ദാരിദ്ര്യത്തോടു പടപൊരുതി
നഗ്നപാദനായ് പന്തുരുട്ടിയവൻ
നീയെൻ പ്രിയ ഡിയെഗോ
ജനഹൃദയങ്ങളിൽ ചേക്കേറി
കാല്പന്തിൻ മാസ്മരിക ലോകത്ത്
കിരീടംവെക്കാത്ത രാജാവായ് മാറിയ
ഇതിഹാസ നായകൻ ഡിയെഗോ
കുറിയ ശരീരത്താൽ
കാല്പന്തിന്റെയാകാശം തൊട്ട്
ലോകത്തിൻ നെറുകയിൽ മിന്നുംതാരമായ്
ജ്വലിച്ചുനിന്നവൻ ഡിയെഗോ
ആകാശനീലിമയോലും
അർജന്റീനൻ ജഴ്സിയണിഞ്ഞ്
ആവേശക്കടലല തീർത്ത്
മൈതാനങ്ങളെയുണർത്തിയവൻ
ഡിയെഗോ
‘നൂറ്റാണ്ടിന്റെ ഗോളും’
‘ദൈവത്തിന്റെ കൈയും’
പിറവികൊണ്ട ചടുലമാം മാന്ത്രിക
പാദങ്ങൾക്കുടമസ്ഥൻ ഡിയെഗോ
എതിരാളിയുടെ ഗോൾവല കുലുക്കി
മൈതാനങ്ങളിൽ വിസ്മയംതീർത്ത്
വിണ്ണിലെ താരകങ്ങൾക്കൊപ്പം
പന്തുതട്ടാൻ പോയോ പ്രിയ ഡിയെഗോ
മാന്ത്രിക നീക്കങ്ങളുടെ കാല്പന്തുകളികൾ
സ്മരണകളിൽ ഡ്രിബിൾ ചെയ്യുമ്പോൾ
ആരാധകരുടെ നെഞ്ചിലെ
ഗോൾവല കുലുക്കാൻ
നീ വീണ്ടുമണയും ഡിയെഗോ
കാല്പന്തിൻ മൈതാനങ്ങളിൽ
പന്തുരുളും കാലത്തോളം
മരിക്കാത്ത ഓർമകളായ് നീ
ജനഹൃദയങ്ങളിൽ ജീവിക്കും ഡിയെഗോ
സാബി തെക്കേപ്പുറം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ