”സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.
മാനിക്കയില്ല ഞാൻ മാനവമൂല്യങ്ങൾ
മാനിച്ചിടാത്തൊരു നീതിശാസ്ത്രത്തെയും.”
വിപ്ലവം എന്നാൽ മാനവിയത ആണെന്ന് പ്രഖ്യാപിച്ച കവിയുടെ വരികളാണിത്…
അതെ വയലാർ രാമവർമ്മ എന്ന പേര് മുന്നിൽ വരുമ്പോൾ മനസ്സിലോടിയെത്തുന്ന വരികൾ ….
വയലാറിന്റെ കവിത വായിക്കുമ്പോൾ ഓർമ്മകളിൽ അറിയാതെ അച്ഛൻ നിറയും…വയലാറെന്ന കാവ്യ സാഗരത്തെ വാക്കുകളിലൂടെ വരച്ചു തന്നു അച്ഛനെനിക്ക്..
”അച്ഛനുറങ്ങി കിടക്കുന്നു നിശ്ചലം…”
നിശബ്ദതയെപ്പോലും നിശബ്ദമാക്കി പ്രകൃതിയും തേങ്ങിയപ്പോൾ കാണാതെ പോയ പമ്പരം തേടി നടന്ന നിഷ്കളങ്ക ബാല്യം …നീറുന്നൊരോർമ്മയായ് …
ഇന്നും കണ്ണീരോടെ മാത്രമേ ആ കവിത വായിക്കാൻ കഴിയൂ……
ചന്ദനത്തിരിയുടെ മണമോടെ ചന്ദനമുട്ടികൾക്കിടയിൽ എരിഞ്ഞു തീർന്നതെന്റെ അച്ഛൻ തന്നെയായിരുന്നു… ഓറഞ്ചു കൊണ്ടുവരുന്ന അച്ഛനെ കാത്തിരുന്നത് .. ഞങ്ങൾ തന്നെയായിരുന്നു.
” കരളു പുകഞ്ഞിട്ടമ്മ- എൻ
കവിളിൽ നൽകിയൊരുമ്മ
കരുവാളിച്ചൊരു മറുകുണ്ടാക്കിയ
കാരിയമച്ഛനറിഞ്ഞോ…”
എന്ന് പാടിക്കേൾക്കുമ്പോൾ അറിയാതെ ഞാനെന്റെ കവിളിൽ തടവിപ്പോകുമായിരുന്നു………
അതെ…ആ തൂലികയിൽ നിന്ന് നിർഗ്ഗളിച്ചത് ചുറ്റുമുള്ള ജീവിതം തന്നെയായിരുന്നു ..
മനുഷ്യന്റെ സുഖദുഃഖങ്ങൾ ഒരു പച്ച മനുഷ്യനായി നിന്ന് കൊണ്ട് തന്നെ അദ്ദേഹം തിരിച്ചറിയുകയും അതൊക്കെയും അക്ഷരചിത്രങ്ങളായി മാറ്റുകയും ചെയ്തു.
”കടലിലെ ഓളവും കരളിലെ മോഹവും
അടങ്ങുകില്ലോമനേ അടങ്ങുകില്ലാ”
മനുഷ്യമനസ്സുകളിലെ തീരാമോഹങ്ങൾ
മുഴുവൻ ..ഈ രണ്ടു വരികളിൽ ആവാഹിച്ചു.
”എവിടെ നിന്നോ
എവിടെ നിന്നോ
വഴിയമ്പലത്തിൽ വന്നു കയറിയ
വാനമ്പാടികൾ നമ്മൾ…”
എത്ര അർത്ഥവത്തായ വരികൾ..
സ്വപ്നങ്ങളില്ലാത്ത ലോകം ജീവിതചൈതന്യമില്ലാതെ ശൂന്യമാണെന്ന് മനോഹരമായ വരികളിലൂടെ കവി പാടി… പ്രേമം ദിവ്യമായ അനുഭൂതിയാണെന്ന് പ്രകൃതിയെയും കാലത്തെയും കൂട്ടുപിടിച്ച് സുന്ദരമായി പാടീ…
ഈശ്വരൻ ഹിന്ദുവോ ഇസ്ലാമോ കൃസ്ത്യാനിയോ അല്ലായിരുന്നു എന്നിട്ടും ..കണ്ണീരുകണ്ടിട്ടും കണ്ണുതുറക്കാത്ത ആ ദൈവങ്ങളുടെ പ്രസക്തിയെപ്പറ്റിയും കവി പാടി…
” വിരുന്നു വരുമോ വിരുന്നു വരുമോ
വീട്ടിലിരിക്കും തത്തമ്മേ…”
സർക്കസ് കൂടാരത്തിലെ വീഴ്ചയുടെയും വേദനയുടെയും കഥ പറഞ്ഞ ….ഉമ്മറിന്റെയും മല്ലികയുടെയും അനശ്വര പ്രണയത്തെ വരച്ച ” ഉമ്മർ” അനുവാചകരുടെ ഹൃദയത്തിൽ ഇന്നും നോവു പടർത്തും …
”മരിക്കാൻ ഞങ്ങൾക്കു മനസ്സില്ല
കരയാൻ ഞങ്ങൾക്കു മനസ്സില്ല..
മുതലാളിത്തമേ നിൻമുന്നിൽ
മുട്ടുമടക്കാൻ മനസ്സില്ല ”
മുതലാളിത്തത്തിന്റെ അഹങ്കാരത്തിനെതിരെ ആവേശത്തോടെ കവി പാടീ….
” ഞാനെന്റെ വല്മീകത്തിലിത്തിരിനേരം ധ്യാന-
ലീനനായിരുന്നപ്പോള് ശബ്ദമുണ്ടാക്കീ നിങ്ങൾ ”
തന്റെ കവിതകളെ കല്ലെറിയുന്നവർക്കെതിരെ ഒരു മുഴം മുമ്പേ എറിഞ്ഞു കവി… ദന്തഗോപുരത്തിലേക്കുളള ക്ഷണക്കത്തിൽ
ഇന്ദ്രവല്ലരി പൂ ചൂടി വരും ഇഷ്ടപ്രാണേശ്വരിയും
പാരിജാതം തിരുമിഴിതുറന്നപ്പോൾ പോലും നീലോൽപലമിഴി പൂട്ടിയുറങ്ങിയ സുന്ദരിയും വിവാഹത്തെ സ്വപ്നം കാണാൻ ഇനി ഏഴ്
ഏകാന്ത സുന്ദരരാത്രികൾ കൂടിയേ ഉള്ളൂ എന്ന് പാടിയ കല്യാണപ്പെണ്ണും….അല്ലിക്കുടങ്ങളിൽ അമൃതുമായി നിന്ന താരുണ്യവും ..അങ്കച്ചമയത്തിനണിയാൻ അല്പം സിന്ദൂരം ചോദിച്ച കാമുകനും… കണ്ണിൽ കായാമ്പൂ വിരിഞ്ഞ കാമുകിയും..ആയിരം പാദസ്സരങ്ങൾ കിലുക്കിയൊഴുകിയ ആലുവാപ്പുഴയും
മന്ദസമീരനിൽ ഒഴുകിയെത്തുന്ന
ഇന്ദ്രചാപവും വെള്ളിവെയിലുനെയ്ത പുടവയുടുത്ത നീലപ്പൊൻമാനും..സന്ധ്യാപുഷ്പവുമായി പൂമുഖവാതിലിലെത്തിയ വിരഹിയാം കാമുകനും ..സീമന്തിനിയുടെ ചൊടികളിൽ പ്രേമമൃദുസ്മേരം കണ്ടപ്രണയഭിക്ഷുവും….തുടങ്ങി… എത്രയെത്ര അനശ്വര ഗാനങ്ങൾ ആ തൂലികയിൽ നിന്നും തുളുമ്പി..
”ആരൊരാളെൻ കുതിരയെക്കെട്ടുവാൻ
ആരൊരാളിതിൻ മാർഗ്ഗം മുടക്കുവാൻ..”
അതേ…ആ കാവ്യഭാവനയാകും യാഗാശ്വത്തെ പിടിച്ചുകെട്ടാൻ ഒരു ശക്തിക്കും കഴിയില്ല…ഇന്നും ആ കവിതകൾ ദിഗ്വിജയങ്ങൾ നേടിയെടുത്ത് മനുഷ്യമനസ്സുകൾ കീഴടക്കി മുന്നേറുകയാണ്……
ദൂരെ …” പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിലേക്ക് ” പോയെങ്കിലും …ആ അനല്പമായ ഭാവനാവൈഭവം മനസ്സിൽ നിറഞ്ഞു നില്ക്കും…
( ഒക്ടോബര് 27 ആ അനശ്വര കവിയുടെ… വയലാർ രാമ വർമ്മയുടെ ചരമദിനമാണ്..ആ കവനമാധുരിക്ക് സമർപ്പിക്കുന്നു.)
സിന്ധു എസ്. കുമാർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ