കർക്കിടകത്തിലെ കറുത്ത കാർമേഘങ്ങൾ നീങ്ങി, ചിങ്ങം പുലർന്നെങ്കിലും.. എൻറെ മനസ്സിൽ വേദനകളുടെ ഇരുണ്ട മേഘങ്ങൾ ഇപ്പോഴും മൂടി തന്നെ നിൽക്കുകയാണ്..
ഒരു ഇടിമുഴക്കം പോലെ.. പഴയ ഓർമ്മകൾ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു…
നാടോട്ടാകെ ഓണാഘോഷത്തിന്റെ തിമിർപ്പിലാണെങ്കിലും.. ഞാൻ വേദനകളെയും വാരിപ്പുണർന്ന് നീറി നീറി തേങ്ങുകയാണ്…
അരികിൽ വന്നിരുന്ന്.. നെറുകയിൽ തലോടിക്കൊണ്ട് അമ്മ പറഞ്ഞു..
മറക്കണം മോനെ… ജീവിതം ഒന്നേയുള്ളൂ.. അത് നിന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കണം.. അല്ലാതെ നിൻറെ സ്നേഹം തിരിച്ചറിയാത്തവരെ ഓർത്ത് എൻറെ കുട്ടി ഇനിയും വിഷമിപ്പിക്കരുത്..
വാ മോനെ.. കുടുംബക്കാർ എല്ലാവരും എത്തിയിട്ടുണ്ട്.. അവർ നിന്നെയാണ് കാത്തിരിക്കുന്നത്..
ദുഃഖത്തിന്റെ വീർപ്പുമുട്ടലിൽ ആണെങ്കിലും.. അമ്മയുടെ ക്ഷണം ഞാൻ നിരസിച്ചില്ല.. മുറിയിൽ നിന്ന് അമ്മയുടെ കൂടെ മെല്ലെ പുറത്തിറങ്ങി..
കുട്ടികളും മുതിർന്നവരുമെല്ലാം ഒത്തുകൂടി നാളെ തിരുവോണത്തിന് പൂക്കളമൊരുക്കാൻ വേണ്ടി മുറ്റത്ത് കളം വരക്കുന്ന തിരക്കിലാണ്.. ഓരോരുത്തർ പല അഭിപ്രായങ്ങൾ പറഞ്ഞു ആകെ ബഹളം.. അതിനിടയിൽ എന്നെ കണ്ടതും അലക്സ് അച്ചായൻ, ചാടി എഴുന്നേറ്റ് ഓടി എൻറെ അരികിൽ വന്നു പറഞ്ഞു..
എന്നടാ റോയി ഇത്.. കൊല്ലം കുറെ ആയല്ലോ.. വിട്ട്കള… പോയോള് പൊക്കോട്ടെ.. കൊല്ലത്തിൽ ഓണത്തിനും ക്രിസ്മസിനുമാത്രമാണ് ഈ ഒത്തുകൂടുന്നത്.. നീയില്ലാതെ ഞങ്ങക്കൊക്കെ എന്ത് ആഘോഷാ ഉള്ളെ…..
അലക്സ് അച്ചായൻ അത് ചുമ്മാ പറഞ്ഞതല്ല.. ഒരുകാലത്ത് എല്ലാത്തിനും ഓടിനടക്കാൻ, മുൻപന്തിയിൽ ഞാനായിരുന്നു ഉണ്ടാവുക.. സദ്യ ഉണ്ടാക്കാനും പൂക്കളം ഒരുക്കാനും ഊഞ്ഞാല് കെട്ടാനും എന്തിനേറെ വീട്ടിൽ ഒച്ചയും ബഹളവും ഉണ്ടാക്കാൻ പോലും എന്നും മുൻപന്തിയിൽ ഞാനുണ്ടായിരുന്നു..
ആ എന്നെ, എനിക്കുതന്നെ നഷ്ടപ്പെട്ടിട്ട് അഞ്ചുവർഷമായി…
ജീവനോളം സ്നേഹിച്ച റിൻസി, എന്നെ ആയിരുന്നില്ല സ്നേഹിച്ചത് എന്ന് ഞാൻ തിരിച്ചറിയാൻ വൈകിപ്പോയി..
എൻറെ ഇഷ്ടം അവളോട് തുറന്നു പറയാനുള്ള ചങ്കൂറ്റം എനിക്ക് അന്ന് ഉണ്ടായിരുന്നില്ല.. ഞാൻ പറയുമ്പോഴേക്കും.. എൻറെ ആത്മാർത്ഥ സുഹൃത്തായ ജോർജുമായി അവളുടെ വിവാഹ നിശ്ചയത്തോളാം കാര്യങ്ങൾ എത്തിയിരുന്നു..
എല്ലാവരുടെ മുന്നിലും ഞാൻ അന്ന് നാണംകെട്ടു പോയി…
എല്ലാം മറന്നുവെന്ന് ഞാനിപ്പോൾ അഭിനയിച്ചു തുടങ്ങുകയാണ്.. മറന്നുവെന്ന് മനസ്സിന് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു എന്നു പറയുന്നതാണ് ഉചിതം..
എന്നെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയിട്ടാവും.. വിവാഹശേഷം ഇരുവരും എൻറെ കൺവെട്ടത്ത് വന്നിട്ടില്ല. എവിടെയോ ഒളിച്ചു ജീവിക്കുകയാണ് പാവങ്ങൾ..
അതിനാൽ തിരുവോണനാളിൽ ഇരുവരെയും കണ്ടെത്താൻ തന്നെ ഞാൻ തീരുമാനിച്ചു..
റബർ തോട്ടത്തിന്റെ രാജാവായ കോട്ടയത്തേക്ക് അങ്ങ് വച്ചു പിടിച്ചു.
വിശാലമായ റബ്ബർ തോട്ടത്തിനിടയിലൂടെ ബുള്ളറ്റ് ഓടിക്കുമ്പോ തണുത്ത ശീതകാറ്റ് വീശുന്നുണ്ടായിരുന്നു..
അത് മനസിനെ വല്ലാതെ തണുപ്പിച്ചു.. കുന്നുകളും വളവും തീരിവും ഉള്ള ആ റബർ തോട്ടത്തിലുടെ ആറ് മണിക്കൂര്‍ നീണ്ട യാത്രക്കൊടുവിൽ…
ഒരുപാട് അന്വേഷിച്ചിട്ടാണെങ്കിലും ഒടുവിൽ ഞാൻ ആ, വീട്ടുമുറ്റത്തെത്തി..
പതിയെ ബുള്ളറ്റിൽ നിന്നും ഇറങ്ങി നടന്നു..
വീടീന്റെ മുൻ ഭാഗത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല.. പിറകുവശത്തേക്ക് പോയപ്പോൾ വിറകു വെട്ടുന്ന ഒരാളെ എനിക്കു കാണാമായിരുന്നു..
“എടാ ഉവ്വേ ഒളിച്ചു നിന്ന ഞാൻ കണ്ട് പിടിക്കകയാല എന്ന് കരുതി യോ ഇയ്യ്”
ഞാൻ അവൻ്റെ പിറകിൽ നിന്നുകൊണ്ട് ചോദിച്ചപോ അവൻ അന്തം വിട്ടപോലെ എന്നെ നോക്കുന്നുണ്ടായിരുന്നു..
എന്താടാ ഇയ്യ് പന്തം കണ്ട പെരുച്ചാഴി യെ പോലെ നോക്കണേ
ഞാൻ അവൻെറ തോളിൽ കൈവച്ച് ഒന്നും സംഭവിക്കാത്തത് പോലെ സംസാരിച്ചു…
എന്നെ കണ്ടതും അവന്റെ കണ്ണുകൾ നിറഞ്ഞു… ഒന്നും പറയാനാവാതെ അവൻ എന്നെ നെഞ്ചോട് ചേർത്തു പിടിച്ചു..
സോറിടാ… അതു മാത്രമേ അവനു പറയാൻ സാധിച്ചുള്ളൂ..
ഏയ്.. ഇയ് കരയുവാണോ.. അയ്യേ..
വാക്കുകൾ വഴിമുട്ടിയപ്പോൾ അവൻ എന്നെ വീട്ടിനകത്തേക്ക് ക്ഷണിച്ചു..
വീടും പരിസരത്തും ദാരിദ്ര്യം വിളിച്ച് ഓതുന്നുണ്ടെങ്കിലും.. മുറ്റത്ത് വലിയൊരു പൂക്കളം ഒരുക്കിയിട്ടുണ്ട്..
നിറഞ്ഞ പുഞ്ചിരിയോടെ റിൻസിയും ഞങ്ങൾക്കരികിലേക്ക് വന്നു..
നീ എങ്ങനെ എന്നെ കണ്ട് പിടിച്ചെ ടാ..
മടിച്ചു മടിച്ചു അവൻ ചോദിച്ചപ്പോൾ ഉള്ളു ഒന്ന് തേങ്ങി എങ്കിലും.. പ്രയാസപ്പെട്ട് മുഖത്ത് പുഞ്ചിരി ഒരുക്കി ഞാൻ മറുപടി കൊടുത്തു..
എടാ ജോർജേ നീ ഏതു മാള ത്തിൽ ആണേലും ഞാൻ കണ്ട് പിടിച്ചിരിക്കും.. കാരണം നിങ്ങൾ രണ്ടുപേരും എന്റെ ജീവനായിരുന്നില്ലേ ടാ.
ഞാനത് പറഞ്ഞപ്പോൾ ജോർജിന്റെയും റിൻസിയുടെയും കണ്ണുകൾ നിറഞ്ഞു..
ഉടനെ ഞാൻ ആ മൂകത മാറ്റിയെടുത്തു…
തിരുവോണമായിട്ട് സദ്യ ഒന്നു ഇല്ലേ അളിയ.. പഴയ കഞ്ഞി കളി തന്നെയാണോ ഇപ്പോഴും..
അതു പറഞ്ഞതും ജോർജ് ചിരിച്ചു പോയി…
ഉണ്ട് അളിയ.. ഒരുപാട് വിഭവങ്ങൾ ഒന്നും ഇല്ലെലും സദ്യ ഒരുക്കിയിട്ടുണ്ട്..
നീ കൈയ്യ് കഴുകി വാ..
കൈയ്യും കഴുകി ഞാൻ ചെന്നപ്പോൾ കുഞ്ഞു ഇലയിൽ സാമ്പാർ അവിയൽ ഉപ്പേരി പപ്പടം അച്ചാർ കുട്ടൂകറി അങ്ങനെ നീണ്ടുനിൽക്കുന്ന വിഭവങ്ങൾ തയ്യാറാക്കി വച്ചിരിക്കുകയാണ്..
ജോർജിന്റെയും റിൻസിയുടെയും ഇരുവരുടെ മക്കളുടെയും കൂടെ ഇരുന്ന് വയറുനിറയെ സദ്യ കഴിച്ചു..
പിന്നെ ഓണപ്പാട്ടും പാടി.. പരസ്പരം ഓർമ്മകളും പങ്കുവെച്ചു രാവേറുവോളം അവരുടെ കൂടെത്തന്നെ അവരിൽ ഒരാളായി പങ്കുചേർന്നു..
ഒടുവിൽ ഇരുവരോടും യാത്ര പറഞ്ഞു ഞാനവിടെ നിന്നും ഇറങ്ങി..
മനസ്സിലുണ്ടായിരുന്ന വലിയൊരു ഭാരം ഇറക്കിവെച്ച ആശ്വാസമുണ്ടായിരുന്നു എനിക്ക്..
വീട്ടിൽ തിരിച്ചെത്തിയപ്പോൾ എനിക്ക് എന്നെ തന്നെ തിരിച്ചു കിട്ടിയത് പോലേ തോന്നി..
നൊമ്പരങ്ങളെ കുഴിച്ചുമൂടി അന്ന് തൊട്ട് ഞാനൊരു പുതിയ മനുഷ്യനായി ജീവിച്ചു തുടങ്ങി..
ആ തിരുവോണം ദിവസം ഒരിക്കലും മറക്കാനാവാത്ത ദിവസമായി ഇന്നും എൻറെ മനസ്സിൽ ഇരിപ്പുണ്ട്…
റഫ്‌സാന ഖാദർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ