2024 മേയ് 27, തിങ്കളാഴ്‌ച
മുഖമൊഴി
കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത് നമ്മുടെ ചുറ്റുവട്ടത്തോ, വീട്ടിലോ തന്നെ എത്തിക്കഴിഞ്ഞു. അപരിചിതരേക്കാൾ ചിരപരിചിതരോ, അടുത്ത ബന്ധുക്കളോ ആണ് ഇത്തരം പീഡനങ്ങൾക്കു പുറകിൽ എന്നത് ഏറെ നടുക്കം നൽകുന്നു. സമൂഹത്തിലെ ചെറിയൊരു പക്ഷം മാത്രമാണിത്തരം കാര്യങ്ങൾ നടത്തുന്നതെങ്കിലും, ഇതിന് മാധ്യമങ്ങൾ നൽകുന്ന പ്രാധാന്യം ഏതൊരു മാതാപിതാക്കളേയും ആകുലപ്പെടുത്തുക തന്നെ ചെയ്യും. മാത്രമല്ല ഇപ്പോൾ പല അമ്മമാർക്കും സ്വന്തം ഭർത്താവിനെയോ, പിതാക്കന്മാരെത്തന്നെയോ പോലും വിശ്വാസമില്ലാതായിരിക്കുന്നു. അച്ഛൻ മകളെ പീഢിപ്പിച്ച കഥകൾ അത്ര വിപണനശേഷിയുള്ള ഒന്നായാണല്ലോ ഇന്ന് മാധ്യമങ്ങൾ കാണുന്നത്.
ഇതിനെല്ലാമുപരി കുട്ടികൾ സുരക്ഷിതരാകണം. അതവരുടെ അവകാശമാണ്. അതുറപ്പുവരുത്തേണ്ട ബാധ്യത പൂർണ്ണമായും മാതാപിതാക്കളുടെ കർത്തവ്യമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക, അവരോടൊപ്പം നിൽക്കുക, കുട്ടികളെ കേൾക്കുക, അവരെ തുറന്നു സംസാരിക്കുവാൻ പ്രാപ്തരാക്കുക എന്നിവയാണ് ഇതിൽ ഏറ്റവും പ്രധാനം. ലൈംഗീക അവയവങ്ങളെക്കുറിച്ചുള്ള അവരുടെ സംശയങ്ങൾക്കുപോലും മറുപടി പറയാൻ ഇന്ന് പല മാതാപിതാക്കൾക്കും സാധിക്കുന്നില്ല എന്നത് നമ്മുടെ ലൈംഗീക വിദ്യാഭ്യാസത്തിന്റെയും ബോധത്തിന്റെയും അപര്യാപ്തത തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ അവസ്ഥ മാറണം.
ഒരു കുട്ടി പീഡനത്തിനിരയായാൽ അത് മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും അതിനെതിരെ അനാവശ്യമായി കുറെ പ്രതികരണങ്ങൾ സാമൂഹ്യ മാധ്യമത്തിൽ ഒളിഞ്ഞിരുന്നെറിയുകയുമല്ല യഥാർത്ഥത്തിൽ വേണ്ടത്. കുട്ടികളെ സുരക്ഷിതരാക്കുവാൻ വേണ്ട നടപടികൾ കൈക്കൊള്ളുക എന്നതാണ് പ്രധാനം. അതിനു വേണ്ട ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
കുട്ടികൾ സുരക്ഷിതമായ കൈകളിൽ തന്നെയാണെന്ന് ഉറപ്പു വരുത്തണം. അടുത്ത ബന്ധുക്കളാണെങ്കിലും ഒറ്റയ്ക്ക് താമസിക്കുന്നവരുടെയടുത്ത് കുട്ടികളെ നോക്കുവാൻ ഏൽപ്പിക്കാതിരിക്കുക. അപരിചിതരായ ആളുകളോട് കൂടുതൽ ഇടപഴകുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാതിരിക്കുക. ഒരുദാഹരണത്തിന് അപരിചിതനായ ഒരാൾ കുട്ടിയെ നോക്കി ചിരിച്ചാൽ, മാമനൊരു ‘ഹായ്’ പറയൂ മോനെ/ മോളെ എന്ന് കുട്ടികളോട് പറയരുതെന്നർത്ഥം. അതുപോലെ ആരെങ്കിലും നിങ്ങളുടെ കുട്ടിയോട് അകാരണമായ ഇഷ്ടം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക.
ശരിയായ ലൈംഗീക വിദ്യാഭ്യാസം വളരെ ചെറുപ്പത്തിൽ തന്നെ ആരംഭിക്കുക. രണ്ടോ മൂന്നോ വയസ്സുള്ള കുട്ടിക്ക് എന്ത് ലൈംഗീക വിദ്യാഭ്യാസം എന്ന് ചിന്തിക്കേണ്ടതില്ല. ലൈംഗീക അവയവങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും, അത് അവരുടെ സ്വന്തം സ്വത്താണെന്നും, മറ്റുള്ളവർ അതിൽ സ്പർശിക്കുവാൻ അനുവദിക്കുവാൻ പാടില്ല എന്ന ബോധവും അവരിൽ ഉണ്ടാക്കുക തന്നെ വേണം. ഇതെന്റെ സ്വകാര്യ ഭാഗമാണ്, ഇവിടെ നിങ്ങൾ സ്പർശിക്കുവാൻ പാടില്ല എന്ന് എന്റെ അച്ഛൻ/’അമ്മ പറഞ്ഞിട്ടുണ്ട് എന്നൊരു കുട്ടിയ്ക്ക് പറയുവാൻ കഴിയുന്ന ധൈര്യമാണ് നമ്മൾ ഉണ്ടാക്കേണ്ടത്. ഉറക്കെ കരയുവാനും, മറ്റാളുകളുടെ ശ്രദ്ധയാകര്ഷിക്കുവാനും അവരെ പ്രാപ്തരാക്കണം.
കൂടുതൽ കുട്ടികളും ഭീഷണിക്ക് വഴങ്ങുന്നവരായിരിക്കും, പുറത്തു പറഞ്ഞാൽ നിന്നെ കൊല്ലും, അല്ലെങ്കിൽ മാതാപിതാക്കളെ കൊല്ലും, സഹോദരങ്ങളെ കൊല്ലും എന്നെല്ലാമായിരിക്കും ഭീഷണി. ഇതിനെ നേരിടുവാൻ കുട്ടിയെ നാം മുൻകൂട്ടി തയാറാക്കണം. ഇതൊക്കെ വെറുതെയാണ്, ഇതിനെ ശക്തമായി നേരിടുവാൻ ഞങ്ങൾ കൂടെയുണ്ട്, നിയമം കൂടെയുണ്ട്, പോലീസ് കൂടെയുണ്ട് എന്നെല്ലാം കുട്ടികളെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നതു ഉചിതമായിരിക്കും.
ഒരു കുട്ടി ആരോടെങ്കിലും ഇടപഴകുന്നതിൽ പെട്ടെന്ന് വിമുഖത കാണിച്ചാൽ ശ്രദ്ധിക്കുക. ആരെക്കുറിച്ചെങ്കിലും കുട്ടി പരാതിപ്പെട്ടാൽ, കുട്ടി വെറുതെ പറയുകയാണെന്ന് കരുതാതിരിക്കുക, അവർ നിങ്ങളുടെ എത്ര പ്രിയപ്പെട്ടവരാണെങ്കിലും. കുട്ടികളുടെ പ്രശ്നങ്ങൾ എന്തുതന്നെയായാലും നിങ്ങളോടു തുറന്നു പറയാം എന്നവരെ ബോധ്യപ്പെടുത്തുക. കുട്ടികളെ അടുത്ത ബന്ധുക്കൾ ഉമ്മ വൈക്കുന്നതിലോ തൊടുന്നതിലോ തെറ്റില്ല. അത് ആരോടും പറയണ്ട എന്ന് കുട്ടിയോട് പറയുകയാണെങ്കിൽ അപകടമാണ്. അത്തരം കാര്യങ്ങൾ തുറന്നു പറയുന്നതിന് കുട്ടിയെ പ്രാപ്തരാക്കുക്കുക. അതുപോലൊന്നാണ് ‘നല്ല തൊടലും’ ‘ചീത്ത തൊടലും’. ഇതിന്റെ വ്യത്യാസം മനസ്സിലാക്കുവാനും കുട്ടികളെ പഠിപ്പിക്കുക.
കുട്ടികളെ സമപ്രായക്കാരോടൊത്തുമാത്രം കളിക്കുവാനും, സമയം ചിലവഴിക്കുവാനും പ്രേരിപ്പിക്കുക. വലിയ പ്രായവ്യത്യാസമുള്ളവരോടൊത്തു സമയം ചിലവഴിക്കുന്നത് നിരുത്സാഹപ്പെടുത്തുക. സ്വന്തം അഭിപ്രായങ്ങൾ ആരോടും തുറന്നു പറയുവാനുള്ള ധൈര്യം പകർന്നു നൽകുക. ഇനിയൊരു കുട്ടിയും പീഡിപ്പിക്കപ്പെടാത്ത നിലയിൽ നമുക്കവരെ മാറ്റിയെടുക്കാം.
ഡോ. സുനീത് മാത്യു
ഓർമ്മകളുണ്ടായിരിക്കണം!
ബോൺസായ്
എന്നിലെ ഞാൻ
ഉള്ളിലിരുന്നെന്നെ
നോക്കുന്നൊരു നോട്ടമുണ്ട്.
അത് അയൽപക്കക്കാരിയുടെ
കുശുമ്പുകുത്തുന്ന കണ്ണ് കൊണ്ടുള്ള
നോട്ടത്തോട് കിടപിടിക്കുന്നതാണ്.
ആ നോട്ടം പേടിച്ചല്ലേ
മതിലിന് മുകളിൽ
അലങ്കാരമായി വിരാജിക്കുന്ന
കത്തുന്ന ചോപ്പ് നിറമുള്ള ബോഗൻവില്ലയുടെ
മുള്ളുകൾക്കപ്പുറമുള്ള ആകാശം
ഞാൻ കാണാതെ പോയത്?
ആ ആകാശക്കീറിലായിരുന്നില്ലേ
കുഞ്ഞുനാളിൽ ഞാൻ വരച്ച
സ്വപ്നരൂപങ്ങൾ ഉണ്ടായിരുന്നത്?
ആ നാളുകളിലെന്നും
സ്കൂളുകഴിഞ്ഞ് വരുന്ന
വൈകുന്നേരങ്ങളിൽ
അകലെയേതോ മലനിരകളിൽ പിറവിയെടുക്കുന്ന
മഴമേഘങ്ങളെ കാത്തിരിക്കും നേരം
വാതിൽപ്പടിയിലിരുന്ന് ഞാനാ രൂപങ്ങളെ
മായ്ച് വരക്കാറുണ്ടായിരുന്നില്ലേ?
അവയ്ക്ക് നിറമേകാൻ
സാന്ധ്യ മേഘങ്ങളിലെ
ചായക്കൂട്ടിൽ നിന്ന്
അപൂർവനിറങ്ങളൊന്നൊഴിയാതെ
ഞാൻ കടമെടുക്കുമായിരുന്നില്ലേ?
പിന്നെപ്പോഴോ
ഇടവഴിയുടെ തുമ്പത്തെ
നാലുവേലിക്കുള്ളിലെ
തിണ്ണയുള്ള വീടന്യമായ നേരം
എൻ്റെ ഒരു കീറാകാശവും
എന്നെ വിട്ടു പോയതറിയാതെ
ചുറ്റും ശബ്ദമുള്ള,
എന്നാൽ എനിക്കെന്നും
ഏകാന്തതയുടെ ഒറ്റത്തുരുത്തായിരുന്നിടത്തല്ലേ
എൻ്റെ ആകാശം
എന്നിൽ നിന്നകന്നത്?
അപ്പോൾ മുതലല്ലേ
ഞാൻ എന്നിലേക്ക്
സൂക്ഷ്മമായി നോക്കിത്തുടങ്ങിയത്?
മുള്ളു നിറഞ്ഞ
ബോഗൻവില്ല ചെടികൾ
എൻ്റെ കാഴ്ചകൾക്ക്,
വർണ്ണങ്ങൾക്ക്,
മോഹങ്ങൾക്ക്
മറതീർക്കുവാൻ
ഞാനൊരുക്കിയ
മുൾവേലിയായിരുന്നില്ലേ?
ഞാൻ എന്തിനെയാണ്
ഭയപ്പെട്ടത്?
ആരുടെയൊക്കെയോ
നോട്ടങ്ങളെയോ?
ആരുടെയൊക്കെയോ
വിലക്കുകളെയോ ?
അതോ ബോണസായിക്കിട്ടിയ
സ്വാതന്ത്ര്യത്തെയോ?
കുറേ ‘അരുതുകളേയോ’?
ഒന്നുമല്ല,
ഒന്നിനേയുമല്ല,
ഞാൻ എന്നെയാണ് ഭയപ്പെട്ടത് !!!
ഞാൻ എന്നിൽ നിന്നാണ് ഒളിച്ചത്!!!
പെട്ടെന്നൊരു ദിനമല്ല,
കാലങ്ങളായി ഒളിവിലായിരുന്നു.
ഇനി കാലങ്ങളോളം
അങ്ങനെത്തന്നെ തുടരും.
ബോൺസായ് ചെടികളെ കണ്ടിട്ടില്ലേ?
തായ്ത്തണ്ടുയർത്തി,
ചില്ലകളിളക്കി
ഇലകൾ വിരുത്തിയാർത്ത് ചിരിച്ച്
ചരിക്കണമെന്നുണ്ടെങ്കിലും
ബോൺസായ് ആയല്ലേ
നിൽക്കാനാവൂ…..
അജിത.വി. അമ്പലപ്പുഴ
ആന ഡോക്ടർ : ജയമോഹൻ
”മനുഷ്യന്റെ അൽപ്പത്തം ഓരോ ദിവസവും കാണണമെങ്കിൽ കാട്ടിൽ കഴിയണം.”
കാട്ടിൽ വിനോദ യാത്രയായി വരുന്നവരിൽ മിക്കവാറും വിദ്യാഭ്യാസമുള്ളവർ. വലിയ പദവികളിലുള്ളവർ. നാട്ടിൽ നിന്ന് തന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും മദ്യവുമായിട്ടാണ് എത്താറു. വരുന്ന വഴി മുഴുവൻ തീറ്റയും കുടിയുമാണ്. നിർത്തി നിർത്തി ഛർദിച്ചു കൊണ്ട് കുഴഞ്ഞാടി തെറി പറഞ്ഞു ചിരിച്ചു കൊണ്ടാണ് വരവ്.
നിശബ്ദത നിറഞ്ഞ കാടിന്റെ മടക്കുകളിൽ മുഴുവൻ ഹോണടിച്ചു മാറ്റൊലി നിറക്കും. അത്യുച്ചത്തിൽ കാറിന്റെ സ്റ്റീരിയോ ശബ്ദിക്കാൻ വിട്ട് ചാടിച്ചാടി നൃത്തം കളിക്കും. ഓരോ കാട്ടുമൃഗത്തെയും അവർ അപമാനിക്കും. പാതയോരത്തു കുത്തിയിരിക്കുന്ന കുരങ്ങുകൾക്ക് പഴങ്ങൾക്കുള്ളിൽ ഉപ്പോ മുളക് പൊടിയോ വെച്ച് കൊടുക്കും. ദാഹിച്ചു അടുക്കുന്നവർക്ക് മദ്യം ഒഴിച്ച് കൊടുക്കും. മാനുകളെ നോക്കി കല്ലെടുത്തെറിയും. ആനയെ കണ്ടാൽ ഹോണടിച്ചു നിലവിളിച്ചു ഓടിക്കും.
എനിക്ക് ഒട്ടും മനസ്സിലാകാത്തത് മലയാളികളുടെ പ്രവൃത്തിയാണ്. വിദ്യാഭ്യാസവും രാഷ്ട്രീയ ബോധവുമുള്ളവർ, പക്ഷെ കാട്ടിലെത്തിയാൽ തനി ചെറ്റകളാണ്. കേരളാ സംസ്കാരത്തിന് തന്നെ കാടിനോട് നിരന്തരമായ ഒരു യുദ്ധം ഉണ്ട് എന്ന് തോന്നും.
കാട് എന്ന വാക്ക് തന്നെ മലയാളത്തിൽ നന്മക്ക് എതിരായ പൊരുളിൽ ആണ് ഉപയോഗിക്കാറ്. കാടുപിടിച്ചു കിടക്കുക കാടു കയറുക, കാടൻ,കാടത്തം എന്നൊക്കെ മലയാളികൾ പറയുമ്പോഴാണ് അവരുടെ പ്രവർത്തിയെ ഞാൻ മനസ്സിലാക്കി തുടങ്ങിയത്. അവർ കാട്ടിൽ എത്തിയാൽ വിജയം ആഘോഷിക്കുകയാണ് ഏറ്റവും നീചമായ പ്രവർത്തി ഒഴിഞ്ഞ ബിയർ കുപ്പികൾ കാടിനുള്ളിൽ വലിച്ചെറിഞ്ഞു പൊട്ടിക്കലാണ്”
*ജയമോഹൻ*
ആ ഒരു പേര് കണ്ടതിനാൽ മാത്രം വായിച്ചു തുടങ്ങിയ പുസ്തകം. നൂറു സിംഹസനങ്ങൾ ഇപ്പോഴും മനസ്സിൽ കിടന്ന് വിങ്ങുന്നതിനാലാകും ജയമോഹനെന്നെ പേരിൽ ഞാൻ പെട്ടെന്ന് വീണു പോയത്
പക്ഷെ ഈ പുസ്തകം വായിച്ചു തുടങ്ങി അവസാനിപ്പിച്ചപ്പോഴേക്കും ജയമോഹൻ എന്ന പേര് എന്റെ മനസ്സിൽ നിന്ന് അപ്രത്യക്ഷമായി. പകരം ഡോക്ടർ വി കൃഷ്ണാമൂർത്തി എന്ന പേര് മാത്രം. ആനമലയിലെ ഡോക്ടർ കെ,
ആന ഡോക്ടർ!
ഈ കൊച്ചു പുസ്തകം ആനഡോക്ടറുടെ ജീവിതകഥയാണ്. തമിഴകത്തിലെ പ്രധാന മൃഗ ഡോക്ടറും വന സംരക്ഷകനുമായിരുന്ന വി കൃഷ്ണമൂർത്തി ആനമല കടുവ സങ്കേതത്തോട് ചേർന്ന ടോപ്സ്ലിപിൽ താമസിച്ചു ആനകൾക്ക് വേണ്ടി ജീവിതം മാറ്റി വെച്ച ഡോക്ടറാണ്.
കാടിൽ മരിച്ചു വീഴുന്ന എല്ലാ മൃഗങ്ങളെയും പോസ്റ്റ് മോർട്ടം ചെയ്യണം എന്ന നിയമം കൊണ്ട് വരാൻ വേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടു. അത്തരത്തിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കാടകത്തിൽ ‘സ്വാഭാവിക മരണം’ സംഭവിക്കുന്ന ജീവികളിൽ ഭൂരിഭാഗവും മനുഷ്യന്റെ ക്രൂരവിനോദങ്ങളുടെ ഇരയാണ് എന്ന് മനസ്സിലാകുന്നത്. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വേസ്റ്റ് ഭക്ഷിച്ചു അത് വയറ്റിൽ ദഹിക്കാതെ കിടന്നു വയറു പഴുത്തു മരിക്കുന്നവ, ബിയർ കുപ്പികൾ കാലിൽ തുളഞ്ഞു കയറി വൃണം പഴുത്തു ദാരുണന്ത്യം സംഭവിക്കുന്നവ… അങ്ങനെ എത്രയെത്ര സംഭവങ്ങൾ.
ഡോക്ടർ കെ ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു. കാടിന്റെ നിയമം അറിഞ്ഞു കാട്ടിൽ ജീവിച്ച ആ മനുഷ്യൻ പുതിയൊരു കാടൻ സംസ്കാരം നമുക്ക് മുൻപിൽ വെക്കുന്നു. ടോപ് സ്ലിപ്പിൽ അദ്ദേഹത്തിന്റെ കൂടെ കുറച്ചു ദിവസം താമസിക്കേണ്ടി വരുന്ന ഒരു ഉദ്യോഗസ്ഥന്റെ കണ്ണിലൂടെ ഡോക്ടറുടെ കഥ പറയുകയാണ് ഈ കൃതിയിൽ
2002 ൽ മരണപ്പെട്ട ഡോക്ടറെ പറ്റി അധികമൊന്നും ചർച്ച ചെയ്തു കണ്ടിട്ടില്ല. ഒരു മനുഷ്യായുസ്സ് മുഴുവൻ വലിയ ബഹളങ്ങളോ അവകാശ വാദങ്ങളോ ഇല്ലാതെ ഇത്തരത്തിൽ ആത്മാർത്ഥമായി ജോലി ചെയ്ത ഒരു പറ്റം മൃഗ സ്നേഹികൾ കൂടി നമുക്ക് ചുറ്റും ജീവിച്ചിരുന്നു എന്നറിയുമ്പോൾ വലിയ സന്തോഷം..
സാംസ്കാര സമ്പന്നരായ നമ്മൾ മലയാളികൾ കാട്ടിൽ പോകുമ്പോയെങ്കിലും നമ്മുടെ പരിപാവനമായ സംസ്കാരം മാറ്റി വെച്ച് ‘കാടൻമാർ’ ആകാൻ ശ്രദ്ധിക്കണം എന്ന സന്ദേശം കൂടി അദ്ദേഹം ബാക്കി വെക്കുന്നു
ഓരോ കൃതിയും ഓരോ യാത്രകളുടെ തുടക്കമാണെന്ന് പറയാറുണ്ട്.
ഈ പുസ്തകത്തിനൊടുവിൽ അത്തരമൊരു യാത്ര ഞാൻ ഇപ്പോൾ മനസ്സിൽ കാണുന്നു. ജീവിച്ചിരുന്ന ആനഡോക്ടറെ കാണാൻ സാധിച്ചില്ല. അദ്ദേഹം താമസിച്ച ടോപ്സ്ലിപ്പിലെ സർക്കാർ വീട് ഇപ്പോൾ ഡോക്ടറുടെ സ്മാരകമാണ്.
സുഹൈൽ സുഗു
ഒബ്സെസ്സിവ് കമ്പൽസീവ് ഡിസോർഡേർസ്
2024 ഏപ്രിൽ 30, ചൊവ്വാഴ്ച
മുഖമൊഴി
അടുത്ത ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു സത്യഭാമയുടെ രാമകൃഷ്ണനെതിരെയുള്ള പരാമർശം, ജാസി ഗിഫ്റ്റിനു നേരിടേണ്ടി വന്ന അപമാനം എന്നിവ. അതിനു വലിയ തോതിലുള്ള ചർച്ച ഒരുക്കിയതും നമ്മുടെ ഉള്ളിൽ ഉള്ള വിവേചന ചിന്ത തന്നെ ആകണം.
വിവേചനം പലവിധമുണ്ട്. ജാതി, വംശം, കുടുംബം, ശാരീരിക വലുപ്പം, നിറം, സൗന്ദര്യം തുടങ്ങി പലതുമാകാം. അടിസ്ഥാന കാരണം ഇതിലേതിലെങ്കിലും ചിലർ മറ്റു ചിലരെക്കാൾ ഉയർന്നിരിക്കുന്നു എന്ന ബോധമാണ്. ഇത് അടുത്തകാലങ്ങളിൽ തുടങ്ങിയതാണ് എന്ന് കരുതേണ്ടതില്ല. മനുഷ്യരുണ്ടായ കാലം മുതൽ ഇതും ഉണ്ടാകണം.
ലോകത്തെവിടെയും ഇതുണ്ട്. വികസിത രാജ്യങ്ങളിൽ പരോക്ഷമായി കാണിക്കാറില്ല എന്ന് മാത്രം. വേദിക് കാലത്ത് ചാതുർ വർണ്യങ്ങളിൽ ആയിരുന്നെങ്കിൽ ആര്യ ദ്രാവിഡ വിഭാഗങ്ങളിലും ഇതെല്ലാമുണ്ടായിരുന്നു. ഇതിന്റെ ചരിത്രമല്ല നമ്മൾ ഇവിടെ ചർച്ചയാകുന്നത്. മറിച്ച് ഇതിന്റെ ചില കാരണങ്ങൾ തേടുന്നു എന്നു മാത്രം.
അത്യാഗ്രഹം, സ്വന്തം താല്പര്യങ്ങൾ, ഒരേ താൽപ്പര്യമുള്ള ആളുകളോട് മാത്രമുള്ള ഇടപഴകലുകൾ, ധ്രുതഗതിയിലുള്ള വിധിയെഴുത്തുകൾ, നമ്മുടെ പ്രശ്നങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന സ്വഭാവം തുടങ്ങിയവയെല്ലാം വിവേചന ചിന്തകൾക്ക് കാരണമാകാറുണ്ട്.
ഈ ദുർഗുണങ്ങളെല്ലാം സത്യഭാമയിലുണ്ട്, സത്യഭാമയ്‌ക്കെതിരെ മോശം ഭാഷയിൽ പ്രതികരിച്ചവരിലുമുണ്ട്. ഇതിന്റെ ജീൻ ഇനിയെന്നാണ് നമ്മളെ വിട്ടുപോകുക? ഇരക്ക് നീതി കിട്ടുന്നുണ്ടോ എന്ന് നമ്മൾ ഒരിക്കലും അന്വേഷിക്കാറില്ലല്ലോ. നമുക്ക് പ്രതികരിക്കുവാൻ അടുത്ത വിഷയം വരും. അതിനുണ്ടോ നമുക്ക് പഞ്ഞം?
ഡോ. സുനീത് മാത്യു
ഷുക്കൂറുമാർ ഉണ്ടാകുന്നത്…
ഷുക്കൂർ എന്ന മനുഷ്യനെക്കുറിച്ചറിയുന്നത് ഈയടുത്താണ്. ഇതുവരെ അയാൾ നജീബ് ആയിരുന്നു. നിഷ്കളങ്കനായ, കളിയറിയാതെ ആട്ടം കണ്ടുതീർന്നിട്ടില്ലാത്ത ഷുക്കൂറിനെ ഇനിയും നിങ്ങൾ കാണും. ആട്ടം കഴിയുന്നതുവരെയെങ്കിലും. പിന്നെ അയാൾ വീണ്ടും വിസ്‌മൃതിയിലേക്കു മറയും. വിപണത്തിനായി നിങ്ങൾക്ക് ഷുക്കൂറുമാരെ ആവശ്യമുണ്ട്. വിപാണാവശ്യം കുറഞ്ഞപ്പോൾ അയാളുടെ വില എഴുപത് ശതമാനം ഇടിഞ്ഞിട്ടുണ്ട്. മുപ്പതുശതമാനം ആദായ വിലയിലാണ് ഇപ്പോൾ വിൽപ്പന. രണ്ടുമാസം കൂടികഴിഞ്ഞാൽ ഇനിയും വിലയിടിയും. പൂജ്യത്തിൽ എത്തും.
ഇതൊക്കെ ഇരുപതു വർഷങ്ങളായി പറയുന്നു എന്ന് പറഞ്ഞുകണ്ടു. ആര്, ആരോട് പറഞ്ഞു? “അശ്വത്ഥാമാ ഹതഃ ഇതി നരോവ, കുഞ്ജരോവ വിനിപതിതേ.” എന്ന് യുധിഷ്ഠിരൻ പറഞ്ഞപോലെ ആയിരിക്കാനേ വഴിയുള്ളൂ. മാർച്ച് പതിനെട്ടിന് മാതൃഭൂമിയിൽ വന്ന ഒരു അഭിമുഖത്തിൻ്റെ തലക്കെട്ടിലൊഴികെ ഷുക്കൂർ എന്നപേര് കണ്ടിട്ടില്ല. അതിലും നജീബ് എന്നപേരാണ് എഴുതിക്കാണിക്കുന്നത്.
ഷുക്കൂറിനു നജീബ് എന്ന പേരുണ്ടാകേണ്ടത് പുസ്തക വില്പനയുടെയും സിനിമ വില്പനയുടെയും ആവശ്യമായിരുന്നു എന്ന് തോന്നുന്നു. അത് മനസ്സിലാക്കാത്ത ഒരേയൊരാൾ ഷുക്കൂർ മാത്രമായിരിക്കും. ഷുക്കൂർ ഒരു പ്രതീകം മാത്രമാണ്. എന്റെയും നിങ്ങളുടെയും പ്രതീകം. വിപണന കുതന്ത്രങ്ങളുടെ ഇരകൾ!
പറഞ്ഞും കേട്ടും മടുത്ത ഷുക്കൂറിൻ്റെ അനുഭവങ്ങൾ പറയാനല്ല ഈകുറിപ്പ്. വിപണന കുതന്ത്രങ്ങളെക്കുറിച്ചാണ് പറയാനുള്ളത്.
ഞാനൊരു മാർക്കറ്റിംഗ് അധ്യാപകനാണ്. കൂടാതെ വിപണങ്ങളുടെ നൈതികതയിൽ ചില ഗവേഷണങ്ങളൊക്കെ നടത്തിയിട്ടുണ്ട്. വിപണ തന്ത്രങ്ങളിൽ തെറ്റില്ല. കുതന്ത്രങ്ങൾ മാത്രമാണ് പ്രശ്നക്കാർ. പക്ഷെ ഏതാണ് തന്ത്രങ്ങളെന്നും കുതന്ത്രങ്ങളെന്നും എങ്ങനെ മനസ്സിലാകും? മനസ്സിലാക്കാൻ പാടാണ്. പക്ഷെ കുതന്ത്രങ്ങൾക്ക് പൊതുവെ വലിയ ആയുസ്സുണ്ടാകില്ല. കിട്ടിയാൽ കിട്ടി, പൊട്ടിയാൽ പൊട്ടി. ഈയടുത്തയിടക്ക് തകർന്നടിഞ്ഞ ചില കമ്പനികളുടെ കാര്യം മാത്രം നോക്കിയാൽ മതി. ടാറ്റാ പോലുള്ള സ്ഥാപനങ്ങൾ കാലത്തിൻ്റെ ഒഴുക്കിൽപ്പെട്ടു മറഞ്ഞുപോകാത്തതെന്തെന്നും ആലോചിച്ചാൽ മനസ്സിലായേക്കും. കുതന്ത്രങ്ങൾ നിലനിൽക്കില്ല തന്നെ, പൊതുവെ. അതിനു കാരണം ചെറിയ ചെറിയ കുതന്ത്രങ്ങളുടെ വിജയമാണ്. വലുതിലേക്കു പോകുമ്പോഴാണ് പിടിവീഴുന്നത്. അത് കാലത്തിൻ്റെ നീതി.
എൻറോൺ മുതൽ ഫോക്‌സ്‌വാഗണ്‍ വരെയും പിന്നെയും തുടരുന്ന ആയിരമായിരം കമ്പനികൾ തളർന്നതും തകർന്നതും നൈതികതയെ വെല്ലുവിളിച്ചതുകൊണ്ടാണ്. ഉപഭോക്താക്കളെ മുതലെടുത്തതുകൊണ്ടാണ്. അല്ലാതെ നല്ല വിപണതന്ത്രങ്ങൾ മിനഞ്ഞതുകൊണ്ടല്ല. വാണീജ്യ വിപണകലയുടെ അടിസ്ഥാനംതന്നെ ഉപഭോക്താക്കളുടെ ആവിശ്യങ്ങങ്ങളും, ബുദ്ധിമുട്ടുകളും, പ്രശ്നങ്ങളും, ഗവേഷണങ്ങളൂടേയും പ്രതികരണങ്ങളുടെയും മനസ്സിലാകുന്നതും; അവയെ ഇല്ലാതാക്കാനായി ഉതകുന്ന സാധനങ്ങളും സേവങ്ങളും ഉണ്ടാക്കി വിതരണം ചെയ്ത്, മിതമായ ലാഭം ഉണ്ടാക്കുക എന്നതുമാണ്. ഇതിനുതകുന്ന തന്ത്രങ്ങളൊക്കെ അനുവദനീയമാണ്. ഇല്ലാത്ത ആവശ്യങ്ങൾ ഉണ്ടെന്നു തോന്നുമാറ് പരസ്യങ്ങൾ നൽകി, ഗുണമേന്മയില്ലാത്ത സാധനങ്ങളും സേവനങ്ങളും അടിച്ചേൽപ്പിച്ചു, കൊള്ളലാഭം ഉണ്ടാക്കാനായുള്ള ആർത്തിയാണ് കുതന്ത്രം. അമിതലാഭം ഉണ്ടാക്കാൻ ഉദ്ദേശിച്ചുകൊണ്ട് എന്തിനെയും ആരെയും കൂട്ടുപിടിച്ചു, ഒന്നിനേയും കൂസാതെയുള്ള കപടതയാണ് കുതന്ത്രം.
ഒരുപരിധിവരെ നൈതികതയെ എല്ലാകച്ചവടക്കാരും കൈവിടുണ്ട്. നിയമപരമായി ചെയ്യുന്നതെന്തും നൈതികമാകണമെന്നില്ല. ഉദാഹരണത്തിന് തീവ്രമായ വേഗത്തിൽ എവിടെയെങ്കിലും ഇടിച്ചാൽ എല്ലാ വാഹനങ്ങളും തകർന്നു പോകുമെന്ന് നിർമ്മാതാക്കൾക്കറിയാം. പിന്നെയെന്തിനാകും സുരക്ഷയെക്കുറിച്ചവർ അമിതമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നത്? ഫോർഡ് പിൻടോ (Ford Pinto) എന്നഎഴുപതുകളിലെ കാറിൻ്റെ കഥ ഞാൻ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. അറിയില്ലെങ്കിൽ ഒന്ന് തിരഞ്ഞുനോക്കുക. ഫോർഡ് കമ്പനി നിയമവിരുദ്ധമായി ഒന്നും ചെയ്തില്ല. അതൊരു നൈതികതയുടെ പ്രശ്‌നമായിരുന്നു. അതുകൊണ്ടു ആയിരത്തിനടുത്തു മനുഷ്യരുടെ ജീവൻപൊലിഞ്ഞു. അതിൽ കൂടുതൽ ആളുകൾക്ക് മാരകമായ പൊള്ളലേറ്റു.
നൈതികതയില്ലായ്മ നിയമലംഘനങ്ങളിലും വലിയ ആഘാതം ഉണ്ടാക്കിയേക്കാം. നിങ്ങളെ പറ്റിക്കുന്നതുമാത്രമല്ല തെറ്റ്. നിങ്ങൾക്കവകാശപ്പെട്ട, നിങ്ങളുടെ പിൻതലമുറകളുടെ അവകാശമായ ഭൂമിക്കും, വായുവിനും, ജലത്തിനും, ജീവനും ഭീഷണിയാകുന്നതെന്തു ചെയ്താലും പൊറുക്കാനാകില്ല. ഇവിടെയാണ് എല്ലാ ഉൽപാദകരും, വ്യവസായികളും നൈതികരല്ലാതാകുന്നത്. മേല്പറഞ്ഞവയ്ക്ക് ആപത്തില്ലാതെ ഒന്നും ചെയ്യാനാകില്ലതെന്നതാണ് സത്യം. പിന്നെ ആവതും ആഘാതം കുറക്കാനാകണം എന്ന് മാത്രം. എത്ര കുറക്കുന്നുവോ അത്രയും നന്നാകും, എല്ലാവരും.
ഷുക്കൂറുമാരുടെ ജീവിതത്തിൻറെ ആഘാതം കുറക്കാനെങ്കിലും കഴിഞ്ഞാൽ പുസ്തകങ്ങളും സിനിമകളും നന്നാകും. അത് ജനങ്ങളുടേതുകൂടിയാകും. കൂടുതൽ പുസ്തപ്പതിപ്പുകളും, സിനിമാടിക്കറ്റുകളും വിറ്റഴിഞ്ഞതു ഇവയുടെ മികവുകൊണ്ട് മാത്രമല്ല. വായക്കാർക്കും ആസ്വാദകർക്കും നജീബുമായി താദാത്മ്യപ്പെടുവാൻ കഴിഞ്ഞതുകൊണ്ടുകൂടിയാണ്.
ആ മനുഷ്യൻ്റെ ജീവിതമാണ് നമ്മൾ വായനയിലൂടെയും കാഴ്ചയിലൂടെയും ജീവിച്ചു തീർത്തത്. എല്ലാം കഴിഞ്ഞിട്ട് ശതമാനക്കണക്കുകൾ കൂട്ടി, കിഴിച്ചു, അതൊക്കെ കെട്ടുകഥകളായിരുന്നെന്നു മാത്രം പറഞ്ഞു പോകരുത്.
സുമേഷ് രാമചന്ദ്രൻ
ആകാംക്ഷാ രോഗം
ഏതു പ്രായക്കാർക്കും ഉണ്ടാകുന്ന ഒരു രോഗമാണ് ആകാംക്ഷാ രോഗം (Anxiety disorders). എന്തെങ്കിലും കാര്യങ്ങളിൽ ആകാംക്ഷയില്ലാത്തവരായി ആരും തന്നെയില്ല. അതുകൊണ്ടുതന്നെ ഇതിനെ രോഗമായി കാണുവാൻ അധികമാർക്കും കഴിയാറുമില്ല. എന്നാൽ ഈ ആകാംക്ഷ നമ്മുടെ ജീവിതത്തിൽ വില്ലൻ ആയാലോ? നമ്മുടെ ജോലി, പഠനം, ബന്ധങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിച്ചാലോ? തീർച്ചയായും അപ്പോൾ ഇതൊരു ഗുരുതര പ്രശ്‌നമായി മാറും എന്നതിൽ സംശയമുണ്ടാകാനിടയില്ല.
ഭയം തന്നെയാണ് ഈ രോഗത്തിന്റെ മുഖ്യ ലക്ഷണം. അപ്രതീക്ഷിതമായോ, തുടർച്ചയായോ, ഉണ്ടാകുന്ന ഭയം, അതിനനുബന്ധമായി ഉണ്ടാകുന്ന അസ്വസ്ഥതകൾ. കൈകാലുകൾ വിറയ്‌ക്കുക, നെഞ്ചിടിപ്പ് കൂടുക, മയക്കമുണ്ടാകുക, ശ്വാസതടസമുണ്ടാകുക, ടോയ്‌ലെറ്റിൽ പോകാൻ തോന്നുക തുടങ്ങി പലതരം അസ്വസ്ഥതകൾ ഉണ്ടാകാം. സ്വസ്ഥമായി ഇരിക്കാൻ പറ്റാത്ത ഒരവസ്ഥ എന്ന് വേണമെങ്കിൽ പറയാം. ചിലരിലാകട്ടെ ചുണ്ടും വായും വരളുക, ഛർദിക്കാൻ വരിക, മാംസപേശികൾ വലിഞ്ഞുമുറുകുക തുടങ്ങിയവയായിരിക്കും ലക്ഷണങ്ങൾ.
ആകാംക്ഷാ രോഗങ്ങളും പാരമ്പര്യമായിട്ടാണ് കണ്ടുവരുന്നത്. ജീവിത സാഹചര്യങ്ങളും സമ്മർദ്ദങ്ങളും ഇതിന്റെ പ്രശ്‌നങ്ങൾക്ക് തീവ്രത കൂട്ടുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ, ഗുരുതരമായ ശാരീരിക രോഗങ്ങൾ തുടങ്ങിയവ ഈ രോഗാവസ്ഥയെ ഗുരുതരമാക്കിയേക്കാം. കൗമാരക്കാരുടെ ഇടയിലും ഇത്തരം രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. നാഡീ വ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന ചില രോഗങ്ങളും ഇതിന്റെ പുറകിൽ ഉണ്ടാകാം. ബെൻസോ ഡിയസിപാം പോലുള്ള ചില മരുന്നുകൾ, കഫീൻ, മദ്യം തുടങ്ങിയവയും ആകാംക്ഷാ രോഗങ്ങളുടെ പിന്നണിയിൽ പ്രവർത്തിക്കുന്നു. ഗാബ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തലച്ചോറിലെ ഒരു രാസവസ്‌തുവിന്റെ അളവ് കുറയുമ്പോഴാണ് നമുക്ക് ഈ അസ്വസ്ഥകൾ ഉണ്ടാകുന്നത്. തലച്ചോറിലെ അമൈഗ്‌ദാല എന്നറിയപ്പെടുന്ന ഭാഗമാണ് ഭയവും ആകാംക്ഷയും ഉണ്ടാക്കുന്നത്. ഇതിന്റെ പ്രവർത്തന വൈകല്യവും ഈ രോഗത്തിന്റെ കാരണമാണ്. തലച്ചോറിന്റെ മറ്റുചില ഭാഗങ്ങൾക്കും ഇതിൽ പങ്കില്ലാതില്ല.
ആകാംക്ഷാ രോഗങ്ങൾ പലവിധത്തിൽ തരം തിരിക്കപ്പെട്ടിട്ടുണ്ട്. താഴെ പറയുന്നവയാണ് സാധാരണ കണ്ടുവരുന്ന രോഗങ്ങൾ.
ജെനറലൈസ്‌ഡ് ആങ്‍സൈറ്റി ഡിസോർഡർ (Generalized Anxiety Disorder)
മാസങ്ങളോളം തുടർച്ചയായ ഭയവും ആകാംക്ഷയുമാണ് മുഖ്യ ലക്ഷണങ്ങൾ. ശരീരത്തളർച്ച, ഒന്നിലും ശ്രദ്ധിക്കാനാകാത്ത അവസ്ഥ, വിഷമം നിയന്ത്രിക്കാൻ കഴിയാതാകുക, ഉറക്കം കിട്ടാതിരിക്കുക, അടങ്ങിയിരിക്കാൻ പറ്റാത്ത അവസ്ഥ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.
പാനിക് ഡിസോർഡർ (Panic Disorder)
പൊടുന്നനെ ഉണ്ടാകുന്ന ഭയം ആണ് ഇതിന്റെ മുഖ്യ ലക്ഷണം. സ്വയം നിയന്ത്രിക്കാൻ കഴിയില്ലെന്ന തോന്നൽ, അടുത്തുവരാൻ പോകുന്ന അവസ്ഥയെക്കുറിച്ചുള്ള ശക്‌തമായ ഭയം. മുൻ അനുഭവങ്ങളിൽ നിന്നും ഇത്തരം അവസ്ഥയുണ്ടാക്കിയ സ്ഥലങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുക. അല്ലെങ്കിൽ അത്തരം സാഹചര്യങ്ങളിൽ ഭയമുണ്ടാകുക തുടങ്ങിയവയാണിതിന്റെ ലക്ഷണങ്ങൾ.
സോഷ്യൽ ആങ്‍സൈറ്റി ഡിസോർഡർ (Social Anxiety Disorder)
ആൾക്കൂട്ടത്തെ ഭയപ്പെടുക, ആളുകളെ അഭിമുഖീകരിക്കുവാൻ ഭയം, ആളുകൾ തന്നെയാണ് നോക്കുന്നതെന്നും, തന്നെക്കുറിച്ചാണ് പറയുന്നതെന്നും തോന്നുക, സുഹൃത്തുക്കളുമായി ഇടപഴകാനാകാതെ വരിക, ജോലിക്കോ പഠനത്തിനോ പോകാൻ കഴിയാതെ വരിക, ആളുകളുടെ സാന്നിധ്യത്തിൽ മറ്റു ചില രോഗങ്ങൾ ഉള്ളതായി തോന്നുക തുടങ്ങിയവയാണ് ഇവയുടെ ലക്ഷണം.
സ്‌പെസിഫിക് ഫോബിയ (Specific Phobia)
ചില പ്രത്യേക സാഹചര്യങ്ങളോടും സാധനങ്ങളോടും ഉള്ള ഭയമാണിത്. ഉയരത്തിൽ കയറാനോ ഉയരത്തിൽ നിന്ന് നോക്കാനോ ഭയം, വിമാനയാത്ര ചെയ്യാൻ ഭയം, ലിഫ്റ്റിൽ കയറാൻ ഭയം, അടച്ച മുറിയിൽ ഭയം, തുറസ്സായ സ്ഥലം ഭയം തുടങ്ങി ഒട്ടേറെയുണ്ട് പട്ടികയിൽ.
പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ (Post Traumatic Stress Disorder)
ഒരിക്കൽ അനുഭവിച്ച ഒരു സമ്മർദ്ദം വീണ്ടും വീണ്ടും സങ്കൽപ്പത്തിൽ സൃഷ്‌ടിച്ചെടുക്കുന്നു എന്നതാണ് ഈ രോഗാവസ്ഥ. ഒരിക്കൽ ഉണ്ടായ ഒരു അപകടം, അതിന്റെ നടുക്കം വിട്ടുമാറാതിരിക്കുക, ഇടയ്ക്കിടയ്ക്ക് അത് അനുഭവഭേദ്യമാകുക എന്നതാണീ രോഗത്തിന്റെ പ്രത്യേകത. കുട്ടിക്കാലത്തു ശാരീരികമായോ മാനസികമായോ ദുര്യുപയോഗം ചെയ്യപ്പെട്ടത് , ബലാത്‌സംഗം ചെയ്യപ്പെട്ടത്, ഗുരുതരമായ ഒരപകടം, ഭൂകമ്പം, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ തുടങ്ങി എന്തുമാകാം ഇതിന്റെ പിന്നിൽ.
സെപ്പറേഷൻ ആങ്‍സൈറ്റി ഡിസോർഡർ (Separation Anxiety Disorder)
കുട്ടികളെ മാത്രമല്ല മുതിർന്നവരെയും ബാധിക്കുന്ന ഒരു പ്രശ്‌നമാണിത്. അടുത്ത ബന്ധങ്ങളിൽ നിന്നും വേർപിരിയുന്നതിന്റെ പ്രശ്‌നങ്ങൾ തന്നെ. ഏഴു ശതമാനം മുതിർന്നവരേയും നാല് ശതമാനം കുട്ടികവിളേയും ഇത് ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. മുതിർന്നവരേക്കാൾ കുട്ടികൾക്കാണ് ഇത്തരം വേർപിരിയലുകളെ ഉൾക്കൊള്ളാൻ കഴിയുന്നതെന്നും ഓർക്കണം.
സിറ്റുവേഷണൽ ആങ്‍സൈറ്റി (Situational Anxiety)
പുതിയ സാഹചര്യങ്ങളുമായോ മാറ്റങ്ങളുമായോ ഉൾക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയാണിത്. ഇത്തരക്കാർക്ക് ചില സാഹചര്യങ്ങളിൽ പാനിക് അറ്റാക്കിനു തുല്യമായ അവസ്ഥയാണുണ്ടാകുക.
ഒബ്‌സസ്സീവ് കമ്പൽസീവ് ഡിസോർഡർ (Obsessive Compulsive Disorder)
ഈ അടുത്തകാലങ്ങളിൽ കൂടുതലായി കേൾക്കുന്ന ഒരു രോഗമാണിത്. എന്താണെന്നറിയില്ലെങ്കിലും മിക്കവർക്കും സുപരിചിതമായ ഒരു രോഗമാണിത്. ചില ചിന്തകൾ രോഗിയുടെ അനുവാദമില്ലാതെ കടന്നു വരികയും അതിനോടനുബന്ധമായ ചില പ്രവർത്തനങ്ങൾക്ക് നിർബന്ധിതരാക്കുകയും ചെയുന്ന അവസ്ഥ. മിക്കവർക്കും ഇത് വൃത്തിയുടേയും സംശയത്തിന്റെയും ഭാവത്തിലാണ് കടന്നു വരുന്നത്. എത്ര കഴുകിയാലും വൃത്തിയാകുന്നില്ല എന്ന തോന്നൽ വീണ്ടും വീണ്ടും കഴുകി വൃത്തിയാക്കിക്കൊണ്ടിരിക്കും. വീട് പൂട്ടിയോ, ഗ്യാസ് ഓഫ് ചെയ്‌തോ തുടങ്ങിയ സംശയങ്ങളും രോഗിയെകൊണ്ട് വീണ്ടും വീണ്ടും പരിശോധിപ്പിച്ചുകൊണ്ടിരിക്കും.
സെലക്റ്റീവ് മ്യൂട്ടിസം (Selective Mutism)
നന്നായി സംസാരിക്കുന്ന ഒരാൾ ചില പ്രത്യേക സാഹചര്യങ്ങളിൽ, പ്രത്യേകിച്ചും ആവശ്യമുള്ളപ്പോൾ വാക്കുകൾ കിട്ടാതെ, സംസാരിക്കാനാകാതെ കഷ്‌ടപ്പെടുന്ന ഒരവസ്ഥയാണിത്.
ഇത്രയും ആകാംക്ഷ രോഗങ്ങൾ വിവരിച്ചതിൽ നിന്നും അത് അനുഭവിക്കുന്ന വ്യക്‌തിക്കുണ്ടാകുന്ന പ്രശ്‌നങ്ങളുടെ തീവ്രത മനസ്സിലാക്കിക്കാണുമല്ലോ. മറ്റേതു മാനസിക രോഗങ്ങളുമെന്നപോലെ ചികിൽസിക്കപ്പെടേണ്ട ഒരു രോഗം തന്നെയാണിതും. മരുന്നുകൾക്ക് ഇതിൽ ഗുണപ്രദമായ പങ്കുണ്ട്. തലച്ചോറിലെ രാസവസ്‌തുക്കളുടേയും ചില ഭാഗങ്ങളുടേയും പ്രവർത്തന നിയന്ത്രണം മരുന്നുകൾ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. ഇത്തരം സാഹചര്യങ്ങളിൽ ഹോമിയോപ്പതി മുരുന്നുകൾക്കുള്ള പ്രസക്‌തി ഞാൻ മൂന്നധ്യായങ്ങളിൽ വിവരിച്ചിരുന്നു. അതുപോലെതന്നെ പ്രാധാന്യം അർഹിക്കുന്നുണ്ട് സൈക്കോതെറാപ്പിയും. കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയും മൈൻഡ് ഫുൾനെസ് തെറാപ്പിയുമാണ് ഇതിൽ പ്രാധാന്യമർഹിക്കുന്നത്. മദ്യം, കഫീൻ, പുകവലി തുടങ്ങിയവയുടെ നിയന്ത്രണവും ചികിത്‌സക്ക് അനിവാര്യമാണ്.
ഡോ സുനീത് മാത്യു
എതിര് : ആത്മകഥ… എം. കുഞ്ഞാമൻ.
ചെറോണയുടെയും അയ്യപ്പൻ്റെയും മകൻ്റെ ജീവിത സമരം
ജീവിതത്തോടു പൊരുതി ജയിച്ച ആൾ എന്നു സമൂഹം വിലയിരുത്തിയപ്പോൾ ,പൊരുതി തോറ്റു പോയ ആളാണ് ഞാനെന്ന് അദ്ദേഹം സ്വയം വിധിയെഴുതി 3.12.2023 ന് ആത്മഹത്യ ചെയ്തു. ജീവിതം നൽകിയ ദു:ഖാനുഭവങ്ങളെ അദ്ദേഹം കുടഞ്ഞു കളഞ്ഞില്ല. അവസാന നിമിഷം വരെ കൂടെ നിർത്തി. മറന്നു പോയെങ്കിലോ എന്നു കരുതി അരുമയോടെ താലോലിച്ചു .അത്തരമൊരു താലോലിക്ക ലാ ണ് പുസ്തകത്തിൻ്റെ ആദ്യ ഭാഗങ്ങളിൽ .അനീതിയ്ക്കു മുമ്പിൽ അനുസരണയോടെ തല കുനിച്ചു നിൽക്കുകയല്ല വേണ്ടത്, എതിർത്ത് തോൽപ്പിക്കാൻ ശ്രമിക്കണം എന്ന് അദ്ദേഹം വരും തലമുറയെ ഓർമപ്പെടുത്തുന്നു.
ഇരുട്ടും പേടിയും വിശപ്പും നിറഞ്ഞൊരു ഭൂതകാലമുണ്ട് കുഞ്ഞാമൻ്റെ മനസിൽ.പട്ടാമ്പിക്കടുത്ത് വാടാനം കുറിശ്ശിയിലാണ് കുഞ്ഞാമൻ്റെ വീട്. വീടെന്നു പറയരുത്, അതൊരു ചാളയെന്ന് കുഞ്ഞാമൻ. അച്ഛൻ കന്നുപൂട്ടാൻ പോകും.സമുദായത്തിൻ്റെ ജോലി ഓലക്കുട ഉണ്ടാക്കലായിരുന്നു. ഉയർന്ന ജാതിക്കാരുടെ വീടുകളിൽ സദ്യയും അടിയന്തരവുമുണ്ടാകുമ്പോൾ ഇലമുറിച്ചു കൊടുക്കും.സദ്യ കഴിഞ്ഞാൽ എച്ചിൽ എടുക്കും.സഹപാഠികൾ കാൺകെ എച്ചിലെടുക്കുന്നതും കഴിക്കുന്നതും അപകർഷതയുണ്ടാക്കി.വിശപ്പിനു മുമ്പിൽ അഭിമാനം കീഴടങ്ങും. പതിനാലു വയസ്സുള്ളപ്പോഴാണ് ഒരു ജന്മി കുടുംബത്തിൻ്റെ അരികുപറ്റി നിന്നു.കഞ്ഞിക്കാണ്. അവർ മുറ്റത്തിനു വെളിയിൽ കുഴി കുത്തി ഇലയിട്ട് കഞ്ഞി അതിൽ ഒഴിച്ചു കൊടുത്തു.മറ്റൊരാൾകൂടി കഞ്ഞിക്കായി കാത്തിരുപ്പുണ്ടായിരുന്നു. ഒരു തടിയൻ പട്ടി.പട്ടി കുഞ്ഞാമനെ കടിച്ചു മാറ്റി കഞ്ഞി കുടിച്ചു.വിശപ്പ് രണ്ടുപേർക്കും ഒരു പോലെയാണ്.കുഞ്ഞാമൻ സ്വയം ആശ്വസിച്ചു.
പുസ്തകവും സ്ളേറ്റുമില്ലാതെ.ഒരുഷർട്ടുപോലുമില്ലാതെയാണ് സ്ക്കൂളിൽ പോയിരുന്നത്. സ്ക്കൂളിൽ ചില ദിവസങ്ങളിൽ കഞ്ഞിയുണ്ടാകും. ആ കഞ്ഞിയാണ് സ്കൂളിലേക്കാകർഷിക്കുന്നത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലം. അധ്യാപകൻ പാണൻ എന്ന ജാതിപ്പേരാണ് വിളിക്കുക.. സാർ എന്നെ ജാതിപ്പേർ വിളിരുത്. കുഞ്ഞാമൻ എന്നു വിളിക്കണം .. മൂന്നാം ക്ലാസുകാരൻ പ്രതിഷേധിച്ചു. അധ്യാപകൻ മുഖത്തടിച്ചു.കഞ്ഞി’ കുടിക്കാൻ മാത്രമാണ് വരുന്ന തെന്ന് അധിക്ഷേപിച്ചു.കുഞ്ഞാമൻ പിന്നീട് ആ സ്കൂളിൽ നിന്നു കഞ്ഞി കുടിച്ചില്ല. ഉച്ച സമയത്ത് മറ്റു കുട്ടികൾകഞ്ഞി കുടിക്കുമ്പോൾ പ്ലാവിൻ്റെ തണലിൽ പോയി ഇരുന്നു. അടിച്ച അധ്യാപകൻ തന്നെ നിർബ്ബന്ധിച്ചു.. കുഞ്ഞാമാ കഞ്ഞി കുടിക്ക് ..
“വേണ്ട സാർ.ഇനിയെനിക്ക് കഞ്ഞി വേണ്ട.” കുഞ്ഞാമൻ്റെ തീരുമാനം ഉറച്ച തായിരുന്നു.
സ്കൂളിൽ ഉപ്പുമാവുണ്ടാക്കുന്ന ലഷ്മിയേടത്തി കുറച്ച് ഉപ്പുമാവ് കടലാസിൽ പൊതിഞ്ഞ് ആരും കാണാതെ കുഞ്ഞാമനു കൊടുക്കും. കുഞ്ഞാമൻ മൂത്രപ്പുരയിൽ പോയിരുന്ന് അത് കഴിക്കും.ഹൈസ്കൂളിൽ പഠിക്കുന്ന കുഞ്ഞാമന് ഉപ്പുമാവിന് അർഹതയില്ലായിരുന്നു.
കഞ്ഞി കുടിക്കാനാണോ സ്കൂളിൽ വരുന്ന തെന്ന ചോദ്യം ഒരു മുറി വായി കുഞ്ഞാമൻ്റെ മനസിൽ കിടന്നു.കഞ്ഞി കുടിക്കാനല്ല’: പഠിക്കാനാണ് വരുന്ന തെന്ന് കുഞ്ഞാമന് സ്വയം ബോധ്യപ്പെടുത്തേണ്ടിയിരുന്നു .വാടാനം കുറിശ്ശിയിലെ വായനശാലയിൽ നിന്നു പുസ്തകങ്ങൾ എടുത്തു വായന തുടങ്ങി.പത്താം ക്ലാസ് നല്ല മാർക്കോടെ പാസായി.ഒരു കഴുതയെപ്പോലെ ഞാൻ അധ്വാനിക്കുകയായിരുന്നു എന്ന് കുഞ്ഞാമൻ ഓർത്തെടുക്കുന്നു.
പാലക്കാട് വിക്ടോറിയ കോളേജിൽ തുടർ പഠനം. അക്കാലത്ത് സഹായിച്ചവരും ആക്ഷേപിച്ചവരുമുണ്ട്. ഹോസ്റ്റലിൽ മുറിയിൽ കൂടെ താമസിക്കുന്ന കുട്ടിയോട് കാസർഗോഡു നിന്നു വന്ന പെൺകുട്ടി ചോദിക്കുന്നു .. ആ ബെഗ്ഗറുടെ കൂടെയോ? കുഞ്ഞാമൻ ആ പെൺകുട്ടിയെ കണ്ടു പറഞ്ഞു “കുട്ടി പറഞ്ഞതു ശരിയാണ്. ഞാൻ മാത്രമല്ല എൻ്റെ സമുദായം മുഴുവൻ ബെഗ്ഗേഴ്സ് ആണ്. പ്രീഡിഗ്രിയ്ക്ക് ക്ലാസുണ്ടായിരുന്നു.ബി എ കഴിഞ്ഞ് എം.എയ്ക്കു അവിടെത്തന്നെ പഠിച്ചു.ഒന്നാംറാങ്കോടെ പാസായി. അന്നു കിട്ടിയ സ്വർണ മെഡൽ പിറ്റേ ദിവസം തന്നെ പണയം വെച്ചു. അധികം വൈകാതെ വിൽക്കേണ്ടിയും വന്നു. കുഞ്ഞാമൻ പറയുന്നു .. എൻ്റെ സമൂഹം എനിക്കു തന്നത് അഞ്ചു കാര്യങ്ങളാണ്.. ദാരിദ്ര്യം. ഭയം.. അപകർഷത .. ആത്മവിശ്വാസമില്ലായ്മ .. ധൈര്യമില്ലായ്മ ..
അദ്ദേഹത്തിൻ്റെ ചില നിരീക്ഷണങ്ങൾ
1. ഉയർന്ന ജാതിക്കാർക്ക് ജാതി എപ്പോഴും മേൽക്കോയ്മയുടെ അടയാളമായിരിക്കും. താഴ്ന്ന ജാതിക്കാർക്ക് അത് അപമാനത്തിൻ്റെയും അപകർഷതയുടെയും .
2. ആനുകൂല്യം ശക്തൻ അശക്തനു കൊടുക്കുന്ന ദാക്ഷിണ്യമാണ്
3. നീതിന്യായ വ്യവസ്ഥ എന്നാൽ നീതിക്കുള്ള വ്യവസ്ഥയല്ല, ന്യായത്തിനുള്ള വ്യവസ്ഥയാണ്.
4. ഞങ്ങൾക്കു ലഭിച്ചത് ചില ആനുകൂല്യങ്ങളാണ്.മറ്റുള്ളവർക്കു ലഭിച്ചത് അവകാശങ്ങളാണ്.
5. ചിലർ നിയമ വ്യവസ്ഥയ്ക്കു വിധേയരാണ്.മറ്റു ചിലർ അതീതരാണ്. വേറെ ചിലർ നിയമ രഹിതമായി നിയന്ത്രിക്കപ്പെടുന്നു.
കുഞ്ഞാമൻ തിരുവനന്തപുരത്ത് സി ഡി എസ്സിൽ എം.ഫിലിനു ചേരുമ്പോൾ സി ഡി എസ് മേധാവിയായിരുന്ന ഡോ.കെ.എൻ.രാജിനോടു പറയുന്നുണ്ട്… താങ്കൾ എൻ്റെ സ്ഥാനത്തായിരുന്നെങ്കിൽ സ്കൂൾ ഫൈനൽ പാസാവില്ലായിരുന്നു. ഞാൻ താങ്കളുടെ സ്ഥാനത്ത് യി രുന്നെങ്കിൽ നോബൽ സമ്മാന ജേതാവാകുമായിരുന്നു ..
അഞ്ചിലധികം പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവായിരുന്നു കുഞ്ഞാമൻ.27 വർഷം കാര്യവട്ടം കാമ്പസിൽ അധ്യാപകൻ .. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ പ്രൊഫസർ .. എല്ലാ നേട്ടങ്ങൾക്കുമിടയിലും നൈരാശ്യവും ആത്മഹത്യാ പ്രേരണയും ഇടയ്ക്കു തല നീട്ടി.ആരോടും പരിഭവമില്ലാതെ.. ആർക്കുമിതിൽ പങ്കില്ലെന്നു പറഞ്ഞ് ജീവിതത്തോടു വിടപറഞ്ഞു..
വിലാസിനി രാജീവൻ
ഹരമായി …. മൂകാംബിക
വർത്തമാനം പറയാൻ പിശുക്ക് കാണിക്കാത്ത ഞാൻ സംസാരിച്ചിരിക്കാൻ ആളില്ലാതെ ഒറ്റക്ക് ഇടയ്ക്ക് യാത്രക്കിറങ്ങുന്നത് അതിൽ വേറെ ഒരു രസമുണ്ട് എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ്.
യാത്രയുടെ ഗിയർ ആരോടും ചോദിക്കാതെ തന്നെ മാറ്റാം. ഈ യാത്രയിൽ വഴിയിൽ എവിടെയെങ്കിലും വച്ച് വേറെ ഒരാൾ ഒപ്പം കൂടും എന്നുറപ്പുണ്ടായിരുന്നു. ആള് കൂടെയുണ്ട്.കൂടെ തന്നെയുണ്ട്..
മഴ ഇന്നത്തെ എൻ്റെ ചങ്ങാതി. വർഷത്തിൽ രണ്ടു തവണ വരുമെങ്കിൽ,,ഒരു തവണ ഇയാളുടെ സൗകര്യം നോക്കി ഞാനിങ്ങെത്തും. ഇത്തവണ കുറച്ച് വൈകിയെന്നു മാത്രം.
എന്നോട് ചേർന്നങ്ങനെയുണ്ട്.. വിടാതെ. വല്ലാത്ത ഒരിഷ്ടം ഇടയ്ക്ക് ആള് കാണിച്ചപ്പോൾ കുടയുടെ ഒരു കമ്പി ഒടിഞ്ഞു. മഴയുള്ളപ്പോൾ ഈ അമ്പലമുറ്റത്തെ അന്തരീക്ഷത്തിന് ഒരു പ്രത്യേക ഭംഗിയാണ്.
മഴക്കാലത്ത് യാതൊരു തിരക്കുമില്ലാത്ത ഇവിടത്തെ ഇടവഴികളിലൂടെ വെറുതെയൊന്നു നടന്നു നോക്കണം.
നിറഞ്ഞൊഴുകുന്ന സൗപർണ്ണികയുടെ ആ യാത്രയുടെ ആഹ്ളാദ ആരവങ്ങൾ കേട്ടങ്ങനെ നില്ക്കണം. പറ്റിയാലൊന്നു മുങ്ങി നിവരണം.പുഞ്ചിരിയോടെ തണുത്തൊന്ന് വിറയ്ക്കണം.
മഴക്കാലത്ത് കുടജാദ്രിമല കയറണം. വേറിട്ട ഒരനുഭവം കാത്തിരിപ്പുണ്ട്. അട്ടയെ ശ്രദ്ധിച്ചു കയറുന്ന ഒരു മഴക്കാലത്ത് ഒറ്റപ്പെട്ടു പോയിട്ടുണ്ട്. മുന്നിലും പിന്നിലും ആളില്ലാതെ. ആളുകൾ വരുന്നതുവരെ കാത്തു നില്ക്കണോ അതോ കയറണോ,തിരിച്ചിറങ്ങി നോക്കണോ എന്ന് ശങ്കിച്ചു നിന്നിട്ടുണ്ട്. പിൽകാലത്ത് ആ അനുഭവമൊരു വെളിച്ചമേൽകിയിട്ടുണ്ട്.
ഇടിമിന്നലില്ലാത്ത മഴക്കാലം കുടജാദ്രിമലയിൽ ആസ്വാദ്യമായ ഒരു കാഴ്ചയൊരുക്കും. മഴയും,തണുത്ത കാറ്റും ചേർന്ന പ്രകൃതിയുടെ വോൾട്ടേജ് കുറഞ്ഞ ഒരു സുന്ദരമുഹൂർത്തമുണ്ട്. ആഹാ.. അനുഭവിച്ചറിയേണ്ടയൊന്ന്.
ചുട്ടുപൊള്ളുന്ന ഈ നട്ടാപ്ര വെയിലത്ത് കൊല്ലൂര് എങ്ങനെ മഴയെന്നല്ലേ?? മഴയൊന്നുമില്ല.,
ഓർമ്മകളിലാണ് മഴ നിന്നു പെയ്യുന്നത്.. ഓർമ്മകളിലാണ് ഇഷ്ടപ്പെട്ട കൊല്ലൂരിലെ മഴക്കാലം കടന്നു വന്ന് പെരുമ്പറ കൊട്ടുന്നത്. 24 തവണ താണ്ടി കഴിഞ്ഞ മൂകാംബിക യാത്രയുടെ നിർത്താതെ ഓടി കളിക്കുന്ന ഓർമ്മകളെ,, രസങ്ങളെ അവിടന്നും ഇവിടന്നുമായി പിടിച്ചു കൊണ്ട് വന്ന് കൂട്ടി വയ്ക്കുന്നതാണിവിടെ.
അതിൽ അടുക്കും ചിട്ടയും ഉണ്ടായികൊള്ളണമെന്നില്ല. സാഹചര്യവും കാലാവസ്ഥയുമൊക്കെ രംഗബോധമില്ലാതെ കടന്നു വരാം. ചുരുക്കി പറഞ്ഞാൽ ഒരു വെപ്രാളമയം കാണാമെന്നേ.. മൂകാംബിക യാത്രയെക്കുറിച്ച് ആരെന്ത് ചോദിച്ചാലും എന്നിൽ കടന്നു വരുന്ന അതേ വെപ്രാളം വാക്കുകളിൽ, വാചകങ്ങളിൽ കടന്നു വരുന്നതറിയുന്നുണ്ട്.
മൂകാംബിക ക്ഷേത്രം തൃശൂർ അടുത്തായിരുന്നുവെങ്കിൽ ഇത്ര തവണ പോകുമായിരുന്നോ എന്ന ചോദ്യം നേരിടേണ്ടി വന്നാൽ പെട്ടെന്ന് ഒരു ഉത്തരം പറയാൻ എനിക്ക് വിഷമിക്കേണ്ടി വരും. കാരണങ്ങൾ പലതായതു കൊണ്ടു തന്നെ. ഒരുപാട് പറഞ്ഞതും, പറയാൻ ഇഷ്ടപ്പെടാത്തതുമായ പലതും മുന്നിലുണ്ട്.
ചിലതെന്നും നമ്മിലുറങ്ങണം… നമ്മളിൽ ചേർന്നു മാത്രമങ്ങനെ ഉറങ്ങണം.
പിന്നെ,,പറഞ്ഞു ഫലിപ്പിക്കാൻ കഴിയില്ല എന്നു മനസ്സു പറയുന്നതൊന്നും തുറന്നു വിടരുത്. ലക്ഷ്യത്തിലെത്തില്ല എന്നുറപ്പുള്ളതൊന്നും തൊടുക്കരുതല്ലോ? ചിലത് മനപ്പൂർവ്വം വിഴുങ്ങുന്നു.
ഭക്തിക്കപ്പുറം ചിന്തിക്കുന്നവർക്ക് കാണാൻ പ്രത്യേകിച്ച് ഒന്നുമില്ലാത്തിടമെന്ന് തോന്നാം.. എന്നാൽ,, ചുറ്റുവട്ടത്ത് ഒളിഞ്ഞിരിക്കുന്ന ചില കാഴ്ചകളുണ്ട്. ഇവിടെത്തെ ഓരോ മനുഷ്യരും കാഴ്ചകളാണ്..
അവരുടെ ദിനചര്യകൾ കാഴ്ചകളാണ്.. ഓരോ കടകളും കാഴ്ചകളാണ്.. കെട്ടിയിടാതെ, കാലത്ത് തീറ്റ തേടി പുറത്തു പോയി വൈകീട്ട് തിരിച്ചെത്തുന്ന പശുക്കൾ കാഴ്ചകളാണ്..
സ്നേഹത്തിൻ്റെ ഭാഷയിൽ മാത്രമുള്ള സംസാരങ്ങൾ,, ശബ്ദങ്ങൾ കാഴ്ചകളാണ്…(മലയാളം പറഞ്ഞാൽ മതി.. അവർക്ക് മനസ്സിലാവും.) അത്രയങ്ങ് രുചിയില്ലാത്ത ‘കേരളീയ ഭക്ഷണം’ വിളമ്പുന്ന കേരളീയ ഹോട്ടലുകളും കാഴ്ചകളാണ്. കേരളീയ ഭക്ഷണം നമുക്ക് തരാൻ കാത്തിരിക്കുന്ന അവർ പുഞ്ചിരിക്കുന്ന കാഴ്ചകളാണ്.
ഒരു ലിറ്റർ പാലിൽ 3 ലിറ്റർ വെള്ളമൊഴിച്ച് ചൂടാക്കി പാൽചായ തന്ന് പറ്റിക്കപ്പെടുന്ന മലയാളീസിന് ഇവിടെത്തെ ചെറിയ ഗ്ലാസിലെ വലിയചായ കാഴ്ചകളാണ്…
സിന്ദൂരം തൊട്ട കല്ല്യാണം കഴിയാത്ത പെൺകുട്ടികൾ കാഴ്ചകളാണ്… കവുങ്ങിൻപൂവിൻ്റെ കതിർ തലമുടിയിൽ തിരുകി,, റോസാപൂവ് വച്ച പവറു കാണിക്കുന്ന സ്ത്രീകൾ കാഴ്ചകളാണ്.
സാധാരണ ഗതിയിൽ ഒരു അപരിചതനെ കണ്ടാൽ പ്രത്യേകിച്ച് ഒന്നും മനസ്സിലാവില്ല. അയാളിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ് അയാളെ കാണാനാവുന്നത്.. മനസിലാവുന്നത്. അല്ലെങ്കിൽ,, അത് വെറുമൊരു നോട്ടം കൊണ്ടവസാനിക്കും. ഇവിടെ അങ്ങനെയാണ്. വെറുതെയങ്ങ് നോക്കിയാൽ ഒന്നും കാണാനാവില്ല. പ്രിയപ്പെട്ട ഒരു സ്ഥലമായി മാറിയത് ആഴ്ന്നിറങ്ങി നോക്കിയപ്പോഴാണ്.
ആദ്യമായി ഇവിടേക്ക് വന്നപ്പോൾ കുന്ദാപുര റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങിയത്. ബൈന്ദൂർ സ്റ്റേഷൻ അന്നില്ല. ബൈന്ദൂർ സ്റ്റേഷൻ തുടങ്ങുന്നതും അവിടന്നിങ്ങോട്ടുള്ള സ്റ്റേഷൻ്റെ വളർച്ചയിലും മൂകസാക്ഷികളിൽ ഒരാളായി ഞാനുമുണ്ട്.
വർഷങ്ങൾക്ക് മുമ്പ് നേത്രാവതിയിൽ ബൈന്ദൂരെന്ന ചെറിയ സ്റ്റേഷനിൽ 1.30 am വന്നിറങ്ങി ഒരു ചെറിയ ബെഞ്ചിൽ നേരം പുലരുന്നത് നോക്കി കാത്തു കിടന്നിട്ടുണ്ട്..പല തവണ. കൊതുകുകടിയും, തണുപ്പും
ടാക്സി ഡ്രൈവർമാരുടെ ഇടയ്ക്കുയരുന്ന കലപിലയും, നല്ല ഇരുട്ടും മാത്രം കൂട്ടിനുണ്ടാകും.
വന്നിറങ്ങിയ ചെറിയകൂട്ടം ആളുകൾ കാറോ, ഓട്ടോയോ വിളിച്ച് പോയിട്ടുണ്ടാകും. ട്രെയിൻ പോയി കഴിഞ്ഞാൽ ഉണ്ടായിരുന്ന സ്റ്റേഷനിലെ വെളിച്ചവും അണഞ്ഞു പോകും. അന്നതിനെ സ്റ്റേഷൻ എന്ന് സംബോധന ചെയ്യുമാറായിട്ടില്ല. ഇങ്ങോട്ട് പോരുമ്പോൾ ആ ട്രെയിനിലാണ് ടിക്കറ്റ് കിട്ടുക.
ഇന്നും പഴയ സ്റ്റേഷനും, കാടുപിടിച്ച ബെഞ്ചു കിടന്ന സ്ഥലവും വെറുതെ ഒന്നു നോക്കി പോകും. എവിടെയെങ്കിലും വച്ച് അറിയാതെ എന്തെങ്കിലുമൊന്ന് മനസ്സിൽ കയറി കൊളുത്തിയിട്ടുണ്ടെങ്കിൽ ആ ദൃശ്യങ്ങൾ കാലമെത്ര കഴിഞ്ഞാലും മനസിൽ നിന്ന് അത്ര വേഗം മാഞ്ഞു പോകില്ല എന്ന ഓർമ്മപ്പെടുത്തലാണ് ആ തിരിഞ്ഞു നോട്ടം. അന്നത് അത്ര സുഖകരമായിരുന്നില്ലെങ്കിലും ഇന്നത് നഷ്ടബോധമാണ്.
വേണമെങ്കിൽ ടാക്സി വിളിച്ച് പോകാം. അന്ന് തിരിച്ചു വരുന്നില്ലെങ്കിൽ പിന്നെന്തിന് ഈ ധ്യതിയെന്നാണ് ചിന്തിക്കാറ്. റൂം എടുക്കുന്നതും ഒഴിയുന്നതും സൗകര്യപ്രദവുമാകില്ല. ഒരു രാത്രി പൂർണ്ണമായും മൂകാംബികയിൽ കിട്ടണം.
കാലത്ത് ബൈന്ദൂരിൽ നിന്നുള്ള ബസ് യാത്ര ഒഴിവാക്കാനും പറ്റില്ല. അതും ഈ യാത്രയുടെ അവിഭാജ്യ ഘടകമാണ്. ആ ദേശത്തെ ആളുകളോടൊപ്പമുള്ള യാത്രക്ക് കിട്ടുന്ന അവസരമെങ്ങനെ ഒഴിവാക്കാൻ.
ഒരിക്കൽ നല്ല മഴയുള്ള ഒരു വെളുപ്പാൻ കാലം. ബൈന്ദൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 മിനിറ്റ് നടന്നാൽ ബസ്റ്റാൻ്റിലെത്താം. 5.30 am ന് ഒരു കുടയും ചൂടി ഞാൻ നില്ക്കുമ്പോൾ ജോലിക്കു പോകുന്ന ഒരു സ്വദേശി അടുത്ത് വന്ന് കുശലം ചോദിച്ചു.
അയാൾ സംസാരം തുടർന്നു.. “എവിടന്നാണ്?? ബസ്സ് ഇപ്പോൾ വരില്ല. കൃത്യസമയം പറഞ്ഞു തന്നു. ഇവിടെ തന്നെ നിന്നോ.. ഒറ്റക്കാണല്ലേ.??? നാട്ടിൽ മഴയുണ്ടോ??”
ഇങ്ങനെ പലതും അയാൾ ചോദിച്ചും പറഞ്ഞും കൊണ്ടേയിരുന്നു. ഒപ്പം സ്നേഹത്തോടെയുള്ള ഉപദേശങ്ങളും ചേർത്തുവച്ചു. ഒരപരിചിത സ്ഥലത്തെത്തപ്പെട്ട ഒരാൾക്ക് കണ്ടറിഞ്ഞ് സഹായമേകുന്ന ഒരു നല്ല മനുഷ്യൻ. കാര്യങ്ങളൊക്കെ പുഞ്ചിരിയുടെ അകമ്പടിയോടെ പറഞ്ഞു തന്ന്, മനസിലായിട്ടുണ്ടെന്ന് ഉറപ്പു വരുത്തി റോഡിന് മറുവശത്തായി അദ്ദേഹത്തിനു പോകേണ്ട ബസ്സിനായി നടന്നു നീങ്ങി.
ഇപ്പോൾ ബസ്സില്ല എന്നെനിക്ക് അറിയാമായിരുന്നു. ഏറെക്കുറെ അയാൾ പറഞ്ഞതൊക്കെയും.
എന്നോട് കാര്യങ്ങൾ പറഞ്ഞു തരുന്ന അയാളിലെ സന്തോഷത്തെ ഒരു നിമിഷത്തേക്കു പോലും മങ്ങി പോകാതിരിക്കാൻ എന്നാലാകും വിധം ശ്രദ്ധിച്ചു. വേറൊന്നുകൊണ്ടുമല്ല.. മറ്റൊരാൾക്കും കൂടി വേണ്ടി ലാഭേച്ഛ കൂടാതെ സ്വയമേവ പ്രവർത്തിക്കുന്നവൻ,, സമയം നഷ്ടപ്പെടുത്തുന്നവൻ തലയുയർത്തി തന്നെ കടന്നു പോകട്ടെ.
അങ്ങോട്ടുള്ള യാത്രയിൽ അത്രകണ്ട് കടുത്ത കളർ ഡ്രസ്സ് ഉപയോഗിക്കാത്ത ആളുകൾ അവരുടെ ചെറിയവർത്തമാനങ്ങളുമായി ബസ്സിലേക്ക് വന്നു കയറും. നേരത്തെ പറഞ്ഞ പോലെ കവുങ്ങിൻ പൂക്കുലയുടെ കതിര് തലമുടിയിൽ തിരുകി ഓരോരോ സ്ത്രീകൾ ഇടയ്ക്കു നിന്നു കയറിവരും. നമ്മുടെ മുക്കുറ്റിക്കും, തുളസിക്കും, മുല്ലപ്പൂവിനും പകരമായിട്ടാണെന്ന് തോന്നുന്നു.. ഇത് തലമുടിയിഴകളിൽ നിക്ഷേപിക്കുന്നത്.
മുന്നോട്ടു പോകുമ്പോൾ ചെറിയ ചെറിയ വീടുകൾ കാണാം.. കടകൾ കാണാം.വിജനമായിടത്തെ ബസ് സ്റ്റോപ്പുകൾ.. സ്കൂളുകൾ.. കുട്ടികൾ. ഒരു കുട്ടി കൈ കാണിച്ചാലും ബസ്സ് നിർത്തും. അപ്പോൾ തോന്നും അടുത്ത ബസ്സിന് ഇടവേള കുറച്ചധികമുള്ളതുകൊണ്ടു മാത്രമാണെന്നാണ്. കയറിയ കുട്ടിയോടുള്ള ബസ്സിലെ ജീവനക്കാരുടെ പെരുമാറ്റം ശ്രദ്ധിച്ചാൽ ആ നിഗമനം പാടെ തെറ്റും.
ആ ബസ്സിലെ മറ്റു യാത്രക്കാർ എങ്ങനെയാണോ അങ്ങനെ തന്നെയാണ് അല്ലെങ്കിൽ ഒരു പടി കടന്നുള്ള പരിഗണന അവന്, അവൾക്ക് അവർ കൊടുക്കുന്നുണ്ട്.. നോക്കിയിരുന്നു പോകും. എന്നും കാണുന്ന കാഴ്ചയിൽ നിന്ന് വ്യത്യസ്തമായതെന്തും അത്ഭുതമാണല്ലോ?
ചില മാറ്റങ്ങൾ ഉണ്ടെങ്കിലും നമ്മുടെ പഴയ കാലത്തിൻ്റെ ഓർമ്മകളായി, അതിനോട് ചേർന്ന് നില്ക്കുന്ന പോലെ ഇന്നും അവിടെ ഏറെ പലതും അവശേഷിക്കുന്നുണ്ട്. നാഗരികത അധികമൊന്നും കടന്നു വരാതെ വഴിയിലെങ്ങുമതു കാണാം.
വേറൊന്നും കൂടിയുണ്ട്. അത് എടുത്തു പറയാനുള്ളതാണ്. ഇത്ര പഴയതെന്ന് നമ്മുക്ക് തോന്നിക്കാവുന്ന ജീവിതശൈലിയിൽ പോയ്കൊണ്ടിരിക്കുന്ന ഒരു ജനത ബസ്സിൽ ലിംഗഭേദമില്ലാതെ സീറ്റിലിരിക്കും. മര്യാദയോടെ. മനുഷ്യനെ മനുഷ്യനായി മാത്രം കണ്ട്.തൊട്ടുരുമ്മി. ഞെക്കി തോണ്ടിയെന്ന ശബ്ദമൊന്നും കേൾക്കാൻ യാതൊരു സാധ്യതയുമില്ല. വിശ്വാസത്തോടെയുള്ളആ ഇരിപ്പുകണ്ടാൽ ഈ നിഗമനത്തിലാണെത്തുക. അവരെന്നും അങ്ങനെയിരിക്കട്ടെ സന്തോഷമായി.
പച്ച പരിഷ്കാരികൾക്ക് നോക്കിയിങ്ങനെ നെടുവീർപ്പിടാം. ഇവിടൊന്നും ഈ യുഗത്തിൽ സംഭവിക്കാനിടയില്ല.
അമ്പല പരിസരം കുറച്ച് മാറിയിട്ടുണ്ട്. അഡികമാർ പുറത്തേക്ക് ഭൂമി വില്ക്കാറില്ല എന്നു കേട്ടറിവുണ്ട്.
ശ്രദ്ധിച്ചാൽ അത് ശരിയാണെന്ന് തോന്നും. നല്ല തീരുമാനമാണ്. അവര് അവരുടെ ശൈലിയിൽ നീങ്ങട്ടെ. ആ ഒരു ചുറ്റുപാടിലുള്ള മൂകാംബിക അമ്മയെത്തേടിയല്ലേ യഥാർത്ഥ ഭക്തരുടെ യാത്ര. അതിനു മാറ്റം വരണ്ട.
പിന്നെ അമ്പലത്തിലെ അഡികമാർക്ക് കാശിനോട് കുറച്ച് ആക്രാന്തം കൂടിയിട്ടുണ്ട്.അതങ്ങ് ക്ഷമിക്കുന്നു. കാരണം, മനുഷ്യൻ ”മതി” യെന്ന് പൂർണ്ണമനസ്സോടെ പറയാത്ത ഒന്നേ ഈ ഭൂമിയിലുള്ളൂവെന്ന് പല തവണ എനിക്ക് തോന്നിയിട്ടുണ്ട്.. പണം. എൻ്റെ മാത്രം തോന്നലായിരിക്കാം.
സ്വാർത്ഥതയോടെ ഞാൻ ആഗ്രഹിക്കുന്നുണ്ട്.. ആ ജനതയും, ബസ്സും, കടകളും, ഗ്രാമപ്രദേശങ്ങളും, പെരുമാറ്റങ്ങളും, സ്നേഹങ്ങളും എന്നും ഇങ്ങനെതന്നെ മാറ്റങ്ങൾ വരാതെ നിലനില്ക്കട്ടേയെന്ന്.
ചാൾസ്
ഇസഡോറാ…
ഇസഡോറാ…
ചിലങ്കകെട്ടിയ
നിന്റെചുവടുകളിൽ,
അല്ല ,
നൃത്തവിചാരങ്ങളുടെ
വിസ്മയങ്ങൾക്കൊപ്പം
നീ മറന്ന
നിന്റെകുട്ടികൾ !
പ്രിയ സിംഗർ …
നിന്റെ അശ്രദ്ധയുടെ
അഭിശാപമായ്
നഷ്ടപ്പെട്ട
രണ്ട് കുരുന്നുജീവനുകൾ !
അത് പക്ഷേ,
ഒരമ്മയുടെ
മനോവ്യഥകളിൽ
ജീവിതത്തിന്റെയും
മരണത്തിന്റെയുമിടയിലെ
നൂൽപ്പാലത്തിന്റെ
നേർത്തു വരുന്ന
ഇഴകളായിരുന്നു !
ഇസഡോറാ…
സെൻനദിയിൽ
താഴ്ന്നു താഴ്ന്നു
തണുത്തുറയുമ്പോൾ
നിന്റെകുഞ്ഞുങ്ങൾക്ക്
വിശക്കുന്നുണ്ടായിരുന്നോ ?
ഇസഡോറാ…
ശാന്തമെന്നു തോന്നിപ്പിക്കുന്ന
വിഷാദസാഗരംപോലെ,
സെൻനദിയുടെ
അടിത്തട്ടിൽ രൂപംകൊണ്ട്
ഉയർന്നുവന്ന
ഭീമാകാരങ്ങളായ
ചുഴികളായി
അത് നിന്നെത്തന്നെ
ചുഴറ്റിയെടുത്ത്
വലിച്ചു കൊണ്ടുപോയതോ?
കാർച്ചക്രങ്ങളുടെ കിതപ്പില്ലാത്ത
പാച്ചിലുകളിലും
നിന്റെ കഴുത്തിലുമായ്
മുറുക്കിക്കെട്ടിയ സ്കാർഫ് !
നിന്റെ നീതിയുടെ
അടയാളത്തിന്റെ
പ്രഖ്യാപനമായിരുന്നോ ?
മരണം സ്വീകരിച്ച്
കുരുന്നുകൾക്കൊപ്പം
ചെന്നുചേരാൻ വെമ്പിയ
മാതൃഹൃദയത്തിന്റെ
സ്പന്ദനങ്ങളിൽ
സെൻനദിയും
പിന്നെ –
രണ്ടു കുരുന്നു മുഖങ്ങളും
മാത്രമായിരുന്നു !
ഹാ! സിംഗർ
ഹതഭാഗ്യനായ നീയോ…
കറുത്തജീവിതത്തിന്റെ
അർത്ഥം തേടുകയായിരുന്നോ ?
അജികുമാർ നാരായണൻ
2024 മാർച്ച് 30, ശനിയാഴ്‌ച
മുഖമൊഴി
മാർച്ച് മാസം വരുന്നത് പലകുട്ടികൾക്കും ഭയമാണ്. അതവരുടെ പരീക്ഷാകാലമാണല്ലോ. എക്സാമിനേഷൻ ഫോബിയ അല്ലെങ്കിൽ എക്സാം ഫോബിയ എന്ന് നമ്മൾ വിളിക്കുന്ന ഈ പേടി ചില കുട്ടികളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അത്ര നിസ്സാരമല്ല. ഇത് ഒരു തരത്തിലുള്ള മാനസിക പ്രശ്നം തന്നെയാണ്. കുട്ടികൾ വേണ്ടപോലെ പഠിക്കാത്തതും പരീക്ഷയ്ക്ക് വേണ്ടത്ര തയാറെടുപ്പുകൾ നടത്താത്തതും ആണ് ഈ പേടിക്കു പുറകിൽ എന്നാണ് മിക്കവരും ധരിച്ചു വച്ചിരിക്കുന്നത്. ഇത് തെറ്റായ ധാരണ മാത്രമാണ്. നന്നായി പഠിക്കുന്ന, നല്ല തയാറെടുപ്പുകൾ നടത്തിയിട്ടുള്ള കുട്ടികളിലും ഈ ഭയം ഉണ്ടാകും. കാരണം ഇതൊരു മെന്റൽ ഡിസോർഡർ ആണെന്നതു തന്നെ. ആകാംഷാ രോഗങ്ങളിൽ പെടുന്ന ഒന്ന് തന്നെയാണ് ഇതും.
സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ തലച്ചോറിൽ അഡ്രിനാലിൻ എന്നൊരു രാസവസ്തു ഉണ്ടാകുക പതിവാണ്. അത് നമ്മെ ചെറിയ സങ്കർഷത്തിലാക്കുകയും പതിവാണ്. ഇത് മിക്കപ്പോഴും നമുക്ക് കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന്, ശരീരം ഉണ്ടാക്കുന്ന ഒരു അവസ്ഥാവിശേഷമാണ്. എന്നാൽ പരീക്ഷാപ്പേടിയുള്ള കുട്ടികളിൽ അഡ്രിനാലിൽ ഉത്പാദനം ക്രമാതീതമായി ഉയരുന്നു എന്നതാണ് ഒരു പ്രധാന പ്രശ്നം.
ഇതിന്റെ ഫലമായി ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ശരീര പേശികൾ വലിഞ്ഞു മുറുകുക, ഉള്ളം കൈ, കാൽപ്പാദങ്ങൾ വിയർത്തൊലിക്കുക, ചുണ്ടും വായും വരണ്ടു പോകുക, ഹൃദയമിടിപ്പ് അമിതമായി ഉയരുക, ബോധക്ഷയം സംഭവിക്കും എന്ന് തോന്നുക, ശർദ്ധിക്കാൻ തോന്നുക എന്നിവയെല്ലാം അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ്.
പഠിച്ച കാര്യങ്ങൾ പോയിട്ട്, ചെറിയ കാര്യങ്ങൾ പോലും ഓർമ്മിച്ചെടുക്കാൻ കഴിയാതെ വരിക, ലോജിക്കില്ലാത്ത കാര്യങ്ങൾ ചിന്തിക്കുക, ചിന്തകൾക്ക് വിഘ്നമുണ്ടാകുക എന്നിവയാണ് ഈ പേടിയുടെ ബൗദ്ധിക പ്രശ്നങ്ങൾ.
മാതാപിതാക്കളുടെ പ്രതീക്ഷകൾ പാലിക്കാൻ കഴയാതെവരുമോ, അവരുടെയും മറ്റുള്ളവരുടെയും വാത്സല്യത്തിൽ കുറവ് വരുമോ,തുടങ്ങിയ ചിന്തകളും, ആത്മവിശ്വാസത്തിൽ കുറവ്, നിസ്സഹായാവസ്ഥ തുടങ്ങിയ വൈകാരിക പ്രശ്നങ്ങളും അവർക്കുണ്ടാകും.
പലപ്പോഴും ഇതിന്റെ പരിഹാരമാർഗ്ഗമായി വിദഗ്ധർ എന്നവകാശവപ്പെടുന്നവർ പോലും നിർദേശിക്കുന്നത് പഠിക്കേണ്ട രീതികളെക്കുറിച്ചു മാത്രമാണ്. സോഷ്യൽ മാധ്യമങ്ങളിലൂടെ പഠനം നടത്തുന്ന മാതാപിതാക്കളും അറിയേണ്ട ഒരു കാര്യമുണ്ട്. ഇതിനു മറ്റൊരു തലമുണ്ട്. ഇത് ഒരു മാനസിക ആരോഗൃ പ്രശ്നമാണ്. വിദഗ്ധ സഹായം ആവശ്യമാണ്. മിക്കപ്പോഴും മരുന്നുകൾ ആവശ്യമായി വരാറുണ്ട്. മരുന്ന്, ശരിയായ കൗൺസെലിങ്, (എടുത്തു പറയാനുള്ള കാര്യം ഇന്ന് എല്ലാവരും കൗൺസിലേഴ്സ് ആയതുകൊണ്ടാണ്.) സൈക്കോതെറാപ്പികൾ വഴി ഇതിനു ശാശ്വത പരിഹാരം ഉണ്ടാക്കാവുന്നതാണ്.
ഓർക്കുക ഇത് കുട്ടികളുടെ അഹങ്കാരമോ കഴിവില്ലായ്മയോ ആകണമെന്നില്ല. ഒരു രോഗാവസ്ഥയാണ്. ഇന്നു തന്നെ വിദഗ്ധ സഹായം തേടുക.
ഡോ. സുനീത് മാത്യു
തെറ്റിയോടിയ ഘടികാരങ്ങൾ!

ജോണിനെക്കുറിച്ചു, മറ്റേതോ ജന്മത്തിൽ കാവ്യജീവിയായിരുന്ന ബാലചന്ദ്രൻ പറഞ്ഞതോർക്കുന്നു. ജോൺ ഉറങ്ങുന്നതിനു മുൻപ് കയ്യിലെ തുട്ടുകളും നോട്ടുകളും ജനലിലൂടെ പുറത്തേക്കെറിഞ്ഞുകളയുന്നതു കണ്ടു. കയ്യിൽ കാശിരുന്നാൽ ഉറങ്ങാൻ കഴിയില്ലത്രേ ജോണിന്. കാവ്യജീവികൾ ഇങ്ങനെയാണ്. കോടികൾ കെട്ടിവച്ച കിടക്കയുടെ മുകളിൽ കിടക്കുമ്പോൾ മനുഷ്യജീവികൾക്കും ഇങ്ങനെയാണെന്ന് കേൾക്കുന്നു, ഉറക്കം കിട്ടില്ല.
കമലയെന്ന കാവ്യജീവിയും ഇതിൽനിന്നും വ്യത്യസ്തയല്ലായിരുന്നു. അവരുടെ ഭൂമിയിലെ ജീവിതം വാക്കുകൾക്ക് വേണ്ടിമാത്രമായിരുന്നു. ബാക്കിയുള്ളതൊക്കെ മനുഷ്യരുണ്ടാക്കിയ വിവാദങ്ങളാണ്. കമലയെ ഇതൊന്നും ബാധിച്ചിരുന്നില്ല, അങ്ങനെ ചിലതൊക്കെയവർ പറഞ്ഞിട്ടുണ്ടെങ്കിലും. മലയാളികൾ പരിഹസിച്ചപ്പോൾ ലോകം അവരെ പരിഗ്രഹിച്ചു, വാക്കുകൾ പ്രണയിച്ചു, അവരിൽ പടർന്നു പന്തലിച്ചു.
“All round me are words, and words and words,
They grow on me like leaves, they never
Seem to stop their slow growing”
പാരമ്പര്യജീവിതശൈലികളിൽ നിന്നകന്നു, അലഞ്ഞുതിരിഞ്ഞ കാവ്യജീവിയായിരുന്ന പി. കുഞ്ഞിരാമൻനായരെക്കൂടി ഓർക്കാം . ജോലിയും, സ്വത്തും, കുടുബവും എല്ലാം ഉണ്ടായിരുന്നിട്ടും, എന്തിനോവേണ്ടി അലഞ്ഞുതിരിഞ്ഞു. ആ തൂലികയിൽനിന്നും കാവ്യങ്ങൾ മാത്രം പിറന്നുകൊണ്ടേയിരുന്നു. ഒരു കാവ്യജീവി മറ്റെന്തുചെയ്യാനാണ്? ലോകത്തിന്റെ ‘…എന്നിട്ടെന്തായി കുഞ്ഞിരാമാ?’ എന്ന ചോദ്യത്തിന് മന്ദഹാസം മാത്രം ഉത്തരംനൽകി, മനോഗ്രഹത്തെയിലേക്കു തിരികെപ്പോയപ്പോൾ കാവ്യ ദേവത ചോദിച്ചിട്ടുണ്ടാകും “അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ; യാത്ര പറയാതെ പോയതുചിതമോ..?”
എല്ലാ കാവ്യജീവികളും ഇങ്ങനെയായിരുന്നില്ല. ജനിച്ച കുലത്തിനോട് നീതികാണിക്കാനെന്നോണം മനുഷ്യരായഭിനയിച്ചു മനോഗ്രഹത്തിലേക്ക് തിരിച്ചുപോയവരാണധികവും. ഇപ്പോൾ കാവ്യജീവികളുണ്ടോ നാട്ടിൽ? ഇല്ല! അവർക്കൊക്കെ വംശനാശം സംഭവിച്ചുപോയി. ഇപ്പോൾ മനുഷ്യർ മാത്രം ഇവിടെ ജീവിക്കുന്നു. വെറും മനുഷ്യർ. പരസ്പരം വെറുത്തു, വെട്ടിച്ചാകുന്ന മനുഷ്യർ. കാവ്യജീവികളെക്കണ്ടാൽ ചുട്ടെരിക്കാൻ മടിക്കാത്ത മനുഷ്യർ. വെറും മനുഷ്യർ!
അയ്യപ്പനിൽ തുടങ്ങിയത് അയ്യപ്പനിൽ ഒടുക്കാം, കാവ്യജീവിക്കുമാത്രമറിയുന്ന ഭാഷയിലെ നാലുവരികൾ ഓർത്തുകൊണ്ട്;
“ഇതായെന്‍ കണ്ണുനീര്‍ ഹരിത പത്രമേ
ചുവപ്പ് ഇഷ്ടമെങ്കില്‍ എടുത്തു കൊള്‍ക
ഇതായെന്‍ പാദങ്ങള്‍ മഴയുടെ മണ്ണേ
നടപ്പ് ഇഷ്ടമെങ്കില്‍ ഈ ഭാരമേല്‍ക്ക”
സുമേഷ് രാമചന്ദ്രൻ
വീടിന്റെ മണം

വാർദ്ധകത്തിന്റെ പടി-
പ്പുരവാതിക്കലിന്നെൻ
സ്വാർത്ഥമോഹങ്ങളെല്ലാ-
മിറക്കിവെയ്ക്കുന്നു ഞാൻ.
പിന്നെയുമൊരു പകൽ
കൊഴിഞ്ഞു, സായന്തനം
വന്നുചേരുന്നു, മൂകം
സന്ധ്യയും കറുക്കുന്നു.
ഇനിയും പുലരികൾ
പിറവിയെടുത്തേക്കാം
ദിനരാത്രങ്ങൾ വന്നീ
ജീവിതം ദീർഘിച്ചേക്കാം.
പ്രണയാർദ്രരായ് നമ്മൾ
കൈകോർത്തു പരസ്പരം
തുണയായീവീഥികൾ
മുഴുവനലഞ്ഞതു,
സഖി, നീയോർക്കുന്നുവോ
മിഥ്യാഭിമാനത്തിന്റെ
മുഖമോരോന്നായ് നമു-
ക്കെതിരേ തിരിഞ്ഞതും?
ഒടുവിൽ പിരിയുവാൻ
പറ്റാതെ കാലത്തിന്റെ
ഇടനാഴിയിൽ നമ്മ-
ളൊന്നിച്ചു കഴിഞ്ഞതും?
പണവും പണ്ടങ്ങളു-
മില്ലാതെ പരസ്പരം
പ്രണയം മാത്രം നൽകി
മംഗലം കഴിച്ചതും?
വെയിലും മഴയുമേ-
റ്റീടാതെ കിടക്കുവാൻ
റെയിൽവേ മേൽപ്പാലത്തി-
ന്നടിയിലടിഞ്ഞവർ,
അന്തിയാകുമ്പോളൊത്തു-
കൂടലിൽ കുടുംബത്തിൻ
സന്തോഷമടുപ്പിലെ
കഞ്ഞിയായ് തിളയ്ക്കവേ,
ചുമരില്ലാതെ തുണി-
കെട്ടിയ മറയ്ക്കുള്ളിൽ
കമിതാക്കൾതൻ രാഗ-
സംഗമം നടക്കവേ,
വാടക കുറഞ്ഞൊരു
ചേരിയിലൊറ്റമുറി-
വീടുകിട്ടുവാൻ നമ്മ-
ളലഞ്ഞതോർമ്മിക്കുന്നോ?
വാടകയ്ക്കിടം കിട്ടാ-
തലഞ്ഞ നമ്മൾ, തറ-
വാടികൾ, തീവണ്ടിയാ-
പ്പീസിന്റെ വരാന്തയിൽ,
രാവുകൾ പരസ്പരം
കാവലായുറങ്ങിയ
നോവിന്റെയോർമ്മക്കിന്നും
യൗവ്വനം കഴിഞ്ഞില്ല.
സ്വന്തമാം വീടെന്നൊരു
സ്വപ്നസായൂജ്യത്തിനായ്
സന്തതം പ്രയത്നിച്ച
ദമ്പതിമാരായവർ
അന്നു നാ,മായുസ്സിന്റെ-
യദ്ധ്വാനം മുഴുവനും
മുന്നമേ കടംകൊണ്ടു
നേടിയ ഭവനത്തിൽ,
വാടകവീട്ടിൽ നിന്നു
ചേക്കേറി, യെന്നാൽ, സ്വന്തം
വീടിന്നും കടംവീട്ട-
ലിന്റെ ചൂതാട്ടം മാത്രം!
കാത്തിരിക്കുവാനൊരു
നാളെയില്ലിനിയെന്ന
മൂർത്തചിന്തകൾ നമ്മെ-
യലട്ടുമെന്നാകിലും,
കൂടുവിട്ടാകാശങ്ങൾ
തേടുന്ന പറവപോൽ
വീടുവിട്ടലയുവാ-
നാവില്ല നമ്മൾക്കിന്നും.
അറിയാമെനിക്കിന്നീ
വീടിന്റെ മണ,മതു
തിരികെ വിളിക്കും, നാ-
മെവിടെപ്പോയെന്നാലും!
മംഗളാനന്ദൻ
അൽഫോൻസാമ്മ
ചെയ്തു. എന്നിട്ട് ശബ്ദം താഴ്ത്തിപ്പറഞ്ഞു
“എടാ തള്ള വല്യ പുള്ളിയാ കേട്ടോ. നല്ല ക്യാഷ് ടീമാ. സാധാരണ പോലെ ആരും കൊണ്ടു നടതല്ലിയതല്ല. കുറച്ചു കാലത്തേക്കുള്ള ഒരഡ്ജസ്റ്റ്മെന്റ്. പ്രത്യേകിച്ചൊരു കുഴപ്പവുമില്ല. സൂക്ഷിച്ചു നിന്നോണം. നമ്മളേക്കാൾ പുലിയാ”
“ശരീടാ. ഞാൻ ശ്രദ്ധിച്ചോളാം. നീ പൊയ്ക്കോടാ”
ആൻസി യാത്ര പറഞ്ഞതിനു ശേഷം ഗിരിജ അൽഫോൻസാമ്മയോടും യാത്ര പറഞ്ഞിറങ്ങി.
“അമ്മാ പല്ലു തേച്ചു വന്നാട്ടേ. നമുക്ക് ബ്രേക്ഫാസ്റ്റ് കഴിക്കണ്ടേ.”ആൻസി ഡ്യൂട്ടി തുടങ്ങി.
“നമ്മളല്ല ഞാനല്ലേ കഴിക്കുന്നത്?”പറഞ്ഞു കൊണ്ട് അൽഫോൻസാമ്മ പല്ലു തേക്കാൻ പോയി
ഓട്സിൽ സ്പൂണിളക്കിക്കൊണ്ട് അൽഫോൻസാമ്മ ചോദിച്ചു
”ഈ തൊലിഞ്ഞ സാധനമാണോ തിന്നാനുള്ളത്?”
“അത് അമ്മേ, രോഗികൾക്കുള്ള ഫുഡ് സമീകൃതാഹാരമാണ്. അതാണിങ്ങനെ.”
“ആരാടീ രോഗി? എനിക്കിഷ്ടമുള്ള ഫുഡിനാ എന്റെ മക്കൾ ചക്കച്ചൊള പോലെ കാശെറിഞ്ഞു കൊടുത്തത്. ഇതു വല്ല രാഷ്ട്രീയ ക്കാർക്കും പോസ്റ്ററൊട്ടിക്കാൻ കൊടുക്ക്. അവടെയൊരു ചമീകൃതം…”
ഇന്റർകോമിലൂടെ ആൻസി കാന്റീനിലേക്കു വിളിച്ചു. നിമിഷങ്ങൾക്കകം ആവി പറക്കുന്ന അപ്പവും കോഴിക്കറിയും റൂമിലെത്തി. കുശാലായി പ്രാതൽ കഴിച്ചേമ്പക്കവും വിട്ട് അൽഫോൻസാമ്മ കട്ടിലിൽ നിവർന്നിരുന്നു.
“ഉച്ചക്കലത്തേക്ക് ബീഫ് ബിരിയാണി പറഞ്ഞേക്കണം കേട്ടോ” ഗിരിജ ഉപ്പുവെള്ളത്തിലിട്ടു കഴുകിയ മുന്തിരിങ്ങ ഓരോന്നെടുത്തു നുണഞ്ഞു കൊണ്ടവർ പറഞ്ഞു.
“ഇന്നു മോനച്ചൻ വിളിക്കും. ഞാനുറങ്ങുവാണേൽ എന്നെ വിളിച്ചുണർത്തിയേക്കണേ കൊച്ചേ”
പറഞ്ഞു തീർന്നപ്പോഴേക്കും അവർ മയക്കത്തിലേക്കു വീണു. ആൻസി വാട്ട്സാപ്പിൽ വന്ന മെസ്സേജുകൾക്ക് മറുപടി കൊടുത്തു. ചിലവക്ക് ലൈക്ക്, ചിലതിനു കൈ, ചിലതിനു തൊഴൽ. ചില വോയ്സ് മെസേജുകൾക്ക് വോയ്സ് മെസേജ്. അങ്ങനെ പോകുമ്പോഴാണ് മോനച്ചന്റെ വിളി. ആൻസി എൽഫോൻസാമ്മയെ വിളിച്ചു. ഉണരാഞ്ഞപ്പോൾ കൈകളിൽ പിടിച്ച് കുലുക്കി വിളിച്ചു. അൽഫോൻസാമ്മയുടെ കൈകളിൽ നിന്നും ഒരു തണുപ്പ് ആൻസിയുടെ കൈകളിലൂടെ പടർന്നു കയറിയത് ആൻസിയുടെ തലച്ചോർ തിരിച്ചറിഞ്ഞു.
മോനച്ചന്റെ ഫോൺകാൾ ആരുമറ്റന്റു ചെയ്യാതെ തനിയെ നിലച്ചു.
അനിൽ കുമാർ എം ബി
ഹോമിയോപ്പതി
ഹോമിയോപ്പതി മരുന്നുകളിൽ അവയുടെ സാന്നിധ്യം നാനോ കണങ്ങളായി നിലനിൽക്കുന്നു എന്നുതന്നെയാണ്.
ഐ ഐ ടി ബോംബേയിലെ കെമിക്കൽ എഞ്ചിനീറിങ് വിഭാഗത്തിലെ പ്രൊഫെസർ ഡോ ജയേഷ് ബെലാറയുടെ നേതൃത്വത്തിൽ പ്രശാന്ത് ചികരമാനെ നടത്തിയ ഗവേഷണമാണ് ഇക്കാര്യത്തിലെ ആദ്യത്തെ പഠനം. അദ്ദേഹത്തിന്റെ ഗവേഷണ വിഷയം ഇതായിരുന്നു, ‘Extreme homeopathic dilutions retain starting materials: A nanoparticulate perspective’.
സേലം വിനായക മിഷൻ ഹോമിയോപ്പതി മെഡിക്കൽ കോളേജിന്റെ ഡയറക്റ്റർ ആയിരുന്ന പ്രൊഫസ്സർ ഡോ ഇ. എസ്. രാജേന്ദ്രൻ നടത്തിയ പഠനമാണ് ഇക്കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നത്. ഐ ഐ ടി കളുടേയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെയും സഹായ സഹകരങ്ങളോടെയായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഇതിൽ ഹോമിയോപ്പതിയിലെ ഉയർന്ന ആവർത്തനത്തിലുള്ള വളരെയധികം മരുന്നുകൾ പഠനവിധേയമാക്കി. എല്ലാ മരുന്നുകളിലും ധാരാളമായി മരുന്നുകളുടെ നാനോ കണങ്ങൾ കണ്ടെത്തുകയുണ്ടായി.
പാർശ്വഫലങ്ങളില്ല എന്നത് മാത്രമല്ല ഹോമിയോപ്പതി ചികിത്‌സാരീതിയുടെ പ്രത്യേകത. ശരീരത്തിലെ എല്ലാ രാസപ്രവർത്തനങ്ങളെയും ക്രമീകരിക്കുന്നു എന്നൊരു ധർമ്മം കൂടി നിർവഹിക്കുന്നുണ്ട് ഈ ചികിത്‌സാരീതി. അതുകൊണ്ടു തന്നെ ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങൾക്കും ഈ ചികിത്സാത്‌സാരീതി ഒരു മാതൃകയാകുന്നു. ശരീരത്തിലുണ്ടാകുന്ന രാസപ്രവർത്തനങ്ങളും അതിന്റെ ഫലമായുണ്ടാകുന്ന ഹോർമോണുകളും അതിന്റെ കൃത്യമായ ഉൽപാദനത്തിന് സഹായിക്കുന്ന രാസവസ്‌തുക്കളും എൻസൈമുകളും എല്ലാം ചേർന്ന ഒരു ശൃംഗലയാണ് നമ്മുടെ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
ഹോമിയോപ്പതി മരുന്നുകൾ രോഗത്തെ മാത്രം അടിസ്ഥാനമാക്കിയല്ല മറിച്ചു രോഗിയുടെ രോഗ ലക്ഷണങ്ങളേയും രോഗാവസ്ഥയിലല്ലാതിരുന്നപ്പോഴുള്ള ലക്ഷണങ്ങളേയും കണക്കിലെടുത്താണ് നൽകുന്നത്. അപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന മരുന്നുകൾ, കോൺസ്റ്റിറ്റുഷനൽ മരുന്നുകൾ എന്നറിയപ്പെടുന്നവ, രോഗിയുടെ എല്ലാ ആന്തരിക പ്രവർത്തനങ്ങളേയും കൃമീകരിക്കുകയും തന്മൂലം ശരീരം തന്നെ രോഗാവസ്ഥയെ ഗുണപ്പെടുത്തുകയും ചെയ്യും എന്നതാണ് ശരിയായ ഹോമിയോപ്പതി രീതി. ഒരാൾക്കുപയോഗിക്കുന്ന മരുന്നുകൾ, അതേരോഗത്തിനു മറ്റൊരാൾക്ക് ഉപകാരപ്രദമായിരിക്കണമെന്നില്ല. രോഗികളുടെ ശാരീരികവും മാനസികവുമായ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മരുന്നുകൾ തീരുമാനിക്കപ്പെടുന്നത്.
ഡോ സുനീത് മാത്യു
2024 ഫെബ്രുവരി 29, വ്യാഴാഴ്‌ച
മുഖമൊഴി
അധിവർഷ ദിനവുമായാണ് ഈ വർഷം ഫെബ്രുവരി എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷവുമായി നോക്കുമ്പോൾ ഒരു ദിവസം അധികമായി ലഭിക്കും. ചിലർക്കത് ഉപകാരവും ചിലർക്ക് പാരയുമാകാം. പറഞ്ഞു വരുന്നത് അധിവർഷത്തെക്കുറിച്ചല്ല.
ഫെബ്രുവരിയ്ക്കു ഈ പേര് കിട്ടിയത് ഫെബ്രും എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്. പ്യൂരിഫിക്കേഷൻ അഥവാ ശുദ്ധീകരിക്കൽ എന്നാണ് ഈ വാക്കിന്റെ അർഥം. ഇക്കാലത്ത് സാമൂഹിക മാധ്യമങ്ങളിൽ വരുന്ന ചില പോസ്റ്റുകളും കമന്റുകളും കാണുമ്പോൾ നാം വളരെയധികം ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട് എന്ന തോന്നൽ ഉണ്ടായി. അതുകൊണ്ടുതന്നെ ഇക്കാര്യം എഴുതാൻ ഏറ്റവും നല്ല മാസം ഫെബ്രുവരി തന്നെ.
മത, രാഷ്ട്രീയ വെറി ഇത്രയധികം രൂക്ഷമായത് വളരെ അടുത്ത കാലങ്ങളിൽ ആണ് എന്നു തോന്നുന്നു. ഒരു പക്ഷെ സാമൂഹിക മാധ്യമങ്ങൾ നമ്മുടെ മേൽ ആധിപത്യം സ്ഥാപിച്ചതിനു ശേഷമാകണം. അതു കൊണ്ട് തന്നെ ഇത്തരം മാധ്യമങ്ങളുടെ ചില അപാകതകളെങ്കിലും നാം മനസ്സിലാക്കിയിരിക്കണം. അതിൽനിന്നെങ്കിലും ശുദ്ധീകരിക്കപ്പെടുവാൻ ഈ മാസം നമുക്കവസരമുണ്ടാകട്ടെ.
സൈബർ ബുള്ളിയിങ്ങ് എന്ന ഭീഷണികൾ ആണ് ഏറ്റവും പ്രധാനം. ആളുകളെ കരിവാരിത്തേക്കുവാനും, ഭീഷണിപ്പെടുത്തുവാനുമുള്ള ഒരു ഇടം കൂടിയായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു വ്യാജ മേൽവിലാസത്തിൽ ഒളിച്ചിരുന്നു എന്തു ഹീനപ്രവർത്തിയും ചെയ്യാം എന്നു ചിലരെങ്കിലും കരുതുന്നു.
തെറ്റായ വിവരങ്ങൾ ശരിയെന്നു തോന്നുന്ന വിധം പ്രചരിപ്പിക്കുന്നതാണ് അടുത്ത പ്രശനം. ഇത്തരം തെറ്റായ വാർത്തകൾ ആധികാരികത അന്വേഷിക്കാതെയോ, അറിയാതെയോ വളരെയധികം മീഡിയകളിൽ പ്രചരിക്കപ്പെടുന്നു. പല മാധ്യമങ്ങളിൽ കാണുന്നതോടെ അത് അധികാരികമായി മിക്കവർക്കും തോന്നുകയും ചെയ്യുന്നു. ജാതി മത, രാഷ്ട്രീയ വെറി പടർത്തുന്നതിനും, വ്യക്തിഹത്യയ്‌ക്കും മറ്റും കരുതിക്കൂട്ടി ചെയ്യുന്ന ഒരു പ്രവൃത്തിയാണിത്. ഇത്തരം വാർത്തകൾ പടർത്തുന്നതിനു തന്നെ ആളുകൾ ഉണ്ട് എന്ന് നാം അറിഞ്ഞിരിക്കണം.
സാമൂഹിക മാധ്യമങ്ങൾ നമ്മുടെ സാമൂഹിക ബന്ധങ്ങൾ വളർത്തുന്നുണ്ടെങ്കിലും, ഇത്തരം മീഡിയകളോടുള്ള ആസക്തി നമ്മുടെ ശരിയായ ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കുന്നുണ്ട് എന്നതും സത്യമാണ്. പലപ്പോഴും ഇത്തരം ആസക്തികൾ യഥാർത്ഥത്തിൽ ചെയ്യുന്നത് സാമൂഹിക ഒറ്റപ്പെടുത്തലുകൾ തന്നെയാണ്.
ഇനിയും ധാരാളം ദോഷവശങ്ങൾ എഴുതാനുണ്ട്. ഇങ്ങനെ എഴുതുന്നതിന്റെ അർഥം സാമൂഹിക മാധ്യമങ്ങൾ മോശമാണ് എന്നല്ല. അതിനു ധാരാളം നല്ല വശങ്ങളുമുണ്ട്. ഇതിന്റെ ശരിയും തെറ്റും മനസ്സിലാക്കി പ്രവർത്തിക്കേണ്ടത് നമ്മൾ ആണ്. ആ ശുദ്ധികലശം നമുക്കാരംഭിക്കാം.
ഡോ. സുനീത് മാത്യു
ഒരുവട്ടംകൂടി…
ട്വൽത് ഫെയിൽ (12 Fail) എന്ന ഹിന്ദിസിനിമ നല്ലൊരനുഭവമായിരുന്നു. ജീവിതത്തിൽ എവിടെയെങ്കിലുമൊക്കെ അതുപോലൊന്നു തോറ്റിരുന്നെങ്കിൽ എന്ന്തോന്നിപ്പോയി. പക്ഷെ തോറ്റാൽമാത്രംപോരാ. അതിൽ നിന്നും പ്രചോദനമുൾക്കൊണ്ടു കഠിനമായിപ്രയത്നിക്കാനും, വിജയിക്കാനും കഴിയണം. അങ്ങനെ തോറ്റുതുടങ്ങിയവർ, ശ്രമിച്ചുമുന്നേറിയവർമാത്രമേ എന്തെങ്കിലുമൊക്കെ ആയിട്ടുള്ളൂ. ആകുകയുമുള്ളൂ.
ചെറിയചെറിയ വിജയങ്ങളാണ് പലപ്പോഴും വില്ലൻമാർ. അതിലും വലിയവില്ലനാണ് ഒരുവട്ടം കൂടിശ്രമിക്കാനുള്ള മടി.
എൻ്റെ ജീവിതത്തിൽനിന്നും ഒന്ന് പറയാം. ബിരുദാനന്തരബിരുദം കഴിഞ്ഞു പോത്തുപോലെ നടക്കുന്നസമയം. അല്ലറചില്ലറ അധ്യാപനഇടപാടുകളൊക്കെ ഇതിനിടയിൽ നടക്കുന്നുണ്ട്. യൂജിസി നെറ്റ് (NET) പരീക്ഷണവും കടന്നു. കോളേജുകളിൽ നിയമനംകിട്ടാൻ ലക്ഷങ്ങൾക്കുള്ള വകകൾ കയ്യിൽവേണം. ബാങ്കിലായാലും മതി.
ആയിടക്ക് മറ്റൊരു ചിന്തകൂടിപിടികൂടി. ഒരു PhD കൂടി എടുത്തുപൊക്കിയാൽ, പിന്നൊന്നും വേണ്ടിവരില്ലെന്ന മൂഢചിന്ത. കേരളത്തിന്റെ സ്വന്തം സർവകലാശാല നഗരത്തിൽ പരന്നുകയറികിടക്കുന്നു. കേറിജോയിൻചെയ്തു. അങ്ങനെയിരിക്കുമ്പോൾ ഒരുദിനം പത്രത്തിൽ പരസ്യം. കേന്ദ്രസർക്കാർ കോമൺവെൽത്ത് സ്കോളർഷിപ്പുകൾക്കു അപേക്ഷക്ഷണിക്കുന്നു. കിട്ടിയാൽ യൂകെയിലോ, കാനഡയിലോ, ഓസ്‌ട്രേലിയയിലോ കോമൺവെൽത്തിൻ്റെ ചിലവിൽ PhD ചെയ്യാം. കേന്ദ്രസർക്കാരിൻ്റെ ജോലി വേണ്ടവനെ (വേണ്ടവളെ) കണ്ടെത്തി ശുപാർശ ചെയ്യുക എന്നതുമാത്രം. ശുപാർശ കോമൺവെൽത്ത്‌കൂടി അംഗീകരിക്കണമെന്നുമാത്രം. അതിനുള്ള വിളിയാണ്. കേട്ടു. അപേക്ഷയും റിസർച്ച് പ്രൊപ്പോസലും ഒരെണ്ണം തട്ടിക്കൂട്ടി ചൂടോടെവിട്ടു.
ഒന്നിനും വേണ്ടിയല്ലാതെയും വിളിച്ചാൽ വിളികേൾക്കുന്നവർ ഡൽഹി കേന്ദ്രമാക്കിയുണ്ടായിരുന്ന പുരാതനകാലമാണെന്നോർക്കണം . അഭിമുഖത്തിന് ദില്ലിയിലെത്താൻ അറിയിച്ചുകൊണ്ട് കടലാസ്സുവന്നു. കവടിനിരത്തിയപ്പോൾ പോകാമെയി. പോക്കിനായി പാശ്ചാത്യകോണകം (tie) കഴുത്തിലേക്കൊരെണ്ണം വാങ്ങി. ആദ്യമായി. അതില്ലാത്തതിൻ്റെപേരിൽ ഒന്നും കിട്ടാതെവേണ്ട എന്നമട്ടിൽ. കഴുത്തിലെ ലങ്കോട്ടിക്കെട്ടു കയറുകെട്ടുംപോലെയോ ഷൂലേസ്കെട്ടുമ്പോലെയൊ മുറുക്കികെട്ടിയാൽ മതിയാകും എന്ന് നിരീച്ചു. മുൻപരിചയമില്ലല്ലോ!
ദില്ലിയിലെത്തി. പതിവുപോലെ കനത്തിൽ പുകനിറഞ്ഞ മഞ്ഞുമൂടിയ ഉഗ്രൻ ശൈത്യകാലം. ബംഗാളികളുടെ ഏതോമന്ദിരത്തിൽ താമസംതരമായി. അഭിമുഖം വിദേശകാര്യമന്ത്രാലയമായിരുന്നോ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയമായിരുന്നോയെന്നോർക്കുന്നില്ല. പുരാതനകാലമായിരുന്നല്ലോ. ഓർമ്മപിടിക്കുന്നില്ല.
രാവിലെ അഭിമുഖത്തിനൊരുങ്ങുമ്പോൾ ഭീകരപ്രതിസന്ധി. ടൈ കെട്ടീട്ടുംകെട്ടീട്ടും മുറുകുന്നില്ല. കൺകെട്ടൊഴികെ അറിയാവുന്ന എല്ലാകെട്ടും പരീക്ഷിക്കപ്പെട്ടു. ലവൻ കടേന്നുവാങ്ങിയ മുന്തിയവനായിട്ടും, വേലിയിൽ നിന്നെടുക്കപ്പെട്ട ലോക്കൽ പാമ്പിൻ്റെ സ്വഭാവം കാണിക്കുന്നു. തണുപ്പുകാലം രക്ഷിച്ചുവെന്നു പറഞ്ഞാൽമതിയല്ലോ. ഷർട്ടിനു മുകളിൽ സ്വെറ്ററുമിട്ടു (ഇപ്പോ ജീവിക്കുന്ന നാട്ടിൽ സ്വറ്ററിൻ്റെപേരു ‘ജമ്പർ’ എന്നാണ്). ടൈ സ്വറ്ററിനിടയിൽ കുടുക്കി നിർത്തി. സൂക്ഷിച്ചു നോക്കിയാൽ മാത്രം എന്തോ പിശകെന്നു മനസ്സിലാകും. മഹാനഗരത്തിൽ ആര് സൂക്ഷിച്ചുനോക്കാൻ, പോരാത്തതിന് കണ്ണുമൂടുന്ന പുകമഞ്ഞും.
സർക്കാർ ആസ്ഥാനത്തെത്തി. വലിയ കെട്ടിടങ്ങൾ. രാഷ്ട്രപതിഭവനോക്കെയടുത്ത്. ആപ്പീസ്സ് ശിപായി മുറികാണിച്ചുതന്നു. മാനേജുമെൻറ് സ്റ്റഡീസിൽ അയിരുന്നല്ലോ ഗവേഷണയാചന. വലിയമുറിയിൽ മൂന്ന് ഭാവി മാനേജ്മെൻറ്ഗവേഷകർ ഇരിക്കുന്നു, അഭിമുഖവും കാത്ത്. ആൺപിറന്നവർമാത്രം. അവരുടെ ഇരിപ്പിൽ എന്തോ പന്തികേടുതോന്നി. മുടിഞ്ഞ ആത്മവിശ്വാസത്തിൻ്റെ ശരീരഭാഷയ്ക്ക് ഷേക്‌സ്‌പീരിയൻ സൗന്ദര്യം. എല്ലാവരും കോട്ടിനും സൂട്ടിനുമുള്ളിൽ. ‘ജമ്പറിട്ടു’ ഞാൻ മാത്രം! ലവൻമ്മാക്ക് അഭിമുഖം നടത്തുന്നവരാണോ എന്ന് തോന്നിക്കുമാറുള്ള മുഖഭാവം. എൻ്റെ ചിരി അവരുടെ മുഖത്തിന്റെ കനമുള്ളയെവിടെയോതട്ടി ചെറുതായെന്തോ ഇളകി വീണപോലെ കോടിയൊരു ‘ചി’ മാത്രം തിരികെക്കിട്ടി, നരേന്ദ്രപ്രസാദ് ശൈലിയിൽ.
ആദേഹങ്ങൾ പുലികളായിരുന്നുവെന്ന് മനസ്സിലാക്കാൻ അഞ്ചുനിമിഷം വീണ്ടും കഴിഞ്ഞു. ഭീകരൻമ്മാരെല്ലാം IAS ആപ്പീസറൻമ്മാരാണ്. പലസംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ. രണ്ടുപേരെ ഇപ്പോഴും ഓർക്കുന്നു. ഒരാൾ ചെന്നൈ കോർപറേഷൻറെ ഡെപ്യൂട്ടികമ്മീഷണർ, രാമചന്ദ്രൻ IAS. മറ്റേയാൾ ബിഹാറിലെ ഏതോ പൊതുമേഖലാ സ്ഥാപനത്തിൻ്റെ MD. മൂന്നാമൻ ഇതുപോലെ മറ്റെന്തോ. ഇവൻമ്മാരുടെ ചുരുക്കുചരിത്രം കേൾക്കേണ്ടതാമസം എൻ്റെകാറ്റ് തിരികെ കേരളത്തിലെത്തി എവിടെയോ ഒളിവിൽപോയി.
മൂവർക്കും ഒരേജാഡ, ഞാൻ കാഴ്ചബംഗ്ലാവിൽ ആദ്യമായി ഹിമക്കരടിയെക്കാണുന്ന ഭാവത്തിൽ എന്ത്, എങ്ങനെ പറയണം എന്നറിയാതെ ‘യെസ്’ എന്നോ ‘നോ’ യെന്നോ എന്തൊക്കയോ പറഞ്ഞു തലകുലുക്കുന്നുണ്ട്. സർവ്വആയുധങ്ങളും വച്ച് കീഴടങ്ങിയ എൻ്റെ ദയനീയ ഭാവം കണ്ടിട്ടാണെന്നു തോന്നുന്നു, മൂന്നുപേരും ഫ്രീയായിട്ടു കുറച്ചു IAS കോച്ചിങ്ങും, മോട്ടിവേഷൻ സ്‌പീച്ചും തരമാക്കിതന്നു.
ഇവർക്ക് കുടുംബസമേതം മൂന്നുനാലു വർഷം ലണ്ടനിലോ മറ്റോ പോയുള്ള സുഖവാസത്തിനുള്ള വകുപ്പിനാണ് എത്തിയിരിക്കുന്നത്. നമ്മളാണെങ്കിൽ നന്നാവാൻവേണ്ടിനാടുവിടാനും. അത് ജന്മത്ത് നടക്കാൻ പോകുന്നില്ലെന്ന് കാലൻമ്മാരെ കണ്ടപ്പോഴേ തെളിഞ്ഞു. കൂടാതെ അവർ ടൈയുടെഅവസ്ഥ കാണാതിരിക്കാൻ ഞാൻ സ്വയം കഴുത്തിനുപിടിച്ചാണ് നിൽപ്പ്, എല്ലാം നശിച്ചവനെപ്പോലെ.
അഭിമുഖം ഏതാണ്ട് 12 ഫെയിൽ സിനിമയിലെപ്പോലെ തന്നെയായിരുന്നു. ചെയർപേഴ്സൺ ഒരു സ്ത്രീ. ഏതോ യൂണിവേഴ്സിറ്റി വൈസ്ചാൻസലർ ആണെന്നറിഞ്ഞു. ബാക്കിയുള്ളർ സർക്കാർ സെക്രട്ടറിമാരായിരിക്കണം. എല്ലാവരും ആഢ്യർ. തൊട്ടാൽ തെഴെവീഴുന്ന മട്ടിൽ കുടുക്കിവച്ചിരിക്കുന്ന കണ്ഠകോണകം കണ്ടിട്ടുണ്ടാകും, ദയതോന്നിയിട്ടുണ്ടാകും. പ്രൊപ്പോസലിനെക്കുറിച്ചു മിതമായി എന്തോ ചോദിച്ചു. ഞാനെന്തോ അമിതമായി പറഞ്ഞു. IAS കാരെകണ്ടു പേടിമാറിയവന് എന്ത് നോക്കാനാണ്? നല്ലവരായവർ കൊല്ലാതെ തിരികെവിട്ടു. ഞാൻ ജീവനുംകൊണ്ട് കേരളത്തിലേക്കോടി രക്ഷപ്പെട്ടു!
സർവ്വം ശുഭം. ഡൽഹി കണ്ടത് മിച്ചം എന്ന് വിചാരിച്ചിടത്താണ് ഇന്ത്യൻസർക്കാരിൻ്റെവക വമ്പൻ ട്വിസ്റ്റ്. കിടുക്കാച്ചിഞെട്ടിക്കൽ. എന്നെ മറ്റുമൂന്നുപേരോടും കൂടി കോമൺവെൽത്ത് സ്കോളർഷിപ്പിനായി ഇന്ത്യയിൽ നിന്നും നിർദ്ദേശ്ശിച്ചിരിക്കുന്നു (മാനേജ്മെന്റ് സ്റ്റഡീസിൽ മാത്രം നാലുപേർ, ബാക്കി വേറെ കുറേപ്പേർ). ബാക്കിയെല്ലാം കോമൺവെൽത്ത് കമ്മിഷൻ തീരുമാനിക്കും. ഞാൻ ഞെട്ടിവിറച്ചു, 105 ഡിഗ്രി പനിച്ചു. IAS പരീക്ഷ എഴുതാത്തതിൽ ആദ്യമായി പരിതപിച്ചു. ലവൻമ്മാർക്ക് പറ്റുമെങ്കിൽ നമുക്കുമായിക്കൂടെയെന്ന ലൈൻ. ഇന്ത്യ സർക്കാരിൻ്റെ നിർദ്ദേശം കോമൺവെൽത്ത് വെട്ടില്ലെന്ന് പറഞ്ഞു അറിയുന്നവർ പിരികേറ്റി. ഇനിയൊന്നും നേടാനില്ലെന്നമട്ടിൽ ഞാൻ അറിയിപ്പിനായി കാത്തിരുന്നു. വിമാനത്തിൽ വിൻഡോ സീറ്റിൽത്തന്നെയിരിക്കണെമെന്നു ശപഥമെടുത്തു. ലണ്ടനിലെ തണുപ്പ്സഹിക്കാൻ മനസ്സിനെ പാകപ്പെടുത്തി.
അറിയിപ്പ് വന്നു, ഖേദം അറിയിച്ചുകൊണ്ട്! കോമൺവെൽത്ത് ചതിച്ചാശാനേയെന്നു പരിതപിക്കാനേ കഴിഞ്ഞുള്ളു. വേറൊന്നും സംഭവിച്ചില്ല. കോമൺവെൽത്തിനോട് പകരം വീട്ടാൻ ഞാൻ നാട്ടിലെ PhD കൂടുതലായിചെയ്തു, കൂടുതൽസമയമെടുത്ത് പൂർത്തിയാക്കി.
കോമൺവെൽത്ത് സ്കോളർഷിപ്പിനായുള്ള അറിയിപ്പുകൾ തുടർന്നുള്ള എല്ലാവർഷവുംവന്നു. ധാരാളം ഇന്ത്യക്കാർ കഠിനാധ്വാനംചെയ്തു പലപ്രാവശ്യം ശ്രമിച്ചു നേടിയെടുത്തുകാണും. യുകെയിലും മറ്റുംപോയി ഓക്സ്ഫോഡിൽ നിന്നും കേംബ്രിഡ്ജിൽനിന്നും PhD നേടി നന്നായിട്ടുണ്ടായിരിക്കും. ഞാൻ കോമൺവെൽത്തിനോടു പകരംവീട്ടി കേരളായൂണിവേഴ്സിറ്റിയിൽ നിന്നും PhD നേടി. മോശമായെന്നല്ല. ഇതിലും നന്നാകാൻ അവസരമുണ്ടായിരുന്നു, കഠിനമായിശ്രമിച്ചിരുന്നെങ്കിൽ! ഒരുവട്ടംകൂടി ശ്രമിച്ചിരുന്നെങ്കിൽ!
സിനിമയിലെ നായകന് സാധാരണ പോലീസ് ഇൻസ്‌പെക്ടർ ആയി SPയോ മറ്റോആയി വിരമിക്കാമായിരുന്നു. പക്ഷെ അയാൾ UPSC യോട് പകരംവീട്ടാൻ നിൽക്കാതെ കഠിനപ്രയത്നം ചെയ്തു, IPS നേടി. ഡിജിപിയോ മറ്റോആയി വിരമിക്കുമായിരിക്കും.
ഞങ്ങൾതമ്മിൽ ഒരുവെത്യാസമേയുണ്ടായിരുന്നുള്ളൂ. ഓരോപരാജയങ്ങൾ കഴിഞ്ഞപ്പോഴും അയാൾ ഒരുവട്ടംകൂടി ശ്രമിച്ചു…കഠിനമായി!
“The most certain way to succeed is always to try just one more time.” —Thomas Edison.
സുമേഷ് രാമചന്ദ്രൻ
ചിലന്തി
പുലരിമഞ്ഞിൽ, താൻ നെയ്ത വലയിൽ ആദ്യ പ്രകാശമേൽക്കുമ്പോഴുള്ള ചാരുതയിൽ ഒരു നിമിഷം സ്വയം മറന്നിരിക്കുകയായിരുന്നു പെൺചിലന്തി. ഇര പിടിക്കാൻ താനൊരുക്കിയ കെണിയാണിതെന്ന് ഓർക്കാതിരിക്കാൻ അവൾ ശ്രമിച്ചു. ഇതിനെ പിന്നിലെ അധ്വാനവും തൻ്റെ കലാവിരുതും മാത്രമിപ്പോൾ ഓർക്കുക. അല്ലെങ്കിലും ഈ ക്ഷണിക ജീവിതത്തിൽ ചില തിരഞ്ഞെടുപ്പുകൾ വേണ്ടിവരും, അനുഭവങ്ങളുടെ കാര്യത്തിലായാലും ഓർമ്മകളുടെ കാര്യത്തിലായാലും. ഓർക്കാൻ ഇഷ്ടമല്ലാത്തവയെ അതിൻ്റെ പാട്ടിനു വിട്ടേക്കുക എന്നല്ലാതെ എന്തു ചെയ്യാൻ!
അപ്പോഴാണ് ഒരു ആൺ ചിലന്തി നൂലിഴ പൊട്ടി അവളുടെ അടുത്തേക്ക് ആടിയുലഞ്ഞ് എത്തിയത്. ഇര എന്നു തെറ്റിദ്ധരിച്ച് അവൾ ഓടി അടുക്കുക പോലും ചെയ്തു. ആദ്യം മനസ്സിൽ പിറന്നത് കുറച്ച് ശകാരവാക്കുകളാണ്. പിന്നീട് സ്വയം നിയന്ത്രിച്ചു. വാക്കുകൾ കൊണ്ട് മറ്റൊരാളെ വേദനിപ്പിക്കുന്നതിലുള്ള ആനന്ദം ഇനി വേണ്ട എന്നവൾ മുമ്പേ തീരുമാനിച്ചതാണ്. അതു കൊണ്ട് അവൾ കാരുണ്യ പൂർവ്വം ചോദിച്ചു: വലകെട്ടാൻ ഇതുവരെ പഠിച്ചില്ല അല്ലേ?
” ചാട്ടം പിഴച്ചു. എങ്കിലും ആ പിഴച്ച ചാട്ടത്തിൽ ഞാനിപ്പോൾ ദു:ഖിക്കുന്നില്ല. നിൻ്റെ അടുത്തെത്താൻ ഒരു വഴിപിഴക്കൽ ആവശ്യമായി വന്നു.”
പെൺചിലന്തി ഒരു നിമിഷം മൗനത്തിൽ ആണ്ടു പോയി. അപ്പോൾ അവളുടെ മുഖം ധ്യാനനിരതയായ ബുദ്ധ സന്യാസിനിയെ ഓർമ്മിപ്പിച്ചു.കാമനകളെ തടഞ്ഞ് ക്ഷണിക സുഖങ്ങളുടെ വലയിൽ പെടാതെ മോക്ഷമാർഗ്ഗത്തിലൂടെ അടി വെച്ചു നീങ്ങുന്ന ഒരു ബുദ്ധ സന്യാസിനി.
” എൻ്റെ അരികിൽ വരരുത്. ഞാൻ നിന്നെ വേദനിപ്പിക്കും.”
“വേദനയ്ക്കൊരു സുഖമുണ്ട്. അത് നിന്നിൽ നിന്നാകുമ്പോൾ പ്രത്യേകിച്ചും.”
” നീ ദുരന്തം ചോദിച്ചു വാങ്ങുകയാണ്.”
” ആൺ ചിലന്തി എന്ന നിലയിൽ ഞാനെൻ്റെ ജന്മനിയോഗം സ്വീകരിക്കുന്നു.”
“എന്നിൽക്കൂടി ?”
“മറ്റാരേക്കാളും നീയാകുന്നതാണിഷ്ടം.”
പെൺചിലന്തി ആലോചനയിലാണ്ടു. എത്ര തന്നെ മാറി നിന്നാലും കാമനകൾ തന്നെ ബന്ധിക്കും എന്നാണോ കരുതേണ്ടത് ..
“രതിയോടൊപ്പം മരണത്തെ ചേർത്തുവെച്ച മറ്റൊരാളെ നിനക്ക് ഓർക്കാൻ കഴിയുന്നുണ്ടോ?” പെൺചിലന്തി വലയിളക്കിക്കൊണ്ടു ചോദിച്ചു. ചോദ്യത്തിനും ഉത്തരത്തിനുമിടയിൽ ഒരു ചെറുപ്രാണി അവളെ കബളിപ്പിച്ചു പോവുകയും ചെയ്തു.
” ഞാൻ ഓർമ്മകളെ ചുമക്കാറില്ല. ഭൂതകാലത്തേയും.നമ്മൾ ചിലന്തികൾ ഈ നിമിഷം ജീവിക്കുന്നവരാണ് ”
പെൺചിലന്തി പറഞ്ഞു: “എട്ടാം ക്ളാസിലെ ചരിത്ര പാഠത്തിൽ ആരേയും മോഹിപ്പിക്കുന്ന ഒരു സുന്ദരിയെക്കുറിച്ച് പഠിച്ചിരുന്നു. ഈ ജിപ്ത് ഭരിച്ചിരുന്ന ടോളമി ഏഴാമൻ്റെ പുത്രി പന്ത്രണ്ടാമത്തെ ക്ലിയോപാട്ര. ഭോഗ സാമ്രാജ്ഞി എന്നു വിശേഷിപ്പിക്കപ്പെട്ടവൾ. വ്യഭിചരിച്ചാൽ പോലും പുരോഹിതർ ആശിർവദിച്ചു പോകുന്ന ചാരുത. ഷേക്സ്പിയറാണ് അങ്ങനെ വിശേഷിപ്പിച്ചത്. അവൾ വെളുത്ത പൂക്കളിൽ വിഷം പുരട്ടി തലയിലണിഞ്ഞാണ് കാമുകന്മാരെ സ്വീകരിച്ചിരുന്നത്. രതിയുടെ ആലസ്യത്തിൽ മയങ്ങുന്നവരെ തൻ്റെ നീല കേശത്താൽ ചുറ്റി വീർപ്പുമുട്ടിച്ചു കൊല്ലുമായിരുന്നു അവൾ. രതി അവളിൽ ജ്വലിച്ചതു പോലെ ക്രൂരതയും ജ്വലിച്ചു നിന്നു. വിഷ വീര്യം അളക്കാൻ അടിമകളായ ആഫ്രിക്കൻ യുവതികൾക്ക് അവൾ വിഷം കൊടുത്തിരുന്നു. അവരുടെ പിടച്ചിലിൽ അവൾ രതിമൂർഛ അനുഭവിച്ചു. രതി തന്നെ വിഷമാണല്ലേ?”
“സ്നേഹമില്ലാത്ത രതിയേ വിഷമാകുന്നുള്ളു. ഇന്നു രാത്രി പ്രണയത്തിൻ്റേതാണ്. പുലർച്ചെ ആദ്യ രശ്മി നിൻ്റെ വലയിൽ പതിക്കുന്നതിനു മുമ്പേ രതി പൂർത്തിയാക്കുക. എൻ്റെ ജീവചൈതന്യമത്രയും നിന്നിലേക്കൊഴുക്കുവാൻ എന്നെ അനുവദിക്കുക. എൻ്റെ നൂറു പുത്രന്മാർക്കു ജന്മം നൽകി എൻ്റേയും നിൻ്റെയും ജന്മനിയോഗങ്ങൾ പൂർത്തിയാക്കുക. നാളെ നീയും നിൻ്റെ വലയും ഞാനും എൻ്റെ സ്വപ്നങ്ങളും ഇവിടെയുണ്ടാകണമെന്നില്ല.”
എട്ടുകാലുകൾ എട്ടു കൈകളായി മാറിയ രാത്രി ..
രതി യുടെ ആനന്ദോത്സവം നിറഞ്ഞാടിയ രാത്രി ..
വെയിൽ വീണു തുടങ്ങിയപ്പോൾ പൊള്ളയായ ഒരു ഉടൽ കാറ്റിൽ ഇളകിയാടിക്കൊണ്ടിരുന്നു.
വിലാസിനി രാജീവൻ













