2024 മേയ് 27, തിങ്കളാഴ്‌ച

മുഖമൊഴി

 

കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത് നമ്മുടെ ചുറ്റുവട്ടത്തോ, വീട്ടിലോ തന്നെ എത്തിക്കഴിഞ്ഞു. അപരിചിതരേക്കാൾ ചിരപരിചിതരോ, അടുത്ത ബന്ധുക്കളോ ആണ് ഇത്തരം പീഡനങ്ങൾക്കു പുറകിൽ എന്നത് ഏറെ നടുക്കം നൽകുന്നു. സമൂഹത്തിലെ ചെറിയൊരു പക്ഷം മാത്രമാണിത്തരം കാര്യങ്ങൾ നടത്തുന്നതെങ്കിലും, ഇതിന് മാധ്യമങ്ങൾ നൽകുന്ന പ്രാധാന്യം ഏതൊരു മാതാപിതാക്കളേയും ആകുലപ്പെടുത്തുക തന്നെ ചെയ്യും. മാത്രമല്ല ഇപ്പോൾ പല അമ്മമാർക്കും സ്വന്തം ഭർത്താവിനെയോ, പിതാക്കന്മാരെത്തന്നെയോ പോലും വിശ്വാസമില്ലാതായിരിക്കുന്നു. അച്ഛൻ മകളെ പീഢിപ്പിച്ച കഥകൾ അത്ര വിപണനശേഷിയുള്ള ഒന്നായാണല്ലോ ഇന്ന് മാധ്യമങ്ങൾ കാണുന്നത്.

 ഇതിനെല്ലാമുപരി കുട്ടികൾ സുരക്ഷിതരാകണം. അതവരുടെ അവകാശമാണ്. അതുറപ്പുവരുത്തേണ്ട ബാധ്യത പൂർണ്ണമായും മാതാപിതാക്കളുടെ കർത്തവ്യമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക, അവരോടൊപ്പം നിൽക്കുക, കുട്ടികളെ കേൾക്കുക, അവരെ തുറന്നു സംസാരിക്കുവാൻ പ്രാപ്തരാക്കുക എന്നിവയാണ് ഇതിൽ ഏറ്റവും പ്രധാനം. ലൈംഗീക അവയവങ്ങളെക്കുറിച്ചുള്ള അവരുടെ സംശയങ്ങൾക്കുപോലും മറുപടി പറയാൻ ഇന്ന് പല മാതാപിതാക്കൾക്കും സാധിക്കുന്നില്ല എന്നത് നമ്മുടെ ലൈംഗീക വിദ്യാഭ്യാസത്തിന്റെയും ബോധത്തിന്റെയും അപര്യാപ്തത തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ അവസ്ഥ മാറണം.

 ഒരു കുട്ടി പീഡനത്തിനിരയായാൽ അത് മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും അതിനെതിരെ അനാവശ്യമായി കുറെ പ്രതികരണങ്ങൾ സാമൂഹ്യ മാധ്യമത്തിൽ ഒളിഞ്ഞിരുന്നെറിയുകയുമല്ല യഥാർത്ഥത്തിൽ വേണ്ടത്. കുട്ടികളെ സുരക്ഷിതരാക്കുവാൻ വേണ്ട നടപടികൾ കൈക്കൊള്ളുക എന്നതാണ് പ്രധാനം. അതിനു വേണ്ട ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.

 കുട്ടികൾ സുരക്ഷിതമായ കൈകളിൽ തന്നെയാണെന്ന് ഉറപ്പു വരുത്തണം. അടുത്ത ബന്ധുക്കളാണെങ്കിലും ഒറ്റയ്ക്ക് താമസിക്കുന്നവരുടെയടുത്ത് കുട്ടികളെ നോക്കുവാൻ ഏൽപ്പിക്കാതിരിക്കുക. അപരിചിതരായ ആളുകളോട് കൂടുതൽ ഇടപഴകുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാതിരിക്കുക. ഒരുദാഹരണത്തിന് അപരിചിതനായ ഒരാൾ കുട്ടിയെ നോക്കി ചിരിച്ചാൽ, മാമനൊരു ‘ഹായ്’ പറയൂ മോനെ/ മോളെ എന്ന് കുട്ടികളോട് പറയരുതെന്നർത്ഥം. അതുപോലെ ആരെങ്കിലും നിങ്ങളുടെ കുട്ടിയോട് അകാരണമായ ഇഷ്ടം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക.

 ശരിയായ ലൈംഗീക വിദ്യാഭ്യാസം വളരെ ചെറുപ്പത്തിൽ തന്നെ ആരംഭിക്കുക. രണ്ടോ മൂന്നോ വയസ്സുള്ള കുട്ടിക്ക് എന്ത് ലൈംഗീക വിദ്യാഭ്യാസം എന്ന് ചിന്തിക്കേണ്ടതില്ല. ലൈംഗീക അവയവങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും, അത് അവരുടെ സ്വന്തം സ്വത്താണെന്നും, മറ്റുള്ളവർ അതിൽ സ്പർശിക്കുവാൻ അനുവദിക്കുവാൻ പാടില്ല എന്ന ബോധവും അവരിൽ ഉണ്ടാക്കുക തന്നെ വേണം. ഇതെന്റെ സ്വകാര്യ ഭാഗമാണ്, ഇവിടെ നിങ്ങൾ സ്പർശിക്കുവാൻ പാടില്ല എന്ന് എന്റെ അച്ഛൻ/’അമ്മ പറഞ്ഞിട്ടുണ്ട് എന്നൊരു കുട്ടിയ്ക്ക് പറയുവാൻ കഴിയുന്ന ധൈര്യമാണ് നമ്മൾ ഉണ്ടാക്കേണ്ടത്. ഉറക്കെ കരയുവാനും, മറ്റാളുകളുടെ ശ്രദ്ധയാകര്ഷിക്കുവാനും അവരെ പ്രാപ്തരാക്കണം.

 കൂടുതൽ കുട്ടികളും ഭീഷണിക്ക് വഴങ്ങുന്നവരായിരിക്കും, പുറത്തു പറഞ്ഞാൽ നിന്നെ കൊല്ലും, അല്ലെങ്കിൽ മാതാപിതാക്കളെ കൊല്ലും, സഹോദരങ്ങളെ കൊല്ലും എന്നെല്ലാമായിരിക്കും ഭീഷണി. ഇതിനെ നേരിടുവാൻ കുട്ടിയെ നാം മുൻകൂട്ടി തയാറാക്കണം. ഇതൊക്കെ വെറുതെയാണ്, ഇതിനെ ശക്തമായി നേരിടുവാൻ ഞങ്ങൾ കൂടെയുണ്ട്, നിയമം കൂടെയുണ്ട്, പോലീസ് കൂടെയുണ്ട് എന്നെല്ലാം കുട്ടികളെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നതു ഉചിതമായിരിക്കും.

 ഒരു കുട്ടി ആരോടെങ്കിലും ഇടപഴകുന്നതിൽ പെട്ടെന്ന് വിമുഖത കാണിച്ചാൽ ശ്രദ്ധിക്കുക. ആരെക്കുറിച്ചെങ്കിലും കുട്ടി പരാതിപ്പെട്ടാൽ, കുട്ടി വെറുതെ പറയുകയാണെന്ന് കരുതാതിരിക്കുക, അവർ നിങ്ങളുടെ എത്ര പ്രിയപ്പെട്ടവരാണെങ്കിലും. കുട്ടികളുടെ പ്രശ്നങ്ങൾ എന്തുതന്നെയായാലും നിങ്ങളോടു തുറന്നു പറയാം എന്നവരെ ബോധ്യപ്പെടുത്തുക. കുട്ടികളെ അടുത്ത ബന്ധുക്കൾ ഉമ്മ വൈക്കുന്നതിലോ തൊടുന്നതിലോ തെറ്റില്ല. അത് ആരോടും പറയണ്ട എന്ന് കുട്ടിയോട് പറയുകയാണെങ്കിൽ അപകടമാണ്. അത്തരം കാര്യങ്ങൾ തുറന്നു പറയുന്നതിന് കുട്ടിയെ പ്രാപ്തരാക്കുക്കുക. അതുപോലൊന്നാണ് ‘നല്ല തൊടലും’ ‘ചീത്ത തൊടലും’. ഇതിന്റെ വ്യത്യാസം മനസ്സിലാക്കുവാനും കുട്ടികളെ പഠിപ്പിക്കുക.

 കുട്ടികളെ സമപ്രായക്കാരോടൊത്തുമാത്രം കളിക്കുവാനും, സമയം ചിലവഴിക്കുവാനും പ്രേരിപ്പിക്കുക. വലിയ പ്രായവ്യത്യാസമുള്ളവരോടൊത്തു സമയം ചിലവഴിക്കുന്നത് നിരുത്സാഹപ്പെടുത്തുക. സ്വന്തം അഭിപ്രായങ്ങൾ ആരോടും തുറന്നു പറയുവാനുള്ള ധൈര്യം പകർന്നു നൽകുക. ഇനിയൊരു കുട്ടിയും പീഡിപ്പിക്കപ്പെടാത്ത നിലയിൽ നമുക്കവരെ മാറ്റിയെടുക്കാം.

  

ഡോ. സുനീത് മാത്യു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ