2021 നവംബർ 27, ശനിയാഴ്‌ച

മാംസനിബദ്ധമല്ല സ്നേഹം..


 

അകലെ എങ്ങോ ട്രെയിൻ കടന്നു പോകുന്ന ശബ്ദം.. അതിന്റെ പിന്നാലെ തലയ്ക്കൽ അലാറം അടിക്കുന്ന ശബ്ദം… രണ്ടും കൂടെ ഒരുമിച്ചായപ്പോൾ ചെവി പൊത്തിക്കൊണ്ടു മായ എഴുന്നേറ്റിരുന്നു.. പുറത്തു ശക്തമായ മഴയും കാറ്റും.. അവൾ എഴുനേറ്റു ജനാലയ്ക്കരികിൽ നിന്ന് പുറത്തേക്കു നോക്കി..

മഴയായതു കാരണം ആവണം പുറത്തൊന്നും ആരും ഇല്ലാത്തത്‌..

അൽപ സമയം നോക്കി നിന്നിട്ടവൾ അടുക്കളയിലേക്ക് നടന്നു…. അടുപ്പത്തു കാപ്പിക്കുള്ള വെള്ളം വെച്ചിട്ടവൾ മൊബൈൽ എടുത്തു സ്‌ക്രീൻ ലോക്ക് തുറന്നു നോക്കി.. ആദ്യം മെസ്സെഞ്ചർ പിന്നെ ഇൻസ്റ്റാഗ്രാം .. അവന്റെ ഒരു അനക്കവും ഇല്ലല്ലോ ഇന്നും . മായ പതിവ് പോലെ അവന്റെ പ്രൊഫൈൽ പേജിൽ പോയി നോക്കി..

അതെന്താ.. ഒന്നും കാണാത്തതു.. അവൾ പിന്നെയും പിന്നെയും പേജ് റിഫ്രഷ് ആക്കി നോക്കി.. അവന്റെ പ്രൊഫൈൽ ശൂന്യം.. അവൾക്കുടൻ ഒരു ബുദ്ധി തോന്നി.. തനിക്കു മാത്രം അറിയാവുന്ന ഇതര നാമത്തിലെ പ്രൊഫൈൽ ലോഗ് ഇൻ ചെയ്തവൾ പിന്നെയും അവന്റെ പേജ് നോക്കി..

” ഹാ.. അപ്പോൾ അതാണ് കാര്യം.. തന്നെ അവൻ ബ്ലോക്ക് ചെയ്തിരിക്കുന്നു …”

പക്ഷെ എന്തിനു.. അവൾക്ക് ആലോചിച്ചിട്ട് ഒന്നും മനസ്സിലായില്ല.. നെഞ്ചിൽ എന്തോ ഒരു കനം പോലെ തോന്നിയപ്പോൾ മായ കപ്പിലൂറ്റിയ കാപ്പിയുമായി ജനാലയ്ക്കരികിലെ ബീൻ ബാഗിൽ ഇരുന്നു . അവൾക്ക് ആദ്യം അവനോടു ദേഷ്യം ആണ് തോന്നിയത്… തന്റെ ഭാഗത്തു നിന്ന് യാതൊരു വിധ തെറ്റിദ്ധാരണകളും ഉണ്ടാവാൻ വഴിയില്ലല്ലോ.. പിന്നെ എന്താവും അവനിത്ര അകലാൻ .. കുറെ നാളായി അവൻ പതിവിനു വിപരീതമായി നിശ്ശബ്ദനായിരുന്നു . ..ജോലി തിരക്കവുമെന്നു കരുതിയല്ലേ താൻ അന്വേഷിക്കാത്തതു..ഇനി അതിനു പിണങ്ങിയതാവുമോ.. ഏയ്.. ശ്രീ അത്ര സില്ലി അല്ല… അവൾ തന്നോട് തന്നെ പറഞ്ഞു സമാധാനിച്ചു .

മൂന്നു വർഷം മുൻപാണ് മായയുടെ സഹപാഠി ആയിരുന്ന രവി കുവൈറ്റിൽ നിന്ന് വന്നത്.. വരും മുൻപേ അവൻ മായയ്ക്ക് മെസ്സേജ് അയച്ചിരുന്നതാണ്..

“മായാ ..എനിക്കു തന്നെ ഒന്ന് കാണണം..

 കാണണം.. എന്താ പറ്റുമോ”

ഇത്രയും വർഷങ്ങൾ ആയില്ലേ.. കണ്ടേക്കാം എന്ന് മായയ്ക്കും തോന്നി..  എന്നാൽ അടുത്ത ദിവസം അവളുടെ മെസ്സേജ് ബോക്സിൽ ഒരു മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു .. അവളുടെ തന്നെ സഹപാഠി ആയിരുന്ന ശ്രീയുടേതായിരുന്നു ആ മെസ്സേജ്..

” ഹൈ മായാ . എന്നെ ഓർക്കുന്നുണ്ടാവുമല്ലോ അല്ലെ … രവി വരുമ്പോൾ മായയെ  കാണും എന്ന് പറയുന്നു.. എന്നാൽ നമുക്കൊരുമിച്ചു കണ്ടാലോ..ഓക്കേ ആണെങ്കിൽ റിപ്ലൈ അയക്കണേ.. .. ശ്രീ..”

അവൾ ഓർക്കാൻ ശ്രമിച്ചു.. കോളജിൽ ഒരുമാതിരി മിക്ക പെൺകുട്ടികളുടെയും ഗുഡ് ബുക്ക്സിൽ  ഉണ്ടായിരുന്ന ശ്രീയെ ഓർത്തെടുക്കാൻ അവൾക്ക് പ്രയാസപ്പെടേണ്ടി വന്നില്ല.. അവൾ ഒരു നിമിഷം ആലോചിച്ചു.. ഈ വലിയ നഗരത്തിൽ വന്നിട്ട് കഴിഞ്ഞ മാസം ഇരുപതു വർഷം കഴിഞ്ഞിരിക്കുന്നു.. ശ്രീ ഈ നഗരത്തിൽ തന്നെ ഉള്ള കാര്യം പലരും പറഞ്ഞവൾക്ക് അറിവുള്ളതുമാണ്.. എന്നാലും എന്തോ.. ഒരിക്കലും കാണാനോ സംസാരിക്കാനോ അവൾ ശ്രമിച്ചില്ല . ഒരിക്കൽ പോലും സംസാരിച്ചിട്ടില്ലാത്ത  ഒരു സഹപാഠിയെ കുറിച്ചവൾക്ക് ഓർക്കാൻ സമയം കിട്ടിയില്ല എന്നതായിരുന്നു കാരണം ..

എന്തായാലും രവിയെ കാണണം.. എന്നാൽ പിന്നെ ഒരുമിച്ചാവാം.. എന്ന് കരുതി അവൾ ടൈപ്പ് ചെയ്തു തുടങ്ങി..

 ” ഹൈ ശ്രീ.. ഞാൻ വരാം .. ലൊക്കേഷൻ അയച്ചു തന്നാൽ മതി .”

അങ്ങനെ രവി വന്ന ദിവസമാണ് ശ്രീയെ അവൾ കോളേജ് വിട്ട ശേഷം ആദ്യമായി കാണുന്നത്.. ഭക്ഷണം കഴിക്കുന്നതിനിടെ അവളെ നോക്കി ശ്രീ പറഞ്ഞത് അവൾക്കിന്നും ഓർമ്മയുണ്ട്..

” രവി കുവൈറ്റിന്ന് വരേണ്ടി വന്നു മായയ്ക്ക് പുറത്തിറങ്ങാൻ..” 

അവനെ നോക്കി ഒന്ന് മന്ദഹസിച്ചതല്ലാതെ അവൾ അതിനുത്തരം നൽകിയില്ല..

ഇനിയും ഇടയ്ക്കിടെ കാണാം എന്ന് പറഞ്ഞാണ് അന്ന്  അവർ  പിരിഞ്ഞത്..

അത് കഴിഞ്ഞു മായ തന്റെ ലോകത്തു തിരക്കിൽ ഏർപ്പെട്ടതു കാരണം അവനെ പറ്റി ഓർക്കാനുള്ള സമയം കിട്ടിയില്ലയെന്നു പറയാം…

2020 മാർച്ച് .. ആദ്യമായി ലോക്കഡൗൺ പ്രഖ്യാപിച്ച സമയം..  മഹാമാരിയെ ഭയന്ന് തന്റെ ഫ്ലാറ്റിനുള്ളിൽ ഒറ്റയ്ക്ക് കഴിയുമ്പോൾ ഒരു ഉച്ച സമയം അവളുടെ മെസ്സഞ്ചേരിൽ ഒരു സന്ദേശം .

” ഹായ് മായാ.. നീ സുഖമായി ഇരിക്കുന്നോ … പുറത്തൊന്നും ഇറങ്ങുന്നില്ലല്ലോ അല്ലെ .”

ശ്രീയുടെ ആ മെസ്സേജ് ഒരു  പഴയ സഹപാഠിയുടെ  ക്ഷേമം അന്വേഷണത്തിനപ്പുറം അന്നവൾ  കണക്കാക്കിയില്ല …

” ഹായ് ശ്രീ .ഐ ആം ഗുഡ്. താങ്ക്സ്”.

ഇത്രയുമേ അവളന്ന്  മറുപടി എഴുതിയുള്ളു..

അന്ന് തുടങ്ങിയ ക്ഷേമം അന്വേഷിക്കൽ പിന്നെ പതിവായി.. തന്റെ തിരക്കേറിയ കോർപ്പറേറ്റ് ജോലിയ്ക്കിടെ അവൻ അൽപ നിമിഷം മായയ്ക്കായി  മാറ്റി വെച്ചു എന്ന് വേണം പറയാൻ.ആദ്യമൊക്കെ മായയ്ക്ക് അതൊരു അതിശയമായിരുന്നു.ശ്രീ ഇത്ര ഫ്രണ്ട്‌ലി ആണെന്ന് അവൾക്കറിയില്ലായിരുന്നു. എന്ത് വേഗമാണ് അവളുടെ ചുരുങ്ങിയ ഫ്രണ്ട്‌സ് സർക്കിളിൽ അവൻ ഇടം പിടിച്ചത്. .. പുറത്തു മഹാമാരി താണ്ഡവം ആടുന്ന സമയത്തു വീട്ടിൽ ഒറ്റയ്ക്കായിരുന്ന മായയ്ക്ക് വളരെയേറെ സാന്ത്വനം നൽകിയിരുന്നു ശ്രീയുമായുള്ള അല്പനേരത്തെ ചാറ്റിങ്.. എന്നും തന്റെ പരിധിക്കുള്ളിൽ നിന്നേ  അവൻ പെരുമാറിയിരുന്നുള്ളൂ…. അവൾക്കു അവനോടുള്ള ബഹുമാനം കൂടാൻ അത് മാത്രം മതിയായിരുന്നു . ഒരു സന്ധ്യ സമയത്തെ ശ്രീയുടെ മെസ്സേജ് അവൾ ഇപ്പോഴും പുഞ്ചിരിയോടെ ഓർക്കും..

” മായാ.  നമ്മൾ കോളേജിൽ വെച്ചേ പരിചയപ്പെട്ടിരുന്നെങ്കിൽ എന്ത് നല്ല സുഹൃത്തുക്കളായേനെ. അല്ലേ … എത്ര സ്മൂത്ത് ആണ് നമ്മുടെ ഈ കൂട്ട്..”

അത് ശരിയാണെന്നു മായയ്ക്കും തോന്നിയിട്ടിട്ടുണ്ട്.. ഇത്ര സെൻസിറ്റീവ് ആയ ഒരു പുരുഷനെ അവൾ അന്ന് വരെ പരിചയപ്പെട്ടിട്ടുണ്ടായിരുന്നില്ല..

എന്ത് വിഷയം ആണെങ്കിലും ശ്രീയുടെ അഭിപ്രായം അവൾ അറിയാൻ ശ്രമിക്കുമായിരുന്നു…. വെറും ഒന്നര വർഷം കൊണ്ട് ശ്രീയുമായി ഇത്രയും അടുത്തപ്പോൾ അവൾക്കത് തന്റെ പ്രിയസുഹൃത്തായ മധുവിനോട് പറയണം എന്ന് തോന്നി.. പക്ഷെ അതബദ്ധമായി എന്നവൾക്കുടനെ മനസ്സിലാകുകയും ചെയ്തു . മധുവും ശ്രീയും തമ്മിൽ തെറ്റിയിട്ട് കുറെ സമയമായി പോലും.. മധുവിനെ പറഞ്ഞു മനസ്സിലാക്കാൻ മായ ശ്രമിച്ചെങ്കിലും അവൻ മായയ്ക്ക് ശ്രീയുമായി കൂട്ട് വേണ്ട എന്ന ഉറച്ച തീരുമാനത്തിൽ നിന്ന് പിന്തിരിഞ്ഞില്ല..  അതിന്റെ ഫലമായി മായയ്ക്ക് മധുവിന്റെ സൗഹൃദം നഷ്ടമായി. പക്ഷെ ശ്രീയുമായുള്ള സൗഹൃദം അവൾക്കെന്തു കൊണ്ടോ വേണ്ടായെന്ന് വെയ്ക്കാൻ തോന്നിയില്ല… അതിന്റെ കാരണവും അവൾക്കു മനസ്സിലായില്ല . ഇത്ര പ്ളേറ്റോണിക് ആയ ഒരു സൗഹൃദം അവൾക്കെന്തെന്നില്ലാത്ത ഒരു ഉന്മേഷം നല്കി തുടങ്ങിയിരുന്നു.  അത് വേണ്ടായെന്ന് വെയ്ക്കാൻ അവൾക്ക് കഴിഞ്ഞില്ല.. എത്ര തിരക്കാണെങ്കിലും അവളോട് രണ്ടു മിനിറ്റ് എങ്കിലും ചാറ്റ് ചെയ്യാതെ ശ്രീയ്ക്കും പറ്റില്ലെന്നായി. ഒരു സ്ത്രീയും പുരുഷനും തമ്മിൽ രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ മാന്യമായ രീതിയിൽ ഇടപഴകാൻ സാധിക്കുമെന്ന് മായയ്ക്ക് മനസ്സിലായ ദിനങ്ങൾ …

പുസ്തകങ്ങളും.. കവിതകളും.. അവരവരുടെ പ്രൊഫഷണൽ ജീവിതവും ഉൾപ്പെട്ട പക്വതയേറിയ ഒരു സുഹൃത്ബന്ധമായി മാറി അവരുടേത്.. മനസ്സിൽ തോന്നിയത് എന്തും മറയ്ക്കാതെ അതെ പടി തുറന്നു പറഞ്ഞാൽ തന്നെ വിലയിരുത്താൻ ശ്രമിക്കാത്ത ഒരു കൂട്ടുകാരൻ.. അതായിരുന്നു അവൾക്ക് ശ്രീ.. അവനും അങ്ങനെ തന്നെയായിരുന്നു എന്നവൻ പലപ്പോഴായി മായയോട് പറഞ്ഞിട്ടുമുണ്ട് …  ശ്രീയുടെ പഴയകാലത്തെ ഇഷ്ടങ്ങളും അതിൽ നിന്ന് മാറാനുള്ള കാരണങ്ങളും പറഞ്ഞവർ എത്ര പ്രാവശ്യം ചിരിച്ചിട്ടുണ്ട്.. ചാറ്റിലും മെസ്സേജുകളിലും കൂടെയായിരുന്നു എങ്കിലും പരസ്പരം നന്നായി മനസ്സിലാക്കി അവരവരുടെ സ്പേസ് സൂക്ഷിച്ചു കൊണ്ടുള്ള ഒരു സുഹൃത്ബന്ധം.. മായയ്ക്ക് അതൊരു അപൂർവ ബന്ധമായിരുന്നു..

ഒരേ നഗരത്തിൽ ആയിരുന്നെങ്കിലും അവർ തമ്മിൽ ഏകദേശം അമ്പതു കിലോമീറ്ററിന്റെ ദൂരമുണ്ടായിരുന്നു.. ശ്രീയ്ക്ക് തന്നേ  കാണണം എന്ന ആഗ്രഹം അറിയിച്ചപ്പോൾ മായ ആലോചിച്ചതും അതുതന്നെ ആയിരുന്നു . രണ്ടു പേർക്കും എത്താൻ സൗകര്യമുള്ള ഒരു കോഫി ഷോപ്പിൽ വച്ച് കണ്ടുമുട്ടാൻ അങ്ങനെ അവർ  പ്ലാനിട്ടു..

അതൊരു വ്യാഴാഴ്ച ആയിരുന്നു .. രാവിലെ മെസ്സേജ് കണ്ട  മായ ആദ്യം അല്പം വിഷമിച്ചു… ശ്രീയ്ക്ക് വരാൻ പറ്റില്ലത്രേ.. അവന്റെ ഭാര്യക്ക് ഗൈനെക്കോളജിസ്റ്റിനെ കാണണം .. ഉടൻ മായ മറുപടിയയച്ചു .

” നോ വറീസ് ശ്രീ …. നമുക്ക് ഇനിയെന്നെങ്കിലും കാണാം.. യു ടേക്ക് കെയർ  ഓക്കെ ”

എഴുതി കഴിഞ്ഞപ്പോൾ അവൾക്കു പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരാശ്വാസം തോന്നി..

ഉച്ച കഴിഞ്ഞപ്പോൾ പിന്നെയും ശ്രീയുടെ മെസ്സേജ്

” ഹായ് മായാ.. ഞാൻ നാളെ നിന്നെ കാണാൻ വരട്ടെ… നിന്റെ വീടിനടുത്തുള്ള ലൊക്കേഷൻ പറ . നമുക്കവിടെ വച്ച് കാണാം.. ഒരു കോഫി..”

പിറ്റേ ദിവസം കഫേ കോഫി ഡേയിൽ   സംസാരിക്കുന്നതിനിടയിൽ  പെട്ടെന്ന് ശ്രീ പറഞ്ഞു..

” യു നോ മായ.. നിനക്കിപ്പോഴും ഒരു ടോയ് ബോയ് നെ കിട്ടും… യു ലുക്ക് സൊ യങ്”.

അന്ന് കണ്ടു പിരിഞ്ഞതിന് ശേഷം അവരുടെ സൗഹൃദം ഒന്ന് കൂടെ ശക്‌തിപ്പെട്ടതേ ഉള്ളൂ.. പിന്നീട് കണ്ടു മുട്ടിയില്ലയെങ്കിലും എല്ലാ ദിവസവും അൽപ സമയം അവർ ഒരുമിച്ച് ചിലവഴിക്കാൻ മറന്നില്ല..

കുറെ ദിവസ്സങ്ങളായി അവൻ പതിവിനു വിപരീതമായി നിശ്ശബ്ദനായിരുന്നു.. ഒരാഴ്ച മിണ്ടാട്ടമില്ലാതെ ഇരുന്നപ്പോൾ മായ തന്നെയാണ്  അവനോടു ചോദിച്ചത്..

” എന്താ ഒരു മൂഡൗട്ട് ..”

” എന്റെ മൂഡൗട്ടാണെന്ന് തനിക്കെങ്ങനെ മനസ്സിലായി മായാ .”  ശ്രീയ്ക്കതിശയമായിരുന്നു അപ്പോൾ.

“എന്തോ.. ഇപ്പോളെനിക്ക് തന്നെ കുറെ ഒക്കെ വായിക്കാൻ പറ്റും ശ്രീ ..”

അവളുടെ മറുപടി കേട്ടവൻ ഒന്ന് വിതുമ്പിയോയെന്നു മായയ്ക്ക് സംശയം തോന്നിയത് അവൾ പുറമേ കാട്ടിയില്ല..

“എന്തോ.. എല്ലാം ഇട്ടെറിഞ്ഞു സന്യാസത്തിനു പോയാലോ എന്ന് വിചാരിക്കുന്നുണ്ട് മായാ.. “ ശ്രീയുടെ ആ ഉത്തരം അവൾ ചിരിച്ചു തള്ളി..

 ” കപട സന്യാസി” എന്ന് പറഞ്ഞു നിർത്താതെ ചിരിച്ചപ്പോൾ ശ്രീ ഓഫ്‌ലൈൻ ആയി…

അത് കഴിഞ്ഞു എന്ത് സംഭവിച്ചു കാണും.. മായയ്ക്ക് ഒന്നും മനസ്സിലായില്ല… ഇപ്പോൾ ഇതാ തന്നെ അവൻ ബ്ലോക്ക് ചെയ്തിരിക്കുന്നു ..

കുറെ നേരം കരഞ്ഞപ്പോൾ അവൾക്ക് ആശ്വാസം തോന്നി.. ..

എന്തായാലും ശ്രീ… നീ തിരിച്ചു വിളിക്കുന്നത് വരെ ഞാൻ കാത്തിരിക്കും.. നീ സുഖമായി ഇരിക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷമേ ഉള്ളൂ.. ഈ ചുരുങ്ങിയ കാലയളവിൽ എനിക്കിത്രയും സ്നേഹവും സന്തോഷവും  തന്നതിന് ഞാൻ നിനക്കെന്നും കടപ്പെട്ടിരിക്കും.. നിന്നെ എനിക്ക് തന്ന ദൈവത്തോടും..



ഷീന പിള്ളൈ സിങ്ങ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ