മലയാളത്തിന്റെ മുറ്റത്ത് കുമാരനാശാനും എഴുത്തച്ഛനും മുമ്പിൽ കേകയും മഞ്ജരിയും മുടിയഴിച്ചാടി. ഉൽപ്രേക്ഷയും രൂപകവും മേളം കൊഴുപ്പിച്ചു. ക്ഷണിക്കപ്പെട്ട അതിഥികളായെത്തിയ ഷെല്ലിയും ഷേക്സ്പിയറും താളം പിടിച്ചു.
കുറച്ചകലെ ബോധിവൃക്ഷത്തണലിലിരുന്ന് ഐസക് ന്യൂട്ടൺ ചിന്താമഗ്നനായി. ഉണങ്ങിയ കൊമ്പൊടിഞ്ഞ് തലയിൽ വീണപ്പോൾ ന്യൂട്ടണ് ബോധോദയമുണ്ടായി.
‘യസ്. ഇതാണ് ഗ്രാവിറ്റി’ ന്യൂട്ടൺ അതുവരെയാർക്കുമറിയാത്ത രഹസ്യം മനസ്സിലാക്കി. ഹിരോഷിമയിലിരുന്നു കരയുന്ന പ്രിയ തോഴനായ ആൽബർട്ട് ഐൻസ്റ്റീനെ അപ്പോൾത്തന്നെ വിളിച്ചറിയിച്ചു.
രേഖാംശങ്ങൾ കീറിയ ചാലുകളിലൂടെ ദക്ഷിണധ്റുവത്തിൽ നിന്നും ഉത്തരധ്റുവത്തിലേക്കൊഴുകിയ മഞ്ഞുകട്ടകൾ ഭൂമദ്ധ്യരേഖയിലെത്തി ആവിയായി ആകാശത്തേക്കുയർന്നു. പിന്നെ ആമസോൺ കാടുകളിൽ മഴയായ് കൊഴിഞ്ഞുവീണു.
വൻകരകളെ ബന്ധിപ്പിച്ച അക്ഷാംശങ്ങളിലൂടെ സഞ്ചരിച്ച് വാസ്കോഡഗാമ കാപ്പാട് കപ്പലടുപ്പിച്ചു.
വ്യാപാരം ചെയ്യണമെന്നപേക്ഷിച്ച ഗാമയോടു സാമൂതിരി പറഞ്ഞു ,
“ആദ്യം തന്റെ ഗണിതവിജ്ഞാനം ഞാനൊന്നു പരിശോധിക്കട്ടെ”
“ആയിക്കോളൂ” ഗാമ
“ഏ പ്ളസ്സ് ബീ ദി ഹോൾ സ്ക്വയർ ഈസ് ഈക്വൽ ടൂ?”
“ഏ സ്ക്വയർ പ്ളസ്സ് പ്ളസ്സ്..”ഗാമ വിയർത്തു.
പാശ്ചാത്യനാണെന്നു പറഞ്ഞിട്ടെന്താ, വിവരമില്ല. മനസ്സിൽ പറഞ്ഞുകൊണ്ട് സാമൂതിരി ഗാമയോട്:
“സാരമില്ല. ഒക്കെ ശരിയാക്കാം”
എന്നിട്ടകത്തേക്കു നോക്കി ആജ്ഞാപിച്ചു
“ആരവിടെ. നമ്മുടെ ബൈജുവിനോടു വരാൻ പറയൂ”
ഒറ്റക്ക് ബസ്സ് സ്റ്റോപ്പിൽ നിന്ന ഓക്സിജന്റെയടുത്തേക്ക് രണ്ടു ഹൈഡ്രജൻ വായിനോക്കികൾ കടന്നു ചെന്നു. എട്ടിലക്ട്രോണുകളെക്കണ്ട് പേടിച്ച ഹൈഡ്രജൻമാർ ഓക്സിജനുമായി ഒത്തുതീർപ്പിലെത്തി. അവർ ഒന്നിച്ച് ജലതന്മാത്രയായി.
രാവിലെ മുതൽ മണ്ണിൽനിന്നും നൈട്രജൻ അരിച്ചെടുത്തരിച്ചെടുത്ത് വേരുകൾ തളർന്നു. കാണ്ഡത്തിലൂടെ ഇലകൾക്കു സന്ദേശമെത്തി
“ഒന്നുമായില്ലേടേ. വിശന്നു കുടലു കരിയുന്നു്”
പാതി വെന്ത അന്നജമെടുത്തുകൊടുത്ത് ഇലകൾ കാണ്ഡത്തോടു പറഞ്ഞു
” ഇപ്പഴാ ഇത്തിരി വെയിലൊറച്ചത്. വേഗം കൊണ്ടക്കൊടുക്ക്”
ബാഹ്യകർണ്ണം പിടിച്ചെടുത്ത ശബ്ദം ആന്തരകർണ്ണത്തിലൂടെ തരംഗങ്ങളായി തലച്ചോറിലെത്തി. തലച്ചോർ തിരിച്ചറിഞ്ഞതിങ്ങനെ,
“അനന്തൂ എഴുന്നേൽക്കൂ”
അമ്മയുടെ ശബ്ദം. സ്വപ്നങ്ങളെ മേയാൻ വിട്ട് അനന്തു ഉണർന്നു.
“അമ്മേ പ്ളീസ്, ഇത്തിരികൂടി ഉറങ്ങിക്കോട്ടെ. ഞാൻ പതിനൊന്നരക്കാണുറങ്ങിയത്”
“നോ അനന്തൂ. പരീക്ഷയിങ്ങടുത്തെത്തിയെന്ന് നിനക്കറിയാവുന്നതല്ലേ. പരീക്ഷ കഴിഞ്ഞാൽ നിനക്കിഷ്ടം പോലെയുറങ്ങാമല്ലോ”
അമ്മയതു വെറുതെ പറയുന്നതാണെന്നവനറിയാം. പരീക്ഷ കഴിഞ്ഞാലുടൻ തുടങ്ങും സ്പോക്കൺ ഇംഗ്ലീഷ്, എൻട്രൻസ് കോച്ചിങ്ങ്, പേഴ്സണാലിറ്റി ഡവലപ്‌മെന്റ്….
അമ്മ കൊണ്ടുവന്ന കാപ്പിയൂതിക്കുടിച്ചുകൊണ്ട് അവൻ പുസ്തകം തുറന്നു.പുസ്തകം പറഞ്ഞു,
“നിന്റെയോ ഉറക്കം പോയി. ഞങ്ങളെയെങ്കിലുമുറങ്ങാൻ വിടടേ”
അടഞ്ഞുതുടങ്ങിയ കണ്ണുകൾ വീണ്ടും വലിച്ചുതുറന്ന് ഉറക്കത്തിന്റെ അവസാന കണികയേയും അനന്തു ആട്ടിയോടിച്ചു.
പഠിച്ചു പഠിച്ചു കാണാപ്പാഠമായതു പിന്നെയും പഠിച്ചു.
അനിൽ കുമാർ എം ബി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ