അതിരാവിലെ തന്നെ കുളിമുറിയിൽ കയറി തലേ രാത്രിയിൽ ഭർത്താവ് തൻ്റെ ദേഹത്തുപേക്ഷിച്ച ശുക്ലവും ഉമിനീരും കഴുകിക്കളഞ്ഞ് കുളിച്ചു തോർത്തി കണ്ണാടിയിൽ നോക്കിയപ്പോൾ അവളുടെ പ്രതിഛായ പറഞ്ഞു തുടങ്ങി ..
കാലമേറയായി.. മുടിയിഴകളിൽ നരവീണു തുടങ്ങി .. കണ്ണിലെ പ്രകാശമണഞ്ഞു. കവിൾത്തുടിപ്പുമാഞ്ഞു പോയി. ശിഷ്ട ജീവിതത്തിനായി ഇനിയെങ്കിലും നിനക്ക് പുറത്തിറങ്ങിക്കൂടേ..
നനവെല്ലാം തുടച്ചു മാറ്റി പുതുവസ്ത്രങ്ങളിഞ്ഞ് അടുക്കളയിലെത്തിയപ്പോൾ ചുമരിലെ ക്ലോക്കു പറഞ്ഞു: ഇന്നു നീ പത്തു മിനിട്ട് വൈകിപ്പോയിട്ടുണ്ട്. സമയ നിഷ്ടയില്ലാത്ത ജീവിതം നിനക്കു പാടുള്ളതല്ല.
പാത്രത്തിലെ ചായ പുറത്തേക്കു തിളച്ചു തൂവി കൈപ്പത്തിയെ പൊള്ളിച്ചു. അതവൾ കാര്യമാക്കിയില്ല. അല്ലെങ്കിൽ ശീലം കൊണ്ടത് അവൾക്കു സഹനീയമായിരിക്കുന്നല്ലോ ..
തലേ ദിവസം അരച്ചുവെച്ച ദോശമാവിൽ ഉപ്പു ചേർത്തിളക്കി പാചകത്തിൻ്റെ അടുത്ത ഘട്ടത്തിലേക്കു കടന്നു. പതിവില്ലാത്ത വിധം നേരിയതായി പരക്കാൻ വിസ്സമ്മതിച്ച് ദോശമാവ് കട്ട കെട്ടി അവളെ പരിഹസിച്ചു കൊണ്ടിരുന്നു. നെയ്മണം പരക്കുന്ന മൊരിഞ്ഞ ദോശയെന്ന സ്വപ്നത്തിൽ നിന്നു നിൻ്റെ ജീവിതത്തെ പുറത്തേക്കൂ നയിക്കൂ എന്ന ഓർമപ്പെടുത്തലിൽ അവൾ കുറച്ചു നേരം കുഴങ്ങി നിന്നു.
വേദനിക്കുന്നില്ല എന്നതുകൊണ്ടു മാത്രം ഒരു ജീവിയെ നിരന്തരം പീഡിപ്പിക്കുന്നത് കുറ്റകരമല്ലാതാകുന്നില്ല എന്ന വാചകം അസ്ഥാനത്താണ് അവിടെ കയറി വന്നത്. സാരമില്ല പോട്ടെ.. എന്നു പറഞ്ഞവൾ മായ്ച്ചുകളഞ്ഞിട്ടും അക്ഷരപ്പാടുകൾ അവിടവിടെ മായാൻ കൂട്ടാക്കാതെ തെളിഞ്ഞു നിന്നു.
ഇനി വേണ്ടത് ഒരു കറിയാണ്. പരിപ്പിനോടൊപ്പം ചേർക്കേണ്ട കഷണങ്ങൾ തെരഞ്ഞെടുത്ത് കഴുകി മുറിക്കുമ്പോഴാണ് കത്തിയൊന്നു പാളിയത്. മോതിരവിരലിൽ ആഴത്തിലൊരു മുറിവുണ്ടാക്കി രക്തം പുറത്തേക്കൊഴുകി. ഓരോ കഷണങ്ങളിലും പടർന്ന് അവയെ ചുവപ്പാക്കിക്കൊണ്ടിരുന്നു.
അപ്പോഴവൾ ഓർത്തത് അച്ഛനേക്കുറിച്ചായിരുന്നു. ചില സ്വപ്ന സാക്ഷാത്ക്കാരങ്ങൾക്കായി ജയിലറയിൽ അച്ഛനൊഴുക്കിയ രക്തം വഴി മാറിയൊഴുകിയതും എവിടെയുമെത്താതെ മണ്ണിൽ ലയിച്ചതും അവളോർത്തു പോയി. കൂടെ എൻ്റെ രക്തവും മാംസവും നിങ്ങൾക്കായി വിളമ്പുന്നു എന്ന് യേശു പറഞ്ഞതും.
തൻ്റെ രക്തം കേവലമൊരു പാചകക്കുറിപ്പിൽ പരക്കുകയാണ്. അടുക്കളയിലെ ഒരു നേരത്തെ ഭക്ഷണത്തിലൊതുങ്ങുകയാണ്. അൽപ്പാഹാരി കഴിച്ചുമിച്ചം വെക്കുന്ന അവശിഷ്ടത്തോടൊപ്പം വെയ്സ്റ്റു ബക്കറ്റിലെ മാലിന്യമായി മാറുകയാണ്..
പിന്നീടവൾ രക്തത്തെക്കുറിച്ചോർത്തത്, തൻ്റെ ആദ്യ രക്തത്തെക്കുറിച്ചായിരുന്നു. ഇണ ചേരാൻ പാകമായി എന്ന് വിളമ്പരപ്പെടുത്തി തൻ്റെ കാലിലൂടെ ഒലിച്ചിറങ്ങിയ ആദ്യ രക്തവും ഇനി പാലിക്കേണ്ട നിയമാവലികളുമായി അപ്പോൾ ജീവിച്ചിരിക്കുന്നവരും മരിച്ചു പോയതുമായ ഏതാനും കുലസ്ത്രീകൾ അവൾക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടതും. ഇനി അവൾ പാലിക്കേണ്ട ജീവിതചര്യകളെ അവർ അവിടെ വിളമ്പരപ്പെടുത്തി. ഭതൃപാദങ്ങളിൽ നമസ്കരിക്കേണ്ടതും ശിശു പരിപാലനവും വൃദ്ധജന ശുശ്രൂഷയും ഗൃഹം മോടിപിടിപ്പിക്കുന്നതുമൊക്കെ അതിൽപ്പെടുമായിരുന്നു. തൂവലുകൾ മുളച്ചുതുടങ്ങിയ ചിറകുകൾ ഇനി അപകടകാരിയാകുമെന്ന് അവർ പറഞ്ഞു. അല്ലെങ്കിലെന്തിനു ഇനി ചിറകുകൾ: മുട്ടകളെ അടവെക്കുവാൻ അവളുടെ കാലുകൾക്കിടയിൽ ഇടമുണ്ടല്ലോ..
ചുമർ ക്ലോക്കിലേക്കവൾ എത്തിനോക്കി. സമയം ഒമ്പതു കഴിഞ്ഞ് പത്തു മിനിട്ട്. മറ്റുള്ളവർക്കു വായിച്ചെടുക്കാനാവാത്ത പല കാരണങ്ങളാലും ആ സമയം അവിടെ നിലച്ചു.
വിലാസിനി രാജീവൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ