2021 സെപ്റ്റംബർ 22, ബുധനാഴ്‌ച

ഒറ്റമരത്തണൽ : ആസ്വാദനം


 വർത്തമാനത്തിന്റെ ഇടനാഴിയിലെ ഒറ്റമരത്തണലിലിരുന്നുകൊണ്ട് ഒരു  എഴുത്തുകാരൻ കേരള സമൂഹത്തെ നോക്കിക്കാണുകയാണ്  ഒറ്റമരത്തണൽ എന്ന പുസ്തകത്തിൽ……

അതു മറ്റാരുമല്ല, ആടുജീവിതം എന്ന കൃതിയിലൂടെ മരുഭൂമിയുടെ ദുരിതവേനലിൽ ഒറ്റപ്പെട്ടു പോയ മനുഷ്യൻ്റെയും, അവൻ്റെ വിഹ്വലതകളുടെയും കഥപറഞ്ഞ സാക്ഷാൽ ബെന്യാമിൻ !

ധർമ്മസങ്കടങ്ങളും സ്വയംവിമർശനങ്ങളും വിഹ്വലതകളും നിറഞ്ഞ  ഒരു ഭൂതലം  അവിടെ പ്രത്യക്ഷമാകുന്നു…

എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങൾ, നർമ്മം ചാലിച്ച്  മതേതരമായി രചിക്കപ്പെട്ട ലിഖിതങ്ങൾ, വിദ്വേഷരഹിതമായൊരു മനസ്സുകൊണ്ട്  നാം വായിച്ചെടുക്കുന്നു. എഴുത്തുകാരന്റെ ഉറങ്ങാത്ത മനസ്സോടെ ആ  ജീവിതങ്ങൾക്കുമേൽ  അടയിരിക്കുകയും ചെയ്ത്,  കത്തിജ്വലിക്കുന്ന സൂര്യനുതാഴെ  ഒറ്റമരത്തണലിൽ ഏകനായി  ആ മനുഷ്യൻ നമ്മെയും ലോകത്തെയും നോക്കികാണുകയാണ്.

അങ്ങനെ അയാൾ,  ഉറങ്ങുന്ന സമുദായത്തിൻ്റെ ഉണർന്നിരിക്കുന്ന കണ്ണാകുന്നു.

സമകാലിക സമൂഹത്തിലെ പ്രശ്നങ്ങളെ ആഴത്തിൽ  അപഗ്രഥിച്ച്, അതിനോടുള്ള  എഴുത്തുകാരന്റെ പ്രതികരമാണ്  ഈ പുസ്തകത്തിലെ ലേഖനങ്ങളോരൊന്നും.

ഉപഭോഗ സംസ്കാരത്തിന്റെ കടന്നു കയറ്റം  സാമൂഹികജീവിതത്തിൽ  വരുത്തിയ പ്രത്യാഘാതങ്ങൾ എഴുത്തുകാരൻ അവതരിപ്പിക്കുന്നുണ്ട്.

ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരമുള്ള ഈ ലോകത്തിൽ  അവ നമ്മുടെ ഇടയിലും, ഇടങ്ങളിലുമുണ്ടാക്കിയ ഗുരുതരവും അപകടകരവുമായ പ്രശ്ങ്ങളും എഴുത്തുകാരൻ ചൂണ്ടികാണിക്കുന്നുണ്ട്.

മൊബൈൽഫോണും ടച്ച്‌സ്ക്രീനും ചാറ്റും സ്മൈലും, സ്മൈലിയുമൊക്കെയായി നമ്മുടെ ലോകം ചുരുങ്ങിയിരിക്കുന്നു.

മദ്യപാനവും പുകവലിയും മയക്കുമരുന്നുകളും  മനുഷ്യനെ എത്രത്തോളം പ്രതികൂലമായി ബാധിച്ചുവോ അതിനേക്കാൾ  ഭീകരമാണ്  മൊബൈൽ ഫോണും  ഇന്റർനെറ്റുമൊക്കെ മനുഷ്യജീവിതത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങൾ.

അതിനൊക്കെ അടിവരയിട്ട് ബെന്യാമിൻ സംസാരിക്കുന്നുണ്ട് ഈ  പുസ്തകത്തിൽ..

ദൈവത്തിന്റെ സ്വന്തം നാടെന്ന് നമ്മൾ ഊറ്റം കൊണ്ട കേരളം പോലും  അഴിമതിയും രാഷ്ട്രീയകൊലപാതകങ്ങളും അരങ്ങുവാഴുന്ന  ഇടമായി തരംതാഴ്ന്നിരിക്കുന്നു  എന്ന ഖേദകരമായ  വസ്തുതയും അദ്ദേഹം പറഞ്ഞുവെയ്ക്കുന്നു.

ജീവൻ പൊലിഞ്ഞ  യുവത്വങ്ങളും ആലംബഹീനരായ  കുടുംബങ്ങളും. രാഷ്ട്രീയ നേതാക്കന്മാരുടെ കെടുകാര്യസ്ഥതതയും അധികാരവടംവലികളും എത്രയോ കുടുംബങ്ങളുടെ പ്രതീക്ഷകളെയാണ് തച്ചുടച്ചത്….

മലയാളിയുടെ  ആർഭാടപൂർണമായ ജീവിതരീതിയെ   ആക്ഷേപഹാസ്യത്തിന്റെ  മുനതൊടുത്തു  മുറിവേൽപ്പിക്കുന്നു  എഴുത്തുകാരൻ.

ജീവിതത്തിലെ  വലിയ  നേട്ടങ്ങൾ വെട്ടിപ്പിടിക്കാനുള്ള  പരക്കംപാച്ചിലിനിടയിൽ…..

നമ്മൾ  നടത്തുന്ന   വലിയ യാത്രകൾക്കിടയിൽ……

നമ്മൾ എന്നന്നേക്കുമായി   മറന്നുകളഞ്ഞ  മറ്റുചില കുഞ്ഞുയാത്രകളുണ്ട്..

അമ്മവീട്ടിലേക്ക്,

ബന്ധുവീടുകളിലേക്ക്,

കൂട്ടുകാരന്റെ നാട്ടിലേക്ക്…!

സ്നേഹത്തിന്റെ സ്പർശമുള്ള ഗൃഹാതുരത്വത്തിന്റെ നനുത്ത  ഓർമ്മകൾ പേറുന്ന ഇത്തരം യാത്രകളെയും ആ യാത്രകളുടെ മധുരസ്മരണകളെയും നമ്മെ ഓർമ്മപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട് കഥാകാരൻ.

പാരിസ്ഥിതിക  വിഷയങ്ങളിലുള്ള തന്റെ ശക്തമായ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും എഴുത്തുകാരൻ ചിലപ്പോൾ അവതരിപ്പിക്കുന്നു.

നമ്മുടെ സ്വാർത്ഥമോഹങ്ങൾ  നിറവേറ്റാൻ നമ്മൾ  നശിപ്പിച്ചുകളഞ്ഞ  പ്രകൃതിവിഭവങ്ങളെല്ലാം  വരുംതലമുറകൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന  സത്യം  അദ്ദേഹം നമ്മെ ഓർമിപ്പിക്കുന്നു. ഇതിന്റെ പേരിൽ വരും തലമുറകളുടെ  പരിഹാസം  നമ്മൾ ഏറ്റുവാങ്ങേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

ജീവിക്കാൻ കൊള്ളാവുന്ന ഒരു കേരളം  ഇനിയും  സംജാതമായില്ല എന്ന്  വിലപിക്കുന്ന പ്രവാസികളോട് എഴുത്തുകാരൻ ഒരു മറുചോദ്യം ചോദിക്കുന്നു.

അത്രയ്ക്കും ജീവിക്കാൻ കൊള്ളാത്ത ഒരു ഭൂമിയാണോ നമ്മുടെ കേരളം?

മറ്റു നഗരങ്ങളിൽ നിന്നും വന്നെത്തുന്ന ഭീതിജനകമായ  വാർത്തകൾ  കേൾക്കുമ്പോഴേ നമ്മുടെ നാട് എത്ര  സുന്ദരമെന്ന് നമുക്ക് മനസിലാകൂ..

“കേരളാമെന്നു കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം ” എന്നു പറയുന്ന  വളളത്തോളിന്റെ  വരികളിൽ തന്നെയാണ്  ബെന്യാമിൻ വിശ്വസിക്കുന്നത്..

കാലികപ്രസക്തമായ  ലേഖനങ്ങളിലൂടെ സമകാലിക  കേരളീയ ജീവിതത്തിന്റെ നേർചിത്രം  അനാവരണം ചെയ്യുന്നു എഴുത്തുകാരൻ  ഈ പുസ്തകത്തിൽ..

തികച്ചും  വ്യത്യസ്തമായ  നിരവധി  വിഷയങ്ങളെ  സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട്  തന്റെ  യുക്തിഭദ്രമായ  അഭിപ്രായങ്ങളിലൂടെ നേരിൻ്റെ വെളിച്ചം പായിച്ച് നാമെത്തിച്ചേരേണ്ട സത്യങ്ങളെ കാട്ടിത്തരികയും യാഥാർത്ഥ്യങ്ങൾക്ക് അടിവരയിടുകയും ചെയ്ത് ഉറങ്ങുന്ന സമുദായത്തിൻ്റെ ഉണർന്നിരിക്കുന്ന കണ്ണായി മാറുന്നു  ഒറ്റമരത്തണൽ എന്ന കൃതിയിലൂടെ ആടുജീവിതത്തിൻ്റെ കഥാകാരൻ ശ്രീ.ബെന്യാമിൻ.

എം.ബി.ശ്രീക്കുട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ