ഞാൻ കഴിഞ്ഞ കുറേ മാസങ്ങളായി ഇതിവൃത്തം വായിക്കുന്നുണ്ട്. മിക്ക മാസികയുടെയും ഉള്ളടക്കം ഇതൊക്കെയാണെങ്കിലും, ഇതിലെ വിഭവങ്ങൾ കൃത്യമായ വ്യത്യസ്ഥത പുലർത്തുന്നുണ്ട് എന്ന് പറയാതിരിക്കുവാൻ നിർവാഹമില്ല. നല്ല കഥകൾ, കവിതകൾ, ലേഖനങ്ങൾ. ഞാൻ ഒരു സഞ്ചാരപ്രിയൻ ആയതുകൊണ്ടുതന്നെ ഇന്തോന്വേഷ്യൻ ദിനങ്ങൾക്കായി കാത്തിരിക്കേണ്ടതായ ഒരവസ്ഥയിൽ ആണ്. ഞാനും ജക്കാർത്തയിൽ പോയിട്ടുള്ള ഒരാൾ ആണ്. എന്നാൽ അവിടത്തെ വിശേഷങ്ങൾ നന്നായി മനസ്സിലായത് ഈ ലേഖനങ്ങളിൽ കൂടെയാണ് എന്നും പറയാതിരിക്കുവാൻ കഴിയില്ല. കണ്ടവർക്കും, കാണാത്തവർക്കും ഒരു പോലെ ആസ്വദിക്കുവാൻ പറ്റുന്ന എഴുത്തുരീതിയെ അഭിനന്ദിക്കാതിരിക്കുവാനും കഴിയുന്നില്ല. മൊത്തത്തിൽ ഇതിവൃത്തം മനോഹരമാണ്. അറിവാണ്.
ഷുക്കൂർ അലി, കൊണ്ടോട്ടി
ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വംശജരുടെ നേരെയുണ്ടായിക്കൊണ്ടിരുന്ന പ്രശ്നങ്ങളുടെ യാഥാർത്ഥമുഖം സരസമായ ഭാഷയിൽ കൃത്യമായി അവതരിപ്പിച്ച ഒരു ലേഖനമായിരുന്നു ശ്രീ . സുമേഷ് രാമചന്ദ്രന്റെ വെട്ട്, കുത്ത്, വെടി, പുക. പലപ്പോഴും ഇത്തരം കാര്യങ്ങൾ വംശീയമായി അവതരിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും നടത്തുന്ന തെറ്റായ ശ്രമങ്ങൾക്ക് ഒരു തിരിച്ചടിയാകുകയാണ് ഈ ലേഖനം. പലപ്പോഴും ഇത്തരം തെറ്റിദ്ധാരണകൾ തിരുത്തപ്പെടാതെ പോകുകയാണ് പതിവ്. ഇത്തരം ശ്രമങ്ങൾ ഇക്കാരണം കൊണ്ട് തന്നെ ഏറെ ശ്രദ്ധേയവുമാകുന്നു. ശ്രീ സുമേഷ് രാമചന്ദ്രനും മാസികയ്ക്കും എന്റെ അഭിനന്ദനങ്ങൾ
മോൻസ് ജോസഫ്, ബംഗളൂരു
ഞാൻ അത്ര വായനാശീലമുള്ള ഒരാൾ ആയിരുന്നില്ല. യാദൃശ്ചികമായാണ് ഒരു സുഹൃത്തയച്ചു തന്ന ഇതിവൃത്തം മാസിക വായിക്കുന്നതിന് അവസരമുണ്ടായത്. ഇതിവൃത്തം എനിയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഇതുവരെയുള്ള എല്ലാ ലക്കങ്ങളും വായിക്കുവാൻ അവസരമൊരുക്കിയത് എന്നെപ്പോലൊരാൾക്ക് അനുഗ്രഹം തന്നെ. മെച്ചപ്പെട്ട നിലവാരം പുലർത്തുന്ന ഈ മാസിക തികച്ചും സൗജന്യമാണെന്നത് വല്ലാതെ അത്ഭുതപ്പെടുത്തുകയും ചെയ്തു. മാസികയുടെ അണിയറപ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
കിരൺ വാസുദേവ്, അഹമ്മദാബാദ്
സുനീത് സാറിന്റെ ലേഖനങ്ങളും യാത്രാവിവരണങ്ങളുമെല്ലാം ധാരാളം വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ ഒരു മാസിക ഉണ്ടായിരിക്കുന്നു. അത് ഒരു വർഷം പിന്നിട്ടിരിക്കുന്നു എന്നെല്ലാം അറിയുന്നത് ഈയിടയ്ക്ക് മാത്രമാണ്. മാസിക മുഖ ചിത്രം മുതൽ അവസാന പുറം വരെ നല്ല നിലവാരം പുലർത്തുന്നു. സുഖ വായന നൽകുന്നതാണ് ഓരോ വിഭവങ്ങളും. കഥ പോലെ വായിച്ചു പോകുവാൻ കഴിയുന്നത്ര രസകരമാണ് ഇതിലെ ലേഖനങ്ങളും, നിരൂപണങ്ങളും, യാത്രാവിവരണങ്ങളുമൊക്കെ. മാസികയ്ക്കും പത്രാധിപർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.
രമ്യ വിനോദ്, ദുബായ്
ധാരാളം കുറിപ്പുകൾ ലഭിക്കുന്നുണ്ട്. എല്ലാം പ്രസിദ്ധീകരിക്കുന്നതിലെ അഭംഗി കണക്കിലെടുത്ത് ചിലത് മാത്രമാണ് മാസികയിൽ പ്രസിദ്ധീകരിക്കുന്നത്. അഭിനന്ദനം അറിയിക്കുന്നവർക്കൊക്കെ അതാത് മീഡിയകളിൽ മറുപടി നൽകുന്നുണ്ട്. നിങ്ങളുടെയെല്ലാം അകമഴിഞ്ഞ പ്രോത്സാഹനമാണ് മാസികയുടെ ശക്തി. എല്ലാവർക്കും മാസികയുടെ സ്നേഹാദരങ്ങൾ
എഡിറ്റർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ