2023 മാർച്ച് 30, വ്യാഴാഴ്‌ച

നാടകമേ ഉലകം…

 



ഒരു ഷേക്സ്പീരിയൻ ശൈലിയിലെ ജീവിതവീക്ഷണമല്ല നാടകമേ ഉലകം എന്നതുകൊണ്ട് ‘കവി’ ഉദ്ദേശിക്കുന്നത് എന്ന് ആദ്യം തന്നെ പറഞ്ഞുകൊള്ളട്ടെ.

എന്നും കണ്ടു മടുക്കുന്ന ‘ചവിട്ട്’ നാടകങ്ങളെക്കുറിച്ചാണ്. കാണുന്നവന്റെ മുഖമറഞ്ഞുള്ള ചവിട്ട്! ‘വിഹഗവിമോചിതരായി’ (കിളിപോയി!)  ഇവയൊക്കെ കണ്ടും കേട്ടും പാരായണം ചെയ്തും കാലം കഴിക്കുകയേ തരമുള്ളൂ. വേണമെങ്കിൽ രണ്ടു വരിക്കു ഷേക്സ്പീയറെക്കൂടി ഓർത്തോളൂ. ആശ്വാസം കിട്ടിയാലോ!

“Let those that play your clowns / speak no more than is set down for them.” (Hamlet Act 3, Scene 2).

കോമാളികൾ, പറയാനും കാണിക്കാനുമുള്ളതൊക്കെ തീർക്കട്ടെ. അവർക്കു ചെയ്യാനറിയുന്നതല്ലേ കഴിയൂ. ഇതുകേട്ട്  കഥ മറന്നുപോകരുതെന്നേയുള്ളൂ!

ഇനി നാടകങ്ങളിലേക്കു കടക്കാം. ലോകനിലവാരത്തിൽ തുടങ്ങാം, പതിവുപോലെ നാട്ടിലെനിലവാരത്തിൽ ഒടുങ്ങാം.

ഈ വയസാംകാലത്തു പ്ലെയിനും ട്രെയിനും പിടിച്ചു യുക്രയ്‌നിൽ പോകേണ്ട വല്ലകാര്യവും ഉണ്ടായിരുന്നോ മൂപ്പിൽസിന്. പോളണ്ടുവരെ വിമാനത്തിൽ  അവിടുന്ന് പത്തു  മണിക്കൂർ ട്രെയിനിൽ കീവിലേക്ക് (പോളണ്ടിനെക്കുറിച്ചു ഒരക്ഷരം പറയേണ്ടിവന്നതിൽ ക്ഷമിക്കുമല്ലോ!). എന്തിനായിരിക്കാം? അമേരിക്കൻ ഐക്യനാടുകളിൽ ഇനി തീർക്കാൻ പ്രശ്നങ്ങൾ ഇല്ലാത്തത്തുകൊണ്ടല്ല. ഐക്യനാടുകളിലെ അതിർത്തികൾ വേലികെട്ടി തീർന്നതുകൊണ്ടുമല്ല.  ഇങ്ങനെ കുറേ നാടകങ്ങളും കൂടിവേണം, ഉലകരാഷ്ട്രീയത്തിൽ. കൂടാതെ ആനാട്ടിൽ ‘തുരന്നെടുപ്പും’ വരുന്നു. യുക്രയ്‌നിലെന്നല്ല യുറാനസിൽവരെ  പോയേനെ, ആശാൻ. ഡൊണൾഡ് ട്രമ്പ് പണ്ട് സിംഗപ്പൂരിലും കൊറിയയിലും പോയി മറ്റേ ചേട്ടനെ (Kim Jong-un) കണ്ടതുപോലെ തന്നെ. വേറേ ആരെയും കാണാൻ ബാക്കിയില്ലാത്തതു കൊണ്ടായിരുന്നില്ല. കിട്ടിയാലൊരു നോബൽ സമ്മാനം പോലും ടിയാൻ സ്വപ്നം കണ്ടു. തരമായില്ല. ലെ ചേട്ടൻ ഒന്നൊന്നര പണിയല്ലേ ട്രമ്പിനിട്ടു താങ്ങിയത്. നാടുഭരിക്കാതെ നാടകം കളിക്കാൻ പോയാൽ പിന്നെന്തുവേണം! നടനം, പര്യടനം.

ഇനി നമ്മുടെ രാജ്യത്തേക്കുവന്നാൽ, ഇന്ത്യ മൊത്തം നടന്നവർക്കും, ലോകം മുഴുവൻ പറന്നവർക്കും, ബിബിസിക്കായി കരഞ്ഞവർക്കും ഒരൊറ്റലക്ഷ്യം മാത്രമേയുള്ളൂ. വേറൊന്നും ചെയ്യാനില്ലാത്തതു കൊണ്ടല്ല. നടനം! നാടകം.

നടന്നു നാടുപിടിക്കാനാകുമോന്നറിയില്ല. പണ്ട് ഗാന്ധിജിയൊക്കെ ചെയ്തതാണ്. അന്ന് കാലവും, നീതിയും, ലക്ഷ്യവും, ബോധവുമൊക്കെ വേറെയായിരുന്നു. പിന്നെ പാറപോലുറച്ച ഒരു പ്രസ്ഥാനവും, രാജ്യത്തിനുവേണ്ടി പ്രാണത്യാഗം ചെയ്യാൻപോലും  തയ്യാറുള്ള കുറെ സാധാരണ മനുഷ്യരും കൂട്ടുണ്ടായിരുന്നു. ഇന്ന് കാലവും, നീതിയും, ലക്ഷ്യവും മാറി. ബോധമെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന്‌ ആശിക്കാനേ വഴിയുള്ളൂ. നടന്നും, കെട്ടിപ്പിടിച്ചും, ഉമ്മകൊടുത്തും ഭരണം പിടിക്കാൻ, തിരക്കൊഴിയുമ്പോൾ ബാക്കിയാരെങ്കിലും കൂടെയുണ്ടായാൽ മതിയായിരുന്നു. നടനം, നടത്തം!

ലോകം ചുറ്റുന്നതിൽ  തെറ്റില്ല, കൂട്ടത്തിൽ ഉറ്റസ്നേഹിതന്റെ വ്യവസായം കൂടി അതിരുകടന്ന് പറന്നുയരുമ്പോഴാണ് കാണുന്നവൻ്റെ കണ്ണുതള്ളുന്നത്. പറന്നുയരാൻ പാകത്തിൽ വിമാനത്താവളങ്ങളുംകൂടി സ്വന്തം താവളത്തിലാകുമ്പോൾ ലോകധനികരിൽ ആദ്യപത്തിൽ വന്നാൽ പോരാ. പ്രഥമനാകണം. അതിനായ് കൂടുതൽ ദാനിയാകാം. പടം പിടിച്ചു വിരട്ടിയവരെ നാട്ടിൽനിന്നും തുരത്തണം. ആരെങ്കിലും വായ്‌തുറന്നാൽ ഉടനെ അടപ്പിക്കണം. പ്രതിപക്ഷ പാർട്ടികൾ ഇല്ലാത്ത മനോഹരമായ രാജ്യമുണ്ടാക്കണം. അങ്ങനെ ജനാധിപത്യം നീണാൾ വാഴിക്കണം. കിം ജോങ്-ഉൻ ഒക്കെ എന്ത് കാട്ടാളനാണ്‌. നാടുഭരിക്കാനറിയില്ല. തോക്കെടുത്തുകളയും. തോക്കിൻകുഴലിലൂടെ അല്ലാതെയും നാടുനന്നാക്കാം. നടനം, പ്രഥമം.

സ്ത്രീകഥാപാത്രങ്ങൾ നിറഞ്ഞാടുന്ന നാടകം നമ്മുടെ നാട്ടിൽ ആകാതെ തരമില്ല. മാതൃാധിപത്യത്തിന് (Matriarchy) പേരുകേട്ട നാടാണല്ലോ. പക്ഷെ ഇപ്പോഴൊക്കെ മുന്നിൽനിൽക്കുന്ന സ്ത്രീകൾ ഇരകളാണെന്നു മാത്രം. നാടകം കൊഴുക്കണമല്ലോ. വേട്ടക്കാരും, പ്രതിനായകരും, സംവിധായകരും, നിർമ്മാതാക്കളും എല്ലാം തിരശ്ശീലക്ക് പുറകിലും. അവരൊക്കെ ആരാണ് ആരൊക്കെയാണ് എന്ന്  മനസ്സിലാക്കാതെ കാഴ്ചക്കാർ. ഒന്നുമാത്രം അറിയാം. കഥാഗതി നിർണ്ണയിക്കുന്നു എന്ന തോന്നലുണ്ടാക്കുന്ന സ്ത്രീകഥാപാത്രങ്ങൾ തകർന്നു തരിപ്പണമാകും, ചതിക്കപ്പെടും, ജയിലിൽ അടക്കപെടും. തിരശ്ശീലക്ക് പിന്നിലെ അജ്ഞാതർ അങ്ങനെതന്നെ തുടരും. ഇടയ്‌ക്കൊക്കെ നനഞ്ഞ പടക്കങ്ങളും, ഈടിയും ഒക്കെ വന്നുപോകും. നാടകകമ്പനി നടത്തുന്ന കുടുംബത്തിനും ജീവിക്കണ്ടേ? കഞ്ഞി കുടിക്കണ്ടേ? ദുരിതാശ്വാസം വേണ്ടേ? മനോഹരമായ കവിതപോലെ കാലങ്ങൾ, തലമുറകൾ പാടി രോമാഞ്ചം കൊള്ളേണ്ട വിപ്ലവഗാനങ്ങളാകേണ്ട നാടക കഥകളാണ്. നടനം, നാടകാന്തം കവിത്വം!

ഈ നാടകങ്ങളൊക്കെ കണ്ട് കണ്ണുനിറയാൻ ആളുകൾ ഉള്ളതുകൊണ്ടാണ് നടനം കസറുന്നത്. “നിങ്ങളുടെ കോമാളികളായി കളിക്കുന്നവർ അവർക്കായി നിശ്ചയിച്ചതിൽ കൂടുതൽ സംസാരിക്കരുത്” എന്ന് ഷേക്സ്പീയർ പറഞ്ഞത് എന്ത് ദീർഘവീക്ഷണത്തോടെയാണെന്ന് ഓർത്തുപോകുന്നു.

നാടകമേ ഉലകം.

 

സുമേഷ് രാമചന്ദ്രൻ



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ