2021 സെപ്റ്റംബർ 22, ബുധനാഴ്‌ച

ഗുരു : ശരണം: ശരണം:


 എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗുരു. വെറും പതിമൂന്നു വയസ്സുകാരൻ.ഒട്ടേറെ ഗുരുക്കന്മാരെ ഞാൻ ഇതിനോടകം സമ്പാദിച്ചിട്ടുണ്ട്. അതിൽ പണ്ഡിതന്മാരുണ്ട് പാമരന്മാരുണ്ട് … ജീവിതത്തിൻ്റെ സമസ്ത മേഖലകളിൽപ്പെട്ടവരുമുണ്ട്. ജീവിതമെങ്ങനെയായിരിക്കണമെന്നു പഠിപ്പിച്ചത് ഈ ബാലനാണ്. ഇദ്ദേഹത്തെ അൻപതു വർഷം മുൻപ് കണ്ടെത്തിയിരുന്നെങ്കിൽ എൻ്റെ ജീവിതം മറ്റൊന്നാകുമായിരുന്നു.കാലവും ഗുരുവും ഒത്തുവന്നത് തനിക്ക് കാലക്കേടു തുടങ്ങിയപ്പോഴാണ് ചുരുക്കത്തിൽ വാർദ്ധക്യം പടിവാതിലും കഴിഞ്ഞ് പുറം വാതിലിൽ തട്ടാറായപ്പോൾ .

എൻ്റെ അടുത്ത ബന്ധുവിന് കുറച്ചു പലഹാരം അയച്ചുകൊടുക്കാൻ വേണ്ടി സുഹൃത്തായ ബേക്കറിക്കാരനെ സമീപിച്ചു.പുള്ളിക്കാരൻ വളരെ വർഷങ്ങൾക്കു മുൻപ് തമിഴ്നാട്ടിൽ നിന്നും ഇവിടെ എത്തി ഒരു ബേക്കറിയിൽ ജോലിക്കു കയറിയതാണ്.വളരെക്കാലം അവിടെ ജോലി ചെയ്തതിനു ശേഷം സ്വന്തമായി ഒരു ബേക്കറി തുടങ്ങി. ഇന്ന് നാലോ അഞ്ചോ ബേക്കറിയുണ്ട്. സമ്പന്നനാണ്.ഇവിടെ സ്ഥലം വാങ്ങി കൊട്ടാരസദൃശ്യം ഒരു ബംഗ്ലാവ് പണിത് താമസിക്കുന്നു. വീടിനോടു ചേർന്ന് പലഹാര ഫാക്ടറിയും പ്രവർത്തിക്കുന്നു.

സുഹൃത്തു പറഞ്ഞു. “താങ്കൾ പലഹാരം കൊണ്ടു പോകുന്ന ദിവസം വീട്ടിൽ വന്നാൽ മതി. അപ്പോൾ ഫ്രഷ് ആയിട്ടുള്ള പലഹാരം തന്നയയ് ക്കാം. അങ്ങനെയാണ് അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്നത്.

എനിക്കുള്ള സാധനങ്ങൾ പാക്കു ചെയ്തു വച്ചിട്ടുണ്ട്. ഉദ്ദേശം പതിനഞ്ചു കിലോ വരും. അത് ആരെയെങ്കിലും കൊണ്ട് വണ്ടിയിൽ എടുത്തു വയ്പ്പിക്കാമെന്നു പ്രതീക്ഷിച്ചിരിക്കെ മുറ്റത്തു നിന്ന പതിമൂന്നുകാരൻ അതിനെ എടുക്കാനായി ചെന്നു.

ഞാൻ പറഞ്ഞു. നിന്നെക്കാൾ മുതിർന്ന ആളുകൾ അവിടെ നിൽക്കുകയല്ലേ … അവർ എടുത്തു വയ്ക്കും”

ഇത് ഈസി.മാവൊക്കെ വരുന്ന ചാക്കുകൾ ഞാൻ പുഷ്പം പോലെയാണ് എടുക്കുന്നത് എന്നു പറഞ്ഞ് അവൻ ആ പൊതിയെടുത്ത് വണ്ടിയിൽ വച്ചു.

അതിനു ശേഷം മുതിർന്ന പയ്യന്മാരെ ഇവൻ പേരു വിളിച്ച് ഒരോ ജോലി പറയുന്നതു കേട്ടു .ഇവനേക്കാർ വളരെ പ്രായം കൂടിയർ ..

ഞാൻ ചോദിച്ചു “അവരൊക്കെ നിൻ്റെ ആരാണ്?

അവൻ പറഞ്ഞു. ” ആ രാജ എൻ്റെ വല്യപ്പായുടെ മോൻ… ഇതു മുരുകൻ എൻ്റെ മാമൻ്റെ മോൻ.

നീ എന്താ ഇവരെ പേരു വിളിക്കുന്നത്, ഞാൻ ചോദിച്ചു.

അവൻ പറഞ്ഞു. “ജോലിക്കു നിക്കണവരെ പേരു വിളിക്കണം.അവർ വേല ചെയ്തു ശമ്പളം വാങ്ങുന്നവരാണ്. വേലയ്ക്കു വന്നവർ വേലക്കാരാണ് കൂലി വാങ്ങുന്നവർ… അവർ ബന്ധുക്കളേയല്ല.. അണ്ണാ.. അപ്പാ… മാമാ… യൊക്കെ നാട്ടിൽ… ഇവിടെ പണിക്കാർ മാത്രം അവരെ പേരു വിളിക്കണം.”

എനിക്ക് അവൻ്റെ കാലിൽ വീണ് നമസ്ക്കരിക്കണമെന്നുണ്ടായിരുന്നു.

ബന്ധുക്കൾക്കു പണി കൊടുത്തു പണി വാങ്ങിയവനായിരുന്നു ഞാൻ.

ഇതിനിടയിൽ സുഹൃത്തു വന്നതുകൊണ്ട് കാശു കൊടുത്ത് പിന്തിരിഞ്ഞു പോന്നു.

എൻ്റെ കുട്ടിക്കാലത്ത് ബന്ധുക്കളും ജാതിക്കാരുമല്ലാത്തവരെ മുഴുവൻ പേരാണ് വിളിച്ചിരുന്നത്. എനിക്ക് അറിവായതിനു ശേഷം ഞാൻ മുതിർന്നവരെ പേരു വിളിച്ചിട്ടില്ല. ചേട്ടാ… മാമാ… അമ്മാവാ… എന്നൊന്നും വിളിച്ചില്ലെങ്കിൽ പോലും….

കുട്ടികളോടു ഭിക്ഷക്കാരെപ്പോലും പേരു വിളിക്കരുത് എന്നു പറഞ്ഞു കൊടുത്തിട്ടുണ്ട്. അവർ, ചേട്ടാ, മാമാ… അങ്കിൾ, എന്നൊക്കെ തരം പോലെ വിളിക്കും.

തിരുവനന്തപുരത്തു നിന്നും വീട്ടിലേക്ക് ഒട്ടോയ്ക്ക് ഇരുന്നൂറ്റി അൻപതു രൂപായാണ് ചാർജ്ജ്.

സാധനങ്ങൾ വാങ്ങാനുള്ളപ്പോഴും ഇരുട്ടു വീണാലും ഒട്ടോ പിടിക്കും.

വീട്ടുപടിക്കൽ എത്തിക്കഴിഞ്ഞാൽ സാധനങ്ങൾ ഞാൻ തന്നെ ഇറക്കി വയ്ക്കും.പിന്നെ കൂലി ചോദിക്കും. ഡ്രൈവർ മുന്നൂറ്റി അൻപതോ നാനൂറോ ചോദിക്കും. ഞാൻ തർക്കിക്കാൻ നിൽക്കാതെ അതങ്ങ് കൊടുക്കും .ഞാൻ നന്ദി പറയുന്നതു പോലും ശ്രദ്ധിക്കാതെ അയാൾ പോകും.

ചെറുപ്പക്കാരനായ മകനാണ് വരുന്നതെങ്കിൽ ഈ ഡ്രൈവർമാർ സാധനങ്ങൾ ഇറക്കിക്കൊടുക്കും. അതു കഴിഞ്ഞ് എത്രയാ ചേട്ടാ… കൂലിയെന്നു് അവൻ ചോദിച്ചാൽ ഇരുന്നൂറ്റി അൻപത് എന്നു പറഞ്ഞ് അവർ സന്തോഷത്തോടെ വാങ്ങി സലാം പറഞ്ഞു പോകുന്നതു കാണാം. കാരണം മക്കളുടെ ഗുരു ഞാനല്ല. അവരുടെ അമ്മയാണ്.

ഞങ്ങളുടെ ഒരു സുഹൃത്തിന് പ്രമോഷനൊക്കെ കിട്ടി ഉയർന്ന പദവിയിലെത്തി. അദ്ദേഹം ആയിടെ വീട്ടിൽ വന്നു. ആളുകളുടെ പദവിയും പത്രോസ്സും നോക്കി ആദരിക്കുന്ന ഒരു സ്വഭാവമെനിക്കുണ്ട്. അകാരണമായി ബഹുമാനിക്കുകയും ചെയ്യും.

പുള്ളിക്കാരൻ വന്നയുടനെ .. ഞാൻ വീട്ടുകാരിയോടു വിളിച്ചു പറഞ്ഞു. “ദണ്ടേ… സാറു … വന്നിരിക്കുന്നു…

അവൾ അടുക്കളയിൽ നിന്നും ഹാളിലേക്കു വന്നു. എന്നിട്ടു പറഞ്ഞു. “എടാ.. അണ്ണാ… നിനക്കു് പ്രമോഷനൊക്കെ കിട്ടിയിട്ട് …? നീയിപ്പോൾ.. വലിയ ഡയറക്ടർ. ആണന്നൊക്കെ ഞങ്ങൾ അറിഞ്ഞു. ചെലവു നടത്തണം.”

പുള്ളിക്കാരൻ പറഞ്ഞു. “എടേ .. നീ കിടന്നു ബഹളം വയ്ക്കാതെ ഒരു ചായയിണ്ടോട്ടു വാ… നല്ലൊരു ചായ കുടിക്കാൻ വേണ്ടിയാണ് ഇങ്ങോട്ടു ഞാൻ വന്നത്.. അങ്ങനെ….

ഭാര്യയും ഒരു തരത്തിൽ മഹാഗുരു തന്നെയാണ്.


ആർ .എസ് .പണിക്കർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ