2023 ഒക്‌ടോബർ 31, ചൊവ്വാഴ്ച

മുഖമൊഴി

 

ശാസ്ത്രീയതയുടെ ശാസ്ത്രീയത


കുറച്ചു കാലങ്ങളായി ശാസ്ത്രീയത വളരെയധികം കൂടിയിരിക്കുന്നു. പ്രത്യേകിച്ചും സാമൂഹിക മാധ്യമങ്ങളിൽ. കൊറോണയാകാം ഇതിന്റെ ആക്കം കൂട്ടിയിരിക്കുന്നത് എന്ന് തോന്നുന്നു. ശാസ്ത്രീയത മിക്കപ്പോഴും തുടങ്ങുന്നതോ എത്തിച്ചേരുന്നതോ വൈദ്യശാസ്ത്രങ്ങളിൽ ആണ് എന്നത് മറ്റൊരു കൗതുകം. ഇത്തരം ചർച്ചകളിലെ ശാസ്ത്രീയത വിലയിരുത്തുമ്പോൾ മനസ്സിലായത്, ഇത്തരം ചർച്ചകൾ നടത്തുന്നത് വൈദ്യശാസ്ത്ര പഠനം നടത്തിയവരല്ല എന്നതാണ്. എന്തിനധികം മറ്റേതെങ്കിലും ശാസ്ത്രം പഠിച്ചവർ പോലുമല്ല. ആരൊക്കെയോ സാമൂഹിക മാധ്യമത്തിലൂടെ പഠിപ്പിച്ച ചില കാര്യങ്ങൾ ഇത്തരം മാധ്യമങ്ങളിലൂടെ തന്നെ ശർദ്ധിക്കുന്നവർ മാത്രമാണെന്നതാണ് ഏറ്റവും ദുഃഖകരം.

സയന്റിയ എന്ന ലാറ്റിൻ വാക്കിൽ നിന്നും ഉണ്ടായ ഒരു പദമാണ് സയൻസ്. അറിവ് എന്നാണ് യഥാർത്ഥത്തിൽ ഈ വാക്കിന്റെ അർഥം. ശാസ്ത്രം എന്ന വാക്കാണ് ഇന്ന് നാം സയൻസ് എന്ന വാക്കിന്റെ മലയാളമായി ഉപയോഗിക്കുന്നത്. ശാസിക്കപ്പെട്ട എന്ന അർത്ഥമായിരുന്നു പഴയകാലത്ത് ശാസ്ത്രം എന്ന വാക്കിന്. അതുകൊണ്ടുതന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ട പൂജാകർമ്മങ്ങൾ പോലും ശാസ്ത്രങ്ങളായി അറിയപ്പെട്ടിരുന്നു.

വ്യവസ്ഥാപിതമായ പരീക്ഷണ നിരീക്ഷണങ്ങളാൽ പരിശോധിക്കപ്പെടാവുന്ന അനുമാനങ്ങളാണ് ശാസ്ത്രം എന്നാണ് ഇന്ന് നാം ഇതിനെ നിർവചിക്കുന്നത്. മറ്റു ചില നിർവചനങ്ങളും ഉണ്ടാകാം. പൊതുവെ അംഗീകരിക്കപ്പെട്ട ഒരു നിർവചനം എടുത്തു പറഞ്ഞു എന്ന് മാത്രം. നിർവചനം എന്തുമാകട്ടെ, ആവർത്തിക്കാവുന്ന പരീക്ഷണനിരീക്ഷണങ്ങൾ ശാസ്ത്രത്തിന്റെ ഒരു അടിസ്ഥാന സ്വഭാവമാണ്.

ഭൗതികതയ്ക്കുള്ളി ൽ മാത്രം ഒതുക്കപ്പെട്ട അറിവാണ് ശാസ്ത്രം. എന്തുകൊണ്ടെന്നാൽ, പരീക്ഷണങ്ങളും നിരീക്ഷണങ്ങളും സാധ്യമാകുന്നത് ഭൗതികപ്രതിഭാസങ്ങളിൽ മാത്രമാണ്. അതിഭൗതികമായ കാര്യങ്ങളിൽ ഉള്ള അറിവ് ശാസ്ത്രം വഴി ലഭ്യമാകണമെന്നില്ല എന്നർത്ഥം. അതാത് കാലങ്ങളിൽ ലഭ്യമായ അളവുകോൽ മാത്രമാണ് ശാസ്ത്രത്തിന്റെയും അളവുകോൽ എന്നൊരു പോരായ്മയും ഇല്ലാതില്ല. അതുകൊണ്ടുതന്നെ ഭൗതീകതയ്ക്കപ്പുറം എന്തെങ്കിലുമുണ്ടോ എന്നകാര്യവും ശാസ്ത്രത്തിന് വിശദീകരിക്കുവാൻ കഴിയില്ല.

ശാസ്ത്രവും തത്വചിന്തയും എന്നും പരസ്പരം ബന്ധപ്പെട്ടിരുന്നു എന്നതിൽ തർക്കമുണ്ടണ്ടാകാനിടയില്ല. ഇന്നും ഉയർവിദ്യാഭ്യാസത്തിൽ ശാസ്ത്ര ബിരുദങ്ങൾ നൽകുന്നത് ശാസ്ത്രത്തിന്റെ തത്വചിന്തയിൽ തന്നെയാണ്. മാസ്റ്റർ ഓഫ് ഫിലോസഫി ഇൻ സയൻസ്, ഡോക്ടർ ഓഫ് ഫിലോസഫി ഇൻ സയൻസ് എന്നിവ അതിന്റെ തെളിവുകളാണല്ലോ.

പരീക്ഷണനിരീക്ഷണങ്ങളിലൂടെ സാധ്യമായ അറിവുകൾ നമ്മുടെ ആകെ അറിവിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. എന്റെ അഭിപ്രായത്തിൽ പറയുകയാണെങ്കിൽ വിജ്ഞാനമേഖലയുടെ ഒരു ഭാഗം മാത്രമാണ് ശാസ്ത്രം. അതുകൊണ്ടാകാം ഉന്നത വിദ്യാഭാസത്തിൽ ശാസ്ത്രത്തെ തത്വചിന്തയുടെ കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നമുക്ക് അറിവുകൾ നൽകുന്ന മറ്റു വിഭാഗങ്ങളും ഉണ്ടെന്നർത്ഥം. പരീക്ഷണങ്ങൾ മാത്രമല്ല, നിരീക്ഷണങ്ങളും, അനുഭവങ്ങളുമെല്ലാം നമുക്ക് അറിവുകൾ നൽകുന്നുണ്ട്.

ഇത്രയും കാര്യങ്ങൾ പറയേണ്ടിവന്നത് ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്ന, ഒരു മതമെന്നപോലെ പെരുകുന്ന, ശാസ്ത്രവാദികളുടെ അസഹിഷ്ണുത കാണുന്നത് കൊണ്ടാണ്. ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട വൈദ്യ ശാസ്ത്രങ്ങളുടെ ശാസ്ത്രീയതയാണ് ഈ വിഷയങ്ങളിൽ യാതൊരു അറിവു പോലുമില്ലാത്തവർ ഇന്ന് ചർച്ചയാക്കുന്നത് എന്നത് അതീവ ഗുരുതരമാണ്. ഒരു ചികിത്സ തേടേണ്ടത് രോഗിയുടെ അവകാശമാണ്. അത് ഏതു വൈദ്യശാസ്ത്രം വേണമെന്ന് തീരുമാനിക്കുവാനുള്ള നിയമപരമായ അവകാശവും രോഗിക്കു തന്നെയാണ്. ശാസ്ത്രം എന്താണെന്നുപോലും കൃത്യമായി അറിയാതെ, ഏതു നിഷേധവും ശാസ്ത്രീയമാണെന്നു കരുതുന്ന ആളുകൾ നടത്തുന്ന, അവർക്കുപോലും അറിയാത്ത സംവാദങ്ങളും പ്രചരണങ്ങളും എത്ര കണ്ടു ശരിയാണെന്ന് നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


ഡോ. സുനീത് മാത്യു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ