2021 സെപ്റ്റംബർ 29, ബുധനാഴ്‌ച

തീരം ഉറങ്ങാറില്ല


 

തെന്നലറിയാതെ ആഴിത്തിരയറിയാതെ

പ്രണയം ചാരിയിരുന്ന തീരവീഥിയിൽ

മധുവൂറും രാഗസ്വപ്നങ്ങളിതളഴിഞ്ഞു

പാൽനുരമുത്തുമണികളണി കോർത്താ

നീലപ്പൂകൊലുസ്സാലാഴിത്തിര തീരത്തിൻ

സ്മൃതിവല്ലിയിൽ നേരിന്റെനാദംചികഞ്ഞു

തൂവാനതാരകന്യകൾ നീരാടും രാവിൽ

നീലഗഗനഛായ ഞൊറിയുടുത്താഴിയല

തീരമെന്നും കഥിക്കും പ്രണയാർത്ഥന

കുറിച്ചിട്ട മൺതോണി മുത്തി പുണർന്നു

ആതിരനാളിൽ മാനം ചോർന്നൊഴുകിയ

മധു നീർതുള്ളികൾ നോവിന്നാഴങ്ങളിൽ

നീറുന്നോർമ്മകളായ് നുരഞ്ഞുപൊങ്ങി

ആറ്റുവഞ്ചിപൂക്കൾ പൂത്തരാവേനലിൽ

ആഴിത്തിരകൾ വിട പറഞ്ഞകന്നപ്പോൾ

വെൺമണൽകാട്ടിലേകാന്തപക്ഷി കുറുകി

പ്രണയാരുണനാഴിതൻ സീമന്തരേഖയിൽ

കുങ്കുമ മണിചെപ്പു തുറന്നുവെങ്കിലും

തീരാ വിരഹവേദന വാരിപുതച്ച് വീണ്ടും

പ്രതീക്ഷയുമായ തീരമുറങ്ങാതിരിപ്പുണ്ട്.

ചാരെവന്ന് കൊതിപ്പിച്ചകലും തിരയും

ജനിമൃതിയറിയാതെ കാത്തിരിക്കും തീരവും

സ്വന്തമാക്കാനാവാതെ മോഹിപ്പിച്ചകലും

പ്രണയത്തിൻ നിത്യ ജീവത പൊരുളോ?


സജിത് എൻ കുമാർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ