മാസികയിൽ ആദ്യം വായിക്കുന്നത് മുഖമൊഴിയാണ്. കാലികപ്രസക്തിയുള്ള ചിന്തകൾ ഉണർത്തുന്നതിൽ ഡോ. സുനീത് മാത്യു വിജയിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല. ശാസ്ത്രീയതയുടെ ശാസ്ത്രീയത പതിവുപോലെ ഇരുത്തി ചിന്തിപ്പിച്ചു. അനുമോദനങ്ങൾ. പൂജ്യം, സംപൂജ്യം എന്ന ശ്രീ സുമേഷ് രാമചന്ദ്രന്റെ ലേഖന ശൈലി വളരെയധികം ഇഷ്ടപ്പെട്ടു. കഥകൾ, കവിതകൾ, മറ്റു ലേഖനങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം. മാസിക വളർന്നു പന്തലിച്ച് ഒരു വൻമരമാകട്ടെ എന്ന് ആശംസിക്കുന്നു.
സന്തോഷ് ദിവാകരൻ, പാലാരിവട്ടം
അഷ്‌കർ അലിയുടെ സ്വർഗാനുരാഗികളായ പുകച്ചുരുളുകൾ എന്ന കഥ വളരെയധികം ഇഷ്ടപ്പെട്ടു. മറ്റു കഥകളും നല്ല നിലവാരം പുലർത്തിയിരുന്നു. മൊത്തത്തിൽ മനോഹരമായ ഒരു വായന സമ്മാനിക്കുന്നുണ്ട് ഈ മാസിക. എനിയ്ക്ക് മാസികയുടെ എഡിറ്റർ ഡോക്ടർ സുനീത് മാത്യുവിനെ വ്യക്തിപരമായി അറിയുന്നതുകൊണ്ടാകാം, മാസികയുടെ ഭാവി അദ്ദേഹത്തിന്റെ കൈകളിൽ മികച്ചതാകും എന്ന ഉറപ്പുള്ളത്. എല്ലാ ഭാവുകങ്ങളും നേരുന്നു.
പി. ആർ. ശ്രീധരൻ, കോഴിക്കോട്
സാധാരണ മാസികയിൽ അഞ്ചു കവിതകൾ ഉണ്ടാകാറുണ്ട്. എന്നാൽ കഴിഞ്ഞ ലക്കത്തിൽ അത് നാലായി കുറഞ്ഞു എന്നത് ഒരു ചെറിയ ദുഃഖമായി. മാസികയിൽ വരുന്ന മിക്ക കവിതകളും നല്ല നിലവാരം പുലർത്തുന്നുണ്ട് എന്നതാണ് ഈ ദുഃഖത്തിനു കാരണം. അടുത്ത ലക്കം മുതൽ കവിതകളുടെ എണ്ണം കൂട്ടണം എന്നൊരു അഭിപ്രായം കൂടി രേഖപ്പെടുത്തുന്നു. മാസികയ്ക്കും പ്രവർത്തകർക്കും അനുമോദനങ്ങൾ.
ജിഷ ജോസഫ്, അബുദാബി
മോമോസ് എങ്ങനെയുണ്ടാക്കാം എന്ന് ചിന്തിച്ചിരുന്നപ്പോഴായിരുന്നു സോയാ ചങ്ക്സ് മോമോസ് ഉണ്ടാക്കുന്ന വിധം മാസികയിൽ നിന്നും ലഭിച്ചത്. രുചികരമായ മോമോസ് കുട്ടികൾക്ക് ഒരുപാടിഷ്ടമായി. ഇതിനു മുൻപ് മാസികയിൽ വന്നിട്ടുള്ള വിഭവങ്ങളെല്ലാം വിജയകരമായി ഉണ്ടാക്കിയിട്ടുണ്ട്. ഒരു പാചകക്കുറിപ്പിനുപരി ആരോഗ്യ അറിവുകൾ നൽകുന്ന ഒരു പംക്തി കൂടിയാണിത് എന്ന് പറയേണ്ടിയിരിക്കുന്നു. ഡോ. ഷേർളിയ്ക്കും മാസികയ്ക്കും നന്ദി.
ലേഖ മാത്യൂസ്, കുറുപ്പുംതറ
മാസികയിലേക്കു ലഭിക്കുന്ന പ്രതികരണങ്ങൾ മിക്കതും അഭിനന്ദനങ്ങളാണ്. അത് മാസിക സ്വീകരിക്കുകയും അതിൽ സന്തോഷം കൊള്ളുകയും ചെയ്യുന്നുണ്ടെങ്കിലും, കുറച്ചു ആരോഗ്യപരമായ വിമർശനങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അത്തരം വിമർശനങ്ങൾ ആണല്ലോ ഏതൊരു പ്രസ്ഥാനത്തിന്റെയും വളർച്ചയ്ക്ക് ആക്കം കൂട്ടുന്നത്. അതുകൊണ്ടു തന്നെ മാസികയുടെ പോരായ്മകളും ചൂണ്ടിക്കാണിക്കുവാൻ ശ്രമിക്കണമെന്ന് വീണ്ടും ഓർമ്മപ്പെടുത്തുന്നു. മാസികയിലേക്ക് പ്രതികരണങ്ങൾ അറിയിച്ച എല്ലാ വായനക്കാർക്കും മാസികയുടെ സ്നേഹാദരങ്ങൾ
എഡിറ്റർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ