2020 ഡിസംബർ 31, വ്യാഴാഴ്‌ച


സ്വപ്നത്തിന്റെ സ്ഫടികച്ചുവരുകളിൽ മഞ്ഞു തുള്ളികൾ അടർന്ന് വീഴാനെന്ന പോലെ നിൽക്കുന്നു. പുലർ വെളിച്ചം എത്തുംമുൻപേ ഉണർന്നാൽ സ്വപ്നം കൈപ്പിടിയിൽ നിന്ന് വഴുതിപ്പോകും.. ഇല്ലെങ്കിൽ ഇളം വെയിലിൽ മഞ്ഞുതുള്ളികൾ നിലത്തേക്കൂർന്നു വീണ് അലിഞ്ഞു പോവും

ഊർമ്മിള പതിയെ കണ്ണുകൾ തുറന്നു.കഴിഞ്ഞ രാത്രിയിൽ കണ്ട സ്വപ്നം എന്തായിരുന്നു ? ഓർമ്മയിലെ മഞ്ഞുമുത്തുകൾ കെട്ടഴിഞ്ഞു വീഴാൻ തുടങ്ങി. ഇരുട്ടിൽ പുഴ വ്യക്തമായി കാണുവാൻ സാധിക്കുന്നില്ല. എങ്കിലും നദിയിലൂടെ വരുന്ന വഞ്ചിയിൽ തെളിയിച്ചിരിക്കുന്ന റാന്തൽ വിളക്കിന്റെ മങ്ങിയ വെളിച്ചം കാണാം.

അന്ധകാരത്തിലും ഒരു തരി വെളിച്ചം…………

എന്തായിരിക്കും ഇതിന്നർത്ഥം?ഏതാനും ദിവസങ്ങളായി പലവിധ ദു:സ്വപ്നങ്ങൾ തന്നെ അലട്ടുന്നു. ഞെട്ടിയുണരുമ്പോഴേക്കും കൂരിരുട്ടും ഉതിർന്നുവീഴുന്ന മഞ്ഞു തുള്ളികളും ചേർന്ന് ഓർമ്മകളെ കരിമ്പടം പുതപ്പിക്കാൻ തുടങ്ങും. എങ്കിലും പുഴയും, വഞ്ചിയും, മുനിഞ്ഞു കത്തുന്ന റാന്തൽ വിളക്കും ഓർമ്മയിലേക്ക് തിരനോട്ടം നടത്തും. കൊട്ടാരത്തിൽ നിന്നും കുറച്ചകലെയാണ് നദി. മുകൾ നിലയിലെ തന്റെ അന്ത:പ്പുരത്തിൽ നിന്നും നോക്കിയാൽ അങ്ങകലെ പുഴയിലെ ഓളങ്ങൾ നിലാവിന്റെ വജ്രത്തരികളാൽ തിളങ്ങുന്നത് കാണാം.

ഇത് അയോധ്യയിലെ ദശരഥ മഹാരാജാവിന്റെ കൊട്ടാരം! അദ്ദേഹത്തിന്റെ പുത്രനായ ലക്ഷ്മണ കുമാരന്റെ പത്നിയായ ഊർമ്മിളയുടെ ചിന്തകളിൽ തലേന്നത്തെ സംഭവങ്ങൾ ഒന്നൊന്നായി തെളിയുവാൻ തുടങ്ങി.

ശ്രീരാമപട്ടാഭിഷേകമാണിന്ന്. രാജ്യമെങ്ങും സന്തോഷത്തിൽ ആറാടി നിൽക്കുന്നു. കൊടിതോരണങ്ങളും പൂമാലകളും ചേർന്ന് വർണ്ണാഭമാക്കിയ തെരുവുകൾ. …….എങ്ങും ആഘോഷത്തിമിർപ്പുകൾ. വസന്തത്തിന്റെ പൂക്കൂട തുറന്നതു പോലെയുള്ള വർണ്ണ വിസ്മയങ്ങളിൽ മയങ്ങി നിന്നു അയോധ്യ ……കൊട്ടാരത്തിനുള്ളിലും സന്തോഷം നിറഞ്ഞു….ശ്രീരാമചന്ദ്രന്റെ നിഴലായി ചരിക്കുന്ന തന്റെ പ്രിയതമനും സന്തുഷ്ടനായിരുന്നു.

പക്ഷേ, ഒരു കാർമേഘക്കൂട് കൊട്ടാരത്തെ മൂടാനെന്ന പോലെ ആകാശത്ത് നിറഞ്ഞു. ഇതെന്താണിങ്ങനെ? സൂര്യഭഗവാൻ എവിടെ? അമാവാസി രാത്രിയിൽ ഇരുൾ നിറയുന്നതുപോലെ പകൽ വെളിച്ചം മങ്ങുന്നുവോ? നദിയുടെ മുകളിലൂടെ ഏതോ പക്ഷികൾ ഉച്ചത്തിൽ കരഞ്ഞുകൊണ്ട് കൊട്ടാരത്തെ വലം വച്ച് പറന്നു പോയി. ഊർമ്മിളയുടെ ഉള്ളിൽ അകാരണമായി ഒരു ഭീതി നിറയാൻ തുടങ്ങി. അശനീപാതം പോലെയെത്തിയ ആ വാർത്തയിൽ കൊട്ടാരത്തിലെ ചിത്രത്തൂണുകൾ പോലും സ്തംഭിച്ചു പോയി!

ശ്രീരാമചന്ദ്രന്റെ പട്ടാഭിഷേകം മുടങ്ങിയിരിക്കുന്നു…. അദ്ദേഹം പതിന്നാല് സംവത്സരം നീളുന്ന വനവാസത്തിനായി പോകുന്നു…. സീതാദേവിയും ലക്ഷ്മണ കുമാരനും അദ്ദേഹത്തെ അനുഗമിക്കുന്നു. അപ്രിയ വാർത്തകളുടെ അദൃശ്യ പാശങ്ങൾ ഊർമ്മിളയെ കെട്ടി വരിയാൻ തുടങ്ങി.അവൾ തന്റെ അറയിലെ തൽപത്തിൽ തളർന്നിരുന്നു.

ചുമലിൽ ഒരു കരസ്പർശത്തിന്റെ ഇളം ചൂട് അനുഭവപ്പെട്ടപ്പോൾ അവൾ തലയുയർത്തി. ദൃഢനിശ്ചയം സ്ഫുരിക്കുന്ന മിഴികളുമായി ലക്ഷ്മണ കുമാരൻ അരികെ നിൽക്കുന്നു! അവൾ പിടഞ്ഞെഴുന്നേറ്റ് കുമാരന്റെ കണ്ണുകളിലേക്കുറ്റു നോക്കി. അവിടെഒരു സമുദ്രം തിരമാലകളൊതുക്കി നിശബ്ദമായി ഒഴുകുന്നതു പോലെ തോന്നി ഊർമ്മിളയ്ക്ക്! കുമാരൻ തന്നോട് യാത്ര പറയാൻ വന്നതാണോ? ചക്രവാകക്കിളി കളിലൊന്നിന്റെ ദീനരോദനം കേൾക്കുന്നു. ഇണപിരിഞ്ഞു പോയ കിളിയുടെ ആർത്തനാദമായിരുന്നില്ലേ അത്?

” ദേവി! നാം ജ്യേഷ്ഠനെ അനുഗമിക്കുന്നു.”

അകലെ ഏതോ ഗഹ്വരത്തിൽ നിന്നും ഉരു കൊള്ളുന്ന ശബ്ദമായി അനുഭവപ്പെട്ടു ഊർമ്മിളയ്ക്ക് ആ വചനങ്ങൾ!

”അങ്ങയുടെ ഒപ്പം ഞാനും….. “

മുഴുമിപ്പിക്കാൻ അനുവദിക്കാതെ കുമാരൻ പറഞ്ഞു, “പാടില്ല ! ജ്യേഷ്ഠനും ജ്യേഷ്ഠത്തിക്കും തുണയായി ഞാനുണ്ട്. വൃദ്ധ മാതാപിതാക്കളുടെ ശുശ്രൂഷ ഞാൻ ദേവിയെ ഏൽപിക്കുന്നു…..”

ഒന്നും പറയാനാകാതെ പെയ്യാനൊരുങ്ങി നിൽക്കുന്ന മഴമേഘമായി മാറി ഊർമ്മിള … അയോധ്യാ പുരി സങ്കടക്കടലായ് മാറി. ശ്രീരാമാദികൾ വനവാസത്തിനായി പുറപ്പെട്ടു. ഉറച്ച കാൽവെയ്പോടെ പിന്തിരിഞ്ഞു നോക്കാതെ ലക്ഷ്മണ കുമാരൻ ജ്യേഷ്ഠന്റേയും ജ്യേഷ്ഠത്തിയുടേയും പിന്നിലായി നടന്നു…..

യൗവനാരംഭത്തിൽ അകാല വൈധവ്യം അനുഭവിക്കേണ്ടി വന്നവൾ ഊർമ്മിള…..ഏകയായ് ജീവിച്ച് സങ്കടങ്ങളെ നെഞ്ചിലൊതുക്കി പതിന്നാലു സംവത്സരങ്ങളെ കാലത്തിന്നപ്പുറത്തേക്കെത്തിക്കാൻ മനസ്സുകൊണ്ടൊരുങ്ങിയവൾ ഊർമ്മിള ……നിദ്രാവിഹീനമായ രാത്രികളിൽ അന്ത:പ്പുരത്തിന്റെ ജാലകത്തിലൂടെ ദൂരെ നദിയിലെ ഓളങ്ങളിൽ ദൃഷ്ടി ഉറപ്പിച്ച് നിൽക്കുകയായിരുന്നു ജനകരാജാവിന്റെ യഥാർത്ഥ പുത്രി!!!!

പിതൃസ്നേഹത്തിന്റെ അനസ്യൂത പ്രവാഹം മറ്റൊരാളിലേക്ക് എത്തുന്നതു കണ്ട് വേദനിച്ച കുഞ്ഞുമനസ്സ് എന്തിനോടും പൊരുത്തപ്പെടാൻ അന്നേ ശക്തി നേടിയിരുന്നു. പുഴ കടന്നെത്തിയ കാറ്റിന് വർഷകാലത്തിന്റെ ഗന്ധം! മഴയോടുള്ള തന്റെ പ്രണയം അറിയാമായിരുന്ന പുഴ തനിക്ക് മാത്രമായി പകർന്നതാണീ ഗന്ധം…….

തണുത്ത കാറ്റിൽ പാറിപ്പറക്കുന്ന നീണ്ട മുടിയിഴകളെ ചന്തമേറിയ വിരലുകൾ കൊണ്ട് മാടിയൊതുക്കി ഓർമകളുടെ തീരത്ത് അലഞ്ഞ് നടക്കവേ നിദ്രാദേവി അവളുടെ അരികിലെത്തി മൊഴിഞ്ഞു,

”ദേവി, ‘ഞാൻ, നിദ്രയെ അകലത്താക്കി ഘോരവനത്തിൽ കാവലാളായി നിൽക്കുന്ന ലക്ഷ്മണ കുമാരനെ തേടി ചെന്നിരുന്നു. അദ്ദേഹമാണെന്നെ ദേവിയുടെ അരികിലേക്ക് അയച്ചത്, ദേവിയുടെ ആഗ്രഹമറിയാൻ!”

“ലക്ഷ്മണ കുമാരൻ ഈ ഊർമ്മിളയെ സ്മരിക്കാതിരിക്കണം, കർത്തവ്യഭംഗം വരുത്താതിരിക്കാൻ!” ഊർമ്മിള ശാന്തയായി മെല്ലെ മൊഴിഞ്ഞു! വനവാസകാലത്തിനിടെ ഒരിക്കലും ഭാര്യയിലേക്ക് ഓർമ്മകൾ എത്താതിരിക്കുവാൻ ഭർത്താവിനായി വരം തേടിയ സാധ്വി …..ലോകം വാഴ്ത്തി.

ശക്തമായ അടിയൊഴുക്കിൽ അടിത്തട്ടിനെ തകർത്തൊഴുകുന്ന പുഴയുടെ മേൽപ്പരപ്പ് ശാന്തമായി തോന്നും! അതുപോലെയായിരുന്നു ഊർമ്മിളയുടെ ഹൃദയവും. കാലം അതിന്റെ തേർചക്രങ്ങളിൽ അതിവേഗം പാഞ്ഞുകൊണ്ടിരുന്നു,…..ദിനരാത്രങ്ങൾ മാറി മാറി വന്നു. ഋതുക്കൾ അവളെ തഴുകി കടന്നു പൊയ്ക്കൊണ്ടിരുന്നു. ആഷാഢ പൗഷമാസങ്ങൾ ഓടി മറഞ്ഞു….

ഉറക്കം സമസ്യയായ രാത്രികളിൽ പരിത്യക്തയായവളുടെ ആത്മപീഡകളിൽ ഉഴറവേ പ്രാണേശ്വരന്റെ സാമീപ്യം ആഗ്രഹിക്കുന്ന പ്രണയിനിയാവാൻ കൊതിക്കുമായിരുന്നു ഊർമ്മിള. പൊന്നുരുക്കിയൊഴിച്ച ഈ അന്ത:പ്പുരത്തിലെ ചുമരുകൾക്കുള്ളിൽ ഒരു പാഴ്ത്തിരി നാളമായി വിരഹദുഃഖത്തിന്റെ എരിതീയിൽ ഉരുകിയൊലിച്ചു തീരുന്ന ജന്മമാണ് തന്റേതെന്നവൾ വേദനയോടെ ഓർത്തു. ഓർമകളുടെ വഴിയറിയാത്ത സഞ്ചാരപഥത്തിലെ ഏകാന്തപഥികയായി മാറുകയായിരുന്നു ലക്ഷ്മണപത്നി !!!

അങ്ങകലെ ഗിരിശൃംഗങ്ങളിൽ നിന്ന് ഉയർന്നു വരുന്ന കതിരോന്റെ ചെങ്കിരണങ്ങളെ ആഹ്ലാദത്തോടെ സ്വീകരിച്ചു അയോധ്യാ നിവാസികൾ. അവർ കാത്തിരുന്ന സുദിനമാണിന്ന്. വനവാസം പൂർത്തിയാക്കി തങ്ങളുടെ പ്രിയപ്പെട്ടവർ തിരികെയെത്തുന്നു…കൊട്ടാരവും സന്തോഷത്തിലാണ്. പുഴയുടെ മേലാപ്പിൽ

മുഖം ചേർത്തു ഗാഢനിദ്രയിലായിരുന്ന മഞ്ഞിന്റെ കട്ടിക്കമ്പളം സൂര്യകിരണങ്ങൾ എത്തിയതോടെ ഉയർന്ന് പൊങ്ങാൻ തുടങ്ങി !!!

ജാലകത്തിന്നരികെ നിൽക്കുന്ന ഉർമ്മിളയെ മഞ്ഞിന്റെ കൈകൾ പുൽകാനെത്തി. കഴിഞ്ഞ പതിന്നാലു സംവത്സരങ്ങൾ കൊണ്ട് ഹൃദയത്തെ ശിലയാക്കി മാറ്റിയ ഊർമ്മിളയിൽ കൊട്ടാരത്തിലെ സന്തോഷ കൂജനങ്ങൾ ഒരു മാറ്റവും വരുത്തിയില്ല. സ്വതസിദ്ധമായ പുഞ്ചിരി പോലും അവളിൽ നിന്ന് അപ്രത്യക്ഷമായിരുന്നു.

താളമേളങ്ങളുടെ അകമ്പടിയോടെ ശ്രീരാമചന്ദ്രാദികൾ കൊട്ടാര മുറ്റത്തെത്തി. അമ്മമാർ ആരതിയുഴിഞ്ഞ് സ്വീകരിച്ചു….ഊർമ്മിള അവരെ വന്ദിച്ചകത്തേക്ക് ആനയിച്ചു…..ശ്രീരാമചന്ദ്രൻ ഊർമ്മിളയുടെ അരികിലെത്തി പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിച്ച് ഇപ്രകാരം മൊഴിഞ്ഞു,

” ദേവിയുടേതാണ് യഥാർത്ഥത്യാഗം “

ഒഴുകിയിറങ്ങിയ അശ്രുബിന്ദുക്കൾ തുടച്ചു കൊണ്ട് ശ്രീരാമദേവൻ നിഷ്ക്രമിക്കുമ്പോൾ വത്സരങ്ങളേറെയായി ഉള്ളിൽ ഉറഞ്ഞുകൂടിയ വേദനകൾ മിഴിനീരായി ഊർമ്മിളയിൽ പെയ്തിറങ്ങി…… ഓർമ്മയുടെ ആഴങ്ങളിലെ അന്ധകാരത്തിൽ ഒരു നെയ്ത്തിരി നാളമായ് ആദികവി നിഴലാക്കിയ നിത്യ വിരഹിണി ഊർമ്മിള പുഴയിലെ ഓളങ്ങളിലേക്ക് മിഴിപാകി നിന്നു…..അപ്പോഴും തണുത്ത കാറ്റ് അവളുടെ മുടിയിഴകളെ തഴുകുന്നുണ്ടായിരുന്നു……..


അജിത വി അമ്പലപ്പുഴ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ