പുതുവർഷം. പുതുതായെന്തെങ്കിലും എഴുതാൻ ഉണ്ടാകുമോയെന്നാലോചിച്ചു. പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്നിലും നിങ്ങളിലും ഒന്നും പുതുയതായില്ലേ? എല്ലാം പഴയതു തന്നെയോ? ചിന്തകളും, പ്രവൃത്തികളും, തൊഴിലും, സുഹൃത്തുക്കളും, ബന്ധുക്കളും എല്ലാം പഴയത്. അറിയുന്നത്.
എന്നാൽ അങ്ങനെയല്ല! പഴയതെന്നു വിചാരിക്കുന്നതൊക്കെ നിങ്ങൾക്കു നിങ്ങളെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും അറിവുള്ള കാര്യങ്ങളുടെ, അവയുടെ ഓർമ്മകളുടെ, അകെ തുക മാത്രമാണ്. ബോധപൂർവമായി അറിയുന്നവ. നിങ്ങളിലെ ‘നിങ്ങൾ‘ കൂടുതലും അബോധമനസ്സിലും, ഉപബോധമനസ്സിലുമാണെന്നു പറഞ്ഞാൽ?
ഇന്നലെ രാത്രികണ്ട സ്വപ്നത്തിൽ നിങ്ങൾ അറിയാത്തൊരു ‘നിങ്ങൾ‘ ഒളിച്ചിരിക്കുന്നുണ്ടെന്നു വന്നാൽ? നിങ്ങൾ മുൻപെങ്ങോ എഴുതിയ കവിത വളരെനാൾകഴിഞ്ഞു വീണ്ടും വായിക്കുമ്പോൾ താൻതന്നെയാണോ എഴുതിയതെന്നു തോന്നിയാൽ? സുഹൃത്തിനു കിട്ടിയ പ്രമോഷനെയോർത്തു നിങ്ങൾ ഇത്രയധികം മനഃസ്താപപെട്ടതെന്തിനെന്നറിയില്ലെങ്കിൽ! വെറുതെ നടന്നുപോയ കുഞ്ഞൻ ഉറുമ്പിനെ ഞെരിച്ചുകൊല്ലാൻ കാലോങ്ങിയതും എന്തിനെന്നറിയില്ലെങ്കിൽ, നിങ്ങൾക്ക് നിങ്ങളെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. എനിക്കും അതുപോലെ തന്നെ. നിങ്ങൾ മനസ്സിൽസൂക്ഷിക്കുന്ന രഹസ്യങ്ങളെക്കുറിച്ചല്ല പറഞ്ഞുവരുന്നത്. നിങ്ങൾക്ക് അറിയാത്ത നിങ്ങളെക്കുറിച്ചാണ്.
മനഃശാസ്ത്രത്തിൻ്റെ ബാലപാഠങ്ങൾ പഠിപ്പിക്കാൻ എത്തിയതല്ല. എന്നാലും കുറച്ചു മനഃശാസ്ത്രം ഉണ്ടുതാനും.
മനഃശാത്രമെന്നുപറയുമ്പോൾ സാധാരണക്കാരൻ്റെ മനസ്സിൽ വരുന്ന പേര് സിഗ്മണ്ട് ഫ്രോയിഡ് (Sigmund Freud) എന്ന മഹാമേരുവിൻ്റെതാണ്. അദ്ദേഹത്തിൻ്റെ സിദ്ധാന്തങ്ങൾ നേരായും അല്ലാതെയും മനസ്സിലാക്കി വച്ചിട്ടുള്ളവരാണ് നമ്മളിൽ പലരും. ഇവിടെ വിഷയം അതല്ലാത്തതുകൊണ്ട് അങ്ങോട്ടേക്ക് കടക്കുന്നില്ല.
എന്നാൽ ഫ്രോയിഡിൻ്റെ സഹായിയായി വരികയും പിന്നെ എതിരാളിയായി വളരുകയും ചെയ്‌ത ഒരു മഹാനുണ്ട്. അദ്ദേഹം പറഞ്ഞു വച്ച പലകാര്യങ്ങളും വെറും സാധാരണ സംഭാഷണങ്ങളിൽ പോലും ഉൾപ്പെടുത്തുന്ന നാം, കക്ഷിയെ അങ്ങനെ ഓർക്കാറില്ല. കൂടുതൽ അറിയാൻ ശ്രമിച്ചാൽ, നിലയില്ലാ കയംപോലെ വലിച്ചെടുത്തുകളയും ഇദ്ദേഹത്തിൻ്റെ ആശയങ്ങൾ.
പേര് കാൾ യുങ് (Carl Jung). Jung എന്ന കുലനാമത്തിന് ‘യുങ്‘ എന്നാണ് ഉച്ചാരണം.
അദ്ദേഹത്തിൻ്റെതായി ധാരാളം സംഭാവനകൾ മനഃശാത്രത്തിനും, സാമൂഹ്യശാസ്ത്രത്തിനും, തത്വശാസ്ത്രത്തിനും, പൊതുബോധത്തിലും ഉണ്ടെങ്കിലും, നമുക്കെല്ലാം കുറച്ചെങ്കിലും അറിവുള്ള ചിലകാര്യങ്ങളെക്കുറിച്ചു പറയാം.
നേരത്തെ പറഞ്ഞ നമ്മുടെ സ്വയം ധാരണകളിൽ പലതും നമ്മൾ അണിയുന്ന മുഖംമൂടികളുടേതാകുന്നു (Persona) എന്നാണ് ഇദ്ദേഹം പറയുന്നത്. പെർസോണക്ക് മുഖംമൂടി എന്നതിലും കൂടുതൽ അർത്ഥം കൽപ്പിക്കുന്നെങ്കിലും, പെട്ടെന്ന് മനസ്സിലാക്കാൻ അങ്ങനെ പറഞ്ഞുവെന്നേയുള്ളൂ. ജീവിതത്തിൽ പലവേഷങ്ങൾ കെട്ടിയാടേണ്ടിവരുന്നരാണല്ലോ നമ്മൾ. ഓരോരോ വേഷങ്ങൾ, മുഖംമൂടികൾ. മുഖംമൂടികൾക്കുതാഴെ നമുക്കറിയാത്ത മനസ്സിൻ്റെ ഇരുണ്ട താഴ്വരകളിൽ (Shadow) നാമറിയാത്ത നമ്മൾ വസിക്കുന്നുണ്ട്. പലരായി, പലതായി. പുരുഷനിൽ സ്ത്രീകളും (Anima), സ്ത്രീകളിൽ പുരുഷൻമാരും (Animus) ഉറങ്ങിക്കിടക്കുന്നത്രെ. ഇതിൽ കൂടുതലൊന്നും എഴുതാൻ കഴിയില്ല. അറിയണെമെങ്കിൽ യുങ്ങിനെത്തന്നെ അറിയണം. മുകളിൽ ആംഗലേയത്തിൽ ബ്രാക്കറ്റിലാക്കിയെഴുതിയ വാക്കുകൾവഴി പിടിച്ചുകേറിയാൽ കാടുകയറാം.
യുങ്ങിൻ്റെ മറ്റൊരു സംഭാവനയാണ് അന്തർമുഖത്വവും (Introversion) ബഹിർമുഖത്വവും (Extraversion). അന്തർമുഖത്വവും, ബഹിർമുഖത്വവും നമ്മൾ വ്യക്തിത്വങ്ങളെ മനസ്സിലാക്കാൻ ഉപയോഗിക്കുന്ന വാക്കുകളാണ്. അന്തർമുഖത്വം എന്തോ മോശപ്പെട്ട സ്വഭാവമാണെന്നും ബഹിർമുഖത്വം എന്തോ കേമത്തമാണെന്നതുമാണ് പൊതുധാരണ. എന്നാൽ ഈ രണ്ടു തരംതിരിക്കലുകൾ ഒരാൾക്ക് സംതൃപ്തിലഭിക്കുന്നത് മനോവ്യാപനങ്ങളിൽനിന്നാണോ അതോ മറ്റുള്ളവരുമായുള്ള ഇടപെടലിൽനിന്നാണോ, എന്നത് മാത്രമാണ് എന്നാണ് യുങിന്റെ പക്ഷം. മാത്രവുമല്ല, പൂർണ്ണമായുള്ള അന്തർമുഖത്വവും ബഹിർമുഖത്വവും ഒരാളിൽമാത്രം കണ്ടുകിട്ടാനും പ്രയാസം. നമ്മളുടെയെല്ലാം വ്യക്തിത്വങ്ങൾ ഇതുരണ്ടിൻ്റെയും ഏതൊക്കയോതരം മിശ്രിതങ്ങളാണ് എന്നതാണ് സത്യം.
കാൾ യൂങിൻ്റെ ഇത്തരം ചിന്തകൾ (അവയിൽ പലതിനെയും സിദ്ധാന്തങ്ങൾ എന്ന് പറയുക വയ്യ) വരും തലമുറയിലെ മനഃശാസ്ത്രക്കാരെയും, തത്വശാസ്ത്രക്കാരെയും, സാമൂഹ്യശാസ്ത്രജ്ഞരെയും, എഴുത്തുകാരെയുമെല്ലാം പ്രചോദിപ്പിച്ചു എന്നതാണ് ചരിത്രം. ആർകിടൈപ്സ് (Archetypes), പെർസോണ (Persona), സൈകി (Psyche), സെൽഫ് (Self), ഇൻഡിവിടുവേഷൻ (Individuation), സിൻക്രോണോസിറ്റി (Synchronicity), ആനിമ (Anima), ആനിമസ് (Animus) ഷാഡോ (Shadow), ഈഗോ (Ego) എന്നീ പ്രധാനചിന്തകളൊക്കെ കാലാതീതങ്ങളാണ്. ഇന്നും ശാത്രലോകത്തെയും, കാല്പനികലോകത്തെയും പ്രചോദിപ്പിക്കുന്നവയാകുന്നു.
മേൽപ്പറഞ്ഞവയൊന്നും മലയാളീകരിക്കാത്തതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, എനിക്കറിയില്ല എന്നതാണ്. രണ്ടാമതായി, സാധാരണ ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിലേക്ക് മാറ്റുമ്പോൾ കിട്ടുന്ന ഒരർത്ഥത്തിലല്ല യുങ് അവയെ ഉപയോഗിച്ചിരിക്കുന്നത്.
ഉദാഹരണത്തിന്, ‘സെൽഫ്’ എന്ന വാക്കിന് വ്യക്തിത്വമെന്നോ, സത്തയെന്നോ മലയാളീകരിക്കാമെങ്കിലും, അതിനെ മറ്റൊരുരീതിയിലാണ് യുങ് സങ്കൽപ്പിച്ചത്. സെൽഫിനെ മനസ്സിന്റെ പ്രധാനഭാഗമായി യുങ് കണ്ടു. അത് ബോധമനസ്സും (Conscious Mind), വ്യക്തിഗത അബോധവും (Personal Unconscious Mind), സാമൂഹിക അബോധവും (Collective Unconscious Mind) ഒന്നിച്ച് കൊണ്ടുവരുന്ന ഭാഗമാണ്. ഒന്നുകൂടി വിശദീകരിച്ചാൽ നമ്മിളിൽ എല്ലാം വ്യക്തിഗത ബോധമനസ്സിനെയും, വ്യക്തിഗത അബോധമനസ്സിനെയും കൂടാതെ, നമ്മൾ ലോകത്തെല്ലാവരോടും പങ്കിടുന്ന ഒരു സാമൂഹിക അബോധമനസ്സുകൂടിയുണ്ടെന്നു ചുരുക്കം. അതുകൊണ്ടാണത്രെ ലോകത്തെ എല്ലാ സംസ്‌ക്കാരങ്ങളിലും മിത്തുകളിലും, ആർക്കിടൈപ്പുകളിലും, പല വിശ്വാസങ്ങളിലും സമാനതകൾ ഉണ്ടായി വന്നതത്രെ. മറ്റൊരുരീതിയിൽപറഞ്ഞാൽ മനുഷ്യരുടെ നൂറ്റാണ്ടുകളായി കണ്ടുവരുന്ന ചിന്താധാരകളിൽ (അവ പലകാലങ്ങളിൽ, ദേശങ്ങളിൽ, ഭാഷകളിൽ ആയിരുന്നിട്ടും) ധാരാളം സമാനതകളുണ്ട്.
ധീരരായി ലക്ഷ്യങ്ങൾനേടുന്ന നായകർ, പ്രകൃതി, അമ്മ, യുക്തിമതിയായ വൃദ്ധൻ എന്ന് തുടങ്ങുന്ന പ്രതീകങ്ങൾ എല്ലാക്കാലത്തും എല്ലാ സംസ്കാരത്തിലും, ചരിത്രത്തിലുടനീളം കാണാവുന്നതാണ്. നമ്മുടെ കഥകളും, കവിതകളും, ചലച്ചിത്രങ്ങളും, ചിത്ര–ശില്പകലകളും, മിത്തുകളും എല്ലാം നോക്കിയാൽ ഈയൊരു സമാനത കാണുവാൻ കഴിയുന്നതാണ്. ഇത് യാദൃശ്ചികമായി സംഭവിക്കുന്നതല്ലെന്നും സാമൂഹിക അബോധതലം കൊണ്ടുണ്ടാകുന്നതാണെന്നുമാണ് യുങ്ങിൻ്റെ മതം.
അറിയുന്നതിലും കൂടുതൽ അറിയാത്തതാണ് നമ്മിലെല്ലാം അന്തർലീനമായിരിക്കുന്നത്. “It is not I who create myself, rather I happen to myself.” എന്ന് യുങ് പറഞ്ഞുവച്ചത് എന്തിനായിരുന്നുവെന്ന് ആലോചിച്ചുനോക്കുക.
പൗരസ്ത്യതത്വചിന്തകൾ ബോധത്തെ വേറൊരുതലത്തിലാണ് കാണുന്നതെന്നുള്ളത് സത്യമെങ്കിലും, ഭാരതീയ–ബുദ്ധ തത്വചിന്തകൾക്ക് യുങ്ങിന്റെ ചിന്തകളുമായി സാമ്യമുണ്ടെന്നുള്ളത് സത്യമാണ്. അതിനെക്കുറിച്ചു ഇനിയൊരിക്കൽ ആകാം.
കാൾ യൂങ് 1875-ൽ സ്വിസ്റ്റർലാൻഡിൽ ജനിച്ചു 1961-ൽ ആ രാജ്യത്തുവച്ചുതന്നെ മരണപ്പെട്ടു. അദ്ദേഹവുമായുള്ള അഭിമുഖങ്ങൾ യൂട്യൂബിൽ ലഭ്യമാണ്. ലോകംകണ്ട പ്രതിഭാധനനായ ചിന്തകനെ അദ്ദേഹത്തിൻ്റെതന്നെ വാക്കുകളിൽ മനസ്സിലാക്കുക എന്നത് വലിയകാര്യമാണ്. സമയവും താല്പര്യവും ഉണ്ടെങ്കിൽ കാണുക.
ചിലമഹത്തായ ചിന്തകളെ, വളരെ ചെറുതായെങ്കിലും, പരിചയപ്പെടുത്താൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തോടെ എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നുകൊള്ളുന്നു.
സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ