‘സ്ത്രീ അമ്മയാണ്; ദേവിയാണ്’,
എന്ന തരത്തിലുള്ള മനോഹര വാക്യങ്ങൾക്കപ്പുറം കേരളത്തിലായാലും ഇന്ത്യയിലായാലും ലോകത്തെ മറ്റുപല ഇടങ്ങളിലായാലും സ്ത്രീകൾ മാത്രം അനുഭവിക്കുന്ന ദുരിതങ്ങൾ പലതുണ്ട്.
ജനിച്ചയുടൻ നെൻമണി കൊടുത്തും അരളിക്കായ കൊടുത്തും പെൺകുഞ്ഞുങ്ങളെ കൊല്ലുന്ന ഇന്ത്യൻ ഗ്രാമങ്ങൾ വെറും കഥയല്ല.
അഫ്ഗാനിസ്ഥാനിൽ പെൺകുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകളെ അവജ്ഞയോടെയാണ് കാണുന്നത്. ആൺകുഞ്ഞ് ജനിക്കുന്നതു വരെ അവരുടെ പ്രസവം തുടരുന്നു. ആൺകുട്ടി ജനിക്കുന്നതോടെ അവൾ സാധാരണ മനുഷ്യൻ്റെ പരിഗണന കഷ്ടിച്ചു നേടുന്നു!
ആണിന് കിട്ടുന്ന ഈ പ്രത്യേക പരിഗണന മൂലം വേഷംമാറി ആൺവേഷത്തിൽ ജീവിക്കുന്ന ആയിരക്കണക്കിന് പെൺകുട്ടികൾ അവിടെയുണ്ട് . സ്കൂളിലും കളിയിടങ്ങളിലും അവർ ആണായിത്തന്നെ ജീവിക്കുന്നു.
മനുഷ്യജീവി എന്ന പരിഗണന പോലും കിട്ടാതെ ബലാൽക്കാരം ചെയ്യപ്പെടുന്ന സ്ത്രീകളെക്കുറിച്ചുള്ള വാർത്തകൾ ഇന്ത്യയിലും നമ്മൾ നിരന്തരം കാണുന്നുണ്ട്.
‘ന:സ്ത്രീ സ്വാതന്ത്ര്യമർഹതി’ പോലെ വേദങ്ങളെയും, ഉപനിഷത്തുകളെയും ദർശനങ്ങളെയും കൂട്ടുപിടിച്ചെഴുതിയ വാചകങ്ങളുടെ ബലത്തിൽ; സ്ത്രീയെ അടിമയാക്കുന്ന പ്രവണതയും അഭംഗുരം തുടരുന്നു.
മയക്കുമരുന്ന് മദ്യം ഇവ ഉപയോഗിക്കുന്നത് കൂടുതലും പുരുഷൻമാരാണെങ്കിലും, തിക്തഫലം അനുഭവിക്കേണ്ടി വരുന്നതും സ്ത്രീകൾ തന്നെ! നിർഭയ, ഉന്നാവ്, കട്വ , പെരുമ്പാവൂർ, ഹാഥ്റസ് സംഭവങ്ങൾ ഉദാഹരണങ്ങളല്ലേ? ഏതു യുദ്ധത്തിലും ബലാൽക്കാരം ചെയ്യപ്പെടുന്നത് സ്ത്രീകളാണ്. യുദ്ധം ഇല്ലെങ്കിൽ പോലും ചിലയിടങ്ങളിൽ അത് തുടരുന്നു.
ഇന്ത്യയിൽ നാഗാലാൻഡിലെ സ്ത്രീകൾ നഗ്നരായി തെരുവിലൂടെ ഓടിയിട്ട് ഏറെക്കാലമായില്ല! ഒരു വ്യാഴവട്ടക്കാലം ഇറോം ശർമിള അതിനെതിരെ നിരാഹാരം അനുഷ്ഠിച്ചതും ഓർക്കേണ്ടതുണ്ട് ! “പട്ടാളം ഞങ്ങളെ ബലാൽക്കാരം ചെയ്യുന്നു ” എന്നായിരുന്നു ആ സ്ത്രീകൾ കയ്യിൽ ഉയർത്തിയ ബാനർ!
ഇന്ത്യൻ ഗ്രാമങ്ങളിലും, നഗരങ്ങളിലും ബലാൽക്കാരം ചെയ്യപ്പെട്ട് മൃഗീയമായി കൊല ചെയ്യപ്പെടുന്ന പെൺകുട്ടികളെല്ലാവരും സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ദരിദ്രകുടുംബങ്ങളിൽ നിന്നും, സമുദായങ്ങളിൽ നിന്നും ഉള്ളവർ ആണെന്ന വസ്തുതയും നാം മനസ്സിലാക്കേണ്ടതുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ, പലതരം ശാരീരികവും മാനസികവുമായ ആക്രമണങ്ങളെ നേരിടുന്നവരാണ് ഭൂമിയിലെ ഏതുപ്രദേശത്തെയും സ്ത്രീകൾ !
സമൂഹ്യ പുരോഗതിയുടെ ഏറ്റവും വലിയ ഇന്ധനം വിദ്യാഭ്യാസ മുന്നേറ്റമാണ്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഇതിൽ ഏറെ പ്രധാന്യമുണ്ട്. കേരളം നേടിയെടുത്തു എന്നവകാശപ്പെടുന്ന ഒട്ടനവധി നേട്ടങ്ങളുടെയും പിന്നണിയിൽ സ്ത്രീ വിദ്യാഭ്യാസ പുരോഗതിയുടെ കൃത്യമായ അടയാളപ്പെടുത്തലുകൾ കാണാം. എന്നിട്ടും വിദ്യാസമ്പന്നരായ സ്ത്രീകളുടെ ജീവിതം പോലും അടുക്കളപ്പുകയിലൊടുങ്ങുന്നു.
സ്ത്രീ ഭർത്താവിനും കുടുംബത്തിനും വേണ്ടി തന്റൊ ജീവിതവും സ്വപ്നങ്ങളും പൂർണ്ണമായും ത്യജിക്കേണ്ടവളാണെന്ന വിശ്വാസം, പൊതുവിൽ സമൂഹം വെച്ചുപുലർത്തുന്നു. സ്ത്രീകളിൽ വലിയൊരു വിഭാഗം തന്നെ തങ്ങളുടെ സിദ്ധികളും കഴിവുകളും സാദ്ധ്യതകളും തിരിച്ചറിയാത്തവരും, അവകാശങ്ങളെക്കുറിച്ച് ധാരണ ഇല്ലാത്തവരുമാണ് എന്നത് തീർച്ചയായും ഒരു പരിമിതിയാണ്. വിദ്യാഭ്യാസത്തിലൂടെയും മറ്റു സാമൂഹിക പ്രവർത്തനങ്ങളിലൂടെയും, തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ധാരണ നേടിയവർ അവരുടെ പ്രവർത്തനങ്ങളിലൂടെ മറ്റ് സ്ത്രീകൾക്ക് ഊർജ്ജം നൽകേണ്ടതുണ്ട്.
ആൺകോയ്മയെ ചോദ്യം ചെയ്യുന്ന സ്ത്രീ പലപ്പോഴും അപഹാസ്യയാകുന്നു. ഈയടുത്ത കാലത്ത് സ്ത്രീകൾക്കെതിരെ അനാവശ്യ പരാമർശങ്ങൾ നടത്തിയ ഒരാളെ, സ്ത്രീകൾ ഒരുമിച്ചു കൈകാര്യം ചെയ്തതും ഓർക്കേണ്ടതുണ്ട്. നിയമം കൈയിലെടുക്കുവാൻ പുരുഷൻമാർക്കും സ്ത്രീകൾക്കും അവകാശമില്ല….. പക്ഷേ നിയമം നോക്കുകുത്തിയാവുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
ഏതാനും വർഷങ്ങൾക്കു മുൻപ്, കൗമാരത്തിലേക്കു കടന്ന ഏക മകളെ, മൃഗീയമായി കൊലപ്പെടുത്തിയ ഒരുവൻ നിയമത്തിന്റെ പഴുതിലൂടെ രക്ഷപെട്ട്, തൻ്റെ കൺമുന്നിൽ വിലസുന്നതു കണ്ടുനിൽക്കാനാവാതെ, നിയമം കയ്യിലെടുത്ത പിതാവിനെയും ഈയവസരത്തിൽ ഓർമ്മ വരുന്നു…
ഇത്തരം വിവേചനങ്ങൾക്കെതിരെ ചിന്താശേഷിയുള്ള പുരുഷൻമാരും സ്ത്രീകൾക്കൊപ്പം കൈകോർക്കേണ്ടതുണ്ട്.
ഒരേ വയറിൽ നിന്ന് പിറവിയെടുത്ത്, ഒരേ ഭക്ഷണം കഴിച്ച്, ഒരേ വിദ്യാഭ്യാസം സ്വീകരിച്ച് ജീവിക്കുന്ന സ്ത്രീക്കും, പുരുഷനും യഥാർത്ഥത്തിൽ ഭൂമിയിൽ തുല്യമായ അവകാശങ്ങളുണ്ട് എന്ന ബോധവൽക്കരണമാണ് യഥാർത്ഥത്തിൽ നടത്തേണ്ടത്.
പുരുഷനുണ്ടെന്നു കരുതപ്പെടുന്ന പല ശാരീരികക്ഷമതകൾക്കും തുല്യമായതോ, പകരം വയ്ക്കാവുന്ന തരത്തിലുള്ളതോ, അതിലുമേറെ ഉൽകൃഷ്ടമായതുമായ പലസിദ്ധികളും, മാനസികവും ശാരീരികവുമായ പ്രത്യേകതകളും സ്ത്രീകൾക്കുമുണ്ട്.
അംഗീകാരം കൊടുത്ത് അംഗീകാരവും, ബഹുമാനം കൊടുത്തു ബഹുമാനവും, സ്നേഹം കൊടുത്ത് സ്നേഹവും നേടുന്ന ഒരുലോകം നമുക്ക് സ്വപ്നം കാണാം… സമത്വസുന്ദരമായൊരു സ്വപ്നം…..
ആ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സമൂഹത്തിൽ സ്ത്രീകളോടുള്ള മനോഭാവവും മാറേണ്ടതുണ്ട്. സമൂഹമനസ്സാക്ഷിയിൽ മാറ്റത്തിന്റെ വിത്തുകൾ പാകി, അതുവഴി സമത്വവും, സ്നേഹവും പ്രണയവും നിറഞ്ഞ ഒരുലോകം; സ്നേഹത്തിൻ്റെയും തുല്യതയുടെയും സംഗീതം നിറഞ്ഞ ഒരു പുതിയലോകം നമുക്ക് സൃഷ്ടിക്കാം..,
കാലാനുസൃതമായി വരേണ്ടുന്ന മാറ്റത്തിനും, സ്വന്തം നിലനിൽപിനും വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അവളെ അംഗീകരിച്ച്, അവൾക്കൊപ്പം നിൽക്കേണ്ടത് അനിവാര്യമാണ്!
സുജ ഹരി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ