2020 നവംബർ 18, ബുധനാഴ്‌ച

തിരിച്ചറിവ്

 



“ഇവിടെയിരുന്നാ മതി…

ഗസ്റ്റ് വന്ന് പോകുന്ന വരെ അങ്ങോട്ടേക്ക് വന്നേക്കരുത്….

മനസ്സിലായോ…. “

മരുമകളുടെ ശാസനകേട്ട് നരച്ച കണ്ണുകളിൽ നീർതുളുമ്പി….

മിണ്ടാതെ, ശ്വാസംപോലും അടക്കിപ്പിടിച്ചുകൊണ്ട്, തലയിണയിൽ മുഖമമർത്തി കേഴുമ്പോൾ, അകത്തുനിന്നും പൊട്ടിച്ചിരികൾ ഉയർന്നുകേട്ടു…..

വിശപ്പിന്റെ കാഹളം മുഴങ്ങുന്നു….

ശരീരത്തിനാകെ തളർച്ച തോന്നുന്നുണ്ട്.

“ഡയബറ്റിക് ആണ്….

ഇടക്കിടെ, അല്പാല്പമായിട്ട് ഫുഡ് കഴിക്കുന്നതാ നല്ലത്…. “

കഴിഞ്ഞതവണ ചെക്കപ്പിന് പോയപ്പോൾ ഡോക്ടർ പറഞ്ഞതാണ്.

കഴിക്കേണ്ട ആഹാരങ്ങളും, അവയുടെ അളവുമൊക്കെ കുറിച്ചുതന്ന ലിസ്റ്റുമുണ്ടായിരുന്നു.

അതെവിടെപ്പോയോ ആവോ???

ലിസ്റ്റ് നോക്കിയല്ലെങ്കിലും, വിശക്കുമ്പോൾ ഇത്തിരിയെന്തെങ്കിലും കഴിക്കാൻ കിട്ടിയാൽ, ഏറെ ആശ്വാസമായേനെ….

യൂറിൻ കൺട്രോൾ ഇല്ലെന്നുംപറഞ്ഞ്, തോന്നുമ്പോഴൊന്നും വെള്ളം കുടിക്കാനുമവൾ സമ്മതിക്കില്ല….

പറഞ്ഞിട്ട് കാര്യമില്ല….

മൂത്രം കഴുകാനൊന്നും തനിക്കിപ്പോൾ വയ്യല്ലോ…

അവൾ വേണ്ടേ അതൊക്കെ ചെയ്യാൻ….

ഹോം നേഴ്സിനെ നിർത്താമെന്ന് മോൻ പറഞ്ഞെങ്കിലും, അവളത് കേട്ടില്ല….

അവളെപ്പറഞ്ഞിട്ടും കാര്യമില്ല….

പെങ്കൊച്ചുങ്ങൾ രണ്ടെണ്ണമാ….. നീയോ ഞാനോ എന്നകണക്കിന് വളർന്ന് വരുന്നത്.

അവന്റെയൊരാളുടെ വരുമാനംകൊണ്ട് വേണം എല്ലാം ഒത്തുപോകാൻ….

പിന്നെങ്ങനാ ഹോം നഴ്സിനുള്ളതുകൂടി കൊടുക്കുക…..

അഞ്ചുമണിയോടെയാണ് വിരുന്നുകാർ പോയത്….

അതുവരെ അവളോ മക്കളോ എന്നെ ഓർത്തുകാണില്ല….

അല്ലെങ്കിൽ, ഒരുപിടി വറ്റെങ്കിലുമായി, ഈ കുടുസ്സുമുറിക്കകത്തേക്ക് ആരെങ്കിലും വന്നേനെ…..

“ഗ്രാനീ….. എണീക്ക്….

ദാ…. ഫുഡ്…. എടുത്ത് കഴിച്ചോ….”

മൂത്ത പേരക്കിടാവാണ്…

വിശപ്പും ദാഹവും തളർത്തിയ ശരീരം തന്റെ ഇച്ഛക്കൊത്ത് വഴങ്ങുന്നില്ല…

എഴുന്നേറ്റിരിക്കുവാൻ വല്ലാതെ ശ്രമപ്പെട്ടു….

അപ്പോഴേക്കുമവൾ മുറിവിട്ട് പുറത്തെത്തിയിരുന്നു….

വിറയൽ ബാധിച്ച കൈകളാൽ പാത്രത്തിൽ കയ്യിട്ട് എന്തൊക്കെയോ വാരിത്തിന്നു….

ആഹാരത്തിന് മുൻപ് കൈകഴുകുന്ന ശീലമൊക്കെ മറന്നതാണോ, അതോ മനഃപൂർവം വേണ്ടെന്ന് വെച്ചതാണോ…..

അറിയില്ല…

മുക്കാൽ ഭാഗത്തോളം മാത്രം വെള്ളമുള്ള ഗ്ലാസ് വായിലേക്ക് കമഴ്ത്തി, അവസാന തുള്ളിവരെ ആർത്തിയോടെ നുണഞ്ഞു….

പച്ചവെള്ളത്തിനുപോലും ഇത്രയും രുചിയോ????

കൈകഴുകാൻ വെള്ളത്തിനായി ചുറ്റും പരതി…

ഇല്ല….

ഇനി പുറത്തേക്കിറങ്ങുകയേ രക്ഷയുള്ളൂ…

അതിനെങ്ങനെ….

ഈ വിറയലൊന്ന് മാറണ്ടേ….

ഭക്ഷണമെത്തിയല്ലോ….

ഇനി പതിയെ ശരീരത്തിലെ ഗ്ലൂക്കോസുയരും…

അപ്പോൾ വിറയൽ കുറയും….

കട്ടിലിന്റെ തലഭാഗത്ത് തൂക്കിയിട്ട മുഷിഞ്ഞ തോർത്തിൽ കയ്യും മുഖവും തുടച്ചുകൊണ്ട് ഞാൻ അനങ്ങാതെ, കണ്ണുമടച്ച് കിടന്നു….

“ഈ കിടപ്പിലങ്ങ് തീർന്നുകിട്ടിയാൽ മതിയായിരുന്നു….

കാലനുപോലും വേണ്ടാതായോ ആവോ??? “

കിടന്നുകൊണ്ട് പിറുപിറുത്തു…

“എന്തൊരു നാറ്റമാണമ്മേ….

മൂത്രവും വിയർപ്പും എല്ലാംകൂടെ….

എനിക്കാകെ ഓക്കാനിക്കാൻ വരുന്നു…

ഇനി ഗ്രാനീടെ റൂമിലേക്ക് ഫുഡുമായി പോകാൻ എനിക്കാവില്ല കേട്ടോ….”

കൊച്ചുമോൾ കയർത്തുകൊണ്ട് പറയുന്നത് കേട്ടപ്പോൾ, പ്രത്യേകിച്ചൊന്നും തോന്നിയില്ല….

നാലഞ്ചുനാളായിട്ട് അവളും

അനിയത്തിക്കുട്ടിയും ഇതുതന്നെയാണല്ലോ പറയുന്നത്…..

എന്നിട്ടും, പിന്നെയുമവരീ വാതിൽ തുറന്ന് കടന്നുവരുന്നുണ്ടല്ലോ….

അതുതന്നെ മഹാഭാഗ്യമല്ലേ!

വിറയൽ തെല്ലൊന്നടങ്ങിയപ്പോൾ, എഴുന്നേറ്റ് വേച്ചുവേച്ച് മെല്ലെ വാതിലിനടുത്തെത്തി….

ഉടുവസ്ത്രം നനഞ്ഞിരിക്കുന്നു….

മൂത്രത്തുള്ളികൾ കിടക്കയിൽ പരന്നിട്ടുണ്ട്….

“മോളേ…..”

അല്പം ഉച്ചത്തിൽ തന്നെയാണ് വിളിച്ചത്….

ഇല്ലെങ്കിൽ, അവര് കേട്ടില്ലെങ്കിലോ???

ഈയിടെയായി അവർക്കൊക്കെ കേൾവിശക്തി കുറഞ്ഞപോലെ തോന്നുന്നു…

ഒന്നോരണ്ടോ തവണ വിളിച്ചാലൊന്നും കേൾക്കില്ല….

“മോളേ….”

ആദ്യത്തെ വിളിക്ക് മറുപടി കാണാഞ്ഞ്

ഞാൻ വീണ്ടും വിളിച്ചു.

“നാശം…. ഒന്ന് കിടക്കാനും സമ്മതിക്കില്ലേ… “

മരുമോള് പിറുപിറുത്തുകൊണ്ട് വന്നു.

“എന്താ….

ഇങ്ങനെ വിളിച്ചുകൂവാൻ മാത്രം എന്താ നിങ്ങൾക്ക്…. “

അവളുടെ മുഖം കോപത്താൽ ചുവന്നിരുന്നു.

“എനിക്കൊന്ന് മേക്കഴുകണം….

ഇതൊന്ന് മാറ്റിയുടുക്കണം…. “

“അതിനെന്തിനാ എന്നെ വിളിക്കുന്നേ….

ആ മുറ്റത്തിറങ്ങി നാലടി നടന്നാൽ കുളിമുറിയിലെത്തില്ലേ….

പോകുന്ന വഴിക്ക് ആ അയയിൽ നിന്നും നൈറ്റിയെടുത്തൂടേ….

പുലർച്ചെ തുടങ്ങിയ പണിയാ….

ഇപ്പൊഴാ ഒന്ന് നടുനിവർത്താൻ

പറ്റിയേ….

അപ്പോഴേക്കും തുടങ്ങും തള്ളേടെ കാറൽ…”

ചുമരിൽ പിടിച്ചുകൊണ്ട്, പതിയെ, കുളിമുറിയെ ലക്ഷ്യമാക്കി നീങ്ങുമ്പോൾ, മരുമകളുടെ വാക്കുകൾ തീക്കനലായി നെഞ്ചിൽ പതിച്ചു.

കുളിമുറിയിൽ കയറി കതകടച്ചു….

മൂത്രമിറ്റി മൂടുകുതിർന്ന നൈറ്റിയഴിച്ച്, വെള്ളത്തിൽ കുതിർത്ത് സോപ്പ് തേക്കുമ്പോഴാണ്, ഞാനത് കണ്ടത്….

കുളിമുറിയുടെ മൂലക്ക്…. പതുങ്ങിയിരിപ്പാണവൻ…

എന്നെ നോക്കി ഒരു കുസൃതിച്ചിരിയും പാസ്സാക്കിക്കൊണ്ട്….

അയ്യോ…..

ഞാനിപ്പോൾ പൂർണ നഗ്നയാണല്ലോ…. പെട്ടെന്നാണ് എനിക്കതോർമ വന്നത്….

വാതിലിലെ കൊളുത്തിൽ തൂങ്ങിയാടുന്ന നൈറ്റിയെടുക്കാൻ തിടുക്കപ്പെട്ടതും, അവനെന്റെ കൈയിൽ ബലമായി പിടിത്തമിട്ടു….

“വിട്…. വിടെന്നെ….”

കൗമാരക്കാരിയെപ്പോലെ ഞാൻ പിടഞ്ഞു…

“ശ്…. ശ്….

ശബ്ദമുണ്ടാക്കരുത്….

നീ വിളിച്ചിട്ടാ ഞാൻ വന്നത്….

എന്നിട്ടിപ്പോ വിളിച്ചുകൂവി എന്നെ നാണംകെടുത്താൻ നോക്കുന്നോ…. “

അവന്റെ ശബ്ദത്തിന് തീക്ഷ്ണതയേറി…

കണ്ണുകൾ കൂടുതൽ തുറിച്ചു…

“ഞാനോ…..

ഞാൻ… ആരെയും വിളിച്ചില്ലല്ലോ….

നല്ല പ്രായത്തിൽ വിളിച്ചിട്ടില്ല…

പിന്നെയല്ലേ ഈ വയ്യാത്ത കാലത്ത്…”

അമ്പരപ്പിനിടയിലും എനിക്ക് ചിരിപൊട്ടി.

“ദാ…. അരമണിക്കൂർ മുൻപും നീയെന്നെ വിളിച്ചല്ലോ….

എല്ലാമിതിൽ പതിഞ്ഞിട്ടുണ്ട്…”

അവൻ, കയ്യിലെ മൊബൈൽ കാണിച്ചുകൊണ്ട് പറഞ്ഞു….

“വിളിക്ക്യേ….

ഈ ചെക്കന് വട്ടാ….

വിളിക്കാൻ എനിക്കെവിടുന്നാ മൊബൈൽ???”

ഞാൻ ചോദിച്ചു.

അതുമല്ല, ഇത്രേം പ്രായമായ എന്നെയവൻ ‘നീ’യെന്നാണ് വിളിക്കുന്നത്….

എനിക്കാകെ ദേഷ്യംവന്നു.

“നീ യോ….

ഡാ…. ചെക്കാ…

സൂക്ഷിച്ച് സംസാരിക്ക്….

നല്ലപ്രായത്തിൽ കെട്ട് നടന്നിരുന്നെങ്കിലേ എനിക്ക് നിന്നെക്കാൾ വലിയ ചെറുമകനുണ്ടായേനേ…. “

നൈറ്റിയെടുത്ത് ദേഹം മറച്ചുകൊണ്ട്, ഞാൻ പറഞ്ഞു….

അതുകേട്ട് അവനൊന്ന് ചിരിച്ചു….

പിന്നെ….

എന്നെ കൈകളിൽ കോരിയെടുത്ത്, കിണറിന്റെ ആഴങ്ങളിലേക്ക്……

ഹൊ….

എതിർക്കാനൊന്നും നേരംകിട്ടിയില്ല…

അതിനുമുൻപേ ചെക്കനെന്നെ പിടുത്തമിട്ടിരുന്നല്ലോ….

ഞങ്ങളങ്ങനെ താഴേക്ക് പതിക്കുകയാണ്….

താഴേക്ക്….

താഴേക്ക്…..

മേലാകെയൊരു കുളിര്…..

വെള്ളത്തിൽ തൊട്ടിട്ടാകും….

അപ്പോ ഈ ചെക്കൻ…..

എന്നെ വെള്ളത്തിനടിയിലേക്ക് കൊണ്ടുപോവാൻ വന്നതാണോ???

ന്റെ കാവിലമ്മേ….

ഇവൻ…..

ഇവനാണോ…. ആ….

പക്ഷെ….

കേട്ടറിഞ്ഞ രൂപമിതല്ലല്ലോ….

ഇവന്റെ വാഹനമെവിടെ???

വെള്ളത്തിനടിയിലേക്ക് ഊളിയിടുമ്പോൾ ഞാൻ ചുറ്റിനും കണ്ണുകളാൽ പരതി….

പെട്ടെന്നെന്റെ ശ്വാസം നിലച്ചു….

പ്രാണവായു കിട്ടാതെ പിടയുകയാണ്….

ഹൊ….

ഈ അവസ്ഥയുണ്ടല്ലോ….

ഭയാനകമാണ് കേട്ടോ….

ജീവിതത്തിനും മരണത്തിനുമിടക്കുള്ള നൂലിഴ പൊട്ടുന്ന നിമിഷം….

ഞാൻ പിടയുകയാണ്…..

കിണറിന്റെ അടിത്തട്ടിൽ നിന്നും, പൊങ്ങിയും താണുമുള്ള, ഒടുക്കത്തെ പിടച്ചിൽ….

“ശ്രുതീ…..

എന്താ…. എന്തുപറ്റി???”

മുറിയിൽ പ്രകാശം പരന്നു….

“നീയെന്തൊക്കെയാ കാണിക്കുന്നേ….

ഹൊ… എന്റെ കൈ …

പിടിച്ചു ഞെരിച്ചുകളഞ്ഞല്ലോ നീയ്….”

അനന്തേട്ടൻ വേദനിക്കുന്ന ഇടംകൈ, വലംകൈയാൽ ഉഴിഞ്ഞുകൊണ്ട് പറഞ്ഞു…

“അനന്തേട്ടാ….

ഞാൻ….

ഞാനിപ്പോ….

ഈശ്വരാ….

അപ്പോ അവനെവിടെ???”

“ആര്??

നീയെന്താ നട്ടപ്പാതിരാക്ക് പിച്ചുംപേയും പറയുന്നേ….”

വിശ്വാസം വരാതെ ഞാനെഴുന്നേറ്റ് ചുറ്റും നോക്കി…..

വേനൽച്ചൂടുകാരണം ജനൽപ്പൊളികൾ തുറന്നിട്ടിരിക്കുകയാണ്….

പുറത്ത് പതിനഞ്ചാംരാവിലെ നിലാവൊഴുകുന്നുണ്ട്…..

ഞാനോടിച്ചെന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി…..

നിലാവിൽ വ്യക്തമായി കണ്ടു….

അവൻ….

അവനാ വാഴക്കൂട്ടത്തിനരികിലുണ്ട്….

പോത്തിന്റെ കൊമ്പുകളിൽ പിടിച്ചുകൊണ്ട്, ബുള്ളറ്റ് ബൈക്കിൽ ഇരിക്കുംപോലെ, എന്നെയും നോക്കി ഇരിപ്പാണ്….

“അനന്തേട്ടാ….

ദാ… അവൻ….”

നെഞ്ചിടിപ്പോടെ ഞാനവിടേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു…..

അനന്തേട്ടൻ മുറിയിലെ ലൈറ്റ് ഓഫാക്കി എനിക്കരികിലെത്തി….

ജനലിലൂടെ പുറത്തേക്ക് നോക്കി….

“ആര്….

ഞാനവിടെ ആരെയും കാണുന്നില്ലല്ലോ….

നീ വെറുതെ മനുഷ്യനെ പ്രാന്താക്കാൻ….

കണ്ണീക്കണ്ട സീരിയലൊക്കെ കണ്ടുകൂട്ടും…

എന്നിട്ട് നട്ടപ്പാതിരാക്ക് കിടന്ന് കാറിവിളിക്കും…

ഒന്ന് വന്ന് കിടക്കാൻ നോക്ക്….

നാളെ നേരത്തെ പുറപ്പെടണം….

കുറെദൂരം യാത്രചെയ്യേണ്ടതാ….”

“അല്ല….

നോക്കനന്തേട്ടാ….

അവിടെ…

അവിടെ…. ആരോ നിൽപ്പില്ലേ….”

അനന്തേട്ടൻ കോപത്തോടെ ജനലിനരികിൽ നിന്നും തിരിഞ്ഞതും, ഞാനാ കൈകളിൽ പിടിച്ചുകൊണ്ട് പറഞ്ഞു…

“ഓ…. കോപ്പ്…..

അവിടെ…..

ഞാനാരെയും കാണുന്നില്ല…..”

പെട്ടെന്ന് ഒരു കരച്ചിൽ….. പോത്തമറുംപോലെ….

“കേട്ടില്ലേ….”

ഞാൻ ചോദിച്ചു…..

“ന്റെ ശ്രുതീ…..

അതാ മൂസാക്കയുടെ വീട്ടിലെ പോത്ത് കരഞ്ഞതാ….

നാളെയല്ലേ അയാളുടെ മോളുടെ കൊച്ചിന്റെ മുടികളച്ചിൽ….

അതിന് അറുക്കാൻ കൊണ്ടുവന്നതാ….

ദേ….

നീ വന്ന് കിടക്കുന്നുണ്ടോ…. “

അനന്തേട്ടൻ വീണ്ടും ചൂടായി…..

ഞാനൊന്നുകൂടി ജനലിനു പുറത്തേക്ക് നോക്കി…

ഉണ്ട്…..

അവനവിടെത്തന്നെയുണ്ട്….

ന്യൂജെൻ പിള്ളേരെപ്പോലെ, മുട്ടറ്റമുള്ള ലൂസൻ നിക്കറും ടീ ഷർട്ടുമാണ് വേഷമെന്നേയുള്ളൂ…..

പക്ഷെ…. മുഖം….

അത് പറഞ്ഞുകേട്ടപോലെത്തന്നെ….

കയ്യിൽ കുരുക്കിന് പകരം മൊബൈൽഫോൺ….

കാലം മാറിയില്ലേ….

ചിലപ്പോ വല്ല മൊബൈൽ ആപ്പും ഉപയോഗിച്ചാവും പണി….

അതുംഞെക്കി, ആ പോത്തിന്റെ പുറത്തവൻ രസിച്ചിരിപ്പാണ്…..

ഇടക്കൊന്ന് മൊബൈൽ സ്ക്രീനിൽ നിന്നും തലയുയർത്തി എന്നെ നോക്കി…..

ഞാനപ്പോൾ പേടിച്ച് ജനലടച്ചുകളഞ്ഞു…

സിനിമയിൽ നവ്യാനായർ പറഞ്ഞപോലെ….

“ഞാൻ കണ്ടു…..

ഞാനേ കണ്ടുള്ളൂ…

ഞാൻ മാത്രേ കണ്ടുള്ളൂ….”

അനന്തേട്ടൻ കൂർക്കംവലിച്ചു തുടങ്ങിയിട്ടുണ്ട്….

എനിക്ക് കിടക്കാനേ തോന്നുന്നില്ല….

ഞാൻ മുറിയുടെ വാതിൽ തുറന്ന് പുറത്തിറങ്ങി…..

അമ്മയുടെ മുറിയിൽ വെളിച്ചമുണ്ടല്ലോ….

ഞാനുടനെ അങ്ങോട്ട് ചെന്നു….

വാതിൽ തുറന്നിട്ടിരിക്കുന്നു….

അമ്മേടെ മടിയിൽ തലവെച്ച് കിടപ്പാണ് ദീപുമോൻ…..

ഈശ്വരാ…..

പത്തുവയസ്സുള്ള ഈ ചെക്കന്റെ ഭാര്യയേം മക്കളേയുമല്ലേ ഞാനല്പം മുൻപ് കണ്ടത്….

അപ്പോ….

അത് വെറുമൊരു സ്വപ്നമായിരുന്നുല്ലേ….

ഹൊ….

ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു….

“എന്താ മോളേ….”

എന്റെ നെടുവീർപ്പുകേട്ടിട്ടാകണം, അമ്മ തലയുയർത്തി നോക്കിക്കൊണ്ട്

ചോദിച്ചു….

“ഒന്നൂല്യ…”

എനിക്ക് മറ്റൊന്നും പറയാനായില്ല….

“മോനിപ്പോ വന്നതാ….

കഥ കേൾക്കണം….ന്ന് പറഞ്ഞിട്ട്….

ഒറങ്ങിപ്പോയി….

പാവം…..

ഓനറീല്യാലോ

ഞ്ഞി കഥ പറയാൻ ഈ മുത്തശ്ശി കൂടെണ്ടാവില്ല്യാ…. ന്ന്….. “

നെടുവീർപ്പിനൊപ്പം നരച്ച കണ്ണുകളിൽ നിന്നും നീർമണികളുതിർന്നു….

എനിക്ക് ശ്വാസംമുട്ടുംപോലെ തോന്നി….

ഞാൻ തിരികെ മുറിയിലേക്കോടി…..

“അനന്തേട്ടാ…..”

ലൈറ്റിട്ടുകൊണ്ട് ഞാൻ കുലുക്കിവിളിച്ചു…

“ഓ…. ന്റെ ശ്രുതീ….

നിന്റെ പ്രാന്തിനിയും മാറിയില്ലേ….”

വീണ്ടും ഉറക്കം മുറിച്ചതിലുള്ള

അമർഷത്തോടെ അനന്തേട്ടൻ ചോദിച്ചു….

“ഏട്ടാ….

നാളെ….

നാളത്തെ യാത്ര വേണ്ടേട്ടാ….

വേണ്ട….”

ഞാൻ കിതച്ചു….

അനന്തേട്ടൻ എന്റെ മുഖത്തേക്ക് തുറിച്ചുനോക്കി….

“ദാ….

ഇത് വിറ്റിട്ട് കിട്ടുന്ന കാശുകൊണ്ട് പെട്ടെന്നുതന്നെ അമ്മേടെ റൂമിലൊരു ബാത്റൂം പണിയണം….

അമ്മ എവിടേക്കും പോണില്ല…

ഞാൻ നോക്കിക്കോളാം….

പൊന്നുപോലെ നോക്കിക്കോളാം…. “

കയ്യിൽ കിടന്ന സ്വർണവളയൂരിനീട്ടിക്കൊണ്ടുള്ള എന്റെ സംസാരം കേട്ട്, അനന്തേട്ടൻ അവിശ്വസനീയതയോടെ എന്റെ മുഖത്തേക്ക് നോക്കി…

താനിപ്പോ കാണുന്നത് സ്വപ്നമാണോയെന്നറിയാനായി മെല്ലെ തന്റെ വിരലുകളാൽ ആ കവിളിൽ നുള്ളുന്നതും കണ്ടു…..

“സത്യാ….

ഞാൻ പറയുന്നത് സത്യാ…..

വിശ്വസിക്കാം….”

അപ്പോഴേക്കും ഞാൻ കരഞ്ഞുപോയി…

മേശപ്പുറത്ത് വെച്ച ബ്രൗൺ കവറിൽ നിന്നും കടലാസുകൾ പുറത്തെടുത്ത് നീളത്തിലും കുറുകെയും കീറി കഷണങ്ങളാക്കി, ഞാനത് ചവറ്റുകുട്ടയിലിട്ടു….

“ശ്രുതീ….”

അനന്തേട്ടന്റെ ശബ്ദവും ഇടറിത്തുടങ്ങിയിരുന്നു..

കിടക്കുന്നതിന് മുൻപ്, ഞാൻ തന്നെയാണാ കടലാസുകളിൽ എഴുതിയത്….

ഒടുക്കം, അതിനുകീഴിലായി പേരെഴുതി ഒപ്പുവെക്കുമ്പോൾ അനന്തേട്ടന്റെ കൈകൾ വിറച്ചിരുന്നു…..

കണ്ണുകൾ നിറഞ്ഞിരുന്നു…..

ഹൃദയത്തിലെന്തോ കൊളുത്തിവലിക്കുന്നുണ്ടെന്ന് ആ മുഖഭാവം വ്യക്തമാക്കിയിരുന്നു…..

“വേണ്ട….

വൃദ്ധസദനത്തിലേക്കുള്ള ആ ഫോറമിനി വേണ്ട….

ഇനിയീ വീട്ടീന്ന് ആരും പോവില്ല…

മരണംവരെ എല്ലാരും ഇവിടെമതി….

ഇവിടെമതി….”

ഏങ്ങിക്കരയുന്ന എന്നെ അനന്തേട്ടൻ നെഞ്ചോട് ചേർത്തു….

ഇഷ്ടമുണ്ടായിട്ടല്ല….

എന്റെ ശല്യം സഹിക്കാനാവാഞ്ഞിട്ടാണ്….

അല്ലാണ്ടെ…..

ആർക്കെങ്കിലും പെറ്റമ്മയെ ദൂരെയൊരിടത്ത് കൊണ്ടാക്കാൻ മനസ്സുണ്ടാകുമോ???


ഏറെ നാളത്തെ വാദപ്രതിവാദങ്ങൾക്കൊടുവിലാണ്, അമ്മയെ വൃദ്ധസദനത്തിലാക്കാമെന്ന് അനന്തേട്ടൻ സമ്മതിച്ചത്….

അന്നേരമാ കണ്ണുകൾ നിറഞ്ഞത് മനഃപൂർവ്വം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു ഞാൻ…

കുറേക്കാലം കഴിഞ്ഞാൽ ഞാനുമൊരു അമ്മായിയമ്മയാകും….

അന്നേരം എന്റെ മോനും ഇതുപോലെയൊരവസ്ഥയിലെത്തും….

അപ്പോ…..

വേണ്ട…. ഇനിയതൊന്നും ചിന്തിക്കേണ്ട…..

ഞാൻ അനന്തേട്ടന്റെ നെഞ്ചിൽ മുഖമമർത്തിക്കൊണ്ട്, കണ്ണുകൾ പൂട്ടി കിടന്നു…..

ഇപ്പോൾ മനസ്സ് ശാന്തമാണ്…. പെയ്തൊഴിഞ്ഞ ആകാശംപോലെ…

ഇനിയൊന്നുറങ്ങട്ടെ….

മനഃസമാധാനത്തോടെ…..


സാബി തെക്കേപ്പുറം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ