2023 ജനുവരി 26, വ്യാഴാഴ്‌ച

നിങ്ങളോടാണ്


 









സോനാഗച്ചി തേടിയാണെത്തിയതെങ്കിൽ

അവർക്കുള്ള പങ്ക് കൊടുത്തിട്ടുപോവുക.

ഇല്ലാത്തോരു സ്വർഗ്ഗമാണല്ലോ  വാഗ്ദാനം.

ഉടലിന്റെയാവശ്യമെന്നൊരു വിശപ്പിൽ

കണക്കുകൂട്ടിക്കിഴിയ്ക്കാതെ

ഉള്ളതുമുഴുവൻ വിളമ്പി

അന്നവരുടെ അന്നമാവുമ്പോൾ

ചുവന്നചുണ്ടുകൾ  വിതുമ്പട്ടെ.

“ആദ്യമാണെന്ന് “പതുങ്ങുന്നുവെങ്കിൽ,

പങ്കിട്ടാൽ ഇരട്ടിയ്ക്കുന്ന

ഒരുപൊതി ചോറും,

തോളുരുമ്മാനിത്തിരി സമയവും

കണ്ണിലിത്തിരി പ്രണയവും  കരുതിക്കൊള്ളുക.

അല്ലെങ്കിലെല്ലാം പാതിവെന്തപോലെയപൂർണ്ണമല്ലേ.

വല്ലപ്പോഴുമാണായിടവഴിയിലെങ്കിൽ,

വിശേഷമാരാഞ്ഞ്, സമ്മതപത്രമെടുത്തുമാത്രം

ചുണ്ടിലേയ്ക്കും  ചൂടിലേയ്ക്കുമിറങ്ങുക .

ഇരുട്ടറകളിലെ ഒരേയൊരു

മിന്നാമിനുങ്ങാവാനുള്ള ഭാഗ്യം

അന്നുനിങ്ങളുടേതാവാം.

ചേരിയിലെ ഇടുങ്ങിയ വാതിലുകൾ

നിങ്ങൾക്കു ശീലമെങ്കിൽ,

മരണക്കിണറിന്റെയാഴമാരാഞ്ഞ്

നാളെയുണ്ടെന്ന് നിലാവ് ഇരുട്ടിനോട്  പടവെട്ടുന്നത്

പാതിതുറന്ന ജനാലപ്പഴുതിലൂടെ കാട്ടിക്കൊടുക്കുക.

പിന്നീടവരുടെ സ്വപ്നങ്ങളിൽ

വഴിവാണിഭക്കടകൾ കിലുങ്ങട്ടെ.

നിങ്ങളോടാണ്..

രതിയുടെ വില്പനശാലകളെന്നു

ലേബലൊട്ടിച്ച് ജയിൽ മാത്രമൊഴിവാക്കിയെങ്കിലും

അതിജീവനത്തിന്റെ സൂചിമുനയിൽ വിലപേശരുതെ..

ഒരു തരിവെട്ടമവിടെ കൊളുത്തിപ്പോവുക.

ഒരിയ്ക്കൽ സ്വർഗ്ഗത്തിലേയ്ക്കുള്ള

വാതിൽപ്പടിയിൽ,

തമ്മിൽ കണ്ടുമുട്ടാതിരിക്കില്ല.

അവരോട്..

എത്രജന്മം  ജനിച്ചാലാണെനിയ്ക്കാ

കനലുറങ്ങിയ കണ്ണുകളിൽ നോക്കാനെങ്കിലുമാവുക.

 


റാണി സുനിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ