2021 നവംബർ 27, ശനിയാഴ്‌ച

അനാഹി

 


നാം ജീവിക്കുന്ന ഈ പ്രപഞ്ചം. അനേകം കോടി ജീവജാലങ്ങളും, സൂഷ്മജീവനുകളും, പ്രകൃതിയുമൊക്കെ കൂടി ചേർന്ന നമ്മുടെ ഈ പ്രപഞ്ചം.

 നാം ഈ കാണുന്നതിനുമൊക്കെ അപ്പുറം ഒരു സത്യമുണ്ടോ? യഥാർത്ഥത്തിൽ ഒരു മിഥ്യയിലേയ്ക്കാണോ ഈ പ്രപഞ്ചം നമ്മെ ദിനംപ്രതി കൊണ്ടുപോകുന്നത്.? നമ്മുടെ അറിവുകൾക്കും, ചിന്താശേഷികൾക്കും അപ്പുറം, അനിർവചനീയമായ എന്തൊക്കെയോ ഉണ്ടോ? അത്തരം അന്വേഷണങ്ങളിലേയ്ക്ക് നയിക്കുകയാണ്, ഈ സത്യം അറിയുന്ന വഴി!! അഥവാ,

 “അനാഹി “.

മനുഷ്യന്റെ വികാരവിചാരങ്ങൾ ഉണരുന്ന കാലഘട്ടം മുതൽ, ഉത്തരാധുനികമായ ഈ കാലഘട്ടം വരെ അവനെ വിടാതെ പിന്തുടരുന്ന ഒന്നാണ് അവന്റെ ഭയം. പ്രേത -ഭൂതാധികളിൽ വിശ്വാസം ഇല്ലെന്ന് പുറമെ നടിക്കുമ്പോഴും, എന്നുമെന്നും അത്തരം ജോണറിലുള്ള സിനിമകളും പുസ്തകങ്ങളും മനുഷ്യർ കൗതുകത്തോടെ വീക്ഷിക്കുന്നു. ഭയക്കുവാൻ മനുഷ്യൻ ഇഷ്ടപ്പെടുന്നതാകാം. അല്ലെങ്കിൽ ഉപബോധമനസ്സിൽ ഭയത്തിനോട് ഒരു അഭിനിവേശം ഉണ്ടാകുന്നതും ആകാം.

ഒരിക്കലും അവസാനിക്കാത്ത ഭാവനകളുടെയും നിഗൂഢതകളുടെയും സമ്മിശ്രത്തെ ഏറ്റവും നന്നായി അണിയിച്ചൊരുക്കുന്ന പുസ്തകമാണ് വിപിൻദാസിന്റെ ” അനാഹി “. ഭ്രമാത്മകമായ ചിന്തകളിലൂടെ, യാഥാർഥ്യത്തെ തേടിയിറങ്ങുന്ന സഹ്യൻ, അവന്റെ സുഹൃത്ത് ആരവല്ലി എന്നിവരിലൂടെ ” അനാഹി ” സഞ്ചാരം ആരംഭിക്കുമ്പോൾ ആസ്വാദകനും അവന്റെ ചിന്തമണ്ഡലങ്ങളെ നിഗൂഢതയിലേയ്ക്ക് പിഴുതു നട്ടുകൊണ്ട് യാത്ര തുടങ്ങുന്നു.

സഹ്യൻ, എന്നൊരു ചെറുപ്പക്കാരൻ, കടന്നുപോകുന്ന, സത്യമോ, മിഥ്യയോ എന്ന് തിരിച്ചറിയുവാൻ കഴിയാത്ത അനുഭവങ്ങൾ, അയാളുടെ ദേഹത്ത് അവശേഷിക്കുന്ന അടയാളങ്ങൾ, അയാളുടെ സുഹൃത്തായ ആരവല്ലിയ്ക്ക് ഒപ്പം അയാൾ നടത്തുന്ന അന്വേഷണങ്ങൾ. ഒടുവിൽ അയാൾ, കണ്ടെത്തുന്ന യാഥാർഥ്യങ്ങൾ. ഇതാണ് അനാഹിയുടെ ഇതിവൃത്തം.

സഹ്യന്റെ ശരീരത്തിൽ കൃത്യമായ ഇടവേളകളിൽ സൃഷ്ടിക്കപ്പെടുന്ന മുറിവുകളിലൂടെ അയാൾ കാണുന്ന, സ്വപ്നമെന്നോ യാഥാർഥ്യമെന്നോ വേർതിരിച്ചറിയുവാൻ കഴിയാത്ത, ഭ്രമാത്മകതയിലൂടെ സഞ്ചരിക്കുന്ന ആരവല്ലിയും സഹ്യനും. ഈ രഹസ്യങ്ങൾക്ക് പിന്നിലുള്ള മാന്ത്രികതയാണ് ഈ പുസ്തകത്തിന്റെ കാതൽ.

നിരവധി പ്രത്യേകതകൾ ഒരുക്കി വെച്ചുകൊണ്ട് ആണ് വിപിൻ, അനാഹിയെ അനാവൃതം ചെയ്തിരിക്കുന്നത്. അതിനൊരു ഉദാഹരണമാണ്, കഥാപാത്രങ്ങളുടെ പേരുകൾ. സഹ്യൻ, ആരവല്ലി, വിന്ധ്യ, ആൽപ്സ് തുടങ്ങി എല്ലാ പേരുകളും പർവതങ്ങളുടേതാണ്.

ഈ നോവലിന്റെ യാത്രയിലോ അന്വേഷണത്തിലോ ഉടനീളം ആസ്വാദകനും സഞ്ചരിക്കുമ്പോൾ സഹ്യനിലും ആരവല്ലിയിലും പ്രകടമാകുന്ന നടുക്കങ്ങളും, ഞെട്ടലുകളും, ആകാംഷയും, അത്ഭുതവും, വേദനകളും, സന്തോഷവും, അവർ എത്തിചേരുന്ന നിഗമനങ്ങളും, ചുരുളഴിഞ്ഞു വരുന്ന രഹസ്യങ്ങളും, അവരിൽ ഉണ്ടാക്കുന്ന അതേ വൈകാരികതകളോടെ വായനക്കാരനും പകർന്നു നല്കപ്പെടുന്നു.

ഈ നൂറ്റാണ്ടിലും ആറാംഇന്ദ്രിയത്തെ കുറിച്ചും പാരാസൈക്കോളജിയുടെ അനന്ത സാധ്യതകളെകുറിച്ചും പഠനം നടന്നുകൊണ്ടിരിക്കുന്നുണ്ട്. മനുഷ്യന്, അധീതമായി പ്രകൃതിയിൽ ഒരു ശക്തി ഉണ്ടെന്നുള്ള ബോധത്തിൽ നിന്നാണ് ഇത്തരം പഠനസാധ്യതകളും, കൗതുകമെന്നതിൽ കവിഞ്ഞു അതിൽ കൂടുതൽ ആഴത്തിൽ പഠനവിധേയമാക്കുകയെന്നതും ഉരുത്തിരിയുന്നത്.

ഈ കഥയിൽ രഹസ്യമായ പരസ്യമായി, ആചരിച്ചു വരുന്ന സാത്താൻ ആരാധനയേ കുറിച്ചും, അതിലേയ്ക്ക് കഥാപാത്രങ്ങൾ നയിക്കപ്പെടുന്നതിനെ കുറിച്ചും എഴുത്തുകാരൻ മനോഹരമായി അവതരണവിധേയമാക്കിയിട്ടുണ്ട്.

” ലിലിത്ത് ” എന്നൊരു ശക്തിയിൽ കഥവഴി ഗതിമാറുമ്പോൾ, കാലങ്ങളായി മനുഷ്യരിൽ അടിച്ചേൽപ്പിക്കപ്പെട്ടതോ, അല്ലാത്തതോ ആയിട്ടുള്ള ദൈവവിശ്വാസങ്ങൾക്ക് മങ്ങൽ ഏൽക്കുകയും, വായനക്കാരന്റെ മനസ്സ് ലിലിത്തിനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നതാണ്, എഴുത്തുകാരന്റെ സമ്പൂർണ വിജയം. അത് അനാഹി കൈവരിച്ചിട്ടുണ്ട്.ഹൊറർ മേഖലയിൽ വന്നിട്ടുള്ള പുസ്തകങ്ങളിൽ അനാഹി യ്ക്ക് ഒരു പ്രത്യേക ഇരിപ്പിടം തന്നെയുണ്ട്

എഴുതുന്നവന്റെ.. എഴുത്തുകളെല്ലാം.. അല്ലെങ്കിൽ അവൻ നിങ്ങളോട് സംവദിക്കുന്നതെല്ലാം കഥകൾ അല്ല.. തീർച്ചയായും അത് മറ്റാരുടെയോ ആജ്ഞയാകാം.


ഹരിത ആർ മേനോൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ