനണിഞ്ഞൊരുങ്ങി

സീതാസ്വയംവര മാട്ടക്കഥയിൽ’

സീതയായോ മന ഒരുങ്ങി നിന്നു.

ജനകന്റെ രാജധാനിയണിഞ്ഞൊരുങ്ങി

ജാനകി മന്ദമന്ദം അരങ്ങിലെത്തി.

രാജകുമാരൻ മാരണിനിരന്നു,

രാഘവനായ് ഞാനുണർന്നെണീറ്റു.

ദാശരഥനായ് ഞാനരങ്ങിലെത്തി,

ദക്ഷിണ നൽകി ഞാൻ വില്ലെടുത്തു

ത്രൈയംബകം ഞാൻ വലിച്ചൊടിച്ചു

ത്രിഭുവനമാകെ പുളകിതമായി.

ശംഖൊലി കേട്ടു ഞാൻ ഞെട്ടിയുണർന്നു

ആറാട്ടിന്നാന എഴുന്നള്ളി നിന്നു

ആട്ടവിളക്കെപ്പോഴോ അണഞ്ഞിരുന്നു.

സ്വപ്നത്തിൽ ഞാനൊരു രാഘവനായി,

സുന്ദരിയവളെന്റെ ജാനകിയായി.


വിജയം.ആർ.നായർ

തിരിച്ചറിവ്

 



“ഇവിടെയിരുന്നാ മതി…

ഗസ്റ്റ് വന്ന് പോകുന്ന വരെ അങ്ങോട്ടേക്ക് വന്നേക്കരുത്….

മനസ്സിലായോ…. “

മരുമകളുടെ ശാസനകേട്ട് നരച്ച കണ്ണുകളിൽ നീർതുളുമ്പി….

മിണ്ടാതെ, ശ്വാസംപോലും അടക്കിപ്പിടിച്ചുകൊണ്ട്, തലയിണയിൽ മുഖമമർത്തി കേഴുമ്പോൾ, അകത്തുനിന്നും പൊട്ടിച്ചിരികൾ ഉയർന്നുകേട്ടു…..

വിശപ്പിന്റെ കാഹളം മുഴങ്ങുന്നു….

ശരീരത്തിനാകെ തളർച്ച തോന്നുന്നുണ്ട്.

“ഡയബറ്റിക് ആണ്….

ഇടക്കിടെ, അല്പാല്പമായിട്ട് ഫുഡ് കഴിക്കുന്നതാ നല്ലത്…. “

കഴിഞ്ഞതവണ ചെക്കപ്പിന് പോയപ്പോൾ ഡോക്ടർ പറഞ്ഞതാണ്.

കഴിക്കേണ്ട ആഹാരങ്ങളും, അവയുടെ അളവുമൊക്കെ കുറിച്ചുതന്ന ലിസ്റ്റുമുണ്ടായിരുന്നു.

അതെവിടെപ്പോയോ ആവോ???

ലിസ്റ്റ് നോക്കിയല്ലെങ്കിലും, വിശക്കുമ്പോൾ ഇത്തിരിയെന്തെങ്കിലും കഴിക്കാൻ കിട്ടിയാൽ, ഏറെ ആശ്വാസമായേനെ….

യൂറിൻ കൺട്രോൾ ഇല്ലെന്നുംപറഞ്ഞ്, തോന്നുമ്പോഴൊന്നും വെള്ളം കുടിക്കാനുമവൾ സമ്മതിക്കില്ല….

പറഞ്ഞിട്ട് കാര്യമില്ല….

മൂത്രം കഴുകാനൊന്നും തനിക്കിപ്പോൾ വയ്യല്ലോ…

അവൾ വേണ്ടേ അതൊക്കെ ചെയ്യാൻ….

ഹോം നേഴ്സിനെ നിർത്താമെന്ന് മോൻ പറഞ്ഞെങ്കിലും, അവളത് കേട്ടില്ല….

അവളെപ്പറഞ്ഞിട്ടും കാര്യമില്ല….

പെങ്കൊച്ചുങ്ങൾ രണ്ടെണ്ണമാ….. നീയോ ഞാനോ എന്നകണക്കിന് വളർന്ന് വരുന്നത്.

അവന്റെയൊരാളുടെ വരുമാനംകൊണ്ട് വേണം എല്ലാം ഒത്തുപോകാൻ….

പിന്നെങ്ങനാ ഹോം നഴ്സിനുള്ളതുകൂടി കൊടുക്കുക…..

അഞ്ചുമണിയോടെയാണ് വിരുന്നുകാർ പോയത്….

അതുവരെ അവളോ മക്കളോ എന്നെ ഓർത്തുകാണില്ല….

അല്ലെങ്കിൽ, ഒരുപിടി വറ്റെങ്കിലുമായി, ഈ കുടുസ്സുമുറിക്കകത്തേക്ക് ആരെങ്കിലും വന്നേനെ…..

“ഗ്രാനീ….. എണീക്ക്….

ദാ…. ഫുഡ്…. എടുത്ത് കഴിച്ചോ….”

മൂത്ത പേരക്കിടാവാണ്…

വിശപ്പും ദാഹവും തളർത്തിയ ശരീരം തന്റെ ഇച്ഛക്കൊത്ത് വഴങ്ങുന്നില്ല…

എഴുന്നേറ്റിരിക്കുവാൻ വല്ലാതെ ശ്രമപ്പെട്ടു….

അപ്പോഴേക്കുമവൾ മുറിവിട്ട് പുറത്തെത്തിയിരുന്നു….

വിറയൽ ബാധിച്ച കൈകളാൽ പാത്രത്തിൽ കയ്യിട്ട് എന്തൊക്കെയോ വാരിത്തിന്നു….

ആഹാരത്തിന് മുൻപ് കൈകഴുകുന്ന ശീലമൊക്കെ മറന്നതാണോ, അതോ മനഃപൂർവം വേണ്ടെന്ന് വെച്ചതാണോ…..

അറിയില്ല…

മുക്കാൽ ഭാഗത്തോളം മാത്രം വെള്ളമുള്ള ഗ്ലാസ് വായിലേക്ക് കമഴ്ത്തി, അവസാന തുള്ളിവരെ ആർത്തിയോടെ നുണഞ്ഞു….

പച്ചവെള്ളത്തിനുപോലും ഇത്രയും രുചിയോ????

കൈകഴുകാൻ വെള്ളത്തിനായി ചുറ്റും പരതി…

ഇല്ല….

ഇനി പുറത്തേക്കിറങ്ങുകയേ രക്ഷയുള്ളൂ…

അതിനെങ്ങനെ….

ഈ വിറയലൊന്ന് മാറണ്ടേ….

ഭക്ഷണമെത്തിയല്ലോ….

ഇനി പതിയെ ശരീരത്തിലെ ഗ്ലൂക്കോസുയരും…

അപ്പോൾ വിറയൽ കുറയും….

കട്ടിലിന്റെ തലഭാഗത്ത് തൂക്കിയിട്ട മുഷിഞ്ഞ തോർത്തിൽ കയ്യും മുഖവും തുടച്ചുകൊണ്ട് ഞാൻ അനങ്ങാതെ, കണ്ണുമടച്ച് കിടന്നു….

“ഈ കിടപ്പിലങ്ങ് തീർന്നുകിട്ടിയാൽ മതിയായിരുന്നു….

കാലനുപോലും വേണ്ടാതായോ ആവോ??? “

കിടന്നുകൊണ്ട് പിറുപിറുത്തു…

“എന്തൊരു നാറ്റമാണമ്മേ….

മൂത്രവും വിയർപ്പും എല്ലാംകൂടെ….

എനിക്കാകെ ഓക്കാനിക്കാൻ വരുന്നു…

ഇനി ഗ്രാനീടെ റൂമിലേക്ക് ഫുഡുമായി പോകാൻ എനിക്കാവില്ല കേട്ടോ….”

കൊച്ചുമോൾ കയർത്തുകൊണ്ട് പറയുന്നത് കേട്ടപ്പോൾ, പ്രത്യേകിച്ചൊന്നും തോന്നിയില്ല….

നാലഞ്ചുനാളായിട്ട് അവളും

അനിയത്തിക്കുട്ടിയും ഇതുതന്നെയാണല്ലോ പറയുന്നത്…..

എന്നിട്ടും, പിന്നെയുമവരീ വാതിൽ തുറന്ന് കടന്നുവരുന്നുണ്ടല്ലോ….

അതുതന്നെ മഹാഭാഗ്യമല്ലേ!

വിറയൽ തെല്ലൊന്നടങ്ങിയപ്പോൾ, എഴുന്നേറ്റ് വേച്ചുവേച്ച് മെല്ലെ വാതിലിനടുത്തെത്തി….

ഉടുവസ്ത്രം നനഞ്ഞിരിക്കുന്നു….

മൂത്രത്തുള്ളികൾ കിടക്കയിൽ പരന്നിട്ടുണ്ട്….

“മോളേ…..”

അല്പം ഉച്ചത്തിൽ തന്നെയാണ് വിളിച്ചത്….

ഇല്ലെങ്കിൽ, അവര് കേട്ടില്ലെങ്കിലോ???

ഈയിടെയായി അവർക്കൊക്കെ കേൾവിശക്തി കുറഞ്ഞപോലെ തോന്നുന്നു…

ഒന്നോരണ്ടോ തവണ വിളിച്ചാലൊന്നും കേൾക്കില്ല….

“മോളേ….”

ആദ്യത്തെ വിളിക്ക് മറുപടി കാണാഞ്ഞ്

ഞാൻ വീണ്ടും വിളിച്ചു.

“നാശം…. ഒന്ന് കിടക്കാനും സമ്മതിക്കില്ലേ… “

മരുമോള് പിറുപിറുത്തുകൊണ്ട് വന്നു.

“എന്താ….

ഇങ്ങനെ വിളിച്ചുകൂവാൻ മാത്രം എന്താ നിങ്ങൾക്ക്…. “

അവളുടെ മുഖം കോപത്താൽ ചുവന്നിരുന്നു.

“എനിക്കൊന്ന് മേക്കഴുകണം….

ഇതൊന്ന് മാറ്റിയുടുക്കണം…. “

“അതിനെന്തിനാ എന്നെ വിളിക്കുന്നേ….

ആ മുറ്റത്തിറങ്ങി നാലടി നടന്നാൽ കുളിമുറിയിലെത്തില്ലേ….

പോകുന്ന വഴിക്ക് ആ അയയിൽ നിന്നും നൈറ്റിയെടുത്തൂടേ….

പുലർച്ചെ തുടങ്ങിയ പണിയാ….

ഇപ്പൊഴാ ഒന്ന് നടുനിവർത്താൻ

പറ്റിയേ….

അപ്പോഴേക്കും തുടങ്ങും തള്ളേടെ കാറൽ…”

ചുമരിൽ പിടിച്ചുകൊണ്ട്, പതിയെ, കുളിമുറിയെ ലക്ഷ്യമാക്കി നീങ്ങുമ്പോൾ, മരുമകളുടെ വാക്കുകൾ തീക്കനലായി നെഞ്ചിൽ പതിച്ചു.

കുളിമുറിയിൽ കയറി കതകടച്ചു….

മൂത്രമിറ്റി മൂടുകുതിർന്ന നൈറ്റിയഴിച്ച്, വെള്ളത്തിൽ കുതിർത്ത് സോപ്പ് തേക്കുമ്പോഴാണ്, ഞാനത് കണ്ടത്….

കുളിമുറിയുടെ മൂലക്ക്…. പതുങ്ങിയിരിപ്പാണവൻ…

എന്നെ നോക്കി ഒരു കുസൃതിച്ചിരിയും പാസ്സാക്കിക്കൊണ്ട്….

അയ്യോ…..

ഞാനിപ്പോൾ പൂർണ നഗ്നയാണല്ലോ…. പെട്ടെന്നാണ് എനിക്കതോർമ വന്നത്….

വാതിലിലെ കൊളുത്തിൽ തൂങ്ങിയാടുന്ന നൈറ്റിയെടുക്കാൻ തിടുക്കപ്പെട്ടതും, അവനെന്റെ കൈയിൽ ബലമായി പിടിത്തമിട്ടു….

“വിട്…. വിടെന്നെ….”

കൗമാരക്കാരിയെപ്പോലെ ഞാൻ പിടഞ്ഞു…

“ശ്…. ശ്….

ശബ്ദമുണ്ടാക്കരുത്….

നീ വിളിച്ചിട്ടാ ഞാൻ വന്നത്….

എന്നിട്ടിപ്പോ വിളിച്ചുകൂവി എന്നെ നാണംകെടുത്താൻ നോക്കുന്നോ…. “

അവന്റെ ശബ്ദത്തിന് തീക്ഷ്ണതയേറി…

കണ്ണുകൾ കൂടുതൽ തുറിച്ചു…

“ഞാനോ…..

ഞാൻ… ആരെയും വിളിച്ചില്ലല്ലോ….

നല്ല പ്രായത്തിൽ വിളിച്ചിട്ടില്ല…

പിന്നെയല്ലേ ഈ വയ്യാത്ത കാലത്ത്…”

അമ്പരപ്പിനിടയിലും എനിക്ക് ചിരിപൊട്ടി.

“ദാ…. അരമണിക്കൂർ മുൻപും നീയെന്നെ വിളിച്ചല്ലോ….

എല്ലാമിതിൽ പതിഞ്ഞിട്ടുണ്ട്…”

അവൻ, കയ്യിലെ മൊബൈൽ കാണിച്ചുകൊണ്ട് പറഞ്ഞു….

“വിളിക്ക്യേ….

ഈ ചെക്കന് വട്ടാ….

വിളിക്കാൻ എനിക്കെവിടുന്നാ മൊബൈൽ???”

ഞാൻ ചോദിച്ചു.

അതുമല്ല, ഇത്രേം പ്രായമായ എന്നെയവൻ ‘നീ’യെന്നാണ് വിളിക്കുന്നത്….

എനിക്കാകെ ദേഷ്യംവന്നു.

“നീ യോ….

ഡാ…. ചെക്കാ…

സൂക്ഷിച്ച് സംസാരിക്ക്….

നല്ലപ്രായത്തിൽ കെട്ട് നടന്നിരുന്നെങ്കിലേ എനിക്ക് നിന്നെക്കാൾ വലിയ ചെറുമകനുണ്ടായേനേ…. “

നൈറ്റിയെടുത്ത് ദേഹം മറച്ചുകൊണ്ട്, ഞാൻ പറഞ്ഞു….

അതുകേട്ട് അവനൊന്ന് ചിരിച്ചു….

പിന്നെ….

എന്നെ കൈകളിൽ കോരിയെടുത്ത്, കിണറിന്റെ ആഴങ്ങളിലേക്ക്……

ഹൊ….

എതിർക്കാനൊന്നും നേരംകിട്ടിയില്ല…

അതിനുമുൻപേ ചെക്കനെന്നെ പിടുത്തമിട്ടിരുന്നല്ലോ….

ഞങ്ങളങ്ങനെ താഴേക്ക് പതിക്കുകയാണ്….

താഴേക്ക്….

താഴേക്ക്…..

മേലാകെയൊരു കുളിര്…..

വെള്ളത്തിൽ തൊട്ടിട്ടാകും….

അപ്പോ ഈ ചെക്കൻ…..

എന്നെ വെള്ളത്തിനടിയിലേക്ക് കൊണ്ടുപോവാൻ വന്നതാണോ???

ന്റെ കാവിലമ്മേ….

ഇവൻ…..

ഇവനാണോ…. ആ….

പക്ഷെ….

കേട്ടറിഞ്ഞ രൂപമിതല്ലല്ലോ….

ഇവന്റെ വാഹനമെവിടെ???

വെള്ളത്തിനടിയിലേക്ക് ഊളിയിടുമ്പോൾ ഞാൻ ചുറ്റിനും കണ്ണുകളാൽ പരതി….

പെട്ടെന്നെന്റെ ശ്വാസം നിലച്ചു….

പ്രാണവായു കിട്ടാതെ പിടയുകയാണ്….

ഹൊ….

ഈ അവസ്ഥയുണ്ടല്ലോ….

ഭയാനകമാണ് കേട്ടോ….

ജീവിതത്തിനും മരണത്തിനുമിടക്കുള്ള നൂലിഴ പൊട്ടുന്ന നിമിഷം….

ഞാൻ പിടയുകയാണ്…..

കിണറിന്റെ അടിത്തട്ടിൽ നിന്നും, പൊങ്ങിയും താണുമുള്ള, ഒടുക്കത്തെ പിടച്ചിൽ….

“ശ്രുതീ…..

എന്താ…. എന്തുപറ്റി???”

മുറിയിൽ പ്രകാശം പരന്നു….

“നീയെന്തൊക്കെയാ കാണിക്കുന്നേ….

ഹൊ… എന്റെ കൈ …

പിടിച്ചു ഞെരിച്ചുകളഞ്ഞല്ലോ നീയ്….”

അനന്തേട്ടൻ വേദനിക്കുന്ന ഇടംകൈ, വലംകൈയാൽ ഉഴിഞ്ഞുകൊണ്ട് പറഞ്ഞു…

“അനന്തേട്ടാ….

ഞാൻ….

ഞാനിപ്പോ….

ഈശ്വരാ….

അപ്പോ അവനെവിടെ???”

“ആര്??

നീയെന്താ നട്ടപ്പാതിരാക്ക് പിച്ചുംപേയും പറയുന്നേ….”

വിശ്വാസം വരാതെ ഞാനെഴുന്നേറ്റ് ചുറ്റും നോക്കി…..

വേനൽച്ചൂടുകാരണം ജനൽപ്പൊളികൾ തുറന്നിട്ടിരിക്കുകയാണ്….

പുറത്ത് പതിനഞ്ചാംരാവിലെ നിലാവൊഴുകുന്നുണ്ട്…..

ഞാനോടിച്ചെന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി…..

നിലാവിൽ വ്യക്തമായി കണ്ടു….

അവൻ….

അവനാ വാഴക്കൂട്ടത്തിനരികിലുണ്ട്….

പോത്തിന്റെ കൊമ്പുകളിൽ പിടിച്ചുകൊണ്ട്, ബുള്ളറ്റ് ബൈക്കിൽ ഇരിക്കുംപോലെ, എന്നെയും നോക്കി ഇരിപ്പാണ്….

“അനന്തേട്ടാ….

ദാ… അവൻ….”

നെഞ്ചിടിപ്പോടെ ഞാനവിടേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു…..

അനന്തേട്ടൻ മുറിയിലെ ലൈറ്റ് ഓഫാക്കി എനിക്കരികിലെത്തി….

ജനലിലൂടെ പുറത്തേക്ക് നോക്കി….

“ആര്….

ഞാനവിടെ ആരെയും കാണുന്നില്ലല്ലോ….

നീ വെറുതെ മനുഷ്യനെ പ്രാന്താക്കാൻ….

കണ്ണീക്കണ്ട സീരിയലൊക്കെ കണ്ടുകൂട്ടും…

എന്നിട്ട് നട്ടപ്പാതിരാക്ക് കിടന്ന് കാറിവിളിക്കും…

ഒന്ന് വന്ന് കിടക്കാൻ നോക്ക്….

നാളെ നേരത്തെ പുറപ്പെടണം….

കുറെദൂരം യാത്രചെയ്യേണ്ടതാ….”

“അല്ല….

നോക്കനന്തേട്ടാ….

അവിടെ…

അവിടെ…. ആരോ നിൽപ്പില്ലേ….”

അനന്തേട്ടൻ കോപത്തോടെ ജനലിനരികിൽ നിന്നും തിരിഞ്ഞതും, ഞാനാ കൈകളിൽ പിടിച്ചുകൊണ്ട് പറഞ്ഞു…

“ഓ…. കോപ്പ്…..

അവിടെ…..

ഞാനാരെയും കാണുന്നില്ല…..”

പെട്ടെന്ന് ഒരു കരച്ചിൽ….. പോത്തമറുംപോലെ….

“കേട്ടില്ലേ….”

ഞാൻ ചോദിച്ചു…..

“ന്റെ ശ്രുതീ…..

അതാ മൂസാക്കയുടെ വീട്ടിലെ പോത്ത് കരഞ്ഞതാ….

നാളെയല്ലേ അയാളുടെ മോളുടെ കൊച്ചിന്റെ മുടികളച്ചിൽ….

അതിന് അറുക്കാൻ കൊണ്ടുവന്നതാ….

ദേ….

നീ വന്ന് കിടക്കുന്നുണ്ടോ…. “

അനന്തേട്ടൻ വീണ്ടും ചൂടായി…..

ഞാനൊന്നുകൂടി ജനലിനു പുറത്തേക്ക് നോക്കി…

ഉണ്ട്…..

അവനവിടെത്തന്നെയുണ്ട്….

ന്യൂജെൻ പിള്ളേരെപ്പോലെ, മുട്ടറ്റമുള്ള ലൂസൻ നിക്കറും ടീ ഷർട്ടുമാണ് വേഷമെന്നേയുള്ളൂ…..

പക്ഷെ…. മുഖം….

അത് പറഞ്ഞുകേട്ടപോലെത്തന്നെ….

കയ്യിൽ കുരുക്കിന് പകരം മൊബൈൽഫോൺ….

കാലം മാറിയില്ലേ….

ചിലപ്പോ വല്ല മൊബൈൽ ആപ്പും ഉപയോഗിച്ചാവും പണി….

അതുംഞെക്കി, ആ പോത്തിന്റെ പുറത്തവൻ രസിച്ചിരിപ്പാണ്…..

ഇടക്കൊന്ന് മൊബൈൽ സ്ക്രീനിൽ നിന്നും തലയുയർത്തി എന്നെ നോക്കി…..

ഞാനപ്പോൾ പേടിച്ച് ജനലടച്ചുകളഞ്ഞു…

സിനിമയിൽ നവ്യാനായർ പറഞ്ഞപോലെ….

“ഞാൻ കണ്ടു…..

ഞാനേ കണ്ടുള്ളൂ…

ഞാൻ മാത്രേ കണ്ടുള്ളൂ….”

അനന്തേട്ടൻ കൂർക്കംവലിച്ചു തുടങ്ങിയിട്ടുണ്ട്….

എനിക്ക് കിടക്കാനേ തോന്നുന്നില്ല….

ഞാൻ മുറിയുടെ വാതിൽ തുറന്ന് പുറത്തിറങ്ങി…..

അമ്മയുടെ മുറിയിൽ വെളിച്ചമുണ്ടല്ലോ….

ഞാനുടനെ അങ്ങോട്ട് ചെന്നു….

വാതിൽ തുറന്നിട്ടിരിക്കുന്നു….

അമ്മേടെ മടിയിൽ തലവെച്ച് കിടപ്പാണ് ദീപുമോൻ…..

ഈശ്വരാ…..

പത്തുവയസ്സുള്ള ഈ ചെക്കന്റെ ഭാര്യയേം മക്കളേയുമല്ലേ ഞാനല്പം മുൻപ് കണ്ടത്….

അപ്പോ….

അത് വെറുമൊരു സ്വപ്നമായിരുന്നുല്ലേ….

ഹൊ….

ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു….

“എന്താ മോളേ….”

എന്റെ നെടുവീർപ്പുകേട്ടിട്ടാകണം, അമ്മ തലയുയർത്തി നോക്കിക്കൊണ്ട്

ചോദിച്ചു….

“ഒന്നൂല്യ…”

എനിക്ക് മറ്റൊന്നും പറയാനായില്ല….

“മോനിപ്പോ വന്നതാ….

കഥ കേൾക്കണം….ന്ന് പറഞ്ഞിട്ട്….

ഒറങ്ങിപ്പോയി….

പാവം…..

ഓനറീല്യാലോ

ഞ്ഞി കഥ പറയാൻ ഈ മുത്തശ്ശി കൂടെണ്ടാവില്ല്യാ…. ന്ന്….. “

നെടുവീർപ്പിനൊപ്പം നരച്ച കണ്ണുകളിൽ നിന്നും നീർമണികളുതിർന്നു….

എനിക്ക് ശ്വാസംമുട്ടുംപോലെ തോന്നി….

ഞാൻ തിരികെ മുറിയിലേക്കോടി…..

“അനന്തേട്ടാ…..”

ലൈറ്റിട്ടുകൊണ്ട് ഞാൻ കുലുക്കിവിളിച്ചു…

“ഓ…. ന്റെ ശ്രുതീ….

നിന്റെ പ്രാന്തിനിയും മാറിയില്ലേ….”

വീണ്ടും ഉറക്കം മുറിച്ചതിലുള്ള

അമർഷത്തോടെ അനന്തേട്ടൻ ചോദിച്ചു….

“ഏട്ടാ….

നാളെ….

നാളത്തെ യാത്ര വേണ്ടേട്ടാ….

വേണ്ട….”

ഞാൻ കിതച്ചു….

അനന്തേട്ടൻ എന്റെ മുഖത്തേക്ക് തുറിച്ചുനോക്കി….

“ദാ….

ഇത് വിറ്റിട്ട് കിട്ടുന്ന കാശുകൊണ്ട് പെട്ടെന്നുതന്നെ അമ്മേടെ റൂമിലൊരു ബാത്റൂം പണിയണം….

അമ്മ എവിടേക്കും പോണില്ല…

ഞാൻ നോക്കിക്കോളാം….

പൊന്നുപോലെ നോക്കിക്കോളാം…. “

കയ്യിൽ കിടന്ന സ്വർണവളയൂരിനീട്ടിക്കൊണ്ടുള്ള എന്റെ സംസാരം കേട്ട്, അനന്തേട്ടൻ അവിശ്വസനീയതയോടെ എന്റെ മുഖത്തേക്ക് നോക്കി…

താനിപ്പോ കാണുന്നത് സ്വപ്നമാണോയെന്നറിയാനായി മെല്ലെ തന്റെ വിരലുകളാൽ ആ കവിളിൽ നുള്ളുന്നതും കണ്ടു…..

“സത്യാ….

ഞാൻ പറയുന്നത് സത്യാ…..

വിശ്വസിക്കാം….”

അപ്പോഴേക്കും ഞാൻ കരഞ്ഞുപോയി…

മേശപ്പുറത്ത് വെച്ച ബ്രൗൺ കവറിൽ നിന്നും കടലാസുകൾ പുറത്തെടുത്ത് നീളത്തിലും കുറുകെയും കീറി കഷണങ്ങളാക്കി, ഞാനത് ചവറ്റുകുട്ടയിലിട്ടു….

“ശ്രുതീ….”

അനന്തേട്ടന്റെ ശബ്ദവും ഇടറിത്തുടങ്ങിയിരുന്നു..

കിടക്കുന്നതിന് മുൻപ്, ഞാൻ തന്നെയാണാ കടലാസുകളിൽ എഴുതിയത്….

ഒടുക്കം, അതിനുകീഴിലായി പേരെഴുതി ഒപ്പുവെക്കുമ്പോൾ അനന്തേട്ടന്റെ കൈകൾ വിറച്ചിരുന്നു…..

കണ്ണുകൾ നിറഞ്ഞിരുന്നു…..

ഹൃദയത്തിലെന്തോ കൊളുത്തിവലിക്കുന്നുണ്ടെന്ന് ആ മുഖഭാവം വ്യക്തമാക്കിയിരുന്നു…..

“വേണ്ട….

വൃദ്ധസദനത്തിലേക്കുള്ള ആ ഫോറമിനി വേണ്ട….

ഇനിയീ വീട്ടീന്ന് ആരും പോവില്ല…

മരണംവരെ എല്ലാരും ഇവിടെമതി….

ഇവിടെമതി….”

ഏങ്ങിക്കരയുന്ന എന്നെ അനന്തേട്ടൻ നെഞ്ചോട് ചേർത്തു….

ഇഷ്ടമുണ്ടായിട്ടല്ല….

എന്റെ ശല്യം സഹിക്കാനാവാഞ്ഞിട്ടാണ്….

അല്ലാണ്ടെ…..

ആർക്കെങ്കിലും പെറ്റമ്മയെ ദൂരെയൊരിടത്ത് കൊണ്ടാക്കാൻ മനസ്സുണ്ടാകുമോ???


ഏറെ നാളത്തെ വാദപ്രതിവാദങ്ങൾക്കൊടുവിലാണ്, അമ്മയെ വൃദ്ധസദനത്തിലാക്കാമെന്ന് അനന്തേട്ടൻ സമ്മതിച്ചത്….

അന്നേരമാ കണ്ണുകൾ നിറഞ്ഞത് മനഃപൂർവ്വം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു ഞാൻ…

കുറേക്കാലം കഴിഞ്ഞാൽ ഞാനുമൊരു അമ്മായിയമ്മയാകും….

അന്നേരം എന്റെ മോനും ഇതുപോലെയൊരവസ്ഥയിലെത്തും….

അപ്പോ…..

വേണ്ട…. ഇനിയതൊന്നും ചിന്തിക്കേണ്ട…..

ഞാൻ അനന്തേട്ടന്റെ നെഞ്ചിൽ മുഖമമർത്തിക്കൊണ്ട്, കണ്ണുകൾ പൂട്ടി കിടന്നു…..

ഇപ്പോൾ മനസ്സ് ശാന്തമാണ്…. പെയ്തൊഴിഞ്ഞ ആകാശംപോലെ…

ഇനിയൊന്നുറങ്ങട്ടെ….

മനഃസമാധാനത്തോടെ…..


സാബി തെക്കേപ്പുറം


മോഹങ്ങൾ

 



മോഹം ഒന്ന്


എനിയ്ക്കിന്നു മോഹമൊരു കാറ്റാകുവാൻ,

മേഘമലകളെയമ്മാനമാടി

വിഹായസ്സിലുയരുവാൻ,

ഗിരികവാടങ്ങളിലൂടെ കയറിയിറങ്ങിയാ

ഗരിമകളിലിന്നെന് ശിരസ്സു ചേര്ത്തീടുവാൻ,

ഉയരത്തില് നിന്നുമിറങ്ങി വന്നീക്കൊടും

വനമാകെയൊന്നു പിടിച്ചു കുലുക്കുവാൻ.

ഇവിടെ പഴം പുരാണങ്ങളുറങ്ങുന്ന

ചുടലക്കളത്തില് കുരുത്ത പുൽനാമ്പിനെ

തഴുകിക്കടക്കുവാൻ,

ഗ്രീഷ്മാന്തരങ്ങളിലലയുന്നൊരരുമയാം

കുരുവിക്കുരുന്നിനു ചിറകായി മാറുവാൻ;

മോഹമെനിയ്ക്കിന്നു ഭ്രാന്തമാവേശമാ-

യലയുവാന്, കണ്ണുതുറക്കാത്ത കാഞ്ചന-

ശിലകളെയാഞ്ഞു തകര്ത്തു മുന്നേറുവാൻ.


മോഹം രണ്ട്


എനിയ്ക്കിന്നു മോഹമൊരു കടലാകുവാൻ,

ഉഗ്രഫണിയായ കാളിയനെ ശിരസ്സില് വഹിയ്ക്കുവാൻ,

കൊടുംകാല വര്ഷത്തെ ഗര്ഭം ധരിയ്ക്കുന്ന

മൌനമായേകാന്ത തപമനുഷ്ടിയ്ക്കു-

മപാരാതയാകുവാൻ.

ഒരുവേളയാനന്ദമലതല്ലി സാവേശ-

മലയുന്നോരലയായലഞ്ഞു നടക്കുവാൻ.

തിരമാലയാകുവാൻ, വിരഹതീരങ്ങള്ക്കു

നിറമാല ചാര്ത്തിപ്പുണരുവാൻ പിന്നെയും.

കരുണയും വീര്യവുമൊപ്പം വിളയുന്ന

കരകാണാ കടലായിട്ടുല്ലസിക്കാൻ.


മോഹം മൂന്ന്


എനിയ്ക്കിന്നു മോഹമൊരു തീനാളമാകുവാൻ,

നിറദീപമായിട്ടു കത്തി നിൽക്കാൻ,

ഇവിടെയെന് പെണ്ണിന് തിളങ്ങുന്ന കണ്ണിന്റെ

പ്രഭയായി നിത്യം ജ്വലിച്ചു നില്ക്കാൻ.

ഇവിടെയുണങ്ങിയുറങ്ങും വനങ്ങളെ

പുണരുന്ന വഹ്നിയായാളിപ്പടരുവാൻ.

ഇടിമിന്നലായെന്റെ ധര്മ്മരോഷങ്ങളെ

പ്രകടമാക്കീടുവാൻ, നിമ്നോന്നതങ്ങളെ

സമതലമാക്കും രണത്തിലാഗ്നേയമായ്

മുന്നേറിടുന്നൊരു പൌരുഷമാകുവാൻ.

സര്വ്വ ത്യാഗങ്ങളുമൊന്നിച്ചു താപമായ്

നിന്നു ജ്വലിയ്ക്കുന്ന ജ്വാലയായ് മാറുവാൻ.

ഒടുവിലൊരു കൊച്ചു നക്ഷത്രമായ് വിണ്ണിന്റെ

വിരിമാരിലെപ്പോഴും കത്തി നിൽക്കാൻ.



മംഗളാനന്ദൻ ടി. കെ.

നിഴൽ നാടകം

 



അയാൾ അവൾക്കരികിലേക്ക് ചേർന്ന് കിടന്നു.

‘നീങ്ങ്’

അവൾ വളരെ പതിഞ്ഞ ശബ്ദത്തിൽ പറയുകയും സ്നേഹത്തോടെ അയാളെ തട്ടിയകറ്റുകയും ചെയ്തു.

‘മ്..’

അയാൾ മൂളികൊണ്ട് മലർന്ന് കിടന്നു.

‘എടിയേ…’

‘ന്തേ’

ദൂരെ കാണുന്ന വലിയ കെട്ടിടത്തിലേക്ക് വിരൽ ചൂണ്ടി അയാൾ എന്തോ പറഞ്ഞു.

‘എന്താണവിടെ’ അവൾ ചോദിച്ചു.

അതൊരു ഫ്ളാറ്റ് സമുച്ചയമായിരുന്നു. അതിലെ ചില്ലു ജാലകങ്ങളെ മറച്ച് തൂങ്ങുന്ന കർട്ടൻ ശീലകൾക്കപ്പുറം മനുഷ്യരെ നിഴല് കണക്കെ കാണാമായിരുന്നു.

‘നീ…ചെർപ്പത്തില് പാറോലകാവിലെ കൂത്ത് കണ്ടിട്ടില്ലേടീ’

‘കൂത്താ’

‘നെഴല് നാടകം…അത് പോലെയില്ലേ അത് കാണുമ്പോൾ’

‘ആ… നെഴല് നാടകം… നല്ല ചേലേര്ന്ന് അത് കാണാൻ… അമ്മയുടെ കണ്ണ് വെട്ടിച്ച് വളക്കടയിൽ നിന്നും ഓടും ഞാൻ’

അവളുടെ ശബ്ദത്തിന് വൈകാരികതയുടെ നിറം വന്നു.

“അപ്പോ അമ്മ പറയും – തെരുവില് വളേം മാലേം വിറ്റ് നടക്കണ നമുക്കു കാണാനുള്ളതല്ല കൂത്തും പൂരോം”

ഏറെ സമയം കഴിഞ്ഞു പോയി. ആ വലിയ കെട്ടിടത്തിലെ ഏറെക്കുറെ ജാലകങ്ങൾക്കപ്പുറവും ഇരുട്ട് വ്യാപിച്ചു. ചിലതിൽ

വെളിച്ചമുണ്ടെങ്കിലും നിർജീവത തളം കെട്ടി കിടക്കുന്നു. അയാൾ ഒരു ബീഡി

കത്തിച്ച് അല്പ നേരം ഇരുന്നു. അവളുടെ കാലിൽ കടിച്ച കൊതുകിനെ ഒരൊറ്റ വിരല്കൊണ്ട് അമർത്തി കൊന്നു. വീണ്ടും ആ വലിയ കെട്ടിടത്തിലേക്ക് നോക്കിയിരുന്നു. അരണ്ട വെളിച്ചമുള്ള ജാലകത്തിനപ്പുറം രണ്ട് നിഴലുകൾ. ആണും പെണ്ണുമാണ്. ആ നിഴലുകളുടെ തലഭാഗം പരസ്പരം കൂട്ടിയിണക്കപ്പെട്ടു. രണ്ട് നിഴലുകൾ ഒന്നാവുകയും ഒരു നിഴലിനേക്കാൾ വണ്ണമുണ്ടാവുകയും ചെയ്തു. പെട്ടെന്ന് വെളിച്ചം തീരെ ഇല്ലാതായി. നിഴലുകൾ ഇരുട്ടിലേക്ക് ആഴ്ന്നിറങ്ങി. അയാൾ ബീഡി വലിച്ചെറിഞ്ഞു.

‘എടിയേ…’

‘ഏ..’

‘ഇന്നിനി മഴ പെയ്യുമോ’

‘പെയ്താൽ നന്ന്’

അയാൾ ചിരിച്ചു. അവളും ചെറു പുഞ്ചിരിയോടെ ചരിഞ്ഞു കിടന്നു.

‘നക്ഷത്രങ്ങളുണ്ടാ’ അവൾ പതുക്കെ ചോദിച്ചു

‘ഉം…നല്ലോണം… മഴക്കോളില്ലെടി’

അയാൾ പരിഭവത്തോടെ പറഞ്ഞു.

‘ഉം… പെയ്തോളും’

അവർക്കരികിൽ ഒരു പട്ടി വന്ന് മോങ്ങി. അയാൾ എഴുന്നേറ്റ് അതിനെ ആട്ടി പായിച്ചു. സമയം പാതിരാത്രി പിന്നിട്ട് ഏറെയായി. പുലർച്ചെ രണ്ടേകാലിനുള്ള പാസഞ്ചർ തീവണ്ടിയുടെ ശബ്ദം ദൂരെ നിന്നും കേൾക്കാം…

‘ഏതാണ്’ അവൾ ഉറക്ക പ്രാന്തോടെ ചോദിച്ചു.

‘രണ്ടേ കാലിന്റെ’ അയാൾ വീണ്ടും എഴുന്നേറ്റിരുന്നു.

‘പാസഞ്ചറ്…’

‘ആ’

‘മേലോട്ട് നോക്ക്… നക്ഷത്രങ്ങളുണ്ടാ’

‘ഊ..ഉം.. മഴക്കാറാണ്… തണുത്ത കാറ്റും’

‘അഞ്ചേകാലിന്റെ മെയില് വര്ണേന്റെ മുന്നെ പെയ്തോളും’

‘പെയ്താൽ പിന്നെ വാക്കു മാറരുത്’

‘ഇല്ലന്നേ’

‘ഉം’ അയാൾ മൂളി കൊണ്ട് പുതപ്പ് മൂടി

കെടന്നു.

വണ്ടിയിറങ്ങി ആളുകൾ മൊബൈൽ ടോർച്ചടിച്ച് അവർ കിടന്നുറങ്ങുന്ന കട തിണ്ണക്കരികിലൂടെ എളുപ്പ വഴി നോക്കി ജംഗ്ഷനിലേക്ക് നടന്നു. ചിലർ നിരന്ന് കിടക്കുന്ന ആ മനുഷ്യരുടെ ഇടയിലേക്ക് വെളിച്ചം പായിച്ചു.

“ഇവറ്റകൾ എങ്ങിനെയാണ് കൊതുക് കടി സഹിച്ചുറങ്ങുന്നത്”

നടന്നു പോകുന്നവർ പരസ്പരം സംസാരിച്ചു.

“ശീലമായിക്കാണും”

“ഇങ്ങനെയും ചിലർ”

“അതേ… നമ്മളൊക്കെ ഭാഗ്യം ചെയ്തോരാ… കേറി കെടക്കാൻ കൂരയെങ്കിലുമുണ്ട്”

അവർ നടന്നു പോയതിന് ശേഷം രണ്ട് ചെറുപ്പക്കാർ അത് വഴി വന്നു. അവർ അടക്കം പറഞ്ഞു.

“ഡാ… നോക്ക്”

ഒന്നാമൻ പറഞ്ഞു

“അഡാറ് ചരക്കല്ലേ”

“ഉം… ഒന്ന് കുളിപ്പിച്ചെടുത്താൽ പൊളി”

“ഇതൊക്കെ വെടിയായിരിക്കും…അല്ലാതെ ഇവിടെ വന്ന് കെടുക്കുമോ”

“അതിന്റെടുത്ത് ഒരുത്തൻ കിടക്കണ കണ്ടാ… ഒരു മന്ദൻ… അയാൾക്കൊന്ന് പിടിച്ചൂടെ”

അയാൾ എഴുന്നേറ്റ് ഒന്നുറക്കെ ചുമച്ച് കാർക്കിച്ചു തുപ്പി. ചെറുപ്പക്കാർ ചിരിച്ചു കൊണ്ട് വേഗത്തിൽ നടന്നു പോയി. പിന്നെയും ആളുകൾ അവർക്കരികിലൂടെ നടന്നു പോയി. പലരും പലതും പറഞ്ഞു. അയാൾ എല്ലാം കേട്ട് ഉറങ്ങാതെ കിടന്നു. ചിലപ്പോൾ ചില മനുഷ്യരെ ഓടിക്കാൻ എഴുന്നേറ്റിരുന്ന് ചുമച്ചു. നക്ഷത്രങ്ങളില്ലാത്ത ആകാശത്തേക്ക് നോക്കി ഒരു മഴ പെയ്തെങ്കിലെന്ന് ആശിച്ചു.

“നീ മുഖം മൂടി കെടന്നോടീ” അയാൾ പറഞ്ഞു.

“പാസഞ്ചറ് പോയി നേരം തെല്ലായില്ലേ… ഇനിയിപ്പോ ആരും വരൂല… തലമൂടി കെടന്നാ ശ്വാസം കിട്ടൂല”

‘ഉം..’ അയാളൊന്ന് മൂളി.

പത്ത് പന്ത്രണ്ട് പേർ നിരന്ന് കിടക്കുന്ന ആ കടത്തിണ്ണയുടെ ഒരറ്റത്ത് അയാൾ മാത്രം ഉണർന്നിരുന്നു.

“എടിയേ” അയാൾ പതുക്കെ ചോദിച്ചു.

“ന്തേ”

“നാളെ… ഓർമയുണ്ടല്ലോ”

“പുതിയങ്ങാടി നേർച്ച”

“ഉം… മറ്റേത് മറന്നാ”

“കുപ്പി വളയല്ലേ…”

“അല്ലെടീ… മറ്റേത്”

“മരണക്കെണർ”

“ഉം.. കാണണം…കഴിഞ്ഞ നേർച്ചക്ക് ഉണ്ടായില്ല”

“നാളെണ്ട്… കെട്ടി ഇണ്ടാക്കണത് ഞാൻ കണ്ട്”

മുമ്പത്തേതിലും തണുത്തൊരു കാറ്റ് വീശി. രണ്ട് മൂന്ന് പട്ടികൾ അവർക്കരികിലൂടെ ഓടി പോയി. എവിടെ നിന്നോ മറ്റൊരു പട്ടി സാവാധാനം നടന്ന് വന്ന് ആ കടത്തിണ്ണയിൽ ചുരുണ്ടു കൂടി. അവർ കിടക്കുന്നതിന്റെ മുകളിൽ ഇറക്കി കെട്ടിയ ലോഹഷീറ്റിൽ മഴ തുള്ളികൾ വീഴുന്നതിന്റെ ശബ്ദം രാത്രിയുടെ നിശബ്ദതയിൽ ഭീകരമായിരുന്നെങ്കിലും അവിടെ നിരന്നു കിടക്കുന്നതിൽ ആ രണ്ട് മനുഷ്യ ജീവികൾ മാത്രമാണ് എഴുന്നേറ്റത്.

“ബാ..” അയാൾ പറഞ്ഞു.

“ഉം.. നടക്ക്” അവൾ പതുക്കെ പറഞ്ഞു.

അവർ ആ കടകൾക്കിടയിലൂടെ മറ്റൊരിടത്തേക്ക് നടന്നു.

“ഇനിയാരേം പേടിക്കണ്ട അല്ലേടീ”

“മഴയത്ത് ഇവിടെ ആരും വരൂല…രണ്ട് മൂന്നീസം മുമ്പ് വരെ കഞ്ചാവ് വലിക്കാരുടെ താവളമായിരുന്നു. ഞാനാണീ മൂല കണ്ട് പിടിച്ചത്”

കുറച്ചു ദൂരെ പാളത്തിലൂടെ ഒരു ചരക്ക് തീവണ്ടി കടന്നു പോയി. മഴ പൂർവ്വാധികം ശക്തി പ്രാപിച്ചു. അവൾ ചിരിച്ചു.

“ഈ മഴ നമുക്കുള്ളതാണ്” അവൾ നാണം കുണുങ്ങി.

തീവണ്ടി പാളത്തിനപ്പുറമുള്ള കൂറ്റൻ കെട്ടിടത്തെ അയാൾ നോക്കി. മഴ തുള്ളികൾക്കിടയിലൂടെ അത് കാണാനുണ്ടായിരുന്നില്ല. ജാലകങ്ങൾക്കപ്പുറം അവിടെ നെഴല് നാടകങ്ങൾ അവസാനിച്ച് കാണും. അവർക്ക് മഴയെ കാത്തു നില്ക്കണ്ടല്ലോ. അയാൾ മനസ്സിൽ കരുതി.

അവൾ അയാളുടെ ചുണ്ടുകളിൽ വിരലുകളാൽ തലോടി. അവർ ചുംബിച്ചു തീരും മുമ്പെ ആരോ ഓടി വരുന്ന ശബ്ദം . അവർ സ്തംഭിച്ചു നിന്നു.

“ഡാ.. എന്താ പരിപാടി” ടോർച്ച് വെട്ടം അവരെ നാണം കെടുത്തി. അവൾ സാരി കൊണ്ട് ശരീരം പുതച്ചു.

“നടക്ക്…” പോലീസ്കാരൻ അയാളോട് പറഞ്ഞു.

“നീ അവിടെ നിന്നോ” പോലീസ്കാരൻ അവളെ തടഞ്ഞു.

ജീപ്പിനടുത്തെത്തിയപ്പോൾ പോലീസ്കാരൻ അകത്തുള്ള എസ്.ഐ യോട് പറഞ്ഞു:

“ഇവറ്റകൾക്ക് സി.സി.ടി.വി ക്യാമറകളെപറ്റി വല്യ ധാരണയില്ല സാർ”

“ഇത് മാത്രാവൂല മോഷണോം കാണും”

പോലീസ് ജീപ്പ് സ്റ്റേഷനിലേക്ക് പാഞ്ഞു. അവൾ അവിടെ നിന്നും പഴയ സ്ഥലത്തേക്ക് നടന്നു. അഞ്ചകാലിനുള്ള മെയില് വന്നപ്പോൾ മറ്റുള്ളവരോടപ്പം അവളും സ്റ്റേഷനിലേക്കോടി. രണ്ട് കൊട്ട മുല്ലപ്പൂവുമെടുത്ത് പതിവ് പോലെ ജംഗ്ഷനിലേക്ക് നടന്നു. ആളുകൾ വിലപേശിയെങ്കിലും മുഴുവനും നേരം പുലരും മുമ്പേ വിറ്റ് തീർത്തു.

അപ്പോഴേക്കും അയാൾ തിരിച്ചു വന്നു.

അവൾ ചിരിച്ചു.

“തല്ലിയോ?”

“ഊം..ഉം… നേരം വെളുത്തപ്പോ ലോക്കപ്പ് തുറന്ന് തന്നു”

“നേർച്ചക്ക് പോണം… മരണക്കെണറ് കാണണ്ടേ”

“ഉം… ഇന്ന് രാത്രി മഴ പെയ്യ്വോ”

“ഉം” അവൾ ചിരിച്ചു. അയാളും.

അയാൾ റെയിൽ പാളത്തിനപ്പുറമുള്ള ആ വലിയ കെട്ടിടത്തിലേക്ക് നോക്കി. അവിടെ ജാലകങ്ങൾ തുറക്കപ്പെടുകയും ചിലതിന്റെ ബാൽക്കണിയിൽ ആളുകൾ കസർത്ത് കാണിക്കുകയും ചെയ്യുന്നുണ്ട്.

മറ്റു ചിലർ ചൂട് ചായ മൊത്തി കുടിച്ച് പ്രഭാതഭംഗി ആസ്വദിക്കാനെന്ന മട്ടിൽ താഴേക്ക് നോക്കുന്നു. അവർ തലേ ദിവസം കിടന്ന കടത്തിണ്ണ കാലിയാവുകയും അതിന്റെ ഉടമ അത് തുറക്കാനുള്ള തയ്യാറെടുപ്പിലുമാണ്…


സനീഷ് ചെന്നറ

വാങ്ങിക്കൂട്ടൽ ഒരു രോഗമാകുമ്പോൾ …

 



ആവശ്യത്തിലധികമോ അനാവശ്യമായോ സാധനങ്ങൾവാങ്ങിക്കൂട്ടുക, വാങ്ങാതിരിക്കുവാൻ കഴിയാതിരിക്കുക എന്നത് ഒരു രോഗമാണ്. വളരെയധികം സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന ഒരു രോഗം. മദ്യത്തിനോടും

ഇന്റെർനെറ്റിനോടും ഉണ്ടാകുന്ന ആസക്തി പോലെ ഇതും ഒരു ആസക്തി രോഗമാണ്. വാങ്ങാതിരിക്കുവാൻ കഴിയാതാകുക,


വാങ്ങുന്നതിൽ നിന്നും ലഹരിയുണ്ടാകുക എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. തലച്ചോറിലെ ചില കെമിക്കൽസ് തന്നെയാണ് ഇതിന്റെയും പുറകിൽ. ഇത്തരക്കാരിൽ അനാവശ്യമാണെങ്കിലും സാധനങ്ങൾ വാങ്ങിക്കഴിയുമ്പോൾ എൻഡോർഫിൻ, ഡോപ്പാമിൻ തുടങ്ങിയ രാസവസ്തുക്കളുടെ ഉൽപാദനം കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. അത് അവരെ ഒരു പ്രത്യേക ആനന്ദത്തിലേക്ക് കൊണ്ടുപോകുമത്രേ. ഏതു


പ്രായക്കാരെയും ഇത് ബാധിക്കുമെങ്കിലും, ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരിലാണ് ഈ പ്രശനം കൂടുതലായും കണ്ടുവരുന്നത്. അതേപോലെ നല്ലൊരു ശതമാനം പുരുഷന്മാരിലും ഈ രോഗം കാണാറുണ്ടെങ്കിലും സ്ത്രീകൾ തന്നെയാണ് മുഖ്യ ഇരകൾ. ആകാംക്ഷാരോഗങ്ങളോടും വിഷാദ രോഗത്തോടും ചേർന്നും ഈ രോഗവും ചിലരിൽ കാണാറുണ്ട്.


വൈകാരിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് ഇത്തരക്കാർ കൂടുതലായും സാധനങ്ങൾ വാങ്ങി കൂട്ടുന്നത്. ദേഷ്യമോ സങ്കടമോ തീർക്കുന്നതിനുള്ള ഒരുപാധിയായി പലരും ഇതിനെ കാണാറുണ്ട്. ഭർത്താവിനോടുള്ള ദേഷ്യത്തിന് വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങാറുള്ള ഒരു സ്ത്രീയെ എനിക്ക് പരിചയമുണ്ട്.


ആർഭാടത്തിന് വേണ്ടിയുള്ള വാങ്ങലുകളുമുണ്ട്. വിലപിടിപ്പുള്ള ബ്രാൻഡുകൾ മാത്രം വാങ്ങുന്നവർ. ഒരു ആപ്പിൾ ഐ ഫോൺ ആണെന്നിരിക്കട്ടെ, പുതിയ മോഡൽ ഇറങ്ങുവാൻ വേണ്ടി കാത്തിരിക്കുന്നവർ. വസ്ത്രങ്ങൾ, ചെരുപ്പുകൾ, വാച്ചുകൾ, കാറുകൾ തുടങ്ങി എന്തും ഉയർന്ന ബ്രാൻഡുകൾ മാത്രം വാങ്ങുന്നതിൽ സന്തോഷം കണ്ടെത്തുന്നവർ. ഉയർന്ന വരുമാനമുള്ളവരായിരിക്കും ഇവരെങ്കിലും മിക്കവാറും പേരും അതികഠിനമായ കടക്കെണിയിലുമായിരിക്കും.

ഒരു ധാരാളിയാണ് താൻ എന്ന തോന്നലുണ്ടാക്കുവാൻ മാത്രം വാങ്ങിക്കൂട്ടുന്നവരുമുണ്ട്. അത്തരക്കാർക്കു പ്രത്യേക ബ്രാൻഡുകളിലൊന്നും താൽപ്പര്യമില്ല. എന്ത് വസ്തുക്കളും, ഉപയോഗമില്ലാത്തതും വിൽക്കാൻ പറ്റാത്തതുമായ വസ്തുക്കൾ പോലും വാങ്ങിക്കൂട്ടുന്നവരാണിക്കൂട്ടർ. ധാരാളിത്തമാണ് സമൂഹത്തിലെ അംഗീകാരത്തിന്റെ അളവുകോൽ എന്ന മിഥ്യാ സങ്കൽപ്പമുള്ളവർ.


വിലക്കുറവുണ്ട് എന്ന് കണ്ടാൽ എന്തും വാങ്ങിക്കൂട്ടുന്നവരാണ് മറ്റൊരു കൂട്ടർ. വിലപേശി വാങ്ങുന്നതിലും സൗജന്യ നിരക്കെന്ന പേരിൽ കിട്ടുന്നത് വാങ്ങുന്നതിലും ഹരം കണ്ടെത്തുന്നവർ. അവർക്കാവശ്യമില്ലാത്ത സാധനങ്ങൾ പോലും കിഴിവിന്റെ പേരിൽ ഇവർ വാങ്ങിക്കൂട്ടും.


ഓൺലൈൻ വ്യാപാരികളുടെ മുഖ്യ ഇരകളും ഇവർ തന്നെ. ഇത്തരക്കാരെ പ്രലോഭിപ്പിക്കുന്ന തരത്തിലാണ് അവർ സൗജന്യ നിരക്കുകൾ അവതരിപ്പിക്കുക. എന്തെങ്കിലും സാധനം ഇപ്പോൾ വാങ്ങിയാൽ അടുത്ത തവണ വാങ്ങുന്ന സമയം വിലക്കുറച്ചുകിട്ടും എന്ന വാഗ്ദാനങ്ങളിൽ വീഴുന്നവരുമാണിവർ. രണ്ടാമത്തെ സൗജന്യത്തിനുവേണ്ടി അവർക്കാവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങുന്നവർ. സൗജന്യത്തെ കരുതി രണ്ടാമത്തെ സാധനവും ആവശ്യമില്ലാതെ വാങ്ങേണ്ടിവരുന്നവർ. അതേപോലെ തന്നെ ചില സാധനങ്ങൾ വാങ്ങുബോൾ തിരിച്ചുകിട്ടുന്ന നിസ്സാരമായ പണത്തിനോടുപോലും ആകർഷണം തോന്നി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ ഇക്കൂട്ടർ യാതൊരുവിധ മടിയും കാണിക്കുകയില്ല.


ശേഖരണത്തിന് വേണ്ടി മാത്രം സാധനങ്ങൾ വാങ്ങുന്ന മറ്റൊരു കൂട്ടരുണ്ട്. ഒരു ഉദാഹരണത്തിന് ഒരു ബ്രാൻഡ് ഷർട്ടിന്റെ എല്ലാ കളറുകളും വാങ്ങി കൂട്ടുക, അല്ലെങ്കിൽ മറ്റെന്തെങ്കിലും ഘടകങ്ങളുടെ പേരിൽ അനാവശ്യമായി വാങ്ങുക തുടങ്ങി എന്തുമാകാം. അവർ ഇത്തരം സാധനങ്ങൾ ഉപയോഗിക്കണമെന്ന് തന്നെ നിർബന്ധമില്ല.


ഈ രോഗത്തിന് ചില ലക്ഷണങ്ങളുണ്ട്. ഒരാൾക്ക് സാധ്യമാകുന്നതിൽ കൂടുതൽ സാധനങ്ങൾ വാങ്ങുക, ദേഷ്യമോ സങ്കടമോ അടക്കുന്നതിനുള്ള ഉപാധിയായി സാധനങ്ങൾ വാങ്ങുക, സാധനങ്ങൾ വാങ്ങി കടം കയറുന്നതിനെക്കുറിച്ചു ആധിയോ കുറ്റബോധമോ ഇല്ലാതിരിക്കുക, സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് വഴി ബന്ധങ്ങൾ തകരാറിലാകുക, അനിയന്ത്രിതമായി സാധനങ്ങൾ വാങ്ങണമെന്ന തോന്നൽ ഉണ്ടാകുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

സാമ്പത്തിക നഷ്ടം, കടക്കെണി, തുടർന്നുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ, വിഷാദം, ആത്മഹത്യ തുടങ്ങി കൊലപാതകങ്ങൾക്കുവരെ ഈ രോഗം കാരണമാകാറുണ്ട്.


ഇത് പൂർണ്ണമായി പരിഹരിക്കുവാൻ കഴിയുന്ന ഒരു രോഗം തന്നെയാണ്. മരുന്നിനോടൊപ്പം, കൗൺസിലിംഗിനും സൈക്കോതെറാപ്പികൾക്കും ഇതിൽ നല്ലൊരു പങ്കു വഹിക്കുവാൻ കഴിയും. ഇത്തരം രോഗികളെ സൃഷ്ടിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥിതിയാണ് ഇന്ന് നമുക്കുള്ളത്. മിക്ക ബാങ്കുകളും ഇത്തരം സാധനങ്ങൾ വാങ്ങുന്നതിനു പണം കടം കൊടുക്കുകയും പലിശയിനത്തിൽ ഭീമമായ തുക ഈടാക്കുകയും ചെയ്യുന്നുണ്ട്. ഇത് നമ്മൾ തിരിച്ചറിയുകയും അത്തരം പ്രലോഭനങ്ങളിൽ വശംവദരാകാതിരിക്കുവാൻ ശ്രമിക്കുകയും വേണം.


ഡോ. സുനീത് മാത്യു

ആരാണുഗാന്ധി?

 



ആരാണുഗാന്ധി,യെൻചിന്തകളിൽ

നേരായി, കൂടെ ചരിക്കയല്ലോ…

ആശപിറക്കുമീ,പോരാട്ടഭുമിയിൽ

വീറായസഹനത്തിൻമുഖമാണു,ഗാന്ധി


അർദ്ധസത്യങ്ങളേറെ തെളിച്ചിട്ടു –

മർദ്ധനഗ്നനായ് നിൽക്കുന്നു -ഗാന്ധീ!

ചക്രക്രമങ്ങളിൽ,നൂൽചുറ്റിയേറ്റുന്ന

ചർക്കയിൽ തെളിയുന്നു… ഗാന്ധി..!’


ആത്മാവു തേടുന്നൊരിന്ത്യ തൻ

ആത്മപ്പരീക്ഷ;കൾക്കുത്തരമായി

ആഴിയിരമ്പവു, മാഹ്വാനമാകുന്ന

ആത്മപ്പൊ’രുളാണു… ഗാന്ധീ..!

പാരിതിൽ മാനുഷ്യ -മൂല്യങ്ങളേറ്റുന്ന

പാവന ചിന്തക്കു കാന്തിയേറ്റി

പടരുന്നൂ, മാനവനെതിരായ ചിന്തയിൽ

പോരാട്ടമാകുന്നു….. ഗാന്ധീ..!


കണ്ണിനുമീതെ തെളിച്ചമാ,യീ – വട്ട,

കണ്ണടയിലിലു,മുണ്ടു-ഗാന്ധീ….

കാലമതേറ്റുന്ന ഭാവനാനർമ്മത്തിൻ

കാർട്ടൂൺ ചിത്രവു,മാണു – ഗാന്ധീ..!


കാടത്തചിന്തകളി,ലടിമത്തമേറ്റുന്ന

കറുത്ത വർഗ്ഗത്തിൻ്റെ സ്വപ്നങ്ങളിൽ

കാലുറപ്പിച്ചൂ, കരുത്തായി നിൽക്കുന്ന

കാലത്തിൻ കാവലാ,ളാണു -ഗാന്ധീ..!


കോലങ്ങളാടുന്ന രാജ്യതന്ത്രജ്ഞരും

കോടതിയേറി,പ്പരുങ്ങിടുമ്പോൾ

കോലാഹലത്തിൻ്റെ ചാട്ടവാറടികളിൽ

നേരിൻ്റെയീണ,മാകുന്നു – ഗാന്ധി..!


കോടതിമുറികളിൽ,ന്യായാസനത്തിനു

നേരേയായ് തൂങ്ങുന്നു… ഗാന്ധി..

നീതിനിഷേധ തുടർക്കഥാചിത്രത്തിൽ

മൂകമാം സാക്ഷിയും… ഗാന്ധി..!


കാക്കകൾ തൂറുന്ന, കവലകൾതോറും

കാലുറക്കാതെ,യൊരൂന്നുവടിയുമായ്

കരിമുഖം പേറി, കണ്ണടയേറ്റീട്ടു

കാത്തുനിൽപ്പാകുന്നു….. ഗാന്ധി..!


രാമനാമം ജപി,ച്ചന്ത്യമാം നേരത്തും

രാമ,നാൽതന്നെപിടയുന്നു.. ഗാന്ധി!

രാജ്യമാകേ പുതുചരിത്രം പഠിപ്പിക്കും

റാമിൻ്റെ – രാമന്നെതിരാണുഗാന്ധി.!


കാലങ്ങൾ പോയി, കൊറോണയെത്തി

കൈകളുയർത്തുന്നു ഗാന്ധി…

കണ്ണിനു മേലെ തീരിക്കുന്ന തോക്കിൻ്റെ

മുന്നിൽ പകക്കുന്നു.. ഗാന്ധി…!


കൈയ്യിലെപുസ്തകംതാഴെമറിഞ്ഞിട്ടു

കൈ വെള്ള നെഞ്ചിലമർന്നൂ,,,,,

കൈവടിയൂർന്നു.,രാമൻ്റെ -റാമിൻ്റെ

കണ്ണിൽപ്പകക്കുന്നു….. ഗാന്ധി.!


അജികുമാർ നാരായണൻ

ചെട്ടിനാടിന്റെ സംസ്കാര ശേഷിപ്പുകളിലൂടെ

 



യാത്രകൾ തുടർന്നു കൊണ്ടേയിരിക്കുന്നു. അത് വ്യത്യസ്തമായ കാഴ്ചകളും, അനുഭവങ്ങളും നൽകുന്നു. ഒരു ജന്മത്തിൽ കണ്ടു തീർക്കുവാൻ പറ്റാത്തത്ര സ്ഥലങ്ങളും, കാഴ്ചകളും. കാഴ്ചകളുടെയും, അനുഭവങ്ങളുടെയും വൈവിധ്യം വീണ്ടും, യാത്രകൾ പോകുവാൻ പ്രേരണയാകുന്നു. ആദിമനുഷ്യർ തന്റെ വാസസ്ഥലങ്ങൾ നിർമ്മിച്ചിരുന്നത് തങ്ങളുടെ സുരക്ഷക്കായിരുന്നു. പിന്നീട് അതിന് മാറ്റങ്ങൾ വന്നു. അതുകൊണ്ടു തന്നെ, ചിലരെല്ലാം ചില വിദ്യകളിലൂടെ, തങ്ങളുടെ വാസസ്ഥലം ഏറ്റവും മനോഹരവും, ആഡംബരങ്ങളുമാക്കി മാറ്റുവാനുള്ള ശ്രമങ്ങളിലേർപ്പെട്ടു. പലതരത്തിലുള്ള വീടുകളും, രമ്യഹർമ്മങ്ങളും, കൊട്ടാരങ്ങളും പണിതുയർ ത്തപ്പെട്ടു. കാലത്തിന്റെ കുത്തൊഴുക്കിൽ നാമാവശേഷമാകാതെ നിലനിൽക്കുന്ന ഈ നിർമ്മിതികൾ പുതിയ തലമുറ കൾക്കുള്ള അറിവും അത്ഭുത കാഴ്ച്ചകളുമായി മാറുന്നു. ഇത്തരത്തിലുള്ള ഒരു കാഴ്ചയാണ് പരമ്പരാഗത ചെട്ടിനാട്.


വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമായ കാരൈക്കുടി നഗരത്തിന് പുറത്തുള്ള ചെട്ടിനാട് കൊട്ടാരം. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ ഒരു ഗ്രാമമായ അത്തൻങ്കുഡിയിൽ നിന്നും 80 കിലോമീറ്റർ ആണ് ചെട്ടിനാട്ടിലേക്ക്. ഈ അത്തൻങ്കുഡി ഗ്രാമം അത്തൻങ്കുഡി ടൈലുകൾ എന്നറിയപ്പെടുന്ന ഫ്ലോർ ടൈലുകൾക്ക് പേരുകേട്ട സ്ഥലമാ ണ്. ഇന്നുള്ള ടൈലുകളെക്കാൾ മനോഹരവും, ഉറപ്പും, ഉള്ള ഈ ടൈലുകൾ കൈകൊണ്ട് നിര്മ്മിക്കുന്നവയാണ്. പരമ്പരാഗത ഡിസൈനുകളാൽ മനോഹരമാണ് ഈ ടൈലുകൾ. സാധാരണ തമിഴ്നാട്ടിലൂടെ സഞ്ചരിക്കുമ്പോൾ കാണുന്ന കാഴ്ചകളിൽ നിന്നും വ്യത്യസ്തമായ സ്ഥലവും, വ്യത്യസ്തമായ കാഴ്ചകളും നല്കുന്ന ഒരിടമാണ് ചെട്ടിനാട്. നാഗരാത്താർ എന്നറിയപ്പെടുന്ന നാട്ടുകൂട്ട ചെട്ടിയാരുടെ എഴുപത്തിനാല് ഗ്രാമങ്ങൾ ചേർന്നുണ്ടായ നാടാണ് ചെട്ടിനാട്.


കടൽ കടന്ന് വിദേശ രാജ്യങ്ങളിൽ പോയി വ്യാപാരം നടത്തി അതി സമ്പന്നരായ ചെട്ടിയാൻമാർ തങ്ങളുടെ സമ്പത്തിനാൽ ആഡംബര മന്ദിരങ്ങൾ നിർമ്മിച്ച് പണിതുയർത്തിയ ചെട്ടിനാട് ഇന്ന് കാഴ്ചക്കാരുടെ കണ്ണുകൾക്ക് വിസ്മയം സൃഷ്ടിക്കുന്നു. ചെട്ടിയാന്മാർ കൂട്ട് കുടുംബമായാണ് താമസ്സിച്ചിരുന്നത്. അതിനാൽ നൂറുകണക്കിന് മുറികളുള്ള വലിയ വീടുകൾ ഇവിടത്തെ പ്രത്യേകതയാണ്. കാലത്തിന്റെ ഒഴുക്കിൽ ചെട്ടിനാട് സംസ്കാരത്തിന്റെ പ്രതാപം ക്ഷയിച്ചു. പലരും സാമ്പത്തിക ബുദ്ധിമുട്ട് തീർക്കുവാൻ അവർ നിർമ്മിച്ച രമ്യഹർമ്മങ്ങൾ വിൽക്കുവാൻ തുടങ്ങി. പല വീടുകളും ഇപ്പോൾ റിസോർട്ടുകളാണ്. ഇപ്പോൾ ഉള്ളതിൽ ഏറ്റവും ആകർഷകമായത് 110 വർഷം പഴക്കമുള്ള ചെട്ടിനാട് കൊട്ടാരമാണ്. ചെട്ടിനാട് വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ് കനദുകാഥൻ മഹാരാജാവിന്റെ കൊട്ടാരം എന്നുകൂടി അറിയപ്പെടുന്ന ചെട്ടിനാട് കൊട്ടാരം.


ചെട്ടിയാർ മാൻഷൻ എന്നറിയപ്പെടുന്ന ചെട്ടിയാർ കൊട്ടാരം ചെട്ടിനാട് മേഖലയിലെ കനദുകാഥനിലാണ്. തമിഴ്നാട്ടിലെ കാരൈക്കുടി താലൂക്കിലെ ഒരു പഞ്ചായത്താണ് കനദുകാഥൻ. ചെട്ടിനാട് രാജയുടെ ചരിത്രപരമായ വീടാണിത്. ഡോ, അണ്ണാമലൈ ചെട്ടിയാർ ആണ് ഈ കൊട്ടാരം നിർമ്മിച്ചത്. ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാൻ 1902 മുതൽ 10 വർഷങ്ങളെടുത്തു.


വാസ്തുവൈഭവം, പാരമ്പര്യം, കല എന്നിവയുടെ മനോഹരമായ സംയോജനമാണ് ചെട്ടിനാട്ടിലെ രമ്യഹർമ്മങ്ങൾ. ഈ മാളികയിലെ മുറികൾ ബർമീസ് തേക്ക് മരം ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്നു. കൊട്ടാരത്തിന്റെ അലങ്കാരങ്ങൾ വിവിധ യൂറോപ്യൻ, കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ്. ശരറാന്തലുകൾ, തേക്കിൽ കടഞ്ഞെടുത്ത വീട്ടു സാമഗ്രികൾ, മാർബിൾ, കണ്ണാടികൾ, കാർപ്പെറ്റുകൾ എന്ന് വേണ്ട, പളുങ്കുകൾ വരെ വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്, എങ്കിലും ഇവയുടെ കലാശൈലികളുടെ വൈവിദ്ധ്യം ഒന്ന് വേറെ തന്നെയാണ്.


ചെട്ടിയായാർമ്മാരുടെ പാരമ്പര്യ ശൈലിയെ പരിപാലിക്കുന്ന രീതിയാണ് കൊട്ടാരത്തിന്റെ നിർമ്മാണത്തിലുള്ളത്. ചെട്ടിനാട് കൊട്ടാരം ചെട്ടിനാട്ടിലെ ജനങ്ങളുടെ ധന്യമായ സാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമായി നിലകൊള്ളുന്നു. ഇന്ത്യയിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായി ചെട്ടിനാട് പാലസിനെ പരിഗണിക്കുന്നു. ഈ കൊട്ടാരത്തിൽ ഒരു സമയം 250 ഓളം പേർക്ക് താമസിക്കുവാൻ സൗകര്യമുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പേ അതിസമ്പന്നരായ നൂറുകണക്കിന് കുടുംബങ്ങൾ രമ്യഹര്മ്മങ്ങൾ നിർമ്മിച്ചു താമസ്സിച്ചിരുന്ന ചെട്ടിനാട്ടിൽ ഇന്ന് സാധാരണക്കാരുടെ സാധാരണ വീടുകൾ ആണ് എല്ലായിടത്തും എന്നതും ഒരു കാഴ്ചയാണ്…


അശോക് എസ്. പി

കാഴ്ചയും_ കാഴ്ചപ്പാടും

 




കണ്ണുണ്ടായിട്ടും കാണാതെ

പോകുന്ന ചില

കാഴ്ചകളുണ്ട് നമുക്ക്

ചുറ്റും.. അല്ലെങ്കിൽ, നാം

മനപ്പൂർവം കണ്ടില്ലെന്നു

നടിക്കാറുള്ള ചില

കാഴ്ചകൾ… അവ കണ്ണു

കൊണ്ടല്ലാതെ

മനസ്സുകൊണ്ട്

കാണുന്നവരുമുണ്ട് നമുക്ക്

ചുറ്റും.. അവരെ നാം

മനുഷ്യർ എന്ന് വിളിക്കും,

മനുഷ്യത്വമുള്ള പച്ചയായ

മനുഷ്യർ…


നന്ദു പാരിസ്

ഇന്നലത്തെ മഴ

 




വിധിയുടെ കൈകളിൽ ഞെരിഞ്ഞമരാൻ വിധിക്കപ്പെട്ട പാവം മനുഷ്യരുടെ കഥ പറയുന്ന നോവലാണ് എൻ മോഹനന്റെ “ഇന്നലത്തെ മഴ”. പറയിപെറ്റ പന്തിരുകുലചരിതത്തിൻറെ അതിമനോഹരമായ പുനരാഖ്യാനമാണിത്. ഈ നോവലിന് 1998ലെ.. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. എൻ. മോഹനന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഈ നോവൽ അതിൻ്റെ ആഖ്യാനരീതി കൊണ്ടും ഭാഷാസവിശേഷതകൾ കൊണ്ടും വേറിട്ടു നിൽക്കുന്നു.. കാലങ്ങളായി കേരളീയമനസ്സുകളിൽ വേരുറച്ചുകഴിഞ്ഞ ഒരൈതിഹ്യത്തിന്റെ ശക്തവും ഒപ്പം ഹൃദയസ്പർശിയുമായ പുനരാവിഷ്കാരമാണ് ഈ നോവൽ..

വരരുചിയുടെയും പഞ്ചമിയുടെയും കഥയ്ക്കൊപ്പം പ്രകൃതിയുടെ സൂക്ഷ്മ ഭാവങ്ങൾ കൂടി ഒപ്പിയെടുത്തു കഥാകാരൻ അവയെ വാങ്മയചിത്രങ്ങളായി അവതരിപ്പിച്ചിരിക്കുന്നു. മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന അവതരണരീതി തന്നെയാണ് ഈ നോവലിന്റെ ഏറ്റവും വലിയ സവിശേഷത. കഥയോ കവിതയോ എന്ന് സംശയിക്കത്തക്ക വിധത്തിലുള്ള ആഖ്യാനത്താൽ വായനക്കാരന്റെ മനസ്സാഴങ്ങളിൽ ഈ കഥ അലിഞ്ഞു ചേരുന്നു.. പുരാവൃത്തത്തിന്റെ അന്തർഗതങ്ങൾ പുതിയ കാലത്തിലേക്ക് വിടർത്തുന്ന ആഖ്യാനകലയുടെ അപൂർവ്വതകൊണ്ട് അനുഗൃഹീതമാണ് ഈ നോവൽ.

പണ്ഡിതനും ജ്ഞാനിയുമായ വരരുചി, ഗുരുകുലവിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം ഗുരുവിനോടൊപ്പം രാജകൊട്ടാരത്തിലെ വിദ്വൽ സദസ്സിൽ പങ്കെടുക്കുവാനിടയാകുന്നു. വെറും കാഴ്ചക്കാരനായെത്തിയ ആ യുവാവ്, അവിടെ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരം നൽകുന്നു. അവസാനമായി ചോദിച്ച ചോദ്യം രാമായണത്തിലെ പ്രധാന ശ്ലോകവും അതിലെ പ്രധാന വാക്യവുമേതെന്നായിരുന്നു! “മാം വിദ്ധി ജനകാത്മജാം “എന്നായിരുന്നു അദ്ദേഹം നൽകിയ ഉത്തരം.. അങ്ങനെ വരരുചി ആ സർവജ്ഞ പീഠത്തിലേക്ക് ആനയിക്കപ്പെടുന്നു.. അദ്ദേഹം പക്ഷേ അത് സ്വീകരിക്കുന്നില്ല.. രാജാവിനോടദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു.. ഈ പീഠത്തിൽ ഉപവിഷ്ടനാകാനുള്ള പൂർണ്ണയോഗ്യത നേടി ഞാൻ തിരികെ വരും വരെ ഈ പീഠം ഒഴിഞ്ഞു കിടക്കട്ടെ. അവിടെനിന്ന് യാത്രയായി കാനനമദ്ധ്യത്തിൽ ഇടിഞ്ഞുപൊളിഞ്ഞ ഒരു ക്ഷേത്രത്തിനു പുറത്തുള്ള ഒരു നദീതീരത്ത് വിശ്രമിക്കവേ കാലനേമി പക്ഷികളിലൂടെ അദ്ദേഹം തൻ്റെ ജീവിതവിധി തിരിച്ചറിയുന്നു. ഏറെ കുപിതനായ വരരുചി ആ വിധിയെ മറികടക്കാൻ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് നോവലിന്റെ സഞ്ചാരം.

അലംഘനീയമായ ആ വിധിക്ക് പ്രതിവിധി കണ്ടെത്താനുള്ള യജ്ഞത്തിൽ ഭൗതിക ജീവിതത്തിന്റെ പൂർണ്ണത നഷ്ടമാകുന്ന അവസ്ഥ ഈ നോവലിലുടനീളം കാണാം.
വിധിയെ തോൽപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന വരരുചി അവസാനം വിധിയുടെ കൈകളിൽത്തന്നെ ഞെരിഞ്ഞമരുന്നു എന്ന ദുഃഖകരമായ വസ്തുതയും നമുക്ക് കാണാനാകും.. കാലനേമിപ്പക്ഷികളിലൂടെ അന്നറിഞ്ഞ സത്യംതന്നെയാണ് അദ്ദേഹത്തിൻറെ ജീവിതത്തിൽ പിന്നീട് സംഭവിക്കുന്നത്..
അന്ന് നിർത്താതെ കരഞ്ഞ ആ പെൺശിശുവിനെ, ആ പറയിപ്പെണ്ണിനെത്തന്നെ വരിക്കേണ്ടിവരുന്നു അദ്ദേഹത്തിന്.. തലയിൽ കാരമുള്ള് തറച്ചു വാഴപ്പോളത്തോണിയിലേറ്റി പുഴയിലൊഴുക്കി കൊല്ലാൻ ശ്രമിച്ചിട്ടും, വിധിയുടെ നിയോഗം ആ പറയിപ്പെണ്ണിനെത്തന്നെ അദ്ദേഹത്തിൻറെ ഭാര്യയാക്കി ..കാനനമദ്ധ്യത്തിൽ ഒരു വള്ളിക്കുടിലിൽ ആദ്യരാത്രി സമയത്തോടടുത്ത് ആ പക്ഷികളിലൂടെത്തന്നെ ആ ശിശു തന്നെയാണ് തന്റെ ഭാര്യയായതെന്ന സത്യം തിരിച്ചറിയുന്ന അദ്ദേഹം വീണ്ടും വിധിയെ വെല്ലു വിളിച്ചു കൊണ്ട് ജീവിക്കുവാൻ ഉള്ള ശ്രമം തുടരുകയാണ്….

ഇത്തരത്തിൽ തികച്ചും സംഘർഷപൂർണമായ ജീവിതപശ്ചാത്തലങ്ങളിലൂടെയാണ് നോവൽ യാത്ര ചെയ്യുന്നത്..
വരരുചി തനിക്ക് പഞ്ചമിയിൽ ജനിച്ച കുഞ്ഞുങ്ങളെയെല്ലാം ഉപേക്ഷിച്ചുകൊണ്ടാണ് വിധിയോട് പകരം വീട്ടുന്നത്.. ഇതിനിടയിൽപ്പെട്ട പഞ്ചമിയെന്ന പാവം പെണ്ണിന്റെ വിലാപം, പന്ത്രണ്ടു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടും ഒരു കുഞ്ഞിനെപ്പോലും താലോലിച്ചു വളർത്താൻ കഴിയാത്ത ദുർവിധി!ഭർത്താവിനെ ഏറെ ബഹുമാനിച്ചാദരിച്ച സ്ത്രീ; അദ്ദേഹ ത്തിൻ്റെ എല്ലാ യാത്രകളിലും കൂടെയുണ്ടാകുമെന്ന വാക്ക് നൽകിയവൾ. അവൾ ഭർത്താവിന്റെ ആജ്ഞാനുസരണം ജന്മംനൽകിയയുടൻ തന്നെ തന്റെ പന്ത്രണ്ടു

പണ്ഡിതനായ ധർമ്മപാദരെന്ന് അറിയിക്കുന്നു..
സഹോദര ബന്ധത്തിന്റെ ആഴങ്ങളിലേക്കും, തീവ്രമായ ആത്മബന്ധത്തിൽ അകലം യാതൊരുവിധചലനവും സൃഷ്ടിക്കുന്നില്ലെന്നുമുള്ള വലിയ തിരിച്ചറിവിലേക്കും കൂടി കഥ നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നു.
വരരുചിയെ കാണാൻവേണ്ടി മാത്രമാണ് അദ്ദേഹമവിടെയെത്തിയിരുന്നത്… അനുജന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെയും ഏട്ടൻ അറിയുന്നുണ്ടായിരുന്നു.. അവർ തമ്മിൽ നടക്കുന്ന സംഭാഷണങ്ങളിലൂടെയും ഏട്ടന്റെ വാക്കുകളിലൂടെയും തന്റെ കർമങ്ങളുടെ നിരർത്ഥകത വരരുചി തിരിച്ചറിയുന്നു.. സ്നേഹം മാത്രമാണ് ശാശ്വതമെന്നും അതിനെ നിരാകരിക്കുമ്പോൾ ആത്മസംതൃപ്തി ഉണ്ടാവില്ലായെന്നുമുള്ള ഏട്ടന്റെ വാക്കുകൾ, “നിന്റെ പരീക്ഷണങ്ങൾക്കു വേണ്ടി, മഹത്വകാംക്ഷയ്ക്കുവേണ്ടി ഒരമ്മയുടെ ഹൃദയത്തെയാണ് നീ വീണ്ടും വീണ്ടും കീറിമുറിക്കുന്നത്. അതുകൊണ്ട് ദുരിതമേ ലഭിക്കൂ”.. അസ്ത്രം പോലെ ഹൃദയത്തിലേക്ക് തറച്ചു കയറിയ വാക്കുകൾ.. വരരുചിക്ക് കുറ്റംബോധം നൽകുന്നു..

വീണ്ടും അവിടെ നിന്നും യാത്രയാകുന്ന ദമ്പതികൾ.. പൂർണഗർഭിണിയായ പഞ്ചമിയുടെ പ്രസവമടുത്ത സമയം.. ഈ കുഞ്ഞിന് വേണ്ടിയെങ്കിലും അവൾ വാശിപിടിക്കണമെന്ന് വരരുചി ആഗ്രഹിക്കുന്നു.. അങ്ങനെ പഞ്ചമി ഒരു വള്ളിക്കുടിലിൽ കുഞ്ഞിന് ജന്മം നൽകി, ഏറെ നേരമായിട്ടും ശിശുവിൻറെ കരച്ചിൽ പുറത്തേക്ക് കേൾക്കുന്നില്ല, വിധിയുടെ കറുത്ത കരങ്ങൾ വീണ്ടും അവരുടെ ജീവിതത്തിലേക്ക്, വരരുചി അകത്തു ചെന്നു നോക്കുമ്പോൾ കാണുന്നത് ജീവനറ്റ ആ പിഞ്ചുശിശുവിനെയാണ്!
ആ അമ്മയുടെ ഒരിക്കലുമുണങ്ങാത്ത കണ്ണീർ… അവൻ വായില്ലാക്കുന്നില്ലപ്പനായി.. തൊട്ടടുത്ത കുന്നിൽ അവനെ വരരുചി പ്രതിഷ്ഠിക്കുന്നു, വീണ്ടും യാത്ര തുടരുന്ന അവർ, വൃദ്ധദമ്പതികളുടെ മരണമടുക്കുന്ന സമയം, ഏറെ ക്ഷീണിതനായ വരരുചി, തനിക്കും അങ്ങേയോടൊപ്പം മരണം വേണമെന്ന പഞ്ചമിയുടെ ആഗ്രഹം അദ്ദേഹം അംഗീകരിക്കുന്നു, തന്റെ മരണത്തിനു മുമ്പുള്ള അവസാന ആഗ്രഹമായി ആ അമ്മ ചോദിക്കുന്നത്, തന്റെ എല്ലാ മക്കളെയും ഒരുമിച്ച് ജീവിതത്തിൽ ഒറ്റതവണയെങ്കിലും കാണണം എന്നതായിരുന്നു.. ആ ആഗ്രഹം സാധിക്കുന്നു, വായില്ലാക്കുന്നില്ലപ്പന്റെ അടുത്ത് വെച്ചു അദ്ദേഹത്തിന്റെ അത്ഭുതസിദ്ധിയാൽ മക്കളെല്ലാവരും വന്നു അമ്മയെ കണ്ടു നമസ്കരിക്കുന്നു, അവളൊരു പറയിയെന്നതുകൊണ്ടാണ് തന്റെ മക്കളെ ഉപേക്ഷിച്ചതെന്ന സത്യം വരരുചി പഞ്ചമിയോട് പറയുന്നു.. മാപ്പപേക്ഷിക്കുന്നു..ആദ്യം ദേഷ്യം തോന്നുന്ന പഞ്ചമിയോട് ഭ്രാന്തനായ മകൻ ക്ഷമിക്കാൻ ആവശ്യപ്പെടുന്നു, മക്കളെയെല്ലാവരെയും ചേർത്തുനിൽക്കുന്ന പഞ്ചമിയുടെ നെറുകയിൽ വരരുചി തലോടുന്നു, ആ കാരമുള്ള് തറച്ചിരുന്നിടം ഉണങ്ങുന്നു..

വരരുചിയും പഞ്ചമിയും അവരുടെ പന്ത്രണ്ടു മക്കളും കഥ ഇവിടെ അവസാനിക്കുന്നു … ജീവിതത്തിൽ വിധിയുടെ പ്രഹരങ്ങളിലൂടെ സഞ്ചരിച്ച മനുഷ്യരുടെ കഥ പറഞ്ഞ, സ്നേഹത്തിന്റെ മഹത്വമുയർത്തിയ ഈ കഥ അതിമനോഹരമായൊരു വായനാനുഭവമാണ് സമ്മാനിച്ചത്… ഭാരതീയ പുരാണ കഥകളിലെ വരരുചിക്കും; വരരുചിയുടെ കഥ മനോഹരമായി പറഞ്ഞ അന്തരിച്ച മഹാനായ നോവലിസ്റ്റിനും മുൻപിൽ നമിക്കുന്നു.


എം.ബി. ശ്രീക്കുട്ടി

അടിമ


 

ഓട്ടുകിണ്ണത്തിൽ അമ്മ വിളമ്പിയ

കുത്തരിചോറിന്നോരത്ത്

കുറഞ്ഞുപോയ മീൻ

കഷണത്തിൽ

ആദ്യമായ് തന്റെ

വലുപ്പക്കുറവറിഞ്ഞപ്പോൾ ..


പാവാടത്തുമ്പു ചോപ്പിച്ച

നോവിന്റെ

പിറ്റേന്നുതൊട്ട്

അറവാതിലടഞ്ഞപ്പോൾ..

കൈകോർത്തു കളിയാടി നടന്ന

കൂട്ടുകാരന്റെയരുകിലേക്ക്

ഓടാനാഞ്ഞ

കാലുകളെ അമ്മ

നോട്ടംകൊണ്ടു തടഞ്ഞപ്പോൾ..


കുഞ്ഞനിയന്റെ

തമാശകൾക്കകമ്പടിയായ്

ഉള്ളിലുയർന്ന പൊട്ടിച്ചിരിയെ

കഴുത്തുഞെരിച്ചു കൊല്ലേണ്ടി

വന്നപ്പോൾ..

ഇഷ്ടനാദത്തിനൊപ്പിച്ചു

കെട്ടിയാടാൻവച്ച

ചിലങ്കയുടെ മണികളടർന്നപ്പോൾ..


പതിനെട്ടുതികഞ്ഞതിന്റെ

ആരവം ഒഴിയുംമുന്നേ

പഠിപ്പുമുടക്കി

പടിപ്പുരയ്ക്കുള്ളിലുയർന്ന

പന്തലുകണ്ടപ്പോൾ..

തുമ്പുകോർത്ത കരങ്ങളുടെ

കാഠിന്യത്തിൽ

വിരൽ കരഞ്ഞപ്പോൾ..


ചെന്നുകേറിയ അകത്തളത്തിൽ

അഭിപ്രായങ്ങളുടഞ്ഞു

മൗനംതിന്നു ജീവിച്ചപ്പോൾ..

ഏറെമോഹിച്ചു കോറിയിട്ട

വരികൾ

കടലാസുതാളിന്റെ ചുളുക്കത്തിൽ

പിടഞ്ഞപ്പോൾ..


അന്തിയാവോളം

യന്ത്രമായ്ക്കറങ്ങി

വാടിവീഴും മെത്തപ്പായിൽ

കിതപ്പിനോപ്പം കിനിഞ്ഞിറങ്ങിയ

വിയർപ്പുതുള്ളികൾ

പരിഹസിച്ചപ്പോൾ..


എണ്ണവും ഏനക്കേടും നോക്കാതെ

പെറ്റിട്ട ഉദരങ്ങളുടെ

പശിയാറ്റാനോടിയപ്പോൾ..

പാതിതൂങ്ങിയ കണ്ണുകളിൽ

പാതിയുടെ ഘോരതാണ്ഡവം

പതിഞ്ഞപ്പോൾ..


മോഹങ്ങളെയുള്ളിലടക്കി

സ്വപ്നങ്ങൾക്കു

വിലക്കേർപ്പെടുത്തി

അനുസ്യുതം കുതിക്കുമീ

പേയിളകിയ കാലത്തിന്റെ

കനിവില്ലാമുറ്റത്തു

ജീവിതത്തിനുച്ചവെയിലിൽ തണലും

തണുപ്പുമില്ലാതെ കരിഞ്ഞപ്പോൾ

പെണ്ണേ നിന്റെ തനുവിനൊപ്പം

മനസ്സിലും പതിഞ്ഞോ

ആ അടിമമുദ്ര..?



അമ്മു സൗമ്യ

അക്ഷാംശങ്ങൾക്കും രേഖാംശങ്ങൾക്കുമിടയിൽ ..




“അത് കള്ളിന്റെ മണമൊന്നുമല്ലടോ….
കൊടംപുളി പൂത്തതിന്റെ മണമാ…..”
പാതിരാനേരത്ത് വീടിന്റെ പിന്നാമ്പുറത്തു പതുങ്ങിവന്ന് കള്ളുമണത്തിന്റെ ഉറവിടം ചോദിച്ച കാലനോടു മറിയ ദേഷ്യപ്പെട്ടു.
“ഇവിടെ കള്ളുമില്ല; കള്ളുകച്ചവടോമില്ല.
അതിയാനൊണ്ടായിരുന്ന കാലത്താണേൽ കണ്ടേനേ!
വേറെവിടേലും പോയിത്തെരക്ക്.” …..
“താനാകെ നനഞ്ഞല്ലോ…..?
എന്നാ പിന്നെ അതിനെ ആ പുളിയിലെങ്ങാനും
കൊണ്ടുകെട്ടീട്ട് വാ….”
മറിയയുടെ കെട്ടിയോനെ തൂങ്ങിച്ചാകാൻ സഹായിച്ച പുളിമരം; പൂവിരിയിച്ച്‌, നാടാകെ പുളിച്ച കള്ളുമണം പരത്തി;കാലനെയും കബളിപ്പിച്ച്, തലയെടുപ്പോടെ പറമ്പിന്റെ മൂലയിൽ നിൽപ്പുണ്ടായിരുന്നു
കാലനെപ്പോലെ തന്നെ,കാലം തെറ്റിയ മഴയും …
മറിയക്ക് അത്ര പിടിച്ച മട്ടില്ല.
കയ്യിലെ കയറു കാട്ടി; പോത്തിനെ കെട്ടാൻ നീളം തികയില്ലെന്ന് പതംപറഞ്ഞ കാലന്റ കാലിനടുത്തേക്ക്, അടുക്കളച്ചായ്പ്പിലെ ആട്ടിൻതൊഴുത്തിന്റെ മൂലയിലെ തറയിൽ പന്തുപോലെ കെട്ടിയിട്ടിരുന്ന ചക്കരക്കയറിന്റെ ഉണ്ട കാലുകൊണ്ട് തട്ടി, അവൾ പറഞ്ഞു.
“ഇന്നാ … ഇതെടുത്തോ..”
ഉരുണ്ടു വന്ന്, മുറ്റത്തെ തെളിവെള്ളത്തിൽ വീണ ചക്കരക്കയറുണ്ട അഴിച്ചെടുത്ത് മൂക്കുകയറിൽ കൊരുത്ത് നടക്കുമ്പോൾ, അയാളെ അനുഗമിച്ച പോത്തിന്റെ കറുത്തുമിന്നുന്ന മുതുകിൽവീണു ചിതറിയ വെള്ളത്തുള്ളികൾ മറിയയുടെ കണ്ണിലും ദേഹത്തും പതിച്ചു.
അവൾക്ക് കണ്ണിലൊരു പുളിപ്പും, മൂക്കിൽ മരണത്തിന്റെ മധുരഗന്ധവുമനുഭവപ്പെട്ടു.
“അതിന്റെ ചോട്ടില് മണം കൂടുതലുകാണും…!
“ഈ മണം വരുമ്പോ … അതിയാന്റെ മണമെന്നാ… എല്ലാരുടേം വിചാരം. കുടീം കഴിഞ്ഞുവന്നിട്ടാ , പുള്ളി തൂങ്ങിയത്….. പുളിപൂത്താപ്പിന്നെ നാട്ടുകാരാരും സന്ധ്യകഴിഞ്ഞ് പുറത്തിറങ്ങത്തില്ല…..!”
മറിയ അധികം ഉറക്കെയല്ലാതെ വിളിച്ചു പറഞ്ഞു.
പക്ഷെ, മഴച്ചാറ്റലിന്റെ ശബ്ദത്തിൽ മറിയവിളമ്പിയ കുടുംബചരിത്രകഥനം മുഴുവനായും കാലൻകേട്ടില്ല.
ആട്ടിൻ കൂടിനടുത്ത് പോത്തെത്തിയപ്പോൾ ഇഷ്ടപ്പെടാത്തതുപോലെ മറിയയുടെ മുട്ടനാട് ഒന്നമറി.
പോത്തിനെകെട്ടി ഇറയത്തു കയറി നിന്ന കാലന്റെ ജടപിടിച്ച മുടിയിൽ നിന്നും, വാൻഗോഗ് മീശയിൽ നിന്നുമൊക്കെ, ഇരുണ്ട നിറമുള്ള വെള്ളം റെഡ് ഓക്സൈഡ് തേച്ച അടുക്കളക്കോലായുടെ തറയിൽ ഇറ്റുവീണു.
പുളിമരത്തിൽനിന്ന് പാറി വന്ന പുളിങ്കള്ളുമണവും; കാലന്റെ വിയർപ്പുഗന്ധവും മറിയയെ ആകെയുലച്ചിരുന്നു. ദൂരേക്കു മാറിപ്പോകാതെ അവൾ കാലനുചാരെ മണം പകർന്നും; മണം നുകർന്നും, നിന്നുകൊടുത്തു.
“നിങ്ങളെന്നും കുടിക്കുവോ?”
“മിക്കവാറും “
“എന്റെ ചേട്ടനും കുടിക്കുവാരുന്നു….
കുടിക്കുന്നവരെ എനിക്കിഷ്ടാ…
കുടിക്കാത്തവരെ ആണെന്നു പറയാൻ പറ്റുവോ?”…..
“തണുത്തിട്ടു വയ്യ
എനിക്കൊരു കട്ടൻചായ തരാവോ? “
മറിയ എതിർത്തും അനുകൂലിച്ചും ഒന്നും പറയാതെ തോളത്തു കിടന്ന തോർത്തെടുത്ത് അയാൾക്ക് കൊടുത്തു.
ഇന്നാ …. തോർത്ത്.
ഇത് തോർത്താണെന്നു പറഞ്ഞതാണോ…
അതോ … ഇതു കൊണ്ടു തലയിലെ വെള്ളം തോർത്താൻ പറഞ്ഞതാണോ …?
കാലൻ ഒരുനൊടി ശങ്കിച്ചു. പിന്നെ അതു വാങ്ങി തലയും മുഖവും തുടച്ചു.
…കുറെ കാലമായിട്ട് നല്ല ഓട്ടമാ…. വിശ്രമം കിട്ടാറില്ല;
ഇന്ന് നല്ല ഉറക്കക്ഷീണോം ഉണ്ട് ; … തലവഴിതോർത്തിട്ടു മൂടി; തലയും മുഖവും തോർത്തുന്നതിനിടയിൽ അയാൾ പറഞ്ഞത്,
ബു ളു ..ബു ളു എന്നു തോന്നിയതല്ലാതെ, എന്താണെന്ന് മറിയക്ക് മനസ്സിലായില്ല.
അവൾക്ക് പൊൻമുട്ടയിടുന്ന താറാവ് സിനിമ ടി.വിയിൽ കണ്ട കാര്യമോർമ്മവന്നു. സിനിമാനടൻ ഇന്നസെന്റിനെയും ! ….. അവൾ വീണ്ടും ചോദിച്ചു
“….എന്നാ പറഞ്ഞേ?”
“കുറെ കാലമായിട്ട് നല്ല ഓട്ടമാ…. വിശ്രമം കിട്ടാറില്ലെന്ന് ” …..
ഇന്ന് നല്ല ഉറക്കക്ഷീണോം ഉണ്ടെന്ന് “…!
കാലൻ ആവർത്തിച്ചു.
ഓ….
അതു പറഞ്ഞ് അവൾ അകത്തേക്കു പോയി; അൽപ്പം കഴിഞ്ഞ് ഒരു ചില്ലുഗ്ളാസ്സിൽ കട്ടൻ ചായയുമായി വന്നു.
ഗ്ലാസ് വാങ്ങി കട്ടൻ ഊതിക്കുടിച്ച്, തിളങ്ങുന്ന ഉണ്ടക്കണ്ണുചിമ്മി മറിയയുടെ പച്ച ബ്ലൗസിനകത്തെ വെളുത്ത ക്ലീവേജിലേക്ക് ആർത്തിയോടെ നോക്കി ആസക്തി നിറഞ്ഞ ഭവ്യതയോടെ പറഞ്ഞു.
എനിക്ക് ദാഹം മാത്രമല്ല വിശപ്പുമുണ്ട്; എന്ത് കിട്ടിയാലും കഴിക്കാനുള്ള വിശപ്പ് .
“കള്ളുകുടിക്കാൻ വന്നിട്ടിപ്പം ചോറായോ?”
പിന്നെ കാലന്റെ കണ്ണിൽനോക്കി അവൾ ചോദിച്ചു.
“ഞാൻ തന്നാൽ കഴിക്കുവോ?”
കട്ടൻചായകൊണ്ട് നാക്കു പൊള്ളിയതുമറച്ച് കാലൻ പെട്ടെന്നു പറഞ്ഞു ; പിന്നേ …. എന്നാ സംശയം?
കലത്തിൽ ചോറുകാണും പക്ഷെ, കറിയൊന്നുമില്ല….മറിയ ഓർത്തു. പിന്നെ പറഞ്ഞു,
“കറിയൊന്നുമില്ല….
മുട്ട കഴിക്കുമോ……..കോഴിമുട്ട ?”
“ഉം… മുട്ട കഴിക്കും !
മുട്ട പൊരിച്ചതിനേക്കാൾ ഇഷ്ടം നാടൻമുട്ട ചിക്കി വറുക്കുന്നതാ….. നാടൻ കോഴി ചിക്കുന്നതു പോലെ ചിക്കണം…. ” അയാളുടെ വായിൽ വെള്ളമൂറി.
“വൈറ്റ് ലഗോണിനു ചിക്കാനറിയത്തില്ല ”
ഗൂഗിളിൽ തപ്പി വിവരങ്ങളെടുത്ത്
വിജ്ഞാനി ചമയുന്നവരുടെ ഇളിഞ്ഞചിരി അയാൾ ചിരിച്ചു.
വാഴച്ചുവടു മുഴുവനും ചിക്കിത്തുരന്ന് നാശമാക്കുന്ന കോഴികളെ കല്ലെറിഞ്ഞോടിക്കുന്നകാര്യം മറിയ ഓർത്തു .
“…. ഇല്ലേ?”
മുട്ട ചിക്കിയതു കൂട്ടി ചോറുണ്ണുന്ന കാലനെ കൗതുകപൂർവ്വം നോക്കിയിരുന്ന മറിയയ്ക്ക് മരിച്ചുപോയ ഭർത്താവിനെ ഓർമ്മ വന്നു.
മുട്ടചിക്കിയത് അയാൾക്കും ഒത്തിരി ഇഷ്ടമായിരുന്നു.
അപ്പോൾ അവളുടെ മനസ്സും ശരീരവും അത്രമേൽ ആർദ്രമായി.
മുഖത്തിന് വല്ലാത്തൊരു തെളിമ വന്നു ,
കണ്ണിന് തിളക്കം വന്നു;
കവിളിന് ഒരിത്തിരി ചോപ്പും!
ചോറുപാത്രം കാലിയാക്കി, മുട്ട ചിക്കിയത് മാത്രം തിന്നുന്നതിനിടയിൽ കാലൻ ചോദിച്ചു
“നിനക്ക് മൊട്ട ഇഷ്ടാണോ?”
“ഉം… മൊട്ട എന്റെ ജീവനാ…. “……….
“എന്നാ …ഞാൻ വെളുപ്പിനെ പോയാപ്പോരേ?”

അതിഥിക്ക് കട്ടിൽ സമ്മാനിച്ച് മറിയ പായവിരിച്ച് താഴെ കിടന്നു
ഏറെ നേരം കഴിഞ്ഞിട്ടും ഉറങ്ങാതെ, തിരിഞ്ഞും മറിഞ്ഞും കിടന്ന് ഞരങ്ങുന്ന കാലന്റെ ശബ്ദം കേട്ട് മറിയ ദേഷ്യത്തോടെ ചോദിച്ചു.
” ഒറക്കക്ഷീണമെന്നു പറഞ്ഞിട്ട് ഇതെന്നാ….. ഒറങ്ങുന്നില്ലേ ?”
“എന്നാന്നറിയത്തില്ലാ ഒറക്കം വരണില്ല “
“നിനക്ക് കടംകഥ പറയാൻ അറിയാവെങ്കി …വല്ല കടങ്കഥേം പറ…. “
“കടംകഥയോ?”
“ഉം”
ഈ പച്ചപ്പാതിരായ്ക്കോ?
“ഉം”
“അതു വേണോ?”
“ഉം”….
“ഒറങ്ങിയോ ?”
“ഇല്ല”
“എന്നാപ്പറ “
“ഉം “
“മിറ്റത്തെ ചെപ്പിനടപ്പില്ല”
“എന്നാ “
“മിറ്റത്തെ ചെപ്പിനടപ്പില്ല”
…. ഇല്ലേ?”
“ഇല്ല.!”
“സത്യം?”
“ഉം “
“പച്ചക്കാട്ടിൽ തവിട്ടുകൊട്ടാരം, അതിനുള്ളിൽ വെള്ളക്കൊട്ടാരം, അതിനുള്ളിൽ കൊച്ചുതടാകം.”
“എന്നാ … ?”
“പച്ചക്കാട്ടിൽ തവിട്ടുകൊട്ടാരം, അതിനുള്ളിൽ വെള്ളക്കൊട്ടാരം, അതിനുള്ളിൽ കൊച്ചുതടാകം.”….
“ആരും കാണാതെ വരും ആരും കാണാതെ പോകും”
“എന്നാ …” ?
“ആരും കാണാതെ വരും ആരും കാണാതെ പോകും”…… ……
“എന്നാ നീ ഇങ്ങോട്ട് വാ…..
മഴ കാരണം പറയണതൊന്നും കേക്കണില്ല”
മറിയ അനുസരണയോടെ കട്ടിലിന്റെ മറ്റേയരികിൽ വന്നു കിടന്നു വീണ്ടും പറഞ്ഞു
“കട കട കുടു കുടു നടുവിലൊരു പാതാളം.”
“എന്നാ …”
“കട കട കുടു കുടു നടുവിലൊരു പാതാളം.”
“എന്നാ …”
“കട കട കുടു കുടു നടുവിലൊരു പാതാളം.”
“ഞാൻ തോറ്റു.”
“അമ്മിക്കല്ല്. ! “
“അതെയോ?”
“ഊരിയവാള്‍ ഉറയിലിട്ടാല്‍ പൊന്നിട്ട പത്തായം സമ്മാനം “
“എന്നാ ?”
“ഊരിയവാള്‍ ഉറയിലിട്ടാല്‍ പൊന്നിട്ട പത്തായം സമ്മാനം “
“ഊരിയവാള്….? “
അത് ….”……..
“ഇതൊന്നൂരാവോ? ”
“കടംകഥയാണോ?”
“അല്ല “
“ഈ കൊളുത്തൊന്നൂരിത്തരാവോന്ന്? ”
“ഏതു കൊളുത്താ …? “
“നോക്കട്ടെ … “
മന്തൻ വിരലുകൊണ്ട് ഏറെ നേരം പണിപ്പെട്ടിട്ടും ബ്രേസിയറിന്റെ കൊളുത്തൂരാനാവാത്തതിൽ കാലനെ മറിയ ചീത്തവിളിച്ചു.
“ലോകത്തൊള്ളേരുടെ മുഴുവൻ ജീവനെടുക്കാനറിയാം ഒരു കൊളുത്തെടുക്കാൻ അറിയാമ്മേലാത്ത…. ശവം ! “
“മാറ് ….ഞാനെടുത്തോളാം…!”
കാലനൊന്നും പറഞ്ഞില്ല……
മറിയ വീണ്ടും ചോദിച്ചു.
“തൊട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട …? “
“എന്നാ “
“തൊട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട …! “
തൊട്ടാൽ…..?
“തൊട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട …! “
തൊട്ടാൽ…..?
പൊട്ടും…..
ഇംഗ്ലീഷ്…..
മുട്ട …???
പിന്നെ
കാലൻ തൊട്ടുനോക്കി….
പൊട്ടാത്ത രണ്ട് ഇംഗ്ലീഷ് മുട്ടകൾ !!

പോത്തിന്റെ അമറൽ കേട്ടു കണ്ണുതുറന്ന അവൾ ഉറങ്ങിക്കിടന കാലന്റെ ജഡപിടിച്ചമുടി കൈകൊണ്ടു മാടിവച്ചു ചോദിച്ചു.
ഇന്ന് തന്നെ പോണന്നുണ്ടോ ?
കാലൻ ഒന്നും പറയാതെ അവളുടെ നെഞ്ചിൽ മുഖം ചേർത്തു !
എണീക്കാനും പോകാനുമാകാതെ കാലന്റെ കാലിന്റെ കത്രികപ്പൂട്ടിൽകിടന്നു മറിയ കുതറി.
“ശൊ….കാലന്റെ ഒരുകാല് “
ഒരു വിധത്തിൽ എണീറ്റ് അടുക്കളയിൽ ചെന്ന് കട്ടൻചായയുണ്ടാക്കി അയാളെ വിളിച്ചുണർത്തി ചായകൊടുത്തു.
ഒറ്റക്കയ്യിൽ ചായമൊത്തി, മറ്റേക്കയ്യിൽ സ്റ്റൂളിന്റെ മുകളിലിരുന്ന മരണക്കുരുക്കുള്ള കയറെടുത്ത് അതിന്റെ മിനുപ്പിൽതൊട്ടു മറിയ ചോദിച്ചു….
“ഇതുകൊണ്ടല്ലേ നിങ്ങള് ഇക്കണ്ട മനുഷ്യരുടെയെല്ലാം ജീവനെടുക്കണത്? “” ഉം “
“പക്ഷെ ഇപ്പോ …”
രണ്ടു പേരും ഒപ്പമാണതു പറഞ്ഞത്…..
“ഇപ്പൊ നിന്റെ സഹായമില്ലാണ്ട് ആൾക്കാര് ശ്വാസംമുട്ടി ചത്തോണ്ടിരിക്കുവാ….
നിനക്ക് പണി കുറഞ്ഞു ….അല്ലേ….?”
“അതാ ഞാനും പറഞ്ഞു വന്നേ….ഇപ്പൊ എല്ലാരും ചാകുന്നത് എന്റെ കയറില്ലാണ്ടാ …. “
“എന്റെ പണി കൊറഞ്ഞെന്നും പറയാം…. കൊറഞ്ഞില്ലെന്നും പറയാം…..”
“നിനക്കറിയാവോ….
ഇപ്പോ….പത്രത്തിലെ കണക്കും സെമിത്തേരിയിലെ കണക്കും തമ്മീ ചേരണില്ല “
“പത്തെഴുനൂറുകൊല്ലം മുമ്പ് പ്ലേഗ് വന്നപ്പോ … ഇങ്ങനേന്നുമില്ലായിരുന്നു. ചത്തവരടേം അടക്കിയവരടേം കണക്കൊപ്പമാരുന്നു”
കാലൻ പറഞ്ഞു നിർത്തി.
“ആളെത്ര ചത്താലും കണക്കില് കൊറച്ചു കാണിച്ച് രാജാവാകാനാ എല്ലാരുംതമ്മീ…മത്സരം ..! “
“ആന്നോ…..?”
“ഉം “
“ശവങ്ങൾ …..! “
“ഉം… ശവങ്ങൾ …..!!”

ഉം “
“പക്ഷെ ഇപ്പോ …”
രണ്ടു പേരും ഒപ്പമാണതു പറഞ്ഞത്…..
“ഇപ്പൊ നിന്റെ സഹായമില്ലാണ്ട് ആൾക്കാര് ശ്വാസംമുട്ടി ചത്തോണ്ടിരിക്കുവാ….
നിനക്ക് പണി കുറഞ്ഞു ….അല്ലേ….?”
“അതാ ഞാനും പറഞ്ഞു വന്നേ….ഇപ്പൊ എല്ലാരും ചാകുന്നത് എന്റെ കയറില്ലാണ്ടാ …. “
“എന്റെ പണി കൊറഞ്ഞെന്നും പറയാം…. കൊറഞ്ഞില്ലെന്നും പറയാം…..”
“നിനക്കറിയാവോ….
ഇപ്പോ….പത്രത്തിലെ കണക്കും സെമിത്തേരിയിലെ കണക്കും തമ്മീ ചേരണില്ല “
“പത്തെഴുനൂറുകൊല്ലം മുമ്പ് പ്ലേഗ് വന്നപ്പോ … ഇങ്ങനേന്നുമില്ലായിരുന്നു. ചത്തവരടേം അടക്കിയവരടേം കണക്കൊപ്പമാരുന്നു”
കാലൻ പറഞ്ഞു നിർത്തി.
“ആളെത്ര ചത്താലും കണക്കില് കൊറച്ചു കാണിച്ച് രാജാവാകാനാ എല്ലാരുംതമ്മീ…മത്സരം ..! “
“ആന്നോ…..?”
“ഉം “
“ശവങ്ങൾ …..! “
“ഉം… ശവങ്ങൾ …..!!”

#########

അപ്പോഴെല്ലാം …..
രാഷ്ട്രങ്ങളുടെയും, രാഷ്ട്രത്തലവൻമാരുടെയും നിഗൂഢ താൽപ്പര്യങ്ങങ്ങൾക്കടിപ്പെട്ട് …..
കാനേഷുമാരികളുടെ തടവിൽപ്പെടാതെ, …..
പത്രത്താളിലെ കണക്കുകളിൽപ്പെടാതെ …..
ടെലിവിഷൻ സ്ക്രീനിൽ മിന്നിമറയാതെ ….
ചിത്രഗുപ്തന്റെ പുസ്തകത്താളിൽ മാത്രം വെളിപ്പെട്ട്. …..
ആയിരങ്ങൾ …..
അക്ഷാംശങ്ങളുടെയും …..
രേഖാംശങ്ങളുടെയും …..
നെടുകെയും കുറുകെയും ഉള്ള …..
കള്ളികൾക്കുള്ളിലെ തടവറകളിൽ…..
ശ്വാസംമുട്ടി…..
ശാന്തതയോടെ …..
മരണപ്പെട്ടു കൊണ്ടേയിരുന്നു ….. !!

#########

“ഇന്നലത്തെ കഞ്ഞിവെള്ളം ബാക്കിയുണ്ടേൽ ഇത്തിരി അവനും കൊടുത്തേക്കണേ”
കാലൻ ഇടക്ക് പോത്തിന്റെ കാര്യം മറിയയെ ഓർമപ്പെടുത്തി.
“ഞാനെറങ്ങുവാ…..
നേരം വെളുത്താ ശരിയാവത്തില്ല.”
“ഇനി വരുവോ….?”
“ഒരു ദെവസം എന്തായാലും വരും. ! “

ഹരി തൃപ്പൂണിത്തുറ
 

വാഴപ്പൂവട

 



നമ്മൾ മലയാളികൾ പൊതുവേ വടപ്രിയരാണെങ്കിലും, നമ്മുടെ ഇഷ്ടങ്ങൾ പരിപ്പുവടയിലും, ഉഴുന്നുവടയിലും ഒതുക്കുകയാണ് പതിവ്. എന്നാൽ ഒന്ന് ചിന്തിച്ചാൽ നമുക്ക് ഉണ്ടാക്കുവാൻ കഴിയുന്ന ധാരാളം വടകളുണ്ട്. അത്തരത്തിൽ ഒരു വടയെ പരിചയപ്പെടുത്തുകയാണിവിടെ.


വാഴപ്പൂകൊണ്ട് എങ്ങനെ ഒരു വടയുണ്ടാക്കാമെന്നു നോക്കാം. വാഴക്കൂമ്പ്, കുടപ്പൻ എന്നെല്ലാം പ്രാദേശികമായി അറിയപ്പെടുന്ന വാഴപ്പൂ തന്നെയാണ് കഥാനായകൻ. ധാരാളം പോഷകഗുണങ്ങളുള്ള ഒരു വാഴപ്പൂവ്, പൊട്ടാസിയം , കാൽസിയം, ഫോസ്ഫറസ്, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങി, നമ്മുടെ ആരോഗ്യത്തിനാവശ്യമായ മറ്റു ആവശ്യപോഷകങ്ങളും നിറഞ്ഞ ഒന്നാണെന്ന് പലർക്കും അറിയുകയില്ല. നൂറു ഗ്രാം വാഴപ്പൂവിൽ പത്തു ഗ്രാം അന്നജം മാത്രമേ അടങ്ങിയിട്ടുള്ളൂ എന്നതും, ആറു ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട് എന്നതും പ്രമേഹ രോഗികൾക്ക് ഇത് ഒരു ഉത്തമ ഭക്ഷണമാകുന്നു. ജീവകം E യുടെ ഒരു പ്രധാന സ്രോതസ് കൂടിയാണ് ഇത്.


ചേരുവകൾ


നന്നായി കൊത്തിയരിഞ്ഞ വാഴപ്പൂവ് : 1 എണ്ണം.

കുതിർത്തു വച്ചിരിക്കുന്ന സാമ്പാർ പരിപ്പ് : 2 കപ്പ്

നന്നായി കൊത്തിയരിഞ്ഞ സവാള : 1 എണ്ണം

ചെറിയ കഷ്ണം ഇഞ്ചി : 1 എണ്ണം

ചെറുതായി അരിഞ്ഞ പച്ചമുളക് : 4 എണ്ണം

കറിവേപ്പില : 10 – 15 എണ്ണം

ഉപ്പ് : ആവശ്യത്തിന്.


ഉണ്ടാക്കുന്ന വിധം


കുതിർത്തുവച്ചിരിക്കുന്ന പരിപ്പ് ഒരു മിക്സിയിൽ അരച്ചെടുക്കുക. അതിലേക്കു മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ ചേർത്തു നന്നായി ഇളക്കുക. ഇതിൽ നിന്നും വാടയ്ക്കുവേണ്ട അളവിൽ എടുത്ത് ചെറിയ ഉരുളകൾ ഉണ്ടാക്കുക. അത് കൈകൾകൊണ്ട് അമർത്തി വടയുടെ രൂപത്തിലാക്കുക. തിളച്ചയെന്നായിൽ ബ്രൗൺ നിറം വരുന്നത് വരെ വറുത്തെടുക്കുക. രുചികരവും ഗുണകരവുമായ വാഴപ്പൂവട തയ്യാറായി കഴിഞ്ഞു.


ഡോ. ഷേർളി സുനീത്

പ്രതികരണങ്ങൾ

 




വളരെ പ്രശംസനീയമായ ഉദ്യമമെന്ന് ആദ്യമേ പറയട്ടെ. മനോഹരമായ മുഖചിത്രം. ആകർഷകമായ ലോഗോ. ഒരു കടലാസ് മാഗസിനിലുള്ളതു പോലെ എല്ലാ ചേരുവകളും ചേർത്തൊരുക്കിയ ഉള്ളടക്കം. മറ്റു ജോലികൾക്കിടയിൽ സമയം കണ്ടെത്തി, ഇങ്ങനെയൊരുപഹാരം വായനക്കാർക്കു സമ് മാനിച്ചതിന് നിറഞ്ഞ കയ്യടി. ഉള്ളടക്കത്തെക്കുറിച്ച് എന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചില കാര്യങ്ങൾ

ലേഖനം താങ്കളുടെതൊഴിച്ചുള്ള രണ്ടെണ്ണം ലേഖനമെന്ന ഗണത്തിൽ പെടുത്താമോയെന്ന് സംശയം. നല്ല കുറിപ്പുകൾ എന്ന നിലയിൽ അവ നന്ന്. സഞ്ചാരം വളരെ നന്നായിരുന്നു. ഓ വീയുടെ കഥാപാത്രങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുമൊക്കെ തന്റെ സഞ്ചാരത്തിലൂടെ വായനക്കാരന് ഒരു പുതിയ അനുഭവം തരുന്നു ലേഖകൻ.

കവിത, ആശയങ്ങളെയും അനുഭവങ്ങളെയും നാലഞ്ചു വരികളിലേക്കു മാത്രമായാവാഹിച്ചപ്പോൾ മിക്ക കവിതകളും നല്ല നിലവാരം പുലർത്തി. പറയാതെ വയ്യ .രണ്ടു കവിതകൾക്ക് ബാലമാസികയിൽ പ്രവേശിക്കാനുള്ള നിലവാരമേയുള്ളു. ഒരുകവിതയിൽ രണ്ടുമൂന്നിടത്ത് അക്ഷരത്തെറ്റും കണ്ടു.

നർമ്മം അസ്സലായി. കഥകൾ: എല്ലാക്കഥകളും മികച്ച നിലവാരം പുലർത്തി.
മറ്റുള്ളവർക്കുവേണ്ടിയൊരുക്കുന്ന ചെറിയ കുഴികൾ പോലും വളർന്ന് വളർന്ന് ഒരുക്കുന്നവനെ വീഴ്ത്തുന്ന,വിഴുങ്ങുന്ന വൻകുഴിയായിമാറുന്ന കാഴ്ച വളരെ അനായാസം കാണിച്ചു തരുന്നു ‘ഒരു ഫേസ്ബുക്ക്…..’ ദാരിദ്ര്യം, നിസ്സഹായത, കൊറോണ,പലായനം എല്ലാം ഒറ്റ ഫ്രയിമിലൂടെ കാട്ടിത്തരുന്നു ‘യശ്പാൽ’ . വീടെത്തുംമുമ്പേ വീണുപോയവന്റെ നാവിൽ പുനർജ്ജനിയുടെ അമൃതമിറ്റിക്കുന്ന ഭാര്യ സ്ത്രീത്വത്തിന്റെ, മാതൃത്വത്തിന്റെ, മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയാവുന്നു. ഏന്നും മനസ്സിൽ തങ്ങിനിൽക്കുന്ന ഈ കഥാപാത്രസൃഷ്ടിക്ക് നിറഞ്ഞ കയ്യടി.

‘ഒരു സങ്കീർത്തനം പോലെ’ യുടെ നിരൂപണം വളരെ ചുരുങ്ങിപ്പോയപോലെ. എങ്കിലും പുസ്തകത്തെക്കുറിച്ചൊരേകദേശ ധാരണ വായനക്കാരനിലെത്തിക്കാൻ കഴിഞ്ഞു. ‘തീർച്ചയായും ഈ പുസ്തകം വായിക്കണം’ എന്ന് വിയനക്കാരനെക്കൊണ്ടു തീരുമാനമെടുപ്പിക്കുന്ന നിരൂപണമായിരുന്നു ‘സുഗന്ധി…’യെക്കുറിച്ചുള്ളത്.നല്ലൊരു നിരൂപണം.

അനിൽകുമാർ എം.ബി. (കഥാകൃത്ത്)

ഇതിവൃത്തം എന്ന പേര് തന്നെ വായനക്ക് പ്രേരണമാകുന്നുണ്ട്. ഒരു സാംസ്കാരിക മാസികയ്ക്കുവേണ്ട ചേരുവകൾ എല്ലാം കൃത്യമായി പാകപ്പെടുത്തിയിരിക്കുന്നു. കഥകൾ, കവിതകൾ എല്ലാം നല്ല നിലവാരം പുലർത്തുന്നവ തന്നെ. യാത്രയും ആരോഗ്യവും പതിവ് രീതികളിൽ നിന്നും ഭിന്നമായ ഒരു വായന നൽകുന്നു. ഫെമിനിസത്തേക്കുറിച്ചുള്ള ലേഖനം അവസരോചിതമായി. നർമ്മകഥയ്ക്കായി ഒരു തനി വിഭാഗം ഒരുക്കിയതും ഉചിതമായി. മാസികയ്ക്കും അണിയറ പ്രവർത്തകർക്കും അനുമോദനങ്ങൾ. ഓരോ ലക്കവും ഒന്നിനൊന്നു മെച്ചമാകട്ടെ എന്നും ആശംസിക്കുന്നു.

ബാലചന്ദ്രൻ സി.കെ. (കഥാകൃത്ത്)

മാസികയ്ക്ക് മികവുണ്ട്. കൂടാതെ നർമ്മം, ലേഖനങ്ങൾ, അനുഭവക്കുറിപ്പുകൾ, സത് ചിന്തകൾ മുതലായവ കൂടി ഉൾക്കൊള്ളിക്കുകയാണെങ്കിൽ നല്ലൊരു വായനാനുഭവം പകർന്നു നൽകുവാൻ കഴിയുമെന്ന് കരുതുന്നു. നിരൂപണം നല്ലതാണ്. അതു വഴി സൃഷ്ടികൾക്ക് കൂടുതൽ മേന്മയും തെളിമയും കൈവരും .

ഉദയൻ ഉദയഭവൻ, ഗ്രൂപ്പ് അംഗം

“ഇതിവൃത്തം മലയാള സാംസ്കാരിക മാസികയുടെ ഒക്ടോബറിലെ ആദ്യലക്കം കെട്ടിലും മട്ടിലും വളരെ പ്രതീക്ഷ നൽക്കുന്ന ഓൺലൈൻ മാസികയാണ്. വളരെ വിജ്ഞാനപ്രദമായ ലേഖനങ്ങളും കഥകളും കവിതകളും നിരൂപണങ്ങളും എന്നുവേണ്ട ഒരു ലക്ഷണമൊത്ത മാസികയ്ക്കു വേണ്ടുന്ന എല്ലാചേരുവകളും ഇതിവൃത്തത്തിൽ കാണാനുണ്ട്. ബഹുമുഖപ്രതിഭയായ ഡോക്ടർ സുനീത് മാത്യുവിന്റെ നേതൃത്വത്തിൽ പുറത്തിറങ്ങുന്ന ഈ പുത്തൻസംരംഭം പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെങ്കിൽ മാത്രമേ അത്ഭുതപ്പെടാൻ വകയുള്ളു. വായനയുടെ പുതുവസന്തം തീർക്കാൻ ഇതിവൃത്തത്തിന് കഴിയട്ടെ എന്ന് ആത്മാര്ത്ഥമായി ആഗ്രഹിക്കുന്നു, ആശംസിക്കുന്നു.”

സുമേഷ് രാമചന്ദ്രൻ (കഥാകൃത്ത്)

മാസികയെക്കുറിച്ചുള്ള അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും നന്ദി. തുടർന്നും മാസികയുടെ ഗുണനിലവാരം ഉയർത്തുന്നതിനുവേണ്ട നിർദേശങ്ങൾ വായനക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നു.

എഡിറ്റർ