അങ്ങനെ അതും കഴിഞ്ഞു! ഒരു കളിക്കും, കളിക്കാർക്കും, പന്തിനും പുറകേ ചുറ്റിത്തിരിയുകയായിരുന്നു ലോകം കഴിഞ്ഞ കുറേ നാളുകൾ. കലാശക്കൊട്ടു കഴിഞ്ഞു. മികച്ചവർ ജയിച്ചു! തികഞ്ഞവൻ ഉയർത്തി! വിയർത്തവർ നേടി! കളിച്ചവൻ തകർന്നു! ഉദിച്ചവർ തിമിർത്തു! കിതച്ചവർ പിരിഞ്ഞു! ചിരിച്ചവർ കരഞ്ഞു! കരഞ്ഞവർ ചിരിച്ചു!
കുറേ നല്ല ഓർമ്മകൾ ബാക്കിയാക്കി താരകങ്ങൾ അരങ്ങൊഴിഞ്ഞു. ഖത്തർ ലോകകപ്പ് ചില ഓർമ്മകൾ മാത്രമല്ല ബാക്കിയാക്കിയത്, ഓർമ്മപ്പെടുത്തലുകൾ കൂടിയാണ്.
മുപ്പതുലക്ഷം ആൾക്കാർ മാത്രം വസിക്കുന്ന ഒരു ചെറിയ രാജ്യത്തിന് ഒരു വലിയ കായികമാമാങ്കം കെങ്കേമമായി നടത്താനാകുമോ എന്ന വലിയ ചോദ്യത്തിന് ഖത്തർ നൽകിയ മറുപടി ‘ഉജ്ജ്വലം’ എന്നതിൽ കുറഞ്ഞതൊന്നുകൊണ്ടും വിശേഷിപ്പിക്കാനാകില്ല. ലോകം കണ്ടതിൽ വച്ചേറ്റവും മികച്ച രീതിയിൽ നടത്തിയ ഉലകകോപ്പയാണ് കടന്നുപോയത്. ഖത്തർ എന്ന ചെറിയ ‘ഇമ്മിണിവലിയ’ രാജ്യം, എന്നാ കളിയാ സാറെ കളിച്ചേ? ഇതിനുപുറകിൽ കുറേ മലയാളികളുടെ കഠിനാദ്ധ്വാനവും ഉണ്ടായിരുന്നുവെന്ന് കണ്ണടച്ച് പറയാം. സ്വന്തം മണ്ണിൽ ഇതുപോലൊന്ന് നടത്താൻ നമ്മുടെ നാട്ടിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒരുവർക്കും കിട്ടിയേക്കില്ല ഈ ഭാഗ്യം. കഴിവും വിഭവങ്ങളും ഇല്ലാഞ്ഞിട്ടല്ല, നടത്തിക്കുകേലല്ലോ, ‘ബടുക്കൂസ്’ രാഷ്ട്രീയദല്ലാളൻമ്മാർ! ചക്കരക്കുടത്തിൽ കൈയ്യിടാൻ കൊടിയുടെ നിറം നോക്കണ്ടല്ലോ. ഒരു കോമൺവെൽത്ത് ഗെയിംസ് നടത്തിയതിൻ്റെ ഓർമ്മയില്ലേ? ഓ …പറഞ്ഞിട്ടെന്തിനാ!
ഖത്തറിലേക്ക് തിരിച്ചുവന്നാൽ, പലതുണ്ട് പറഞ്ഞുവയ്ക്കാൻ.
മദ്യപിച്ചു മദോന്മത്തരാകാതെയും, വല്ലവൻറെ തല്ലുവാങ്ങാതെയും കാൽപ്പന്ത്കളി കാണാം എന്ന് മനസ്സിലാക്കിതന്നു, ഖത്തർ. ഫുട്ബോൾ ഭ്രാന്തൻമാർക്കൊന്നും ഖത്തറിൽവച്ച് നൊസ്സുവന്നില്ല. ഒരു തീവ്രവാദിയും തിരിഞ്ഞു നോക്കിയതുപോലുമില്ല. ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും പ്രത്യേക പരിഗണനകൾ ലഭിച്ചു. മനോഹരങ്ങളായ എല്ലാ സൗകര്യങ്ങളോടും കൂടിയ മൈതാനങ്ങളും, യാത്രാ സൗകര്യങ്ങളും എന്നുവേണ്ടാ, എല്ലാം കൊണ്ടും പൊളിച്ചടുക്കി ഖത്തർ. പെട്രോഡോളറിന് നന്ദിപറയണം. പൊളിച്ചടുക്കുന്ന കാര്യം പറഞ്ഞപ്പോഴാണ്, കെട്ടിയതു പലതും ഇനി പൊളിക്കും എന്നും കേൾക്കുന്നു. അതെന്തെങ്കിലുമാകട്ടെ, ഇനി കളിയിലേക്ക് വരാം.
മൊറോക്കോ സെമിയിൽ കളിക്കുമെന്ന് മൊറോക്കോമുത്തപ്പൻ പോലും സ്വപ്നം കണ്ടിട്ടുണ്ടാവില്ല. അർജന്റീനയെ സൗദി തോൽപ്പിക്കുമെന്ന് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് പോലും കളി പറഞ്ഞിട്ടുണ്ടാവില്ല. സോക്കറൂസ് (ഓസ്ട്രേലിയ) ഡെന്മാർക്കിനെ തകർക്കുമെന്നോർത്തു ഒരു കങ്കാരുവും ചാഞ്ചാടിയിട്ടുണ്ടാവില്ല. സ്പെയിനിനെ തോൽപ്പിക്കാമെന്നോർത്തു ഒരു ജപ്പാൻകാരനും ജ്വരം വന്നിട്ടുണ്ടാവില്ല. റൊണാൾഡോവിന്റെ പോർച്ചുഗലിനെ തോൽപ്പിച്ച കഥ സിനിമയാക്കാമെന്നോർത്തു ഒരു സൗത്ത്കൊറിയൻ സംവിധായകനും തിരക്കഥ എഴുതിയിട്ടുണ്ടാവില്ല. പക്ഷെ ഇതൊക്കെ സംഭവിച്ചു. ഇത്രയധികം സോഷ്യലിസം സോവിയറ്റ് യൂണിയനിലിൽ പോലും ഉണ്ടായിരുന്നിരിക്കില്ല. കളിച്ചാൽ ആർക്കും ജയിക്കാം എന്ന മനോഹരമായ ആദ്യപാഠം പഠിപ്പിച്ചാണ് ഖത്തർ അരങ്ങൊഴിഞ്ഞത്.
48 ടീമുകൾ കളിക്കുന്ന അടുത്ത ലോകകപ്പിൽ എന്തൊക്കെയാണാവോ നടക്കാൻ കിടക്കുന്നത്? ഇന്ത്യയും കളിച്ചേക്കാം എന്ന് ഫിഫ പ്രസിഡന്റ് ഭീഷണി മുഴക്കിക്കഴിഞ്ഞിട്ടുണ്ട്. ലവൻമ്മാർവല്ലോം അർജന്റീനയെ തോൽപ്പിച്ചാൽ കേരളത്തിൽ സിവിൽവാർ ഉണ്ടായേക്കാം. എന്നാലും വേണ്ടീല്ല, ഇന്ത്യയൊന്നു കളിച്ചുകണ്ടിട്ടുവേണം കാശിക്കു പോകാൻ.
തൊണ്ണൂറുമിനിട്ടു തന്ന് കളിക്കാൻ പറഞ്ഞിട്ട്, എൺപതുമിനിട്ടു മാത്രം കളിച്ചു ജയിക്കാൻ പോയാൽ ഭാഗ്യം എംബാപ്പയുടെ കാലിലൂടെ വലയിലാകും എന്ന പാഠവും കാണിച്ചുതന്നു ഖത്തർ. പിഴവുകൾക്കും കിഴിവുകൾക്കും പഴുതുകൾക്കും വഴിയില്ലപോൽ, കഴിവുള്ളവരുടെ കളിക്കളത്തിൽ. മെസ്സിയുടെ തലവരയുടെ മികവിൽ കഷ്ടിച്ചു കടന്നുകൂടി, കളിച്ചുതളർന്നവർ. ഒരുനിമിഷം മതി കളിയുടെ തരവും, താരവും, തീരവും മാറിമാറിയാൻ. എതിരാളിയുടെ പിഴവിനായ് ക്ഷമയോടെ കാത്തിരിക്കുന്നവനാണ് വിജയത്തിന്റെ മിത്രം. കഴിവും, മികവും, ഭാഗ്യവും കൂടി ചേർന്നുവന്നാലും ചിലപ്പോൾ ക്ഷമക്കൊപ്പമാകില്ല.
വലിയ പതിനൊന്നു കളിക്കാരേക്കാളും മികച്ചതായിരിക്കും ചെറിയ പതിനൊന്നുപേരുടെ ഒത്തൊരുമയുള്ള കളിക്കൂട്ടം. കൂട്ടുപ്രവര്ത്തനം (synergy) എന്നോരുസംഭവമുണ്ട്, 1 +1 =3 എന്ന ലൈൻ. അവിടെയാണ് ഇന്ത്യയുടെ സാധ്യത. ഇടക്ക് ഹോങ്കോങിനും തായ്ലാൻഡിനും എതിരെ കളിച്ച കളികളിച്ചാൽ ഇന്ത്യക്ക് സൗദിയേയും തോൽപ്പിക്കാനാകും. അൻപതാം റാങ്കുകാർക്കു മൂന്നാം റാങ്കുകാരെ തോൽപ്പിക്കാമെങ്കിൽ, നൂറ്റിയാറാം റാങ്കുകാർക്കു അൻപതാം റാങ്കുകാരെയും തോൽപ്പിക്കാം. വെറും ലോജിക്! ഇനിയിപ്പോ ബൈച്ചുങ് ബൂട്ടിയ അൻപതാം വയസ്സിൽ ബ്രസീൽ വല കുലുക്കിയാലും അത്ഭുതപ്പെടാനില്ല.
മറ്റൊരുകാര്യം, വളരെ ലളിതം എന്ന് തോന്നിക്കുന്ന പന്തുകളി പോലും വിശദമായ തന്ത്രങ്ങളുടെയും പദ്ധതികളുടെയും പരിണിതഫലമാണ്. E = MC2 എന്നപോലെ കാണുമ്പോൾ ലളിതമാണ്.ആൽബർട്ട് ഐൻസ്റ്റീൻൻറെ എഴുത്തുകൾ വായിച്ചാൽ മനസ്സിലാകും, ഒരു കുന്തവും മനസ്സിലാവില്ലെന്ന്. നമുക്കൊക്കെ പലതും എളുപ്പം മനസ്സിലാക്കാൻ ജീവിതകാലം മുഴുവൻ കഠിനപ്രയത്നം ചെയ്തവരെ നമിച്ചുപോകുന്നു. ഇലക്ട്രിക്ക് ബൾബിന്റെ വെളിച്ചത്തിൽ ഇതൊക്കെ എഴുതിക്കൂട്ടുന്ന ഞാൻ തോമസ് എഡിസനെ ഓർക്കാതെപോകരുതല്ലോ. അതുപോലെ തന്നെ കാൽപ്പന്തുകളിയും. കാണുമ്പോൾ ലളിതം, സുന്ദരം. ഇതൊക്കെ പ്ലാൻ ചെയ്തു ജീവിതം ഹോമിക്കുന്നവരെക്കുറിച്ചു നാമൊന്നും ഓർക്കാറില്ല. നമ്മുടെയൊക്കെ ജീവിതം ഇത്ര ‘സിംപിൾ’ ആയി മനോഹരമാകുന്നവരോട് ഈ അവസരത്തിൽ നന്ദി പറഞ്ഞു കൊള്ളുന്നു.
ഇനി 2026 ലേക്ക് നോക്കാം. മൂന്നു രാജ്യങ്ങളിൽ നടക്കുന്ന ലോകക്കപ്പ് കാൽപ്പന്തുകളി മാമാങ്കത്തിൽ (അമേരിക്കൻ ഐക്യനാടുകൾ, കാനഡ, മെക്സിക്കോ), 48 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. 800 കോടി മനസ്സുകൾ. 150 കൊടി ഇന്ത്യൻ മനസ്സുകൾ അവിടെയുണ്ടാവും, ഇന്ത്യ കളിച്ചാലും ഇല്ലെങ്കിലും. ഇതിനിടയിൽ വൃത്തികെട്ട രാഷ്ട്രീയം കളിച്ചില്ലെങ്കിൽ ഇന്ത്യയും കളിക്കും, കളിക്കണം. ആ ടീമിൽ ഒരു മലയാളിയെങ്കിലും ഉണ്ടാകും. എംബാപ്പയുടെ ഫ്രഞ്ചുകാരുടെ കളിക്കൂട്ടത്തെ വെട്ടിച്ചു നമ്മുടെ മലയാളി ചെക്കന്റെ ആ മനോഹരഗോൾ കാണാൻ ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നു. അസ്സാദ്ധ്യമായി ഒന്നുമില്ല എന്നാണ് കൂട്ടരേ. എന്നെ വായിക്കുന്ന ഒരാൾ, ഇന്ത്യൻ പ്രെസിഡന്റൊ, മൈക്രോസോഫ്ട് തലവനോ, അമേരിക്കൻ പ്രെസിഡന്റൊ വരെ ആയേക്കാം. ആകാശം സ്വപ്നം കണ്ടാൽ നിങ്ങൾക്ക് മരത്തിനുമുകളിലെങ്കിലും എത്താനാകും. ചുമ്മാ സ്വപ്നം കാണണം മാഡം!
എല്ലാവർക്കും നവവത്സരാശംസകൾ.
സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ