ദീപാരാധനയ്ക്കുള്ള സമയമായി. ശ്രീലകത്ത് നിന്നുള്ള ദീപം പൂജാരിയിൽ നിന്ന് ഏറ്റുവാങ്ങുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ധൈര്യം തോന്നി.തേവരെ ഒന്നുകൂടി തൊഴുത് ഉറച്ച കാലടികളുമായി മുൻപോട്ട് നടക്കുമ്പോൾ അതിശയം നിറഞ്ഞ ഒത്തിരി കണ്ണുകളിലൂടെ താൻ കടന്നു പോവുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. തന്നെ കാത്തിരിക്കുന്നവരുടെ അരികിലേക്ക്
ദീപവുമായി എത്രയും പെട്ടെന്ന് എത്തണം. ആളുകൾ അവൾക്ക് വഴിമാറിക്കൊടുത്തു. കെടാവിളക്കിലേക്ക് ദീപം പകർന്ന് ഏറ്റെടുത്ത ജോലി തുടങ്ങാൻ മുഹൂർത്തമെത്തുന്നതും കാത്തിരിക്കുമ്പോൾ ഓർമ്മകളുടെ കുത്തൊഴുക്കിലേക്കവൾ തെന്നിയിറങ്ങി.
വരണ്ട കാറ്റ് മലയിറങ്ങി വന്ന ഒരു പകലായിരുന്നു അന്ന്. ചൂടിൻ്റെ പുഴുക്കൽ വല്ലാതങ്ങ് കൂടിയപ്പോഴാണ്
കൈക്കുഞ്ഞായ ഇളയവനേയും ഒക്കത്തെടുത്ത് അവൾ പുറത്തേക്കിറങ്ങിയത്. രണ്ട് വയസ്സായ മൂത്ത കുഞ്ഞ് തൊട്ടടുത്തുള്ള അച്ഛൻ വീട്ടിലേക്ക് അമ്മൂമ്മയോടൊപ്പം പോയതാണ്. പോയിട്ടിപ്പോ കുറച്ചു നേരമായി. തിരികെ വരാറായല്ലോ. എന്താണോ എത്താൻ വൈകുന്നത്?ആകെയൊരസ്വസ്ഥത ചുറ്റിവരിയുന്നു
ഉമ്മറത്തിരുന്ന് റോഡിനപ്പുറത്തുള്ള മലയും നോക്കിയിരിക്കാൻ നല്ല സുഖമാണ്.മേഘങ്ങൾ മലയെ ചുറ്റി എവിടേക്കോ തിരക്കിട്ട് പോകുന്നത് കാണാം. ചരിവിലൊക്കെ നേരത്തെ നിറയെ മരങ്ങളായിരുന്നുവെന്ന് ഭർത്താവ് പറയുമായിരുന്നു. ആ കാലത്തൊക്കെ മഴയും മഞ്ഞും അവിടെയെപ്പോഴും പെയ്യുമായിരുന്നുവത്രേ. ചൂടുകാലം പോലും കഷ്ടപ്പെടുത്താറില്ലായിരുന്നൂന്ന് കേൾക്കുമ്പോൾ താൻ അന്തം വിട്ടിരിക്കും. ഇപ്പോ അവിടെയെങ്ങും ഒറ്റമരമില്ല. ചെമ്മണ്ണ് കോരിയെടുക്കുന്ന യന്ത്രത്തിൻ്റെ മുരൾച്ച കേൾക്കാം. എന്നാണോ ഇനിയൊരു മഴക്കാലത്ത് ഈ മല ഒലിച്ചുപോകുന്നത്? അവശേഷിക്കുന്ന ഇത്തിരി മണ്ണിനടിയിൽ തങ്ങളും പെട്ടുപോകും.
പതിവില്ലാതെ വേണ്ടാത്ത ചിന്തകളാണല്ലോ തന്നെയിന്ന് കെട്ടി മുറുക്കുന്നതെന്ന് അവളോർത്തു.
ഏതായാലും കുഞ്ഞിനേം കൊണ്ട് അമ്മ വരുന്നുണ്ട്. സമാധാനമായി. ആള് നല്ല ഉറക്കമാണ്. അകത്ത് കിടത്തിയിട്ട് അമ്മ ഉമ്മറത്തേക്ക് വന്നു.ചേട്ടനിന്ന് വരില്ല. അതുകൊണ്ട് തനിക്കും മക്കൾക്കും കൂട്ടിന് അമ്മയുണ്ടാവുമിവിടെ. സന്ധ്യയാകുന്നു.
വിളക്ക് വെയ്ക്കാനായി അമ്മ അകത്തേക്ക് പോയി. ദീപാരാധന കഴിഞ്ഞ് അമ്പല നട തുറക്കുമ്പോഴാണ് കെടാവിളക്കിൽ പകരാനുള്ള ദീപം ശ്രീലകത്തു നിന്ന് കൊടുക്കുക. അത് വാങ്ങാനുള്ള ഒരുക്കത്തിലായിരിക്കും ചേട്ടനിപ്പോൾ .
മലയടിവാരത്ത് ഇരുട്ടു പരക്കുന്നത് കാണാൻ നല്ല ശേലാണ്. കുങ്കുമ നിറം തൂവിയ പോലെയാവും ആകാശം. പിന്നെ മെല്ലെ മെല്ലെ നിറങ്ങൾ മാറി മാറി അഴകു വിടർത്തും. ഉത്സവത്തിന് പല വർണ്ണത്തിലെ പടക്കങ്ങൾ ആകാശത്ത് നിറങ്ങളുടെ പ്രപഞ്ചം തീർക്കും പോലെയാണത്. അവളറിയാതെ ഒരു നെടുവീർപ്പവളിൽ നിന്നുയർന്നു.
വർണ്ണങ്ങളുടെ കുടമാറ്റത്തിന് ശേഷം മെല്ലെ മെല്ലെ ഇരുൾ മറ നീക്കിയെത്തും.അടിവാരമാകെ ഇരുട്ട് നിറയും. രാത്രിയെത്തി.ഇനിയാകെയുള്ള ശബ്ദം ചീവീടുകളുടെ രാഗ വിസ്താരം മാത്രമാണ്. പക്ഷേ പടക്കങ്ങൾ പൊട്ടുന്ന ശബ്ദമാണ് താൻ കേൾക്കുന്നത്. അമ്മയങ്ങനൊന്നും കേട്ടില്ലാന്നാ പറയുന്നത്. പിന്നെന്താ തനിക്കു മാത്രമങ്ങനെ തോന്നുന്നത്. അവൾ ഓരോന്നോർത്തു കൊണ്ട് മക്കളെ ചേർത്തു പിടിച്ചുറങ്ങാൻ ശ്രമിച്ചു. ഉറങ്ങാനാവാതെ തിരിഞ്ഞും മറിഞ്ഞും കിടന്നൊരു വിധത്തിൽ അവൾ നേരം വെളുപ്പിച്ചു.
അമ്മയുടെ കരച്ചിലല്ലേ കേൾക്കുന്നത് എന്നോർത്ത് അവൾ ഉരുണ്ടുപിരണ്ടെണീറ്റ് ഉമ്മറത്തേക്കോടി.
നാട്ടുകാരും ബന്ധുക്കളുമായി കുറേപ്പേർ അമ്മയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു. അവൾ വരുന്നതു കണ്ട് അവർ എന്തൊക്കെയോ ശബ്ദം താഴ്ത്തി പറയുന്നുണ്ടായിരുന്നു. ഒടുവിൽ അടുത്ത ബന്ധുക്കളിലൊരാൾ അവൾക്കരികിലെത്തി കാര്യം പറഞ്ഞു.
ജോലിക്ക് പോയ ഭർത്താവ് ഇന്നലെ ജോലി സ്ഥലത്തുണ്ടായ ഭീകരമായ അപകടത്തിൽ മരണമടഞ്ഞു.
കരയാൻ പോലുമാവാതെ സ്തംഭിച്ചവൾ നിന്നു പോയി! സഹതാപം നിറഞ്ഞ കണ്ണുകൾ അവൾക്കു ചുറ്റും തീവലയങ്ങൾ തീർത്തു. ഉത്സപ്പറമ്പിലെ വെടിക്കെട്ടു പോലെ.
പിന്നെയങ്ങോട്ട് കഷ്ടപ്പാടിൻ്റെ ദിനങ്ങളായിരുന്നു.ഇത്തിരിയുള്ള രണ്ടു കുഞ്ഞുങ്ങളെ വളർത്തിയെടുക്കണം.
സഹതാപത്തിൻ്റെ തീവലയങ്ങളിൽ നിന്ന് രക്ഷപ്പെടണമെന്ന വാശിയവളിൽ നിറഞ്ഞു. ഇപ്പോഴവളുടെ മുൻപിൽ ആകാശവും മലയും അസ്തമന ഭംഗിയുമില്ല. ആകെയുള്ളത് കുഞ്ഞുങ്ങളുടെ കണ്ണിലെ വെളിച്ചം മാത്രമാണ്.അതാണവളുടെ ഉദയവും അസ്തമനവും.
നീണ്ട പതിനഞ്ചു വർഷങ്ങൾ കടന്നു പോയി. അല്ല ഓടിപ്പോയി എന്നു വേണം പറയാൻ. തൻ്റെ പ്രാണനായവൻ
ചെയ്തു കൊണ്ടിരുന്ന ജോലി താൻ പഠിക്കാൻ തുടങ്ങി. വിലക്കാൻ ഒത്തിരി ആൾക്കാർ ഉണ്ടായിരുന്നു. ആണുങ്ങൾ ചെയ്യേണ്ട ജോലിയാണത്. അപകടം പിടിച്ചത്. മറ്റെന്തെങ്കിലും ജോലി നോക്കിക്കൂടേന്നാണെല്ലാവരും ചോദിക്കുന്നത്. ഒരു കാലത്ത് തൻ്റേം മക്കൾടേം വിശപ്പടക്കിയ ആ ജോലി തന്നെ മതി തനിക്കെന്നവൾ തീരുമാനിച്ചു. അവളത് ഉച്ചത്തിൽ പറയുകയും ചെയ്തു. ഒടുവിൽ താൻ അതിൽ പ്രാവീണ്യമുള്ളവളായിത്തീർന്നു.
ജോലികഴിഞ്ഞെത്തുന്ന ഭർത്താവിൻ്റെ കൈവിരലുകളിലെ കരി ഉരച്ചു തേച്ചു കളയുന്നതിനിടയിൽ അവൾ എന്നും ചോദിക്കുമായിരുന്നു മറ്റെന്തെങ്കിലും ജോലി നോക്കിക്കൂടേ എന്ന്. പക്ഷേ അപ്പോഴൊക്കെ അദ്ദേഹത്തിൻ്റെ മറുപടി “ഇത് സത്യമുള്ള ജോലി. തേവർക്കിഷ്ടമുള്ളത്. മറ്റാരെക്കൊണ്ടാവും കുറേ സമയം ഏതോ മായിക ലോകത്താൾക്കാരെയെത്തിക്കാൻ .” കരിപുരണ്ട സ്വന്തം കൈവിരലുകൾ ഉരച്ചു കഴുകുന്നതിനിടയിൽ അവളതോർത്തു.
“തിരി കൊളുത്തിക്കോളൂ മോളേ. മുഹൂർത്തമായി. തേവരെ നല്ലോണം മനസ്സിൽ പ്രാർത്ഥിച്ചോളൂ!”
പുരയിലെ കാരണവർ പറഞ്ഞു. ഓർമ്മകളുടെ നിലയില്ലാക്കയത്തിൽ നിന്നും അവൾ പിടഞ്ഞെണീറ്റു. മെല്ലെ
കെടാവിളക്കിൽ നിന്നും തിരിതെളിയിച്ചു.
തേവരെ നമിച്ചു.പടക്കപ്പുരയിൽ നിന്നും ദീപവുമായി അവൾ ആദ്യപടക്കത്തിന് തിരികൊളുത്തി. പടക്കങ്ങൾ ഓരോന്നായിപൊട്ടിത്തുടങ്ങി. ആകാശത്ത് ചായക്കൂട്ടുകൾ കൊണ്ടെന്ന പോലെ പുതിയ പുതിയ ചിത്രങ്ങൾ എഴുതിക്കൊണ്ടേയിരുന്നു. മറ്റേതോ മായിക ലോകത്തെത്തിയ ജനസാഗരം ആരവമുയർത്തിക്കൊണ്ടേയിരുന്നു.
അവൾ അനന്തമായ ആകാശത്തേക്ക് മിഴികളയച്ചു. അവിടെ എവിടെയോ ഇരുന്ന് തൻ്റെ കുഞ്ഞുങ്ങളുടെയച്ഛൻ തനിക്കേറെ പ്രിയപ്പെട്ടവൻ എല്ലാം കാണുന്നുണ്ടാവാം. ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ തൻ്റെ ജീവന് ഗന്ധകത്തിൻ്റെ മണമാണെന്നവളോർത്തു.
സഹതാപത്തിൻ്റെ അഗ്നി വലയങ്ങൾക്കു പകരം ഇപ്പോൾ എല്ലാ കണ്ണുകളിലും ആരാധന നിറയുന്നതവൾക്ക് കാണാമായിരുന്നു. ആണുങ്ങൾക്ക് മാത്രമുള്ള ജോലിയെന്ന് പറഞ്ഞ് തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചവർക്ക് നൽകാൻ ഇന്ന് അവളുടെ കൈയിൽ മറുപടിയുണ്ട്. പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെ വിശപ്പിന് മുൻപിൽ
ഒരു ജോലിയും ആരുടേയും കുത്തകയല്ല. ആത്മവിശ്വാസമുള്ളവൾക്കിങ്ങനെ ആകാശത്ത് നിറങ്ങൾ വാരി വിതറുന്ന കരിമരുന്നു പ്രയോഗവും ചെയ്യാവുന്നതേയുള്ളു. ഇടയ്ക്കിടെയുള്ള ഈ തിരിഞ്ഞുനോട്ടങ്ങൾ തനിക്കു പകരുന്ന കരുത്താണ് മുൻപോട്ടുള്ള ജീവിതത്തിൻ്റെ മൂലധനമെന്നവൾക്കറിയാമായിരുന്നു.
അജിത.വി. അമ്പലപ്പുഴ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ