2021 സെപ്റ്റംബർ 29, ബുധനാഴ്‌ച

പ്ലാനിങ്ങ്


 

സ്റ്റേഷൻ വിട്ടു ട്രെയിൻ മുന്നോട്ടു നീങ്ങിയപ്പോൾ വീണ അറിയാതെ തേങ്ങിപ്പോയി… മഞ്ഞ നിറമുള്ള വലിയ ബോർഡിൽ കറുത്ത അക്ഷരത്തിൽ എഴുതിയ  ” തിരുവനന്തപുരം ” അവളുടെ പിന്നിൽ മാഞ്ഞു  മറഞ്ഞു. വീണ്ടും ഒരവധിക്കാലം കഴിഞ്ഞു.. എന്തിനു വേണ്ടിയുള്ള യാത്രയായിരുന്നു അത്.. വീണ കണ്ണടച്ചു ഓർക്കാൻ ശ്രമിച്ചു… താൻ ജനിച്ചു വളർന്ന നാട്  .. ആ നാടിനോടുള്ള സ്നേഹം കാരണം എല്ലാ വർഷവും സമയം നീക്കി അവൾ  വരാറുള്ളതാണ്.. നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു കഴിയുമ്പോഴേ വീണ പ്ലാനിംഗ് തുടങ്ങും… അങ്ങനെയാണല്ലോ അവൾ എന്നും.. പ്ലാനിംഗ് അവളുടെ സ്വഭാവത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു..

മുപ്പതു വർഷമായി മുടക്കാതെയുള്ള ഈ യാത്ര വീണ കാത്തിരിക്കാറുള്ളതാണ്.പഠിച്ച ഉടനെ ജോലിയിൽ പ്രവേശിക്കാൻ വീണയ്ക്ക്  ഭാഗ്യമുണ്ടായി . അവൾ കൊൽക്കത്തയിൽ എത്തിയിട്ട് മുപ്പത്  വർഷം കഴിഞ്ഞിരിക്കുന്നു. അവിടുത്തെ തിരക്കേറിയ ജീവിതത്തിനിടയിൽ വീണയ്ക്ക് അല്പം സന്തോഷം നൽകുന്നവയായിരുന്നു ഈ യാത്രകൾ .

നാട്ടിൽ സ്വന്തമായി ഒരു ചെറിയ വീടും സ്ഥലവും കൂടെ വാങ്ങണമെന്ന് അവൾ പണ്ടൊക്കെ സ്വപ്നം കണ്ടിരുന്നു.. തിരക്കിനിടയിൽ വിവാഹ ജീവിതം വേണ്ടെന്ന തീരുമാനം അവൾ സ്വന്തം ഇഷ്ട്ടപ്രകാരമാണ് എടുത്തതും. തന്റെ ജോലിയോട്  അവൾക്കത്രമാത്രം  ഇഷ്ടമായിരുന്നു.

വീട്ടിൽ അമ്മയ്ക്കും ചേട്ടനും ചേട്ടത്തിക്കും മക്കൾക്കും എന്താവേശത്തോടെയാണ് അവൾ ഷോപ്പിംഗ് നടത്താറുള്ളത്.. കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റിലും ലീ റോഡിലും ഷോപ്പിംഗ് ബാഗുകളുമായി നടക്കുമ്പോൾ എന്തോ വലിയ കാര്യം നടന്ന ഭാവമായിരുന്നു എന്നും  വീണയ്ക്ക് . 

നാട്ടിൽ എത്തി അത് വിതരണം നടത്തി കഴിയുമ്പോൾ അവൾക്കെന്തെന്നില്ലാത്ത ഒരു നിർവൃതി അനുഭവപ്പെടാറുണ്ട്.. അവൾ ചെല്ലുന്ന ദിവസ്സം തറവാട്ടിൽ ഉത്സവമാണ്.. കപ്പയും മീനും താറാവും   കൊഞ്ചും പായസവും അടങ്ങിയ വിഭവസമൃദ്ധമായ സദ്യ ഉണ്ട ശേഷം അവൾ വീട്ടുവളപ്പിലെ മാവിൻതണ്ടിൽ കെട്ടിയ ഊഞ്ഞാലിൽ ഇരുന്നാടാറുണ്ട്..  ചേട്ടനും ചേട്ടത്തിയും തങ്ങളുടെ മുറിയിൽ കയറി ഉച്ചമയക്കത്തിന് വാതിലടക്കും . അമ്മയ്ക്കാണെങ്കിൽ ഊണ് കഴിഞ്ഞാൽ ഒന്ന് നടുവ് നിവർത്തിയേ  പറ്റൂ.. അപ്പോൾ മറ്റാരും  മുറിയിൽ പ്രവേശിക്കരുതെന്ന പഴയ നിയമം ഇപ്പോളും ബാധകമാണുതാനും . ചേട്ടന്റെ മക്കൾക്ക് രണ്ടുപേർക്കും സ്വന്തവുമായി മുറിയുള്ളതു  കാരണം അവർ അവരവരുടെ ലോകങ്ങളിൽ വ്യാപൃതരാകും. വീണ പണ്ടുപയോഗിച്ചിരുന്ന മുറി ഇപ്പോൾ സ്റ്റോർ ആണ്.. ധാന്യങ്ങളും തുണികളും മറ്റും സൂക്ഷിക്കുന്ന സ്ഥലം-  വീണയ്ക്ക് ഊഞ്ഞാലാടിയാലേ സമയം കൊല്ലാൻ പറ്റുകയുള്ളു എന്ന അവസ്ഥയായി മാറിയിട്ട് ഇപ്പോൾ എത്രയോ വർഷങ്ങളായിരിക്കുന്നു..

എല്ലാപ്പോഴും ഇത്തരം സന്ദർഭങ്ങളിലാണ് വീണക്ക് സ്വന്തമായി ഒരു കിടപ്പാടം  ഇല്ലാത്തതിന്റെ വിഷമം അനുഭവപ്പെടാറ് . . ഒരു വിധം ജോലിയിൽ പുരോഗമിച്ചു വന്നപ്പോളാണ് ചേട്ടന്റെ മോളുടെ മെഡിക്കൽ അഡ്മിഷൻ നടത്താൻ ആവശ്യമായ തുക നല്കാമോയെന്ന അമ്മയുടെ വിളി വന്നതും അവൾ അത് കൊടുത്തതും.. പിന്നെ അവളുടെ എം എസ്‌ പഠനത്തിനും ആവശ്യമായ തുക ശരിയാക്കാൻ വീണയ്ക്ക് നല്ലതു പോലെ പാടുപെടേണ്ടി വന്നു.

ഊഞ്ഞാലാടി ക്ഷീണിച്ചു  വീണ മിക്കപ്പോഴും പറങ്കി മാവിന്റെ  ചുവട്ടിൽ മടഞ്ഞിട്ട ഓലയിൽ കിടന്നു മയങ്ങി പോകാറുണ്ട്.

സന്ധ്യയോടടുക്കുമ്പോൾ ‘അമ്മ കൊണ്ട് വന്നവൾക്ക് ചായ നൽകി “വിളക്ക് കത്തിക്കണം” എന്ന   കാരണം പറഞ്ഞു  ധൃതിയിൽ പോകാറുമുണ്ട് ..അമ്മയ്ക്ക് ഒറ്റയ്ക്ക് തന്നോട് സംസാരിച്ചിരിക്കാൻ ഭയമാണെന്ന  കാര്യം എത്ര വർഷങ്ങൾ കഴിഞ്ഞാണവൾക്ക് മനസ്സിലായത് തന്നെ.. അമ്മയോടതു ചോദിച്ചപ്പോൾ

” നീ പോയാൽ പിന്നെ എനിക്ക് ജീവിച്ചു പോകണ്ടേ “

എന്ന ഉത്തരത്തിനു മുന്നിൽ വീണയ്ക്ക് പിന്നെ ഒരു ചോദ്യം ഉണ്ടായില്ല..

താൻ എത്തി സൂട്ക്കേസ് തുറന്ന് സാധനങ്ങൾ വിതരണം ചെയ്യുന്നത് വരെ എല്ലാവരുടെയും മുഖത്തു സന്തോഷവും തെളിച്ചവും വീണ ശ്രദ്ധിക്കാറുമുണ്ട്.. .. മൂന്ന് ദിവസം തികച്ചു കഴിയുന്നതിനു മുന്നേ അടക്കിയ ശബ്ദത്തിൽ നടക്കുന്ന പിറുപിറുക്കൽ അവൾ കേട്ടില്ലായെന്ന് നടിക്കാറുണ്ട്   ..മൂന്നാം ദിവസം മുതൽ വെറും ചോറും സാമ്പാറും അച്ചാറുമായി മാറിയിരുന്ന ദിവസ്സങ്ങൾ.. അതിരാവിലെ  സൈക്കിളിൽ മീന്കാരൻ കൊണ്ട് വരുന്ന മീൻ അവൾ വാങ്ങി വെക്കാറുണ്ട് .. അത് വറക്കുന്ന  മണവും എന്നും അവളേ തേടിയെത്താറുണ്ട്..

നാലാം ദിവസം മുതൽ അമ്മയുടെ ചോദ്യങ്ങൾ തുടങ്ങും..

” നിനക്കെന്ന് വരെ ലീവ് ഉണ്ട് ..”

അന്നവൾക്ക് മനസ്സിലായി തുടങ്ങും തിരിച്ചു പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ സമയമായെന്ന്. ആദ്യമൊക്കെ വീണയ്ക്ക് കരച്ചിൽ വരുമായിരുന്നു.. എന്ത് കൊതിച്ചാണവൾ നാട്ടിലെത്തുന്നത്.. പിന്നെ പിന്നെ അവൾ അത് പുറത്തു കാട്ടാതെയായി. 

എന്നാലും പതിവ് മുടങ്ങാതെ എല്ലാവർഷവും അവൾ കാത്തിരിക്കും ലീവ് കിട്ടാൻ .  ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം ഹോട്ടൽ മുറിയുടെ ബുക്കിംഗ് കൂടെ ചെയ്ത് തുടങ്ങിയപ്പോൾ നാട്ടിലേക്കുള്ള യാത്രകൾ അവൾക്ക് സമാധാനവും സന്തോഷവും നൽകിത്തുടങ്ങി..  ട്രെയിനിന്റെ ജനാലക്കമ്പികളിൽ തല ചായ്ച്ചിരുന്നവൾ മൊബൈലിൽ അടുത്ത വർഷത്തെ കലണ്ടർ തുറന്നു .  പ്ലാൻ ചെയ്യണമല്ലോ ..


ഷീന പിള്ളൈ സിങ്ങ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ