2020 ഡിസംബർ 31, വ്യാഴാഴ്‌ച

മത്തങ്ങ രസം

 




രസം നമ്മൾ രസിച്ചു കഴിക്കുന്ന ഒരു വിഭവമാണല്ലോ.പ്രത്യേകിച്ചും നമ്മൾ തെക്കേ ഇന്ത്യക്കാർ. രസം പലതരത്തിൽ ഉണ്ടാക്കാം എന്ന് പലർക്കുമറിയില്ല. അത്തരമൊരു വ്യത്യസ്ത രസമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മത്തങ്ങ കൊണ്ടുണ്ടാക്കുന്ന ഒരു രസം.

പല ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ് രസം. ശരിയായ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുന്നതിന് ഏറ്റവും നല്ല ഒരുപാധി ഭക്ഷണത്തോടൊപ്പം രസവും ശീലമാക്കുക എന്നതാണ്. ദഹന വ്യവസ്ഥയെ കാര്യക്ഷമമാക്കുന്ന പല ചേരുവകളും ഇതിലുണ്ട്. ശരീരത്തിന് ആവശ്യമായ മിക്ക പോഷകങ്ങളും ഉള്ള ഒരു വിഭവമാണിത്. റിബോഫ്ലേവിൻ, തയാമിൻ,നിയാസിൻ, വിറ്റാമിൻ സി, വിറ്റാമിൻ എ , പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം, ചെമ്പ്, സെലീനിയം എന്നിവയാൽ സമ്പുഷ്ടം. ജലദോഷമടക്കമുള്ള വൈറൽ രോഗങ്ങൾക്കും അത്യുത്തമം. ഈ കൊറോണക്കാലത്ത് ഇതിന്റെ പ്രസക്തി ഏറെയാണ്. ഊർജ്ജം കുറവും,

പോഷകസമൃദ്ധവുമെന്നതിനാൽ വണ്ണം കുറയ്ക്കുന്നവർക്ക് ഏറെ ഗുണകരമാണ്. ഇതിലെ പ്രധാന ചേരുവകളായ

കുരുമുളകും മഞ്ഞളും ക്യാൻസർ തടയുന്നതിന് ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടവയാണ്. ഇതിൽ ചേർക്കുന്ന പുളി നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയാണ്. ഗർഭിണികൾക്കും കുട്ടികൾക്കും ഉത്തമമായൊരു വിഭവവും.

മത്തങ്ങയുടെ ഗുണഫലങ്ങളും ധാരാളം. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒരു കായ. അതിൽത്തന്നെ വിറ്റാമിൻ എ സമ്പുഷ്ടവും. കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും നല്ല ഒരു ഭക്ഷണം. ആന്റി ഓക്സിഡന്റുകളുടെ കാര്യത്തിലും മികച്ചത്. ക്യാൻസർ തടയുക, ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത്തിലും, ഉയർന്ന തോതിലുള്ള പൊട്ടാസ്യത്തിന്റെ അളവ് ഹൃദയാരോഗ്യത്തിനും സഹായകരം.

ചേരുവകൾ

മത്തങ്ങ ഒരു ചെറിയ കഷണം പ്രഷർ കുക്കറിൽ പുഴുങ്ങി ഉടച്ചത്

വെളുത്തുള്ളിയും ചെറിയ ഉള്ളിയും നന്നായി അരിഞ്ഞത് – 1 ചെറിയ കപ്പ്.

ജീരകം, മഞ്ഞൾ, മുളക്,കുരുമുളക്, കായം എന്നിവ പൊടിച്ചത് ഒരു ടേബിൾസ്പൂൺ വീതം

പുളിയ്ക്ക് പകരം മാങ്ങ ഉണക്കിപ്പൊടിച്ചത് ഒരു ടേബിൾസ്പൂൺ

ബട്ടർ 2 ടേബിൾസ്പൂൺ.

വെള്ളം 250 മില്ലി

ഉപ്പ് ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ബട്ടർ ചൂടാക്കുക. അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവയും ജീരകപ്പൊടിയും ചേർത്ത് ഇളക്കുക. പച്ചമണം പോകുമ്പോൾ ഉടച്ചു വച്ചിരിക്കുന്ന മത്തങ്ങയും മറ്റു വിഭവങ്ങളും ചേർത്തിളക്കുക. ഇതിലേക്ക് എടുത്തുവച്ചിരിക്കുന്ന വെള്ളവും ചേർത്ത് തിളപ്പിച്ച ശേഷം കുറച്ചു സമയം സ്ലിംമ്മറിൽ ചൂടാക്കുക. അതിനു ശേഷം ചെറുതായി അരിഞ്ഞ മല്ലിയില വിതറി ഗാർണീഷ് ചെയ്യാം. കറിവേപ്പില ചേർക്കണമെന്നുള്ളവർക്ക് അതുമാകാം. പുളി കൂടുതൽ വേണമെന്നുള്ളവർക്ക് കുറച്ചു പുളിയും വെള്ളത്തോടൊപ്പം ചേർക്കാവുന്നതാണ്.


ഡോ. ഷേർളി സുനീത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ