2024 മാർച്ച് 30, ശനിയാഴ്‌ച

വീടിന്റെ മണം

 



വാർദ്ധകത്തിന്റെ പടി-
പ്പുരവാതിക്കലിന്നെൻ
സ്വാർത്ഥമോഹങ്ങളെല്ലാ-
മിറക്കിവെയ്ക്കുന്നു ഞാൻ.
പിന്നെയുമൊരു പകൽ
കൊഴിഞ്ഞു, സായന്തനം
വന്നുചേരുന്നു, മൂകം
സന്ധ്യയും കറുക്കുന്നു.
ഇനിയും പുലരികൾ
പിറവിയെടുത്തേക്കാം
ദിനരാത്രങ്ങൾ വന്നീ
ജീവിതം ദീർഘിച്ചേക്കാം.
പ്രണയാർദ്രരായ് നമ്മൾ
കൈകോർത്തു പരസ്പരം
തുണയായീവീഥികൾ
മുഴുവനലഞ്ഞതു,
സഖി, നീയോർക്കുന്നുവോ
മിഥ്യാഭിമാനത്തിന്റെ
മുഖമോരോന്നായ് നമു-
ക്കെതിരേ തിരിഞ്ഞതും?
ഒടുവിൽ പിരിയുവാൻ
പറ്റാതെ കാലത്തിന്റെ
ഇടനാഴിയിൽ നമ്മ-
ളൊന്നിച്ചു കഴിഞ്ഞതും?
പണവും പണ്ടങ്ങളു-
മില്ലാതെ പരസ്പരം
പ്രണയം മാത്രം നൽകി
മംഗലം കഴിച്ചതും?
വെയിലും മഴയുമേ-
റ്റീടാതെ കിടക്കുവാൻ
റെയിൽവേ മേൽപ്പാലത്തി-
ന്നടിയിലടിഞ്ഞവർ,
അന്തിയാകുമ്പോളൊത്തു-
കൂടലിൽ കുടുംബത്തിൻ
സന്തോഷമടുപ്പിലെ
കഞ്ഞിയായ് തിളയ്ക്കവേ,
ചുമരില്ലാതെ തുണി-
കെട്ടിയ മറയ്ക്കുള്ളിൽ
കമിതാക്കൾതൻ രാഗ-
സംഗമം നടക്കവേ,
വാടക കുറഞ്ഞൊരു
ചേരിയിലൊറ്റമുറി-
വീടുകിട്ടുവാൻ നമ്മ-
ളലഞ്ഞതോർമ്മിക്കുന്നോ?
വാടകയ്ക്കിടം കിട്ടാ-
തലഞ്ഞ നമ്മൾ, തറ-
വാടികൾ, തീവണ്ടിയാ-
പ്പീസിന്റെ വരാന്തയിൽ,
രാവുകൾ പരസ്പരം
കാവലായുറങ്ങിയ
നോവിന്റെയോർമ്മക്കിന്നും
യൗവ്വനം കഴിഞ്ഞില്ല.
സ്വന്തമാം വീടെന്നൊരു
സ്വപ്നസായൂജ്യത്തിനായ്
സന്തതം പ്രയത്നിച്ച
ദമ്പതിമാരായവർ
അന്നു നാ,മായുസ്സിന്റെ-
യദ്ധ്വാനം മുഴുവനും
മുന്നമേ കടംകൊണ്ടു
നേടിയ ഭവനത്തിൽ,
വാടകവീട്ടിൽ നിന്നു
ചേക്കേറി, യെന്നാൽ, സ്വന്തം
വീടിന്നും കടംവീട്ട-
ലിന്റെ ചൂതാട്ടം മാത്രം!
കാത്തിരിക്കുവാനൊരു
നാളെയില്ലിനിയെന്ന
മൂർത്തചിന്തകൾ നമ്മെ-
യലട്ടുമെന്നാകിലും,
കൂടുവിട്ടാകാശങ്ങൾ
തേടുന്ന പറവപോൽ
വീടുവിട്ടലയുവാ-
നാവില്ല നമ്മൾക്കിന്നും.
അറിയാമെനിക്കിന്നീ
വീടിന്റെ മണ,മതു
തിരികെ വിളിക്കും, നാ-
മെവിടെപ്പോയെന്നാലും!


മംഗളാനന്ദൻ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ