2021 നവംബർ 27, ശനിയാഴ്‌ച
ഒരു മനുഷ്യൻ തന്റെ ഇരുപത്തിനാലു വയസ് പ്രായമുള്ള മകനുമൊത്ത് ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു. അവരുടെ അടുത്ത് മധ്യവയസ്ക്കരായ ഒരു ഭർത്താവും ഭാര്യയും സഹയാത്രികരായുണ്ടായിരുന്നു. ട്രെയിൻ സ്റ്റേഷനിൽ നിന്നും പുറപ്പെട്ടയുടനെ പ്രായമുള്ള മകൻ പിതാവിനോട് വളരെ സന്തോഷത്തോടെ പറയുകയാണ്. “നോക്കൂ അച്ഛാ മരങ്ങളെല്ലാം പുറകോട്ടു യാത്ര ചെയ്യുന്നു.” പിതാവാകട്ടെ ചിരിച്ചുകൊണ്ട് അതെയെന്ന് പറയുകയും ചെയ്യുന്നു. അടുത്തിരുന്നവർക്ക് ഇത് വളരെയധികം ആശ്ചര്യം ഉണർത്തുകയുമുണ്ടായി. അപ്പോഴാണ് മകന്റെ അടുത്ത സംഭാഷണം. “അച്ഛാ മേഘങ്ങളെ നോക്കൂ അവ നമ്മോടൊത്തു യാത്ര ചെയ്യുന്നു.” ഇതിനും പ്രോത്സാഹനകരമായ ഒരു മറുപടിയും മന്ദഹാസവുമായിരുന്നു പിതാവിൽ നിന്നും വന്നത്. ഈ മകന് പൂർണ്ണമായ മാനസിക വളർച്ചയില്ല എന്ന് അടുത്തിരുന്നവർ ഉറപ്പിച്ചു. അവർക്കു പിടിച്ചു നിൽക്കാനായില്ല. അവർ ആ പിതാവിനോട് ചോദിച്ചു. ഇത്രയും കാലമായിട്ടും നിങ്ങൾ മകനെ ഒരു ഡോക്ടറെ കാണിച്ചില്ലേയെന്ന്. ഡോക്ടറുടെ അടുത്തു നിന്നും വരികയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ അതിനു ശേഷം അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. എന്റെ മകൻ ജന്മനാ അന്ധനായിരുന്നു. ഇന്നലെയാണ് അവനു കാഴ്ച കിട്ടിയത്.
ഓഷോ പറഞ്ഞ ഒരു കഥയാണിത്. പലപ്പോഴും സത്യം വ്യത്യസ്തമായിരിക്കും. അതിനൊരവസരം കിട്ടുന്നത് വരെ നമ്മൾ വിചാരിക്കുന്നതും പറഞ്ഞുണ്ടാക്കുന്നതുമെല്ലാം സത്യമായിരിക്കണമെന്നില്ല. സത്യം നമുക്കറിയില്ലെങ്കിലും നമ്മൾ നമ്മുടെയിഷ്ടത്തിന് പ്രതികരിച്ചു കൊണ്ടിരിക്കും. പ്രചരിപ്പിച്ചുകൊണ്ടിരിക്കും. ഈയിടെയായി സ്വന്തം നിഗമനങ്ങങ്ങൾ വിളിച്ചു പറയുന്നതിന് സാമൂഹ്യ മാധ്യമങ്ങൾ ഇത്തരം ആളുകളെ വളരെയധികം സഹായിക്കുന്നുണ്ട്. പലതും ഓക്കാനം ഉളവാക്കുന്നവയാണെന്നും പറയാതെ വയ്യ.
ഒരു കാലത്തു സ്ത്രീകളുടെ മാത്രം കാര്യമായിട്ടാണ് നമ്മൾ ഗോസ്സിപ്പിനെക്കുറിച്ചു പറഞ്ഞിരുന്നതെങ്കിലും ഇന്നത് കൂടുതൽ നിർവഹിക്കുന്നത് പുരുഷന്മാരായിട്ടുണ്ട് എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയുണ്ടാകാനിടയില്ല. പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നതും ഇത് തന്നെയാണ്. പരദൂഷണം പറയുന്നതിൽ സ്ത്രീ പുരുഷ വ്യത്യാസമില്ല എന്നർത്ഥം.
പല സത്യങ്ങളും നമ്മൾ കരുതുന്നത് പോലെയാകണമെന്നില്ല. അറിഞ്ഞോ അറിയാതെയോ നമ്മൾ ഇക്കാര്യങ്ങളിൽ നടത്തുന്ന പരാമർശങ്ങൾ അതിനിരയാകുന്നവർക്ക് എത്ര വേദനാജനകമാണെന്നറിയണമെങ്കിൽ ഈ അനുഭവം നമുക്കായാൽ എന്തായിരിക്കും അവസ്ഥ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിക്കുക. ഇത്തരമൊരു നിഗമനത്തിലെത്തുവാൻ ഞാൻ യോഗ്യനാണോ എന്നും വിലയിരുത്തുക. കഴിയുന്നതും മറ്റുള്ളവരെ വാക്കുകൾ കൊണ്ടെങ്കിലും വേദനിപ്പിക്കാതിരിക്കുക. ഇതാകട്ടെ ഈ മാസത്തെ ചിന്ത.
ഡോ. സുനീത് മാത്യു
ബോധം, ബോധ്യം.
എന്തെഴുതണം എന്ന് ചിന്തിക്കുകയായിരുന്നു. പെട്ടന്നാണ് ചിന്തയെക്കുറിച്ചു തന്നെ ചിന്തിച്ചുകളയാം എന്ന് തോന്നിയത്. എല്ലാം തോന്നലാണല്ലോ! എനിക്ക് തോന്നുന്നു എന്ന് തോന്നുന്നതും ഒരു തോന്നൽ! ബോധം!
നമ്മുടെ നിത്യജീവിതത്തിൽ തമാശയായും അല്ലാതെയും നാം ബോധത്തെക്കുറിച്ചു പരാമർശിക്കാറുണ്ട്. നിനക്ക് ബോധമുണ്ടോ എന്നുചോദിക്കുമ്പോൾ ബോധമില്ലെങ്കിൽ ഒരുകാര്യമില്ല എന്നുതന്നെയാണ് വിവക്ഷ. ബോധമില്ലെങ്കിൽ മറ്റെന്തുണ്ടായിട്ടെന്താണ്!
എന്താണ് ബോധം അഥാവാ കോൺസിയസ്‌നെസ്സ്?
ബോധനത്തിന് രണ്ട് തലങ്ങളുണ്ട് എന്നാണ് പറയുന്നത്. ഒന്ന്, നമ്മുടെ ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം (conscious of our surroundings). രണ്ട്, നമ്മളെത്തന്നെയുള്ള ബോധം (conscious of ourselves). ഇതിൽ ഒന്നാമത്തേത് എല്ലാ ജീവജാലങ്ങളും കണ്ടുവരുന്നതും, രണ്ടാമത്തേത് മനുഷ്യരിൽ കണ്ടു വരുന്നതുമാണ് (ചില മൃഗങ്ങൾക്കും ജീവികൾക്കും രണ്ടാമത് പറഞ്ഞ ബോധം ഉണ്ട് എന്ന് മറക്കുന്നില്ല). തലച്ചോറിലെ സെറിബ്രൽ കോർട്ടെക്സും, തലാമസും, ഇവതമ്മിലുള്ള ഇഴയടുക്കവുമാണ് ഒരു മനുഷ്യന് ബോധം ഉണ്ടാക്കുന്നത് എന്നാണ് ബ്രെയിൻ സയൻസിന്റെ ആചാര്യന്മാർ പറയുന്നത്. ബ്രെയിൻ സയൻസിന്റെ പ്രഹേളികകളിലേക്ക് പോകാൻ ഉദ്ദേശമില്ല. അറിയാഞ്ഞിട്ടാണ്, വേറൊന്നും വിചാരിക്കരുത്.
ബോധത്തിനെക്കുറിച്ചു പറഞ്ഞുവരുമ്പോൾ ബോധമുണ്ടായിട്ടും പ്രകടിപ്പിനാകാത്ത ഒരവസ്ഥയെക്കുറിച്ചാലോചിച്ചു നോക്കിയിട്ടുണ്ടോ? അങ്ങനെയും ഒരവസ്ഥയുണ്ട്! ലോക്‌ഡ്‌ഇൻ സിൻഡ്രോം (locked-in Syndrome) എന്നാണ് പേര്. ശരീരത്തിന്റെ ഒരുഭാഗവും ചലിപ്പിക്കാനാകാതെ ഒരു വെജിറ്റബിളിനെപോലെ കിടക്കേണ്ടി വരുന്ന സ്ഥിതി. കണ്ണുകളും കൺപോളകളും മാത്രം ചലിപ്പിക്കാനാകും. എന്നാൽ ചിന്തകളും ആശയങ്ങളും ഓർമകളും സാധാരണ പോലെതന്നെ. ശരീരത്തിന്റെ തടവറയിൽ പൂർണ്ണമായ ബോധത്തോടെ മറ്റൊന്നും ചെയ്യാനാകാതെ കിടക്കേണ്ടിവരുന്ന ഭീകരാവസ്ഥ! മസ്തിഷ്കാഘാമോ, തലച്ചോറിനുണ്ടാകുന്ന പരിക്കോ, ട്യൂമറുകളോ, ഇൻഫെക്ഷനുകളോ, ചില മരുന്നുകളുടെ അമിത ഉപയോഗമോ ഇതിനു കാരണമാകാം. തലച്ചോറിന്റെ കീഴ്ഭാഗത്തു സ്ഥിതിചെയ്യുന്ന ‘ബ്രെയിൻ സ്റ്റെമി’നു മാത്രമാണ് കേടുപറ്റുന്നത്. ബാക്കി ഭാഗങ്ങൾ പ്രവർത്തനക്ഷമമായിരിക്കും. കോമ എന്ന അവസ്ഥയുമായി ഇതിന് സാമ്യം ഉണ്ടെങ്കിലും കോമയിലുള്ളവർക്ക് ബോധം ഉണ്ടാകില്ല എന്നൊരു വെത്യാസം ഉണ്ട്. കോമയിൽ തലച്ചോറിന്റെ മറ്റുപലഭാഗങ്ങളും പ്രവർത്തന രഹിതമാകും എന്നതാണ് കാരണം.
‘ദി ഡൈവിംഗ് ബെൽ ആൻഡ് ദി ബട്ടർഫ്‌ളൈ’ എന്ന ഒരു ചെറിയ പുസ്തകമുണ്ട്. എഴുതിയത് ജീൻ-ഡൊമിനിക് ബോബി (Jean-Dominique Bauby) എന്ന ഫ്രഞ്ച് പത്രപ്രവർത്തകൻ. അതേപേരിൽ തന്നെ ജീൻ-ഡൊമിനികിൻറെ ജീവിതത്തെ അധികരിച്ചു മനോഹരമായ ഒരു ഫ്രഞ്ച് സിനിമയും ഇറങ്ങിയിട്ടുണ്ട്, ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിഏഴിൽ.
ജീൻ-ഡൊമിനിക് മേൽപ്പറഞ്ഞ പുസ്തകം ‘എഴുതിയത്’ ലോക്‌ഡ്‌ഇൻ സിൻഡ്രോം എന്ന അവസ്ഥയിലായിരിക്കുമ്പോഴാണ്. എഴുതിയതെന്നത് പറഞ്ഞത് അതിശയോക്തിയാണെങ്കിലും പുസ്തകം എങ്ങനെ ഉണ്ടായി എന്നല്ലേ? ജീൻ-ഡൊമിനികിൻറെ സഹായി ക്ലോഡ് മെൻഡിബിൽ എന്ന സ്ത്രീയെ കണ്ണടച്ചുകാണിച്ചാണ് എഴുത്തു തരമായത്. ക്ലോഡ് എല്ലാദിവസവും ജീൻ-ഡൊമിനിക്കിന്റെ അരികിൽ നോട്ടുപുസ്തകവുമായിരുന്നു ഫ്രഞ്ച് അക്ഷരമാല പറഞ്ഞു തുടങ്ങും. അതുകേട്ട് ജീൻ-ഡൊമിനിക് വിചാരിക്കുന്ന അക്ഷരം വരുമ്പോൾ അയാൾ കൺപോളയടച്ചു കാണിക്കും (ജീൻ-ഡൊമിനിക്കിൻറെ ഇടതു കണ്ണുമാത്രമേ പ്രവർത്തന ക്ഷമമായിരുന്നുള്ളൂ). ഓരോ അക്ഷരം കിട്ടുന്നതിനും അക്ഷരമാല ആദ്യമേ തന്നെ തുടങ്ങേണ്ടിവരും. അങ്ങനെ ഒരുദിവസം കുറച്ചു വരികൾ എഴുതിയാലായി. ഈ രീതിയിൽ വളരെ നാളത്തെ പരിശ്രമത്തിൽ ആ പുസ്തകം എഴുതിത്തീർത്തു. 200,000 കണ്ണുചിമ്മൽ വേണ്ടിവന്നു ആ ചെറിയ പുസ്തകം വെളിച്ചപ്പെടാൻ എന്ന് എവിടെയോ വായിയച്ചതായി ഓർക്കുന്നു. കൂട്ടത്തിൽ ഒന്നുകൂടിപറയട്ടെ, ജീൻ-ഡൊമിനിക്കിന്റെ പുസ്തകവും സിനിമയും എല്ലാം ഓൺലൈൻആയി ലഭ്യമാണ്.
ലോക്‌ഡ്‌ഇൻ സിൻഡ്രോം കാലത്തു അക്ഷരമാലകളായിരുന്നു ജീൻ-ഡൊമിനിക്കിൻറെ കൂട്ടുകാർ. കൺപോളകളുടെ ചലങ്ങളിലൂടെ തെളിയുന്ന അക്ഷരങ്ങളും, വാക്കുകളും ആശയങ്ങളും. കൺചിമ്മലിലൂടെ മാത്രം ലോകത്തോട് സംവദിച്ച കുറെ നാളുകൾ. ആ നാളുകളുടെ വീർപ്പുമുട്ടൽ വീർപ്പുമുട്ടൽ എങ്ങനെയായിരുന്നിരിക്കാം? ‘ദി ഡൈവിംഗ് ബെൽ ആൻഡ് ദി ബട്ടർഫ്‌ളൈ’ വായിച്ചാൽ കുറെയൊക്കെ മനസ്സിലാകും. പുസ്തകത്തിലെ ചില വാക്കുകൾ കടമെടുത്താൽ, …”I am fond of my alphabet letters. At night, when it is a little too dark and the only sign of life is the small red spot in the center of the television screen, vowels and consonants dance for me to a Charles Trenet tune: “Dear Venice, sweet Venice, I’ll always remember you…” Hand in hand, the letters cross the room, whirl around the bed, sweep past the window, wriggle across the wall, swoop to the door, and return to begin again.” (ഓരോവാക്കുകളും പരിഭാഷപ്പെടുത്തുന്നില്ല). രാത്രികാലങ്ങളിൽ തനിക്കുവേണ്ടി ആടുന്ന, പാടുന്ന, ഒഴുകിനടക്കുന്ന, ചാടിക്കളിക്കുന്ന, ചുറ്റിത്തിരിയുന്ന, തിരികെ വന്നിതെല്ലാം വീണ്ടും തുടങ്ങുന്ന, എൻ്റെ അക്ഷരങ്ങൾ.
കൺചിമ്മലുകളിൽ ഒളിച്ചിരിക്കുന്ന വാക്കുകളുടെ മാധുര്യം മറ്റാരെക്കാലും കൂടുതൽ അയാൾക്കറിയാമായിരുന്നു. പുസ്തകം പ്രകാശിതമായി കുറച്ചു ദിവസങ്ങൾക്കകം ജീൻ-ഡൊമിനിക് മരണപ്പെട്ടു.
ദി കൌണ്ട് ഓഫ് മോന്റെ ക്രിസ്റ്റോ എന്ന മഹത്തായ ഫ്രഞ്ച് നോവലിലും ഇതുപോലൊരു കഥാപാത്രമുണ്ട് (M. Noirtier de Villefort). 1844 ൽ എഴുതപ്പെട്ട ഈ പുസ്തകത്തിലാകണം ഒരുപക്ഷെ ലോക്‌ഡ്‌ഇൻ സിൻഡ്രത്തെക്കുറിച്ചുള്ള ആദ്യ പരാമർശം കാണുവാൻ കഴിയുന്നത്. കഥാപാത്രത്തിന്റെ അവസ്ഥയെക്കുറിച്ചു നോവലിൽ ഇങ്ങനെ പ്രസ്താവിക്കുന്നു.
“Sight and hearing were the only senses remaining…. It was only, however, by means of one of these senses that he could reveal the thoughts and feelings that still occupied his mind, and the look by which he gave expression to his inner life was like the distant gleam of a candle which a traveler sees by night across some desert place, and knows that a living being dwells beyond the silence and obscurity.”
ഒറ്റനോട്ടത്തിൻറെ മങ്ങിയ നാളത്തിൻ ദ്യോതിപ്പിക്കുന്ന ബോധത്തിന്റെ നേരിയ ലാഞ്ഛന! ആ നിശ്ശബ്ദതയുടെയും നിഗൂഢതയുടെയും പുറകിൽ ഒളിഞ്ഞിരിക്കുന്നജീവന്റെ സാക്ഷ്യം!
അലക്സാണ്ടർ ഡുമാസ് ഫ്രഞ്ചിൽ എഴുതിയ ആശയം ഇംഗ്ലീഷിൽ മാറ്റിയതുതന്നെ മനോഹരമായിരിക്കുന്നു. വീണ്ടും അതേപടി മലയാളീകരിക്കുന്നില്ല. വായിച്ചാൽ മനസ്സിലാകാത്തതെതെങ്കിലും ഇതിൽ ഉണ്ടെന്നും തോന്നുന്നില്ല. ജീൻ-ഡൊമിനിക്കിൻറെ പുസ്തകത്തിലും ഈ കഥാപാത്രത്തിനെക്കുറിച്ചുള്ള പരാമർശമുണ്ട്.
ജീൻ-ഡൊമിനിക്ക് തന്റെ ഇരുണ്ടലോകത്തിലിരുന്ന് കൺചിമ്മലിലൂടെ, ചെറുതെങ്കിലും, ഒരു പുസ്തകമുണ്ടാക്കി. ബോധക്കൂടുതൽകൊണ്ടു ബോധം കെട്ടുനടക്കുന്ന എന്നെപ്പോലുള്ളവർക്ക് എന്ത് മുടന്തന്‍ ന്യായം പറയാനാകും എഴുതാത്തതിനും, വായിക്കാത്തതിനും! ബോധമുണ്ടായാൽ മാത്രം പോരാ എന്ന് തോന്നുന്നു. അത് എല്ലാപേർക്കും കൂടി ബോധ്യമാകുകയുംകൂടി വേണം.
സുമേഷ് രാമചന്ദ്രൻ
ശരമൊഴിയാതെ
ശിറൂയിലില്ലി പൂക്കൾ
വിശാലമായ നീലാകാശ തോപ്പിൽ മേഞ്ഞു നടക്കുന്ന വെള്ളിമേഘങ്ങളെ നോക്കി കൈകൾ രണ്ടും പറവകളെപ്പോലെ വിടർത്തി വൈകുന്നേരത്തെ ഇളംകാറ്റിനെ ആവോളം നുകർന്ന് , താഴേക്കിറങ്ങി വരുന്ന ഗോവണിപ്പടിയിൽ ബാലൻസ് ചെയ്തു നിന്നുകൊണ്ട് വരുൺ പറഞ്ഞു
” ഹാ … എന്തൊരു സുഖം, പകുതി ക്ഷീണം പോയി. ഇന്ന് മുഴുവൻ പിരീഡും ക്ലാസുണ്ടായിരുന്നു. ഉച്ച ഭക്ഷണം കഴിക്കാത്തതിനാൽ വീർപ്പിച്ചു നിൽക്കുന്ന വയറിന്റെ പിണക്കം ഇനി ഒന്നു മാറ്റണം. “
” ഓ …വയറിന്റെ പിണക്കമൊക്കെ നമുക്ക് തീർക്കാം … നീ വാ ” ഞാനവന് വാക്കുകളാൽ ഊർജ്ജം നൽകി മുന്നോട്ട് നടന്നു
മെഡിക്കൽ എൻട്രൻസ് കോച്ചിങ്ങ് സെന്ററിൽ പുതുതായി ചാർജെടുത്ത ഫിസിക്സ് അദ്ധ്യാപകനാണ് വരുൺ. ശരിക്കും പറഞ്ഞാൽ ആളൊരു ബി. ടെക് ബിരുദദാരിയാണ്. കട്ടപ്പനയാണ് സ്വദേശം . രണ്ട് ദിവസം മുമ്പ് ജോയിൻ ചെയ്ത വരുണിനെ കുറിച്ച് ഇത്രയേ എനിക്കറിയാവൂ.
ഒരു ട്രാഫിക്ക് പോലീസുകാരന്റെ കരവിരുതോടെ കൈകളുയർത്തി, പുക തുപ്പി ഒഴുകുന്ന വാഹനങ്ങളുടെ ഇടയിലൂടെ മെയിൽ റോഡ് മുറിച്ച് കടന്ന് ഞങ്ങൾ ചെറിയ ഇടവഴിയിലേക്ക് കയറി .
ഇടവഴി എന്നത് കൊണ്ട് വിവക്ഷിക്കുന്നത് കരിയിലകൾ നിറഞ്ഞ, തളിർത്ത ഇല്ലിക്കാടുകൾ തണൽക്കുട വിരിച്ച് കാട്ടപ്പയും കൈതയും കൊടിത്തൂവയും തണ്ണീർ കുടിയനും ശീമക്കൊന്നയും അതിര് കാക്കുന്ന പഴയ ഇടവഴിയല്ല. മറിച്ച് നഗരത്തിലെ മറ്റു വഴികളെ അപേക്ഷിച്ച് അൽപ്പം തിരക്ക് കുറഞ്ഞ കൂറ്റൻ കൽമതിലുകൾ അതിരുകാക്കുന്ന മണ്ണിന്റെ ഗന്ധമില്ലാത്ത നന്മയുടെ നറുമണം നഷ്ടമായ ആധുനിക ഇടവഴിയാണ്.
മതിലോരം ചേർന്നൊഴുകുന്ന മഴച്ചാലുകളുടെ അരികു ചേർന്ന് നിറയെ പൂത്തിരിക്കുന്ന ലില്ലി പൂക്കൾ ഒരു നിമിഷം മസസ്സ് കാലം മയച്ച ഓർമ്മകളെ ഓർത്തെടുത്തു. ചിരി തൂകി തലയാട്ടി നിൽക്കുന്ന ലില്ലി പൂക്കളെ ചൂണ്ടി ഞാനവനോട് ചോദിച്ചു
“മണ്ണാഴങ്ങളിൽ ഒളിച്ചിരുന്ന് മഴയിൽ വിരിയുന്ന ലില്ലി പൂക്കളെ കാണുമ്പോൾ ഹൃദയാന്തരങ്ങളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഇഷ്ടങ്ങൾ ചിലപ്പോഴൊക്കെ തല പൊക്കി നോക്കാറുണ്ട് അല്ലേ “
പെട്ടന്നുള്ള സാഹ്യത്യഭാഷയിലേക്കുള്ള എന്റെ പകർന്നാട്ടത്തിൽ ഞെട്ടിയ അവൻ അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചു.
“മാഷിന്റെ മനസ്സറകളിൽ ഒരായിരം ഓർമ്മകൾ ഒളിച്ചു വെച്ചിട്ടുണ്ടല്ലേ? മാഷിന്റെ കണ്ണുകൾ കളവ് പറയില്ല. പഴയ കഥകൾ ഒക്കെ പറയ്യ് ഞാൻ ആരോടും പറയില്ല. പ്രണയാനന്ദം ഒന്നുകൂടെ സ്പന്ദിക്കട്ടെ “
നിറഞ്ഞൊരു ചിരി അവനു മറുപടിയായി നല്കി. ഓർമ്മകളുടെ തിരുശേഷിപ്പുകളിൽ ഒട്ടും സ്പർശിക്കാതെ ഞാനവനോട് പറഞ്ഞു
” പഴങ്കഥകൾ അവിടെ നിൽക്കട്ടെ . നിന്റെ ഈ യുവഹൃത്തിനുള്ളിൽ എന്തൊക്കെയോ മൂടി വെച്ചിട്ടുണ്ട്. അല്ലേ ?”
അവന്റെ കണ്ണുകളിൽ ആനന്ദകല്ലോലിനികളുടെ ഒരു ഒഴുക്കുണ്ടായിരുന്നു. ലില്ലി പൂക്കളെ ഒന്നു കൂടെ നോക്കി അവനെന്റെ നേരെ വീണ്ടും തിരിഞ്ഞു.
“മാഷ് ശിറൂയി ലില്ലി പൂക്കളെ കുറിച്ച് കേട്ടിരുന്നോ?
കളിയാക്കിയാതാണോ എന്ന് തിരിച്ചറിയാതെ അല്പം ഗൗരവത്തിൽ പുരികം വളച്ചുയർന്ന എന്റെ മുഖം കണ്ട് അവൻ പറഞ്ഞു.
” അങ്ങ് മണിപ്പൂരിലെ ശിറൂയി കുന്നുകളിൽ മെയ് മാസം മാത്രം വിരുന്നു വരുന്ന ഒത്തിരി കഥകൾ പേറുന്ന സുന്ദരികളാണവർ. ഞാനിതുവരെ ആ സുന്ദരി പൂക്കളെ കണ്ടിട്ടില്ല. പക്ഷേ എനിക്കാ പ്രണയ സമ്പന്നകളായ സുന്ദരി പൂക്കളെ അടുത്തു തന്നെ കാണാൻ കിട്ടും “
“എന്താ മണിപ്പൂർ ടൂർ വല്ലതും പ്ലാൻ ചെയ്യുന്നുണ്ടോ ?”
“ഇല്ല മാഷെ ഉടനെയൊന്നും ഉണ്ടാവില്ല “
“പിന്നെ നിന്റെ ഹൃദയം കവർന്ന ആരെങ്കിലും കൊണ്ടുവന്നു തരുമോ ? ” ഞാൻ കളിയാക്കി ചോദിച്ചു.
“അയ്യോ” പെട്ടന്നാണ് അവന്റെ മുഖം ചുവന്നത്. അരുതാത്തത് എന്തോ കേട്ടത് പോലെ .
“മാഷെ, ശിറൂയി പൂവും ഞാനുമായുള്ള ബന്ധം ഒറ്റ വാക്കിൽ പറഞ്ഞാൽ തീരില്ല. വിശദമായി തന്നെ പറയാം.”
അപ്പോഴേക്കും ഞങ്ങൾ കുമാരേട്ടന്റെ ചായക്കടയിൽ നടന്ന് എത്തിയിരുന്നു. കാലം കൊണ്ടുവന്ന മാറ്റങ്ങളെ പുൽകാതെ പഴമയെ മുറകെ പിടിച്ചു നിൽക്കുന്ന മൂന്നു ജോഡി ബെഞ്ചും ഡെസ്കും കരി തേച്ചു വാർത്തെടുത്ത അടുപ്പുകളുമുള്ള ‘വിശാലമായ ‘ കുമാരേട്ടന്റെ ചായക്കട എന്നും വേറിട്ടു നിന്നിരുന്നു.
‘വരീൻ… ഒരു ചായ കുടിച്ചിട്ട് പോകാം…”
എന്ന കുമാരേട്ടന്റെ സ്നേഹത്തോടെയുള്ള വിളിയിൽ , വേണ്ടെങ്കിലും നമ്മളോട് ഒരു ചായ അറിയാതെ കുടിച്ചു പോകും. പാതി തുറന്നു വെച്ചരിക്കുന്ന കറി പാത്രങ്ങളിൽ നിന്ന് മൂക്കിലരിച്ചു കയറുന്ന മണം ആസ്വദിച്ചിരുന്ന ഞങ്ങളുടെ അടുത്ത്
സ്വതസിദ്ധമായ ചിരിയോടെ കുമരേട്ടൻ എത്തി. കടയുടെ മദ്ധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന നിയോൺ ലാംബിൽ നിന്ന് വരുന്ന മഞ്ഞ വെളിച്ചത്തിൽ ചിരിച്ചു കൊണ്ട് ഈണത്തിൽ പറഞ്ഞ വിഭവങ്ങൾക്കും ഉണ്ടായിരുന്നു ഒരു മനസ്സടുപ്പവും രുചിയും. പട്ടികയിൽ നിന്ന് ചില വിഭവങ്ങൾ ഓർഡർ ചെയ്തു.
കുമാരേട്ടൻ പോയതിനു ശേഷം ഞാൻ വരുണിന്റെ മുഖത്ത് നോക്കി.
എന്റെ നോട്ടം വായിച്ചറഞ്ഞിതുപോലെ പോലെ അവൻ പറഞ്ഞു തുടങ്ങി.
“മാഷെ പോലെ നല്ല നീളമുണ്ട് എന്റെ അച്ഛനും . ആള് പോലീസുകാരനാ അതിന്റെ ഒരു ഗൗരവവും ചിട്ടയും വീട്ടിലുണ്ട് . എന്നാലും അച്ഛനെ പേടിപ്പിക്കുന്ന രണ്ടാളുകളുണ്ട് വീട്ടിൽ അപ്പുവും ചേട്ടനും “
മുഖമുയർത്തി ഞാനവനെ ഒന്ന് നോക്കി
“അപ്പു എന്റെ ഇളയ അനുജനാണ് UKG യിൽ പഠിക്കുന്നു. “അതു പറയുമ്പോൾ അവന്റെ മുഖത്ത് വിരിഞ്ഞ വാത്സല്യവും സ്നേഹവും ദർശിച്ച എന്റെ കണ്ണുകളിലെ ആശ്ചര്യം ശ്രദ്ധിച്ചവൻ തുടർന്നു.
“അച്ഛന് അധികം പ്രായമൊന്നുമില്ല. കണ്ടാൽ എന്റെ ചേട്ടൻ എന്നേ പറയൂ . 24 ആമത്തെ വയസ്സിൽ അമ്മ മീരക്കുട്ടിയെ പ്രണയിച്ച് കെട്ടിയ വീരനായകനാണേ… എനിക്കൊരു ചേട്ടനുണ്ട് വിശാൽ .പേരു പോലെ വിശാലഹൃദയനൊന്നുമല്ല അവൻ”
“ചേട്ടൻ എന്താ ചെയ്യുന്നത് ? “
“അവന് കാര്യമായ ജോലിയൊന്നുമില്ല . ഇപ്പോ കട്ടപ്പന ആശുപത്രിയിൽ താത്ക്കാലികമായി ഡാറ്റാഎൻട്രി അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നുണ്ട്. അച്ഛനോട് എപ്പോഴും തറുതലയേ പറയൂ എന്തോരു ദേഷ്യമാണ് എല്ലാവരോടും . അപ്പു ജനിച്ചതിനു ശേഷം വന്ന മാറ്റം ആണ് . അവൻ കൂട്ടുകാരുടെ ഇടയിൽ നാണം കെട്ടു പോയ് പോലും . അച്ഛനോടും അമ്മയോടും വാശി തീർക്കുന്നതു പോലെയാണ് അവന്റെ ഇപ്പോഴത്തെ പെരുമാറ്റം. പക്ഷേ അപ്പുവിനെ ആൾക്ക് വല്യ ഇഷ്ടമാണ്. “അതു പറയുമ്പോൾ നൈരാശ്യത്തിന്റെ നിഴൽ തുള്ളികൾ വരുണിന്റെ മുഖത്തുണ്ടായിരുന്നു.
വരുൺ പറഞ്ഞു നിർത്തിയപ്പോഴേക്കും കുമാരേട്ടൻ മേശമേൽ ഓർഡർ ചെയ്ത വിഭവങ്ങൾ നിരത്തിയിരുന്നു.
ആവി പറക്കുന്ന ഒരു കഷ്ണം പുട്ടും കിഴങ്ങ് കറിയും അകത്താക്കിയതിനുശേഷമാണ് വരുൺ മുഖമുയർത്തി എന്നെ നോക്കിയത്. മുഖത്ത് ഫിസിക്സിലെ പത്ത് ഡെറിവേഷനുകൾ കുട്ടികളെ പഠിപ്പിച്ചതിന്റെ ഒരു സംതൃപ്തിയുണ്ടായിരുന്നു .
“ഹാവൂ .. ന്റെ മാഷേ .. ഇപ്പോഴാ ഒന്നാശ്വാസമായത് “
ഞാനവനെ നോക്കി ചിരിച്ചു. പുട്ടിന്റെ പാത്രം അവന്റെ നേരെ നീക്കി വെച്ചു കൊടുത്തു.
“രണ്ട് മാസം മുമ്പ് അപ്പുവിന്റെ ജന്മദിനാഘോഷമായിരുന്നു.
അപ്പു കേക്ക് മുറിക്കാൻ തുടങ്ങുമ്പോഴാണ് ചേട്ടൻ ഉള്ളിൽ കടന്നത് പിന്നാലെ കൂട്ടംതെറ്റി പേടിച്ചൊരു മാൻപേടയെ പോലെ ബാഗുമായി ചേട്ടന്റെ നിഴൽ പറ്റി ഒരു പെൺകുട്ടിയും. പെൺകുട്ടിയുടെ മുഖമാണ് എല്ലാരെയും ഏറെ അമ്പരപ്പിച്ചത്. വട്ട മുഖവും പതിഞ്ഞ മൂക്കും ഇറുകിയ കണ്ണുകളും കുറുകിയ ശരീരവുമുള്ള ഒരു കൊച്ചു സുന്ദരി … ഒരു ചൈനാക്കാരി.
അപ്പു ഓടിപ്പോയി കേക്കിന്റെ ഒരു കഷ്ണം അവർക്ക് കൊടുത്തു.
അവർ ബാഗ് തുറന്ന് അവന് പ്രിയപ്പെട്ട ഒരു റിമോട്ട് കാർ കൊടുത്തു നെറ്റിയിൽ ഒരുമ്മയും നൽകി അവനെ ചേർത്തു നിർത്തി.
“എന്റെ ഭാര്യയാണ് ഇന്ന് വിവാഹം കഴിഞ്ഞു. മണിപ്പൂർകാരിയാണ് ” അതും പറഞ്ഞ് ചേട്ടൻ മുകളിലെത്തെ മുറിയിലേക്ക് നടന്നു.
അച്ഛൻ ദേഷ്യത്തോടെ ചേട്ടന്റെ അരികിലേക്ക് നീങ്ങുന്നത് കണ്ടതും. ഞാൻ കണ്ണടച്ചു. പക്ഷേ അച്ഛൻ മുഷ്ടിചുരുട്ടി ദേഷ്യം തീർത്ത് മുറ്റത്തേക്കിറങ്ങി.
മുഖ പുസ്തകവും വാട്സ് അപ്പും ജീവിതത്തിന്റെ ഭാഗമാക്കി കൈയില്‍ ഐഫോണും ബാഗില്‍ ഐപാഡുമായി ആധുനിക സുഖസൗകര്യങ്ങളുടെ ശീതളച്ചായയില്‍ നീരാടുന്ന പുതു തലമുറയോട് എങ്ങിനെ ഇഷ്ടപ്പെട്ടു എന്ന ചോദ്യത്തിനു പ്രസക്തിയില്ലാലോ മാഷേ. അതുകൊണ്ട് തന്നെ അതിനെ കുറിച്ച് ആരും ചോദിച്ചില്ല..
പിറ്റേ ദിവസം ചേട്ടൻ പുറത്ത് പോയപ്പോൾ അവർ താഴെ വന്നു നേരെത്തെ പരിചയമുള്ള വീട്ടിലെ ഒരംഗത്തെ പോലെ ആയിരുന്നു അവരുടെ പെരുമാറ്റം
“നതാലി എന്നാണ് അവരുടെ പേര്. മണിപ്പൂരിലെ തങ്കനൂൽ എന്ന ഗോത്രവർഗ്ഗത്തിൽപ്പെട്ടതാണ്. ഒത്തിരി ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്ന ഒരു ഗോത്രവർഗ്ഗമാണ്. അവരാരും ഗോത്രത്തിൽ പുറമേ നിന്ന് കല്യാണം കഴിക്കില്ല. അഥവാ കഴിച്ചാൽ അവളും അവളുടെ കുടുംബവും ഗോത്രത്തിൽ നിന്ന് ഭ്രഷ്ട് കല്പിച്ച് പുറത്താക്കപ്പെടും. ഒത്തിരി പീഢനങ്ങൾക്ക് വിധേയമാകേണ്ടിവരും ഇവൾക്ക് താഴെ മൂന്ന് പെൺകുട്ടികളുണ്ട് അവരുടെ വിവാഹവും നടക്കില്ല. ഗോത്രം വിട്ട് പോകേണ്ടി വരും. ഹൈദ്രബാദ് യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴായിരുന്നു ചേട്ടനുമായി പരിചയപ്പെട്ടത്. കോഴ്സ് കഴിഞ്ഞു നാട്ടിൽ പോയാൽ വിവാഹം കഴിച്ചേ മതിയാവൂ അതു കൊണ്ട് കേരളത്തിൽ ജോലി കിട്ടി എന്നാണ് അവൾ അവിടെ അറിയിച്ചത്” .
“വരുണേ കൈ ഉണങ്ങി. നമുക്കാ മരത്തിന്റെ ചുവട്ടിലേക്കു നീങ്ങാം ” ഞാൻ പറഞ്ഞു
കുമാരേട്ടനോട് പറ്റ് ബുക്കിൽ കുറിക്കാൻ പറഞ്ഞ് ഞങ്ങൾ കടയുടെ മുമ്പിലുള്ള ആൽമരച്ചോട്ടിലേക്ക് നടന്നു.
“ങാ വരുണേ ബാക്കി കൂടെ പറയൂ ” വരുണിന്റെ അരികിലേക്ക് നീങ്ങി നിന്നു പറഞ്ഞു.
രണ്ട് ദിവസം കഴിഞ്ഞ് ചെറിയ ഒരു റിസപ്ഷൻ നടന്നു എല്ലാവരും പുതിയ പെണ്ണിനെ നോക്കി കുശുകുശുക്കുന്നുണ്ടായിരുന്നു. പലരും അവരുടേതായ രീതിയിൽ പലതരം കഥകൾ മെനഞ്ഞു. കാരണം പുതുപ്പെണ്ണിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഒരുത്തരം കൊടുക്കാൻ ഞങ്ങൾക്കാർക്കും കഴിഞ്ഞിരുന്നില്ല.
ആലീസ് ഇൻ വണ്ടർലന്റായി ചേട്ടത്തിയമ്മയും ആട്ടത്തിൽ പങ്കാളിയായി. ചേട്ടത്തിയമ്മയുടെ ഭാഗത്ത് നിന്ന് അവരുടെ ഒരു കൂട്ടുകാരി മാത്രമേ റിസപ്ഷനിൽ പങ്കെടുത്തുള്ളൂ. ചേട്ടൻ ഭയങ്കര സന്തോഷത്തിലായിരുന്നു അച്ഛനോടും അമ്മയോടും പക വീട്ടുന്നതിന്റെ ഒരാനന്ദം .
പക്ഷേ മാഷേ കുറച്ച് ദിവസം കൊണ്ട് ഞങ്ങളുടെ വീട് മാറുകയായിരുന്നു. വീട്ടിൽ ഒരു ഒരു തെളിച്ചം വന്നു
അപ്പുവിന്റെ ഇഷ്ടനിഷ്ടങ്ങള്‍ കണ്ടറിഞ്ഞ് പെരുമാറുകയും സ്നേഹവാത്സല്യങ്ങള്‍ ആവോളം നല്‍കുകയും ചെയ്ത ചെയ്ത ഏട്ടത്തി അവന്റെ പ്രിയപ്പെട്ട ചേച്ചിയമ്മയായി. അപ്പുവിന് പരാതി പറയാനും കൂടെ നടക്കാനും കളിക്കാനും ഒരു അമ്മയെ കൂടെ കിട്ടി.
മാഷിനറിയാമോ അച്ഛമ്മക്ക് അംനീഷ്യയുടെ പ്രാരംഭമാണ്. അച്ഛമ്മയ്ക്ക് സമയാസമയങ്ങളിൽ മരുന്നും ഭക്ഷണവും കൊടുക്കുന്ന ചുമതല ഏട്ടത്തി സ്വയം ഏറ്റെടുത്തു. അച്ഛമ്മയുടെ വായിൽ സ്നേഹത്തോടെ ഭക്ഷണം വെച്ചു കൊടുക്കുന്ന ഏട്ടത്തിയെ നിറ കണ്ണുകളോടെ നോക്കി നിൽക്കുന്ന അച്ഛനെ പലപ്പോഴും ഞാൻ കണ്ടിരുന്നു..
പെൺകുട്ടികൾ ഇല്ലാത്ത അച്ഛനും അമ്മയ്ക്കും സ്വന്തം മോളെ കിട്ടിയതു പോലായാ ഇപ്പോ. ആകെ ചെറിയ ഒരു പരിഭവം ഉണ്ടെങ്കിൽ അത് ചേട്ടന് മാത്രമാണ് ചേട്ടന്റെ കാര്യത്തിൽ ശ്രദ്ധിക്കാൻ ഏട്ടത്തിക്ക് സമയമില്ലെന്ന് . അവൻ പലപ്പോഴും കുടിച്ച് വന്ന് ചേച്ചിയെ വഴക്ക് പറയുമായിരുന്നു. പാവം മാറി നിന്നു കുറേ കരയും. ശരിക്കും ഏട്ടത്തിയോട് അവന് ഇഷ്ടമാണ് പക്ഷേ അവളെ വേദനിപ്പിച്ചാൽ അച്ഛനും അമ്മയും സങ്കടപ്പെടും എന്ന് അവനറിയാമായിരുന്നു.
ഏട്ടത്തി എനിക്ക് ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ്. അമ്മയോട് സംസാരിക്കുന്ന അതേ സ്വാതന്ത്ര്യം തന്നെയാണ് ഏട്ടത്തിയോടും .
കൂടെ പഠിച്ച മെറീനയോടുള്ള എന്റെ ഏകദിശാ പ്രണയത്തെ കുറിച്ച് ആദ്യം പറഞ്ഞതും ഏട്ടത്തിയോടാ. ഏതോ ഒരു നിമിഷത്തിൽ തോന്നിയ ഇഷ്ടം, തുറന്നു പറഞ്ഞപ്പോൾ ഒരു നീണ്ട ‘നോ…’ ആയിരുന്നു മെറീനയുടെ മറുപടി പിന്നീടും രണ്ടു മൂന്നു തവണ ഇഷ്ടം പറഞ്ഞു ചെന്നെങ്കിലും അവളുടെ നിലപാടിൽ മാറ്റമില്ലായിരുന്നു “.
“നിനക്ക് അവളോട് അത്രയും ഇഷ്ടമാണെങ്കിൽ ഒരിക്കൽ അവൾ അത് തിരിച്ചറിയും.
നീ അവൾക്ക് ശിറൂയി പൂക്കൾ സമ്മാനിക്കണം. നിന്റെ പ്രണയം സത്യമാണെങ്കിൽ അത് സാക്ഷാത്കരിക്കപ്പെടും. എന്നു പറഞ്ഞു ഏട്ടത്തിയെനിക്ക് ഉറപ്പ് തന്നിട്ടുണ്ട്.
ഏട്ടത്തിയുടെ നാട്ടിൽ മെയ് മാസത്തിൽ വിടരുന്ന ശിറൂയി ലില്ലി പൂക്കൾ
ശുദ്ധ പ്രണയത്തിന്റെ ത്യാഗ പ്രതീകമായി അവർ വിശ്വസിക്കുന്നു.
ജീവിച്ചു കൊതിതീരാതെ അത്മഹത്യ ചെയ്യേണ്ടി വന്ന യുവമിഥുനങ്ങളുടെ ആത്മാവാണ് ശി റൂയി ലില്ലി പൂക്കൾ . പ്രണയിക്കുന്നവരെ ഒരുമിപ്പിക്കാനാണ് ഇവർ ലില്ലി പൂക്കളായി പുനർജനിച്ചത് എന്നാണ് വിശ്വാസം.
“മെറീനയോടുള്ള എന്റെ പ്രണയ സാഫല്യത്തിനായ് ഏട്ടത്തി ശിറൂയ് ലില്ലി പൂക്കൾ എനിക്ക് എത്തിച്ചു തരാം എന്ന് വാക്ക് തന്നിട്ടുണ്ട്. ”
വരുൺ പൊട്ടിച്ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു “മാഷ് ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്നുണ്ടോ? “
ഞാനവനെ നോക്കി പുഞ്ചരിച്ചു. ഒരു നിമിഷം കൊണ്ട് മനസ്സ് ഒത്തിരി കാതം പിന്നോട്ട് പോയി.
പണ്ട് വയാനാട്ടിൽ ചമ്പ്ര മലയിൽ പ്രണയ സാഫല്യത്തിനായി നീലക്കുറിഞ്ഞി പൂക്കൾ കാണാൻ പോയ കാര്യവും എവിടെയോ ഇന്ന് സന്തോഷമായി ജീവിക്കുന്ന പ്രേയസിയും മനസ്സിനെ ഒന്നു സ്പർശിച്ചു മറഞ്ഞു. “കാണുന്നതിലും കേൾക്കുന്നതിലും പ്രത്യാശയുടെ പൂക്കാലം ദർശിക്കാൻ വെമ്പുന്ന ഒരു മനസ്സുണ്ടാവും ഏല്ലാ പ്രണയിതാക്കൾക്കും വരുണേ “
ഏട്ടത്തി ഇപ്പോ വീട്ടിലില്ല അതാ എന്റെ വിഷമം
“എന്താ നാട്ടിൽ പോയോ” ഞാൻ ചോദിച്ചു.
“ഇല്ല ഏട്ടത്തി പഠിച്ചത് ഹൈദ്രബാദ് യൂണിവേഴ്സിറ്റിയിൽ ആണ് . അവിടെ എന്തൊക്കെയോ പേപ്പറുകൾ ശരിയാക്കാനും സ്കോളർഷിപ്പ് സെറ്റിൽ ചെയ്യാനും പോയതാണ്. “
“ഒറ്റയ്ക്കാണോ പോയത് “
“ഓ ഏട്ടത്തിയുടെ കുറേ കൂട്ടുകാർ അവിടെ ഉണ്ട് “
“മാഷിന് എന്റെ ഏട്ടത്തിയുടെ ഫോട്ടോ കാണണ്ടേ ?”
മനസ്സിലാഗ്രഹിച്ചത് അവൻ ചോദിച്ചപ്പോൾ സന്തോഷമായി.
“ഓ തീർച്ചയായും “
അവൻ പാന്റ്സിന്റെ കീശയിൽ നിന്ന്
മൊബൈലെടുത്തു തുറന്നു .
“അയ്യോ അച്ഛന്റെ കുറേ മിസ്ഡ് കോളുകൾ. ക്ലാസിൽ കയറുമ്പോൾ സൈലന്റ് മോഡിൽ വെച്ചതായിരുന്നു.”
അവൻ ഉടനെ അച്ഛനെ തിരിച്ചു വിളിച്ചു.
വരുണിന്റെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളിൽ എന്തോ അരുതാത്തത് സംഭവിച്ചിട്ടുണ്ടെന്ന് തോന്നി.
ഞാനവന്റെ തോളിൽ പിടിച്ചു.
“മാഷേ ഏട്ടത്തിക്ക് കുറച്ച് മുമ്പ് ഒരു ആക്സിഡന്റ്. നടന്നു പോകുമ്പോൾ ഒരു സ്കൂട്ടർ പിന്നിലിടിച്ചതാ . “
“ഓ ചെറിയ എന്തെങ്കിലും പരുക്കായിരിക്കാം വരുണേ . നീ ഇങ്ങിനെ പേടിക്കാതെ “
“അല്ല മാഷേ കുറച്ച് സീരിയസ് ആണ്. ഏട്ടത്തിക്കിതുവരെ ഓർമ്മ വന്നിട്ടില്ല.
ഐ .സി .യു വിലാണുള്ളത്”
ഞാൻ വരുണിന്റെ തോളിൽ ഒന്നൂടെ അമർത്തി പിടിച്ചു.
“ഞങ്ങൾ ഹൈദ്രബാദിലേക്ക് പോവുകയാണ്. അച്ഛനും ചേട്ടനും നെടുമ്പാശ്ശേരി എയർ പോർട്ടിൽ എത്തും. നാളെ രാവിലെയാണ് ഫ്ളൈറ്റ് . റൂമിൽ പോയി ബാഗ് എടുക്കണം”
അവൻ ഓട്ടോസ്റ്റാന്റിലേക്ക് ഓടി .
“ഞാനും വരാം. നിന്റെ കൈയ്യിൽ കാശു ഉണ്ടോ” എന്നൊക്കെ ചോദിച്ചു ഞാൻ പിന്നാലെ ഓടിയെങ്കിലും അവൻ ഓട്ടോയിൽ കയറി പിന്നെ വിളിക്കാം എന്ന് ആംഗ്യം കാണിച്ചു.
വർഷാരംഭത്തിന്റെ സൂചന നല്കി കൊണ്ട് ചിണുങ്ങി പെയ്ത മഴ നല്ലോണം കനത്തിരുന്നു. വലിയ മഴത്തുള്ളികളെ മണ്ണ് ആർത്തിയോടെ പുണരുന്നുണ്ടായിരുന്നു… അന്നു രാത്രി കണ്ണുകൾ ഇറുക്കിയടച്ച് ഞാൻ ഉറങ്ങാൻ ശ്രമിച്ചെങ്കിലും വരുണിന്റെ ഏട്ടത്തിയമ്മയും അവൻ പറഞ്ഞ കാര്യങ്ങളും ആയിരുന്നു മനസ്സു മുഴുവനും .
പിന്നീടുള്ള ഒരാഴ്ച വരുണിനെ ഫോണിൽ ബന്ധപ്പെടാൻ എത്ര ശ്രമിച്ചിട്ടും പറ്റിയില്ല. ഒരാഴ്ചക്കു ശേഷം രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോഴായിരുന്നു വരുണിന്റെ ഫോൺ
“വരുണേ നീ എവിടെയാ .
ഏട്ടത്തിക്ക് എങ്ങിനെയുണ്ട് ”
“മാഷേ ഞാനിവിടെ റൂമിലുണ്ട്. ഒന്നിങ്ങോട്ട് വരുമോ “
ഞാൻ അവന്റെ റൂമിലെത്തുമ്പോൾ വരുൺ കിടക്കയിൽ കിടന്ന് കറങ്ങുന്ന ഫാനിൽ നോട്ടമർപ്പിച്ച് കിടക്കുകയായിരുന്നു.
എന്നെകണ്ടതും നിയന്ത്രിക്കാനാവാതെ അവൻ പൊടിക്കരഞ്ഞു പോയി
ഒന്നും പറയാനാകാതെ അരികിലിരുന്നു ഞാൻ അവന്റെ കൈ മുറുകെ പിടിച്ചു.
“ഏട്ടത്തി ഞങ്ങളെ വിട്ടു പോയി “
മനസ്സൊന്നു തേങ്ങി
“ഞങ്ങളവിടെ എത്തുമ്പോഴേക്കും ഏട്ടത്തി വിട പറഞ്ഞിരുന്നു”
ഏട്ടത്തിയുടെ അമ്മാവനും അച്ഛനും നാട്ടിൽ നിന്ന് അവിടെ വന്നിരുന്നു
അവർക്ക് ഞങ്ങളെ ഏട്ടത്തി പെയിങ് ഗെസ്റ്റ് ആയി താമസിച്ച വീട്ടിലെ ആളുകളാണെന്നാണ് പരിചപ്പെടുത്തിയത്.
ഏട്ടത്തിയുടെ കല്യാണം കഴിഞ്ഞത് അവരിതുവരെ അറിഞ്ഞിരുന്നില്ലല്ലോ
ഒന്നു തൊടാനാവാതെ, ഒന്നാ നെഞ്ചിൽ വീണ് പൊട്ടിക്കരയാനാവാതെ, കരളിന്റെ പാതി മുറിഞ്ഞകലുന്ന വേദന കടിച്ചമർത്തി ആശുപത്രിയുടെ നീളൻ വരാന്തയിൽ നിഴലിനെ നോക്കി അന്യനെ പോലെ ചേട്ടൻ മാറി നിന്നു .
വിരൽ തുമ്പിലൂടെ എന്നിലേക്ക് അരിച്ചു കയറിയ തണുപ്പിൽ മരവിച്ചു പോയിരുന്നു ഞാൻ.
ഏട്ടത്തി ഞങ്ങളെ വിട്ടു പോയെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഇതുവരെ ആർക്കുമായിട്ടില്ല.
അച്ഛമ്മ എപ്പോഴും ചേച്ചിയെ പോയി കൊണ്ടുവരാൻ ചേട്ടനെയും അച്ഛനെയും ശകാരിക്കുന്നു.
അപ്പു ഇടയ്ക്കിടെ ഏട്ടത്തിയുടെ മുറിയിൽ പോയി എവിടെയാ ഒളിച്ചിരിക്കുന്നത്? അപ്പുവിനെ പറ്റി ക്കേണ്ട എന്നു പറയും. ചേച്ചിയമ്മയെ കാണിച്ചു കൊടുക്കണം എന്ന് വാശി പിടിച്ചു കരയും. ഏട്ടത്തി അവനു നൽകിയ കാറും കെട്ടിപിടിച്ചാണ് അവൻ ഉറങ്ങാറ്.
ചേട്ടൻ ഒന്നും പറയാതെ മുറിയിൽ അടച്ചിരിക്കുന്നു. അവന്റെന്റെ പഴയ വാശിയും ദേഷ്യവും എവിടെയോ പോയി മറഞ്ഞു. പാവം ഏട്ടത്തിയുടെ ഓർമ്മകളുമായി മുറിയിൽ തന്നെ ഒതുങ്ങിക്കൂടി.
അവൻ എങ്ങിനെ സഹിക്കും മാഷേ
“എല്ലാം മറന്ന് ഒന്ന് പൊട്ടികരായാനാണ് മാഷേ ഞാൻ വേഗം ഇങ്ങോട്ട് പോന്നത്. ” മുഖം താഴ്ത്തിയിരിക്കുന്ന അവനെ, ഒന്നു ആശ്വസിപ്പിക്കാനാവാതെ ഞാൻ നോക്കി നിന്നു .
കുറച്ച് സമയം കഴിഞ്ഞ് അവനെഴുന്നേറ്റ് ബാഗ് തുറന്ന് ഒരു പാർസൻ പൊതി എടുത്തു മുമ്പിൽ വെച്ചു
“ഇന്നലെ ഞാൻ ഇങ്ങോട്ട് വരുമ്പോൾ ബസ്സ് സ്റ്റാന്റിൽ ഏട്ടത്തിയുടെ ഒരു ഫ്രണ്ട് കൊണ്ടുവന്നു തന്നതാണ് “
അവൻ പൊതി തുറന്ന് നീലയും പിങ്കും ദളങ്ങളുള്ള. പൂക്കൾ പുറത്തെടുത്തു വെച്ചു
“മാഷേ ഇതാണ് ശിറൂയി ലില്ലി പൂക്കൾ ” പ്രണയത്തെ പ്രാണനായ് പ്രണയിക്കുന്ന പ്രണയിതാക്കളുടെ പരിവേഷമണിഞ്ഞ ശിറൂയി ലില്ലി പൂക്കൾ യൌവ്വനത്തിന്റെ പ്രസരിപ്പും തുടിപ്പുമെല്ലാം ചേര്‍ന്ന ഒരു ശാലീന പെണ്‍കുട്ടിയെ പോലെ തോന്നി എനിക്ക്.
ജീവതത്തിൽ സ്നേഹവും നന്മയും മാത്രം വിതറിയ വരുണിന്റെ ഏട്ടത്തി ശിറൂയ് ലില്ലി പൂക്കളായ് പുനർജനിക്കും എന്നാശ്വസിച്ചു കൊണ്ട് ശൂന്യമായ മനസ്സോടെ വരുണിനോട് വിട പറഞ്ഞു ഞാൻ പുറത്തേക്ക് നടന്നു.
“മാഷേ ഒന്നു നിൽക്കണേ”
വരുണിന്റെ പിന്നിൽ നിന്നുള്ള വിളി കേട്ട് ഞാൻ നിന്നു .
“ഞാനിന്നു തന്നെ തിരിച്ചു പോകും. ഇയൊരവസരത്തിൽ വീട് വിട്ടു നിൽക്കാൻ എനിക്കാവില്ല. “
ഒന്നും പറയാതെ ഞാൻ തലയാട്ടി “നീ ഇടയ്ക്കൊക്കെ വിളിക്കണേ.”
“പിന്നെ മഷേ ഇന്നലെ എന്നെ മെറീന വിളിച്ചിരുന്നു. ഏട്ടത്തി പറഞ്ഞ പോലെ ശിറൂയി പൂക്കൾ ഞങ്ങളെ ഒന്നിച്ചതായിരിക്കുമോ?”
അതു പറയുമ്പോൾ അവന്റെ മുഖത്തിരച്ചു കയറിയ വികാരത്തിന്റെ നിറം മനസ്സിലാക്കാനാവാതെ ഞാനവന്റെ കൈകളിലെ ശിറൂയി ലില്ലി പൂക്കളിൽ നോക്കി. അനശ്വര പ്രണയത്തിന്റെ പ്രതികമായ ശിറൂയി പൂക്കളിൽ ഞാനിതുവരെ കാണാത്ത വരുണിന്റെ ഏട്ടത്തിയുടെ മന്ദസ്മിതം നിറഞ്ഞു കണ്ടു.
പ്രാണനകന്ന് പ്രണയിക്കുന്നവരെ ഒന്നിപ്പിക്കുന്നതിനായി തളിർക്കുകയും, വിരഹത്തിലും പവിത്രമായ സ്നേഹത്തിന്റെ വിത്തുകൾ ഒളിപ്പിച്ചു വെക്കുന്ന ശിറൂയി ലില്ലി പൂക്കൾ മനസ്സിൽ നിറയെ പൂത്തിരുന്നു.
സജിത്ത് കുമാർ എൻ
ഒരു പ്രണയമഴ
ഗാന്ധിക്കൊപ്പം
മാംസനിബദ്ധമല്ല സ്നേഹം..
അകലെ എങ്ങോ ട്രെയിൻ കടന്നു പോകുന്ന ശബ്ദം.. അതിന്റെ പിന്നാലെ തലയ്ക്കൽ അലാറം അടിക്കുന്ന ശബ്ദം… രണ്ടും കൂടെ ഒരുമിച്ചായപ്പോൾ ചെവി പൊത്തിക്കൊണ്ടു മായ എഴുന്നേറ്റിരുന്നു.. പുറത്തു ശക്തമായ മഴയും കാറ്റും.. അവൾ എഴുനേറ്റു ജനാലയ്ക്കരികിൽ നിന്ന് പുറത്തേക്കു നോക്കി..
മഴയായതു കാരണം ആവണം പുറത്തൊന്നും ആരും ഇല്ലാത്തത്..
അൽപ സമയം നോക്കി നിന്നിട്ടവൾ അടുക്കളയിലേക്ക് നടന്നു…. അടുപ്പത്തു കാപ്പിക്കുള്ള വെള്ളം വെച്ചിട്ടവൾ മൊബൈൽ എടുത്തു സ്‌ക്രീൻ ലോക്ക് തുറന്നു നോക്കി.. ആദ്യം മെസ്സെഞ്ചർ പിന്നെ ഇൻസ്റ്റാഗ്രാം .. അവന്റെ ഒരു അനക്കവും ഇല്ലല്ലോ ഇന്നും . മായ പതിവ് പോലെ അവന്റെ പ്രൊഫൈൽ പേജിൽ പോയി നോക്കി..
അതെന്താ.. ഒന്നും കാണാത്തതു.. അവൾ പിന്നെയും പിന്നെയും പേജ് റിഫ്രഷ് ആക്കി നോക്കി.. അവന്റെ പ്രൊഫൈൽ ശൂന്യം.. അവൾക്കുടൻ ഒരു ബുദ്ധി തോന്നി.. തനിക്കു മാത്രം അറിയാവുന്ന ഇതര നാമത്തിലെ പ്രൊഫൈൽ ലോഗ് ഇൻ ചെയ്തവൾ പിന്നെയും അവന്റെ പേജ് നോക്കി..
” ഹാ.. അപ്പോൾ അതാണ് കാര്യം.. തന്നെ അവൻ ബ്ലോക്ക് ചെയ്തിരിക്കുന്നു …”
പക്ഷെ എന്തിനു.. അവൾക്ക് ആലോചിച്ചിട്ട് ഒന്നും മനസ്സിലായില്ല.. നെഞ്ചിൽ എന്തോ ഒരു കനം പോലെ തോന്നിയപ്പോൾ മായ കപ്പിലൂറ്റിയ കാപ്പിയുമായി ജനാലയ്ക്കരികിലെ ബീൻ ബാഗിൽ ഇരുന്നു . അവൾക്ക് ആദ്യം അവനോടു ദേഷ്യം ആണ് തോന്നിയത്… തന്റെ ഭാഗത്തു നിന്ന് യാതൊരു വിധ തെറ്റിദ്ധാരണകളും ഉണ്ടാവാൻ വഴിയില്ലല്ലോ.. പിന്നെ എന്താവും അവനിത്ര അകലാൻ .. കുറെ നാളായി അവൻ പതിവിനു വിപരീതമായി നിശ്ശബ്ദനായിരുന്നു . ..ജോലി തിരക്കവുമെന്നു കരുതിയല്ലേ താൻ അന്വേഷിക്കാത്തതു..ഇനി അതിനു പിണങ്ങിയതാവുമോ.. ഏയ്.. ശ്രീ അത്ര സില്ലി അല്ല… അവൾ തന്നോട് തന്നെ പറഞ്ഞു സമാധാനിച്ചു .
മൂന്നു വർഷം മുൻപാണ് മായയുടെ സഹപാഠി ആയിരുന്ന രവി കുവൈറ്റിൽ നിന്ന് വന്നത്.. വരും മുൻപേ അവൻ മായയ്ക്ക് മെസ്സേജ് അയച്ചിരുന്നതാണ്..
“മായാ ..എനിക്കു തന്നെ ഒന്ന് കാണണം..
കാണണം.. എന്താ പറ്റുമോ”
ഇത്രയും വർഷങ്ങൾ ആയില്ലേ.. കണ്ടേക്കാം എന്ന് മായയ്ക്കും തോന്നി.. എന്നാൽ അടുത്ത ദിവസം അവളുടെ മെസ്സേജ് ബോക്സിൽ ഒരു മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു .. അവളുടെ തന്നെ സഹപാഠി ആയിരുന്ന ശ്രീയുടേതായിരുന്നു ആ മെസ്സേജ്..
” ഹൈ മായാ . എന്നെ ഓർക്കുന്നുണ്ടാവുമല്ലോ അല്ലെ … രവി വരുമ്പോൾ മായയെ കാണും എന്ന് പറയുന്നു.. എന്നാൽ നമുക്കൊരുമിച്ചു കണ്ടാലോ..ഓക്കേ ആണെങ്കിൽ റിപ്ലൈ അയക്കണേ.. .. ശ്രീ..”
അവൾ ഓർക്കാൻ ശ്രമിച്ചു.. കോളജിൽ ഒരുമാതിരി മിക്ക പെൺകുട്ടികളുടെയും ഗുഡ് ബുക്ക്സിൽ ഉണ്ടായിരുന്ന ശ്രീയെ ഓർത്തെടുക്കാൻ അവൾക്ക് പ്രയാസപ്പെടേണ്ടി വന്നില്ല.. അവൾ ഒരു നിമിഷം ആലോചിച്ചു.. ഈ വലിയ നഗരത്തിൽ വന്നിട്ട് കഴിഞ്ഞ മാസം ഇരുപതു വർഷം കഴിഞ്ഞിരിക്കുന്നു.. ശ്രീ ഈ നഗരത്തിൽ തന്നെ ഉള്ള കാര്യം പലരും പറഞ്ഞവൾക്ക് അറിവുള്ളതുമാണ്.. എന്നാലും എന്തോ.. ഒരിക്കലും കാണാനോ സംസാരിക്കാനോ അവൾ ശ്രമിച്ചില്ല . ഒരിക്കൽ പോലും സംസാരിച്ചിട്ടില്ലാത്ത ഒരു സഹപാഠിയെ കുറിച്ചവൾക്ക് ഓർക്കാൻ സമയം കിട്ടിയില്ല എന്നതായിരുന്നു കാരണം ..
എന്തായാലും രവിയെ കാണണം.. എന്നാൽ പിന്നെ ഒരുമിച്ചാവാം.. എന്ന് കരുതി അവൾ ടൈപ്പ് ചെയ്തു തുടങ്ങി..
” ഹൈ ശ്രീ.. ഞാൻ വരാം .. ലൊക്കേഷൻ അയച്ചു തന്നാൽ മതി .”
അങ്ങനെ രവി വന്ന ദിവസമാണ് ശ്രീയെ അവൾ കോളേജ് വിട്ട ശേഷം ആദ്യമായി കാണുന്നത്.. ഭക്ഷണം കഴിക്കുന്നതിനിടെ അവളെ നോക്കി ശ്രീ പറഞ്ഞത് അവൾക്കിന്നും ഓർമ്മയുണ്ട്..
” രവി കുവൈറ്റിന്ന് വരേണ്ടി വന്നു മായയ്ക്ക് പുറത്തിറങ്ങാൻ..”
അവനെ നോക്കി ഒന്ന് മന്ദഹസിച്ചതല്ലാതെ അവൾ അതിനുത്തരം നൽകിയില്ല..
ഇനിയും ഇടയ്ക്കിടെ കാണാം എന്ന് പറഞ്ഞാണ് അന്ന് അവർ പിരിഞ്ഞത്..
അത് കഴിഞ്ഞു മായ തന്റെ ലോകത്തു തിരക്കിൽ ഏർപ്പെട്ടതു കാരണം അവനെ പറ്റി ഓർക്കാനുള്ള സമയം കിട്ടിയില്ലയെന്നു പറയാം…
2020 മാർച്ച് .. ആദ്യമായി ലോക്കഡൗൺ പ്രഖ്യാപിച്ച സമയം.. മഹാമാരിയെ ഭയന്ന് തന്റെ ഫ്ലാറ്റിനുള്ളിൽ ഒറ്റയ്ക്ക് കഴിയുമ്പോൾ ഒരു ഉച്ച സമയം അവളുടെ മെസ്സഞ്ചേരിൽ ഒരു സന്ദേശം .
” ഹായ് മായാ.. നീ സുഖമായി ഇരിക്കുന്നോ … പുറത്തൊന്നും ഇറങ്ങുന്നില്ലല്ലോ അല്ലെ .”
ശ്രീയുടെ ആ മെസ്സേജ് ഒരു പഴയ സഹപാഠിയുടെ ക്ഷേമം അന്വേഷണത്തിനപ്പുറം അന്നവൾ കണക്കാക്കിയില്ല …
” ഹായ് ശ്രീ .ഐ ആം ഗുഡ്. താങ്ക്സ്”.
ഇത്രയുമേ അവളന്ന് മറുപടി എഴുതിയുള്ളു..
അന്ന് തുടങ്ങിയ ക്ഷേമം അന്വേഷിക്കൽ പിന്നെ പതിവായി.. തന്റെ തിരക്കേറിയ കോർപ്പറേറ്റ് ജോലിയ്ക്കിടെ അവൻ അൽപ നിമിഷം മായയ്ക്കായി മാറ്റി വെച്ചു എന്ന് വേണം പറയാൻ.ആദ്യമൊക്കെ മായയ്ക്ക് അതൊരു അതിശയമായിരുന്നു.ശ്രീ ഇത്ര ഫ്രണ്ട്‌ലി ആണെന്ന് അവൾക്കറിയില്ലായിരുന്നു. എന്ത് വേഗമാണ് അവളുടെ ചുരുങ്ങിയ ഫ്രണ്ട്‌സ് സർക്കിളിൽ അവൻ ഇടം പിടിച്ചത്. .. പുറത്തു മഹാമാരി താണ്ഡവം ആടുന്ന സമയത്തു വീട്ടിൽ ഒറ്റയ്ക്കായിരുന്ന മായയ്ക്ക് വളരെയേറെ സാന്ത്വനം നൽകിയിരുന്നു ശ്രീയുമായുള്ള അല്പനേരത്തെ ചാറ്റിങ്.. എന്നും തന്റെ പരിധിക്കുള്ളിൽ നിന്നേ അവൻ പെരുമാറിയിരുന്നുള്ളൂ…. അവൾക്കു അവനോടുള്ള ബഹുമാനം കൂടാൻ അത് മാത്രം മതിയായിരുന്നു . ഒരു സന്ധ്യ സമയത്തെ ശ്രീയുടെ മെസ്സേജ് അവൾ ഇപ്പോഴും പുഞ്ചിരിയോടെ ഓർക്കും..
” മായാ. നമ്മൾ കോളേജിൽ വെച്ചേ പരിചയപ്പെട്ടിരുന്നെങ്കിൽ എന്ത് നല്ല സുഹൃത്തുക്കളായേനെ. അല്ലേ … എത്ര സ്മൂത്ത് ആണ് നമ്മുടെ ഈ കൂട്ട്..”
അത് ശരിയാണെന്നു മായയ്ക്കും തോന്നിയിട്ടിട്ടുണ്ട്.. ഇത്ര സെൻസിറ്റീവ് ആയ ഒരു പുരുഷനെ അവൾ അന്ന് വരെ പരിചയപ്പെട്ടിട്ടുണ്ടായിരുന്നില്ല..
എന്ത് വിഷയം ആണെങ്കിലും ശ്രീയുടെ അഭിപ്രായം അവൾ അറിയാൻ ശ്രമിക്കുമായിരുന്നു…. വെറും ഒന്നര വർഷം കൊണ്ട് ശ്രീയുമായി ഇത്രയും അടുത്തപ്പോൾ അവൾക്കത് തന്റെ പ്രിയസുഹൃത്തായ മധുവിനോട് പറയണം എന്ന് തോന്നി.. പക്ഷെ അതബദ്ധമായി എന്നവൾക്കുടനെ മനസ്സിലാകുകയും ചെയ്തു . മധുവും ശ്രീയും തമ്മിൽ തെറ്റിയിട്ട് കുറെ സമയമായി പോലും.. മധുവിനെ പറഞ്ഞു മനസ്സിലാക്കാൻ മായ ശ്രമിച്ചെങ്കിലും അവൻ മായയ്ക്ക് ശ്രീയുമായി കൂട്ട് വേണ്ട എന്ന ഉറച്ച തീരുമാനത്തിൽ നിന്ന് പിന്തിരിഞ്ഞില്ല.. അതിന്റെ ഫലമായി മായയ്ക്ക് മധുവിന്റെ സൗഹൃദം നഷ്ടമായി. പക്ഷെ ശ്രീയുമായുള്ള സൗഹൃദം അവൾക്കെന്തു കൊണ്ടോ വേണ്ടായെന്ന് വെയ്ക്കാൻ തോന്നിയില്ല… അതിന്റെ കാരണവും അവൾക്കു മനസ്സിലായില്ല . ഇത്ര പ്ളേറ്റോണിക് ആയ ഒരു സൗഹൃദം അവൾക്കെന്തെന്നില്ലാത്ത ഒരു ഉന്മേഷം നല്കി തുടങ്ങിയിരുന്നു. അത് വേണ്ടായെന്ന് വെയ്ക്കാൻ അവൾക്ക് കഴിഞ്ഞില്ല.. എത്ര തിരക്കാണെങ്കിലും അവളോട് രണ്ടു മിനിറ്റ് എങ്കിലും ചാറ്റ് ചെയ്യാതെ ശ്രീയ്ക്കും പറ്റില്ലെന്നായി. ഒരു സ്ത്രീയും പുരുഷനും തമ്മിൽ രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ മാന്യമായ രീതിയിൽ ഇടപഴകാൻ സാധിക്കുമെന്ന് മായയ്ക്ക് മനസ്സിലായ ദിനങ്ങൾ …
പുസ്തകങ്ങളും.. കവിതകളും.. അവരവരുടെ പ്രൊഫഷണൽ ജീവിതവും ഉൾപ്പെട്ട പക്വതയേറിയ ഒരു സുഹൃത്ബന്ധമായി മാറി അവരുടേത്.. മനസ്സിൽ തോന്നിയത് എന്തും മറയ്ക്കാതെ അതെ പടി തുറന്നു പറഞ്ഞാൽ തന്നെ വിലയിരുത്താൻ ശ്രമിക്കാത്ത ഒരു കൂട്ടുകാരൻ.. അതായിരുന്നു അവൾക്ക് ശ്രീ.. അവനും അങ്ങനെ തന്നെയായിരുന്നു എന്നവൻ പലപ്പോഴായി മായയോട് പറഞ്ഞിട്ടുമുണ്ട് … ശ്രീയുടെ പഴയകാലത്തെ ഇഷ്ടങ്ങളും അതിൽ നിന്ന് മാറാനുള്ള കാരണങ്ങളും പറഞ്ഞവർ എത്ര പ്രാവശ്യം ചിരിച്ചിട്ടുണ്ട്.. ചാറ്റിലും മെസ്സേജുകളിലും കൂടെയായിരുന്നു എങ്കിലും പരസ്പരം നന്നായി മനസ്സിലാക്കി അവരവരുടെ സ്പേസ് സൂക്ഷിച്ചു കൊണ്ടുള്ള ഒരു സുഹൃത്ബന്ധം.. മായയ്ക്ക് അതൊരു അപൂർവ ബന്ധമായിരുന്നു..
ഒരേ നഗരത്തിൽ ആയിരുന്നെങ്കിലും അവർ തമ്മിൽ ഏകദേശം അമ്പതു കിലോമീറ്ററിന്റെ ദൂരമുണ്ടായിരുന്നു.. ശ്രീയ്ക്ക് തന്നേ കാണണം എന്ന ആഗ്രഹം അറിയിച്ചപ്പോൾ മായ ആലോചിച്ചതും അതുതന്നെ ആയിരുന്നു . രണ്ടു പേർക്കും എത്താൻ സൗകര്യമുള്ള ഒരു കോഫി ഷോപ്പിൽ വച്ച് കണ്ടുമുട്ടാൻ അങ്ങനെ അവർ പ്ലാനിട്ടു..
അതൊരു വ്യാഴാഴ്ച ആയിരുന്നു .. രാവിലെ മെസ്സേജ് കണ്ട മായ ആദ്യം അല്പം വിഷമിച്ചു… ശ്രീയ്ക്ക് വരാൻ പറ്റില്ലത്രേ.. അവന്റെ ഭാര്യക്ക് ഗൈനെക്കോളജിസ്റ്റിനെ കാണണം .. ഉടൻ മായ മറുപടിയയച്ചു .
” നോ വറീസ് ശ്രീ …. നമുക്ക് ഇനിയെന്നെങ്കിലും കാണാം.. യു ടേക്ക് കെയർ ഓക്കെ ”
എഴുതി കഴിഞ്ഞപ്പോൾ അവൾക്കു പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരാശ്വാസം തോന്നി..
ഉച്ച കഴിഞ്ഞപ്പോൾ പിന്നെയും ശ്രീയുടെ മെസ്സേജ്
” ഹായ് മായാ.. ഞാൻ നാളെ നിന്നെ കാണാൻ വരട്ടെ… നിന്റെ വീടിനടുത്തുള്ള ലൊക്കേഷൻ പറ . നമുക്കവിടെ വച്ച് കാണാം.. ഒരു കോഫി..”
പിറ്റേ ദിവസം കഫേ കോഫി ഡേയിൽ സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് ശ്രീ പറഞ്ഞു..
” യു നോ മായ.. നിനക്കിപ്പോഴും ഒരു ടോയ് ബോയ് നെ കിട്ടും… യു ലുക്ക് സൊ യങ്”.
അന്ന് കണ്ടു പിരിഞ്ഞതിന് ശേഷം അവരുടെ സൗഹൃദം ഒന്ന് കൂടെ ശക്‌തിപ്പെട്ടതേ ഉള്ളൂ.. പിന്നീട് കണ്ടു മുട്ടിയില്ലയെങ്കിലും എല്ലാ ദിവസവും അൽപ സമയം അവർ ഒരുമിച്ച് ചിലവഴിക്കാൻ മറന്നില്ല..
കുറെ ദിവസ്സങ്ങളായി അവൻ പതിവിനു വിപരീതമായി നിശ്ശബ്ദനായിരുന്നു.. ഒരാഴ്ച മിണ്ടാട്ടമില്ലാതെ ഇരുന്നപ്പോൾ മായ തന്നെയാണ് അവനോടു ചോദിച്ചത്..
” എന്താ ഒരു മൂഡൗട്ട് ..”
” എന്റെ മൂഡൗട്ടാണെന്ന് തനിക്കെങ്ങനെ മനസ്സിലായി മായാ .” ശ്രീയ്ക്കതിശയമായിരുന്നു അപ്പോൾ.
“എന്തോ.. ഇപ്പോളെനിക്ക് തന്നെ കുറെ ഒക്കെ വായിക്കാൻ പറ്റും ശ്രീ ..”
അവളുടെ മറുപടി കേട്ടവൻ ഒന്ന് വിതുമ്പിയോയെന്നു മായയ്ക്ക് സംശയം തോന്നിയത് അവൾ പുറമേ കാട്ടിയില്ല..
“എന്തോ.. എല്ലാം ഇട്ടെറിഞ്ഞു സന്യാസത്തിനു പോയാലോ എന്ന് വിചാരിക്കുന്നുണ്ട് മായാ.. “ ശ്രീയുടെ ആ ഉത്തരം അവൾ ചിരിച്ചു തള്ളി..
” കപട സന്യാസി” എന്ന് പറഞ്ഞു നിർത്താതെ ചിരിച്ചപ്പോൾ ശ്രീ ഓഫ്‌ലൈൻ ആയി…
അത് കഴിഞ്ഞു എന്ത് സംഭവിച്ചു കാണും.. മായയ്ക്ക് ഒന്നും മനസ്സിലായില്ല… ഇപ്പോൾ ഇതാ തന്നെ അവൻ ബ്ലോക്ക് ചെയ്തിരിക്കുന്നു ..
കുറെ നേരം കരഞ്ഞപ്പോൾ അവൾക്ക് ആശ്വാസം തോന്നി.. ..
എന്തായാലും ശ്രീ… നീ തിരിച്ചു വിളിക്കുന്നത് വരെ ഞാൻ കാത്തിരിക്കും.. നീ സുഖമായി ഇരിക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷമേ ഉള്ളൂ.. ഈ ചുരുങ്ങിയ കാലയളവിൽ എനിക്കിത്രയും സ്നേഹവും സന്തോഷവും തന്നതിന് ഞാൻ നിനക്കെന്നും കടപ്പെട്ടിരിക്കും.. നിന്നെ എനിക്ക് തന്ന ദൈവത്തോടും..
ഷീന പിള്ളൈ സിങ്ങ്
തല കിട്ടിയാൽ മതി
അധ്യായം 8: ആശ്ചര്യങ്ങളുടെ പൂന്തോട്ടം
സഞ്ചാരികൾക്കായി അത്‌ഭുതങ്ങൾ ഒരുക്കിവച്ച് കാത്തിരിക്കുന്ന ഒരു നഗരമാണ് ജക്കാർത്ത എന്ന് ഞാൻ സൂചിപ്പിച്ചിരുന്നുവല്ലോ. അതിലൊന്നാണ് തമാൻ മിനി ഇന്തോന്വേഷ്യ ഇണ്ട. തമാൻ എന്നാൽ പൂന്തോട്ടം എന്നാണ് ബഹാഷ ഇന്തോന്വേഷ്യയിൽ അർത്ഥം. ഇണ്ട എന്നാൽ മനോഹരം എന്നും. ഒരു മനോഹരമായ മിനിയേച്ചർ ഗാർഡൻ എന്നാണ് ഇതിന്റെ അർത്ഥമെങ്കിലും, ഇതൊരു ചെറിയ പൂന്തോട്ടമല്ല. 250 ഏക്കറിൽ പടർന്നു കിടക്കുന്ന മറ്റൊരു ലോകമാണ്. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലെത്തുന്നവർക്കനുഭവപ്പെടുന്ന അതേ അവസ്ഥാവിശേഷം തന്നെയാണിവിടെയും. അവിടെപ്പോയവർക്കറിയാം അതുമൊരു വിസ്‌മയലോകം തന്നെയാണെന്ന്.
ഞാനും ഇവിടെയെത്തുന്നതുവരെ ഇതൊരു ഗാർഡൻ മാത്രമായിരിക്കും എന്നൊരു ചിന്തയിലായിരുന്നു. അതുകൊണ്ടു തന്നെയാകണം എന്റെ ആശ്ചര്യം വർദ്ധിച്ചത്. 2500 റുപ്യാ ആണ് പ്രവേശന നിരക്ക്. അത് നമ്മുടെ 125 രൂപ മാത്രമാണെങ്കിലും ഇതിനുള്ളിലുള്ള പല ആക്റ്റിവിറ്റികൾക്കും പ്രത്യേകം പണം ഈടാക്കുന്നുണ്ട്. മൊത്തമായി ഒരു നിരക്ക് ഇവിടെയില്ല. ഇതിനുള്ളിൽ കാഴ്ച്ചകൾ കാണുവാൻ ബസ്, ട്രെയിൻ, സ്‌കൈ ട്രെയിൻ, കേബിൾ കാർ തുടങ്ങിയവയും പ്രയോജനപ്പെടുത്താം. ഇവയ്‌ക്കെല്ലാം പ്രത്യേക നിരക്കുകളാണ്. നടന്നും നമുക്കീ തമാൻ സന്ദർശിക്കുവാൻ കഴിയും. പൊതുവേ ഇവിടത്തെ നിരക്കുകളും അത്ര വലുതല്ല.
ഇന്തോന്വേഷ്യയിലെ വിവിധ സ്ഥലങ്ങളിലെ ആളുകളുടെ സംസ്‌കാരം, ജീവിതരീതി എന്നിവ വളരെ വ്യത്യസ്ഥമാണ്. പല പല ദ്വീപുകളിലായി വസിക്കുന്നവരാണല്ലോ ഇവർ. ഇവരുടെ ഭവന നിർമ്മാണ രീതി പോലും വ്യത്യസ്ഥമാണ്. ജാവയിലെയും സുമാത്രയിലെയും പോലും ഒരു സാമ്യവുമില്ല. അപ്പോൾ മറ്റു സ്ഥലക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇത്തരത്തിലുള്ള വ്യത്യസ്ഥമായ വീടുകൾ പ്രദർശിപ്പിച്ചിരിക്കുന്നതാണ് ഇവിടത്തെ ഒരു മുഖ്യ ആകർഷണം. വീടുകൾ അതേപോലെ തന്നെ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നു. അതേ വലുപ്പത്തിൽ, ഭാവത്തിൽ, സംസ്‌കാരത്തിൽ. സുമാത്രയിലെ പുല്ലുമേഞ്ഞ ബഹുനിലക്കെട്ടിടങ്ങളും ഇതിലുണ്ട്.
മനോഹരങ്ങളായ പല പൂന്തോട്ടങ്ങൾ ഇതിനുള്ളിലുണ്ട്. ഓർക്കിഡ് ഗാർഡൻ, ഔഷധ സസ്യത്തോട്ടം, ക്യാക്റ്റസ് ഗാർഡൻ, മുല്ലത്തോട്ടം തുടങ്ങി ഒരു ഡസൻ പൂന്തോട്ടങ്ങളുണ്ടാകും ഇതിനുള്ളിൽ. പക്ഷികൾക്കായുള്ള ഒരു പാർക്കും ബോട്ടു യാത്രയൊരുക്കുന്ന ഒരു വലിയ തടാകവും ഇതിനുള്ളിലുണ്ട്. ഏതു പ്രായത്തിലുള്ളവർക്കും ഒരു ദിവസം പൂർണ്ണമായും ആഘോഷിക്കുവാനുള്ള എല്ലാ വിഭവങ്ങളും ഇവിടെയുണ്ട്.
പലവിധത്തിലുള്ള മ്യുസിയങ്ങൾ ഇവിടത്തെ മറ്റൊരു പ്രധാന ആകർഷണമാണ്. കുറേയേറേ മ്യുസിയങ്ങൾ. ഇത് കണ്ടപ്പോൾ എനിക്ക് മലേഷ്യയിലെ മലാക്കയാണ് ഓർമവന്നത്. മലാക്ക മ്യുസിയങ്ങളുടെ തലസ്ഥാനമാണ്. മുപ്പത്തഞ്ചു മ്യുസിയങ്ങൾ നല്ലനിലയിൽ നടത്തുന്നുണ്ട് അവിടെ. അവിടത്തെ എല്ലാ മ്യുസിയങ്ങളും നമുക്കിഇഷ്‌ടമാകണമെന്നില്ല. എന്നാൽ തമാനിൽ സ്ഥിതിയതല്ല. എല്ലാം ആകർഷകങ്ങളാണ്. ഗതാഗത മ്യുസിയത്തിൽ വൻ വിമാനങ്ങൾ തന്നെയൊരുക്കിയിരിക്കുന്നു. ഗ്യാസ് ആൻഡ് ഓയിൽ മ്യൂസിയം, കൊമാഡോ റെപ്‌റ്റൈൽ മ്യുസിയം, ടെലിക്കമ്മ്യുണിക്കേഷൻ മ്യുസിയം, സ്റ്റാംപ് മ്യുസിയം, സ്‌പോർട്‌സ് മ്യുസിയം, റിസേർച്ച് ആൻഡ് ടെക്‌നോളജി മ്യുസിയം തുടങ്ങിയവ ഇവിടത്തെ മ്യുസിയങ്ങളിൽ ചിലതു മാത്രം.
ആരാധനാലയങ്ങളുമുണ്ട് ഇതിനുള്ളിൽ. ഒരു മോസ്‌ക്ക്, ഒരു കത്തോലിക്ക പള്ളി, ഒരു പ്രൊട്ടസ്റ്റന്റ് പള്ളി, ഒരു ഹിന്ദു ക്ഷേത്രം, ഒരു ബുദ്ധ ക്ഷേത്രം, ഒരു കൺഫ്യൂഷ്യസ് ക്ഷേത്രം തുടങ്ങി മനോഹരമായ ഒരു ചൈനാ ക്ഷേത്രം വരെ ഇതിനുള്ളിലുണ്ട്. ഒരു പാർക്ക് നിർമ്മിക്കുമ്പോൾ പോലും ഒരു മതക്കാരെയും നിരാശപ്പെടുത്താത്ത ഈ ആശയം ഒരു സെക്കുലർ രാഷ്‌ട്രത്തിന്റേതല്ല, മറിച്ച് ഒരു മുസ്ലീംപ രാഷ്‌ട്രത്തിന്റേതാണ് എന്ന് കൂടി ഓർക്കണം. സെക്കുലർ രാജ്യമായ നമ്മുടെ രാജ്യത്ത് നടക്കുന്നതും ഈ അവസരത്തിൽ ഓർക്കുന്നത് ഉചിതമായിരിക്കും.
ഇന്ത്യയുടെ ഭരണഘടനയിൽ സെക്കുലർ എന്ന് എഴുതിച്ചേർത്തിരിക്കുന്നത് വിചിത്രമായി എനിക്ക് തോന്നിയിട്ടുണ്ട്. മതപരമായും ആത്‌മീയമായും ഒരു ബന്ധവുമില്ലാത്തത് എന്നാണ് ഈ വാക്കിന്റെയർത്ഥം. ഇത്രയധികം മതങ്ങളും, ഉപവിഭാഗങ്ങളും, ആരാധനാലയങ്ങളുമുള്ള ഇന്ത്യക്കെങ്ങനെയാണ് സെക്കുലർ രാഷ്‌ട്രം എന്ന് പറയുവാൻ കഴിയുന്നത്. ഇന്ത്യക്ക് ഔദ്യോഗികമായി ഒരു മതമില്ല എന്നത് മാത്രമാണ് എനിക്കിതിൽ കാണുവാൻ കഴിയുന്നത്. ഒരു പക്ഷേ ഇന്ത്യയുടെ ഈ അവസ്ഥക്ക് തുല്യമായൊരു ഇംഗ്ലീഷ് പദം കണ്ടെത്താനാകാത്തതും ഇതിന് കാരണമാകാം. ഒരു സെക്കുലർ രാജ്യത്ത് ജാതിയോ മതമോ ചോദിക്കാൻ പോലും പാടില്ലാത്തതല്ലേ?
ആളുകൾക്ക് താമസിക്കാനായി ഒരു ഹോട്ടലും ഒരു യൂത്ത് ഹോസ്റ്റലും ഇതിനുള്ളിലുണ്ട്. ധാരാളം ഭക്ഷണ ശാലകളും ഇവിടം സന്ദർശിക്കുന്നവർക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. ഇത്തരം അവസരങ്ങളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിത വിലയീടാക്കിയാലും ആളുകൾ വാങ്ങിക്കഴിക്കും എന്നുള്ള നമ്മുടെ ബുദ്ധിയൊന്നും അവർക്കില്ല. മിതമായ നിരക്കാണ് എവിടെയും. അപൂർവ്വമായ പുസ്‌തകങ്ങൾ ലഭിക്കുന്ന ഒരു മാർക്കറ്റും, ഒരു പുഷ്പഘടികാരവും എടുത്തു പറയേണ്ടതിൽ ചിലതാണ്. ഐ മാക്‌സ് അടക്കം മൂന്നു തിയേറ്ററുകളും ഇതിലുണ്ട്.
ആകെയൊരു ഉത്‌സവത്തിന്റെ പ്രതീതിയാണിതിനുള്ളിൽ. എല്ലാവരുടെയും മുഖത്ത് സന്തോഷം മാത്രം. മിക്കവരും ഫോട്ടോകൾ എടുക്കുന്ന തിരക്കിലാകും. എത്ര സെൽഫിയെടുത്താലും മതിവരാത്ത കാഴ്ച്ചകളാണല്ലോ ഇതിനുള്ളിലെങ്ങും. എന്നോടൊപ്പം സെൽഫിയെടുക്കുന്നതിന് പലരും ക്ഷണിക്കുകയുണ്ടായി. അവിടെ അവർക്കു ആകെ കിട്ടിയ ഒരു വിദേശിയല്ലേ? ചുരുങ്ങിയത് ഇരുപത് പ്രാവശ്യമെങ്കിലും എനിക്ക് അവരോടൊത്ത് ഫോട്ടോയ്ക്ക് നിൽക്കേണ്ടതായി വന്നു. അതിൽ സ്‌ത്രീകളും പുരുഷന്മാരുമെല്ലാം ഉൾപ്പെടും. ഇന്തോന്വേഷ്യക്കാർ ഫോട്ടോപ്രിയരാണ്. അവരുടെ ഫോട്ടോ എടുക്കുന്നതും അവർക്ക് സന്തോഷമുള്ള കാര്യമാണ്. ഇത്തരം ഒരനുഭവം എനിക്ക് മറ്റൊരു രാജ്യത്തുമുണ്ടായിട്ടില്ല.
ഡോ.സുനീത് മാത്യു
വിചിത്രം
അനന്തുവിന്റെ സ്വപ്നങ്ങൾ
മലയാളത്തിന്റെ മുറ്റത്ത് കുമാരനാശാനും എഴുത്തച്ഛനും മുമ്പിൽ കേകയും മഞ്ജരിയും മുടിയഴിച്ചാടി. ഉൽപ്രേക്ഷയും രൂപകവും മേളം കൊഴുപ്പിച്ചു. ക്ഷണിക്കപ്പെട്ട അതിഥികളായെത്തിയ ഷെല്ലിയും ഷേക്സ്പിയറും താളം പിടിച്ചു.
കുറച്ചകലെ ബോധിവൃക്ഷത്തണലിലിരുന്ന് ഐസക് ന്യൂട്ടൺ ചിന്താമഗ്നനായി. ഉണങ്ങിയ കൊമ്പൊടിഞ്ഞ് തലയിൽ വീണപ്പോൾ ന്യൂട്ടണ് ബോധോദയമുണ്ടായി.
‘യസ്. ഇതാണ് ഗ്രാവിറ്റി’ ന്യൂട്ടൺ അതുവരെയാർക്കുമറിയാത്ത രഹസ്യം മനസ്സിലാക്കി. ഹിരോഷിമയിലിരുന്നു കരയുന്ന പ്രിയ തോഴനായ ആൽബർട്ട് ഐൻസ്റ്റീനെ അപ്പോൾത്തന്നെ വിളിച്ചറിയിച്ചു.
രേഖാംശങ്ങൾ കീറിയ ചാലുകളിലൂടെ ദക്ഷിണധ്റുവത്തിൽ നിന്നും ഉത്തരധ്റുവത്തിലേക്കൊഴുകിയ മഞ്ഞുകട്ടകൾ ഭൂമദ്ധ്യരേഖയിലെത്തി ആവിയായി ആകാശത്തേക്കുയർന്നു. പിന്നെ ആമസോൺ കാടുകളിൽ മഴയായ് കൊഴിഞ്ഞുവീണു.
വൻകരകളെ ബന്ധിപ്പിച്ച അക്ഷാംശങ്ങളിലൂടെ സഞ്ചരിച്ച് വാസ്കോഡഗാമ കാപ്പാട് കപ്പലടുപ്പിച്ചു.
വ്യാപാരം ചെയ്യണമെന്നപേക്ഷിച്ച ഗാമയോടു സാമൂതിരി പറഞ്ഞു ,
“ആദ്യം തന്റെ ഗണിതവിജ്ഞാനം ഞാനൊന്നു പരിശോധിക്കട്ടെ”
“ആയിക്കോളൂ” ഗാമ
“ഏ പ്ളസ്സ് ബീ ദി ഹോൾ സ്ക്വയർ ഈസ് ഈക്വൽ ടൂ?”
“ഏ സ്ക്വയർ പ്ളസ്സ് പ്ളസ്സ്..”ഗാമ വിയർത്തു.
പാശ്ചാത്യനാണെന്നു പറഞ്ഞിട്ടെന്താ, വിവരമില്ല. മനസ്സിൽ പറഞ്ഞുകൊണ്ട് സാമൂതിരി ഗാമയോട്:
“സാരമില്ല. ഒക്കെ ശരിയാക്കാം”
എന്നിട്ടകത്തേക്കു നോക്കി ആജ്ഞാപിച്ചു
“ആരവിടെ. നമ്മുടെ ബൈജുവിനോടു വരാൻ പറയൂ”
ഒറ്റക്ക് ബസ്സ് സ്റ്റോപ്പിൽ നിന്ന ഓക്സിജന്റെയടുത്തേക്ക് രണ്ടു ഹൈഡ്രജൻ വായിനോക്കികൾ കടന്നു ചെന്നു. എട്ടിലക്ട്രോണുകളെക്കണ്ട് പേടിച്ച ഹൈഡ്രജൻമാർ ഓക്സിജനുമായി ഒത്തുതീർപ്പിലെത്തി. അവർ ഒന്നിച്ച് ജലതന്മാത്രയായി.
രാവിലെ മുതൽ മണ്ണിൽനിന്നും നൈട്രജൻ അരിച്ചെടുത്തരിച്ചെടുത്ത് വേരുകൾ തളർന്നു. കാണ്ഡത്തിലൂടെ ഇലകൾക്കു സന്ദേശമെത്തി
“ഒന്നുമായില്ലേടേ. വിശന്നു കുടലു കരിയുന്നു്”
പാതി വെന്ത അന്നജമെടുത്തുകൊടുത്ത് ഇലകൾ കാണ്ഡത്തോടു പറഞ്ഞു
” ഇപ്പഴാ ഇത്തിരി വെയിലൊറച്ചത്. വേഗം കൊണ്ടക്കൊടുക്ക്”
ബാഹ്യകർണ്ണം പിടിച്ചെടുത്ത ശബ്ദം ആന്തരകർണ്ണത്തിലൂടെ തരംഗങ്ങളായി തലച്ചോറിലെത്തി. തലച്ചോർ തിരിച്ചറിഞ്ഞതിങ്ങനെ,
“അനന്തൂ എഴുന്നേൽക്കൂ”
അമ്മയുടെ ശബ്ദം. സ്വപ്നങ്ങളെ മേയാൻ വിട്ട് അനന്തു ഉണർന്നു.
“അമ്മേ പ്ളീസ്, ഇത്തിരികൂടി ഉറങ്ങിക്കോട്ടെ. ഞാൻ പതിനൊന്നരക്കാണുറങ്ങിയത്”
“നോ അനന്തൂ. പരീക്ഷയിങ്ങടുത്തെത്തിയെന്ന് നിനക്കറിയാവുന്നതല്ലേ. പരീക്ഷ കഴിഞ്ഞാൽ നിനക്കിഷ്ടം പോലെയുറങ്ങാമല്ലോ”
അമ്മയതു വെറുതെ പറയുന്നതാണെന്നവനറിയാം. പരീക്ഷ കഴിഞ്ഞാലുടൻ തുടങ്ങും സ്പോക്കൺ ഇംഗ്ലീഷ്, എൻട്രൻസ് കോച്ചിങ്ങ്, പേഴ്സണാലിറ്റി ഡവലപ്‌മെന്റ്….
അമ്മ കൊണ്ടുവന്ന കാപ്പിയൂതിക്കുടിച്ചുകൊണ്ട് അവൻ പുസ്തകം തുറന്നു.പുസ്തകം പറഞ്ഞു,
“നിന്റെയോ ഉറക്കം പോയി. ഞങ്ങളെയെങ്കിലുമുറങ്ങാൻ വിടടേ”
അടഞ്ഞുതുടങ്ങിയ കണ്ണുകൾ വീണ്ടും വലിച്ചുതുറന്ന് ഉറക്കത്തിന്റെ അവസാന കണികയേയും അനന്തു ആട്ടിയോടിച്ചു.
പഠിച്ചു പഠിച്ചു കാണാപ്പാഠമായതു പിന്നെയും പഠിച്ചു.
അനിൽ കുമാർ എം ബി
അനാഹി
നാം ജീവിക്കുന്ന ഈ പ്രപഞ്ചം. അനേകം കോടി ജീവജാലങ്ങളും, സൂഷ്മജീവനുകളും, പ്രകൃതിയുമൊക്കെ കൂടി ചേർന്ന നമ്മുടെ ഈ പ്രപഞ്ചം.
നാം ഈ കാണുന്നതിനുമൊക്കെ അപ്പുറം ഒരു സത്യമുണ്ടോ? യഥാർത്ഥത്തിൽ ഒരു മിഥ്യയിലേയ്ക്കാണോ ഈ പ്രപഞ്ചം നമ്മെ ദിനംപ്രതി കൊണ്ടുപോകുന്നത്.? നമ്മുടെ അറിവുകൾക്കും, ചിന്താശേഷികൾക്കും അപ്പുറം, അനിർവചനീയമായ എന്തൊക്കെയോ ഉണ്ടോ? അത്തരം അന്വേഷണങ്ങളിലേയ്ക്ക് നയിക്കുകയാണ്, ഈ സത്യം അറിയുന്ന വഴി!! അഥവാ,
“അനാഹി “.
മനുഷ്യന്റെ വികാരവിചാരങ്ങൾ ഉണരുന്ന കാലഘട്ടം മുതൽ, ഉത്തരാധുനികമായ ഈ കാലഘട്ടം വരെ അവനെ വിടാതെ പിന്തുടരുന്ന ഒന്നാണ് അവന്റെ ഭയം. പ്രേത -ഭൂതാധികളിൽ വിശ്വാസം ഇല്ലെന്ന് പുറമെ നടിക്കുമ്പോഴും, എന്നുമെന്നും അത്തരം ജോണറിലുള്ള സിനിമകളും പുസ്തകങ്ങളും മനുഷ്യർ കൗതുകത്തോടെ വീക്ഷിക്കുന്നു. ഭയക്കുവാൻ മനുഷ്യൻ ഇഷ്ടപ്പെടുന്നതാകാം. അല്ലെങ്കിൽ ഉപബോധമനസ്സിൽ ഭയത്തിനോട് ഒരു അഭിനിവേശം ഉണ്ടാകുന്നതും ആകാം.
ഒരിക്കലും അവസാനിക്കാത്ത ഭാവനകളുടെയും നിഗൂഢതകളുടെയും സമ്മിശ്രത്തെ ഏറ്റവും നന്നായി അണിയിച്ചൊരുക്കുന്ന പുസ്തകമാണ് വിപിൻദാസിന്റെ ” അനാഹി “. ഭ്രമാത്മകമായ ചിന്തകളിലൂടെ, യാഥാർഥ്യത്തെ തേടിയിറങ്ങുന്ന സഹ്യൻ, അവന്റെ സുഹൃത്ത് ആരവല്ലി എന്നിവരിലൂടെ ” അനാഹി ” സഞ്ചാരം ആരംഭിക്കുമ്പോൾ ആസ്വാദകനും അവന്റെ ചിന്തമണ്ഡലങ്ങളെ നിഗൂഢതയിലേയ്ക്ക് പിഴുതു നട്ടുകൊണ്ട് യാത്ര തുടങ്ങുന്നു.
സഹ്യൻ, എന്നൊരു ചെറുപ്പക്കാരൻ, കടന്നുപോകുന്ന, സത്യമോ, മിഥ്യയോ എന്ന് തിരിച്ചറിയുവാൻ കഴിയാത്ത അനുഭവങ്ങൾ, അയാളുടെ ദേഹത്ത് അവശേഷിക്കുന്ന അടയാളങ്ങൾ, അയാളുടെ സുഹൃത്തായ ആരവല്ലിയ്ക്ക് ഒപ്പം അയാൾ നടത്തുന്ന അന്വേഷണങ്ങൾ. ഒടുവിൽ അയാൾ, കണ്ടെത്തുന്ന യാഥാർഥ്യങ്ങൾ. ഇതാണ് അനാഹിയുടെ ഇതിവൃത്തം.
സഹ്യന്റെ ശരീരത്തിൽ കൃത്യമായ ഇടവേളകളിൽ സൃഷ്ടിക്കപ്പെടുന്ന മുറിവുകളിലൂടെ അയാൾ കാണുന്ന, സ്വപ്നമെന്നോ യാഥാർഥ്യമെന്നോ വേർതിരിച്ചറിയുവാൻ കഴിയാത്ത, ഭ്രമാത്മകതയിലൂടെ സഞ്ചരിക്കുന്ന ആരവല്ലിയും സഹ്യനും. ഈ രഹസ്യങ്ങൾക്ക് പിന്നിലുള്ള മാന്ത്രികതയാണ് ഈ പുസ്തകത്തിന്റെ കാതൽ.
നിരവധി പ്രത്യേകതകൾ ഒരുക്കി വെച്ചുകൊണ്ട് ആണ് വിപിൻ, അനാഹിയെ അനാവൃതം ചെയ്തിരിക്കുന്നത്. അതിനൊരു ഉദാഹരണമാണ്, കഥാപാത്രങ്ങളുടെ പേരുകൾ. സഹ്യൻ, ആരവല്ലി, വിന്ധ്യ, ആൽപ്സ് തുടങ്ങി എല്ലാ പേരുകളും പർവതങ്ങളുടേതാണ്.
ഈ നോവലിന്റെ യാത്രയിലോ അന്വേഷണത്തിലോ ഉടനീളം ആസ്വാദകനും സഞ്ചരിക്കുമ്പോൾ സഹ്യനിലും ആരവല്ലിയിലും പ്രകടമാകുന്ന നടുക്കങ്ങളും, ഞെട്ടലുകളും, ആകാംഷയും, അത്ഭുതവും, വേദനകളും, സന്തോഷവും, അവർ എത്തിചേരുന്ന നിഗമനങ്ങളും, ചുരുളഴിഞ്ഞു വരുന്ന രഹസ്യങ്ങളും, അവരിൽ ഉണ്ടാക്കുന്ന അതേ വൈകാരികതകളോടെ വായനക്കാരനും പകർന്നു നല്കപ്പെടുന്നു.
ഈ നൂറ്റാണ്ടിലും ആറാംഇന്ദ്രിയത്തെ കുറിച്ചും പാരാസൈക്കോളജിയുടെ അനന്ത സാധ്യതകളെകുറിച്ചും പഠനം നടന്നുകൊണ്ടിരിക്കുന്നുണ്ട്. മനുഷ്യന്, അധീതമായി പ്രകൃതിയിൽ ഒരു ശക്തി ഉണ്ടെന്നുള്ള ബോധത്തിൽ നിന്നാണ് ഇത്തരം പഠനസാധ്യതകളും, കൗതുകമെന്നതിൽ കവിഞ്ഞു അതിൽ കൂടുതൽ ആഴത്തിൽ പഠനവിധേയമാക്കുകയെന്നതും ഉരുത്തിരിയുന്നത്.
ഈ കഥയിൽ രഹസ്യമായ പരസ്യമായി, ആചരിച്ചു വരുന്ന സാത്താൻ ആരാധനയേ കുറിച്ചും, അതിലേയ്ക്ക് കഥാപാത്രങ്ങൾ നയിക്കപ്പെടുന്നതിനെ കുറിച്ചും എഴുത്തുകാരൻ മനോഹരമായി അവതരണവിധേയമാക്കിയിട്ടുണ്ട്.
” ലിലിത്ത് ” എന്നൊരു ശക്തിയിൽ കഥവഴി ഗതിമാറുമ്പോൾ, കാലങ്ങളായി മനുഷ്യരിൽ അടിച്ചേൽപ്പിക്കപ്പെട്ടതോ, അല്ലാത്തതോ ആയിട്ടുള്ള ദൈവവിശ്വാസങ്ങൾക്ക് മങ്ങൽ ഏൽക്കുകയും, വായനക്കാരന്റെ മനസ്സ് ലിലിത്തിനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നതാണ്, എഴുത്തുകാരന്റെ സമ്പൂർണ വിജയം. അത് അനാഹി കൈവരിച്ചിട്ടുണ്ട്.ഹൊറർ മേഖലയിൽ വന്നിട്ടുള്ള പുസ്തകങ്ങളിൽ അനാഹി യ്ക്ക് ഒരു പ്രത്യേക ഇരിപ്പിടം തന്നെയുണ്ട്
എഴുതുന്നവന്റെ.. എഴുത്തുകളെല്ലാം.. അല്ലെങ്കിൽ അവൻ നിങ്ങളോട് സംവദിക്കുന്നതെല്ലാം കഥകൾ അല്ല.. തീർച്ചയായും അത് മറ്റാരുടെയോ ആജ്ഞയാകാം.
ഹരിത ആർ മേനോൻ
പ്രഷറു കുറയുന്നതത്ര നിസ്സാരമാക്കണ്ട
രക്തസമ്മർദ്ദം കൂടുതലുള്ള രോഗികൾക്കു കിട്ടുന്ന താരപരിവേഷമൊന്നും രക്ത സമ്മർദ്ദം കുറഞ്ഞ രോഗികൾക്കു കിട്ടാറില്ല. അതുസാരമില്ല രണ്ടു ഗ്ലാസ്സ് കഞ്ഞിവെള്ളം ഉപ്പിട്ട് കുടിച്ചാൽ മതിയെന്നാണു ഡോക്ടർമാർ വരെ പറയാറുള്ളത്.അതൊരുകണക്കിനു ശരിയാണ്. കഞ്ഞിയിൽ ഉപ്പിത്തിരി കുറഞ്ഞാൽ നമുക്ക് ഉപ്പുചേർക്കാൻ പിന്നീടായാലും പറ്റും എന്നാൽ ഉപ്പ് കൂടിപ്പോയാൽ വേറെ വഴിയില്ല കഞ്ഞിതന്നെ കളയേണ്ടിവരും.
എന്നാൽ സ്ഥിരമായി കഞ്ഞിയിൽ ഉപ്പു കുറയുകയും കൂടുകയുമൊക്ക ചെയ്യുന്നത് അടുക്കളക്കാരിയുടെ തകരാറല്ലേ. അതുപരിഹരിക്കേണ്ടേ. ഇവിടെയും ഉത്തരം അതുതന്നെ. രക്തസമ്മർദ്ദം കൂടുന്നതും കുറയുന്നതും ഒരേനാണയത്തിന്റെ ഇരുപുറങ്ങളാവാം. ഒന്നു ശ്രദ്ധിക്കാം.
രക്ത സമ്മർദ്ദമെനാൽ ഹൃദയം ചുരുങ്ങുകയും വികസിക്കുകയും ചെയ്ത് രക്തം പമ്പ് ചെയ്യുമ്പോൾ രക്തകുഴലിന്റെ ഭിത്തിയിൽ അനുഭവപ്പെടുന്ന മ മർദ്ദമെന്നാണർഥം.
ഹൃദയം ചുരുങ്ങുമ്പോൾ (systolic) രക്തസമ്മർദ്ദം 120 മില്ലീമീറ്റർ ഓഫ് മെർക്കുറിയും ഹൃദയം വികസിക്കുമ്പോൾ 80 മില്ലീമീറ്റർ ഓഫ് മെർക്കുറിയും കാണുന്നു.
സ്ഫിഗ്മൊമാനോമീറ്റർ എന്നാണു രക്ത സമ്മർദ്ധം നോക്കുന്ന ഉപകരണത്തിനു പറയുന്ന പേര്. 90/60 ലും താഴെ വരുമ്പോളാണു ഹൈപ്പോടെൻഷൻ എന്ന അവസ്ഥയായി കണക്കാകാറുള്ളു.
അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നത് ഹൈപ്പോടെൻഷൻ കൊണ്ട് നിങ്ങൾക്ക് രോഗലക്ഷണമൊന്നും തോന്നുന്നില്ലങ്കിൽ അതിനെ കാര്യമാക്കണ്ട. നിങ്ങളുടെ ശരീരം ആ പ്രഷറിൽ തൃപ്തനാണെന്നാണ്.( പ്രഷർ കൂടിയാലും ചിലരിൽ ഒരു ലക്ഷണവും ഉണ്ടാകാറില്ലല്ലോ എന്നു ചോദിക്കരുത് അതിനു ഉത്തരം അസോസിയേഷൻ പറഞ്ഞിട്ടില്ല).
രോഗലക്ഷണങ്ങൾ തലകറക്കം, വീഴാൻ പോകുന്നപോലെ തോന്നൽ എന്നിവയാകാം.
നിൽക്കുമ്പോഴും കിടന്നിട്ടും ഇരുന്നിട്ടും എഴുന്നേൽക്കുമ്പോഴും തലച്ചോറിലേക്ക് രക്തമൊഴുകുന്നത് കുറയുന്നതാണു പ്രശ്നത്തിനെല്ലാം കാരണം. കിടന്നാൽ തലയിലേക്ക് രക്തം ഒഴുകിയെത്തുകയും നാം പൂർവ്വാവസ്ഥയിൽ എത്തുകയും ചെയ്യും.
തലച്ചോറിലേക്കുള്ള രക്തമൊഴുക്ക് കുറയുന്നതിനാലാണീ ലക്ഷണങ്ങൾ ഉണ്ടാകുന്നത് എന്നു പറഞ്ഞല്ലോ. അതിനുകാരണങ്ങൾ പലതാവാം. രക്തത്തിന്റെ അളവു കുറഞ്ഞതാകാം, ശരീരത്തിൽ നിന്നു രക്തശ്രാവമുണ്ടായാലും, രക്തം പുറത്തുപോകുന്ന രോഗങ്ങൾ
ഉണ്ടായാലും ഇങ്ങനെ വരാം. പല വൈറസ് രോഗങ്ങളുടെയും കോമ്പ്ളിക്കേഷനായി പ്രഷറുകുറഞ്ഞു അപകടം വരാറുണ്ടല്ലോ.
വെള്ളം കുടിക്കുന്നത് വളരെ കുറഞ്ഞാലും ശരീരത്തിൽ നിന്നു ജലാംശം കൂടുതൽ നഷ്ടപ്പെട്ടാലും പ്രഷറു കുറയാം, ചില തരം അലർജികളും, ചില മരുന്നുകളും, ഹൃദയതകരാറുകൾ കൊണ്ട് പമ്പ് ചെയ്യാനുള്ള ശേഷികുറയുന്നതും ഇതിനു കാരണമാകാം.
പ്രഷറു കുറഞ്ഞാൽ തലയിലേക്കുമാത്രമല്ല ശരീരത്തിന്റെ വിവിധ അവയവങ്ങളീലേക്കും രക്തമൊഴുക്കു കുറയും അത് ഹൃദയത്തിന്റെയും വൃക്കയുടെയുമൊക്കെ പ്രവർത്തന തകരാറുകൾക്ക് കാരണമാകാം. ഷോക്ക് എന്ന ഗുരുതരാവസ്ഥയും പ്രതീക്ഷിക്കാം.
ഭക്ഷണ ശേഷം ചിലരിൽ തലകറക്കം കൂടാം. ശരീരത്തിലെ രക്തത്തിന്റെ വലിയൊരു ഭാഗം കുടലിലേക്കു ഒഴുകുന്നതു കൊണ്ടാണീതുണ്ടകുന്നത്. പ്രമേഹ രോഗികളിലും പാർക്കിൻസൺ രോഗമുള്ളവരിലും ഇങ്ങനെ കാണാറുണ്ട്.
ചിലർക്ക് ബാത്ത്റൂമിൽ വച്ച് പ്രഷർ കുറഞ്ഞ് തലകറക്കം അനുഭവപ്പെടാം. അമിത മർദ്ദമുപയോഗിച്ച് മലമൂത്ര വിസർജ്ജനം ചെയ്യുമ്പോൾ വേഗസ് നെർവ് ഉത്തേജിപ്പിക്കപെടുന്നതാണു ഇതിനു കാരണം. സമാനാവസ്ഥ ചുമയ്ക്കുമ്പോഴും ഭക്ഷണം വിഴുങ്ങുമ്പോളും വരാം. ബാതുറൂമിൽ നിന്ന് എഴുന്നേല്ക്കുമ്പോഴും തലയിലേക്കു രക്തയോട്ടം കുറഞ്ഞ് വീഴാനുള്ള സാധ്യതയുണ്ട്.
ഉപ്പ് കൂടതലുപയോഗിക്കുക എന്നത് ഒരു താൽക്കാലിക പരിഹാരമാണ്. (മനുഷ്യൻ കരയിൽ ജീവിക്കാൻ വിധിക്കപ്പെട്ടവനാണ്. കരയിലെ ഒരു സസ്യജാലങ്ങളുടെ പഴത്തിനും ഇലയ്ക്കും തണ്ടിനും ഉപ്പുരസം ഇല്ല.
കരയിലെ ജീവജാലങ്ങൾക്ക് കടലിലെ ഉപ്പ് വേണമായിരുന്നെങ്കിൽ അവയ്ക്കേതിനെങ്കിലും ഉപ്പുരസം വരുമായിരുന്നില്ലേ? പടച്ചോൻ അക്കര്യം മറന്നതാവുമോ? അതിനാൽ ഉപ്പ് എന്നത് കടലുപ്പ് വേണമെന്നില്ല. സോഡിയവും ക്ളോറിനും കിട്ടിയാൽ മതി സോഡിയം ക്ളോറൈഡ് വേണമെന്നില്ല എന്നൊരു മതവും ഉണ്ട്.
ധാരാളം വെള്ളം കുടിക്കുക, മദ്യം ഒഴിവാക്കുക, മദ്യം ശരീരത്തിൽ നിന്നു പുറത്തുകളയാൻ ധാരാളം വെള്ളം വേണ്ടിവരുന്നു, രക്തകുഴലും അഴഞ്ഞു ലൂസായി പോകാം, അതും അസാധാരണമായ പൊസിഷനിൽ കിടന്നുറങ്ങിപോയാൽ തലയിലേക്ക് രക്തമെത്തുന്നത് കുറഞ്ഞ് ആൾ ആരുമറിയാതെ തട്ടിപോവാനും സാധ്യതയുണ്ട്.
പച്ചകറികളും പഴങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക.
മുറുക്കമുള്ള സ്റ്റോക്കിങ്ങ്സ് ധരിക്കുക. അപ്പോൽ കാലിലേക്കുള്ള രക്ത് അ ഓട്ടം കുറയുകയും അതു തലയിലേക്കു കിട്ടുകയും ചെയ്യാം.
ഹോമിയോപ്പതി മരുന്നുകൾ കഴിക്കാം. അവ പ്രഷറു കൂട്ടുകയല്ല ചെയ്യുക പ്രഷർ നോർമലാകുകയാണു ചെയ്യുക. പ്രഷർ നിയന്ത്രണ സംവിധാനത്തിനു വന്ന തകാരാറു പരിഹരിച്ചാൽ മതി ശരീരം ബാക്കി കാര്യം തനിയെ ചെയ്തോളും ആവശ്യം വരുമ്പോൾ പ്രഷർ കൂട്ടുകയും കുറയ്ക്കുകയുമൊക്കെ ചെയ്തോളും ഇന്നത്തെ ലോകത്ത് ലേശം പ്രഷർ അനുഭവിക്കാതെ ആർക്കു ജീവിക്കാനാകും?
ഡോ. ടി. ജി. മനോജ് കുമാർ
പ്രതികരണങ്ങൾ
ഞാൻ കഴിഞ്ഞ കുറേ മാസങ്ങളായി ഇതിവൃത്തം വായിക്കുന്നുണ്ട്. മിക്ക മാസികയുടെയും ഉള്ളടക്കം ഇതൊക്കെയാണെങ്കിലും, ഇതിലെ വിഭവങ്ങൾ കൃത്യമായ വ്യത്യസ്ഥത പുലർത്തുന്നുണ്ട് എന്ന് പറയാതിരിക്കുവാൻ നിർവാഹമില്ല. നല്ല കഥകൾ, കവിതകൾ, ലേഖനങ്ങൾ. ഞാൻ ഒരു സഞ്ചാരപ്രിയൻ ആയതുകൊണ്ടുതന്നെ ഇന്തോന്വേഷ്യൻ ദിനങ്ങൾക്കായി കാത്തിരിക്കേണ്ടതായ ഒരവസ്ഥയിൽ ആണ്. ഞാനും ജക്കാർത്തയിൽ പോയിട്ടുള്ള ഒരാൾ ആണ്. എന്നാൽ അവിടത്തെ വിശേഷങ്ങൾ നന്നായി മനസ്സിലായത് ഈ ലേഖനങ്ങളിൽ കൂടെയാണ് എന്നും പറയാതിരിക്കുവാൻ കഴിയില്ല. കണ്ടവർക്കും, കാണാത്തവർക്കും ഒരു പോലെ ആസ്വദിക്കുവാൻ പറ്റുന്ന എഴുത്തുരീതിയെ അഭിനന്ദിക്കാതിരിക്കുവാനും കഴിയുന്നില്ല. മൊത്തത്തിൽ ഇതിവൃത്തം മനോഹരമാണ്. അറിവാണ്.
ഷുക്കൂർ അലി, കൊണ്ടോട്ടി
ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വംശജരുടെ നേരെയുണ്ടായിക്കൊണ്ടിരുന്ന പ്രശ്നങ്ങളുടെ യാഥാർത്ഥമുഖം സരസമായ ഭാഷയിൽ കൃത്യമായി അവതരിപ്പിച്ച ഒരു ലേഖനമായിരുന്നു ശ്രീ . സുമേഷ് രാമചന്ദ്രന്റെ വെട്ട്, കുത്ത്, വെടി, പുക. പലപ്പോഴും ഇത്തരം കാര്യങ്ങൾ വംശീയമായി അവതരിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും നടത്തുന്ന തെറ്റായ ശ്രമങ്ങൾക്ക് ഒരു തിരിച്ചടിയാകുകയാണ് ഈ ലേഖനം. പലപ്പോഴും ഇത്തരം തെറ്റിദ്ധാരണകൾ തിരുത്തപ്പെടാതെ പോകുകയാണ് പതിവ്. ഇത്തരം ശ്രമങ്ങൾ ഇക്കാരണം കൊണ്ട് തന്നെ ഏറെ ശ്രദ്ധേയവുമാകുന്നു. ശ്രീ സുമേഷ് രാമചന്ദ്രനും മാസികയ്ക്കും എന്റെ അഭിനന്ദനങ്ങൾ
മോൻസ് ജോസഫ്, ബംഗളൂരു
ഞാൻ അത്ര വായനാശീലമുള്ള ഒരാൾ ആയിരുന്നില്ല. യാദൃശ്ചികമായാണ് ഒരു സുഹൃത്തയച്ചു തന്ന ഇതിവൃത്തം മാസിക വായിക്കുന്നതിന് അവസരമുണ്ടായത്. ഇതിവൃത്തം എനിയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഇതുവരെയുള്ള എല്ലാ ലക്കങ്ങളും വായിക്കുവാൻ അവസരമൊരുക്കിയത് എന്നെപ്പോലൊരാൾക്ക് അനുഗ്രഹം തന്നെ. മെച്ചപ്പെട്ട നിലവാരം പുലർത്തുന്ന ഈ മാസിക തികച്ചും സൗജന്യമാണെന്നത് വല്ലാതെ അത്ഭുതപ്പെടുത്തുകയും ചെയ്തു. മാസികയുടെ അണിയറപ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
കിരൺ വാസുദേവ്, അഹമ്മദാബാദ്
സുനീത് സാറിന്റെ ലേഖനങ്ങളും യാത്രാവിവരണങ്ങളുമെല്ലാം ധാരാളം വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ ഒരു മാസിക ഉണ്ടായിരിക്കുന്നു. അത് ഒരു വർഷം പിന്നിട്ടിരിക്കുന്നു എന്നെല്ലാം അറിയുന്നത് ഈയിടയ്ക്ക് മാത്രമാണ്. മാസിക മുഖ ചിത്രം മുതൽ അവസാന പുറം വരെ നല്ല നിലവാരം പുലർത്തുന്നു. സുഖ വായന നൽകുന്നതാണ് ഓരോ വിഭവങ്ങളും. കഥ പോലെ വായിച്ചു പോകുവാൻ കഴിയുന്നത്ര രസകരമാണ് ഇതിലെ ലേഖനങ്ങളും, നിരൂപണങ്ങളും, യാത്രാവിവരണങ്ങളുമൊക്കെ. മാസികയ്ക്കും പത്രാധിപർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.
രമ്യ വിനോദ്, ദുബായ്
ധാരാളം കുറിപ്പുകൾ ലഭിക്കുന്നുണ്ട്. എല്ലാം പ്രസിദ്ധീകരിക്കുന്നതിലെ അഭംഗി കണക്കിലെടുത്ത് ചിലത് മാത്രമാണ് മാസികയിൽ പ്രസിദ്ധീകരിക്കുന്നത്. അഭിനന്ദനം അറിയിക്കുന്നവർക്കൊക്കെ അതാത് മീഡിയകളിൽ മറുപടി നൽകുന്നുണ്ട്. നിങ്ങളുടെയെല്ലാം അകമഴിഞ്ഞ പ്രോത്സാഹനമാണ് മാസികയുടെ ശക്തി. എല്ലാവർക്കും മാസികയുടെ സ്നേഹാദരങ്ങൾ
എഡിറ്റർ
ടൊമാറ്റോ സ്ട്രോബെറി സ്മൂത്തി
രക്തം കട്ടപിടിക്കുന്നതിനും, രക്തവാർച്ച തടയുന്നതിനും സഹായിക്കുന്ന ഒരു ജീവകം ആ ണ് കെ. ഇത് അസ്ഥികളുടെ ബലക്ഷയം തടയുന്നതിനും അത്യാവശ്യമാണ്. ഇത് ധാരാളം അടങ്ങിയിട്ടുള്ള ഒരു പഴമാണ് തക്കാളി. ജീവകം എ യും ഇതിൽ നല്ലയളവിൽ അടങ്ങിയിരിക്കുന്നു. ശരീര കോശങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ ഫോളേറ്റ്, ജീവകം ബി കോംപ്ലക്സിൽ പെടുന്ന മറ്റു ജീവകങ്ങൾ എന്നിവയും ഇതിൽ ധാരാളമുണ്ട്. ചർമ്മ സംരക്ഷണത്തിൽ തക്കാളിക്കുള്ള പങ്ക് നമുക്കറിവുള്ളതാണല്ലോ. ഒരു ദിവസം ആവശ്യമായ ജീവകം സിയുടെ ഇരുപത്തഞ്ചു ശതമാനം ഒരു ഇടത്തരം തക്കാളിയിൽ മാത്രമുണ്ട്. ഹൃദയ താളം, രക്ത സമ്മർദം എന്നിവയുടെ നിയന്ത്രണങ്ങൾക്കാവശ്യമുള്ള പൊട്ടാഷ്യം, അസ്ഥികളുടെയും പല്ലുകളിലൂടെയും പേശികളുടെയും സംരക്ഷണയ്ക്കാവശ്യമായ കാൽസ്യം എന്നിവയും ഇതിൽ നല്ലയളവിൽ അടങ്ങിയിരിക്കുന്നു.
ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് എന്നിവയും ചെറിയതോതിൽ ഇതിലുണ്ട്. കുട്ടികൾക്ക് വളരെ ഉത്തമമായ ചെലവ് കുറവുള്ള ഒരു പഴം തന്നെയാണ് തക്കാളി.
എന്നാൽ പല കുട്ടികൾക്കും തക്കാളി അത്ര ഇഷ്ടമല്ല. അവർക്കു ഇഷ്ടപ്പെടുന്ന രീതിയിൽ തക്കാളിയുടെ ഗുണങ്ങൾ ലഭിക്കുന്ന രീതിയിൽ ഒരു പാനീയം പരിചയപ്പെടുത്തുന്നു.
ചേരുവകൾ
തക്കാളി ഇടത്തരം : 3
സ്ട്രോബെറി ഉണ്ടെങ്കിൽ : 1
സ്ട്രോബെറി സ്ക്വാഷ് : 10 ml
വെള്ളം/ പാൽ : 150 ml
പഞ്ചസാര/ തേൻ : 1 table spoon
ഐസ് ക്യൂബ്സ് : 3 or 4
പൊതിനയില : 4 to 5
തയാറാക്കുന്ന വിധം
തക്കാളി ചെറുതായി മുറിച്ച്, പാൽ / വെള്ളം, പഞ്ചസാര/ തേൻ ചേർത്ത് ഒരു മിക്സിയിൽ നന്നായി അടിച്ച് അരിച്ചെടുക്കുക. ഇതിലേക്ക് 10ml സ്ട്രോബെറി സ്ക്വാഷ് ചേർത്തിളക്കുക. ശേഷം ഇത് ഒരു ഗ്ലാസിൽ ഇട്ടു വച്ചിരിക്കുന്ന ഐസ് ക്യൂബുകൾക്കു മുകളിലേക്ക് ഒഴിക്കുക. ഇത് സ്ട്രാബെറി ഉണ്ടെങ്കിൽ അതും പൊതിന ഇലയും ചേർത്ത് ആകർഷകമാകാം.
ഡോ. ഷേർളി സുനീത്
-
കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത...
-
സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 1944 ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖി. പ്രണയ പശ്ചാത്തലത്തിലെ ദുരന്ത കഥ പറയുന്ന ബഷീറിൻറെ ഈ നോവ...