2020 ഡിസംബർ 31, വ്യാഴാഴ്‌ച



നിന്റെ മൗനങ്ങളിൽ,നീ ഒരിക്കലും അടിവരയിട്ടു പറയാത്ത യുക്തകാരണങ്ങളിൽ,നീ എപ്പോഴും എന്നെ അവ്യക്തമായി മറന്നു വച്ചതെന്തിന് സുമിത്രാപുത്രാ.? ഈ മിഥിലാപുത്രിയുടെ, അടഞ്ഞുപോയ ഗദ്ഗദങ്ങളിൽ, പൊട്ടിച്ചിരികളിൽ, സ്വപ്നങ്ങളിൽ, നീ മാത്രമേ ഉണ്ടായിരുന്നുള്ളു ലക്ഷ്മണകുമാരാ,അന്നും, ഇന്നും.അയോധ്യയുടെ കൊട്ടാര അന്തപുരത്തിലേക്കു, വലതുകാൽ എടുത്തുവെച്ചു, കടന്നുവന്ന നാൾ ഇന്നും, ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു ആര്യപുത്രാ. നിന്നെതൊട്ട് ഒരു നിഴലുപോലെ കൊട്ടാര അങ്കണത്തിൽ വെളുത്ത കുതിരകളെ പൂട്ടിയരഥത്തിൽ, ഞാൻ വന്നിറങ്ങുമ്പോൾ, എന്‍റെ ശരീരവും, മനസ്സും വല്ലാതെ വിറച്ചുകൊണ്ടിരുന്നു.അപരിചിത ജനക്കൂട്ടത്തിലേക്കു അറിയാതെ ഒഴുകിയിറങ്ങിവന്ന, ഇളയപുത്രിയുടെ വിഭ്രാന്തികൾ വായിച്ചറിയുവാൻ ജനകൻ, എന്നത്തേയും പോലെ, അന്നും പരാജയപെട്ടു,എനിക്കായി കരുതി വയ്ക്കാത്ത വാക്കുകളുടെ ശൂന്യതയുംപേറി, ഇനി കടങ്ങളില്ലാതെ ഒരു ചുംബനം മൂർദ്ധാവിൽനൽകി, തിരിഞ്ഞു നോക്കാതെ ജനകരാജൻ രഥമേറി മടങ്ങുമ്പോൾ, ഞാൻ അറിഞ്ഞിരുന്നില്ല എന്നെ കാത്തിരിക്കുന്ന ഭാവികാലത്തിന്റെ കറുത്ത ദിനങ്ങളെ. എന്തിനെന്നറിയാതെ പൊട്ടിവന്ന ഒരു കരച്ചിൽ ഞാൻ അടക്കിയത് അന്ന് ജേഷ്ട്ടത്തി ജാനകിയുടെ നെഞ്ചിലായിരുന്നു.

കൊട്ടാരത്തിലെ വിശാല കക്ഷങ്ങളിൽ,അന്തപുരത്തിലെ അടക്കംപറച്ചിലുകളിൽ, ഊർമ്മിള പിന്നെയെന്നും കുട്ടിത്തം മാറാത്ത, വിസ്മയമായിരുന്നു ഏവർക്കും.അഗ്രജൻ രാമന് നീ പകുത്തുകൊടുത്ത സമയ സൂചികയുടെ ബാക്കിയാവുന്ന, വേഗനിമിഷങ്ങളെ നീ എനിക്ക് നൽകിയൊള്ളുവെങ്കിലും, മനസ്സിന്റെ ആരംഭ പൊരുത്തക്കേടുകൾക്കുശേഷം ഞാൻ, സംതൃപ്തിയുടെ ചെറിയകണികകൾ കണ്ടെത്തി,എന്റെ നിശ്വാസങ്ങൾക്കൊപ്പം ചേർത്തുവച്ചു എന്നിൽ. സ്വയം മന്ത്രംപോലെ ഉരുവിട്ട്പഠിച്ചു, ഞാൻ സംതൃപ്‌തയാണ് എന്ന രണ്ടു വാക്കു. നിന്റെ ജേഷ്ട്ടസ്നേഹത്തിന്റെ, ദിനവും കണ്ട ഉദാഹരണങ്ങളിൽ ആരോടും പറയാതെ ഞാൻ മൂടിവച്ചതു ചെറു അസൂയപൂക്കളും, പിന്നെ നീ ഒരിക്കലും കേൾക്കാൻ സമയം കണ്ടെത്താത്ത എന്റെ പ്രണയ പരിഭവങ്ങളും, ചെറിയ ആഗ്രഹങ്ങളുമായിരുന്നു.

ശ്രീരാമ പട്ടാഭിഷേകത്തിന്റെ സന്തോഷവാർത്തലഹരിയിൽ മുങ്ങിനിന്ന രാജ്യവും, കൊട്ടാരവും, ഇന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു കുമാരാ. അന്തപുരത്തിലെ ശയ്യാകക്ഷത്തിന്റെ ഓരംചേർന്ന മട്ടുപ്പാവിൽ, സന്ധ്യമയങ്ങിയനേരം നീ ഖിന്നത വാടികരയിച്ച മുഖവും, തളർന്ന ദേഹവുമായി എന്റെയടുത്തു വന്നതും, ഞാൻ നന്നായിതന്നെ ഓർക്കുന്നു. മട്ടുപ്പാവിൽ പടർന്നു കയറിയ മുല്ലവള്ളികളിൽ തഴുകി, നീ വാക്കുകൾ തേടികൊണ്ടിരുന്നു, എന്തോ എന്നോട് പറയാൻ. മയിൽപ്പീലിത്തണ്ടാൽ നിറക്കൂട്ടുകൾ ചേർത്തു, വീരാളിപ്പട്ടിൽ ഞാൻ വരച്ച ശ്രീരാമ പട്ടാഭിഷേകത്തിന്റെ അപൂർണ്ണ ഭാവനാ ചിത്രത്തിലേക്ക്, നിന്‍റെ കൈതട്ടി വീണുപോയ നിറക്കൂട്ടുകൾ മായ്ച്ചു കളഞ്ഞത്, അഗ്രജൻ രാമന്റെ തൊട്ടടുത്ത്നിന്ന നിന്നെതന്നെയായതു, വെറും യാദൃശ്ചിക അബദ്ധമായിരുന്നോ?.

അശോകമരത്തിന്റെ ഇളകിയാടുന്ന ചില്ലകളെ നോക്കി കുമാരാ, നീ പറഞ്ഞത് ഞാൻ ഓർക്കുന്നു.

“ഊർമ്മി ….. ശകുനങ്ങൾ പിഴച്ചതോ. ? അതോ കാലസമയ ഗണനങ്ങളുടെ, പൊരുത്തക്കേടോ എന്നറിയില്ല. അഗ്രജൻ രാമൻ, രാജാവാകില്ല.രാജമാതാ കൈകേയി, കണ്ണ്നീരിൽ കെട്ടിയിട്ട, ദശരഥ മഹാരാജന്റെ മനസ്സ് മൗനമായി അനുവാദം കൊടുത്തുകഴിഞ്ഞു,കൈകേയി മാതാവിന് കൊടുത്ത വരപ്രാപ്തിക്കു.ഘോര വനങ്ങളിൽ ഉഴറണം ഇനി അഗ്രജൻ രാമന്, നീണ്ട പതിനാലു വർഷം എന്ന രണ്ടാംവരവും ചേർത്ത്.എല്ലാ കാരണങ്ങളുടെയും മുനയൊടിച്ചു ജാനകിയും ഒരുങ്ങികഴിഞ്ഞു, അഗ്രജൻ ശ്രീ രാമനൊപ്പം. അയോദ്ധ്യ രാജനായി ഇനി ഭരതൻ ഉണ്ടാവുമിവിടെ”

അശോക മരച്ചില്ലകൾ എന്തോ അരുതാത്തതു കേട്ടപോലെ, ഇളകിയാടുന്നുണ്ടായിരുന്നു. ഉദ്യാനത്തിലെ ആമ്പൽകുളത്തിലെ അരയന്നങ്ങൾ, നിറുത്താതെ ശബ്ദിച്ചു കൊണ്ടുമിരുന്നു. എനിക്ക് മുഖംതരാതെ നീയും, ബാക്കിപറയാൻ വിമ്മിട്ടപ്പെടുന്നുണ്ടായിരുന്നു. “ഊർമ്മി ….. അഗ്രജനൊപ്പം, ജാനകി ദേവിക്കുമൊപ്പം യോജനകൾതാണ്ടി ഒരു കാനന വാസത്തിനു കൂടെ മാറ്റാരെങ്കിലും, എന്നൊരു ചോദ്യം, നിന്റെ അധരങ്ങളിൽ വരുംമുൻപേ, ഞാൻ പറയുന്നു, അഗ്രജനൊപ്പം ഞാനുമുണ്ടാവും. എന്റെ നിയോഗങ്ങൾ നിർവചിക്കപ്പെട്ടതാണ്, അഗ്രജന്റെ കാൽപ്പാടുകൾക്കു തൊട്ടുപിന്നിൽ എന്റെതുണ്ടാവണമെന്നു”. നിസ്സാരതയുടെ നിർവികാരത ചേർത്ത് ആര്യ പുത്രാ, നീ എത്ര ഭംഗിയായി പറഞ്ഞു നിറുത്തി. അശോകത്തിന്റെ ഉലയുന്ന മർമ്മരങ്ങളിൽ, എന്റെ തളർന്ന ശ്രവണേന്ദ്രിയങ്ങളിൽ,ഞാൻ ആദ്യം കേട്ടത് അഗ്രജനൊപ്പം ‘നമ്മളും’ ഉണ്ടാവും എന്നായിരുന്നു. തീർച്ചപ്പെടുത്തിയ നിന്റെ തീരുമാനങ്ങളിൽ ഞാൻ ഒരു അധികപ്പറ്റാകും, എന്ന നിന്റെ ശങ്കകൾ നീ വിവരിച്ചു പറഞ്ഞപ്പോൾ, അശോകത്തിന്റെ മർമ്മരം എന്റെ നെഞ്ചു ഏറ്റുവാങ്ങിയിരുന്നു കുമാരാ.ഉടഞ്ഞുപോയ

പളുങ്കുപാത്രംപോലെ ഞാൻ, ഏറെനേരം മട്ടുപ്പാവിൽ നിന്നു, അയോധ്യക്ക് മുകളിൽ പെയ്തിറങ്ങിയ കറുത്തകാർമേഘങ്ങൾ, എന്നെ തണുപ്പിക്കാൻ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. നിന്റെ ശരികളിൽകൂടെ ഞാനന്നു ഏറെ സഞ്ചരിച്ചു. നിന്റെ കർത്തവ്യബോധത്തിൽ, പ്രണയ ചിന്തകൾ,കരടായി വേണ്ടയെന്ന നിന്റെ തീരുമാനം, കാണാതെപഠിക്കാൻ എന്റെ മനസ്സിനെ ശാസിച്ചു പറഞ്ഞുമനസ്സിലാക്കി. ഇടയ്ക്കു പിടിവിട്ടു പോകുന്ന നിമിഷങ്ങളിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തി ജാലക തിരശീലകളിൽ മുഖംചേർത്ത് കരഞ്ഞു.നിന്റെ കർത്തവ്യങ്ങളിൽ, നിന്റെ ഹൃദയ തന്ത്രികളിൽ, ഊർമ്മിളയെന്ന ഞാൻ കൗതുകം തീർന്നുപോയ ഒരു കളിപ്പാട്ടത്തിന്റെ പ്രാധാന്യം പോലുമില്ലാതെ, വലിച്ചെറിഞ്ഞു വീണുടഞ്ഞുപോയി എന്ന സത്യം സമർത്ഥിക്കാൻ ശ്രമിച്ചപ്പോഴൊക്കെ പൊള്ളിക്കുന്ന കണ്ണുനീരും, കനല് കയറിയ പോയ മനസ്സും അത് ശരിയെന്നു പതുക്കെ ഞാൻ കേൾക്കാതെ ഉരുവിട്ടുകൊണ്ടിരുന്നു.

നിന്റെ യാത്രയുടെ അവസാന നിമിഷങ്ങളിൽ, ഞാൻ എന്നെ ഈ മട്ടുപ്പാവിൽ ബന്ധിച്ചു നിറുത്തി, നിർബന്ധപൂർവം. യാത്രാ മൊഴിക്ക് വേണ്ടി നീ ശയ്യാ കക്ഷത്തിൽ എത്തിയപ്പോൾ, പട്ടുടയാടകളിൽ ഞാൻ എന്നെ പൊതിഞ്ഞു നിറുത്തി, മരതക കിരീടം തലയിൽ ചാർത്തി, വൈഡൂര്യ ആഭരണനങ്ങളിൽ സ്വയം ആഴ്ന്നു നിന്ന, ഞാൻ രചിച്ച എന്റെ തിരക്കഥയിലെ,എന്നെ നീ വെറുപ്പിന്റെ കണ്ണുകളാൽ ഒന്ന് നോക്കാൻ വേണ്ടി മാത്രം. കറുത്ത ദുഃഖം ഇരുട്ട് നിറച്ച അയോധ്യയുടെ നിമിഷങ്ങളിൽ, നിന്റെ ഊർമ്മി മാത്രം തികച്ചും ഉല്ലസിക്കുന്നു, എന്ന നിനക്കുണ്ടാകേണ്ട ഒരു വെറും തോന്നലിനു വേണ്ടി മാത്രം, ആ വെറുപ്പിന്റെ കണികകൾ, നീ നിന്റെ അഗ്രജനോടുള്ള കർത്തവ്യബോധത്തിനൊപ്പം ചേർത്ത് വയ്ക്കും, എന്ന തിരിച്ചറിവ് എനിക്കുണ്ടായിരുന്നു. കുമാരാ, പാതി വെന്തു പോയ മനസ്സിൽ ശരിയെന്നു തോന്നിയതാണത്.അഗ്രജൻ രാമന്റെ, ജാനകി ദേവിയുടെ, നിഴല് പോലെ നിൽക്കേണ്ട ഇനിയുള്ള നിന്റെ കർത്തവ്യദിനങ്ങളിൽ , ഞാൻ എന്ന സ്നേഹവലയത്തിൽ പെട്ട് നീ ഉഴറാതിരിക്കാൻ,നിന്റെ മനസ്സിൽ ഒരു ശാപ വാക്കുരുവിട്ടു,നിന്റെ കർത്തവ്യങ്ങളിൽ ഒരു ഭംഗം ഉണ്ടാകാതിരിക്കാൻ, കുറഞ്ഞ ഇടവേളയിൽ, നിന്നോടുള്ള നോവുന്ന പ്രണയത്തിനപ്പുറം എന്റെ പെണ്മനസ്സു പഠിപ്പിച്ചു തന്ന എന്റെ കർത്തവ്യ മന്ത്രം, അല്ലെങ്കിൽ യുക്തിയില്ലാത്ത ഒരു വിഡ്ഢിത്തം.

തിരിഞ്ഞു നോക്കാതെ യാത്രയായ നിങ്ങള്ക്ക് പിന്നിൽ, അയോദ്ധ്യ വിതുമ്പിക്കൊണ്ടിരുന്നു. ആൾക്കൂട്ടത്തിൽ ഒറ്റപെട്ടു, ഈ മട്ടുപ്പാവിന്റെ ഓരത്തു ഞാൻ ഉണ്ടായിരുന്നു. പ്രധാന കവാടം കടന്നു പോകുമ്പോൾ, കവാട വാതിൽ അടയും മുൻപേ, നേർത്തു നിലച്ചു വരുന്ന ജയ് ശ്രീറാം വിളികൾ തീർന്നു പോകും മുൻപേ, നീ ഒരുവട്ടമെങ്കിലും ഈ മട്ടുപ്പാവിലേക്കു തിരിഞ്ഞു നോക്കുമെന്നു ഈ ഊർമ്മി വെറുതെ ആശിച്ചു. ഉരുണ്ടു കൂടി വന്ന കണ്ണ്നീർ കവിളിൽ തലോടി ശാസിച്ചു പറഞ്ഞു.

‘ഊർമ്മി,പ്രണയം മരവിച്ചു പോയ നിന്റെ കുമാരന്റെ മനസ്സിൽ നീയില്ല. അഗ്രജ സ്നേഹത്തിൽ, കർത്തവ്യ ബോധത്തിൽ, തികച്ചും അന്ധനായിപ്പോയ നിന്റെ കുമാരന്റെ മനസ്സിൽ നീ ഒരു ചോദ്യ ചിഹ്നം പോലും അല്ല. മനസ്സിൽ തെളിയുന്ന നിന്റെ മുഖം മൂടുന്ന വെറുപ്പ് കണികകളെ തുടച്ചു മാറ്റാൻ പോലും കുമാരൻ ഇനി ശ്രമിക്കില്ല. കാലത്തിനു മുൻപേ പറക്കാൻ നീ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു’.

കുമാരാ, നീ വളർത്തി നീതന്നെ അൽപ്പാൽപ്പമായി കൊന്ന ബലിമൃഗമായിരുന്നു ഞാൻ.എന്റെ വിഭ്രമങ്ങൾ, മനസ്സിന്റെ കടിഞ്ഞാൺ അറ്റുപോയ ഉഴറലുകൾ, വാക്കിൽ വരച്ചിടാൻ എനിക്കാവില്ല.സന്ദേശങ്ങൾ പോലും അറ്റു പോയ നീണ്ട പതിനാലു വർഷങ്ങളുടെ ഇടവേളകളിൽ, നിന്റെ സ്പര്ശനത്തിനായി ഞാൻ വല്ലാതെ കൊതിച്ചിരുന്നു,സപ്രമഞ്ചത്തിന്റെ നീ ഒഴിച്ചിട്ട ശൂന്യതയിൽ വീണ്ടും വീണ്ടും,ഞാൻ തിരഞ്ഞു കൊണ്ടിരുന്നു നിന്റെ ഗന്ധം.നിന്റെ സ്പര്ശനങ്ങൾ ഏറ്റ അശോക മരത്തിന്റെ ചാഞ്ഞ ചില്ലകൾ, പാദ ധൂളികൾ പതിഞ്ഞ പളുങ്കു പടവുകൾ, നീ ഉരിഞ്ഞിട്ട അംഗ വസ്ത്രങ്ങൾ, ഇവയിലെല്ലാം ഞാൻ എന്റെ വിരലുകൾ കൊണ്ട്, പിന്നെ വലിച്ചെടുക്കുന്ന ഗന്ധം കൊണ്ട് നീയെന്ന വാസ്തവത്തിന്റെ കണികകൾ അന്ധമായി തേടിക്കൊണ്ടിരുന്നു. എന്റെ തളർച്ചകളിൽ ഞാൻ കരയാൻ മറന്നു, അല്ല മറക്കാൻ പഠിച്ചു, നിനക്ക് തന്ന വാക്ക് പാലിക്കാൻ. നിദ്ര ദേവി കടം തന്ന നിന്റെ നിദ്രകളും, കൂട്ടിച്ചേർത്തു കലുഷിത മനസ്സിനെ ഉറങ്ങാൻ പഠിപ്പിക്കാൻ ശ്രമിച്ചു. ഓരോ ശ്രമങ്ങളും പരാജയപ്പെടുമ്പോഴും’ പാതിയുറക്കത്തിന്റെ ഉന്മാദത്തിൽ, ഞാനറിയാതെ എന്റെ അധരങ്ങൾ പിറുപിറുത്തതൊക്കെയും നിന്റെ പേരായിരുന്നു.നിദ്രകെട്ടുപോയ തലച്ചോറിൽ തെളിഞ്ഞു വരാറുള്ള പുകമഞ് പോലുള്ള അവ്യക്ത രൂപവും നിന്റേതു തന്നെയായിരുന്നു.

ആര്യപുത്രാ, ഘോര വനാന്തരങ്ങളിൽ നിന്റെ കർത്തവ്യങ്ങൾ ഒഴിഞ്ഞ നിശ്വാസ ഞൊടികളിലെങ്കിലും ഞാൻ ഉണ്ടായിരുന്നോ നിന്റെ മനസ്സിൽ.? ഒരു ഓർമ്മതെറ്റായിയെങ്കിലും.? നീയൊഴിഞ്ഞു പോകാത്ത ഘനീഭവിച്ച ഓർമ്മകളിൽ, ചിന്തകളിൽ, ഞാൻ ഈ ചോദ്യതിന്നുത്തരം എത്രയോ വട്ടം തിരഞ്ഞു.? ഉണ്ടെന്നൊരു ഉത്തരം വല്ലാതെ ഞാൻ മനസ്സിനെ അടിച്ചേൽപ്പിച്ചു വന്യമായി.വിഹ്വല മനസ്സ് മേഘങ്ങളെ കൂട്ടുപിടിച്ചു. അവയുടെ ഒഴുകിപ്പറക്കലിൽ,രൂപമാറ്റങ്ങളിൽ, ഞാൻ പുതിയ അടയാളങ്ങൾ കണ്ടു പിടിക്കാൻ ശ്രമിച്ചു. പ്രസന്ന മേഘങ്ങൾ, നിന്റെ സന്തോഷത്തിന്റെയും, കരി മേഘങ്ങൾ നിന്റെ സന്താപത്തിന്റെയും അടയാളങ്ങളായി ഞാൻ വിഡ്ഢിയെ പോലെ കണക്കു കൂട്ടി കണ്ടുപിടിച്ചുകൊണ്ടിരുന്നു. മേഘപെയ്തുകളിൽ,നിദ്ര വിട്ടൊഴിയാത്ത പാതിയടഞ്ഞ മിഴികളുമായി, ഉടയാടകളോടെ നനഞ്ഞു, ഞാൻ എത്ര നേരം നിന്നോട് സംവദിച്ചിരിക്കുന്നു.നിന്റെ ഇല്ലാത്ത അംഗുലീ സ്പർശം, ഉണ്ടെന്നു കരുതുന്ന ഇഷ്ട്ടത്തിൽ എന്റെ ചുണ്ടിൽ വിരിഞ്ഞതൊക്കെയും വിളറിയ ചിരികളും, കണ്ണിൽ നിറഞ്ഞതൊക്കെ ആത്മാവിന്റെ കരച്ചിലുമായിരുന്നു.

ശൂർപ്പണഖയുടെ രോദനങ്ങൾ മേഘങ്ങൾ ഏറ്റികൊണ്ടുവന്നു, ഇടിനാദം മുഴക്കി പെയ്തു തീർത്തു ഒരു രാവ് മുഴുവൻ. എന്റെ മുന്നിൽ,നിലാവ് പോലും ഉറഞ്ഞു പോയ ആ രാത്രിയിൽ, ആഞ്ഞടിച്ച മഴത്തുള്ളികളുടെ വേദനിപ്പിക്കുന്ന ശിക്ഷ മുഴുവൻ ഞാൻ ഏറ്റു വാങ്ങി, എന്തിനെന്നറിയാതെ?. സ്ത്രൈണത മുറിഞ്ഞ ശൂർപ്പണഖ, ഒഴുക്കിയ കണ്ണീരു ഇടകലർന്നതിനാലാവാം, ആ മഴ എന്നെ പൊള്ളിച്ചു കൊണ്ടിരുന്നു.മേഘ ഗർജ്ജനങ്ങളിൽ അവളുടെ വിലാപം എന്റെ കാതുകളെ വല്ലാതെ തുളച്ചു കൊണ്ടിരുന്നു.നിന്നെ ന്യായികരിക്കാനാവാതെ തളർന്നു പോയ എന്റെ അധരങ്ങളിൽ, തളർന്ന ഒരു വാക്ക് മാത്രം പറ്റിപ്പിടിച്ചിരുന്നു, പറിച്ചുമാറ്റാനാവാതെ . മേഘ ഗർജ്ജനങ്ങൾ ഒടുങ്ങിപ്പോയി പുലരിയെത്തുംവരെ ഞാൻ മന്ത്രിച്ചു കൊണ്ടിരുന്നു അവളോട് …’മാപ്പ്’.

പാതി കേട്ട മേഘ സന്ദേശങ്ങളിൽ,അന്തപുരത്തിലെ അടക്കം പറച്ചിലുകളിൽ, എന്റെ ജാനകിയുടെ ദുരവസ്ഥയിൽ എന്റെ മനം തുടിച്ചു.രാവണ കാരാഗൃഹത്തിൽ പെട്ടുപോയ ദേവിയെ എനിക്കല്ലേ ഏറ്റവും നാന്നായി മനാസ്സിലാക്കാനാവു.? ഇന്ദ്രജിത്തിന്റെ ‘വാസവി ശക്തിയിൽ’ ആര്യ പുത്രാ, നിന്റെ മോഹാത്സ്യത്തിന്റെ കഥകൾ പറയുവാൻ മേഘങ്ങൾ പോലും അറച്ചു നിന്നു.വലം കണ്ണിന്റെ വേദനിപ്പിക്കുന്ന തുടിപ്പിന്റെ, ദുർനിമിത്തങ്ങളുടെ, അടയാളങ്ങളിൽ ഞാൻ തകർന്നു പോയിരുന്നു.ഖിന്ന മനസ്സിന്റെ കൂടെ പറഞ്ഞുവിട്ട സാന്ത്വനങ്ങളും, കണ്ണുനീരും, പ്രാർത്ഥനകളും നിന്നെ തൊട്ടു നിന്നതു ഒരു പക്ഷെ, നിന്റെ അബോധങ്ങളിൽ നീ അറിഞ്ഞിരിക്കില്ല.

അംഗദനോടും, ചന്ദ്രകേതുവിനോടും, കാലങ്ങളായി ഞാൻ പറയാൻ ശ്രമിച്ച, എന്റെ നിന്നിലുള്ള വിശ്വാസ നിറകഥകൾ, അവർക്കെന്നും അവിശ്വാസത്തിന്റേതായിരുന്നു. നിന്റെ ശരികൾ അവരെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ അശക്തയായിരുന്നു എന്നും, ഒപ്പം ഉത്തരമില്ലാത്ത അവരുടെ പല ചോദ്യങ്ങൾക്കു ഉത്തരം നൽകാനും. നീ എന്നോട് പറഞ്ഞു, ഇന്നും എനിക്ക് മനസ്സിലാകാതെ പോയ, നിന്റെ നിയോഗത്തിന്റെ, കർത്തവ്യത്തിന്റെ, ഓരോ വരികളും ഞാൻ അവർക്കു പകർന്നു കൊടുക്കാൻ ശ്രമിച്ചു. നിന്റെ ചരിത്ര കഥകൾ പാതിയിൽ ഉപേക്ഷിച്ചു, നിദ്ര ഉന്മാദം കൊള്ളുന്ന എന്റെ തളർന്ന കണ്ണുകൾ ചേർത്തടച്ചു, മൂർദ്ധാവിൽ ചുംബിച്ചു, ഞാൻ കാണാതെ കണ്ണുകൾ തുടച്ചു, അവർ ഓരോ വട്ടവും കടന്നു പോയി, എന്നിലും,നിന്നിലും വിശ്വാസം നഷ്ടപ്പെട്ടവരെ പോലെ.

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ, അയോദ്ധ്യ കവാടം കടന്നെത്തിയ നിന്നെ കാണുവാൻ, അന്തപുരം വിട്ടോടി വന്ന എനിക്ക് എന്നെ നിയന്ത്രിക്കുവാൻ ആയില്ല. നിന്റെ സ്പര്ശനത്തിലെ വിറയ്ക്കുന്ന വിരലുകളുടെ അപരിചിത്വം, അന്ന് എനിക്ക് തിരിച്ചറിയാനായില്ല, ആര്യ പുത്രാ. വർഷങ്ങൾ

കനല്കൊണ്ട് പഴുത്ത മനസ്സിൽ നിന്നും, വാക്കുകൾ പരതിഎടുക്കാൻ ഞാൻ നന്നേ ക്ലേശിച്ചു. മുറിഞ്ഞു പോകുന്ന വാക്കുകളിൽ, കണ്ണീരു കുടിയിരുന്നപ്പോൾ പൊടുന്നനെ ശബ്ദം നഷ്ട്ടപ്പെട്ടവളായി ഞാൻ.വൈകി വന്ന എന്റെ വിവേകങ്ങളിൽ ഞാൻ മനസ്സിലാക്കി, വീണ്ടും തളിർത്തു എന്ന് ഞാൻ കരുതിയ എന്റെ വ്യാമോഹത്തിന്റെ, വിപരീത ദിശകളിലേക്ക്നമ്മൾ പരസപരം പതുകെ വീണ്ടും വലിച്ചെറിയപെടുന്നുവെന്നു.

നിന്റെ അഗ്രജ സ്നേഹത്തിനു മുൻപിൽ, ഒരിക്കലും തീർത്തുവയ്ക്കാനാവാത്ത കർത്തവ്യങ്ങൾക്കു മുൻപിൽ, എന്റെ ഊഴം നിന്നിൽ എന്നും രണ്ടാമതോ, മൂന്നാമതോ ആയിരുന്നുവെന്നു. സത്യത്തിന്റെ തിരിച്ചറിവ് എനിക്ക് ഭയാനകമായിരുന്നു. എന്റെ പുകഞ്ഞ ചിന്തകൾക്കും, തീ പടർന്ന മനസ്സിനുമപ്പുറം ഞാൻ ചൊടികളിൽ പടർത്തിയ മന്ദഹാസങ്ങളിൽ, ആരും ഒന്നും അറിയരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ജാനകി ദേവിയുടെ സംശയ കണ്ണുകളെ പോലും, പലപ്പോഴും ഞാൻ വിദഗ്ദമായി കബളിപ്പിച്ചു കൊണ്ടിരുന്നു, ഇന്നലെ വരെ.

ഇന്ന് ഈ വൈകിയ വേളയിൽ, ഞാൻ അറിയുന്നു, നിന്റെ അഗ്രജ സ്നേഹത്തിന്റെ അഗാധ ആഴങ്ങൾ.നിന്റെ ഖിന്നതയുടെ കാരണങ്ങൾ തേടിയലഞ്ഞ ഞാനെന്ന വിഡ്ഢിക്കറിയില്ലായിരുന്നു, ഇന്നലെ രാവിന്റെ ഒടുവിലത്തെ യാമത്തിൽ, നീ എടുത്ത ക്രൂരമായ ആ അവസാന തീരുമാനത്തെ. സരയുവിലേക്കുള്ള അവസാന പടവിൽ നിൽക്കുമ്പോൾ പോലും, നീ നിന്റെ അഗ്രജ സ്നേഹത്തിന്റെ അഗാധതയിൽ, എന്റെ മുഖം അവസാനമായി ഓർത്തെടുക്കുവാൻ ശ്രമിച്ചിരിക്കില്ല, എന്ന് ഞാൻ മനസ്സിലാക്കുന്നു.അഗ്രജൻ കൊടുത്ത വാക്കിന്റെ കടം വീട്ടാൻ, സ്വന്തം ജീവകണികകൾ സരയുവിൽ ചേർത്ത് വച്ചു അലിയാൻ നീ തീരുമാനിച്ചപ്പോൾ പോലും,നിന്റെ നെഞ്ചിലെ ചൂട് പരതിതളർന്നു നിദ്രകൊണ്ട എന്നെ, നീ മനപ്പൂർവം മറന്നു വച്ചു.ഇന്നലെയുടെ രാവിന്റെ അവസാന യാമത്തിൽ, ചകോരങ്ങൾ വല്ലാതെ മുറവിളി കൂട്ടി ശബ്ദിച്ചിരിക്കാം, എന്നെ ഉണർത്താൻ. എന്റെ സുഷുപ്തിയുടെ ഏതോ ഇടവേളയിൽ, നിശബ്ദനായി,അംഗ വസ്ത്രമുരിഞ്ഞിട്ടു, ആയുധങ്ങൾ ഇല്ലാതെ, നഗ്‌നനായി നീ സരയു തീരത്തേക്ക്നടന്നു പോകും മുൻപ്, നിന്റെ നെഞ്ചിൽ നിന്നും നീ മെല്ലെ ഞാനറിയാതെ എടുത്തു മാറ്റിയത്, എന്റെ മുഖം മാത്രമല്ല മറിച്ചു എന്നെത്തന്നെയായിരുന്നു.

നിയോഗങ്ങൾ തീർത്ത നിന്റെ യാത്രയുടെ അലയടികൾ, കൊട്ടാരത്തിലും, അന്തപുരത്തിലും കെട്ടടങ്ങിയിട്ടില്ല. നിന്റെ അഗ്രജൻ തീർത്തും തളർന്നിരിക്കുന്നു. മൂകത കെട്ടി നിൽക്കുന്ന, ഈ അന്തഃപുര മട്ടുപ്പാവിന്റെ വാതിൽ ഞാൻ ചേർത്തടച്ചു കഴിഞ്ഞു. അനുകമ്പകൾ, സഹതാപങ്ങൾ ഏറ്റു വാങ്ങാൻ എനിക്ക് ഇനി ശക്തിയില്ല. ഈ മട്ടുപ്പാവിൽ അശോക മരത്തിന്റെ ചാഞ്ഞ ചില്ലകളുടെ തണലിൽ ഞാൻ ഇരിക്കുന്നു. എന്റെ പിറവിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ, തിരിച്ചറിയാൻ ആവാതെ. ഒരിക്കലും യാഥാർഥ്യമാവാതെ പോയ, നെയ്തുകൂട്ടിവച്ചു, ഇടയ്ക്കിടെ എടുത്തു നോക്കി നിശ്വസിച്ചു മാറ്റിവച്ച, എന്റെ സ്വപ്നങ്ങൾ കൂടുതുറന്നു, അനുവാദമില്ലാതെ, പറന്നു പോയി കഴിഞ്ഞു.എന്തിനെന്നു, ആർക്കെന്നു അറിയാതെ കരുതിവച്ച അർത്ഥമില്ലാത്ത പ്രതീക്ഷകളുടെ, ഓരോ കാത്തിരിപ്പും ഇനിയില്ലെന്നറിയുന്നു. നിന്റെ ശരികളെ ന്യായികരിക്കാൻ, ഭയത്തോടെ ഞാൻ ഇപ്പോഴും ശ്രമിക്കുന്നു.പൊള്ളിപ്പിടഞ്ഞു പോയ മനസ്സിന്റെ തിരശീലയിൽ, ഞാൻ വരച്ചിട്ട അപൂർണ്ണ ചിത്രങ്ങളിൽ, നീ എത്ര ശ്രമിച്ചാലും മാഞ്ഞു പോകില്ലെന്നും ഞാനറിയുന്നു.ഞാൻ പ്രാർത്ഥിക്കുന്നു, ഉള്ളുരുകി, കലുഷിത മനസിന്റെ തീവ്ര വികാര വിക്ഷോഭത്തിൽ, ഞാനറിയാതെയെങ്കിലും ആര്യപുത്രാ,ഒരു ശാപവാക്കു എന്റെ നാവിൻ തുമ്പിൽ, എത്താതെ പോകട്ടെ. എന്റെ ഉള്ളിടങ്ങളിൽ, എന്നും കനലുപോലെ നീ മാത്രം ജ്വലിച്ചു നിൽക്കുന്നു. നീ കേൾക്കാതെ പോയ, കാണാതെ പോയ, എന്നെ ഇനിയൊരിക്കലും, നിന്നിലേക്കെത്തിക്കുവാൻ ആകില്ലല്ലോ.നിനക്ക് ഒഴിഞ്ഞു പോകാൻ ആവാത്ത എന്റെ ഹൃദയത്തിന്റെ ഒരു അറയൊഴിച്ചു മറ്റെല്ലാം,ദ്രവിച്ചു പോയിരിക്കുന്നു.നീ ഇരിക്കുന്ന അറയുടെ താപനത്തിൽ നീ ഉരുകുമ്പോഴൊക്കെയും, ഞാൻ വരാം,തെളിഞ്ഞ കണ്ണ്നീര് കൊണ്ട് നിന്നെ തഴുകി തണുപ്പിക്കുവാൻ. ഇനി ഞാൻ എന്ത് ചെയ്യണം.? ഈ ചോദ്യം ഞാൻ നിനക്ക് തരുന്നില്ല. എനിക്കുള്ള ഉത്തരങ്ങൾ, എന്നെ തീർന്നു പോയി നിന്റെ പക്കൽ.കുലവും,ദേശവും തീരുമാനിക്കുന്ന ഒരു ത്രിസന്ധയിൽ,നീ തന്ന മന്ത്രകോടിയുടെ ഇപ്പോഴും മാറാത്ത ഗന്ധം വലിച്ചെടുത്തുടുത്തു, ചേർത്തിട്ട ചന്ദന മുട്ടികളിൽ, വിരിച്ച ചമതയിലിരുന്നു,അഷ്ട ഗവ്യങ്ങളിലൂടെ പടർന്നേറുന്ന അഗിനിയിൽ എരിഞ്ഞു തീരുന്ന ഒരു സതിയാവാം, അല്ലെങ്കിൽ കാല, സമയഗണനമില്ലാതെ,നീ നടന്നിറങ്ങിയ പടവുകളിലൂടെ നടന്നു, സരയുവിന്റെ ബാക്കിയാവുന്ന ഒഴുക്കിൽ, ഞാൻ എന്നെയും സ്വയം ചേർത്ത് വയ്ക്കാം.അരക്ഷിതമായി പോകുന്ന എന്റെ അന്ത്യവിധി, ഞാൻ സമയത്തിന് വിട്ടുകൊടുക്കുന്നു. ഈ കൊട്ടാര അകത്തളങ്ങളിൽ, അന്തപുര കക്ഷങ്ങളിൽ,വിരളമായി,ഒരുമിച്ചുറങ്ങിയ സപ്രമഞ്ചത്തിൽ,നിന്റെ കര, പാദ, സ്പര്ശമേറ്റ ഓരോ വസ്തുക്കളിൽ,മഞ്ഞിൽ, മഴയിൽ, മേഘങ്ങളിൽ ഞാനും,എന്റെ നീയറിയാതെ പോയ, ഇന്നും എന്നെ വെന്തു പൊള്ളിക്കുന്ന നഷ്ട്ട പ്രണയവും, ചേർന്ന് തിരഞ്ഞു കൊണ്ടേയിരിക്കും നിന്നെ,നിന്റെ ഗന്ധത്തെ വീണ്ടും ഒരു വിഡ്ഢിയെപ്പോലെ അതുവരെ ……….


ഹരീഷ് മൂർത്തി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ