ഒരു മനുഷ്യൻ തന്റെ ഇരുപത്തിനാലു വയസ് പ്രായമുള്ള മകനുമൊത്ത് ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു. അവരുടെ അടുത്ത് മധ്യവയസ്ക്കരായ ഒരു ഭർത്താവും ഭാര്യയും സഹയാത്രികരായുണ്ടായിരുന്നു. ട്രെയിൻ സ്റ്റേഷനിൽ നിന്നും പുറപ്പെട്ടയുടനെ പ്രായമുള്ള മകൻ പിതാവിനോട് വളരെ സന്തോഷത്തോടെ പറയുകയാണ്. “നോക്കൂ അച്ഛാ മരങ്ങളെല്ലാം പുറകോട്ടു യാത്ര ചെയ്യുന്നു.” പിതാവാകട്ടെ ചിരിച്ചുകൊണ്ട് അതെയെന്ന് പറയുകയും ചെയ്യുന്നു. അടുത്തിരുന്നവർക്ക് ഇത് വളരെയധികം ആശ്ചര്യം ഉണർത്തുകയുമുണ്ടായി. അപ്പോഴാണ് മകന്റെ അടുത്ത സംഭാഷണം. “അച്ഛാ മേഘങ്ങളെ നോക്കൂ അവ നമ്മോടൊത്തു യാത്ര ചെയ്യുന്നു.” ഇതിനും പ്രോത്സാഹനകരമായ ഒരു മറുപടിയും മന്ദഹാസവുമായിരുന്നു പിതാവിൽ നിന്നും വന്നത്. ഈ മകന് പൂർണ്ണമായ മാനസിക വളർച്ചയില്ല എന്ന് അടുത്തിരുന്നവർ ഉറപ്പിച്ചു. അവർക്കു പിടിച്ചു നിൽക്കാനായില്ല. അവർ ആ പിതാവിനോട് ചോദിച്ചു. ഇത്രയും കാലമായിട്ടും നിങ്ങൾ മകനെ ഒരു ഡോക്ടറെ കാണിച്ചില്ലേയെന്ന്. ഡോക്ടറുടെ അടുത്തു നിന്നും വരികയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ അതിനു ശേഷം അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. എന്റെ മകൻ ജന്മനാ അന്ധനായിരുന്നു. ഇന്നലെയാണ് അവനു കാഴ്ച കിട്ടിയത്.
ഓഷോ പറഞ്ഞ ഒരു കഥയാണിത്. പലപ്പോഴും സത്യം വ്യത്യസ്തമായിരിക്കും. അതിനൊരവസരം കിട്ടുന്നത് വരെ നമ്മൾ വിചാരിക്കുന്നതും പറഞ്ഞുണ്ടാക്കുന്നതുമെല്ലാം സത്യമായിരിക്കണമെന്നില്ല. സത്യം നമുക്കറിയില്ലെങ്കിലും നമ്മൾ നമ്മുടെയിഷ്ടത്തിന് പ്രതികരിച്ചു കൊണ്ടിരിക്കും. പ്രചരിപ്പിച്ചുകൊണ്ടിരിക്കും. ഈയിടെയായി സ്വന്തം നിഗമനങ്ങങ്ങൾ വിളിച്ചു പറയുന്നതിന് സാമൂഹ്യ മാധ്യമങ്ങൾ ഇത്തരം ആളുകളെ വളരെയധികം സഹായിക്കുന്നുണ്ട്. പലതും ഓക്കാനം ഉളവാക്കുന്നവയാണെന്നും പറയാതെ വയ്യ.
ഒരു കാലത്തു സ്ത്രീകളുടെ മാത്രം കാര്യമായിട്ടാണ് നമ്മൾ ഗോസ്സിപ്പിനെക്കുറിച്ചു പറഞ്ഞിരുന്നതെങ്കിലും ഇന്നത് കൂടുതൽ നിർവഹിക്കുന്നത് പുരുഷന്മാരായിട്ടുണ്ട് എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയുണ്ടാകാനിടയില്ല. പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നതും ഇത് തന്നെയാണ്. പരദൂഷണം പറയുന്നതിൽ സ്ത്രീ പുരുഷ വ്യത്യാസമില്ല എന്നർത്ഥം.
പല സത്യങ്ങളും നമ്മൾ കരുതുന്നത് പോലെയാകണമെന്നില്ല. അറിഞ്ഞോ അറിയാതെയോ നമ്മൾ ഇക്കാര്യങ്ങളിൽ നടത്തുന്ന പരാമർശങ്ങൾ അതിനിരയാകുന്നവർക്ക് എത്ര വേദനാജനകമാണെന്നറിയണമെങ്കിൽ ഈ അനുഭവം നമുക്കായാൽ എന്തായിരിക്കും അവസ്ഥ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിക്കുക. ഇത്തരമൊരു നിഗമനത്തിലെത്തുവാൻ ഞാൻ യോഗ്യനാണോ എന്നും വിലയിരുത്തുക. കഴിയുന്നതും മറ്റുള്ളവരെ വാക്കുകൾ കൊണ്ടെങ്കിലും വേദനിപ്പിക്കാതിരിക്കുക. ഇതാകട്ടെ ഈ മാസത്തെ ചിന്ത.
ഡോ. സുനീത് മാത്യു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ