2024 ജനുവരി 29, തിങ്കളാഴ്‌ച

ഇതിവൃത്തം മലയാള സാംസ്‌കാരിക മാസിക, ജനുവരി 2024, ലക്കം 40

 


മുഖമൊഴി

 

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം പുതിയ വർഷം പിറന്നിരിക്കുന്നു. വർഷങ്ങൾ ചീറിപ്പാഞ്ഞു പോകുന്നു. ഇതിവൃത്തം ആരംഭിച്ചതിനു ശേഷം ഇത് നാലാമത്തെ പുതു വർഷമാണ്. ജൂലിയൻ കലണ്ടറിലും, റോമൻ കലണ്ടറിലും ഇതു തന്നെയാണ് പുതുവർഷപ്പിറവി. ഇതല്ലാതെയും ധാരാളം പുതുവർഷപ്പിറവികളുള്ള കലണ്ടറുകൾ ഉണ്ട്. മലയാളം, തമിഴ്, തെലുഗു കലണ്ടറുകൾ മാത്രമല്ല, ചൈനീസ്, ജൂത കലണ്ടറുകൾ തുടങ്ങി പല രാജ്യങ്ങൾക്കും അവരവരുടേതായ കലണ്ടറുകളും പുതുവർഷങ്ങളുമുണ്ട്. ലോകത്ത് പല പുതുവർഷപ്പിറവികളും ഒരു വർഷത്തിൽ ഉണ്ടാകുന്നുണ്ട് എന്നർത്ഥം.

പുതുവർഷം ആഘോഷിക്കുന്നതിൽ ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നത് ഗ്രിഗോറിയൻ കലണ്ടർ തന്നെയാകാം. ചൈനീസ് കലണ്ടറും ഇക്കാര്യത്തിൽ അത്ര പുറകോട്ടല്ല. എന്നാൽ ലോകവ്യാപകമായ ആഘോഷങ്ങളുടെ മുൻ‌തൂക്കം ഗ്രിഗോറിയൻ കലണ്ടറിനു തന്നെ. പുതുവർഷാരംഭമായി ജനുവരി ഒന്നിനെ ഏറ്റെടുത്തിട്ട് കുറഞ്ഞത് നാലായിരം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്ന ജൂലിയസ് സീസർ ആണ് ഈ പ്രഖ്യാപനം നടത്തിയത്.

വാതിലുകളുടെയും, കവാടങ്ങളുടെയും ദേവനായിരുന്ന ജാനസിന് രണ്ടു മുഖങ്ങൾ ഉണ്ട് എന്നാണ് വിശ്വാസം. താഴോട്ടു നോക്കുന്ന ഒരു മുഖവും, മുകളിലേയ്ക്ക് നോക്കുന്ന ഒരു മുഖവും. കഴിഞ്ഞ വർഷത്തേയും, വരാൻ പോകുന്ന വർഷത്തേയും അഭിമുഖീകരിക്കുന്ന ഒരു മാസത്തിന് അനുയോജ്യമായ പേര് ഇതുതന്നെയാകണമല്ലോ.

നമുക്കും ഈ മാസം അത്തരത്തിൽ ഒന്നാകട്ടെ. നമ്മുടെ കഴിഞ്ഞ വർഷത്തെ പ്രവൃത്തികൾ വിലയിരുത്തുവാനും, ഈ വർഷത്തിലെ വരാൻ പോകുന്ന മാസങ്ങളെ രൂപീകരിക്കുവാനും നമുക്ക് ലഭിക്കുന്ന ഒരവസരമാണിത്. അത് വേണ്ടവിധത്തിൽ വിനിയോഗിക്കുവാൻ നമുക്ക് സാധിക്കട്ടെ.

എല്ലാവർക്കും മാസികയുടെ പുതുവത്സരാശംസകൾ


 

ഡോ. സുനീത് മാത്യു 

ചില ‘യുങ്ങിയൻ’ ചിന്തകൾ

 



പുതുവർഷം. പുതുതായെന്തെങ്കിലും എഴുതാൻ ഉണ്ടാകുമോയെന്നാലോചിച്ചു. പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്നിലും നിങ്ങളിലും ഒന്നും പുതുയതായില്ലേ? എല്ലാം പഴയതു തന്നെയോ? ചിന്തകളും, പ്രവൃത്തികളും, തൊഴിലും, സുഹൃത്തുക്കളും, ബന്ധുക്കളും എല്ലാം പഴയത്. അറിയുന്നത്.

എന്നാൽ അങ്ങനെയല്ല! പഴയതെന്നു വിചാരിക്കുന്നതൊക്കെ നിങ്ങൾക്കു നിങ്ങളെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും അറിവുള്ള കാര്യങ്ങളുടെ, അവയുടെ ഓർമ്മകളുടെ, അകെ തുക മാത്രമാണ്. ബോധപൂർവമായി അറിയുന്നവ. നിങ്ങളിലെ ‘നിങ്ങൾ‘ കൂടുതലും അബോധമനസ്സിലും, ഉപബോധമനസ്സിലുമാണെന്നു പറഞ്ഞാൽ?

ഇന്നലെ രാത്രികണ്ട സ്വപ്നത്തിൽ നിങ്ങൾ അറിയാത്തൊരു ‘നിങ്ങൾ‘ ഒളിച്ചിരിക്കുന്നുണ്ടെന്നു വന്നാൽ? നിങ്ങൾ മുൻപെങ്ങോ എഴുതിയ കവിത വളരെനാൾകഴിഞ്ഞു വീണ്ടും വായിക്കുമ്പോൾ താൻതന്നെയാണോ എഴുതിയതെന്നു തോന്നിയാൽ? സുഹൃത്തിനു കിട്ടിയ പ്രമോഷനെയോർത്തു നിങ്ങൾ ഇത്രയധികം മനഃസ്താപപെട്ടതെന്തിനെന്നറിയില്ലെങ്കിൽ! വെറുതെ നടന്നുപോയ കുഞ്ഞൻ ഉറുമ്പിനെ ഞെരിച്ചുകൊല്ലാൻ കാലോങ്ങിയതും എന്തിനെന്നറിയില്ലെങ്കിൽ, നിങ്ങൾക്ക് നിങ്ങളെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. എനിക്കും അതുപോലെ തന്നെ. നിങ്ങൾ മനസ്സിൽസൂക്ഷിക്കുന്ന രഹസ്യങ്ങളെക്കുറിച്ചല്ല പറഞ്ഞുവരുന്നത്. നിങ്ങൾക്ക് അറിയാത്ത നിങ്ങളെക്കുറിച്ചാണ്.

മനഃശാസ്ത്രത്തിൻ്റെ ബാലപാഠങ്ങൾ പഠിപ്പിക്കാൻ എത്തിയതല്ല. എന്നാലും കുറച്ചു മനഃശാസ്ത്രം ഉണ്ടുതാനും.

മനഃശാത്രമെന്നുപറയുമ്പോൾ സാധാരണക്കാരൻ്റെ മനസ്സിൽ വരുന്ന പേര് സിഗ്മണ്ട് ഫ്രോയിഡ് (Sigmund Freud) എന്ന മഹാമേരുവിൻ്റെതാണ്. അദ്ദേഹത്തിൻ്റെ സിദ്ധാന്തങ്ങൾ നേരായും അല്ലാതെയും മനസ്സിലാക്കി വച്ചിട്ടുള്ളവരാണ് നമ്മളിൽ പലരും. ഇവിടെ വിഷയം അതല്ലാത്തതുകൊണ്ട് അങ്ങോട്ടേക്ക് കടക്കുന്നില്ല.

എന്നാൽ ഫ്രോയിഡിൻ്റെ സഹായിയായി വരികയും പിന്നെ എതിരാളിയായി വളരുകയും ചെയ്‌ത ഒരു മഹാനുണ്ട്. അദ്ദേഹം പറഞ്ഞു വച്ച പലകാര്യങ്ങളും വെറും സാധാരണ സംഭാഷണങ്ങളിൽ പോലും ഉൾപ്പെടുത്തുന്ന നാം, കക്ഷിയെ അങ്ങനെ ഓർക്കാറില്ല. കൂടുതൽ അറിയാൻ ശ്രമിച്ചാൽ, നിലയില്ലാ കയംപോലെ വലിച്ചെടുത്തുകളയും ഇദ്ദേഹത്തിൻ്റെ ആശയങ്ങൾ.

പേര് കാൾ യുങ് (Carl Jung). Jung എന്ന കുലനാമത്തിന് ‘യുങ്‘ എന്നാണ് ഉച്ചാരണം.

അദ്ദേഹത്തിൻ്റെതായി ധാരാളം സംഭാവനകൾ മനഃശാത്രത്തിനും, സാമൂഹ്യശാസ്ത്രത്തിനും, തത്വശാസ്ത്രത്തിനും, പൊതുബോധത്തിലും ഉണ്ടെങ്കിലും, നമുക്കെല്ലാം കുറച്ചെങ്കിലും അറിവുള്ള ചിലകാര്യങ്ങളെക്കുറിച്ചു പറയാം.

നേരത്തെ പറഞ്ഞ നമ്മുടെ സ്വയം ധാരണകളിൽ പലതും നമ്മൾ അണിയുന്ന മുഖംമൂടികളുടേതാകുന്നു (Persona) എന്നാണ് ഇദ്ദേഹം പറയുന്നത്. പെർസോണക്ക് മുഖംമൂടി എന്നതിലും കൂടുതൽ അർത്ഥം കൽപ്പിക്കുന്നെങ്കിലും, പെട്ടെന്ന് മനസ്സിലാക്കാൻ അങ്ങനെ പറഞ്ഞുവെന്നേയുള്ളൂ. ജീവിതത്തിൽ പലവേഷങ്ങൾ കെട്ടിയാടേണ്ടിവരുന്നരാണല്ലോ നമ്മൾ. ഓരോരോ വേഷങ്ങൾ, മുഖംമൂടികൾ. മുഖംമൂടികൾക്കുതാഴെ നമുക്കറിയാത്ത മനസ്സിൻ്റെ ഇരുണ്ട താഴ്വരകളിൽ (Shadow) നാമറിയാത്ത നമ്മൾ വസിക്കുന്നുണ്ട്. പലരായി, പലതായി. പുരുഷനിൽ സ്ത്രീകളും (Anima), സ്ത്രീകളിൽ പുരുഷൻമാരും (Animus) ഉറങ്ങിക്കിടക്കുന്നത്രെ. ഇതിൽ കൂടുതലൊന്നും എഴുതാൻ കഴിയില്ല. അറിയണെമെങ്കിൽ യുങ്ങിനെത്തന്നെ അറിയണം. മുകളിൽ ആംഗലേയത്തിൽ ബ്രാക്കറ്റിലാക്കിയെഴുതിയ വാക്കുകൾവഴി പിടിച്ചുകേറിയാൽ കാടുകയറാം.

യുങ്ങിൻ്റെ മറ്റൊരു സംഭാവനയാണ് അന്തർമുഖത്വവും (Introversion) ബഹിർമുഖത്വവും (Extraversion). അന്തർമുഖത്വവും, ബഹിർമുഖത്വവും നമ്മൾ വ്യക്തിത്വങ്ങളെ മനസ്സിലാക്കാൻ ഉപയോഗിക്കുന്ന വാക്കുകളാണ്. അന്തർമുഖത്വം എന്തോ മോശപ്പെട്ട സ്വഭാവമാണെന്നും ബഹിർമുഖത്വം എന്തോ കേമത്തമാണെന്നതുമാണ് പൊതുധാരണ. എന്നാൽ ഈ രണ്ടു തരംതിരിക്കലുകൾ ഒരാൾക്ക് സംതൃപ്തിലഭിക്കുന്നത് മനോവ്യാപനങ്ങളിൽനിന്നാണോ അതോ മറ്റുള്ളവരുമായുള്ള ഇടപെടലിൽനിന്നാണോ, എന്നത് മാത്രമാണ് എന്നാണ് യുങിന്റെ പക്ഷം. മാത്രവുമല്ല, പൂർണ്ണമായുള്ള അന്തർമുഖത്വവും ബഹിർമുഖത്വവും ഒരാളിൽമാത്രം കണ്ടുകിട്ടാനും പ്രയാസം. നമ്മളുടെയെല്ലാം വ്യക്തിത്വങ്ങൾ ഇതുരണ്ടിൻ്റെയും ഏതൊക്കയോതരം മിശ്രിതങ്ങളാണ് എന്നതാണ് സത്യം.

കാൾ യൂങിൻ്റെ ഇത്തരം ചിന്തകൾ (അവയിൽ പലതിനെയും സിദ്ധാന്തങ്ങൾ എന്ന് പറയുക വയ്യ) വരും തലമുറയിലെ മനഃശാസ്ത്രക്കാരെയും, തത്വശാസ്ത്രക്കാരെയും, സാമൂഹ്യശാസ്ത്രജ്ഞരെയും, എഴുത്തുകാരെയുമെല്ലാം പ്രചോദിപ്പിച്ചു എന്നതാണ് ചരിത്രം. ആർകിടൈപ്സ് (Archetypes), പെർസോണ (Persona), സൈകി (Psyche), സെൽഫ്‌ (Self), ഇൻഡിവിടുവേഷൻ (Individuation), സിൻക്രോണോസിറ്റി (Synchronicity), ആനിമ (Anima), ആനിമസ് (Animus) ഷാഡോ (Shadow), ഈഗോ (Ego) എന്നീ പ്രധാനചിന്തകളൊക്കെ കാലാതീതങ്ങളാണ്. ഇന്നും ശാത്രലോകത്തെയും, കാല്പനികലോകത്തെയും പ്രചോദിപ്പിക്കുന്നവയാകുന്നു.

മേൽപ്പറഞ്ഞവയൊന്നും മലയാളീകരിക്കാത്തതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, എനിക്കറിയില്ല എന്നതാണ്. രണ്ടാമതായി, സാധാരണ ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിലേക്ക് മാറ്റുമ്പോൾ കിട്ടുന്ന ഒരർത്ഥത്തിലല്ല യുങ് അവയെ ഉപയോഗിച്ചിരിക്കുന്നത്.

ഉദാഹരണത്തിന്, ‘സെൽഫ്‌’ എന്ന വാക്കിന് വ്യക്തിത്വമെന്നോ, സത്തയെന്നോ മലയാളീകരിക്കാമെങ്കിലും, അതിനെ മറ്റൊരുരീതിയിലാണ് യുങ് സങ്കൽപ്പിച്ചത്. സെൽഫിനെ മനസ്സിന്റെ പ്രധാനഭാഗമായി യുങ് കണ്ടു. അത് ബോധമനസ്സും (Conscious Mind), വ്യക്തിഗത അബോധവും (Personal Unconscious Mind), സാമൂഹിക അബോധവും (Collective Unconscious Mind) ഒന്നിച്ച് കൊണ്ടുവരുന്ന ഭാഗമാണ്. ഒന്നുകൂടി വിശദീകരിച്ചാൽ നമ്മിളിൽ എല്ലാം വ്യക്തിഗത ബോധമനസ്സിനെയും, വ്യക്തിഗത അബോധമനസ്സിനെയും കൂടാതെ, നമ്മൾ ലോകത്തെല്ലാവരോടും പങ്കിടുന്ന ഒരു സാമൂഹിക അബോധമനസ്സുകൂടിയുണ്ടെന്നു ചുരുക്കം. അതുകൊണ്ടാണത്രെ ലോകത്തെ എല്ലാ സംസ്‌ക്കാരങ്ങളിലും മിത്തുകളിലും, ആർക്കിടൈപ്പുകളിലും, പല വിശ്വാസങ്ങളിലും സമാനതകൾ ഉണ്ടായി വന്നതത്രെ. മറ്റൊരുരീതിയിൽപറഞ്ഞാൽ മനുഷ്യരുടെ നൂറ്റാണ്ടുകളായി കണ്ടുവരുന്ന ചിന്താധാരകളിൽ (അവ പലകാലങ്ങളിൽ, ദേശങ്ങളിൽ, ഭാഷകളിൽ ആയിരുന്നിട്ടും) ധാരാളം സമാനതകളുണ്ട്.

ധീരരായി ലക്ഷ്യങ്ങൾനേടുന്ന നായകർ, പ്രകൃതി, അമ്മ, യുക്തിമതിയായ വൃദ്ധൻ എന്ന് തുടങ്ങുന്ന പ്രതീകങ്ങൾ എല്ലാക്കാലത്തും എല്ലാ സംസ്കാരത്തിലും, ചരിത്രത്തിലുടനീളം കാണാവുന്നതാണ്. നമ്മുടെ കഥകളും, കവിതകളും, ചലച്ചിത്രങ്ങളും, ചിത്ര–ശില്പകലകളും, മിത്തുകളും എല്ലാം നോക്കിയാൽ ഈയൊരു സമാനത കാണുവാൻ കഴിയുന്നതാണ്. ഇത് യാദൃശ്ചികമായി സംഭവിക്കുന്നതല്ലെന്നും സാമൂഹിക അബോധതലം കൊണ്ടുണ്ടാകുന്നതാണെന്നുമാണ് യുങ്ങിൻ്റെ മതം.

അറിയുന്നതിലും കൂടുതൽ അറിയാത്തതാണ് നമ്മിലെല്ലാം അന്തർലീനമായിരിക്കുന്നത്. “It is not I who create myself, rather I happen to myself.” എന്ന് യുങ് പറഞ്ഞുവച്ചത് എന്തിനായിരുന്നുവെന്ന് ആലോചിച്ചുനോക്കുക.

പൗരസ്ത്യതത്വചിന്തകൾ ബോധത്തെ വേറൊരുതലത്തിലാണ് കാണുന്നതെന്നുള്ളത് സത്യമെങ്കിലും, ഭാരതീയ–ബുദ്ധ തത്വചിന്തകൾക്ക് യുങ്ങിന്റെ ചിന്തകളുമായി സാമ്യമുണ്ടെന്നുള്ളത് സത്യമാണ്. അതിനെക്കുറിച്ചു ഇനിയൊരിക്കൽ ആകാം.

കാൾ യൂങ് 1875-ൽ സ്വിസ്റ്റർലാൻഡിൽ ജനിച്ചു 1961-ൽ ആ രാജ്യത്തുവച്ചുതന്നെ മരണപ്പെട്ടു. അദ്ദേഹവുമായുള്ള അഭിമുഖങ്ങൾ യൂട്യൂബിൽ ലഭ്യമാണ്. ലോകംകണ്ട പ്രതിഭാധനനായ ചിന്തകനെ അദ്ദേഹത്തിൻ്റെതന്നെ വാക്കുകളിൽ മനസ്സിലാക്കുക എന്നത് വലിയകാര്യമാണ്. സമയവും താല്പര്യവും ഉണ്ടെങ്കിൽ കാണുക.

ചിലമഹത്തായ ചിന്തകളെ, വളരെ ചെറുതായെങ്കിലും, പരിചയപ്പെടുത്താൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തോടെ എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നുകൊള്ളുന്നു.


സുമേഷ് രാമചന്ദ്രൻ

 



മാപ്പ്

 














ജൻമമേകിയപുണ്യമാം മാതാ –

പിതാക്കളോടക്ഷന്തവ്യ

അപരാധമായവഗണിച്ചവരേ

പടിപ്പുറത്താക്കി,വൃദ്ധസദന,

തടവറതീർത്താഹൃദയത്തിൽ –

കാരിരുമ്പുളിക്കുത്തുകളാൽ

നോവിപ്പതിൽപ്പരംകടുത്ത

ശാപാർഹമായെന്തുലകിൽ..

അരുതേയെന്നൊരുവാക്ക് –

ഉരിയാടുവാനറിയാത്ത പാവം,

കുഞ്ഞോമനപൈതങ്ങളെ-

പ്പിച്ചിച്ചീന്തികാമാഗ്നിപടർത്തി,

കത്തിച്ചാമ്പലാക്കി,

മൃഗംനാണിയ്ക്കും ക്രൂരതകൾ

നിരന്തരംചെയ്തുമനുജരിവിടം-

കടുത്തതെറ്റുകാരാവുന്നു…

ജഗൽപ്രാണനെപ്പോലുമെന്നും-

മലിനീകരിച്ചും ശുദ്ധമാം,

ഓരോതെളിനീരുമശുദ്ധമായ് –

മാറ്റിയും..മാതൃമാറിടത്തിൽ,

ചുരത്തിയമുലപ്പാൽപോരാതെ

അമ്മതൻചുടുരക്തമൂറ്റി –

ക്കുടിച്ചാനന്ദ കാട്ടാളനൃത്തം

ചവിട്ടുന്നക്രൂരരാംമാനവർ…

ആർത്തിയാലീ ഭൂമിതൽ

അവയവങ്ങളോരോന്നായ്

പിഴുതെടുത്തുതിന്നൊടുവിൽ

സ്നേഹംതുടിക്കുംനെഞ്ചുകീറി

ഹൃദയം കവർന്നെടുക്കാൻ

തുനിയവേ..ക്ഷമകെട്ടു

വസുധയിന്നുതിരിച്ചടികളേകി

ക്കൊണ്ടേയിരിക്കുന്നൂ…

സ്നേഹമയിയാം അമ്മേ…

സർവംസഹയാം ഭൂമീദേവീ…

സ്വയംനിലനിൽപ്പു പോലും –

മറന്നിവിടംചിലർനടമാടുമീ,

അപരാധങ്ങളാലീയുലകിലെ-

മാനവർക്കൊന്നാകെയും

കടുത്തശാപങ്ങളിനിയും –

ഏകാതെമാപ്പുനൽകേണമേ..


 

രഷിത്ത് ലാൽ കീഴരിയൂർ

ശുഭയാത്ര

 


കത്തുന്ന ചൂടുള്ള പതിനൊന്നു മണി ഉച്ചയിലേക്ക് അങ്ങേയറ്റം വിരസമായതെങ്കിലും വളരെ ഭാരം കുറഞ്ഞ മനസ്സോടെ മുൻവാതിൽ തുറന്ന് ഞാൻ ഇറങ്ങി. വെയിലും തണലും ഇഴ ചേർന്ന മുറ്റത്തിനോരത്ത് കഴിഞ്ഞ രാവിൽ കൊഴിഞ്ഞ ഇലകൾ തളർന്നു കിടന്നു. വലതു വശത്തെ കാപ്പി ചെടിക്കടുത്തുള്ള നന്ത്യാർവട്ട ചെടിയിൽ നിന്നുതിർന്നു വീണ വാടിയ പൂക്കൾ ചെടിയിലെ ഇളം തളിർപ്പുകളെ നോക്കി ചത്തു മലച്ചു കിടക്കുന്നു. “പഴുത്ത ഇല വീഴുമ്പോൾ പച്ചിലകൾ ചിരിക്കും “. കാലങ്ങൾക്കുമപ്പുറത്തു നിന്നുമുള്ള ഒരോർമ്മപ്പെടുത്തൽ  എന്റെ ഇടനെഞ്ചിലൂടെ തണുപ്പ് പടർത്തി കടന്നു പോയി.

ഇന്നലെ രാവിലേം കൂടി മുറ്റമടിച്ചതാണ്. എന്നിട്ടും വൈകിട്ടത്തെ ശീതക്കാറ്റിൽ എത്രമാത്രം ഇലകളാണ് വീണിരിക്കുന്നത്. പിന്നാമ്പുറത്തുള്ള കുറ്റിചൂലെടുത്ത് അതെല്ലാം തൂത്തു വരുവാൻ എന്റെ കൈ തരിച്ചു.

“നിനക്കിവിടെ എന്താണ് അവകാശം… എന്റെ ചൊല്പടിക്കു നിൽക്കാൻ പറ്റൂല്ലെങ്കിൽ ഇറങ്ങി പൊക്കോണം ഇവിടുന്ന്!”

തരിച്ചു വന്ന കൈ വിരലുകളിലെ വിയർപ്പ് ഞാനെന്റെ സാരിത്തുമ്പിൽ അമർത്തി തുടച്ചു. എനിക്കെന്തവകാശം… ഈ കൊഴിഞ്ഞ ഇലകൾ പോലും എന്റേതല്ല. ഞാൻ വെറുമൊരു കാവൽക്കരി. ഉടമയില്ലാത്തപ്പോൾ ശമ്പളമില്ലാതെ മുതൽ കാക്കുന്ന വെറുമൊരു വാല്യക്കാരി.

പൊള്ളുന്ന ചൂടാണ് പുറത്ത്. എന്റെ കൈവെള്ളകൾ വിയർപ്പിൽ കുതിർന്നിരുന്നെങ്കിലും അവ തണുത്തിരുന്നു. തണുപ്പ്…. അവസാന ജലവും വറ്റി പോയവളുടെ മരവിച്ച തണുപ്പ്.

“എങ്ങോട്ടാണ് കുഞ്ഞേ ഈ നട്ടുച്ചക്ക്… ?”

കൈത്തലം കണ്ണിനു മറയാക്കി  ഇടവഴിയിൽ എനിക്കഭിമുഖമായി നിന്നു കുഞ്ഞിച്ചെരുവ. കയ്യിൽ ഉണക്കമീൻ പൊതി. തലേന്ന് തെറിപ്പാട്ട് പാടിയ കെട്യോന് ഉച്ചക്ക് ചൂടോടെ കഞ്ഞി വിളമ്പാൻ  അരനാഴിക നടന്ന് കവലയിൽ നാരായണേട്ടന്റെ കടയിൽ നിന്നും വാങ്ങി വരുന്ന വഴിയാണ്.

ഉണക്കമീൻ കറി കൂട്ടിയിട്ടിതെത്ര കാലമായി?

ഇളയ മോനെ വയറ്റിലുണ്ടായി മൂന്നാം മാസം. കൊതി മൂത്ത് ഉണക്കയല കഷണങ്ങൾ മുളക് പൊടിയും മഞ്ഞൾപ്പൊടിയും ഒരു ചുള കുടംപുളിയും കൂടി ചേർത്ത് അടുപ്പിൽ കയറ്റി. അല്പം തേങ്ങ നന്നേ അരച്ചു ചേർക്കണം. പൊട്ടിച്ച തേങ്ങ ചിരവിയെടുക്കാൻ  തുടങ്ങുമ്പോഴാണ് അയാൾ കയറി വന്നത്. മീൻ മണമടിച്ചതും മൂക്കിൻ തുമ്പ് വിടർന്നു. കണ്ണുകളിൽ ശൗര്യം തിളങ്ങി. കഴുത്തിലെ ഞരമ്പുകൾ വിറച്ചു പൊന്തി. ഒരലർച്ച… മൺചട്ടി രണ്ടായി പിളർന്ന് മുറ്റത്ത്. മുളക് പിടിച്ച അയല കഷണങ്ങൾ വേവ് കയറി നിവർന്നു തുടങ്ങിയിരുന്നു. ഞാൻ ഒന്നും മിണ്ടിയില്ല. തൊണ്ണൂറ് ദിവസം പ്രായമായ അയാളുടെ ഭ്രൂണം എന്റെ അടിവയറ്റിൽ ദിക്കുമുട്ടി പരക്കം പാഞ്ഞു. എനിക്ക് മൂത്രമൊഴിക്കണമെന്ന് തോന്നി… എങ്കിലും ഞാൻ നിന്നിടത്ത് നിന്നും അനങ്ങിയില്ല. എന്റെ ഉയർന്ന ശ്വാസഗതി പോലും അയാളെ ഇനിയും ഭ്രാന്തനാക്കുമെന്നെനിക്കറിയാമായിരുന്നു. എന്നെ കാണുമ്പോൾ മാത്രം അയാളിൽ പൂക്കുന്ന ഭ്രാന്ത്‌!നിന്നിടത്തു തന്നെ നിന്നു ഞാൻ വിയർത്തു. പിന്നെ നിശ്ശബ്ദം കിതച്ചു.

“എനിക്കിഷ്ടമല്ലാത്തത് വെച്ചുണ്ടാക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നെടി…”

കത്തുന്ന അടുപ്പിലേക്ക് ഒരു കപ്പ് വെള്ളം കോരി ഒഴിച്ചിട്ട് അയാൾ എന്നെയൊന്നു നോക്കി. ഞാൻ കണ്ണുകൾ കൊണ്ട് മൊസൈക് തറയിലെ വിടവിൽപ്പെട്ടുപോയ  ഒരു കുഞ്ഞു ചെമന്ന ഉറുമ്പിനെ മാത്രം നോക്കി  നിന്നു.

കുഞ്ഞിച്ചെരുവയെ മറി കടന്ന് ഒന്നും മിണ്ടാതെ പോരുമ്പോൾ അവളുടെ കുടിലിലെ മീൻ കറി എന്നെ ഭ്രമിപ്പിക്കുകയും അതേ സമയം തന്നെ ഒരു മാത്ര എന്റെ അടുക്കളയിലെ കഴുകി കമിഴ്ത്തിവച്ചിരിക്കുന്ന മൺചട്ടിയിലെ നീളത്തിലുള്ളൊരു വിള്ളൽ എന്നെ അലോസരപ്പെടുത്തുകയും ചെയ്തു.അടുക്കളയും ഞാനും തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് വർഷങ്ങൾ അനവധി പിന്നിട്ടിരിക്കുന്നു.

റോഡരികിൽ ബസ് കാത്തു നിൽക്കുമ്പോൾ ഞാനല്പം അങ്കലാപ്പിലായിരുന്നു. കാലം ഒരുപാട് ആയിരിക്കുന്നു ഒരു ബസ് യാത്ര ചെയ്തിട്ട്. എത്രയോ വർഷങ്ങളായി പുറത്തേക്കുള്ള യാത്രകൾ കുറവാണ്. പുറത്തു പോകുന്നതെല്ലാം ഉടമയോടൊപ്പമാണ്. യാത്രയിൽ മറ്റാരുമില്ലെങ്കിൽ മാത്രം ഇടതു വശത്തെസീറ്റ്‌ എനിക്കു കിട്ടും. അല്ലെങ്കിൽ പുറകിൽ. പുറകിലും ഇടമില്ലെങ്കിൽ പിന്നെ ഞാൻ പുറത്താണ്. എത്രയോ വട്ടം ഒരുങ്ങിയിറങ്ങിയ എന്നെ കൂടാതെ ആ നാലുച്ചക്ര വാഹനം പുറത്തേക്കു പോയിരിക്കുന്നു.

പൂഴിമണ്ണിൽ പൊടി പറത്തി ബസ് എന്റെ അരികിൽ വന്നു നിന്നു. വെളുത്ത പ്രതലത്തിൽ ചുമപ്പു നിറം കൊണ്ടെഴുതിയിരിക്കുന്നു… “ശുഭയാത്ര”. പറ്റിയ പേരു തന്നെ! വിശാലമായ സീറ്റിലേക്ക് ഒരു ചെറു ചിരിയോടെ ഞാൻ ഇരുന്നു.

നേരം മൂന്നു മണിയോട് അടുത്തിരുന്നു ഞാൻ മകളുടെ വീടിന്റെ ഗേറ്റ് കടന്നു ചെല്ലുമ്പോൾ. വിയർപ്പു തുള്ളികൾ കൂടിച്ചേർന്ന് എന്റെ ഇരു ചെന്നിയിലൂടെയും ചാലിട്ടിറങ്ങുന്നുണ്ടായിരുന്നു. മുൻവശത്തെ മുറ്റത്ത് നീളത്തിൽ അയകെട്ടി അവൾ അലക്കിയ തുണികൾ വിരിച്ചിട്ടിരിക്കുന്നു. എത്ര വൃത്തിയോടെ ചെയ്തിരിക്കുന്നു! ഇവൾ ഇതൊക്കെ പഠിച്ചല്ലോ! അല്ലെങ്കിലും ഏത് ഭാര്യയാണ് ഇതൊക്കെ പഠിക്കാത്തത്? അവൾ പഠിക്കാതിരുന്നതും ചെയ്യാതിരുന്നതും എന്റെ മകൾ ആയിരുന്നപ്പോൾ ആണല്ലോ!എനിക്കു ചിരി വന്നു. അതേ നിമിഷം തന്നെ ഇന്നലെ കഴുകിയ കിടക്കവിരികളും തോർത്തുകളും  മടക്കിവെച്ചില്ലല്ലോ എന്നോർത്തു വ്യസനിക്കുകയും ചെയ്തു.എത്ര പറിച്ചെറിഞ്ഞാലും എന്തിനാണ് ഇവയൊക്കെ ഇനിയുമിനിയുമിങ്ങനെ മനസ്സിലേക്ക് തിക്കിതിരക്കി കടന്നു വരുന്നത്!

സാരമില്ലെന്ന് സ്വയമാശ്വസിച്ച് കാളിങ് ബെല്ലിൽ വിരലമർത്തി. നല്ല ദാഹം… ഞാനെന്റെ കീഴ്ചുണ്ടുകൾ ഉണങ്ങിയ നാവു കൊണ്ട് തുടച്ചെടുത്തു.

“അമ്മയോ?”

അവളുടെ മുഖം പ്രസരിപ്പാർന്നതെങ്കിലും എന്നെ കണ്ടതിന്റെയൊരു തെളിച്ചക്കുറവ് ഞാൻ ക്ഷണനേരം കൊണ്ട് തിരിച്ചറിഞ്ഞു. ഇരുപത്തിയഞ്ചു കൊല്ലങ്ങൾക്കും മുന്നേ പൊട്ടിച്ചുമാറ്റിയ പൊക്കിൾക്കൊടി തുമ്പിൽ നിന്നും ഇപ്പോഴും ചോരയിറ്റുന്നുണ്ടെന്നെ തോന്നലിൽ എന്റെ നെഞ്ചിൽ ഒരു നൊമ്പരം കനത്തു.

“അമ്മ ഇതെന്തു ഭാവിച്ചാണ്? അല്ലേലും ഈയിടെയായി അമ്മക്കൽപം തോന്ന്യാസങ്ങൾ കൂടുന്നുണ്ട്. ഇത്രേം കാലം ഈ അച്ഛനോടൊപ്പം തന്നെയല്ലേ ജീവിച്ചത്? എന്നിട്ടിപ്പോ ഈ വയസ്സാൻ കാലത്ത് പിണങ്ങി നടക്കുന്നു. അച്ചന്റെ ശീലങ്ങൾ…. അമ്മയ്ക്കല്ലാതെ ആർക്കറിയാം?ഒന്നുമല്ലെങ്കിലും ഞങ്ങൾ മക്കളുടെ ജീവിതത്തെക്കുറിച്ചെങ്കിലും ഓർക്കേണ്ടേ. ഇത് വെറുതെ ആളുകളെകൊണ്ട് പറയിപ്പിക്കാനായിട്ട്… ”

എന്റെ ദാഹവും വിശപ്പും കെട്ടു പോയി.ഞാൻ ഒന്നും മിണ്ടാതെ ദെണ്ണിച്ച കണ്ണുകളോടെ അവളെ നോക്കി.

മക്കളെക്കുറിച്ച് ഓർമ്മിക്കേണ്ടേ എന്ന്!

ആരെയും ഓർമ്മിക്കാൻ കഴിയില്ലായിരുന്നെങ്കിൽ എന്നേ ഞാൻ നിങ്ങളുടെ അച്ഛനിൽ നിന്നും രക്ഷപ്പെട്ടേനെ!

ഒന്നുകിൽ എന്റെ അടിവയറ്റിൽ ആദ്യചവിട്ടേറ്റ ആദ്യരാത്രിയിൽ. അല്ലെങ്കിൽ നിന്നെപ്പെറ്റ് ഇരുപത്തിയെട്ടാം ദിവസം ബെൽറ്റിന്റെ പാടുകൾ അടിവയറ്റിൽ തിണർത്തു പൊങ്ങിയ ദിവസം. അതുമല്ലെങ്കിൽ  സിഗരറ്റ് കുത്തി പൊള്ളിയ വടുക്കൾ പഴുത്ത് വ്രണമായ ആ ദിവസങ്ങളിൽ. ഇനി അതുമല്ലെങ്കിൽ ആണഹന്ത അരങ്ങു വാഴുന്ന നേരങ്ങളിൽ അപമാനത്തിന്റെ ഉമീത്തീയിൽ തലങ്ങും വിലങ്ങും എന്നെ പൊള്ളിച്ചെടുത്ത നേരങ്ങളിൽ. ഇനിയുമുണ്ട് അനേകം പകൽ നേരങ്ങൾ… ഒരു കൊടിച്ചി പട്ടിയെ പോലെ എന്നെ അവഗണിച്ച ലക്ഷക്കണക്കിന് വിനാഴിക നേരങ്ങൾ…

“അമ്മയെന്താണ് ഒന്നും മിണ്ടാത്തത്.. ?”

ഞാൻ അവളുടെ തോളെല്ലുകളിലേക്കു നോക്കി. ക്ഷീണമൊന്നുമില്ല പെണ്ണിന്… എന്തൊരു പെടാപാടായിരുന്നു കുഞ്ഞുനാളിൽ ഇവളെയൊന്നു തീറ്റിക്കാൻ… എന്തു കുസൃതിയായിരുന്നു ഇവൾക്ക്. അവളെ നോക്കിയിരിക്കെ എന്റെ ശുഷ്കിച്ച മാറിടങ്ങൾക്കു വീണ്ടും ജീവൻ വക്കുന്നത് പോലെനിക്ക് തോന്നി.

“അമ്മ ഒന്നോർത്തു നോക്ക് ഇവിടെ ഹർഷനും വീട്ടുകാരും ചോദിച്ചാൽ ഞാനെന്ത് പറയും? ഇപ്പോൾ തന്നെ ഇവിടെ ആരുമില്ലാത്തത് നന്നായി. ഇനി അതെല്ലാം പോട്ടെ അമ്മയില്ലാത്ത ആ വീടിനെക്കുറിച്ച്, അച്ഛനെക്കുറിച്ച് അമ്മ ഒന്നു ചിന്തിച്ചു നോക്കിയോ?അവിടെ അടുക്കളയിൽ ഏതേലും ഒരു സാധനം എവിടെയാണെന്ന് അച്ഛനറിയാമോ? ആ വീട്ടിൽ അച്ചന്റെ തുണികളും അടിവസ്‌ത്രങ്ങളും എവിടെയെന്നും ചൂലും അടിച്ചു വാരിയും എവിടെയെന്നും അച്ഛനറിയാമോ? ഒരു ഗ്ലാസ്സ് ചായ ഉണ്ടാക്കി കുടിക്കാൻ അച്ഛനറിയോ? ഇതൊക്കെ ഞാൻ പറയാതെ തന്നെ അമ്മക്ക് അറിഞ്ഞു കൂടെ?ഇത്രേം നാളും മോനും മരുമോളും കൂടിയെങ്കിലും വീട്ടിൽ ഉണ്ടായിരുന്നു. ഇപ്പോൾ ആ വലിയ വീട്ടിൽ ആരുമില്ല… അച്ഛൻ തനിച്ച്. എന്നെ വിളിക്കുമ്പോൾ അദ്ദേഹം ആകെ ദേഷ്യത്തിലായിരുന്നു. എങ്കിലും ആ സ്വരത്തിലൊരു ഭീതിയുണ്ടായിരുന്നു. ഈശ്വരാ!നാട്ടുകാരോട് എന്തു പറയും. അമ്മ ലീവിൽ ആണെന്നോ അതോ യാത്രയിലാണെന്നോ അതുമല്ലെങ്കിൽ മോക്ഷം തേടി പോയെന്നോ! അമ്മേ… പ്ലീസ്.. അമ്മയൊന്നു തിരിച്ചു പോകൂ… ”

എനിക്കൊന്നാർത്തു ചിരിക്കണമെന്ന് തോന്നി.

പേടിയോ!

അയാൾക്കോ!

പേടിക്കട്ടെ… പേടിച്ചു വിറക്കട്ടെ!

ചിരിച്ചു കൊണ്ട് ഞാൻ മകളെ നോക്കി.

മക്കളിൽ നിന്നും കിട്ടിയില്ല എനിക്കൊരു മുക്തി. അച്ചന്റെ മനോരോഗം മക്കൾ വലുതാകുമ്പോൾ ചികിൽസിച്ചു ഭേദമാക്കുമെന്ന് ഞാൻ വ്യാമോഹിച്ചു. ഞാൻ നന്മകൾ മാത്രം ചൊല്ലി പഠിപ്പിച്ച മകളാണ്. വളർച്ചയെത്തിയ കാലം മുതൽ സ്വന്തം കാലിൽ നിൽക്കണമെന്ന്  നിരന്തരം ഉപദേശം കൊടുത്ത് വളത്തിയതാണ്. “വാ അമ്മേ… നമുക്ക് ഈ അച്ചന്റെയടുത്ത് നിന്നും എങ്ങോട്ടെങ്കിലും ഓടി പോകാമെന്ന് ” എന്നോട് കരഞ്ഞു പറഞ്ഞവളാണ്. ഞാൻ പഠിച്ചു ജോലി കിട്ടുമ്പോൾ അമ്മേനെ നോക്കാമെന്നു പറഞ്ഞെന്റെ കണ്ണീരൊപ്പിയ കുട്ടിയാണ്. എനിക്കൊന്ന് കരയണമെന്ന് തോന്നി. അതേസമയം തന്നെ ആർജ്ജവമുള്ള സ്വന്തമായി വരുമാനമുള്ള ഒരു പെണ്ണായിട്ടും സമൂഹത്തെ പേടിച്ചുള്ള അവളുടെ ചൂളിയുള്ള നിൽപ് കണ്ടപ്പോൾ അവളെ ഉറക്കെ ശകാരിച്ച് മുഖമടച്ചൊരു അടി കൊടുക്കാനും തോന്നി.

“ഞാനിത്രേം അച്ചനെക്കുറിച്ച് പറഞ്ഞിട്ടും അമ്മക്ക് തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലേ ”

“ഇല്ല… നിന്റെ പറച്ചിൽ കേട്ടപ്പോൾ ആ തീരുമാനം എന്നെ കൂടുതൽ ഭ്രമിപ്പിക്കുന്നു. ഞാനില്ലയ്മയിൽ അയാൾ ആ വലിയ വീട്ടിൽ ഒരു ഭ്രാന്തനെപ്പോലെ ഉഴറി നടക്കുന്നതിന്റെ ഓർമ്മയിൽ പോലും എന്റെ ഹൃദയം തരളിതമാകുന്നു. എന്നെ കാണുമ്പോൾ മാത്രം പൊട്ടുന്ന അങ്ങേരുടെ മദം ഇനിയെന്റെ അഭാവത്തിലും  രൂക്ഷമാകുമെന്നോർക്കുമ്പോൾ എന്റെ ഞരമ്പുകൾ ത്രസിക്കുന്നു ”

ഞാൻ എഴുന്നേറ്റു.

“അമ്മ ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിച്ചില്ലല്ലോ… ”

മാതൃത്വത്തിന്റെ ഒടുങ്ങാത്ത അലിവോടെ ഞാൻ അവളെ നോക്കി. ഞാൻ എത്ര ദുർബ്ബലയായൊരു സ്ത്രീയാണ്… അമ്മയാണ്.

“വേണ്ട… എനിക്ക് ദാഹിക്കുന്നില്ല ”

പിന്തിരിഞ്ഞുനോക്കാതെ ഞാൻ നടന്നു. നിരത്തിലേക്കിറങ്ങിയതും മുന്നിൽ ഒരു ഓട്ടോ വന്നു നിന്നു.

“റെയിൽവേ സ്റ്റേഷൻ ”

ഞാൻ പുറത്തേക്കു നോക്കി. വെയിലാറിത്തുടങ്ങിയിരിക്കുന്നു. എങ്കിലും വായുവിൽ ചൂട് പുകയുന്നുണ്ട്. ബാഗിൽ നിന്നും വെള്ളമെടുത്ത് രണ്ടു കവിൾ കുടിച്ച് സാരിത്തലപ്പു കൊണ്ട് മുഖമൊന്നമർത്തി തുടച്ച് നഗരത്തിരക്കിലേക്കൊന്നു കണ്ണ് പായിക്കുമ്പോഴേക്കും സ്റ്റേഷൻ എത്തി.

ട്രെയിൻ രണ്ടു മണിക്കൂർ ലേറ്റാണ്. തിരക്കല്പം കുറഞ്ഞ ഒരു നീളൻ സിമെന്റ് ബെഞ്ചിലേക്ക് ടിക്കറ്റുമായി ഇരിക്കുമ്പോൾ ഞാൻ ഒരു വട്ടം കൂടി സുഗന്ധി  അമ്മായിയുടെ കത്തെടുത്ത്  വായിക്കാൻ തുടങ്ങി.

മോളേ,
നിനക്കിവിടം ഇഷ്ടമാകും. ന്റെ കുട്ടി ഇങ്ങോട്ട് വരൂ. ശേഷിക്കുന്ന ജീവിതമെങ്കിലും നീയൊന്നു സ്വച്ഛമായി ജീവിക്കൂ. ഒരു ദിവസമെങ്കിൽ ഒരു ദിവസം. ഞാനുണ്ട് കൂടെ….

ബനാറസ് പട്ടണത്തിൽ പുനർജ്ജനി ആശ്രമത്തിൽ  നിർമ്മലമായ ഹൃദയവുമായി എന്നെ കാത്തിരിക്കുന്ന സുഗന്ധി അമ്മായി. വാരാണസിയിലെ ഏതോ കല്പടവിലിരുന്നു കൊണ്ട്  പുരാതന ഗല്ലികളിലെ പെൺകുട്ടികളെ അക്ഷരം പഠിപ്പിക്കുന്ന കാഷായ വസ്ത്രത്തിനുള്ളിലെ പെൺവാദിയെക്കുറിച്ചോർത്തപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.ഗംഗയിലേക്കുള്ള ഘട്ടുകളിൽ ഒന്നിൽ ശുഭ്രമായ മനസ്സോടെ തേജസ്സാർന്ന ഹൃദയത്തോടെയിരുന്ന്  നിരാലംബരായ സ്ത്രീകളുടെ കദനങ്ങൾക്ക് കാതോർക്കുകയും അവരുടെ പുഴുവരിക്കുന്ന വ്രണങ്ങൾ ശുചിയാക്കുകയും ചെയ്യുന്ന സുഗന്ധിഅമ്മായിയുടെ മാറിലേക്ക് പറ്റിചേർന്നു നിൽക്കാൻ എനിക്ക് കൊതിയായി.

ഞാൻ കത്തു മടക്കിവെച്ച് പ്ലാറ്റ്ഫോമിലേക്ക് നോക്കി. എത്ര തിരക്കാണ് ഇവിടം മുഴുവൻ!എന്തെല്ലാം തരം കാഴ്ചകളാണ് ചുറ്റും!എങ്കിലും എന്റെ മനസ്സ് ശാന്തമാണ്.

മൂന്നു രാവും രണ്ടു പകലും ഓടി തീർക്കേണ്ട യാത്രക്കു വേണ്ടിയുള്ള ഊർജ്ജം ഉള്ളിൽ നിറക്കാനായി ഞാൻ അല്പനേരമെന്റെ കണ്ണുകളടച്ചിരുന്നു. അപ്പോൾ ശുഭമായി പര്യവസാനിക്കേണ്ട ഒരു യാത്രയുടെ ലക്ഷണമെന്ന പോലെ ഒട്ടുമേ തിടുക്കമില്ലാതെ എന്റെ ഹൃദയം മിടിച്ചുകൊണ്ടേയിരുന്നു…ശാന്തമായി…. അങ്ങേയറ്റം സ്വസ്ഥമായി…

സൗമ്യ മുഹമ്മദ്‌


“Lal Qila” എന്ന ചെങ്കോട്ട

 




ഇന്ത്യൻ പതാക പ്രൗഡിയോടെ ചെങ്കോട്ടയിൽ പാറിപറക്കുമ്പോൾ നമുക്ക് തോന്നുന്ന അഭിമാനം,

ആ കോട്ട നമ്മുടെ രാജ്യത്തിന്റെ ഭരണസംവിധാനത്തിന്റെ അല്ലെങ്കിൽ അധികാരത്തിന്റെ പ്രതീകം കൂടി ആയതുകൊണ്ടാണ്.

ചെങ്കോട്ടയുടെ ഭീമാകാരമായ മതിലുകളുടെ മുന്നിലൂടെ നടക്കുമ്പോൾ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിന്റെ സാക്ഷ്യപത്രമായ ഈ ഐതിഹാസിക കോട്ടയുടെ ചരിത്രം അറിയാൻ ആർക്കും ഒരു ആഗ്രഹം ഉണ്ടാകും.

1638-ൽ മുഗൾ ചക്രവർത്തിയായ ഷാജഹാനാണ് ചെങ്കോട്ട പണികഴിപ്പിച്ചത്. ഏകദേശം ഒരു ദശാബ്ദമെടുത്താണ് ഇതിന്റെ പണി പൂർത്തിയാക്കിയത്.

‘അനുഗ്രഹീത കോട്ട’ എന്നർഥം വരുന്ന ‘ഖിലാ-ഇ-മുബാറക്’ എന്നാണ് കോട്ടയുടെ യഥാർത്ഥ പേര്. സമീപ പ്രദേശങ്ങളിൽ നിന്ന് ഖനനം ചെയ്ത ചെങ്കല്ല് ഉപയോഗിച്ചാണ് കോട്ട പ്രധാനമായും നിർമ്മിച്ചത്.

ചുവന്ന മണൽക്കല്ലിന്റെ ഈ സമൃദ്ധമായ ഉപയോഗം കോട്ടയ്ക്ക് “റെഡ് ഫോർട്ട്” എന്ന പേരും നൽകി.

പേർഷ്യൻ, തിമൂറിഡ്, ഇന്ത്യൻ വാസ്തുവിദ്യാ ശൈലികളിലാണ് ചെങ്കോട്ട രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുഗൾ വാസ്തുവിദ്യയുടെ ഒരു മാസ്റ്റർപീസ് എന്ന് തന്നെ പറയാം. ഉസ്താദ് അഹമ്മദ് ലാഹോരി ആയിരുന്നു കോട്ടയുടെ മുഖ്യ ശില്പി.

ഡൽഹിയിലെ മുഗൾ ചക്രവർത്തിമാരുടെ പ്രധാന വസതിയായാണ് ഇത് നിർമ്മിച്ചത്.

ചെങ്കോട്ട അതിന്റെ പ്രതാപകാലത്ത് മുഗൾ ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകമായിരുന്നു. മഹത്തായ പല ചടങ്ങുകൾ, സൈനിക പരേഡുകൾ, രാജകീയ പരിപാടികൾ എന്നിവയ്ക്ക് ഇവിടം സാക്ഷ്യം വഹിച്ചു.

ചെങ്കോട്ട ഒരു ദീർഘചതുരാകൃതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, കൂടാതെ നിരവധി കവാടങ്ങളുള്ള ഉയർന്ന മതിലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഏറ്റവും പ്രശസ്തമായത് ലാഹോർ ഗേറ്റും ഡൽഹി ഗേറ്റുമാണ്.  ഇതിനകത്ത് കൊട്ടാരങ്ങളും സദസ്സുകളും മനോഹരമായ പൂന്തോട്ടങ്ങളും ഉണ്ട്.

കോട്ടയുടെ മുന്നിലായി ആദ്യം നമ്മെ വരവേൽക്കുന്നത് മഹത്തായ ലാഹോർ ഗേറ്റ് ആണ്, അതുകടന്ന് അകത്തേക്ക് പ്രവേശിച്ചാൽ ഇരുവശങ്ങളിലുമായി നിരവധി ഷോപ്പുകൾ കാണാം. ഇന്ത്യയുടെ കലാപരമായ പൈതൃകത്തിലേക്ക് ഒരു നേർക്കാഴ്ച നൽകുന്ന

കരകൗശല വസ്തുക്കളുടെയും സുവനീറുകളുടെയും ഒരു നിര തന്നെ ഉണ്ടിവിടെ. എല്ലാം നല്ല വിലപിടിപ്പുള്ള വസ്തുക്കളാണ്. ഒരുകാലത്ത് വ്യാപാരികൾ തങ്ങളുടെ സാധനങ്ങൾ പ്രഭുക്കന്മാർക്ക് വിറ്റിരുന്ന ഈ സ്ഥലം ‘ചട്ട ചൗക്ക് ‘ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

ഒരിക്കൽ സംഗീതജ്ഞർ ചക്രവർത്തിയുടെ വരവ് ശ്രുതിമധുരമായ ഈണങ്ങളോടെ അറിയിച്ചിരുന്ന നൗബത്ത് ഖാനയിലേക്കാണ് നമ്മൾ അടുത്തതായി പോകുന്നത്. അതിന്റെ ചുവരുകളിൽ അലങ്കരിച്ച സങ്കീർണ്ണമായ ഫ്രെസ്കോകളും പുഷ്പ ഡിസൈനുകളും മനോഹരമായ കാഴ്ചകളാണ്.

ദിവാൻ-ഇ-ആം,  ഷാജഹാൻ ചക്രവർത്തി തന്റെ പ്രജകളുടെ പരാതികൾ കേട്ടിരുന്നത് ഇവിടെ ഇരുന്നാണ്. ചക്രവർത്തിയുടെ സിംഹാസനവും അതിന് ചുറ്റുമുള്ള അലങ്കരിച്ച തൂണുകളും ഒരു നിമിഷം നമ്മെ പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോകും.

കിരീടവും ചെങ്കോലും അണിഞ്ഞ ഷാജഹാൻ ചക്രവർത്തി മയൂര സിംഹാസനത്തിൽ എല്ലാ പ്രൗഡിയോടും കൂടി വിരിഞ്ഞ് ഇരിക്കുന്ന കാഴ്ച്ച ഒന്ന് സങ്കല്പിച്ചു നോക്കൂ. മുത്തുകളും പവിഴങ്ങളും രത്നങ്ങളും കൊണ്ട് അലങ്കരിച്ച കൊട്ടാരം. ഇന്ന് അതിന്റെ ഒരു പ്രൗഡിയും നമുക്ക് നേരിട്ട് കാണാൻ കഴിയില്ല എന്നുള്ളത് നിരാശജനകമായ ഒരു വസ്തുതയാണ്.

ദിവാൻ-ഇ-ഖാസ്, ചക്രവർത്തിമാർ മീറ്റിങ്ങുകൾ നടത്തിയിരുന്ന ഒരു പ്രൈവറ്റ് ഹാൾ ആണിത്. ചരിത്രത്തിന് നഷ്ടപ്പെട്ട മുഗൾ ഐശ്വര്യത്തിന്റെ മിന്നുന്ന പ്രതീകമായ പ്രസിദ്ധമായ മയൂര സിംഹാസനം ഇവിടെയാണ് ഉണ്ടായിരുന്നത്.

സ്ത്രീകൾക്കായി ഒരുക്കിയ രംഗ് മഹലിലേക്കാണ് അടുത്തതായി പോകേണ്ടത്. അവിടെ ചുറ്റുമുള്ള ഗാർഡൻ വളരെ മനോഹരമായി ഒരുക്കി വെച്ചിട്ടുണ്ട്. രംഗ് മഹലിന്റെ അകത്തളങ്ങൾ അതിമനോഹരമായ പേർഷ്യൻ ശൈലിയിലുള്ള അലങ്കാരങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. യമുനാ നദിയിലെ വെള്ളം ഒഴുകുന്നതിനായി പ്രത്യേക പാതകൾ ഇവിടെ ഒരുക്കിയിരുന്നു. ഒരു മസ്ജിദ് കൂടി ഇതിന് അടുത്തായി നമുക്ക് കാണാം.

മുഗൾ കാലഘട്ടവുമായി ബന്ധപ്പെട്ട പുരാവസ്തുക്കൾ, പെയിന്റിംഗുകൾ, ചരിത്ര വസ്തുക്കൾ എന്നിവയുടെ ശേഖരം പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം കൂടി ചെങ്കോട്ടയിലുണ്ട്.

2007-ൽ, ചെങ്കോട്ടയുടെ ചരിത്രപരവും വാസ്തുവിദ്യാ പ്രാധാന്യവും കണക്കിലെടുത്ത് യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി ഇതിനെ പ്രഖ്യാപിക്കുക ഉണ്ടായി. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ചെങ്കോട്ട ഇപ്പോൾ ഉള്ളത്.

പുതിയ 500 രൂപ കറൻസിയുടെ പിൻഭാഗത്ത് കാണുന്ന ചിത്രം ചെങ്കോട്ടയുടേത് ആണ്.

ഇന്ന് ഡെൽഹിയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ചെങ്കോട്ട.  എല്ലാ വർഷവും ഈ ചരിത്ര സ്മാരകത്തിൽ സ്വാതന്ത്ര്യ ദിനത്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്താറുണ്ട്.

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ അടയാളമായി 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആദ്യമായി ദേശീയ പതാക ഉയർത്തിയ സ്ഥലമാണ് ചെങ്കോട്ട.  ഈ ചരിത്രസംഭവം രാജ്യത്തിന്റെ കൂട്ടായ ഓർമ്മയിൽ ആഴത്തിൽ വേരൂന്നിയ ഒന്നാണ്. അതേ സ്ഥലത്ത് പാരമ്പര്യം തുടരുന്നത് സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും ആശയത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

റെഡ്ഫോർട്ട്‌ പ്രവേശന സമയം 9.30 am to 4.30 pm വരെയാണ്. തിങ്കളാഴ്ച്ച ദിവസം പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ടിക്കറ്റ് നിരക്ക് ഒരാൾക്ക് മുപ്പത്തിയഞ്ച് രൂപയാണ്.

ഇവിടെയ്ക്ക് എത്താൻ മെട്രോ സൗകര്യം ലഭ്യമാണ്. അടുത്തുള്ള മെട്രോ സ്റ്റേഷനുകൾ Lal Quila (Violet Line), Chandni Chowk (Yellow Line) എന്നിവയാണ്.

റെഡ്ഫോർട്ടിന് അടുത്തായി കാണാൻ സാധിക്കുന്ന മറ്റു പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസ് :

Chandni Chowk Market Jama Masjid (900 m), Raj Ghat (2 km), India Gate (7 km), Humayun’s Tomb (9 km)

 

കിഷോർ ലാൽ

ലൈംഗീകാരോഗ്യം, പ്രശ്നങ്ങൾ, പരിഹാരങ്ങൾ – ഭാഗം2

 


ലൈംഗീക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് മുഖ്യമായും പല ലൈംഗീക പ്രശ്‌നങ്ങളുടെയും പിന്നണിയിൽ പ്രവർത്തിക്കുന്നതെന്ന് ഞാൻ മുൻ അധ്യായത്തിൽ സൂചിപ്പിച്ചിരുന്നുവല്ലോ. ഇത്തരം പ്രശ്‌നങ്ങൾ മനസ്സിലാക്കണമെങ്കിൽ ലൈംഗീകത എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ലൈംഗീക വിനോദത്തിനോ പ്രത്യുത്‌പാദനത്തിനോ അല്ലെങ്കിൽ ഇവ രണ്ടിനുമോ വേണ്ടി സ്‌ത്രീ പുരുഷന്മാർ ഇണ ചേരുന്നതിനെയാണ് ലൈംഗീക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്ക് ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകളും താത്‌പര്യങ്ങളും അനിവാര്യവുമാണ്.

ലൈംഗീക ബന്ധത്തിന്റെ വിവിധ പ്രവർത്തനങ്ങളെ ആകെ സെക്ഷ്വൽ റെസ്‌പൊൺസ് സൈക്കിൾ എന്ന് പറയും. ഇത് നാല് വിവിധ ഘട്ടങ്ങളായാണ് തിരിച്ചിട്ടുള്ളത്. ഇതിലെ എല്ലാ ഘട്ടങ്ങളും ഒരു സംതൃപ്‌ത ലൈംഗീക ബന്ധത്തിന് തുല്യ പ്രാധാന്യം ഉള്ളവ തന്നെയാണ്. ഇതിൽ ഏതു ഘട്ടത്തിലുണ്ടാകുന്ന പ്രശ്നങ്ങളും നമ്മുടെ ലൈംഗീക മാനസിക ആരോഗ്യത്തിൽ പ്രതിഫലിക്കാവുന്നതു തന്നെയാണ്.

എക്സയിറ്റ്മൻറ് അഥവാ ആവേശം എന്നതാണ് ആദ്യ ഘട്ടം. ഇത് ഏതാനും മിനുട്ടുകൾ മുതൽ ഏതാനും മണിക്കൂറുകൾ വരെ നീണ്ടു നിന്നേക്കാം. ഇതിന്റെ സമയ ദൈർഘ്യം കൂടുന്നതനുസരിച്ചു ലൈംഗീക സംതൃപ്‌തിയും കൂടുന്നതായിരിക്കും. ശരീരത്തിലെ മസിലുകൾ മുറുകുക, ഹൃദയ നിരക്ക്, ശ്ശ്വാസോച്‌വാസം എന്നിവ കൂടുക, ലൈംഗീകാവയവങ്ങളിലേക്കു രക്‌ത സംക്രമണം അധികരിക്കുക, മുലക്കണ്ണുകൾ ദൃഢമാകുക, സ്‌ത്രീകളുടെ യോനീച്ഛദം (ക്ലിറ്റോറിസ്), യോനിച്ചുണ്ടുകൾ തുടങ്ങിയവയ്ക്കും പുരുഷ ലിംഗത്തിനും ഉദ്ധാരണമുണ്ടാകുക, യോനിസ്രവങ്ങൾ ഉണ്ടാകുക, പുരുഷന്മാരിൽ വൃഷണങ്ങൾ വീർക്കുക, സ്രവങ്ങളുൽപാദിപ്പിക്കുക, സ്‌ത്രീകളിൽ മാറിടങ്ങൾ വീർത്തു വരിക തുടങ്ങിയവയാണ് ഈ ഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങൾ.

രണ്ടാമത്തെ ഘട്ടം പ്ലാറ്റോ (plateau)എന്നാണറിയപ്പെടുന്നത്. ഒന്നാം ഘട്ടമായ എക്സയിറ്റ്മൻറ് തീവ്രത കൂടിയ ഘട്ടമാണിത്. യോനി കൂടുതൽ വികസിക്കുകയും വീർക്കുകയും ചെയ്യും.യോനീഭിത്തികൾ ഇരുണ്ട പർപ്പിൾ നിറത്തിലാകും. യോനിച്ഛദം കൂടുതൽ സൂക്ഷ്‌മ സംവേദന ക്ഷമതയുള്ളതാകുന്നു. ഹൃദയ നിരക്ക്, ശ്വാസ നിരക്ക്, രക്‌ത സമ്മർദ്ദം എന്നിവ ക്രമാതീതമായി ഉയരുന്നതും, കാൽ പാദങ്ങളിലെയും കൈകളിലെയും മുഖത്തെയും മസിലുകൾ വലിഞ്ഞു മുറുകുന്നതും ഈ ഘട്ടത്തിലാണ്.

മൂന്നാമത്തെ ഘട്ടമാണ് ഓർഗാസം അഥവാ രതിമൂർച്ഛ എന്നറിയപ്പെടുന്നത്. ഇത് തന്നെയാണ്  സെക്ഷ്വൽ റെസ്‌പോൺസ് ചക്രത്തിന്റെ മൂർദ്ധന്യം എന്നറിയപ്പെടുന്നതും. ഹൃദയ, ശ്വാസ നിരക്കുകൾ, രക്‌തസമ്മർദം എന്നിവ അതിന്റെ മൂർദ്ധന്ന്യത്തിലെത്തുന്നതും ഇതിൽത്തന്നെ. ലൈംഗീക പിരിമുറുക്കത്തിൽ നിന്ന് മുക്‌തിപ്രാപിക്കുന്നതു രതിമൂർച്ഛയിലൂടെയാണ് . സ്‌ത്രീകളിൽ യോനിയും ഗർഭാശയവും പ്രത്യേക താളത്തിൽ സങ്കോചിക്കുകയും അപൂർവമായ ഒരു സുഖാവസ്ഥയിലേക്കു നയിക്കപ്പെടുകയും ചെയ്യും.പുരുഷൻമാരിൽ ലിംഗത്തിന്റെ അടിഭാഗത്തുള്ള മസിലുകൾ താളാത്‌മകമായി സങ്കോചിക്കുകയും സ്ക്കലനം നടക്കുകയും ചെയ്യും. പുരുഷനെ സംബന്ധിച്ചിടത്തോളം ഏറ്റവും സുഖകരമായ അവസ്ഥ നൽകുന്ന ഒന്നാണ് സ്ക്കലനം.

നാലാമത്തെ ഘട്ടമാണ് റെസൊല്യൂഷൻ (resolution) എന്നറിയപ്പെടുന്നത്. ഈ അവസ്ഥയിലാണ് ശരീരം അതിന്റെ പൂർവകാല പ്രവർത്തനങ്ങളിലേക്ക് മടങ്ങുന്നത്. ഇത് സുഖത്തിന്റെയും അടുപ്പത്തിന്റെയും ക്ഷീണത്തിന്റെയും സമ്മിശ്രമായ ഒരു ഘട്ടമാണ്. സ്‌ത്രീകളിൽ ചിലർക്ക് ഈ ഘട്ടത്തിൽ നിന്ന് വീണ്ടും പെട്ടെന്ന് തന്നെ വീണ്ടുമൊരു രതിമൂർച്ഛാ ഘട്ടത്തിലേക്ക് മടങ്ങുവാൻ സാധിക്കും. സ്‌ത്രീകളുടെയും പുരുഷൻമാരുടെയും റെസൊല്യൂഷൻ ഘട്ടങ്ങൾ വ്യത്യസ്‌തമാണ്. സ്‌ത്രീകൾക്ക് ഒന്നിലധികം രതിമൂർച്ഛകൾ സാധ്യമാണെങ്കിലും പുരുഷനിൽ റെസൊല്യൂഷൻ ഘട്ടം ദീർഘമായാണ് കണ്ടുവരുന്നത്. അതിനു റിഫ്രാക്ടറി പീരീഡ് എന്നാണ് പറയുന്നത്. ഈ സമയത്തു വീണ്ടുമൊരു രതിമൂർച്ഛ പുരുഷന് അപ്രാപ്യമാണ്. പ്രായം കൂടുംതോറും റിഫ്രാക്ടറി സമയം കൂടിക്കൊണ്ടിരിക്കും.

സ്‌നേഹവും ദൃഢമൈത്രിയും ഊട്ടിയുറപ്പിക്കാൻ കഴിയുന്ന ഒരു ഘട്ടമാണ് റെസൊല്യൂഷൻ എന്നതാണ് ഇതിന്റെ പ്രാധാന്യം. സ്‌ത്രീ എപ്പോഴും പുരുഷന്റെ കരുതൽ ഇഷ്‌ടപ്പെടുന്നു എന്നത് തർക്കമില്ലാത്ത ഒരു സത്യമാണ്. പുരുഷന്റെ ലൈംഗീകത രതിമൂർച്ഛയിലൂടെ തിരശീലയിടപ്പെടുന്നു. അതിനു ശേഷം ലൈംഗീക ചേഷ്‌ടകളോ സ്‌പർശനം പോലുമോ ഇഷ്‌ടപ്പെടാത്തവർ ധാരാളമുണ്ടാകും. എന്നാൽ സ്‌ത്രീക്ക് ഈ ഘട്ടം അങ്ങനെയല്ല. രതിമൂർച്ഛക്കു ശേഷമുള്ള ലൈംഗീക ചേഷ്‌ടകളും ഭാവങ്ങളും അവരെ വീണ്ടും രതിമൂർച്ഛയിലെത്തിച്ചേക്കാം. ഈ ഘട്ടത്തിലുള്ള പുരുഷന്റെ തലോടലോ, കെട്ടിപ്പിടിക്കലോ സ്‌ത്രീകളിൽ തൃപ്‌തിയും സ്‌നേഹവും വർധിപ്പിക്കാൻ കാരണമാകും എന്ന് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്‌ത്രീ അതാഗ്രഹിക്കുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി. ഇത്തരം പ്രവർത്തികൾ സ്‌ത്രീകളിൽ ഇണയോടുള്ള സ്‌നേഹവും അടുപ്പവും വിശ്വാസവും വർധിക്കുന്നതിന് കാരണമാകുമെന്ന് പുരുഷന്മാരും മനസിലാക്കിയിരിക്കേണ്ടതാണ്.

ലൈംഗീകതയുടെ രസതന്ത്രം

ലൈംഗീക ബന്ധത്തിനും ലൈംഗീകതക്കും സഹായിക്കുന്ന വിവിധ ഹോർമോണുകൾ നമ്മുടെ ശരീരം സൃഷ്‌ടിക്കുമെങ്കിലും ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ, പ്രൊലാക്ടിൻ എന്നിവയാണ് ഇതിൽ മുഖ്യസ്ഥാനം വഹിക്കുന്നത്. ഇതിൽ ടെസ്റ്റോസ്റ്റിറോൺ പുരുഷ ഹോർമോണും ഈസ്ട്രോജൻ സ്‌ത്രീ ഹോർമോണുമാണ്. പാൽ ഉത്‌പാദനമാണ് പ്രൊലാക്ടിൻറെ മുഖ്യ ധർമ്മം. ഈ ഹോർമോണുകളെല്ലാം വ്യത്യസ്ഥ അളവുകളിൽ സ്‌ത്രീ പുരുഷന്മാരിലുണ്ടാകും. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂടുതലും ഈസ്ട്രജന്റെ അളവ് കുറവുമായിരിക്കും. സ്‌ത്രീകളിലാകട്ടെ നേരേ മറിച്ചും. ഈസ്ട്രജൻ കൂടുതലും ടെസ്റ്റോസ്റ്റിറോൺ കുറവുമായിരിക്കും.

അതുപോലെ തന്നെ സ്‌ത്രീയുടെ ലൈംഗീക വികാരങ്ങളെ കുറക്കുന്ന മറ്റൊരു ഹോർമോൺ ആണ് പ്രൊജസ്റ്റീറോൺ. സാധാരണയായി ആർത്തവ ചക്രത്തിലെ അണ്ഡോത്‌പാദന സമയത്ത്, അതായത് ആർത്തവമായി പത്തു മുതൽ പതിനെട്ടു വരെയുള്ള ദിവസങ്ങളിൽ ഈസ്ട്രജന്റെ അളവ് കൂടുതലും പ്രൊജസ്ട്രോജന്റെ അളവ് കുറവുമായിരിക്കും. ഇക്കാലഘട്ടങ്ങളിൽ ആരോഗ്യവതികളായ സ്‌ത്രീകളിൽ ലൈംഗീക വികാരം കൂടുതലായിരിക്കും. ഇത് പ്രത്യുൽപ്പാദനത്തിന്റെ പ്രകൃതി നിയമവുമാണ്.

ലൈംഗീകതയെ സ്വാധീനിക്കുന്ന മറ്റു രണ്ടു ഹോർമോണുകളാണ് ഓക്‌സിടോസിനും വാസോപ്രെസ്സിനും. മനുഷ്യരെത്തന്നെ അടുപ്പിക്കുകയും സ്‌നേഹിപിക്കുകയും ചെയ്യിപ്പിക്കുക എന്നതാണ് ഓക്‌സിടോസിന്റെ പ്രധാന ധർമ്മം. ഈ ഹോർമോൺ തന്നെയാണ് പ്രസവ സമയത്തു ഗർഭപാത്രത്തിന്റെ സങ്കോചമുണ്ടാക്കുന്നതും. സ്ക്കലനസമയത്ത് ഈ ഹോർമോണിന്റെ അളവ് കൂടുതലായിരിക്കും എന്നതും ഇണയോടുള്ള ബന്ധത്തിന് തീവ്രത നൽകുന്നു. വാസോപ്രെസ്സിൻ പുരുഷന്മാരിൽ ലൈംഗീക വികാരം വർധിപ്പിക്കുകയും ഉദ്ധാരണം ഉണ്ടാക്കുകയും ചെയ്യും. എന്നാൽ ഇത് സ്‌ത്രീകളിൽ ലൈംഗീക വികാരം കുറയ്ക്കുകയാണ് ചെയുക.

ആർത്തവവിരാമവും ലൈംഗീകതയും

ആർത്തവവിരാമത്തിൽ ലൈംഗീക ഹോർമോണുകളുടെ അളവിൽ കുറവുണ്ടാകുന്നു എന്നത് വാസ്‌തവംതന്നെ. അതുകൊണ്ടുതന്നെ അവരുടെ ലൈംഗീകതയിലും ചെറിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ലൈംഗീകമായി ഉണരുന്നതിൽ കാലതാമസമുണ്ടാകുക, സ്‌പർശനങ്ങൾക്ക് വികാരമുണർത്തുന്നതിൽ മുൻപുണ്ടായിരുന്ന തീവ്രത നഷ്‌ടപ്പെടുക തുടങ്ങിയവയെല്ലാം ആർത്തവവിരാമത്തോടടുപ്പിച്ചു കുറച്ചുകാലം ഉണ്ടാകാനിടയുണ്ട്. ഇത് മാറിയ ഹോർമോണുകളുമായി പൊരുത്തപ്പെടാൻ ആവശ്യമായ സമയം മാത്രമാണ്. ശാരീരികവും മാനസികവുമായ മറ്റസ്വസ്ഥതകളും ഇക്കാലത്തുണ്ടാകും. എന്നാൽ ലൈംഗീകതക്ക് ആർത്തവവിരാമവുമായി വലിയ ബന്ധമൊന്നുമില്ല. ലൈംഗീകതക്ക് പ്രായം വലിയ പ്രശ്‌നമൊന്നുമല്ല എന്നർത്ഥം. എന്നാൽ മറ്റു ചില പ്രശ്‌നങ്ങൾ അവരെ അലട്ടിയേക്കാം. പ്രമേഹം, രക്‌തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ ആയിരിക്കും അവ. ഈസ്ട്രജന്റെ കുറവ് യോനിയിലേക്കുള്ള രക്‌തപ്രവാഹം കുറക്കുകയും തൻമൂലം യോനീസ്രവങ്ങൾ കുറയുകയും ലിംഗപ്രവേശനം ബുദ്ധിമുട്ടാകുകയും ചെയ്യാറുണ്ട്. ഇത് പരിഹരിക്കാനുതകുന്ന ലേപനങ്ങൾ ഇന്ന് ലഭ്യമാണ്. പലർക്കും ഇക്കാലങ്ങളിലെ ലൈംഗീക ബന്ധങ്ങൾ പഴയതിനേക്കാൾ ആസ്വാദ്യകരമാണെന്നാണ് യാഥാർഥ്യം. ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയുന്ന ശസ്‌ത്രക്രിയകൾ വഴിയുള്ള  നിർബന്ധിത ആർത്തവ വിരാമമാണ് പൊതുവെ ലൈംഗീക വികാരം കുറയ്ക്കുന്നതായി കാണപ്പെടുന്നത്. മനസിനും ശരീരത്തിനും ആർത്തവവുമായി പൊരുത്തപ്പെടാനാകാത്തതാണ് ഇതിന്റെ കാരണം. അസ്ഥി സംബന്ധമായ പ്രശ്‌നങ്ങളും കൂടുതൽ ഇക്കൂട്ടരിൽ തന്നെ. ഇത്തരം ശസ്‌ത്രക്രിയകൾ നടത്തുന്നതിന് മുൻപ് അതിന്റെ ആവശ്യകത കൂടി മനസിലാക്കുന്നത് നന്നായിരിക്കും.

സ്‌ത്രീകളിലെ ആർത്തവവിരാമം പോലെ അപൂർവമെങ്കിലും പുരുഷന്മാരിലും ഒരു വിരാമമുണ്ട്. ഇതിനെ ആൻഡ്രെപ്പോസ് എന്നാണ് വിളിക്കുന്നത്. ഇതിനു കൃത്യമായ പ്രായപരിധിയൊന്നുമില്ല. മുപ്പതു ശതമാനം അമ്പതു വയസിനു മുൻപുള്ളവരെയും പത്തു ശതമാനം മുപ്പത്തിനു മുകളിൽ പ്രായമുള്ളവരെയും ബാധിക്കുന്നുണ്ടെന്ന് കണക്കുകൾ സമർത്ഥിക്കുന്നു. എന്നാൽ എൺപതു വയസിനു മുകളിൽ ഇത് ബാധിക്കാത്തവരുമുണ്ട്. ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നത് തന്നെയാണ് ഇതിന്റെ കാരണം.

ഹോമോസെക്ഷ്വാലിറ്റി

ഒരേ ലിംഗത്തിൽപ്പെട്ട ആളുകൾ തമ്മിലുള്ള ലൈംഗീക ആകർഷണമാണ് ഹോമോസെക്ഷ്വാലിറ്റി. സ്‌ത്രീകൾ സ്‌ത്രീകളുമായും പുരുഷന്മാർ പുരുഷന്മാരുമായും മാനസികവും ശാരീരികവുമായ ആകർഷണം ഉണ്ടാകുന്ന ഒരു അവസ്ഥ. ഇത് മുൻകാലങ്ങളിൽ ഒരു രോഗാവസ്ഥയായിട്ടാണ് കണ്ടിരുന്നതെങ്കിലും ഇപ്പോൾ ഇത് ഒരു അവസ്ഥ മാത്രമാണ്. രോഗമല്ല എന്നർത്ഥം. പല രാജ്യങ്ങളും ഇത്തരം വിവാഹങ്ങൾക്ക് നിയമ സാധുത വരെ നൽകി കഴിഞ്ഞിരിക്കുന്നു. ഹോമോസെക്ഷ്വൽ ആയ സ്‌ത്രീകളെ ലെസ്ബിയൻ എന്നും പുരുഷന്മാരെ ഗേയ് എന്നും സാധാരണ ഭാഷയിൽ പറഞ്ഞുവരുന്നു. ഇത്തരക്കാർക്ക് എതിർ ലിംഗത്തിൽ പെട്ടവരോട് ലൈംഗീകാകർഷണം ഉണ്ടാകാറില്ല. സാധാരണ വിവാഹബന്ധങ്ങൾ നിലനിർത്തുക എന്നതുതന്നെ ഇവർക്ക് സാധ്യമാകുകയില്ല. ഏതു ലിംഗത്തിൽപ്പെട്ടവരോടും ലൈംഗീകാകർഷണമുള്ളവർ ബൈസെക്ഷ്വൽസ് എന്നാണറിയപ്പെടുന്നത്. ഇത്തരക്കാർക്ക് സ്വന്തം ലിംഗത്തിൽ പെട്ടവരോ എതിർ ലിംഗത്തിൽ പെട്ടവരോ അല്ലെങ്കിൽ ഭിന്നലിംഗത്തിൽ പെട്ടവരോ ആയി ആനന്ദകരമായ ലൈംഗീക ബന്ധം സാധ്യമാകുന്നു.

ലൈംഗീക താൽപര്യങ്ങൾ മുതൽ ലൈംഗീക സ്വഭാവം വരെ നിയന്ത്രിക്കുന്നത് തലച്ചോറാണ് എന്ന് പറയുന്നതാകും കൂടുതൽ ശരി. ഏറ്റവും പ്രധാന ലൈംഗീക അവയവം ഏതാണെന്നു ചോദിച്ചാൽ തലച്ചോർ ആണെന്നേ ഞാൻ പറയുകയുള്ളൂ. മാനസിക പ്രശ്‌നങ്ങൾക്കും രോഗങ്ങൾക്കും ലൈംഗീകതയിൽ സാരമായ വ്യതിയാനം സൃഷ്‌ടിക്കാനാകും. അതുകൊണ്ടുതന്നെ ലൈംഗീക പ്രശ്‌നങ്ങൾ സ്വന്തം ഇണയോട് തുറന്നുപറയാനുള്ള ആർജവം ഉണ്ടാക്കുക എന്നതും ആവശ്യമുണ്ടെങ്കിൽ വിദഗ്ദ്ധരെ സമീപിക്കുക എന്നതും സന്തോഷകരമായ ഒരു ദാമ്പത്യ ബന്ധത്തിന് അത്യന്താപേക്ഷിതമാണ്.

 

ഡോ. സുനീത് മാത്യു