അന്തുറു ഓടിച്ചെന്ന് മൊബൈൽ എടുത്ത് ഹലോ എന്ന് പറഞ്ഞതും, മറുതലയ്ക്കൽ നിന്നും ഒരു വിങ്ങിപ്പൊട്ടലായിരുന്നു. തോപ്പിലെ അയ്മ്മദ്‌ക്കാ മരിച്ചി എന്ന് പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു. വിളിച്ചത് അയ്മ്മദ്ക്കാടെ വാത്സല്യ പുത്രനായ ഷിഹാബാണെന്ന് അന്തുറുവിന് ഉറപ്പായിരുന്നു. “ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. ” (ഞങ്ങൾ അള്ളാഹുവിന്റേതാണ്. ഞങ്ങളുടെ മടക്കവും അവനിലേയ്ക്കാണ്.) എന്ന് ഉറക്കെ ഉരുവിട്ടു കൊണ്ട് മൊബൈൽ ഓഫ് ചെയ്തു അന്തുറു. ആധുനിക യുഗത്തിലും ഒരു പഴയ സൈക്കിൾ മാത്രമായിരുന്നു അന്തുറുവിന്റെ വാഹനം. ആ സൈക്കിളും ചവുട്ടിക്കൊണ്ട് അവൻ മരണ വീടും ലക്ഷ്യമാക്കി പാഞ്ഞു.
മയ്യത്ത് കുളിപ്പിക്കുമ്പോഴും, കഫൻ ചെയ്യുമ്പോഴുമെല്ലാം അനുഷ്ഠിക്കേണ്ട ഫർളും, ശർത്തും, സുന്നത്തും, ചൊല്ലേണ്ട ദുആ (പ്രാർത്ഥന)യുമൊക്കെ തനിയ്ക്ക് പഠിപ്പിച്ചു തന്ന തന്റെ മൺ മറഞ്ഞ ഗുരുനാഥൻ ഇയ്യാമുക്കാനെയും മനസ്സിൽ ധ്യാനിച്ച് കൊണ്ട് അവൻ സൈക്കിൾ ആഞ്ഞു ചവുട്ടി. പതിനഞ്ച് വർഷമായി ഇയ്യാമുക്കാ മരണപ്പെട്ടിട്ട്. അത് വരേയും, മയ്യത്ത് കുളിപ്പിക്കുന്നതിൽ ഇയ്യാമുക്കാടെ പ്രധാന സഹായിയായിരുന്നു അന്തുറു.
ഇയ്യാമുക്കാടേത് പെട്ടെന്നുളള മരണമായിരുന്നു. ആയത് കൊണ്ട് തന്നെ, അവന്റെ നേതൃത്വത്തിൽ അവൻ ആദ്യമായി കുളിപ്പിച്ച് കഫൻ ചെയ്യേണ്ടി വന്നതും, അവന്റെ ഗുരുനാഥനായ ഇയ്യാമുക്കാടെ മയ്യത്ത് തന്നെയായിരുന്നു. താൻ വളരെ സ്നേഹത്തോടും, ബഹുമാനത്തോടും കൂടി മാത്രം ഇടപഴകി വന്നിരുന്ന തന്റെ പ്രിയപ്പെട്ട ഗുരുനാഥൻ, മയ്യത്ത് എന്ന ആ ഒരവസ്ഥയിൽ മയ്യത്ത് കുളിപ്പിക്കാൻ വേണ്ടി തന്റെ മുന്നിൽ വിവസ്ത്രനായി കിടക്കുന്നത് കണ്ടപ്പോൾ, അവന്റെ നെഞ്ചകം നീറി. താനും ഇതുപോലെ ഒരു ദിവസം തന്റെ പിൻഗാമികളുടെ മുന്നിലും വിവസ്ത്രനായി കിടക്കേണ്ടി വരുന്നതിന്റെ ഒരു ചിത്രം അവന്റെ മനോമുകുരത്തിൽ തെളിഞ്ഞു വന്നു.
മരണപ്പെട്ടവരുടെ മയ്യത്ത് ഖബറടക്കം ചെയ്യുന്നത് വരെ, മയ്യത്തിനോട് വളരെ ആദരവോടു കൂടി വർത്തിക്കണമെന്നാണ് ഇയ്യാമു ക്കാടെ ഭാഷ്യം. കാരണം, ശരീരത്തിൽ നിന്നും വേർപ്പെട്ടു പോകുന്ന റൂഹ് (പ്രാണൻ) ഖബറടക്കം കഴിഞ്ഞ് ദുആ (പ്രാർത്ഥന) ഇരക്കലെല്ലാം കഴിഞ്ഞാലും, ഖബറിൽ നിന്നും എട്ടടി നടക്കാനുളള സമയം വരെ മരിച്ച മയ്യത്തിനെ ചുറ്റിപ്പറ്റി പിരിഞ്ഞു പോയ റൂഹിന്റെ സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് ഇയ്യാമുക്കാ പഠിപ്പിച്ചു തന്നിട്ടുളളത്. ആയത് കൊണ്ട് തന്നെ, മയ്യത്തിന് വുളു (ശരീരം ശുദ്ധി വരുത്തൽ) എടുത്ത് കൊടുക്കുമ്പോഴും, വയറിനുളളിലെ മാലിന്യം പുറത്തേയ്ക്ക് കളയുന്ന സമയത്തും, നഖവും, മീശയുമൊക്കെ വെട്ടിക്കൊടുക്കുന്ന സമയത്തും, മയ്യത്ത് കുളിപ്പിക്കുന്ന സമയത്തുമൊക്കെ. ഒരു ജീവനുളള ശരീരത്തിനോട് പ്രതികരിക്കുന്നതിനോട് തുല്യമായേ എന്തും ചെയ്യാൻ പാടുള്ളൂ എന്നും, മയ്യിത്തിന്റെ മേലെ ഒരു ഈച്ചയെങ്ങാനും വന്നിരുന്നാൽ പോലും, ആ ഈച്ചയെ കൈ കൊണ്ട് അടിച്ചാൽ, ആ വേദന മയ്യിത്തിനെ ചുറ്റിപ്പറ്റി നിൽക്കുന്ന റൂഹിനെ വേദനിപ്പിക്കും എന്നുമൊക്കെയായിരുന്നു ഇയ്യാമു ക്കാടെ വിശ്വാസം. അന്തുറുവും, ഇയ്യാ മുക്കാടെ അതേ നിലപാടുകളിൽ വിശ്വസിച്ച്, അദ്ദേഹത്തിന്റെ വാക്കുകളും, പ്രവൃത്തികളുമൊക്കെ അതേപടി പിൻതുടർന്ന് പോന്നു. മയ്യത്ത് കിടത്തിയിട്ടുള്ള ദിക്കിൽ നിന്നും എടുത്ത് , മയ്യത്ത് കുളിപ്പിക്കാനുള്ള കട്ടിലിൽ കൊണ്ടു പോയി കിടത്തുന്നത് വരെ ആദ്യം ബിസ്മിയും, പിന്നീട് സുബ്ഹാനള്ളാ, സുബ്ഹാനള്ളാ എന്ന് ഉരുവി ടേണ്ടതും, മയ്യത്തിന് വുളു എടുത്ത് കൊടുത്തതിന് ശേഷമുള്ള ബാങ്കിന്റെ ദുആയിൽ വരുത്തേണ്ട മാറ്റങ്ങളുമൊക്കെ അവൻ സൈക്കിളിൽ ഇരുന്നു കൊണ്ടു തന്നെ വീണ്ടും, വീണ്ടും ഉരുവിട്ടു കൊണ്ടേയിരിയ്ക്കും.
അവസാനം മയ്യത്തുമായി ദിക്റിന്റെ അകമ്പടിയോടെ മറവുചെയ്യാൻ വേണ്ടി പള്ളിക്കാട്ടിലേയ്ക്ക് (ശ്മശാനം) കൊണ്ടുപോകുമ്പോൾ, ചിലപ്പോഴക്കെ നായ്ക്കൾ നീട്ടി ഓരിയിടുന്നതും, പശുക്കൾ പേടിച്ചോടുന്നതുമെല്ലാം, ജീവിതത്തിൽ ക്രൂരത മാത്രം കൈമുതലായുള്ളവരുടെ റൂഹിന്റെ ബീഭത്സമായ രൂപം ദർശിക്കാൻ കഴിയുന്നത് കൊണ്ടാണെന്നും, ഇയ്യാമുക്കാ വിശ്വസിച്ചു പോന്നു. അതിന് ഉദാഹരണമായി, ഇയ്യാമുക്കാടെയും മുൻഗാമിയായിരുന്ന ആലൈ മുദുക്കാടെ സമയത്ത് നടന്ന ഒരു സംഭവവും, അദ്ദേഹം വിവരിച്ചു തരും. ആലൈമുദുക്കാനെക്കുറിച്ച് പറയുമ്പോൾ , ഇയ്യാമുക്കാക്ക് നൂറ് നാവായിരുന്നു.
സംഭവം ഇങ്ങിനെ. ആലയ്മുദുക്കാടെ കാലത്ത് നിരത്തിലുള്ള പ്രധാന വാഹനങ്ങൾ കാളവണ്ടിയും, സൈക്കിളും, സൈക്കിൾ റിക്ഷയുമൊക്കെയായിരുന്നു. പള്ളിക്കാടിന്റെ പിൻ ഭാഗത്തുള്ള കുത്തനെ നിൽക്കുന്ന പാറക്കല്ലുകൾ നിറഞ്ഞ മൈലാടുംകുന്നിന്റെ താഴ്‌വാരത്ത് നിന്നും, മൈലാടുംകുന്ന് ചുറ്റി പള്ളിക്കാട്ടിലേക്കെത്താൻ ചുരുങ്ങിയത് ഒരു ഏഴ് മൈലെങ്കിലും കാണും. കല്ലുരുക്കി എന്നറിയപ്പെട്ടിരുന്ന ആ ഗ്രാമത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ, മൈലാടുംകുന്ന് ചുറ്റിവളഞ്ഞ് പള്ളിക്കാട്ടിലെത്താൻ കോതയുടെ ഒറ്റ മൂരിയുള്ള തുറന്ന കാളവണ്ടിയാണ് ആശ്രയം. മയ്യത്തും കട്ടിൽ കോതയുടെ കാളവണ്ടിയിൽ കയറ്റി, നാലാളുകൾ നാല് മൂലയിലുമായി ഇരുന്ന് മയ്യത്തും കട്ടിൽ പിടിച്ച് ഇരിയ്ക്കും. ബാക്കിയുള്ളവർ ദിക്റും ചൊല്ലി കൊണ്ട് പള്ളിക്കാട് വരെ കോതയുടെ കാളവണ്ടിയുടെ പിന്നാലെ മയ്യത്തിനെ അനുഗമിക്കും.
ആയിടക്കാണ് അഞ്ചോ, ആറോ ഹജ്ജ് ചെയ്ത്, സദാസമയവും പള്ളിയിൽ തന്നെ നിസ്കാരവും, ഓത്തും, സ്വലാത്തുമൊക്കെയായി കഴിഞ്ഞുകൂടാറുളള , പിശുക്കന്മാരിലും പിശുക്കനായ പോക്കരാജി മുതലാളി കല്ലുരുക്കി ഗ്രാമത്തിൽ മരണപ്പെട്ടത്. പോക്കരാജി മുതലാളി എന്ന് കേട്ടാൽ കല്ലുരുക്കിയിൽ എല്ലാവർക്കും ഭയമാണ്. അത്രയും കുപ്രസിദ്ധനായിരുന്നു കല്ലുരുക്കി ഗ്രാമത്തിൽ പോക്കരാജി മുതലാളി.ആലൈമുദുക്കാടെ നേതൃത്വത്തിൽ തന്നെ മയ്യത്ത് കുളിപ്പിക്കലും, കഫൻ ചെയ്യലുമൊക്കെ കഴിഞ്ഞ്, സാധാരണ പോലെ മയ്യത്തും കട്ടിൽ കോതയുടെ ഒറ്റ മൂരി കാളവണ്ടിയിൽ കയറ്റി, നാല് മൂലയിലുമായി നാല് പേർ മയ്യത്തും കട്ടിൽ പിടിച്ച് ഇരുന്നു. എല്ലാം കഴിഞ്ഞപ്പോൾ കോതയും കാളവണ്ടിയിൽ കയറി. എല്ലായ്പ്പോഴും കോത കാളവണ്ടിയിൽ കയറിയാൽ ഒന്നും ചെയ്യാതെ തന്നെ മുന്നോട്ട് നടക്കാറുളള വീരനെന്ന ആ കാള അന്ന് എന്ത് തന്നെ ചെയ്തിട്ടും ഒരടി പോലും മുന്നോട്ട് നീങ്ങാൻ കൂട്ടാക്കിയില്ല. തന്നെയുമല്ല, വീരന്റെ രണ്ട് കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകാൻ തുടങ്ങി. വായിൽ നിന്നും നുരയും , പതയും പുറത്തേയ്ക്ക് വരാനും തുടങ്ങി. കാളവണ്ടിയിൽ നിന്നും ചാടിയിറങ്ങിയ കോത, തന്റെ വീരന്റെ ഈ അവസ്ഥ കണ്ട്, ഒരു കൈ കൊണ്ട് കാളയുടെ പുറത്ത് തലോടി കൊണ്ട് കരയാൻ തുടങ്ങി. പന്തികേട് മണത്തറിഞ്ഞ ആലൈമുദുക്കാ മെല്ലെ കോതയുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു.
“ഇജ്ജ് ബേജാറാവണ്ടാ …ഞമ്മക്ക് ബയ്യ്ണ്ടാക്കാ.”
എന്ന് പറഞ്ഞ് തന്റെ മുണ്ടിന്റെ മടിക്കുത്തിൽ സൂക്ഷിക്കാറുളള ഒരു ഏലസ്സ് പുറത്തെടുത്തു. എന്തൊക്കെയോ ചില മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ട് ആ ഏലസ്സിൽ ഊതാൻ തുടങ്ങി. മന്ത്രോച്ചാരണങ്ങൾ കഴിഞ്ഞതും, മെല്ലെ ആ ഏലസ്സ് വീരന്റെ കഴുത്തിലെ വട്ടക്കയറിൽ കെട്ടിയിട്ടു. ഉടൻ തന്നെ കോതയുടെ ആ കാള പഴയ രൂപത്തിലേയ്ക്ക് മടങ്ങി വന്നു. കോത മെല്ലെ വണ്ടിയിൽ കയറിയതും, കാള മയ്യത്തും കട്ടിലും കൊണ്ട് മുന്നോട്ട് നീങ്ങി. ആലൈ മുദുക്കാ ചൊല്ലിയ ആ മന്ത്രം ഊതിയ ചരട് ഏതൊരു ജീവിയുടെ കഴുത്തിൽ കെട്ടി കൊടുത്താലും, റൂഹാനിയുടെ ഇത്തരം ബീഭത്സമായ രൂപങ്ങൾ അവയ്ക്ക് ആദ്യശ്യമായിരിക്കുമത്രേ. ആ മന്ത്രം തന്റെ ഇരുനാഥനായ ഇയ്യാമുക്കാ തനിയ്ക്ക് പഠിപ്പിച്ചു തരുന്നതിന് മുമ്പേ അദ്ദേഹം മരണപ്പെട്ടു പോയത് ഒരു വേദനയോടെയാണ് അന്തുറു ഓർത്തെടുത്തത്.
തന്റെ മതത്തിൽ പെട്ട ആര് തന്നെ മരണപ്പെട്ടാലും, അവരെ കുളിപ്പിക്കാനുളള ചുമതല, മരണപ്പെടുന്നവരുടെ രക്ത ബന്ധത്തിൽ പെട്ടവർക്ക് തന്നെയാണ്. അതിന് ചുരുക്കം ചിലർ മാത്രമേ മുന്നിട്ട് വരാറുള്ളൂ. കാരണം, കൂടുതൽ പേരും തങ്ങൾക്ക് മയ്യത്ത് കളിപ്പിക്കാൻ അറിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറും. മറ്റു ചിലർ തങ്ങളുടെ ഉറ്റവരുടേയും, ഉടയവരുടേയുമൊക്കെ വേർപാടിൽ മനംനൊന്ത് മാനസികമായി തളർന്നിരിയ്ക്കും. എങ്കിലും, വളരെ ചുരുക്കം ചില ആളുകൾ അന്തുറുവിനോടൊപ്പം മയ്യത്ത് കുളിപ്പിക്കാൻ അന്തുറുവിന്റെ സഹായിയായി കൂടാറുണ്ട്.
ഈ മുപ്പത്തിയഞ്ച് വർഷത്തിനിടയ്ക്ക് എത്രമാത്രം മയ്യത്തുകളാണ് തന്റെ ഈ കൈകൾ കൊണ്ട് കുളിപ്പിച്ചിട്ടുള്ളതെന്ന് അന്ത്രുവിന് പോലും നിശ്ചയമില്ല. ചീഞ്ഞളിഞ്ഞ് ദുർഗ്ഗന്ധം വമിക്കുന്നതും, പകർച്ചവ്യാധികൾ വന്നതുമൊക്കെയായ ഒട്ടനവധി മയ്യത്തുകൾ തന്റെ ഈ കൈകൾ കൊണ്ട് കുളിപ്പിച്ച് കഫൻ ചെയ്ത് പള്ളിക്കാട്ടിൽ കൊണ്ടുപോയി ഖബറടക്കിയിട്ടുണ്ട്. അതിൽ ബന്ധുക്കളും, സുഹൃത്തുക്കളും , ആശയപരമായി വിയോജിപ്പുള്ളവരും ഒക്കെ ഉണ്ടായിരുന്നു. ആരൊക്കെയായാലും, കുളിപ്പിക്കാൻ വേണ്ടി മയ്യത്തായി തന്റെ മുന്നിൽ എത്തിപ്പെടാറുള്ള എല്ലാ മയ്യത്തിനും ഒരേ സ്വീകാര്യതയാണ് അന്തു റുവിന്റെ മനസ്സിൽ. അവിടെ പണക്കാരനെന്നോ, പാവപ്പെട്ടവ നെന്നോ, പണ്ഡിതനെന്നോ, പാമരനെന്നോ, ശത്രുവെന്നോ, മിത്രമെന്നോ ഉള്ള വേർതിരിവുകളൊന്നും തന്നെ അന്തുറുവിന്റെ മനസ്സിൽ തൊട്ട് തീണ്ടാറേയില്ല.
ഈയിടെ ആശുപത്രിയിൽ നിന്നും പകർച്ചവ്യാധി പിടിപെട്ട് മരണപ്പെട്ട ഒരു മയ്യത്ത് അന്ത്രുവിന് കൈമാറുന്നതിന് മുമ്പ് അവിടുത്തെ ഡോക്ടർ കാബിനിലേയ്ക്ക് വിളിപ്പിച്ച് സഗൌരവം ഒരു കാര്യം ഓർമ്മിപ്പിച്ചു.
” പകർച്ചവ്യാധി വന്ന് മരണപ്പെട്ട ബോഡിയാണ്. കുളിപ്പിക്കുമ്പോഴും മറ്റും അകലം പാലിക്കാൻ ശ്രദ്ധിക്കണം. മറക്കണ്ട. “
അതിന് അന്തുറു പറഞ്ഞ മറുപടി ഇങ്ങിനെയായിരുന്നു.
“ഞങ്ങള് പടച്ചോനെ വിശ്വസിക്കുന്ന കൂട്ടത്തിലാ. പടച്ചോൻ വിചാരിച്ചാ മയ്യത്ത് കുളിപ്പിച്ചില്ലെങ്കിലും ഞങ്ങക്ക് ആ വ്യാധി വന്നിരിക്കും. പടച്ചോൻ വേണ്ടെന്ന് വെച്ചാൽ ആ വ്യാധി ഞങ്ങളിലാർക്കും വരികയുമില്ല. അതാ ഞങ്ങടെ വിശ്വാസം. “
അന്തുറുവിന്റെ നേതൃത്വത്തിൽ ആ മയ്യത്തും ഏറ്റ് വാങ്ങി സാധാരണത്തെപ്പോലെ കുളിപ്പിക്കലും, കഫൻ ചെയ്യലുമൊക്കെ കഴിഞ്ഞ് ഖബർസ്ഥാനിൽ പോയി ഖബറക്കിയ ശേഷം അന്തുറു വീട്ടിലേയ്ക്ക് മടങ്ങി . ഡോക്ടറോട് അപ്പോൾ വീരവാദമൊക്കെ പറഞ്ഞെങ്കിലും പകർച്ചവ്യാധിയെക്കുറിച്ച് ചെറിയ ഒരു ഭയം ഉള്ളിൽ മുള പൊട്ടാൻ തുടങ്ങിയിരുന്നു അന്തുറുവിന്. അത്തരം ദുഷിച്ച ചിന്തകൾ മനസ്സിലേയ്ക്ക് കയറിക്കൂടിയാൽ എല്ലായ്പോഴും ചെയ്യാറുളളത് പോലെ സാധാരണ വലിക്കാറുള്ള ബീഡി രണ്ട് പുക കൂടുതൽ ആഞ്ഞു വലിച്ച് അന്തുറു സുഖമായി ഉറങ്ങാൻ കിടന്നു. ഉറക്കത്തിൽ സ്വർഗ്ഗത്തിലെ ഹൂറികളുമായി സല്ലപിക്കുന്ന സ്വപ്നവും കണ്ട് കൊണ്ട്.
പെരുമണ്ണ് — വാവനൂർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ