സ്നേഹത്തെ, വാത്സല്യത്തേ, പ്രണയത്തെ, മാസ്മരികമായ സങ്കൽപങ്ങളെ, എന്തിനേറെ മരണത്തെ പോലും കവിതകളായി ആസ്വാദ്യവത്കരിക്കുമ്പോൾ, അത്രത്തോളം ഭൂമിയിൽ ഭംഗിയേറുന്നവ വേറെ എന്തുണ്ടെന്ന് തോന്നിയേക്കാം. അത്തരം മനോഹരമായ ആകാശമേഘങ്ങൾ തുന്നിയെടുക്കുന്ന കവിതകളുടെ ഭംഗിയാണ്, ” എന്റെ മരണത്തിന്റെയന്ന്”.
അവൾ, അലസമായി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
കുറച്ചു പൂക്കൾ വേണം..
വാടിയതായാലും മതി..
പക്ഷേ, എല്ലാം നീലയും
വയലറ്റ് നിറത്തിലും ഉള്ളവയാകണം. “
കവിതകളിലൂടെ, എഴുത്തുകാരിയുടെ ആന്തരികമായ വ്യഥകളെയോ, മനസ്സിനുള്ളിലെ ഇരുമ്പഴിക്കുള്ളിൽ ചിറകിട്ടടിച്ചു കരയുന്ന അവളുടെ മനസ്സിനെയോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
” എന്റെ, മരണത്തിന്റെയന്ന് ” കൃതിയുടെ പേരു വായിക്കുമ്പോൾ, അറിയാതെ പോലും, മരണത്തെ സങ്കൽപ്പിച്ചുവോ? ഉണ്ടായിരുന്നിരിക്കണം!! നാഴികകൾ കടന്ന് പോകുന്നത് അറിയാതെ ദൃഷ്ടികൾ ആ പേരിൽ, ഊന്നിയിട്ടുണ്ടാകണം. ജനനവും, പ്രണയവും, രതിയും, സാന്ത്വനങ്ങളും, വ്യഥകളും, ആഹ്ലാദങ്ങളും, ചെറിയ അരുവികളാണ്. അവ ഒഴുകി നീങ്ങി പതിക്കേണ്ട സത്യസാഗരമാണ് മരണം.
മരണത്തെ കാവ്യവത്കരിക്കുക, എത്രമേൽ സുദീർഘമാണെന്നത് ആതിര തീഷ്ണയുടെ കവിതകൾ ഓരോന്നും വിളിച്ചു പറയുന്നു. മരണം എന്നുമൊരു ഓർമ്മപ്പെടുത്തലാണ്. ഭൂമിയിലെ വെറും അതിഥികൾ മാത്രമാണ് നാമെന്നുള്ള ഓർമ്മപ്പെടുത്തൽ. കവികളെന്നും കാവ്യകല്പനകൾക്കായി, പ്രണയത്തെയും അനുഭവിച്ചു കുളിരുന്ന മഴയെയും വിഷയവത്കരിക്കുമ്പോൾ അനുഭവിച്ചെഴുതുവാൻ ഒരിക്കലും കഴിയാത്ത മരണത്തെ എഴുതുന്നതിലെ അഭിനിവേശം തിരിച്ചറിയപ്പെടുന്നുണ്ടോ? അതാണ് ആസ്വാദകനെ പിടിച്ചിരുത്തുന്ന രചനാവൈഭവം.
” തെരുവുപട്ടിയുടെ മരണം ” എന്നുള്ള കവിതയിൽ, ആരുമില്ലാതെ അനാഥമായി മരണപ്പെടുന്ന ജീവന്റെ വിലാപം വായിക്കുന്നവരെ വീണ്ടും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ” എന്റെ മരണം ” എന്നുള്ള കവിതയും എന്തിന് മരണപ്പെട്ടു പോയി, അത് കണ്ട് ആഹ്ലാദിക്കുന്നവർ ആര് എന്നെല്ലാം ചോദ്യങ്ങളായോ, മറുപടികളായോ വായനക്കാരന്റെ ഹൃദയത്തിലേയ്ക്ക് ആഴ്ത്തുന്നു. ” മരണത്തിനുമപ്പുറമൊരു പ്രണയം “, അതുണ്ടായിരിക്കട്ടെയെന്നു ആശംസിക്കുവാനാണ് തോന്നുക. ” മരണപ്പെട്ടവന്റെ വീട്ടിലെ ഓണത്തിന്റെ മണം, “, ” മരിച്ചവളുടെ സ്വപ്നസഞ്ചാരം, ” എന്റെ മരണത്തിന്റന്ന് ” തുടങ്ങിയ കവിതകളിലും അനുഭവിക്കാത്ത, എന്നാൽ ഒരിക്കൽ അനുഭവിക്കേണ്ടതായ മരണത്തിന്റെ മൂടുപടം വിങ്ങലായി എഴുത്തുകാരി അവതരിപ്പിക്കുന്ന പാടവം, പ്രശംസനീയമാണ് എന്നതിൽ സംശയമില്ല. എഴുത്തുകാരി, തന്റെ കവിതകളിൽ ഓരോന്നിലും നിറങ്ങളെ തുന്നിചേർക്കുന്നു. നിറം വയലറ്റ് ആകുകയും അത്, കവിതകളിൽ ഭംഗിയോടെ പ്രതിഫലിക്കുകയും ചെയ്യുന്നു.
ഒരു കവിതയിൽ നിന്ന് അടുത്ത കവിതയിലേയ്ക്ക് നിങ്ങൾ സഞ്ചരിക്കവേ, ഈ കൃതിയുടെ അവസാനവരികളിൽ രണ്ടിറ്റു കണ്ണുനീർ കൊണ്ട് കോതിമിനുക്കുവാൻ കഴിയും. അതിനുമപ്പുറം ഒരു കവിതാപുസ്തകമിനിയെന്ത് നൽകുവാനാണ്..?
” മുഷിഞ്ഞ കാലത്തിന്റെ
ദുഷിച്ച ഓർമ്മകൾ പേറി,
കാറ്റും കൽവിളക്കും
നന്നേയിരുണ്ട വഴിയിൽ,
വീണ്ടുമാരെങ്കിലും
കഥ പറയാൻ വരുന്നുണ്ടോ
എന്ന് നോറ്റിരിക്കും. “
ആസ്വാദകരും ആതിര തീഷ്ണയുടെ വരികൾക്കായി നോറ്റിരിക്കും. ഇനിയുമെത്രയോ അക്ഷരമേഘങ്ങൾ ഭംഗിയായി തുന്നിയൊരുക്കുവാൻ എഴുത്തുകാരിയ്ക്ക്.. സാധിക്കുമെന്നത് നിസ്സംശയത്തോടെ പറയാം.
ഹരിത ആർ മേനോൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ