എന്തെഴുതണം എന്ന് ചിന്തിക്കുകയായിരുന്നു. പെട്ടന്നാണ് ചിന്തയെക്കുറിച്ചു തന്നെ ചിന്തിച്ചുകളയാം എന്ന് തോന്നിയത്. എല്ലാം തോന്നലാണല്ലോ! എനിക്ക് തോന്നുന്നു എന്ന് തോന്നുന്നതും ഒരു തോന്നൽ! ബോധം!
നമ്മുടെ നിത്യജീവിതത്തിൽ തമാശയായും അല്ലാതെയും നാം ബോധത്തെക്കുറിച്ചു പരാമർശിക്കാറുണ്ട്. നിനക്ക് ബോധമുണ്ടോ എന്നുചോദിക്കുമ്പോൾ ബോധമില്ലെങ്കിൽ ഒരുകാര്യമില്ല എന്നുതന്നെയാണ് വിവക്ഷ. ബോധമില്ലെങ്കിൽ മറ്റെന്തുണ്ടായിട്ടെന്താണ്!
എന്താണ് ബോധം അഥാവാ കോൺസിയസ്‌നെസ്സ്?
ബോധനത്തിന് രണ്ട് തലങ്ങളുണ്ട് എന്നാണ് പറയുന്നത്. ഒന്ന്, നമ്മുടെ ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം (conscious of our surroundings). രണ്ട്, നമ്മളെത്തന്നെയുള്ള ബോധം (conscious of ourselves). ഇതിൽ ഒന്നാമത്തേത് എല്ലാ ജീവജാലങ്ങളും കണ്ടുവരുന്നതും, രണ്ടാമത്തേത് മനുഷ്യരിൽ കണ്ടു വരുന്നതുമാണ് (ചില മൃഗങ്ങൾക്കും ജീവികൾക്കും രണ്ടാമത് പറഞ്ഞ ബോധം ഉണ്ട് എന്ന് മറക്കുന്നില്ല). തലച്ചോറിലെ സെറിബ്രൽ കോർട്ടെക്സും, തലാമസും, ഇവതമ്മിലുള്ള ഇഴയടുക്കവുമാണ് ഒരു മനുഷ്യന് ബോധം ഉണ്ടാക്കുന്നത് എന്നാണ് ബ്രെയിൻ സയൻസിന്റെ ആചാര്യന്മാർ പറയുന്നത്. ബ്രെയിൻ സയൻസിന്റെ പ്രഹേളികകളിലേക്ക് പോകാൻ ഉദ്ദേശമില്ല. അറിയാഞ്ഞിട്ടാണ്, വേറൊന്നും വിചാരിക്കരുത്.
ബോധത്തിനെക്കുറിച്ചു പറഞ്ഞുവരുമ്പോൾ ബോധമുണ്ടായിട്ടും പ്രകടിപ്പിനാകാത്ത ഒരവസ്ഥയെക്കുറിച്ചാലോചിച്ചു നോക്കിയിട്ടുണ്ടോ? അങ്ങനെയും ഒരവസ്ഥയുണ്ട്! ലോക്‌ഡ്‌ഇൻ സിൻഡ്രോം (locked-in Syndrome) എന്നാണ് പേര്. ശരീരത്തിന്റെ ഒരുഭാഗവും ചലിപ്പിക്കാനാകാതെ ഒരു വെജിറ്റബിളിനെപോലെ കിടക്കേണ്ടി വരുന്ന സ്ഥിതി. കണ്ണുകളും കൺപോളകളും മാത്രം ചലിപ്പിക്കാനാകും. എന്നാൽ ചിന്തകളും ആശയങ്ങളും ഓർമകളും സാധാരണ പോലെതന്നെ. ശരീരത്തിന്റെ തടവറയിൽ പൂർണ്ണമായ ബോധത്തോടെ മറ്റൊന്നും ചെയ്യാനാകാതെ കിടക്കേണ്ടിവരുന്ന ഭീകരാവസ്ഥ! മസ്തിഷ്കാഘാമോ, തലച്ചോറിനുണ്ടാകുന്ന പരിക്കോ, ട്യൂമറുകളോ, ഇൻഫെക്ഷനുകളോ, ചില മരുന്നുകളുടെ അമിത ഉപയോഗമോ ഇതിനു കാരണമാകാം. തലച്ചോറിന്റെ കീഴ്ഭാഗത്തു സ്ഥിതിചെയ്യുന്ന ‘ബ്രെയിൻ സ്റ്റെമി’നു മാത്രമാണ് കേടുപറ്റുന്നത്. ബാക്കി ഭാഗങ്ങൾ പ്രവർത്തനക്ഷമമായിരിക്കും. കോമ എന്ന അവസ്ഥയുമായി ഇതിന് സാമ്യം ഉണ്ടെങ്കിലും കോമയിലുള്ളവർക്ക് ബോധം ഉണ്ടാകില്ല എന്നൊരു വെത്യാസം ഉണ്ട്. കോമയിൽ തലച്ചോറിന്റെ മറ്റുപലഭാഗങ്ങളും പ്രവർത്തന രഹിതമാകും എന്നതാണ് കാരണം.
‘ദി ഡൈവിംഗ് ബെൽ ആൻഡ് ദി ബട്ടർഫ്‌ളൈ’ എന്ന ഒരു ചെറിയ പുസ്തകമുണ്ട്. എഴുതിയത് ജീൻ-ഡൊമിനിക് ബോബി (Jean-Dominique Bauby) എന്ന ഫ്രഞ്ച് പത്രപ്രവർത്തകൻ. അതേപേരിൽ തന്നെ ജീൻ-ഡൊമിനികിൻറെ ജീവിതത്തെ അധികരിച്ചു മനോഹരമായ ഒരു ഫ്രഞ്ച് സിനിമയും ഇറങ്ങിയിട്ടുണ്ട്, ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിഏഴിൽ.
ജീൻ-ഡൊമിനിക് മേൽപ്പറഞ്ഞ പുസ്തകം ‘എഴുതിയത്’ ലോക്‌ഡ്‌ഇൻ സിൻഡ്രോം എന്ന അവസ്ഥയിലായിരിക്കുമ്പോഴാണ്. എഴുതിയതെന്നത് പറഞ്ഞത് അതിശയോക്തിയാണെങ്കിലും പുസ്തകം എങ്ങനെ ഉണ്ടായി എന്നല്ലേ? ജീൻ-ഡൊമിനികിൻറെ സഹായി ക്ലോഡ് മെൻഡിബിൽ എന്ന സ്ത്രീയെ കണ്ണടച്ചുകാണിച്ചാണ് എഴുത്തു തരമായത്. ക്ലോഡ് എല്ലാദിവസവും ജീൻ-ഡൊമിനിക്കിന്റെ അരികിൽ നോട്ടുപുസ്തകവുമായിരുന്നു ഫ്രഞ്ച് അക്ഷരമാല പറഞ്ഞു തുടങ്ങും. അതുകേട്ട് ജീൻ-ഡൊമിനിക് വിചാരിക്കുന്ന അക്ഷരം വരുമ്പോൾ അയാൾ കൺപോളയടച്ചു കാണിക്കും (ജീൻ-ഡൊമിനിക്കിൻറെ ഇടതു കണ്ണുമാത്രമേ പ്രവർത്തന ക്ഷമമായിരുന്നുള്ളൂ). ഓരോ അക്ഷരം കിട്ടുന്നതിനും അക്ഷരമാല ആദ്യമേ തന്നെ തുടങ്ങേണ്ടിവരും. അങ്ങനെ ഒരുദിവസം കുറച്ചു വരികൾ എഴുതിയാലായി. ഈ രീതിയിൽ വളരെ നാളത്തെ പരിശ്രമത്തിൽ ആ പുസ്തകം എഴുതിത്തീർത്തു. 200,000 കണ്ണുചിമ്മൽ വേണ്ടിവന്നു ആ ചെറിയ പുസ്തകം വെളിച്ചപ്പെടാൻ എന്ന് എവിടെയോ വായിയച്ചതായി ഓർക്കുന്നു. കൂട്ടത്തിൽ ഒന്നുകൂടിപറയട്ടെ, ജീൻ-ഡൊമിനിക്കിന്റെ പുസ്തകവും സിനിമയും എല്ലാം ഓൺലൈൻആയി ലഭ്യമാണ്.
ലോക്‌ഡ്‌ഇൻ സിൻഡ്രോം കാലത്തു അക്ഷരമാലകളായിരുന്നു ജീൻ-ഡൊമിനിക്കിൻറെ കൂട്ടുകാർ. കൺപോളകളുടെ ചലങ്ങളിലൂടെ തെളിയുന്ന അക്ഷരങ്ങളും, വാക്കുകളും ആശയങ്ങളും. കൺചിമ്മലിലൂടെ മാത്രം ലോകത്തോട് സംവദിച്ച കുറെ നാളുകൾ. ആ നാളുകളുടെ വീർപ്പുമുട്ടൽ വീർപ്പുമുട്ടൽ എങ്ങനെയായിരുന്നിരിക്കാം? ‘ദി ഡൈവിംഗ് ബെൽ ആൻഡ് ദി ബട്ടർഫ്‌ളൈ’ വായിച്ചാൽ കുറെയൊക്കെ മനസ്സിലാകും. പുസ്തകത്തിലെ ചില വാക്കുകൾ കടമെടുത്താൽ, …”I am fond of my alphabet letters. At night, when it is a little too dark and the only sign of life is the small red spot in the center of the television screen, vowels and consonants dance for me to a Charles Trenet tune: “Dear Venice, sweet Venice, I’ll always remember you…” Hand in hand, the letters cross the room, whirl around the bed, sweep past the window, wriggle across the wall, swoop to the door, and return to begin again.” (ഓരോവാക്കുകളും പരിഭാഷപ്പെടുത്തുന്നില്ല). രാത്രികാലങ്ങളിൽ തനിക്കുവേണ്ടി ആടുന്ന, പാടുന്ന, ഒഴുകിനടക്കുന്ന, ചാടിക്കളിക്കുന്ന, ചുറ്റിത്തിരിയുന്ന, തിരികെ വന്നിതെല്ലാം വീണ്ടും തുടങ്ങുന്ന, എൻ്റെ അക്ഷരങ്ങൾ.
കൺചിമ്മലുകളിൽ ഒളിച്ചിരിക്കുന്ന വാക്കുകളുടെ മാധുര്യം മറ്റാരെക്കാലും കൂടുതൽ അയാൾക്കറിയാമായിരുന്നു. പുസ്തകം പ്രകാശിതമായി കുറച്ചു ദിവസങ്ങൾക്കകം ജീൻ-ഡൊമിനിക് മരണപ്പെട്ടു.
ദി കൌണ്ട് ഓഫ് മോന്റെ ക്രിസ്റ്റോ എന്ന മഹത്തായ ഫ്രഞ്ച് നോവലിലും ഇതുപോലൊരു കഥാപാത്രമുണ്ട് (M. Noirtier de Villefort). 1844 ൽ എഴുതപ്പെട്ട ഈ പുസ്തകത്തിലാകണം ഒരുപക്ഷെ ലോക്‌ഡ്‌ഇൻ സിൻഡ്രത്തെക്കുറിച്ചുള്ള ആദ്യ പരാമർശം കാണുവാൻ കഴിയുന്നത്. കഥാപാത്രത്തിന്റെ അവസ്ഥയെക്കുറിച്ചു നോവലിൽ ഇങ്ങനെ പ്രസ്താവിക്കുന്നു.
“Sight and hearing were the only senses remaining…. It was only, however, by means of one of these senses that he could reveal the thoughts and feelings that still occupied his mind, and the look by which he gave expression to his inner life was like the distant gleam of a candle which a traveler sees by night across some desert place, and knows that a living being dwells beyond the silence and obscurity.”
ഒറ്റനോട്ടത്തിൻറെ മങ്ങിയ നാളത്തിൻ ദ്യോതിപ്പിക്കുന്ന ബോധത്തിന്റെ നേരിയ ലാഞ്ഛന! ആ നിശ്ശബ്ദതയുടെയും നിഗൂഢതയുടെയും പുറകിൽ ഒളിഞ്ഞിരിക്കുന്നജീവന്റെ സാക്ഷ്യം!
അലക്സാണ്ടർ ഡുമാസ് ഫ്രഞ്ചിൽ എഴുതിയ ആശയം ഇംഗ്ലീഷിൽ മാറ്റിയതുതന്നെ മനോഹരമായിരിക്കുന്നു. വീണ്ടും അതേപടി മലയാളീകരിക്കുന്നില്ല. വായിച്ചാൽ മനസ്സിലാകാത്തതെതെങ്കിലും ഇതിൽ ഉണ്ടെന്നും തോന്നുന്നില്ല. ജീൻ-ഡൊമിനിക്കിൻറെ പുസ്തകത്തിലും ഈ കഥാപാത്രത്തിനെക്കുറിച്ചുള്ള പരാമർശമുണ്ട്.
ജീൻ-ഡൊമിനിക്ക് തന്റെ ഇരുണ്ടലോകത്തിലിരുന്ന് കൺചിമ്മലിലൂടെ, ചെറുതെങ്കിലും, ഒരു പുസ്തകമുണ്ടാക്കി. ബോധക്കൂടുതൽകൊണ്ടു ബോധം കെട്ടുനടക്കുന്ന എന്നെപ്പോലുള്ളവർക്ക് എന്ത് മുടന്തന്‍ ന്യായം പറയാനാകും എഴുതാത്തതിനും, വായിക്കാത്തതിനും! ബോധമുണ്ടായാൽ മാത്രം പോരാ എന്ന് തോന്നുന്നു. അത് എല്ലാപേർക്കും കൂടി ബോധ്യമാകുകയുംകൂടി വേണം.
സുമേഷ് രാമചന്ദ്രൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ