2020 ഡിസംബർ 31, വ്യാഴാഴ്‌ച


 റെയിൽവേസ്റ്റേഷന്റെ വിജനമായ പ്ലാറ്റ്ഫോമിലേക്ക്, ഇരുട്ടിൽ നടന്നടുക്കുമ്പോൾ, അവിടെ സ്ഥാപിച്ചിരുന്ന ഘടികാരത്തിൽ മണി പന്ത്രണ്ട് പിന്നിട്ടിട്ട് ഇരുപത്തിമൂന്ന് മിനിറ്റായതായി തെളിഞ്ഞിരുന്നു. മൂന്ന് മണിക്കാണ് ട്രെയിൻ ഇനിയും രണ്ടര മണിക്കൂറിലധികമുണ്ട്. നാട്ടിലാണെങ്കിൽ റെയിൽവേ ജീവനക്കാരെങ്കിലും കാണും. ഇവിടെ അതുമില്ല. മനസ്സിൽ ചിന്തിച്ചുകൊണ്ട് തോളിലെ ബാഗ് താഴെ വെച്ച് ഒരു മരബഞ്ചിൽ ഇരിപ്പുറപ്പിച്ചപ്പോഴേക്കും, കടിപിടികൂടി ബഹളം വെച്ചുകൊണ്ട് നായ്ക്കളുടെ ഒരു സംഘം അവനരികിലൂടെ റെയിൽവേയുടെ രണ്ടുവരി പാത മറികടന്ന് എതിർ ദിശയിലേക്ക്..

അങ്ങ് കേരളത്തിലായാലും, ഇവിടെ യൂറോപ്പിലായാലും, പട്ടികൾക്ക് ഒരേ സ്വഭാവം തന്നെ.

മരം കോച്ചുന്ന തണുപ്പിനെ അതിജീവിക്കുവാൻ, ഒരു സിഗരറ്റിന് തീ കൊളുത്തിയ അവന്റെ ശ്രദ്ധ എതിർദിശയിലെ പ്ലാറ്റ്ഫോമിൽ രതിക്രീഡകളിൽ മുഴുകുന്ന ശ്വാന സംഘത്തിലേക്ക്… അവർക്കറിയാം ഇതുവഴി ഇനി മൂന്ന് മണിക്ക് കെസീറ്റോയിലേക്കുള്ള ട്രെയിൻ മാത്രമാണ് വരുവാനുള്ളതെന്ന്. അതാകും ഇത്ര ധൈര്യപൂർവ്വം ഇവർ ഇങ്ങനെ പരസ്യമായി..

സിഗരറ്റ് പുകയൂതി അവൻ ശ്വാനസംഘത്തിന്റെ മനഃശാസ്ത്രം സ്വയം വിലയിരുത്തി..

എതിർദിശയിലെ ചുള്ളിക്കാടുകളിൽ അനക്കം കേട്ടതോടെ ശ്വാനസംഘം, തങ്ങളുടെ ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ചുകൊണ്ട് പലദിശകളിലേക്ക് മറഞ്ഞു…

അവന്റെ ശ്രദ്ധ ശ്വാന സംഘത്തിൽ നിന്നും അനക്കം കേട്ട ഭാഗത്തേക്ക്..

ചുള്ളിക്കാടുകൾക്കിടയിൽ നിന്നും ഒരു വൃദ്ധയായ സ്ത്രീ നടന്ന് വരുന്നു..

‘യക്ഷി’

അവന്റെ മനസ്സിൽ ഭയത്തിന്റെ ഓഖി കൊടുംകാറ്റ് വീശുവാൻ തുടങ്ങിയതോടെ, അവന്റെ ശ്രദ്ധ ഒരിക്കൽക്കൂടി റെയിൽവേ പാത മുറിച്ചുകടന്നുവരുന്ന ആ സ്ത്രീയിലേക്ക് നീണ്ടു..

മുഷിഞ്ഞ വസ്ത്രങ്ങൾ, കയ്യിൽ ബാഗ് പോലെ എന്തോ ഒരു സാധനം.

എന്തായാലും യൂറോപ്പിലെ യക്ഷികൾ മോഡേൺ ആയിരിക്കും. അതിനാൽ യക്ഷിയാവില്ല.രൂപഭാവങ്ങൾ കണ്ടിട്ട് കെസീറ്റൊയിലേക്ക് പോകുവാനുള്ള യാത്രക്കാരിയുമല്ല. ചിലപ്പോൾ ഭ്രാന്തിയായിരിക്കും.

അവൻ മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തവേ, അവർ അവന് എതിർദിശയിലുള്ള മരബെഞ്ചിൽ സ്ഥാനമുറപ്പിച്ചു.

” കെസീറ്റൊയിലേക്കാണോ യാത്ര ? “

ഏതോ പ്രാദേശിക യൂറോപ്യൻ ഭാഷയിലുള്ള അവരുടെ ചോദ്യത്തിന് തലകുലുക്കുവാൻ മാത്രമേ അവനായുള്ളു.

“ഇത് കുരിശാകുമോ?”

ആരോടെന്നില്ലാതെ അവന്റെ വാക്കുകൾ പുറത്തേക്കൊഴുകിയതോടെ അവരുടെ മുഖഭാവം മാറി, കൂട്ടത്തിൽ ഭാഷയും.

“മലയാളിയാണല്ലേ ,നമ്മുടെ മുകുന്ദൻ മാഷിന് സുഖമാണോ?”

ആവേശഭരിതയായി ആ സ്ത്രീ തന്റെ സംസാരം മലയാളത്തിലേക്ക് മാറ്റി.

അവരുടെ ഭാഷാമാറ്റം അവനിൽ കൂടുതൽ അമ്പരപ്പ് സൃഷ്ടിക്കുന്നതിനിടയിൽ അവർ തുടർന്നു.

“പേടിക്കണ്ട,നിങ്ങൾ ഒട്ടുമിക്ക മലയാളികൾക്കും എന്നെയറിയാം “

അവന്റെ കണ്ണുകൾ അതിശയത്താൽ വിടർന്നു.

“ഞാൻ മയ്യഴിപ്പുഴയുടെ തീരങ്ങളിലെ കറുമ്പിയാണ്. മരണശേഷം എന്റെ ചങ്ങാതിമാരായ ലെസ്സ്ലി സായിപ്പിനും ഭാര്യ മിസ്സിക്കുമൊപ്പം ഞാനിങ്ങു പോന്നു”.

ഡപ്പയിൽ നിന്നും ഒരല്പം പൊടിയെടുത്ത് മൂക്കിൽ തിരുകികൊണ്ട് അവർ പറഞ്ഞു.

“അപ്പോൾ ഇതാണോ ദാസന്റെ മുത്തശ്ശി കറുമ്പിയമ്മ? “

അവന്റെ ചോദ്യത്തിൽ ആവിശ്വസനിയത ആവോളമുണ്ടായിരുന്നു.

“അതേടാ കൊച്ചനെ, അതിരിക്കട്ടെ, നിന്റെ നാട് എവിടാ? “

“ആലപ്പുഴയിലാണ്. “

“ഓ തെക്കനാണ് അല്ലെ ,എന്താ ഇവിടെയൊക്കെ കറക്കം?”

അവർ ചോദ്യങ്ങൾ തുടർന്നു.

“നാട് ചുറ്റാനിറങ്ങിയതാണ്. “

“ഓ അപ്പോൾ നാടോടിയാണ് അല്ലെ, നിനക്ക് വീടും വീട്ടാരുമൊന്നുമില്ലെടാ കൊച്ചനെ?”

അവരുടെ മുഖത്തൊരു പുച്ഛഭാവം തെളിഞ്ഞു.

“ഉണ്ട് അമ്മയും ,ഭാര്യയും , മക്കളുമൊക്കെയുണ്ട്. “

അവന്റെ മറുപടി കേട്ടതോടെ അവർ ചോദ്യം നിർത്തി ഉപദേശത്തിലേക്ക് ചുവടുമാറ്റി.

“നിനക്ക് കെസീറ്റൊയിലേക്ക് പോകാനാണേൽ വേറെ വഴികളുണ്ടല്ലോ ,എന്തിന് ഈവഴി വന്നു ,ഈ സ്ഥലമൊന്നും രാത്രി ഒറ്റക്ക് നിൽക്കാൻ നന്നല്ല.”

അവരുടെ വാക്കുകൾ കേട്ടതോടെ അവന്റെ ശ്രദ്ധ റെയിൽവേ സ്റ്റേഷനിലെ ഘടികാരത്തിലേക്ക്..

“മണി രണ്ടരയാകുന്നതേയുള്ളു ,ഇനിയും അര മണിക്കൂർ കൂടിയുണ്ട് “

“പേടിക്കണ്ട ട്രെയിൻ വന്ന് നിന്നെ കേറ്റിവിട്ടിട്ടേ സായ്വിന്റെ ബംഗ്ലാവിലേക്ക് ഞാൻ പോകു , ഒന്നുമില്ലേലും നമ്മുടെ നാട്ടുകാരൻ കൊച്ചനല്ലേ നീ? “

” മോനെ മയ്യഴി ഇപ്പോഴും പഴയത്പോലെയാണോ ,അതോ മാറ്റം വല്ലതും വന്നോ ? “

കറുമ്പിയമ്മയുടെ ചോദ്യത്തിൽ ജന്മനാടിന്റെ വിശേഷങ്ങൾ അറിയാനുള്ള ജിജ്ഞാസ നിറഞ്ഞു.

” ഇപ്പോഴും കുപ്പിക്ക് കേരളത്തിലേതിനേക്കാൾ വിലക്കുറവാ മാഹിയിൽ, ഞങ്ങൾ ഫ്രണ്ട്സൊക്കെ ചേർന്ന് ഇടക്കിടെ അങ്ങോട്ട് തീർത്ഥയാത്ര നടത്താറുണ്ട്. “

അവന്റെ തമാശ കറുമ്പിയമ്മക്ക് അത്ര രസിച്ചില്ല.

അവർ പിന്നെയും മയ്യഴിയുടെ വിശേഷങ്ങൾ പങ്കിടവേ, കെസീറ്റൊയിലേക്കുള്ള ട്രെയിനിന്റെ വരവറിയിച്ചുള്ള സിഗ്നൽ ബോർഡിൽ തെളിഞ്ഞു.

“ദാ ഇത് കയ്യിൽ വെച്ചോ ,യാത്രക്കിടയിൽ ദാഹിക്കുമ്പോൾ കുടിക്കാം. “

കയ്യിലുണ്ടായിരുന്ന കുടിവെള്ളകുപ്പി കറുമ്പിയമ്മ അവന് നല്കി.

ആ സ്റ്റേഷനിൽനിന്നും അവനല്ലാതേ മറ്റാരും തന്നെ ആ ട്രെയിനിൽ കയറുവാനോ ഇറങ്ങുവാനോ ഉണ്ടായിരുന്നില്ല.

അവൻ കറുമ്പിയമ്മയോടു നന്ദി ചൊല്ലി തന്റെ ഇരിപ്പിടത്തിലേക്ക്. ട്രെയിൻ കെസിറ്റോ നഗരം ലക്ഷ്യമാക്കി നീങ്ങി തുടങ്ങി,

ആ പാതിരാവിൽ താൻ ഏറെ നേരം ചിലവഴിച്ച റെയിൽവേ സ്റ്റേഷനും, തനിക്ക് കൂട്ടായിനിന്ന കറുമ്പിയമ്മയും, കാഴ്ച്ചകളുടെ പിന്നാമ്പുറങ്ങളിലേക്ക് മറഞ്ഞതോടെ അവൻ മയക്കത്തിലേക്ക് ഊളിയിട്ടു.

ആരോ തോളിൽ തട്ടിയതോടെയാണ്

അവൻ ഞെട്ടിയുണർന്നത്.

“കെസീറ്റോ എത്തിയോ?”

ചോദ്യവുമായി അവൻ ഞെട്ടിയുണർന്നപ്പോൾ,

” മണി ഏഴര കഴിഞ്ഞു, നീ ഇന്ന് ഡ്യുട്ടിക്ക് ഇറങ്ങുന്നില്ലേ ? ”

മറു ചോദ്യവുമായി കണ്മുന്നിൽ റൂംമേറ്റ്.

താൻ കെസീറ്റോയിലേക്കുള്ള ട്രെയിനിലല്ല മധ്യപൂർവ്വേഷ്യയിലെ ഏതോ ലേബർക്യാമ്പിലെ കട്ടിലിലാണ് എന്ന യാഥാർഥ്യം അവന്റെ മുന്നിൽ പല്ലിളിച്ചു നിന്നു.

അപ്പോഴും ഉറക്കം വരാതിരുന്ന പോയരാത്രിയിൽ, പാതിവായിച്ചു നിർത്തിയ മുകുന്ദൻമാഷിന്റെ “മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ” കട്ടിലിൽ അവനടുത്ത് തന്നെ കിടപ്പുണ്ടായിരുന്നു.


കെ.ആർ.രാജേഷ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ