ഭൂമിയിൽ നിന്ന് ആകാശത്തേക്ക്
മുള്ളുവേലികൾ കൊണ്ടു തീർത്ത വലിയ കൂടാരം..
മൗനത്തിന്റെ അന്ധകാരം നിറഞ്ഞിട്ടുണ്ട്..
കണ്ണീരുവറ്റിച്ചുണക്കിയ ഉപ്പുപാടങ്ങൾ
മണൽചൂടുകൊണ്ട് പൊള്ളുമ്പോഴും
നീർച്ചാലായി ഒഴുകുന്ന സ്നേഹനദി
കരിനാഗങ്ങൾ പലപ്പോഴും പത്തിവിടർത്താറുണ്ട്
പ്രക്ഷുബ്ധമായ കടലിലെ തിരയിളക്കങ്ങൾ
വീശിയടിക്കുന്ന കൊടുങ്കാറ്റുകൾ
ഇതാണവളുടെ ലോകം..
പ്രതീക്ഷയുടെ ഇത്തിരി വെട്ടത്തിൽ
അവൾ ആയുധങ്ങൾ ഒരുക്കുന്നുണ്ട്
മുള്ളുവേലികൾ തകർക്കാൻ..
ചിറകുകൾ തുന്നിപ്പിടിപ്പിക്കുന്നുണ്ട്
സ്വപ്നങ്ങളുടെ അഗ്നികൊണ്ട് ഇന്ധനം നിറക്കുന്നുണ്ട്..
ഒരു നാൾ അവൾ പറന്നുയരും..
അവളുടെ ആകാശത്തേക്ക്..
കാർമേഘങ്ങളും ഇടിമിന്നലും കടന്ന്
അനന്തമായ ആകാശത്തിൽ
നക്ഷത്രങ്ങളിൽ ഊഞ്ഞാലാടും
നറു നിലാവിന്റെ കുളിരിൽ
വെളുത്ത മേഘങ്ങളിൽ കിടന്നുറങ്ങും
യാത്ര അവസാനിക്കുന്നില്ല
അവളുടെ മൗനത്തിന്റെ അർത്ഥതലങ്ങൾ തേടി
പിന്നേയും യാത്ര തുടരും…
ലക്ഷ്യങ്ങളുടെ ആവനാഴിയിലെ
അവസാനശരവും തീരുന്നത് വരെ..
ശുഭശ്രീ രാമൻ നെന്മിനിശ്ശേരി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ